
ഡോ.നൗഷാദ് എസ്
Published: 10 March 2025 സിദ്ധാന്ത വിവർത്തം
The Picture of Dorian Gray എന്ന നോവലിന് ഓസ്കാർ വൈൽഡ് എഴുതിയ ആമുഖം

സുന്ദരവസ്തുക്കളുടെ സ്രഷ്ടാവാണ്, കലാകാരൻ.
കലയെ വെളിപ്പെടുത്തുക ; കലാകാരനെ ഒളിപ്പിക്കുക – ഇവയാണ് കലയുടെ ലക്ഷ്യം. സുന്ദരവസ്തുക്കൾ തന്നിലുളവാക്കുന്ന മുദ്രകളെ മറ്റൊരു രീതിയിലോ മറ്റൊരു രൂപത്തിലോ വിവർത്തനം ചെയ്യുന്നവനാണ്, വിമർശകൻ.
ഏറ്റവും ഉന്നതമായ വിമർശനവും ഏറ്റവും താണതലത്തിലുള്ള വിമർശനവും വിമർശകന്റെ ആത്മകഥയാണ്. സുന്ദരവസ്തുക്കളിൽ വൃത്തികെട്ട അർത്ഥം കണ്ടെത്തുന്നവർ അപനയിക്കപ്പെട്ടവരാണ്; അവർ ആകർഷകരുമല്ല. അവർ ചെയ്യുന്നത് തെറ്റാണ്. സുന്ദരവസ്തുക്കളിൽ സൗന്ദര്യാത്മക അർത്ഥം കണ്ടെത്തുവരാണ് സംസ്കൃതർ. അവരിൽ പ്രതീക്ഷയുണ്ട്.
സുന്ദരവസ്തുക്കളിൽ സൗന്ദര്യം മാത്രം കാണുന്നവർ ഏറെ സവിശേഷതയുള്ളവരാണ്.
സദാചാരനിരതമെന്നോ സദാചാരരഹിതമെന്നോ പുസ്തകങ്ങളെ വിലയിരുത്താനാവില്ല. ആവിഷ്ക്കാരം നന്നായവ; ആവിഷ്ക്കാരം മോശമായവ – പുസ്തകങ്ങളെ അങ്ങനെയേ വേർതിരിക്കാനാവൂ-അങ്ങനെ മാത്രം.
കാലിബൻ, മുഖക്കണ്ണാടിയിൽ സ്വന്തം മുഖം നോക്കുമ്പോഴുണ്ടാകുന്ന അരിശമാണ്, അതിന് സമാനമാണ്, പത്തൊമ്പതാം നൂറ്റാണ്ടിന് യഥാതഥപ്രസ്ഥാനത്തോടുള്ള അനിഷ്ടം.
കാലിബൻ, മുഖക്കണ്ണാടിയിൽ സ്വന്തം മുഖം നോക്കാതിരിക്കുമ്പോഴുണ്ടാകുന്ന അരിശമാണ്, അതിന് സമാനമാണ്, പത്തൊമ്പതാം നൂറ്റാണ്ടിന് കാല്പനികപ്രസ്ഥാനത്തോടുള്ള അനിഷ്ടം. .
മനുഷ്യൻ്റെ സന്മാർഗ്ഗജീവിതം എന്നത് കലാവസ്തുവിനുള്ള നിർമ്മാണവിഭവമാണ്. കലയുടെ സന്മാർഗ്ഗമാകട്ടെ, അപൂർണ്ണമായ മാധ്യമത്തെ കൃത്യമായി ഉപയോഗിക്കുക എന്നതും.
കലാകാരൻ ഒന്നും തെളിയിക്കാനാഗ്രഹിക്കുന്നില്ല സത്യമായ വസ്തുക്കളെപ്പോലും തെളിയിക്കാനാവും.
ഒരു കലാകാരനും ധാർമ്മിക അനുഭാവങ്ങളില്ല. കലാകാരന്റെ ധാർമ്മിക അനുഭാവം പൊറുക്കാനാകാത്ത പെരുമാറ്റരീതിയാണ്.
കലാകാരൻ ചലനരാഹിത്യം സംഭവിച്ച വ്യക്തിത്വമല്ല. അയാൾക്ക് എന്തിനെയും ആവിഷ്കരിക്കാനാകും.
ചിന്തയും ഭാഷയുമാണ് കലയ്ക്കുള്ള ഉപകരണങ്ങൾ; നന്മയും തിന്മയും കലാനിർമ്മാണത്തിനുള്ള വിഭവങ്ങളും. രൂപത്തെ അടിസ്ഥാനമാക്കിയാൽ എല്ലാ കലകളുടെയും മാതൃക സംഗീതമാണ്. ഭാവത്തെ അടിസ്ഥാനമാക്കിയാൽ അഭിനയമാണ് എല്ലാ കലകളുടെയും മാതൃക.
എല്ലാ കലകളും ഒരേ സമയം ഉപരിപ്ലവവും പ്രതീകവുമാണ്.
ഉപരിതലത്തിന്റെയും പ്രതീകത്തിന്റെയും ആഴങ്ങളെ അന്വേഷിക്കുന്നവർ സ്വയം അപകടത്തിലാകും.
കല പ്രതിഫലിപ്പിക്കുന്നത് ജീവിതത്തെയല്ല, ആസ്വാദകനെത്തന്നെയാണ്.
കലാസൃഷ്ടിയെക്കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങൾ, കലയെ നവ്യവും സങ്കീർണ്ണവും സജീവവുമാക്കും.
വിമർശകർ വിയോജിപ്പ് രേഖപ്പെടുത്തുമ്പോഴും കലാകാരൻ സ്വന്തം സ്വത്വത്തോട് യോജിക്കുന്നു. പ്രയോജനമുള്ള വസ്തുവിനെ നിർമ്മിച്ചയാൾ അതിൽ അഭിരമിക്കാതിരിക്കുന്നിടത്തോളം കാലം അയാൾ മാപ്പിനർഹനാണ്. പ്രയാജനരഹിതമായ ഒരു വസ്തു സ്രഷ്ടമാകുന്നു എന്നതിന് ഒറ്റ ന്യായീകരണമേയുള്ളൂ – അതിന്റെ സ്രഷ്ടാവ് ആ വസ്തുവിൽ ഗാഢമായി അഭിരമിക്കുന്നു.
എല്ലാ കലകളും തീർത്തും പ്രയോജനരഹിതങ്ങളാണ്.

ഡോ.നൗഷാദ് എസ്
അസോസിയേറ്റ് പ്രൊഫസർ (മലയാളം) ORI & MSS ലൈബ്രറി കേരളസർവ്വകലാശാല Ph 9446370168