ജൂലി ഡി എം

Published: 10 October 2025 ട്രോൾ വിമർശനം

വി കെ എന്നിന്റെ ദുഷ്യന്തന്‍ മാഷും
ദുഷ്യന്തന്‍ മാഷിന്റെ വിമര്‍ശനവും

ഇതിഹാസങ്ങളും പുരാണങ്ങളും വീര പരിവേഷം നല്‍കിയ ധീരോദാത്തന്മാരെ അവരുടെ വീര പരിവേഷങ്ങള്‍ അഴിപ്പിച്ചുവെച്ച് ഹാസ്യ
കഥാപാത്രങ്ങളാക്കുകയും പ്രസ്തുത കഥാപാത്രങ്ങളാല്‍ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ സൃഷ്ടിച്ചുവെച്ച സകല മൂല്യങ്ങളെയും തകര്‍ത്തു തരിപ്പണമാക്കുകയുമാണ് വി. കെ.എന്‍ തന്റെ
പുരാണകഥാകഥനങ്ങളിലൂടെ ചെയ്തത്.(മൂല്യച്യുതിയെയല്ല മൂല്യങ്ങളെ തന്നെ വിമര്‍ശിച്ചുകൊണ്ടാണ് വി കെ എന്‍ ഹാസ്യം സൃഷ്ടിക്കുന്നതെന്ന് 1970-കളില്‍ തന്നെ എസ് സുധീഷ് നിരീക്ഷിക്കുന്നുണ്ട്.)അതിനുവേണ്ടി പുരാണ കഥാസന്ദര്‍ഭങ്ങളെ സമകാലികമാക്കുകയും സ്ഥലകാലങ്ങളെ തലകീഴ് മറിക്കുകയും ഭാഷയില്‍ അടിയുറച്ച പ്രയോഗങ്ങളെ ശിഥിലീകരിക്കുകയും അതുവഴി ഹാസ്യത്തിന്റെ മായിക ലോകമൊരുക്കുകയും ചെയ്യുന്നു.
പുരാണ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും പരിഹാസ്യമാക്കി അവതരിപ്പിക്കുന്നതിലൂടെ അവയിലൂടെ കെട്ടിപ്പൊക്കിയ മൂല്യവ്യവസ്ഥയെ കൂടിയാണ് വി. കെ. എന്‍ തകര്‍ത്തുകളയുന്നത്.വി. കെ. എന്‍ കടല്‍ പോലെ കഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും അതിന്റെ പാരായണസാധ്യതകള്‍ അനന്തമാണെങ്കിലും വളരെ കുറച്ച് നിരൂപണങ്ങളും വിമര്‍ശനങ്ങളും മാത്രമേ ആ കൃതികള്‍ക്ക് ഉണ്ടായിട്ടുള്ളൂ. വി. കെ. എന്നിന്റെ ദുഷ്യന്തന്‍ മാഷ് എന്ന കഥയെയും ‘ദുഷ്യന്തന്‍ മാഷി’ന് ഡോ. ഷൂബ.കെ.എസ് എഴുതിയ ‘ദുഷ്യന്തന്‍ മാഷും പാഞ്ചാലി ടെക്‌സ്‌റ്റൈല്‍സും'( ദുഷ്യന്തന്‍ മാഷും
ശൂര്‍പ്പണഖയും – ആത്മ ബുക്‌സ്) എന്ന നിരൂപണത്തെയും മുന്‍നിര്‍ത്തി വി.കെ. എന്‍ കഥയുടെ പാരായണ സാധ്യതകളെ പരിശോധിക്കുന്നു.

വി കെ എന്നിന്റെ ദുഷ്യന്തന്‍ മാഷ്

അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ഒന്നാം റാങ്കില്‍ പഠിച്ചു ജയിച്ച നാടകലോകക്കളരിയില്‍ ബിരുദം കെട്ടി മേലോട്ട് ചാടി അച്ഛന്‍ തമ്പുരാനില്‍ നിന്ന് ഹസ്തിനപുരി പ്രവിശ്യയുടെ ഭരണമേറ്റെടുത്ത വി.കെ.എന്നിന്റെ ദുഷ്യന്തന്‍ ആധുനികകാലത്തെ ഒരു മാഷാകുന്നു.”സ്‌കൈ വാസ് ദി ലിമിറ്റ്” രാജ്യാതിര്‍ത്തിയായ ദുഷ്യന്തന്റെ നേഷന്‍ സ്റ്റേറ്റ് സമകാലിക ഇന്ത്യയ്ക്ക് തുല്യമായിരുന്നുവെന്നാണ് കഥാകൃത്ത് വര്‍ണ്ണിക്കുന്നത്. മാഷിന്റെ രാജ്യത്തെ പ്രജകള്‍ കുറ്റം ചെയ്യുമായിരുന്നില്ല. രാജാവിന്റെ കണ്ണുവെട്ടിച്ച് കുറ്റം
ചെയ്തിരുന്നവരെപ്പോലും കാലണ കൈക്കൂലി വാങ്ങാതെ വെറുതെ വിട്ടിരുന്ന
മാഷ് ,ഒരു പോലീസ് രാജല്ല തന്റേതെന്ന് ഐക്യരാഷ്ട്രസഭയുടെ പള്ളക്ക് കുത്തി പറയുമായിരുന്നു.ദുഷ്യന്തന്റെ രാജ്യം നന്മകള്‍ മാത്രം വിളയുന്ന പുണ്യഭൂമിയാണെന്നു വായനക്കാര്‍ മനസ്സിലാക്കാന്‍ ഇങ്ങനെയാണ് വര്‍ണ്ണന:”കൃഷി ഓട്ടോമാറ്റിക് ആയാണ് നടന്നിരുന്നത്. കരിയും പൂട്ടും വേണ്ടായിരുന്നു. കറ്റകള്‍ തനിയെ വന്ന് വീട്ടുമുറ്റത്തു കയറി സ്വയം മെതിച്ച് അളന്നിട്ട് തിരിച്ചു പോയിരുന്നു.” ജീവത്സാഹിത്യം വായിച്ചു മടുത്ത മാഷ് ഒരു മാറ്റത്തിനു വേണ്ടി നായാട്ടിനിറങ്ങി. കാടിന്റെ മക്കളെ തലങ്ങും വിലങ്ങും വെടിവെച്ചുകൊന്നുരസിച്ച മാഷ് എത്തിപ്പെടുന്നത് മാനുകള്‍ മാത്രമുള്ള ഒരു സുന്ദര വനത്തിലാണ്.” മാലിനി നദിയില്‍ കണ്ണാടി നോക്കും മാനേ പുള്ളിമാനെ” എന്ന സിനിമാപ്പാട്ട് കേട്ട് അടുത്തെങ്ങാനും സിനിമ കളിക്കുന്നുണ്ടോ എന്ന് അദ്ഭുതം കൂറിയ മാഷ് കുടവും വെള്ളവുമായി ഒരു പെണ്ണ് പുഴമുറിച്ചോടി മറയുന്നത് കണ്ടു. പെണ്‍കൊടിയെ പിന്തുടര്‍ന്ന മാഷ്
വേദമന്ത്രോച്ചാരണം ഉയരുന്ന ഒരു പര്‍ണ്ണ കുടീരത്തില്‍ എത്തിച്ചേരുന്നു.താന്‍
കടവല്ലൂരന്യോന്യത്തില്‍ ചെന്ന് പെട്ടോ എന്ന സംശയം അപ്പോള്‍ രാജാവായ മാഷിനുണ്ടായി. ആശ്രമ കവാടത്തില്‍ പോയി കൈകൊട്ടിക്കളിച്ച രാജാവിനോട് പെണ്‍കൊടി തന്റെ കഥ പറയുന്നു.കഥ കേട്ട് സന്തുഷ്ടനായ മാഷ് അനാഘ്രാത കുസുമമായ ശകുന്തള തന്നെ കെട്ടുന്നതിന് പരിതോഷികമായി പാലക്കാ മോതിരം, പട്ടുസാരി, ചോളി, സ്റ്റഡ്, കാതിലോല, നല്ലതാളി,കുതിരപ്പവന്‍ അല്ലെങ്കില്‍
അത് അച്ചടിക്കാനുള്ള സെക്യൂരിറ്റി പ്രസ്സ്,
തന്റെ രാജ്യം, അയല്‍ രാജ്യം, സോവിയറ്റ് യൂണിയം അങ്ങനെ എന്തും നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നു.ആവശ്യപ്പെട്ട വസ്തു തന്നുകഴിഞ്ഞാല്‍ ഭവതി എന്റെ ഭാര്യയാകണമെന്നും ”നിനക്ക് ഞാന്‍ വേണം. നീ ഇല്ലെങ്കിലും എനിക്ക് കഴിയാം.” എന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും വ്യക്തമാക്കുന്നു. കാരണം പെണ്ണുങ്ങളില്ലാത്ത വെള്ളരിക്കാ പട്ടണമല്ല ഭാരത ഭൂഖണ്ഡമെന്ന ഓര്‍മ്മപ്പെടുത്തലും നടത്തുന്നു. ഗാന്ധര്‍വ മട്ടിലുള്ള കെട്ടാണ് മാഷ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കിയ ശകുന്തള തനിക്ക് ദുഷ്യന്തന്‍ വാഗ്ദാനം ചെയ്ത മുക്കുപണ്ടവും സാറ്റിന്‍ സാരിയും ഉലക്കച്ചുറ്റുമൊന്നും വേണ്ടെന്ന് പറയുന്നു. പകരം തങ്ങള്‍ക്കുണ്ടാകുന്ന കുട്ടി വേണം അടുത്ത രാജാവാകാനെന്നുള്ള കണ്ടീഷന്‍ മുന്നോട്ട് വയ്ക്കുന്നു. ദുഷ്യന്തന്‍ ശരിക്കും രാജാവ് തന്നെയാണല്ലോ എന്നും പ്രജയല്ലല്ലോ എന്നും അവള്‍ ഉറപ്പുവരുത്തുന്നുണ്ട്. ഫുള്‍ടൈം രാജാവെന്ന ഉറപ്പു കിട്ടിയ ശകുന്തള വളച്ചുകെട്ടുന്ന വിദ്യ തനിക്കറിയില്ലെന്നും നേരെ വാ, ആ വഴിയെ പോ എന്നാണ് തന്റെ ട്രാഫിക് നിയമമെന്നും പറഞ്ഞ് ദുഷ്യന്തനെ ‘നേരമ്പോക്കി’നായി ക്ഷണിക്കുന്നു. ശേഷം, നീ കൂടി അലങ്കരിച്ചാലേ എന്റെ സീറ്റ് ഫുള്‍ടൈം സിംഹാസനമാവൂ എന്ന ഭംഗിവാക്ക് പറഞ്ഞ് ”നിന്നെ കൂട്ടി വരാന്‍ ഒരു ഡിവിഷന്‍ മെക്കനൈസ്ഡ് ആര്‍മിയെ അയക്കാമെന്ന് വാക്കു കൊടുത്ത് ദുഷ്യന്തന്‍ മുങ്ങുന്നു. മാഷ് രക്ഷപ്പെട്ടതിനു ശേഷം ആശ്രമത്തിലെത്തിയ താതമുനിമകള്‍ക്ക് സകല ആശംസകളും അറിയിക്കുന്നു. ദുഷ്യന്തന്‍ പോയതിന്റെ 273-ാം പക്കം ശകുന്തള ഗര്‍ഭം പൂര്‍ത്തിയാക്കി കൂടുതല്‍ മുന്നറിയിപ്പൊന്നുമില്ലാതെ ഒരു വീര പാണ്ഡ്യ കട്ടബൊമ്മന്‍ ചെക്കനെ പെറ്റു.ചെക്കന്റെ പരാക്രമങ്ങള്‍ കണ്ട് മടുത്ത മുനി അവന് സര്‍വമദനന്‍ എന്ന് പേരിടുകയും ചെക്കന്‍ എങ്ങനെയും ആശ്രമം വിട്ട് പോയാല്‍ മതിയെന്ന് ചിന്തിച്ച് ഒട്ടും താമസിയാതെ അവനെയും കൂട്ടി അവന്റെ പിതാവിനെ പ്രാപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. കൊട്ടാരത്തിലെത്തിയ ശകുന്തളയോട് ‘ നീ വാര്‍ത്ത സൃഷ്ടിക്കുകയാണോ ?”എന്നും ഏത് പത്രത്തിലെ സ്റ്റാഫറാണെന്നും ചോദിച്ച ദുഷ്യന്തന്‍ ”മെമ്മറി പവര്‍ എനിക്ക് വേണ്ടുവോളം ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ അതെനിക്ക് കൈമോശം വന്നിരിക്കുന്നു. പോക്കറ്റടിച്ചു പോയിരിക്കുന്നു.”എന്ന് നടിച്ചുകാണിക്കുന്നു. കോപിഷ്ഠയായ ശകുന്തള കടക്കണ്ണുകൊണ്ട് കടുക് വറുത്ത് അത് ദുഷ്യന്തന്റെ മേല്‍ ചൂടോടെ വാരിയിട്ട് ”ആകാശത്തുനിന്ന് യമധര്‍മ്മ രാജാവും ഇതൊക്കെ കാണുന്നുണ്ടെന്നും അദ്ദേഹം നരകത്തില്‍ കൊണ്ടുപോയാണ് നിങ്ങളെ പൊരിക്കുക…’ എന്നും മറ്റും ശാപവാക്കുകള്‍ പൊഴിക്കുന്നു.തത്സമയം ആരോ ടേപ്പ് ഓണ്‍ ചെയ്തതുപോലെ ശകുന്തളയെയും പുത്രനെയും സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള അശരീരീ കേള്‍ക്കുന്നു.അപ്പോഴും ‘കാളിദാസ മഹാകവി വേറെ വിധമാണല്ലോ പറയുന്നതെന്ന് സന്ദേഹിയായ ദുഷ്യന്തനോട്, നാടകത്തില്‍ ഇതെല്ലാം സംഭവിക്കുമെന്ന് പറഞ്ഞ് അശരീരി മാഷിനെ സാന്ത്വനിപ്പിക്കുന്നു. ഇതൊക്കെ കണ്ടും കേട്ടും നിന്ന സര്‍വമദനന്‍” ഞാന്‍ കാത്തുനില്‍ക്കുവായിരുന്നു. ഇനിയും താന്‍ വേഷക്കെട്ട് തുടര്‍ന്നിരുന്നെങ്കില്‍ ഞാന്‍ ഇടിച്ച് ശീലപ്പൊടിയാക്കിയേനെ.” എന്ന് പറയുന്നു. ശകുന്തള പതിവ്രതയാണെന്ന് പറ മുട്ടി ലോകത്തെ തെര്യപ്പെടുത്താനായിരുന്നു താന്‍ അസാരം അഭിനയിച്ചതെന്ന് ദുഷ്യന്തന്‍ വെളിപ്പെടുത്തുന്നു. ”ചെക്കന് ഞാന്‍ ഭരതന്‍ എന്ന് പേരിടുന്നു. അവന് ഒരു പരിപ്പുവട കൊടുക്കുന്നു. ഇവനില്‍ നിന്നാണ് ഇന്ത്യയ്ക്ക് ഭാരതം എന്ന പേര്‍ കിട്ടുക. ഇന്ത്യ കണ്ടുപിടിച്ച ഞാന്‍ എന്ന് പേരായ തന്റെ ഗ്രന്ഥത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇതെല്ലാം വിസ്തരിക്കും.” എന്ന് പറയുന്ന കഥാകൃത്തിന്റെ

”ഇക്കാലവും ഇന്ത്യ തുടര്‍ച്ചയായി കണ്ടുപിടിക്കപ്പെട്ടു വരികയാണല്ലോ.” എന്ന പ്രതിധ്വനി
വാക്യത്തില്‍ കഥ അവസാനിക്കുന്നു.

വി കെ എന്‍ വായനക്കാര്‍ക്ക്
സാധാരണഗതിയില്‍ കഥയില്‍ നിന്ന് കിട്ടാവുന്നത്

ദുഷ്യന്തന്റെ നേഷന്‍ സ്റ്റേറ്റ് ഒരേ സമയം സമകാലിക ഇന്ത്യയും കള്ളവും ചതിയുമില്ലാത്ത നന്മകള്‍ വിളയുന്ന സമ്പല്‍ സമൃദ്ധമായ രാജഭൂമിയുമാണ്.
സാഹിത്യാദികലകളില്‍ തല്പരനായ രാജാവും മാഷുമായ
ദുഷ്യന്തനെ അവതരിപ്പിക്കാന്‍
” സാഹിത്യാദി സര്‍ക്കസ്സുകളില്‍ ദുഷ്യന്തന്‍
മാഷിനുണ്ടായിരുന്ന കമ്പം കലശലായിരുന്നു.” എന്നു പറയുന്നു.
സാഹിത്യാദികലകളോടുള്ള രാജാവിന്റെയും ആധുനിക കാലത്തെ മാഷിന്റെയും കമ്പത്തെ സര്‍ക്കസ്സാക്കി അവതരിപ്പിക്കുന്നതിലൂടെ പ്രസ്തുത പദവികളെ (രാജാവ്, മാഷ്) അലങ്കരിക്കാനും പൊങ്ങച്ചം നടിക്കാനുമുള്ള പ്രകടനോപാധികള്‍ മാത്രമാണ് അന്നും ഇന്നും അവയെന്ന്
വെളിപ്പെടുത്തുന്നു. രാജാവിന്റെ നായാട്ട് ഘോഷയാത്ര കാണാന്‍ ‘ ആണ്‍ പെണ്‍ പരിഷ നിരത്തിനിരുപുറത്തും തിങ്ങി നിന്നു.തങ്ങള്‍ക്കൊപ്പം കളിയാട്ട് കഴിഞ്ഞു മതി ഘോരകാന്താരത്തില്‍ പോയി നായിനിട്ടാട്ട് ( നായാട്ട്) എന്ന് കുലസ്ത്രീകള്‍ രാജാവിനെ കണ്ണടിച്ചു. ”മടക്കത്തിലാട്ടെ എന്ന് ഗുരുനാഥന്‍ കൈ ചെറുവിരലനക്കി അവര്‍ക്ക് മറുകണ്ണടിച്ചു.കഥകളി സമ്പ്രാദായത്തില്‍ ‘ എന്നു പറയുമ്പോള്‍ കുലസ്ത്രീ, ഗുരുനാഥന്‍ എന്നീ പരിവേഷങ്ങള്‍ പൊളിഞ്ഞു വീഴുന്നു.ശകുന്തളയെ കാണാന്‍ ആശ്രമ കവാടത്തില്‍ പോയി കൈകൊട്ടി കളിക്കുന്ന ദുഷ്യന്തന്റെ ചിത്രം പുരാണങ്ങള്‍ സൃഷ്ടിച്ചു വച്ചിരിക്കുന്ന എല്ലാ രാജപരിവേഷങ്ങളെയും റദ്ദാക്കുന്നുണ്ട്.ആശ്രമ പരിസരത്ത് നിന്ന് കേട്ട വേദമന്ത്രോച്ചാരണം, താന്‍ കടവല്ലൂരന്യോന്യത്തില്‍ ചെന്ന് പെട്ടോ എന്ന സംശയം ദുഷ്യന്തനില്‍ ഉണ്ടാക്കുന്നുണ്ട്. ദുഷ്യന്തന്‍ ഹസ്തിന പുരിയിലെ രാജാവായിരിക്കെ തന്നെ നൂറ്റാണ്ടുകള്‍ക്കിപ്പുറം സംഭവിക്കാനിരിക്കുന്ന കടവല്ലൂരന്യോന്യത്തെ കുറിച്ച് അറിയുന്ന ദീര്‍ഘദര്‍ശിയുമാണ്!പുരാണ കൃതികള്‍ കൊണ്ടാടുന്ന ആശ്രമ ജീവിതത്തെയും ആശ്രമ മര്യാദകളെയും വി. കെ. എന്‍ അവതരിപ്പിക്കുന്നത് നോക്കുക : ”ശകുന്തള താതന്റെ കാല്‍ കഴുകി ആ വെള്ളം അദ്ദേഹത്തിന്റെ തലയിലൊഴിച്ച് താണു വണങ്ങി.” ഇങ്ങനെ ആശ്രമവുമായി ബന്ധപ്പെട്ട് പുരാണ കൃതികള്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന എല്ലാ അലൗകിക ആത്മീയ പരിവേഷങ്ങളെയും ആചാര മര്യാദകളെയും കടുത്ത പരിഹാസത്തിലൂടെയും മൂര്‍ച്ചയുള്ള ഫലിതത്തിലൂടെയും കഥാകൃത്ത് പൊളിച്ചുകളയുന്നു. ധീരോദാത്തനായ ദുഷ്യന്തനോ ലജ്ജാവതിയും നിഷ്‌കളങ്കയും ആശ്രമ കന്യകയുമായ ശകുന്തളയോ വി.കെ.എന്നിന്റെ കഥയിലില്ല.ഗാന്ധര്‍വത്തിനു മുന്നോടിയായി പുത്രനെ രാജാവാക്കണമെന്ന ഉടമ്പടി ദുഷ്യന്തനു മുന്നില്‍ വച്ച് വിലപേശുന്നവളാണ് കഥയിലെ നായിക.ഇവിടെ സ്ത്രീയെക്കുറിച്ച് സാഹിത്യവും സമൂഹവും ഉണ്ടാക്കിവച്ചിരിക്കുന്ന പതിവ്രത/ വേശ്യ എന്നീ ദ്വന്ദ്വങ്ങള്‍ തകര്‍ന്നു വീഴുന്നു.

ദുഷ്യന്തന്‍ മാഷും പാഞ്ചാലി ടെക്‌സ്‌റ്റൈല്‍സും

അനന്തമായ പാരായണസാധ്യത ഒരു കൃതിയുടെ എടുത്തു പറയേണ്ട ഗുണവിശേഷമാണ്. ഓരോ കൃതിയും അതര്‍ഹിക്കുന്ന വായനക്കാരിലേക്ക് എത്തുമ്പോഴാണ് ലക്ഷ്യത്തെ പ്രാപിക്കുന്നതെന്ന് പറയാം. വി. കെ. എന്നിന്റെ ദുഷ്യന്തന്‍ മാഷ് എന്ന കഥയുടെ വ്യത്യസ്തവും അനന്യവുമായ വായനയാണ് ഡോ. ഷൂബ കെ എസിന്റെ ‘ദുഷ്യന്തന്‍മാഷും പാഞ്ചാലി ടെക്‌സ്‌റ്റൈല്‍സും.’ദുഷ്യന്തന്‍ മാഷ് എന്ന കഥയെ വി. കെ. എന്‍ ജീവിച്ചിരുന്ന കാലഘട്ടവുമായും ആ കാലഘട്ടത്തിലെ ഇതര കൃതികളുമായും ബന്ധിപ്പിച്ച് വിശകലനം ചെയ്യുകയും വാക്കുകളുടെ സവിശേഷപ്രയോഗത്താല്‍ ഹാസ്യവും ആക്ഷേപഹാസ്യവും രാഷ്ട്രീയ വിമര്‍ശനവും നിര്‍വഹിക്കുന്ന വിധവും അവതരിപ്പിക്കുന്നു.വി കെ എന്നിന്റെ സമകാലികരായിരുന്ന എഴുത്തുകാരുടെ കൃതികളുടെ വിമര്‍ശനം എന്ന നിലയിലാണ് നിരൂപകന്‍ ‘ദുഷ്യന്തന്‍ മാഷി’നെ വായിക്കുന്നത്.ദുഷ്യന്തന്‍ മാഷിനെയും ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ രവി മാഷിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നു.

വ്യവസായ ആധുനികതയുടെ ആദ്യഘട്ടവും മലയാളത്തിലെ നവോത്ഥാനാനന്തര ആധുനിക കാലഘട്ടവുമായിരുന്നു വി. കെ. എന്നിന്റേത് എന്ന് പറഞ്ഞു കൊണ്ട് നിരൂപകന്‍ കഥയെ വിശകലനം ചെയ്യുന്നു. അതിന്റേതായ പ്രത്യേകതകള്‍ അക്കാലത്തെ എഴുത്തുകളില്‍ പ്രതിഫലിച്ചിരുന്നു.
കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇത് വിമോചന സമരം പോലുള്ള പ്രതിലോമകരമായ മുന്നേറ്റങ്ങളുടെ കാലം കൂടിയായിരുന്നു.മതത്തിനും ജാതീയതയ്ക്കുമെതിരായി നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ജാതിമത സംഘടനകള്‍ പ്രബലമായി തിരിച്ചു വരുന്ന ഒരു കാലം കൂടിയാണത്. ഇത്തരം സമരങ്ങള്‍ക്ക് വൈദേശിക സഹായം ലഭിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പില്‍ക്കാലത്ത് പുറത്തുവന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ പൊതുമേഖലാവത്കരണവുമായി ബന്ധപ്പെട്ട് ഇ.എം.എസ് മന്ത്രിസഭ തയ്യാറാക്കിയ ബില്ലിനെ എതിര്‍ത്തുകൊണ്ടാണ് വിമോചന സമരം പോലുള്ളവ ഉടലെടുത്തത്. അത്തരം രാഷ്ട്രീയ സാഹചര്യങ്ങളുടെ സാഹിത്യമായിരുന്നു ഖസാക്കിന്റെ ഇതിഹാസം പോലുള്ള കൃതികള്‍ എന്നാണ് വിമര്‍ശകന്‍ നിരീക്ഷിക്കുന്നത്. ഏകാധ്യാപക വിദ്യാലയത്തില്‍
അധ്യാപകനായ രവി കുട്ടികളെ പഠിപ്പിക്കുന്നതിന് പകരം അവരെ അജ്ഞരാക്കി നിലനിര്‍ത്തുകയും അജ്ഞതയെ ചിലപ്പോള്‍ പരിഹസിച്ചും ചിലപ്പോള്‍ ചൂഷണം ചെയ്തും ചിലപ്പോള്‍ മഹത്വവത്കരിച്ചുമാണ് മുന്നോട്ടുപോകുന്നത്. ഇത്തരം രാഷ്ട്രീയ സാംസ്‌കാരിക സാഹചര്യങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നവയായിരുന്നു വി. കെ. എന്‍ കൃതികള്‍.ഖസാക്ക് പുറത്തിറങ്ങിയ അതേ വര്‍ഷം പുറത്തിറങ്ങിയ, തികച്ചും വ്യത്യസ്തവും അധികാര വിമര്‍ശനം എന്ന നിലയില്‍ ഇന്നത്തെ നോവലുകള്‍ക്ക് പൂര്‍വ്വ മാതൃകയെന്ന് തന്നെ പറയാവുന്നതുമായ കൃതിയാണ് വി.കെ.എന്നിന്റെ ആരോഹണമെന്നും ഖസാക്കിനെ അതിന്റെ അജ്ഞതയോടെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന രവിയുടെ ഉള്ളിലെ യാഥാര്‍ത്ഥ്യങ്ങളെയാണ് വി.കെ.എന്‍ വിമര്‍ശിക്കുന്നതെന്നും കണ്ടെത്തുന്നു.
മതവും വ്യാവസായിക മതവും ഇണചേര്‍ന്ന കാലത്ത് മനുഷ്യനുണ്ടായ പയ്യത്തരമാണ് പയ്യന്‍ കഥകളിലൂടെ വി.കെ.എന്‍ വിമര്‍ശന വിധേയമാക്കുന്നതെന്ന നിരീക്ഷണവും എടുത്ത് പറയേണ്ടതാണ്. ദുഷ്യന്തന്‍ മാഷ് എന്ന കഥയില്‍ ശകുന്തളയെ ഒഴിവാക്കാനായി ദുഷ്യന്തന്‍ അവളെ ദുഷിച്ചു പറയുന്ന സന്ദര്‍ഭത്തില്‍ ടി പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന കഥയെ പരിഹസിക്കാനായി ടോര്‍ച്ചു ലൈറ്റടിക്കുന്ന പെണ്‍കുട്ടി എന്ന് പരാമര്‍ശിച്ചിരിക്കുന്നതിന്റെ അര്‍ത്ഥതലങ്ങള്‍ ഷൂബ കെ.എസ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ഒറ്റപ്പെടലിനെ ചിത്രീകരിക്കുന്ന, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയാല്‍ ആത്മഹത്യയില്‍ നിന്ന് രക്ഷ നേടുന്ന ഒരാളെയാണ് പത്മനാഭന്‍ അവതരിപ്പിക്കുന്നത്. ജാതീയമായി ലഭിച്ചിരുന്ന ഉന്നതസ്ഥാനം പില്‍ക്കാലത്ത് നഷ്ടപ്പെട്ട ഉപരിവര്‍ഗ്ഗ മനസ്സ് വ്യവസായികതയോട് ഒട്ടിച്ചേരുകയും സംസ്‌കൃതം ഉപേക്ഷിച്ച് ഇംഗ്ലീഷിനോട് പറ്റിച്ചേരുകയും ചെയ്തതിന്റെ കലാരൂപമാണ് പത്മനാഭന്റെ കഥ എന്നദ്ദേഹം നിരീക്ഷിക്കുന്നു. ഉന്നതകുലജാതനായിട്ടും ‘കുറഞ്ഞ’ ജോലികള്‍ ചെയ്യേണ്ടി വരുന്നതിന്റെ അപകര്‍ഷതയും ഒറ്റപ്പെടലും ഇംഗ്ലീഷ് കൊണ്ട് പരിഹരിക്കപ്പെടുന്നു.( ഇംഗ്ലീഷ് സിനിമയുടെ കഥ പെണ്‍കുട്ടിക്ക് പറഞ്ഞുകൊടുക്കുന്നതിലൂടെ കഥാനായകന്‍ ആദരവ് അര്‍ഹിക്കുന്ന വ്യക്തിയായി മാറുന്നു. ) 70-കളിലെയും 80- കളിലെയും നായകന്മാര്‍ ഇത്തരക്കാരായിരുന്നു. ഇങ്ങനെയുള്ള ഒരു കാലത്തെ ഒറ്റപ്പെടല്‍ ഇല്ലാതാക്കിയ പ്രകാശം ഒരു വ്യാവസായിക ഉല്‍പന്നം അഥവാ ടോര്‍ച്ച് ലൈറ്റായിരുന്നു. പഴയ പ്രകാശത്തെയും ദിവ്യത്വങ്ങളെയും ടോര്‍ച്ചാക്കുന്ന, ഉല്‍പന്നമാക്കുന്ന വി.കെ എന്‍ രീതിയാണിത് എന്ന വിമര്‍ശകന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.

ശാകുന്തളത്തെക്കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ രചനയും ‘ദുഷ്യന്തന്‍ മാഷി’ല്‍ വി. കെ.എന്‍ കൊണ്ടുവന്നിട്ടുണ്ട് എന്ന കാര്യവും ചൂണ്ടിക്കാട്ടുന്നു.അധ: സ്ഥിത പക്ഷം എന്ന് തോന്നിപ്പിക്കുന്ന ഒരു ‘നന്മ’, ഒരു ‘പാവപ്പെട്ടവന്‍’ ആധുനികതാവാദ കാലത്ത് രൂപപ്പെടുന്നുണ്ട്.ഒ.വി വിജയന്റെ ഖസാക്ക് അങ്ങനെ ഒരു സ്ഥലമാണെന്ന് നിരീക്ഷിക്കുന്നു.വി.കെ. എന്‍ അത്തരം ഇടങ്ങളെയാണ് ആക്രമിച്ചത്.ഇത് പുരാണങ്ങളിലെ രാജാവിന് വേണ്ടി സംരക്ഷിക്കുന്ന ആശ്രമങ്ങളുടെ ആവര്‍ത്തനമാണ്.ഇതിനെയാണ് പ്രത്യേകം സംവിധാനം ചെയ്‌തെടുത്ത ഭാഷയിലൂടെ വി. കെ.എന്‍ അവതരിപ്പിച്ചത്.ദുഷ്യന്തന്‍ ഒരേ സമയം രാജാവുമാണ്, മാഷുമാണ്.
ഖസാക്കിലെ രവി, മാഷും വ്യവസായിക കാലത്തെ ഒരു രാജാവുമാണ്. അമേരിക്കയില്‍ ആസ്‌ട്രോ ഫിസിക്‌സില്‍ ഗവേഷണ സാധ്യതയുള്ള ആളും ഉപനിഷത്തില്‍ നിപുണനുമാണ്.ദുഷ്യന്തന്റെ കഥ പറയുമ്പോള്‍ തന്നെ നൂറ്റാണ്ടുകള്‍ മാറിമറിയുന്നതിലൂടെ ഇത് ഒരേസമയം പഴയ ദുഷ്യന്തന്റെ കാലമാണെന്നും അതേസമയം ആധുനിക കാലമാണെന്നും ബോധ്യപ്പെടുത്തുന്നു.ദുഷ്യന്തന്റെ കാലവും ആധുനിക കാലവും തമ്മില്‍ വ്യത്യാസമില്ലെന്ന് പറയുന്നു. ‘സുന്ദരമായ കാടിന്റെ നടുക്ക് മാനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ’എന്ന് പറയുന്നതിന്റെ പൊരുള്‍ വിമര്‍ശകന്‍ കണ്ടെത്തുന്നു. സിനിമയിലും സാഹിത്യത്തിലും ഒക്കെ ഇത്തരത്തില്‍ സുന്ദരമായ കാടും ആശ്രമവും കാണും.
ആശ്രമം എന്നത് ഹിംസയുടെ വക്താക്കളായ രാജാക്കന്മാരെ ഉപയോഗിച്ച് അധികാരം നിലനിര്‍ത്താന്‍ ബ്രാഹ്മണര്‍ ഉണ്ടാക്കിയെടുക്കുന്ന കൃത്രിമമായ നന്മയുടെ സ്ഥലമാണെന്നും മാനിനെ രാജാവ് കൊല്ലാതിരിക്കുന്നത് അതൊരു ആശ്രമ മൃഗമാണെന്ന പറച്ചില്‍ കേട്ടിട്ടാണെന്നും ചൂണ്ടിക്കാട്ടുന്നു. ആശ്രമ മൃഗം അല്ലായിരുന്നുവെങ്കില്‍ ഹിംസ സാധ്യമാണ്. ബ്രാഹ്മണ മതത്തിന്റെ ശാസനകള്‍ ക്രൂരമായി നടപ്പിലാക്കുമ്പോള്‍ തന്നെ അവര്‍ അതിന് മറയായി മുന്നോട്ടുവെച്ച വ്യാജനന്മയുടെ ഇടമായിരുന്നു ആശ്രമം. പ്രണയം ആശ്രമവിരുദ്ധ വികാരമായിരിക്കുമ്പോഴും
അത് രാജാവിനോടാകുമ്പോള്‍ സ്വീകാര്യമാകുന്നത് അതുകൊണ്ടാണെന്ന് നിരീക്ഷിക്കുന്നു. കണ്വാശ്രമം പൗരോഹിത്യത്തിന്റെ അടയാളമാണെന്ന് കണ്ടെത്തുന്നു. രാജാവ് ഉപേക്ഷിച്ച പെണ്ണിനെ വാല്മീകിയുടെ ആശ്രമം സ്വീകരിക്കുമ്പോള്‍ കണ്വാശ്രമം സ്വീകരിക്കാതിരിക്കുന്നതിന് കാരണവും മറ്റൊന്നല്ല. രാജകീയമായ ഒരു ‘പാവപ്പെട്ട’ സ്ഥലമാണ് കണ്വാശ്രമമെന്നും സിനിമയിലും പുതിയകാല പുരോഗമന സാഹിത്യത്തിലുമുള്ള അധികാര പക്ഷമായ നന്മയാണ് മാനുകള്‍ മാത്രമുള്ള കാടെന്ന് സമര്‍ത്ഥിക്കാന്‍ ഒ.എന്‍.വിയുടെ സ്വയംവരം പോലുള്ള കവിതകളെയും മറ്റും ഉദാഹരിക്കുകയും ചെയ്യുന്നു. ക്രൂരന്മാരായ രാജാക്കന്മാര്‍ക്ക് ആയുധങ്ങള്‍ അഴിച്ചു വെച്ച് കയറാനുള്ള നന്മസ്ഥലമായി പ്രകൃതി മാറുന്നതിനെയാണ് വി. കെ. എന്‍ വിമര്‍ശിക്കുന്നതെന്ന് സമര്‍ത്ഥിക്കുന്നു. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുന്നതല്ല അതിനെ അതേപടി നിലനിര്‍ത്തുന്നതാണ് സന്നദ്ധസംഘപ്രവര്‍ത്തനമെന്ന് തെളിയിക്കുന്ന വി.കെ.എന്നിന്റെ ‘ചെറ്റപ്പുര’ എന്ന കഥയെ ഉദാഹരിച്ച് അത്തരത്തില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് മാധ്യമങ്ങളാണെന്ന വിമര്‍ശനവും ഡോ.ഷൂബ ഉന്നയിക്കുന്നുണ്ട്. പ്രളയ കാലത്ത് സ്വയം നഷ്ടപ്പെടുത്തി നടത്തിയ അതിജീവനങ്ങളെ രക്ഷാപ്രവര്‍ത്തനമാക്കി, പണക്കാര്‍ക്ക് അനുമോദിക്കാനുള്ള പരസ്യചിത്രമാക്കി മാറ്റുന്ന മാധ്യമ രീതിയെ ഉദാഹരണമായി
ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും ശേഖരിച്ചു വച്ചിരിക്കുന്ന വാക്കുകളെ ഉടച്ച് സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും പൊട്ടിക്കലും പുനര്‍നിര്‍മ്മാണവും നടത്തുന്ന വി കെ എന്‍ രീതി , ശരീരത്തിനേല്പിക്കുന്ന മുറിവുകള്‍ ചരിത്രത്തിനേറ്റ മുറിവുകളായി അവതരിപ്പിക്കുന്ന കിം കി ഡുക്ക് സിനിമക ളിലേതുപോലെയാണെന്ന് ചൂണ്ടിക്കാട്ടുന്നു. വാക്കുകളുടെ വികലന വിവര്‍ത്തന പ്രക്രിയയിലൂടെ, ശകുന്തളയുടെ കഥയാണ് പറയുന്നതെങ്കിലും അത് മറ്റൊരു പുതിയ ശാകുന്തളമായി മാറുന്നു. പ്രാചീനകാലം പടുത്തുയര്‍ത്തിയ എല്ലാ നിര്‍മ്മിതികളെയും അടിച്ചുടയ്ക്കാനാണ് മിത്തുകളുടെ ലൗകികവത്കരണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടുന്നു. വസ്ത്രാക്ഷേപത്തിലൂടെ
പാഞ്ചാലി അധിക്ഷേപിക്കപ്പെട്ടതിന് കാരണം, അന്നത്തെ ധാര്‍മ്മിക വ്യവസ്ഥയായിരുന്നു. ഇക്കാര്യം വി കെ എന്‍ അവതരിപ്പിക്കുന്നത് വ്യാവസായിക കാലത്തോട് അതിനെ ബന്ധിപ്പിച്ചാണ്. അന്നത്തെ അടിമ- ഉടമ വ്യവസ്ഥയെ മുതലാളിത്ത വ്യവസ്ഥയുമായി ബന്ധിപ്പിക്കുമ്പോള്‍, കൃഷ്ണന്‍ പാഞ്ചാലി ടെക്‌സ്‌റ്റൈല്‍സ് എന്ന ജൗളിക്കട നടത്തുന്ന മുതലാളിയാണ്. ടിയാന്‍ കുഴല്‍ വഴി വസ്ത്രങ്ങള്‍ അയച്ചുകൊടുത്ത് പാഞ്ചാലിയുടെ അഭിമാനം രക്ഷിക്കുന്നു. പഴയകാല രക്ഷാപ്രവര്‍ത്തനത്തേയും വ്യാവസായികകാല രക്ഷാപ്രവര്‍ത്തനത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചൂതാട്ടം എന്ന കഥയിലും സമാനമായ രീതി കാണാം. അതില്‍ വസ്ത്രാക്ഷേപ സമയത്ത് അധര്‍മ്മം കണ്ടിട്ടും എല്ലാവരും മിണ്ടാതിരിക്കുന്നതിന് കാരണമായി പറയുന്നത്, ശ്രീകൃഷ്ണന്‍ എല്ലാവര്‍ക്കും ഡ്രസ്സ് വാങ്ങിക്കൊടുത്തുവെന്നതാണ്. ഉപഭോഗസൗഭാഗ്യങ്ങള്‍ അനീതിക്കെതിരെ വായടക്കാനുള്ള കാരണമായി മാറുന്നു. ഇങ്ങനെ കാരുണ്യവും ധര്‍മ്മങ്ങളും മൂല്യങ്ങളും നന്മകളും മറിച്ചിട്ടുകൊണ്ടാണ് വി. കെ. എന്‍ ഹാസ്യം സൃഷ്ടിക്കുന്നതെന്ന് ഉദാഹരണസഹിതം നിരൂപകന്‍
സമര്‍ത്ഥിക്കുന്നു. ഒരേ സമയംപ്രാചീന മൂല്യങ്ങളുടെയും അവയുമായി ഒത്തുപോകുന്ന മുതലാളിത്തമൂല്യങ്ങളുടെയും വിമര്‍ശനം നിര്‍വഹിച്ചത് കൊണ്ടാണ് വി. കെ.എന്‍ ഏറ്റവും മികച്ച ആധുനിക എഴുത്തുകാരനായി മാറുന്നതെന്ന വായന വേറിട്ടതും അനന്യവുമാണ്.

വി കെ എന്നും മലയാളത്തിലെ ‘സാംസ്‌കാരിക വാഴത്തോപ്പും’

ജൂലി ഡി എം

അദ്ധ്യാപിക

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x