
ജൂലി ഡി എം
Published: 10 February 2026 ട്രോൾ വിമർശനം
സുഭാഷ്ചന്ദ്രന്റെ ‘സുഭാഷിതങ്ങൾ’
വായന എന്നത് സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് വലിയ രീതിയിൽ മാറുമ്പോഴും പരമ്പരാഗത വായനാശീലമുള്ള ആളുകൾ ഇപ്പോഴും വായനയ്ക്കായി മുഖ്യധാരാ അച്ചടി മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെ എഡിറ്റർമാരും എഴുത്തുകാരുമൊക്കെ എഴുതുന്നത് മഹത്തായ കാര്യങ്ങളാണെന്ന ധാരണയും അവരിൽ ഭൂരിപക്ഷത്തിനുമുണ്ട്. വേദാന്തവും ഗീതയും വിശ്വസാഹിത്യവുമെല്ലാം
പരാമർശിച്ചെഴുതുന്ന എഴുത്തുകാരോടുള്ള മതിപ്പും ആദരവും ഒന്ന് വേറെ തന്നെയാണ്.പ്രചാരവേലയുടെ ഭാഗമായുള്ള എഴുത്തും പ്രഭാഷണങ്ങളും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്യുന്നുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സുഭാഷ് ചന്ദ്രൻ ‘വാതിൽ’ എന്ന പേരിൽ ഒരു പംക്തി കൈകാര്യം ചെയ്യുന്നുണ്ട്. എഡിറ്റർ എഴുതുന്നത് കൊണ്ട് എഡിറ്റോറിയൽ എന്നും പറയാം. 2026 ഫെബ്രുവരി 15 ന് പുറത്തിറങ്ങിയ മാതൃഭൂമിയിൽ ‘സ്വാർഥം’ എന്ന പേരിലാണ് ‘വാതിൽ’ പ്രസിദ്ധീകരിച്ചു വന്നത്.ചൂഷണം,അക്രമം,ഹിംസ
എന്നിവയെ പ്രകൃതി നിയമങ്ങളും ഭഗവദ്ഗീതയും ഭാഗവതവും സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളുമൊക്കെ ഉദ്ധരിച്ച് മഹത്തരമാക്കി മാറ്റിയെടുക്കുന്ന, ജനാധിപത്യ മൂല്യങ്ങളെ നിസ്സാരവത്കരിക്കുന്ന രാഷ്ട്രീയ പ്രചാരവേലയുടെ ഭാഗമായുള്ള
എഴുത്താണ് സുഭാഷ് ചന്ദ്രന്റേത്.
‘സ്വാർഥ’ത്തിന്റെ നാനാർഥങ്ങൾ
സുഭാഷ് ചന്ദ്രന്റെ ആരാധകർക്കും സ്ഥിരം വായനക്കാർക്കും മഹത്തായ ആശയങ്ങളായി തോന്നാവുന്ന ആ എഴുത്ത് ഒരു പ്രോപ്പഗണ്ടയുടെ ഭാഗമായുള്ളതാണെന്ന് കാണാൻ പ്രയാസമില്ല. ഫോണിൽ റീലുകൾ നോക്കിയിരിക്കെ രണ്ട് പ്രാണികളെ കുറിച്ചുള്ള റീൽ കാണാനിടയായ കാര്യം വിശദീകരിച്ചുകൊണ്ടാണ് എഴുത്ത് ആരംഭിക്കുന്നത്. തൊഴുകൈയൻ പച്ചത്തുള്ളനേയും ( mantis prayer) കുതിര രോമകീടത്തെയും( horsehair worm) കുറിച്ചായിരുന്നു റീൽ. പച്ചത്തുള്ളന്റെ ഉള്ളിൽ ലാർവാ പ്രായത്തിൽ കടന്നുകൂടുന്ന കീടം കുടലിൽ കിടന്നു വളർന്നുവലുതാവുന്നു.
കുതിരരോമകീടത്തിന്റെ ശരീരത്തിലെ പ്രോട്ടീൻ തന്മാത്രകൾ വഴി പച്ചത്തുള്ളന്റെ മനസ്സിനെ നിയന്ത്രിക്കുകയും നനയാൻ പേടിയുള്ള പച്ചത്തുള്ളൻ വെള്ളമന്വേഷിച്ചു കണ്ടെത്തി വെള്ളത്തിൽ ചാടി മരിക്കുകയും കുതിര രോമകീടം പുറത്തുവരികയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു വീഡിയോ.
പ്രസ്തുത വീഡിയോ എഡിറ്ററെ മറ്റു പല
ദാർശനിക ചിന്തകളിലേക്കും നയിക്കുന്നു.
വാൾട്ട് വിറ്റ്‌മാന്റെ ‘സോങ് ഓഫ് മൈ സെൽഫി’ൽ “Do I contradict myself ? I am large .I contain multitudes”
എന്നെഴുതുമ്പോൾ യഥാർഥ കവിയുടെ സ്വത്വത്തിൽ ഭൂമിയിലെ മുഴുവൻ മനുഷ്യരും അവിടെ എല്ലാ വൈരുദ്ധ്യങ്ങളോടെയും ഉള്ളടങ്ങിയിരിക്കുന്നു എന്ന സത്യമാണ് പ്രകാശിപ്പിച്ചത്. 2016-ൽ പ്രസ്തുത വരികളുടെ ഒരു ഭാഗം ശീർഷകമാക്കി പ്രശസ്ത ശാസ്ത്രലേഖകനായ എഡ് യോംഗ്
‘ I Contain Multitudes’ എന്ന ഒരു പുസ്തകമെഴുതി.നാം ഓരോരുത്തരുടെയും ശരീരത്തിൽ കഴിഞ്ഞുകൂടുന്ന കോടിക്കണക്കിന് സൂക്ഷ്മ ജീവികളെ കുറിച്ചുള്ള പഠനമായിരുന്നു അത്. ഭൂമിയിലെ മുഴുവൻ മനുഷ്യരുടെയും വികാരവിചാരങ്ങൾ ഒരു മഹാകവിയിലൂടെ ഉൽസർജിക്കപ്പെടുന്നത് പോലെ നമ്മുടെ ശരീരത്തിലെ പരകോടി സൂക്ഷ്മജീവികൾ നമ്മുടെ വ്യക്തിത്വത്തെ നിശ്ചയിക്കുകയും നിർണയിക്കുകയും ചെയ്യുന്നു. നമ്മുടെ ചിന്തയെ ബുദ്ധിയെ പ്രതികരണങ്ങളെ എന്തിന് , പ്രതിഭയെ പോലും! മാറിനിന്ന് നോക്കി മനുഷ്യനെ മനുഷ്യനായി കാണുവാൻ കഴിവില്ലാത്ത ആ സൂക്ഷ്മജീവികൾക്ക് നമ്മുടെ ശരീരം അവരുടെ വിളനിലമോ വിളയാട്ടുപന്തലോ മാത്രമാണ്. അവരുടെ തീരുമാനങ്ങളും സംഘ മനസ്സുമാണ് പലപ്പോഴും നമ്മുടെ ശരീരത്തിലും മനസ്സിലും ആവിഷ്കൃതമാകുന്നത് എന്നതിനാൽ ഒരർഥത്തിൽ അവ നമ്മുടെ ദൈവങ്ങൾ കൂടിയാണ്.ഓരോ വ്യക്തിയുടെ ജീവിതത്തിലും മരണത്തിലും അയാളുടെ ശരീരത്തിലെ സൂക്ഷ്മജീവികളുടെ തീരുമാനങ്ങൾ കൂടി നടപ്പാവുന്നുണ്ട്. തുടർന്ന് സ്വാർഥതയും
അക്രമോത്സുകതയും മനുഷ്യർക്ക് മാത്രമാണോ ഉള്ളത്, എന്ന പരിശോധന നടത്തുന്നു.സ്വാർഥം പ്രകൃതിയിൽ നിന്ന് മനുഷ്യൻ കടംകൊണ്ടതാണെന്ന കണ്ടെത്തൽ നടത്തുന്നു.ഇത്തിക്കണ്ണി അടക്കമുള്ള പരാന്നഭോജികൾ അത് തെളിയിക്കുന്നുണ്ടെന്നും ‘ജീവോ ജീവസ്യ ജീവനം’ എന്ന പഴയ പ്രമാണത്തിന്റെ പൊരുളും അതുതന്നെയാണെന്നും വിശദീകരിക്കുന്നു.”ഇച്ഛിക്കാതിരുന്നിട്ടും ആരോ ബലാൽ നിയോഗിക്കുന്ന പോലെ ഞാൻ ഹിംസിക്കുന്നു.” എന്ന് അർജുനൻ വാർഷ്ണേയനോട് കുരുക്ഷേത്രത്തിൽ വച്ച് വിഷാദിക്കുന്നു.യുദ്ധം പ്രകൃതിദുരന്തം പോലെ സ്വാഭാവികമായി ഉണ്ടാവുന്നതാണ് എന്നൊക്കെയാണ് സുഭാഷ് ചന്ദ്രൻ പറയുന്നത്. “കൊല്ലാനും നശിപ്പിക്കാനുമുള്ള തോന്നൽ പ്രകൃത്യാ ഉണ്ട് ഭൂമിയിൽ എന്നും മനുഷ്യന്റെ തോന്നലുകൾ പ്രകൃതിയുടെയും കൂടി തോന്നലുകളാണ് എന്നതാണ് അതിന്റെ അർത്ഥം” എന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു.അതുകൊണ്ടാണ് രാമ ഗീതയെക്കാൾ പ്രാധാന്യം കൃഷ്ണഗീതക്ക്
വന്നത്.അഹിംസയുടെ ആചാര്യനായ ഗാന്ധിക്ക് പോലും രണ്ടാമത്തെ ഗീതയായിരുന്നു പത്ഥ്യം എന്ന് ചൂണ്ടിക്കാട്ടുന്നു.കൈകേയിയെ കൊല്ലാൻ പോകുന്ന ലക്ഷ്മണനോട്
നമ്മൾ കൊന്നാൽ ആത്മാവ് മരിക്കില്ലെന്നും അമ്മയെ കൊല്ലാൻ ശ്രമിക്കുന്നത് അതുകൊണ്ടുതന്നെ പാഴ് വേലയാണെന്നും പറഞ്ഞ് മനസ്സിലാക്കിയാണ് രാമൻ ലക്ഷ്മണനെ പിന്തിരിപ്പിച്ചത്. എന്നാൽ മഹാഭാരതത്തിലെ ഗീതയിൽ ബന്ധുമിത്രാദികളെ കൊല്ലാൻ കഴിയാതെ വിഷണ്ണനായി നിന്ന അർജുനനോട് അതേ തത്വം തന്നെ ( കൊന്നോളൂ. കാരണം നാം കൊന്നാലും ആത്മാവ് കൊല്ലപ്പെടുന്നില്ല.) ദൈവത്തിന്റെ മറ്റൊരു അവതാരം പറഞ്ഞ് മനസ്സിലാക്കുന്നു. അതിജീവനത്തിന്റെ സന്ദർഭങ്ങളിൽ ദൈവങ്ങൾ പോലും അടിസ്ഥാന പാഠത്തിന് വ്യത്യസ്ത ഭാഷ്യങ്ങൾ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സുഭാഷ് ചന്ദ്രൻ ‘സ്വാർഥം’ എന്ന തന്റെ ‘സുഭാഷിതം’ അവസാനിപ്പിക്കുന്നത്.
ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട കാലത്ത് ഭാഗവതവും ഗീതയും കാലം ചവറ്റുകൊട്ടയിലറിഞ്ഞ സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളും കൊണ്ട് കേരളത്തിൽ മത വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് ഉപകാരപ്പെടുന്ന സിദ്ധാന്തങ്ങൾ ചമയ് ക്കുന്നതിലൂടെ സുഭാഷ് ചന്ദ്രൻ സ്വയം വെളിപ്പെടുന്ന കാഴ്ചയാണ് ‘വാതിലി’ൽ കാണാൻ കഴിയുന്നത്. ഇതെഴുതുമ്പോൾ കൊച്ചി മെട്രോയുടെ പില്ലറുകൾക്കിടയിൽ കുടുങ്ങിയ സുഭാഷ് എന്ന പൂച്ചയെ ഫയർഫോഴ്സ് രക്ഷിച്ച വാർത്ത വരുന്നുണ്ട്!
സുഭാഷ് ചന്ദ്രന് ‘സ്വാർഥം ’ എഴുതേണ്ടി വരുന്ന രാഷ്ട്രീയ സാഹചര്യം
രാമനെ മുന്നിൽ നിർത്തിക്കൊണ്ട് ഭഗദ്ഗീതയിലെ വർണ്ണ വ്യവസ്ഥയെ ദാർശിനികവത്കരിക്കുന്ന, സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ സ്മൃതികൾ കൊണ്ട് ആശയാടിത്തറ പണിയുന്ന ഒരു രാഷ്ട്രീയകക്ഷി, ജനാധിപത്യ മൂല്യങ്ങളെയെല്ലാം ഇല്ലാതാക്കാൻ സകല അടവുകളും പയറ്റിക്കൊണ്ടിരിക്കുന്ന കാലത്താണ് സുഭാഷ് ചന്ദ്രന്റെ ‘സുഭാഷിതങ്ങൾ’ വായനക്കാരിലേക്ക് എത്തുന്നത്. മൊബൈൽ ഫോണിൽ പച്ചത്തുള്ളനേയും കുതിരരോമകീടത്തെയും കുറിച്ചുള്ള റീൽ കണ്ട് പ്രചോദിതനായി പ്രകൃതിയിൽ നടക്കുന്ന വിചിത്രമായ കാര്യങ്ങളെക്കുറിച്ച് മാതൃഭൂമിയുടെ എഡിറ്റർ എഴുതി എന്ന് മാത്രമേ നിഷ്കളങ്കർക്ക് തോന്നൂ.മനുഷ്യർക്ക് സ്വാർഥം പകർന്നു കിട്ടിയത് പ്രകൃതിയിൽ നിന്നാണെന്ന് നിരീക്ഷിക്കുകയും ഹിംസയും ചൂഷണവുമെല്ലാം പ്രകൃതിയിൽ അടങ്ങിയിരിക്കുന്നുവെന്ന് ഇത്തിക്കണ്ണിയെ ഉദാഹരിച്ചു പറയുകയും ജീവോ ജീവസ്യ ജീവനം( ഒരു ജീവി മറ്റൊന്നിന്റെ ഭക്ഷണം ആണെന്ന ശ്രീമദ് ഭാഗവത തത്വം)എന്ന പഴയ പ്രമാണത്തിന്റെ പൊരുളും അതു തന്നെയാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നതിലൂടെ ഏത് അക്രമത്തെയും സാധാരണവത്കരിക്കാനും ന്യായീകരിക്കാനും എഡിറ്റർക്ക് കഴിയുന്നു.’ഇച്ഛിക്കാതിരുന്നിട്ടും ആരോ ബലാൽ നിയോഗിക്കുന്ന പോലെ ഞാൻ ഹിംസിക്കുന്നു ‘എന്ന് യുദ്ധഭൂമിയിൽ വെച്ച് അർജുനൻ വാർഷ്ണേയനോട്
വിഷാദിക്കുന്നത് ചൂണ്ടിക്കാട്ടി ബലാൽസംഗം പോലെയല്ല ബലാൽഹത്യ എന്നും ഒരുമ്പെടുന്നവന്റെ ബലം മാത്രമല്ല ഒരു ജീവി വർഗ്ഗത്തിന്റെ തന്നെ ബലവും അതിൽ അടങ്ങിയിരിക്കുന്നുവെന്നും യുദ്ധം എന്നത് ഒരു രണ്ടാംതരം പ്രകൃതിദുരന്തമാണെന്ന വാദം അങ്ങനെ ഉണ്ടായതാണെന്നും വാദിക്കുന്നു..ബലാൽസംഗവും ബലാൽ ഹത്യയും സർവസാധാരണമായ ഒരു നാട്ടിൽ, കുറ്റവാളികളെ യഥേഷ്ടം പ്രവർത്തിക്കാൻ ഭരണകൂടവും നിയമവാഴ്ചയും അനുമതിയും സംരക്ഷണവുമൊരുക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് ബലാൽഹത്യയെ ആദ്യം ന്യായീകരിക്കാം. ക്രമേണ ബലാത്സംഗത്തെയുമാവാം എന്നതായിരിക്കും എഡിറ്ററുടെ നിലപാട്. മണിപ്പൂർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭീകരമായ ശാരീരിക- ലൈംഗിക അതിക്രമങ്ങൾ നേരിട്ട് സ്ത്രീകൾ സമൂഹത്തിന്റെയൊ നിയമത്തിന്റെയൊ ഒരു പരിരക്ഷയും കിട്ടാതെ ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ നിലവിൽ ബലാത്സംഗത്തെ ന്യായീകരിക്കുന്നില്ല എന്നേയുള്ളൂ.
ചൂഷണം, അക്രമം, ഹിംസ എന്നിവയെല്ലാം ഗീതയും ഭാഗവതവും പ്രകൃതി നിയമങ്ങളും സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളുമൊക്കെ ഉദ്ധരിച്ച് ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ ന്യായീകരിച്ചെടുക്കുന്നത് എന്തിനായിരിക്കും ? ലോകവും ഇന്ത്യയും ഭീകരമായ ചൂഷണത്തിനും അസമത്വത്തിനും സങ്കല്പാതീതമായ അക്രമത്തിനും ഹിംസക്കുമൊക്കെ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് സുഭാഷ്ചന്ദ്രൻ ഇതിനെയൊക്കെ ന്യായീകരിക്കാനായി സിദ്ധാന്തങ്ങൾ നിരത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത്. പാലസ്തീനിൽ പിഞ്ചു കുഞ്ഞുങ്ങളെയടക്കം വംശീയമായി ഉന്മൂലനം ചെയ്തുകൊണ്ടിരുന്നപ്പോൾ ലോക നേതാക്കൾ പുലർത്തിയ അക്ഷന്തവ്യമായ മൗനം എന്തുകൊണ്ടായിരുന്നു എന്നാണ് എപ്സ്റ്റീൻ ഫയലുകളിലൂടെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്.
പ്രകൃതിയിൽ അസമത്വവും ഹിംസയും അക്രമവുമൊക്കെ സർവ്വസാധാരണമായിരിക്കാം. ശക്തർ ദുർബലരെ കീഴടക്കും. അർഹതയുള്ളതേ അതിജീവിക്കൂ. ദുഷ്ടനെ പന പോലെ വളർത്തും. കൊന്നാൽ പാപം തിന്നാൽതിന്നാൽ തീരും.എന്നിവയൊക്കെ ആവാം പ്രകൃതി നിയമങ്ങൾ. ഇത്തരം പ്രകൃതി നിയമങ്ങളിൽ നിന്ന് സ്വന്തമായ ഇച്ഛയും ധിഷണയും നീതിബോധവും കൊണ്ട് നൂറ്റാണ്ടുകളെടുത്താണ് പ്രാകൃത നിയമങ്ങളെ പിന്തള്ളി മനുഷ്യൻ ജനാധിപത്യ സങ്കല്പങ്ങളിലേക്ക് വളർന്നത്. എല്ലാവർക്കും സുസ്ഥിതി സ്വപ്നം കാണാനും പ്രാവർത്തികമാക്കാനുമുള്ള കഴിവാണ് മനുഷ്യനെ മനുഷ്യനാക്കി നിലനിർത്തുന്നത്.എല്ലാവരും അതിജീവിക്കുന്ന സങ്കല്പം ജനാധിപത്യത്തിലേ ഉള്ളൂ ; മതഗ്രന്ഥങ്ങളിലില്ല. ശക്തിയുള്ളതോ ബുദ്ധിയുള്ളതോ ആയവ മാത്രം അതിജീവിക്കും എന്ന അർഥത്തിലല്ല ഡാർവിൻ അർഹതയുള്ളത് അതിജീവിക്കും എന്ന ആശയം കണ്ടെത്തുന്നത്. പരിസ്ഥിതിയോട് കൂടുതൽ അനുയോജ്യമായവ നിലനിൽക്കും എന്ന അർഥത്തിലാണ്. പക്ഷേ, ഇതേ ആശയം ഹെർബർട്ട് സ്പെൻസർ സമൂഹത്തിൽ പ്രയോഗിക്കുമ്പോൾ അത് അസമത്വത്തെ ഊട്ടിയുറപ്പിക്കുന്ന ചൂഷക സിദ്ധാന്തമായി മാറുന്നു.സാമൂഹിക ജീവിതം ഒരു പോരാട്ടമായും ദുർബലർ പിന്നിലാവുകയും ശക്തരും കഴിവുള്ളരും അതിജീവിക്കുകയും ചെയ്യുന്ന ‘സോഷ്യൽ ഡാർവിനിസം’ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട സാമൂഹ്യ സിദ്ധാന്തമായിരുന്നു സ്പെൻസറുടേത്. അത്തരം സാമൂഹ്യ സിദ്ധാന്തങ്ങളെ പ്രകൃതിയിൽ നിന്ന് ഉദാഹരണങ്ങൾ നിരത്തി സമർഥിക്കാനാവും. ഗീതയും ഭാഗവതവും മറ്റു പുരാണങ്ങളും നിരത്തി സമർഥിക്കാൻ കഴിയും. പക്ഷേ, അതിൽ നിന്നൊക്കെ മനുഷ്യൻ ഏറെ മുന്നോട്ടു പോവുകയും വളരുകയും ചെയ്തതുകൊണ്ടാണ് സ്പെൻസറുടെ സിദ്ധാന്തം പിൽക്കാലത്ത് വലിയ രീതിയിൽ വിമർശിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്തത്.
തന്റെ വാദങ്ങൾ സമർഥിക്കാനായി ‘യുദ്ധം ഒരു രണ്ടാംതരം പ്രകൃതിദുരന്തമാണെ’ന്ന സിദ്ധാന്തത്തെയും സുഭാഷ് ചന്ദ്രൻ തന്റെ എഴുത്തിൽ കൊണ്ടുവരുന്നുണ്ട്. ജർമ്മൻ സാമൂഹ്യശാസ്ത്രജ്ഞനായ ഉൾറിച്ച് ബക്ക്
( Ulrich Beck) 1986 എഴുതിയ, 1992-ൽ ഇംഗ്ലീഷിൽ പരിഭാഷപ്പെട്ട ‘Risk Society: Towards a New Modernity ’ എന്ന പുസ്തകത്തിലാണ് യുദ്ധം ഒരു രണ്ടാംതരം പ്രകൃതിദുരന്തമാണെന്ന ആശയം ചർച്ച ചെയ്യുന്നത്. ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ നിന്ന് ഭിന്നമായി യുദ്ധം, പാരിസ്ഥിതിക
പ്രത്യാഘാതങ്ങൾ തുടങ്ങിയ അപകടസാധ്യതകൾ നിർമ്മിതം അല്ലെങ്കിൽ സാമൂഹികമായി ഉത്പാദിപ്പിക്കപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഇതൊരു യുദ്ധ സിദ്ധാന്തമല്ലെന്നും ആധുനിക അപകട സാധ്യതകളെയും സമൂഹത്തെയും കുറിച്ചുള്ള സാമൂഹ്യശാസ്ത്രപരമായ ആശയമാണെന്നുമുള്ള കാര്യം മറച്ചുപിടിച്ചുകൊണ്ടാണ് സുഭാഷ് ചന്ദ്രൻ തന്റെ വാദങ്ങൾ സമർഥിക്കാനായി പ്രസ്തുത ആശയത്തെ ഉപയോഗപ്പെടുത്തുന്നത്. മനുഷ്യനിർമ്മിത ദുരന്തങ്ങളുടെ അപകടസാധ്യതകൾ എല്ലാവർക്കും ഒരുപോലെ ഭീഷണിയാണെങ്കിലും സാധാരണക്കാരെയാണത് പ്രകൃതിദുരന്തങ്ങൾ എന്നതുപോലെ പൂർണ്ണമായും ബാധിക്കുന്നത് എന്നതുകൊണ്ടാണ് രണ്ടാംതരം പ്രകൃതിദുരന്തം എന്ന് യുദ്ധത്തെ ഉൾറിച്ച് ബക്ക് വിശേഷിപ്പിക്കുന്നത്. യുദ്ധത്തെ ഒരു രാഷ്ട്രീയ പരാജയമായി മാത്രമല്ല വ്യവസ്ഥാപിതവും നിർമ്മിതവുമായ ഒരു അപകടസാധ്യതയായി കാണുന്ന ഒരു പുസ്തകത്തിലെ ആശയത്തെ യുദ്ധത്തെയും അക്രമത്തെയും ന്യായീകരിക്കാനായി സുഭാഷ് ചന്ദ്രൻ ഉപയോഗിക്കുന്നു എന്നത് പരിഹാസ്യമാണ്.
ജനാധിപത്യ മൂല്യങ്ങളും സുഭാഷ് ചന്ദ്രന്റെ ‘സ്വാർഥ’ ചിന്തകളും
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, വ്യക്തിസ്വാതന്ത്ര്യം, ഭൂരിപക്ഷ ഭരണം, ന്യൂനപക്ഷാവകാശ സംരക്ഷണം, ബഹുസ്വരത തുടങ്ങിയ ജനാധിപത്യ മൂല്യങ്ങൾ ഒന്നും തന്നെ പ്രകൃതിയിൽ നിന്ന് കണ്ടെടുത്തതോ ദൈവനിർമ്മിതമോ അല്ല. മനുഷ്യൻ കാലങ്ങളായി ആർജിച്ച ചിന്തയും ഇച്ഛയും ധാർമ്മികതയും നീതിബോധവും കൊണ്ട് നിർമ്മിച്ചെടുത്തതാണ്.പ്രകൃതിയിൽ നിന്ന് വ്യത്യസ്തമായി പുതു പുതു ലോകങ്ങൾ പണിയാനുള്ള കെല്പുള്ളതുകൊണ്ട് കൂടിയാണ് മനുഷ്യൻ മറ്റു ജീവികളിൽ നിന്ന് ഉയർന്നുനിൽക്കുന്നത്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും മനുഷ്യനന്മയെ മുൻനിർത്തിയുള്ള നീതിബോധത്തിലും അടിയുറച്ചു നിന്നു കൊണ്ട് നീതിയുക്തമായ തിരഞ്ഞെടുപ്പി ലൂടെയും സുതാര്യവും ഉത്തരവാദിത്വവുമുള്ള ഭരണനിർവഹണത്തിലൂടെയും നിയമവാഴ്ചയിലൂടെയും സമൂഹത്തിന്റെ പൊതുനന്മ ഉറപ്പാക്കുന്ന ഭാവനയും അതിന്റെ നടപ്പാക്കലും മനുഷ്യന്റെ മാത്രം സൃഷ്ടി പ്രക്രിയയാണ്. അങ്ങനെയാണ് മനുഷ്യൻ ഭൂമിയിൽ ‘സ്വർഗം’ സൃഷ്ടിച്ചത്. പ്രകൃതിയുടെ നിയമങ്ങൾ നോക്കി മനുഷ്യ സമൂഹത്തിനും അതേ വേണ്ടു എന്ന് സ്ഥാപിച്ചെടുക്കുന്നവർ ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തവരോ ഒരു ചൂഷക വ്യവസ്ഥയെ പിന്താങ്ങുന്നവരോ അതിന്റെ വക്താക്കളോ ആയിരിക്കും.
അഹസ്താനി സഹസ്താനം
അപദാനി ചതുഷ്പദാം
ഫൽഗുനി തത്ര മഹതാം
ജീവോ ജീവസ്യ ജീവനം
കൈകൾ ഇല്ലാത്തവ (സസ്യങ്ങൾ) കൈകൾ ഉള്ളവയ്ക്കും (മൃഗങ്ങൾ) കാലുകൾ ഇല്ലാത്തവ (ചെറിയ ജീവികൾ) നാലുകാലുള്ളവയ്ക്കും ബലഹീനർ ശക്തർക്കും ഇരയാണ്. ഒരു ജീവി മറ്റൊന്നിന് ഭക്ഷണമാണ്. ഒന്ന് മറ്റൊന്നിന് ആഹാരമാകുന്ന പ്രകൃതിയിലെ സ്വാഭാവിക പ്രക്രിയയെ സൂചിപ്പിക്കുന്ന അനേകം ദാർശനിക വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുള്ള ശ്രീമദ് ഭാഗവതത്തിലെ ശ്ലോകത്തിലെ അവസാന വരി സുഭാഷ് ചന്ദ്രൻ ഉദ്ധരിക്കുന്നത് കൊല്ലാനും നശിപ്പിക്കാനുമുള്ള തോന്നൽ പ്രകൃതിയിൽ ഉണ്ടെന്നും മനുഷ്യന്റെ തോന്നലുകൾ പ്രകൃതിയുടെ തോന്നലുകൾ കൂടിയാണെന്നും സമർഥിക്കാനാണ്.
ഇക്കാര്യം ആരും പറഞ്ഞു കൊടുക്കാതെ തന്നെ ഇന്ത്യക്കാർക്ക് അറിയാവുന്നതു കൊണ്ടാണത്രേ രാമായണത്തിലെ ലക്ഷ്മണോപദേശത്തേക്കാൾ പ്രാധാന്യം മഹാഭാരതത്തിലെ അർജ്ജുനോപദേശത്തിനു വന്നത്. രാമനെ വനവാസത്തിനയക്കാൻ കാരണക്കാരിയായ കൈകേയിയെ കൊല്ലാനായി പാഞ്ഞടുക്കുമ്പോൾ ലക്ഷ്മണനോട് രാമനും യുദ്ധത്തിൽ ബന്ധുമിത്രാദികളെ കൊല്ലാൻ കഴിയാതെ തളർന്നുപോയ അർജുനനോട് കൃഷ്ണനും പറയുന്നത് ആത്മാവിന് നാശമില്ലെന്നാണ്. ആദ്യത്തേതിൽ ആത്മാവിന് നാശമില്ലാത്തതിനാൽ കൊല്ലുന്നത് പാഴ് വേലയാണെന്നും രണ്ടാമത്തേതിൽ ആത്മാവിന് നാശമില്ലാത്തതിനാൽ കൊല്ലുന്നതിൽ കുഴപ്പമില്ല എന്നുമാണ്. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടല്ലോ. നമുക്ക് സങ്കല്പിക്കാനാവുന്നതിനുപ്പുറം ക്രൂരതകളും ഹിംസാത്മകതയും വെളിപ്പെട്ടു വരികയും അതെല്ലാം ന്യായീകരിക്കപ്പെടുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യുന്ന സമകാലിക ഇന്ത്യയിൽ സുഭാഷ്
ചന്ദ്രൻമാർക്ക് ഗീതയെ പുണരാനേ കഴിയൂ.ഗീതയ്ക്ക് ആത്മീയമായ ചട്ടക്കൂടും ദാർശനികമായ അടിത്തറയുമാണ് ഉള്ളതെങ്കിലും അത് പ്രവർത്തിക്കുന്നത് രാഷ്ട്രീയമായാണ് എന്ന കണ്ടെത്തൽ അംബേദ്കർ നടത്തുന്നുണ്ട്. ജാതിവ്യവസ്ഥയിൽ അടിയുറച്ച, അസമത്വവും വിവേചനവും മുഖമുദ്രയായ ഒരു ചൂഷണ വ്യവസ്ഥയെ സാമൂഹിക വ്യവസ്ഥയാക്കി മാറ്റാൻ ഭഗവദ്ഗീതയെ വലിയ രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ കൃതിയുടെ അടിത്തറയായി കല്പിക്കപ്പെടുന്ന ദാർശനികതയും ആത്മീയതയും ബ്രാഹ്മണാധികാര വ്യവസ്ഥയിൽ അടിയുറച്ച ഒരു ചൂഷണ വ്യവസ്ഥയെ സാമൂഹിക വ്യവസ്ഥയാക്കി മാറ്റാനുള്ള മറയായിരുന്നു.ദാർശനിക പരിവേഷം കൊണ്ട് മാത്രം ഒരു കൃതി കാലങ്ങളോളം ഒരു സാമൂഹിക വ്യവസ്ഥയെ താങ്ങിനിർത്തില്ല എന്നുള്ളതുകൊണ്ട് ഗീതയെ മതവുമായും ഭക്തിയുമായും ബന്ധിപ്പിച്ചാണ് അതിന്റെ ഗുണഭോക്താക്കൾ ഫലം കൊയ്തത്. ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത ‘യോഗങ്ങ’ ളാണ് ഗീതയെ താങ്ങി നിർത്തുന്നത്. അത് മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രം ജനാധിപത്യ മൂല്യങ്ങളെ പുറകോട്ടടിപ്പിക്കുന്നതോ ഇല്ലാതാക്കുന്നതോ ആണ്.
ഒരു രാജ്യത്തെ ഭരണാധികാരികളും അതിനെ നിയന്ത്രിക്കുന്ന മതജീവികളും ഗീതയെയും പുരാണങ്ങളെയും അടിസ്ഥാന പ്രമാണമാക്കി അധികാരം ഉറപ്പിക്കുകയും എന്നെന്നും നിലനിർത്താൻ അക്ഷീണം പരിശ്രമിക്കുകയും ചെയ്യുമ്പോൾ അതിന് കേരളത്തിലെ മുഖ്യധാരാ വായനാലോകത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള തറപ്പണി (ground work) ആണ് സുഭാഷ് ചന്ദ്രൻ ഇത്തരം എഴുത്തുകളിലൂടെ നടത്തുന്നത്.

ജൂലി ഡി എം
അദ്ധ്യാപിക
