ജൂലി ഡി എം

Published: 10 september 2024 ആര്‍ട്ട് ഗാലറി/ട്രോള്‍

സൈബറിടത്തെ പെൺ കവിതകൾ

ജലത്തിന്റെ പോലൊരു സ്വഭാവം എഴുത്തിനുണ്ട്. അതിരിക്കുന്ന പ്രതലത്തിനനുസരിച്ചതിന്റെ രൂപഭാവങ്ങൾ മാറും.അച്ചടിയുടെ നിയതമായ പ്രതലത്തിൽ നിന്ന് സോഷ്യൽ മീഡിയയുടെ ഫ്ലക്സിബിൾ ആയ ഒരു പ്രതലത്തിലേക്ക് എത്തുമ്പോൾ എഴുത്തിന്റെ രൂപഭാവങ്ങൾ മാറിമാറിയുന്നതിന് പുതിയ ലോകം സാക്ഷ്യം വഹിക്കുകയാണല്ലോ.സാമ്പ്രദായിക എഴുത്തു രീതികളെ വലിച്ചെറിഞ്ഞ് എഴുത്ത് അതിൻറെ സ്വാതന്ത്ര്യത്തെ എല്ലാ അർത്ഥത്തിലും ആഘോഷമാക്കുന്ന ഇടമായി സോഷ്യൽ മീഡിയ മാറിയിട്ടുണ്ട്.അത്തരമൊരു പുതിയ എഴുത്തിടം രൂപപ്പെടുത്തിയ നവ കവികളിൽ എടുത്തു പറയാവുന്ന ഒരാൾ രേഷ്മ സി ആണ്.

കവിത ഭ്രാന്താവുകയും ആ ഭ്രാന്ത്‌  നിത്യ ജീവിത ദുരിതങ്ങൾക്കൊരു താൽക്കാലികാശ്വാസമാവുകയും ചെയ്യുന്നുണ്ട് രേഷ്മയുടെ കവിതകളിൽ. പെണ്ണുങ്ങളും പെണ്ണനുഭവങ്ങളും കവിതയൊന്നാകെ നിറഞ്ഞു നിൽക്കുമ്പോൾ” പെണ്ണുങ്ങളെ കുറിച്ച് പറയാനല്ലെങ്കിൽ എനിക്ക് എന്തിനാണ് ഭാഷ “എന്ന തിരിച്ചറിവുണ്ടാകുന്നു. ചുറ്റിനും നിറഞ്ഞുനിൽക്കുന്ന അധികാരത്തോടും അത്യാർത്തിയോടും എന്തിനെയും വിഴുങ്ങുന്ന ആത്മവിശ്വാസത്തോടും എതിരിട്ട് “അറപ്പിക്കുന്ന ഉറവകളുടെ ആകെത്തുകയാണ് മനുഷ്യൻ” എന്നാണയിട്ട് തന്റെ തന്നെ ഉടലിന് തീ കൊളുത്തി പ്രതിഷേധിക്കുന്ന ഒരു കവിയെ ആ കവിതകളിൽ കാണാം.

“ എൻറെ വീട്ടിൽ വന്ന്

എന്റെ കസേരയിലിരുന്ന്

എന്നോട് ഇറങ്ങിപ്പോവാൻ ആജ്ഞാപിക്കുന്ന

അധികാരമേ,

എന്റെ നെഞ്ചിൽ ചവിട്ടി

എന്റെ പ്ലാവിൽ തന്നെ കേറി

ഞാൻ പാകമാവാൻ വെച്ച

ചക്കയിട്ടു തിന്നുന്ന അത്യാർത്തിയേ,

എൻറെ കൂടെ കിടന്നിട്ട്

എന്റെ അനിയത്തിയെ

എന്നോട് തന്നെ

പെണ്ണ് ചോദിക്കുന്ന

ആത്മവിശ്വാസമേ ,

അറപ്പിക്കുന്ന ഉറവകളുടെ

ആകെത്തുകയാണ് മനുഷ്യൻ എന്നാണയിട്ട്

ഞാൻ എൻറെ ഉടലിന്

തീ കൊളുത്തുന്നു.

കൊതികൊണ്ട് കുത്തിയ കിണറിലെ വെള്ളം മതിയാവില്ല കെടുത്താൻ “

മണത്താൽ മണ്ണെണ്ണയാണ് എന്ന് ഏതാണ്ട് മനസ്സിലാവുന്ന പ്രായത്തിൽ റേഷൻ പീടികയിൽ നിന്ന് വാങ്ങിയ മണ്ണെണ്ണ തലവഴി കമഴ്ത്തി തീപ്പെട്ടിക്ക് തിരഞ്ഞ ഒരു പെൺകുട്ടിയെ ‘അങ്ങനെയിരിക്കെ’ എന്ന കവിതയിൽ കാണാം.ചാവാൻ പോവുകയാണ് എന്ന് അന്ന് അറിയുമായിരുന്നില്ല.വീടിനകത്ത് കരിഞ്ഞ മണം താല്പര്യമില്ലാത്ത മാംസഭോജിയായ ഒരു മനുഷ്യന്റെ വാശിയിൽ അന്ന് അവൾ മരിച്ചില്ല.

“പക്ഷേ ഉരയ്ക്കാതെ പോയ തീപ്പെട്ടിയിൽ നിന്നൊരു തീത്തരി

അകത്തെവിടെയോ കൊളുത്തിയിരുന്നു കാണണം

ഓരോ തവണ എണ്ണ പാർന്നപ്പോളും എന്‍റെ ജീവിതം കരിഞ്ഞു നാറി.

ആൾക്കൂട്ടത്തിൽ, അടുത്തിരിപ്പുകളിൽ എന്നെ വല്ലാതെ മണ്ണെണ്ണ മണത്തു. ജീവനിൽ ഇത്രമേൽ മരണം കൊണ്ട് നടക്കുകയാണല്ലോ

 എന്നോർത്ത് എനിക്ക് എന്നോട് പാവം തോന്നി.”

ജീവനിൽ, ആഴത്തിൽ മരണം

പേറിയ മനുഷ്യരെ കവിതയിൽ

മണക്കുന്നത് വായനക്കാർക്ക്

അനുഭവിച്ചറിയാം.

അനാഥത്വവും നിസ്സഹായതയും സ്വയം ഇല്ലാതാവാൻ പ്രേരിപ്പിക്കുമ്പോഴും കവിത അതിജീവനമാകുന്നത് ആത്മഹത്യ എന്ന കവിതയിൽ കാണാം. 

പട്ടിണിക്കിട്ട / കൊലചെയ്യപ്പെടുന്ന പ്രണയം !

പ്രണയത്തെ അനശ്വരവൽക്കരിക്കാനൊ അതിലെ തിന്മയെ ,ഹിംസയെ  ഒളിപ്പിച്ചു വയ്ക്കാനോ കവി ശ്രമിക്കുന്നില്ല. കാല്പനിക പ്രണയത്തിൻറെ പൊള്ളത്തരത്തെ മറ നീക്കി കാണിക്കുന്നുമുണ്ട് ആ കവിതകൾ.  അനശ്വരതയും നിഷ്കളങ്കതയും മഹത്വവും പൂവിടുന്ന കവിതാസ്ഥലികളിൽ നിന്ന് മലയാള കവിതയെ അത് മോചിപ്പിക്കുന്നു. തിരിച്ചു പോവാതിരിക്കാൻ താൻ വെടിഞ്ഞ നാടുകളിൽ വിനോദയാത്ര നടത്തുന്ന , കൂട്ടം തെറ്റിപ്പോകുന്ന, കവർച്ച ചെയ്യപ്പെടുന്ന നിരാലംബമായ സ്നേഹത്തെക്കുറിച്ച് ‘അനുരാഗിയുടെ ഡയറി’യിൽ കവി ഇങ്ങനെ പാടുന്നു.

“വേദനയുടെ പരിപാലനം മാത്രമാണ് സ്നേഹത്തിൽ

 നമ്മൾ ചെയ്തിരുന്നത്

അതിനാൽ നമ്മുടെ സ്നേഹം

 അന്നം കിട്ടാതെ മരിക്കും.”

ജീവിതവും സ്നേഹവും  അത്രമേൽ നിസ്സഹായമാവുകയാൽ

“ഒറ്റയ്ക്ക് ഒരു ഭാഷ സംസാരിച്ച്

 മടുത്ത ഒരാൾ

തന്റെ ദേശത്തെ തന്നെ

ചുട്ടെരിക്കുന്നതു പോലെ താനീ  ലോകം

വിടുന്നു” എന്നും കവി കുറിക്കുന്നു.

“കണ്ട കണ്ട കാടുകളിലേക്ക് കൈപിടിച്ചു കൊണ്ടുപോയി കണ്ണടച്ചു തുറക്കും മുൻപ് കാണാതാവുന്നതുപോലെ കൈവിട്ടുപോയ പ്രേമമേ!” എന്ന് ‘അസംതൃപ്തി അസംതൃപ്തി’ എന്ന കവിതയിൽ അനാഥമായ പ്രണയം കടന്നു വരുന്നു.

“ദുർബലമായ ഒരു ആലിംഗനത്തിനിടയിലാണ്

ആകസ്മികമായി

നമ്മൾ മരിച്ചു പോവുകയെന്ന്

പറഞ്ഞു പോയതുകൊണ്ടാവാം

നമ്മുടെ കൂടിക്കാഴ്ചകൾ തമ്മിൽ

കൈക്കൊടുത്തു മാത്രം പിരിഞ്ഞത് “

“ ആരെങ്കിലുമൊക്കെ

എല്ലാ മുറിവുകളോടും പൊള്ളൽപ്പാടുകളോടും കൂടി

തന്നെ കണ്ടെത്തുമെന്നും

ക്ഷീണിപ്പിക്കുന്ന തരം സ്നേഹത്താൽ സ്നാനപ്പെടുത്തുമെന്നും

വിശ്വസിച്ചിരുന്ന ഒരാൾ

കഴിഞ്ഞ രാത്രി

വീടിറങ്ങിപ്പോയി “

എന്ന ഓർമ്മ‘ശവജീവിത’ത്തിൽ

കടന്നു വരുന്നു.

“എനിക്ക് നിന്നെ കൊലപ്പെടുത്തണമെന്ന് തോന്നി.

 മനുഷ്യർ ഒച്ചവച്ചലറുന്ന ഒരിടത്ത് വെച്ച് നമ്മൾ ആദ്യമായി കണ്ടുമുട്ടി

അത്രയും ആൾ തിരക്കുള്ള ഒരിടത്ത് നീ മരിച്ചു കിടക്കുന്നത്

സങ്കൽപ്പിക്കാൻ വയ്യാതെ ഞാൻ തിരിച്ചു പോയി.”

……….………………….

“ വീട്ടിൽ വരുമ്പോൾ നിനക്ക് കാണാൻ വേണ്ടി എന്റെ

കിടപ്പുമുറിയിൽ ഞാൻ അത് കരുതിവച്ചു.

 എനിക്കറിയാവുന്നതിൽ ഏറ്റവും ആൾത്തിരക്ക്

കുറഞ്ഞ ഇടമാണ് എൻറെ മുറി

നിനക്ക് വേണ്ടി ഞാൻ വില

കുറഞ്ഞ പെയിൻറിംഗുകൾ

വാങ്ങി അയച്ചത് നീ അറിഞ്ഞിട്ടേയില്ല. ഏത് നഗരത്തിലാണ് നീയിപ്പോൾ താമസിക്കുന്നത്?

 എപ്പോഴാണ് നീ വീട്ടിലേക്ക് വരുന്നത്? എനിക്ക് നിന്നെ കൊലപ്പെടുത്താൻ തിടുക്കമാവുന്നു….” എന്നിങ്ങനെ

’ ദ സിക്ക് ചൈൽഡ് ‘ എന്ന കവിതയിൽ ഹിംസാത്മകമായ പ്രണയം കടന്നു വരുന്നു

ജീവിതത്തിലെ ചില അസംബന്ധ കാഴ്ചകൾ

 പല വിളിക്ക് ചെവി കൊടുക്കേണ്ട ഒരുവൾ   ഒരു നിലവിളിയായി മാറുന്നതും അതുതന്നെ അവളുടെ പേരാവുന്നതും ‘നിലയില്ലാത്ത വിളികൾ’ എന്ന കവിതയിൽ കാണാം. അരക്ഷിതവും തിരസ്കൃതവും നിസ്സഹായവുമായ ജീവിതം നയിച്ചവർ പോലും അടുത്ത തലമുറയ്ക്ക് അവയെല്ലാം പകർന്നു കൊടുക്കുകയും ഒടുവിൽ അവരെ തലയ്ക്കടിച്ചു കൊന്നശേഷം നിലവിളിക്കുന്നതുമായ അസംബന്ധ കാഴ്ച കവിത അവതരിപ്പിക്കുന്നു.

“ഞാനെൻറെ കുട്ടിക്ക്

നിലവിളിയെന്ന് പേരിടും. ഇടയ്ക്കിടയതിനെ നീട്ടി വിളിക്കും.

നിലവിളീ ,

അടുപ്പിൽ തീയുണ്ടോയെന്ന് നോക്കൂ,

നിലവിളീ ,

ഉണങ്ങിയ തുണിയെടുത്തുവെക്കൂ ,

………………….

നിലവിളീ,

ഇവിടെ വരൂ,

അവിടെ പോവൂ

അടങ്ങിയിരിക്കൂ,

നിലവിളീ ,

പെൺകുട്ടികൾ

പൂവുകളെ പോലെ

പുന്നാരിക്കപ്പെടേണ്ടതാണെന്ന പറച്ചിലിൽ

നിന്റെ അഭിപ്രായമെന്താണ്?

…………………..

നിലവിളീ ,

നീ അസ്വസ്ഥയാണോ ?

ഈ വ്യവസ്ഥിതിയിൽ

നിനക്ക്  വിശ്വാസമുണ്ടോ ?

നിരന്തരം വിളിച്ച് വിളിച്ച്

മടുക്കുന്ന ഒരു ദിവസം ‘ നിലവിളി’യെ

തലക്കടിച്ച് കൊന്നിട്ട് കവി ഇങ്ങനെ  നിലവിളിക്കുന്നു.

“നിലവിളീ ,

എന്നെയിങ്ങനെ നിലവിളിക്കാൻ വിട്ട്

നീയിങ്ങനെ

മരിക്കാൻ പാടുണ്ടായിരുന്നോ ?”

ഈ ചോദ്യം മറ്റുള്ളവരാൽ നിർണയിക്കപ്പെടുന്ന സ്ത്രീ ജീവിതത്തിന്റെ അസംബന്ധ  കാഴ്ചയെ

വെളിപ്പെടുത്തുന്നു. ജീവിതത്തിൻറെ മറ്റൊരു അസംബന്ധക്കാഴ്ച ‘കോഴി’ എന്ന കവിതയിൽ കാണാം.ഒടുക്കത്തിനും വളരെ മുൻപത്തെ ഒരു ദിവസം പെൺകുട്ടിക്ക് മുന്നിൽ ദൈവം രണ്ട് സാധ്യതകൾ വെക്കുന്നു. അവൾ അതിൽ നിന്ന് കോഴി വളർത്തലും തത്വം പറച്ചിലും തെരഞ്ഞെടുത്തു. ജീവിതം നമ്മുടെ വീട്ടുമുറ്റത്ത് കൊത്തിപ്പെറുക്കുന്ന ഒരു കോഴിയാണെന്ന് പെൺകുട്ടി വിചാരിച്ചു. ഇടയ്ക്കിടെ അതിനെ കാണാതായേക്കാം. അയൽവക്കങ്ങളിൽ വലിഞ്ഞു കയറിച്ചെന്ന വകയിൽ അതിൻറെ കാലൊടിഞ്ഞേക്കാം. പലപ്പോഴും കിണറ്റിൽ വീണേക്കാം.

കൂട്ടിൽ കയറാതെ നടന്ന ഒരു രാത്രിയിൽ അതിനെ കുറുക്കൻ കൊണ്ടുപോയേക്കാം.  എന്നാലും അടുത്ത ദിവസം അതിൻറെ പേരെഴുതി വെച്ച ഗോതമ്പ് മണികൾക്കായി അത് മുറ്റത്ത് പ്രത്യക്ഷപ്പെടുമെന്ന് നമ്മൾ വിചാരിക്കും. ഇത്രയും പറഞ്ഞശേഷം ഏതാണ്ട് തൃപ്തയായ പെൺകുട്ടി കോഴിയെ കൊല്ലുന്നതിനു വേണ്ടി

കത്തി എടുക്കുന്ന കാഴ്ചയിലാണ് കവിത അവസാനിക്കുന്നത്. തത്വചിന്തകൾക്കും നിത്യജീവിത പ്രാരാബ്ധങ്ങൾക്കുമിടയിൽ സ്വയം കത്തിക്കിരയാവുന്ന ജീവിതത്തെയാണ് കവി ഇവിടെ കാഴ്ചയാക്കുന്നത്.ആരുടെയൊക്കെയോ ജീവിത സാധ്യതകളായി ഒടുങ്ങുന്ന തുച്ഛ ജീവിതത്തിൻറെ ആവിഷ്കാരമായും ഈ കവിതയെ വായിക്കാവുന്നതാണ്.

എല്ലാവരെയും ഭയന്നും സ്നേഹിച്ചും സേവിച്ചും മുറുക്കുള്ളിലായി പോകുന്ന ആകാശം നഷ്ടമായ ഒരുവളെ ‘പെൺപൂച്ചകളുടെ ലോകം’ എന്ന കവിതയിൽ കാണാം. മറ്റുള്ളവരുടെ ആകാശങ്ങളെക്കൂടി വിലകുറഞ്ഞ അലക്ക് സോപ്പിൽ അടിച്ച് തിരുമ്പി മുറിയിൽ ഉണങ്ങാനിട്ടിരുന്ന ഒരുവളുടെ കുമ്പസാരമാണ് ആ കവിത!

ഉടലാവിഷ്ക്കാരങ്ങൾ

അനാഥവും അരക്ഷിതവുമായ ജീവിതത്തിന്റെ പര്യായമായി ഉടൽ മാറുന്നതും അതുകൊണ്ടുതന്നെ അത് ഒരു ഭാരമാകുന്നതും ആ ഭാരമൊഴിക്കാനുള്ള ശ്രമങ്ങൾ ജീവിതമാകുന്നതും അത് പിന്നെ കവിതയാകുന്നതുമായ കാഴ്ച ‘ബോർഡർ ലൈനി’ലെ പല കവിതകളിൽ കാണാം.ഉടലിനെ ആഘോഷമാക്കാൻ കഴിയാതെ ഉൾവലിഞ്ഞുള്ള ആമ ജീവിതത്തെ ‘ശീലം’ എന്ന കവിതയിൽ  കവി ഇങ്ങനെ വരച്ചുവെക്കുന്നു.

“പലവിധത്തിൽ

 ജീവിച്ചു നോക്കി

നേരത്തെയുണർന്ന്,

വൈകിയുറങ്ങി,

അതിശയത്തിന്റെ

ചതുപ്പുകളിൽ

നൂണിറങ്ങി,

അലസതയുടെ

കുന്നുകളിൽ

നടപ്പ് നിർത്തി,

………………….

എന്നിട്ടൊന്നും മാറിയില്ല

ഉടൽഭാരത്തിലേക്ക്

തല വലിക്കുന്ന

പതിവ്.

ബോർഡർലൈൻ എന്ന കവിതയിൽ സ്വയം പീഡനം ഏൽക്കുന്ന ഉടലിനെ കവി ഇങ്ങനെ ആവിഷ്കരിക്കുന്നു.

“സ്നേഹിക്കുന്ന ഒരു ഉടലിനോട് ചെയ്യരുതാത്ത പലതും

 ഞാൻ എന്നോട് ചെയ്തിട്ടുണ്ട്. കുട്ടികൾക്കാദ്യമായി കളർ പെൻസിൽ കിട്ടുമ്പോൾ ചെയ്യു

ന്നതുപോലെ കത്തികൾ കൊണ്ട് കുത്തി വരഞ്ഞിട്ടുണ്ട് .

ഭിത്തിയിൽ രക്തം കാണും വരെ

തല പിന്നോട്ട് ആഞ്ഞിടി

ച്ചിട്ടുണ്ട് .

കണക്കിൽ കൂടുതൽ കഴിക്കരുതാത്ത ഗുളികകൾ കൊടുത്തുറക്കിയിട്ടുണ്ട്.

………………………………………

ഞാനെന്നെ സ്നേഹിച്ചിട്ടേയില്ല.

കണ്ടെത്തിക്കഴിയുമ്പോൾ നീയെന്നെ സ്നേഹിച്ചേക്കുമല്ലോ

എന്ന പ്രത്യാശയിൽ, വ്യഗ്രതയിൽ ഞാൻ എന്തെല്ലാമോ ചെയ്തു.

കണ്ടു കഴിഞ്ഞപ്പോൾ ഭൗതികമായതൊന്നും ബാക്കിയില്ലെന്ന് പറഞ്ഞ് നീ എന്നെ തിരസ്കരിച്ചു.”

‘എന്റെയല്ലാത്ത’ എന്ന കവിതയിൽ

“എന്റെയല്ലാത്ത നഗരമേ,

ഉടൽ വെച്ചൊഴിയുന്നതിനു മുൻപ്

എന്റെ ചോര

നിന്റെ ചെവിയിലിറ്റിക്കുന്നു.”

എന്നെഴുതുന്നു.

സ്വയം തിരസ്കൃതമായ പീഡനമേൽക്കുന്ന പെണ്ണുടൽ കവിതയാകുന്നു എന്നതാണ് ഈ കവിതകളുടെ സൃഷ്ടിമൂല്യം.

സൈബറിടത്ത്  തന്റേതായ  ഇടം അടയാളപ്പെടുത്തിയ ഈ കവി മലയാള കവിതയുടെ ഉമ്മറത്ത് കസേര വലിച്ചിട്ടിരിക്കാൻ കെൽപ്പുള്ള കവി കൂടിയാണെന്ന് ബോർഡർ ലൈൻ എന്ന സമഹാരത്തിലെ കവിതകൾ തെളിയിക്കുന്നുണ്ട്.സൈബർ കവികളെ നോക്കി മലയാള കവിതാവായനക്കാരേക്കാൾ മലയാള കവികളുടെ എണ്ണം കൂടിപ്പോയെന്ന് വിലപിക്കുന്നവർക്ക് കാമ്പുള്ള ഈ കവിതകൾ വായിക്കാവുന്നതാണ്.

ജൂലി ഡി എം

അദ്ധ്യാപിക

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
×