മരണത്തെ ഭയന്ന് അയാൾ വീടുണ്ടാക്കിയില്ല. കെട്ടിടങ്ങളിലൊളിച്ചില്ല. കട്ടിലിൽ നീണ്ടുനിവർന്ന് ശയിച്ചില്ല. മരണത്തെ തെരുവിൽ നേരിടുകയായിരുന്നു അയാൾ. എ. അയ്യപ്പൻ.
ചുവരുകളില്ലാത്ത തെരുവ് പോലെ അയാൾ തുറന്ന പുസ്തകമായിരുന്നു. എൻ്റെ മരണമാണ് എന്റെ സന്ദേശം. അയാൾ പ്രഖ്യാപിച്ചു.
അയ്യപ്പൻ്റമ്മ നെയ്യപ്പം ചുട്ടിരിക്കാം. അയ്യപ്പൻ ഒന്നുമേ ചുട്ടില്ല. അയാൾ ആകാശത്തിലെ പക്ഷിയായിരുന്നു, തെരുവിലെ കവിയും.
മരണത്തിന് രഹസ്യവഴികളില്ല. പെരുവഴി സഞ്ചാരിയാം മൃത്യു. ജനിച്ചപ്പോൾ തന്നെ മരണവും പുറപ്പെട്ടിരുന്നു. അയാൾ തെരുവിൽ തന്നെ നിന്നു.
അയാൾക്കറിയാം ഒരിക്കൽ അവൻ വരുമെന്ന്. സാക്ഷാൽ മരണം! പിന്നെന്തിന് നാല് ചുവരുകൾ, മേൽക്കൂരകൾ, അസ്ഥിവാരങ്ങൾ? ഭൂമി പോലെ , ആകാശം പോലെ മരണത്തിനു മുന്നിൽ അയാൾ സ്വയം തുറന്നിട്ടു. വരുമ്പോൾ വരട്ടെ!
സ്വാഭാവിക മരണവും ആരോ നടത്തുന്ന കൊലയാണ്.
ഹലീൽ
ചിത്രീകരണം
ശ്രീജാറാണി,
അദ്ധ്യാപിക,
ജി എച്ച് എസ് എസ് , കോറം, കണ്ണൂർ.
👍🏻❤️