ദിവ്യ പി.എസ്.

Published: 10 August 2025 മാധ്യമപഠനം

വാർത്താത്തലക്കെട്ടുകളുടെ പ്രത്യയശാസ്ത്രം

ശബരിമല സുപ്രീംകോടതി വിധിയെ മുന്‍നിര്‍ത്തിയുള്ള മലയാള മനോരമ, മാതൃഭൂമി പത്രങ്ങളുടെ വാർത്താത്തലക്കെട്ടുകൾ വിമര്‍ശനാത്മകവ്യവഹാരാപഗ്രഥനപദ്ധതിയുടെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുന്നു

താക്കോൽ വാക്കുകൾ : സമത്വം, പാഠം, അധികാരം, പ്രത്യയശാസ്ത്രം, വിമർശനാത്മകം

ആമുഖം
ജാതി, മതം, വംശം, ലിംഗം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ല എന്നത് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വചിന്തയുടെ അതിപ്രധാന ഘടകമാണ്.ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ഭരണഘടനാപരവും നിയമപരവുമായ അടിസ്ഥാനങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. 1991 ൽ നടപ്പിലായ സ്ത്രീ പ്രവേശന വിലക്ക് ഭരണഘടനയുടെ അനുച്ഛേദം 14( സമത്വത്തിനുള്ള അവകാശം ), അനുച്ഛേദം 15 (വിവേചനം പാടില്ല ), അനുച്ഛേദം 25 (വിശ്വാസ സ്വാതന്ത്ര്യം ) എന്നിവയ്ക്ക് എതിരായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 12 വര്‍ഷത്തെ വ്യവഹാരത്തിനു ശേഷമാണ് 2018 സെപ്റ്റംബര്‍ 28 ന് പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് വിധി ഉണ്ടാകുന്നത്. ഈ വിധിയെ മുന്‍നിര്‍ത്തിയുള്ള മലയാള മനോരമ, മാതൃഭൂമി പത്രങ്ങളുടെ വാർത്താത്തലക്കെട്ടുകളെ വിമര്‍ശനാത്മകവ്യവഹാരാപഗ്രഥനപദ്ധതിയുടെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുന്നു. സാമൂഹ്യഘടനയെ നിർണ്ണയിക്കാനും അധികാര ആധിപത്യ പ്രത്യയശാസ്ത്രത്തിന്‍റെ സ്വാധീനം വേർതിരിച്ചറിയാനും ഈ പഠനം കൊണ്ട് സാധിക്കുന്നു.

വിമർശനാത്മക വ്യവഹാരാപഗ്രഥനം

മനുഷ്യന്‍റെ സ്വത്വപ്രകാശന മാധ്യമമായ ഭാഷയെ ജാതി- മത -രാഷ്ട്രീയ -സാമ്പത്തിക ശ്രേണീബദ്ധമായ സാമൂഹികഘടനയ്ക്കകത്ത് നിലനിൽ
ക്കുന്ന അധികാരഘടന എങ്ങനെയൊക്കെ നിർണയിക്കുന്നതെന്നു ശാസ്ത്രീയമായും അന്വേഷണാത്മകമായും വിശകലനം ചെയ്യുന്ന ഭാഷാശാസ്ത്രപഠനമാണ് വിമർശനാത്മക വ്യവഹാരാപഗ്രഥനം
.കാൾ മാർക്സ്, അൽത്തൂസർ, ഫൂക്കോ, ഗ്രാംഷി, ഹെബർ മാസ്, സൊസൂർ എന്നിവരുടെ സിദ്ധാന്തങ്ങൾ ഈ പഠന രീതി പ്രയോജനപ്പെടുത്തുന്നുണ്ട്.
ബഹുസ്വരമായ ഗവേഷണ പദ്ധതിയാണ് വിമർശനാത്മക അപഗ്ര ഥനം. വിവിധ വിജ്ഞാന മേഖലകളുമായി ബന്ധപ്പെട്ടു കഴിയുന്ന ഈ പഠനമേഖല നവീനമായ രീതിശാസ്ത്രമാണ് മുന്നോട്ടു വെയ്ക്കുന്നത്. ഭാഷാശാസ്ത്രം, ചിഹ്നശാസ്ത്രം, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം, തത്വചിന്ത , ചരിത്രം, സാഹിത്യം തുടങ്ങിയവയുമായി പരസ്‌പര ബന്ധത്തിൽ അധിഷ്‌ഠിതമായ വിമർശനാത്മക വ്യവഹാരാപഗ്രഥന രീതി വിവിധ തരത്തിലുള്ള സാമൂഹ്യവ്യവഹാരങ്ങളെ അപഗ്രഥന വിധേയമാക്കി അവയിൽ നിലനിൽക്കുന്ന അധികാരത്തെയും അസമത്വത്തെയും ആധിപത്യത്തെയും ചൂഷണത്തെയും പുറത്തുകൊണ്ടു വന്ന് സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നു.

സാമൂഹ്യ ഭാഷാശാസ്ത്രജ്ഞനായ നോർമാൻ ഫെയർ ക്ലൊ ആണ് സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങൾ വിശദീകരിക്കാൻ പര്യാപ്തമായ
ഭാഷാശാസ്ത്ര രീതിയായി വിമർശനാത്മക വ്യവഹാരപഗ്രഥനത്തെ വികസിപ്പിച്ചത്. നോർമാൻ ഫെയർക്ലോ ആവിഷ്കരിച്ച ത്രിമാനരൂപരേഖാ പദ്ധതിയിൽ (1) വ്യവഹാരം പാഠമാണ്
(2) വ്യവഹാരം ഒരു പ്രയോഗമാണ് (3) വ്യവഹാരം ഒരു സാമൂഹിക പ്രയോഗമാണ് എന്ന് വിശദീകരിക്കുന്നുണ്ട്. ഇവിടെ പാഠം എന്ന ആശയം മുന്നോട്ടു വെക്കുന്നത് എഴുത്ത്, ഭാഷണ, ചിഹ്നവ്യവഹാരങ്ങളെയാണ്. ചിഹ്നങ്ങളിലൂടെ അർത്ഥരൂപീകരണം സാധ്യമാകുമ്പോൾ അത് മുന്നോട്ടു വെയ്ക്കുന്ന ആശയ, പ്രത്യയശാസ്ത്രങ്ങളെ സാമൂഹിക സന്ദർഭത്തിന്റെ അടിസ്ഥാനത്തിൽ അപഗ്രഥിക്കാൻ സാധിക്കും.ഭാഷാപഗ്രഥനത്തിലൂടെ വ്യവഹാരങ്ങളിലൂടെ നിർമ്മിച്ചെടുക്കുന്ന മേൽ-കീഴ് വൈവിധ്യങ്ങളെ തിരിച്ചറിയാനും വ്യവഹാരത്തിലെ അധികാരം, ആധിപത്യം, പാരമ്പര്യ വിശ്വാസങ്ങൾ, ജ്ഞാനം എന്നിവയുടെ സ്വഭാവം മനസ്സിലാക്കാനും സാധിക്കുന്നു. സാമൂഹികസന്ദർഭത്തിന്റെ അടിസ്ഥാനത്തിൽ ഭാഷയെ അപഗ്രഥിക്കുന്നതിലൂടെ സാമൂഹികഘടനയിൽ ഉൾച്ചേർന്നിരിക്കുന്ന അധികാര ബന്ധങ്ങളെയും, പ്രത്യയശാസ്ത്രങ്ങളെയും വെളിച്ചത്തുകൊണ്ടുവരാനും അതുവഴി ഗൗരവപരമായ ചർച്ചകളിലൂടെ വിപുലമായ സാമൂഹിക രൂപീകരണത്തിനു വഴിതുറക്കാനും സാധിക്കുന്നു.

വാർത്താ തലക്കെട്ടുകളുടെ പ്രത്യയശാസ്ത്രം

2018ലെ ശബരിമല സ്ത്രീപ്രവേശന വിധിയെ ആസ്പദമാക്കി മനോരമ മാതൃഭൂമി പത്രങ്ങളുടെ വാർത്ത തലക്കെട്ടുകളെ പ്രത്യശാസ്ത്ര പഠനവിധേയമാക്കുന്നു.
തലക്കെട്ടുകളിലാണ് വാർത്തയുടെ ഉള്ളടക്കം അടങ്ങിയിരിക്കുന്നത്. വായനയ്ക്ക് തുടർച്ച ഉണ്ടാക്കുന്നതും ഓർമ്മയിൽ സൂക്ഷിക്കുന്നതും തലക്കെട്ടുകൾ മുഖേനയാണ്. തലക്കെട്ടിലെ അക്ഷരങ്ങളുടെ വലിപ്പം നിറം വാർത്തയ്‌ക്കൊപ്പം കൊടുക്കുന്ന ചിഹ്നങ്ങളും ചിത്രങ്ങളും പ്രത്യയശാസ്ത്ര പഠനത്തിന്റെ ഭാഗമാണ്.

വാർത്താ തലക്കെട്ടുകളുടെ പ്രത്യയശാസ്ത്രം

ശബരിമല സുപ്രീംകോടതി വിധി വന്നതിന് ശേഷമുള്ള മനോരമ മാതൃഭൂമി പത്രങ്ങൾ നൽകിയ പ്രധാന തലക്കെട്ടുകൾ താഴെ കൊടുക്കുന്നു.

ശബരിമല പ്രവേശം എല്ലാ സ്ത്രീകൾക്കും ( മനോരമ)
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം പ്രായഭേദമില്ലാതെ (മാതൃഭൂമി)

ഈ തലക്കെട്ടുകളിലൂടെ സുപ്രീംകോടതി വിധി എന്താണെന്ന് പറഞ്ഞുവെക്കുന്നു. ‘സ്ത്രീകൾക്കും”പ്രവേശിക്കാം’ എന്ന വാക്കുകളിലെ ‘ഉം’, ‘ആം ‘എന്നത് ഭാവി പ്രത്യയങ്ങളാണ്. സംഭാവനായാർത്ഥമാണ് ആം എന്നതിലൂടെ ലഭിക്കുന്നത്. സുപ്രീംകോടതി വിധിക്ക് വേണ്ട പ്രാധാന്യം നൽകാത്ത വിധത്തിലുള്ള തലക്കെട്ടുകളാണ് ഇവ. ഈ രണ്ടു പത്രങ്ങളിലും പ്രധാന തലക്കെട്ടിന് താഴെയായി സബ്ഹെഡിങും ഹൈലൈറ്റുമായിട്ട് കൊടുത്തി രിക്കുന്നത് ഇന്ദുമൽഹോത്രയുടെ വിയോജന വിധിയാണ്. വിധിയെ മുൻനിർത്തിയുള്ള സമ്മിശ്ര പ്രതികരണങ്ങൾ ബോക്സിലായിട്ടും കൊടുത്തിട്ടുണ്ട്.
പതിനെട്ടാം പടിയിലും വനിതാ പോലീസ് വരും (മാതൃഭൂമി)
മാതൃഭൂമിയുടെ ഈ വാർത്ത തലക്കെട്ടിൽ വനിതാ പോലീസും വരും എന്നത് ചുവപ്പു നിറത്തിലാണ് കൊടുത്തിരിക്കുന്നത്. വനിതയ്ക്ക് പ്രവേശനം ഇല്ലാത്ത ഒരിടത്ത് അതും പവിത്രം എന്ന് കരുതുന്ന പതിനെട്ടാം പടിയിൽ വനിതാ പോലീസിനെ നിയോഗിക്കുന്നു എന്നത് പ്രസ്തുത വിധിയെ നിഷേധിക്കുന്നതും ശബരിമല വിധിയെ തുടർന്നുണ്ടായ അക്രമങ്ങളെ ആളിക്കത്തിക്കാൻ ഉതകുന്നതാണ്.
പ്രതിഷേധം കനപ്പിച്ച് ഹൈന്ദവ സംഘടനകൾ
ശബരിമല സ്ത്രീ പ്രവേശനം പുനപരിശോധന ഹർജി നൽകില്ലെന്നു സർക്കാരും
മാതൃഭൂമിയുടെ ആദ്യ പേജിലെ പ്രധാന തലക്കെട്ടാണിത്. പ്രതിഷേധം കനപ്പിച്ച് ഹൈന്ദവ സംഘടനകൾ ഈ വാക്യം വലുതാക്കി ചുവന്ന നിറത്തിലും. സർക്കാർ തീരുമാനം ചെറുതാക്കി സബ് ടൈറ്റിലായി കൊടുത്തിരിക്കുന്നു. ശബരിമല വിഷയത്തിൽ മാതൃഭൂമി എന്ന മാധ്യമത്തിന്റെ നിലപാട് വ്യക്തമാക്കുന്ന തലക്കെട്ടാണിത്. സർക്കാരും എന്നതിൽ ‘ഉം’ എന്ന ഭാവി പ്രത്യയം ഉപയോഗിച്ച് നിസ്സാരവൽക്കരിക്കുന്നു. അർത്ഥപരമായും പ്രധാന തലക്കെട്ടായി ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ സൂചിപ്പിക്കുമ്പോൾ മാതൃഭൂമി ആരുടെ പക്ഷം ചേരുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും.
5. സമവായം പാളി
ശബരിമല വിധിയുമായി സർക്കാർ മുന്നോട്ട്
ചർച്ചയ്ക്ക് ഇല്ലെന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും

ചർച്ചയ്ക്ക് വന്നാൽ അപ്പോൾ നോക്കാം എന്ന് മുഖ്യമന്ത്രി.
വനിത പോലീസ്കാരുടെ പട്ടിക തയ്യാറാക്കുന്നു. തുലാമാസ പൂജയ്ക്ക് വനിതാ പോലീസ് പമ്പ വരെ മാത്രം. (മാതൃഭൂമി)

സമവായം ചുവന്ന നിറത്തിൽ പ്രധാന തലക്കെട്ടായി കൊടുത്തതുകൊണ്ട് തന്നെ സ്ത്രീ പ്രവേശന വിധിയിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും സുപ്രീം കോടതി വിധിയെ അംഗീകരിക്കേണ്ടതില്ലെന്നുമുള്ള നിലപാടാണ് മാതൃഭൂമിയുടെതെന്ന് മനസ്സിലാക്കാം.
സബ് ടൈറ്റിലായി കൊടുത്തിരിക്കുന്ന വാചകം ശബരിമല വിധിയുമായി സർക്കാർ മുന്നോട്ട് എന്നാണ്. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ഏത് സർക്കാരും ബാധ്യസ്ഥരാണ് എന്നത് നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങൾക്ക് കൃത്യമായി ബോധ്യമുള്ളതുമാണ്. വിധിയുമായി മുന്നോട്ട് എന്ന് സൂചിപ്പിക്കുന്നതും അതിനുശേഷം വരുന്ന വാചകങ്ങളും നിലവിലുള്ള സംഘർഷഭരിതമായ അവസ്ഥയ്ക്ക് ആക്കം കൂട്ടുന്ന വിധത്തിലാണ്. യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ മാതൃഭൂമിയുടെ വാർത്ത തലക്കെട്ടുകൾക്കാവുന്നുണ്ട്.
6. വിശ്വാസിസംഗമമായി ശബരിമല സംരക്ഷണ യാത്ര

മാതൃഭൂമി പത്രത്തിന്റെ ആദ്യപേജിലെ തലക്കെട്ട് . തലക്കെട്ടിന് താഴെ ഹൈലൈറ്റായി കൊടുത്തിരിക്കുന്നത്. ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം എന്നാണ്. NDA നടത്തുന്ന പ്രക്ഷോഭമാണ് സന്ദർഭം. വിശ്വാസികളെല്ലാവരും ശബരിമലയെയും ദൈവത്തെയും രക്ഷിക്കാൻ ബാധ്യസ്ഥരാണ് അതുകൊണ്ട് പ്രക്ഷോഭത്തിന് അണിനിരക്കണം എന്ന് ആഹ്വാനം ചെയ്യുന്ന വിധത്തിലാണ് ഒരു മാധ്യമ സ്ഥാപനം ഈ വാർത്ത അവതരിപ്പിച്ചിരിക്കുന്നത്. മനോരമയുടെ ‘ശരണനാമം സമരസാഗരം ‘ എന്ന ഭക്തിനിർഭരമായ തലക്കെട്ടും ഇതിന്‍റെ കൂടെ ചേർത്തു വായിക്കേണ്ടതാണ്. ശബരിമലയെ മുൻനിർത്തിയുള്ള പ്രക്ഷോഭത്തെ ഭക്തിയുടെ നൂലിൽ കെട്ടി അതിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങൾക്ക് നേരെ കണ്ണടച്ച് യഥാർത്ഥ വസ്തുത മറച്ചു വെക്കുന്ന വിധത്തിലാണ് ഈ രണ്ടു മാധ്യമങ്ങളുടെയും ഇടപെടൽ.
7. പഴുതടക്കാൻ പ്രതിരോധം
വഴികൾ നിറച്ച് പ്രതിഷേധം.
ശബരിമല യുവതി പ്രവേശനത്തിനെതിരെ നെടുമങ്ങാട്, കാട്ടാക്കട എൻഎസ്എസ് താലൂക്ക് യൂണിയനുകളുടെ നാമജപ യാത്ര.
സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ആചാരങ്ങൾ ലംഘിക്കപ്പെടാൻ കൂടെയുള്ളതാണ് : പിണറായി
വിശ്വാസം മുറുകെപ്പിടിച്ച് എൻ എസ് എസ് നാമജപ യാത്ര.

ഈ തലക്കെട്ടിൽ ‘ലംഘിക്കപ്പെടാൻ’ എന്നതും :മുറുകെപ്പിടിച്ച്’ എന്ന വാക്കും ചുവന്ന നിറത്തിലാണ് കൊടുത്തിരിക്കുന്നത്. സർക്കാർ വിശ്വാസങ്ങൾക്ക് എതിരെയാണെന്നും അതിനു വിപരീതമായ പ്രതിപ്രവർത്തനമാണ് നാമജപയാത്രയെന്നും സൂചിപ്പിക്കുന്നു. പഴുതടയ്ക്കാൻ പ്രതിരോധം വഴികൾ നിറച്ച് പ്രതിഷേധം എന്ന പ്രധാന വാർത്ത തലക്കെട്ടിൽ എല്ലാം മാർഗവും തടസ്സം സൃഷ്ടിക്കാനുള്ള പ്രതിരോധശ്രമമാണ് സർക്കാർ നേതൃത്വത്തിൽ നടക്കുന്നതെന്നും വഴികൾ നിറച്ചും ആൾബലത്തോട് കൂടിയ ദൈവീകമായ പ്രതിഷേധമാണ് മറുഭാഗത്തിൽ നിന്നുണ്ടാകുന്നതെന്ന് സൂചിപ്പിക്കുന്നു. പത്ര പേജിന്റെ ഇരുവശത്തായി ഒന്നിന്‍റെ വിപരീതമാണ് മറ്റൊന്ന് എന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് വാർത്തയും ചിത്രങ്ങളും നൽകിയിരിക്കുന്നത്. ഇതിൽ രണ്ടിനും സബ്ടൈറ്റിൽ കൊടുത്തിരിക്കുന്നതിൽ ആദ്യം എൻഎസ്എസിന്റെ നാമജപ യാത്രയെ കുറിച്ചും രണ്ടാമത് സർക്കാരിന്റെ നിലപാടും എഴുതിയിരിക്കുന്നു. മലയാള മനോരമ എന്ന മാധ്യമ സ്ഥാപനത്തിന്‍റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇതിൽനിന്ന് വ്യക്തമാണ്.

നവോത്ഥാനത്തെ മുൻനിർത്തിയുള്ള ചർച്ചകൾ തിരസ്കരിക്കുകയും ശബരിമല സംരക്ഷണ യാത്രയ്ക്ക് നൽകുന്ന പ്രാധാന്യം ഇരു പത്രങ്ങളിലും കാണാവുന്നതാണ്.
13. സംഘർഷം ലാത്തി ചാർജ്
നിലക്കലിൽ സമരക്കാരും പോലീസും തമ്മിൽ കല്ലേറ്. ബസ്സുകൾക്കും ചാനൽ വാഹനങ്ങൾക്കും നേരെ ആക്രമണം.
മലയാള മനോരമയുടെ പ്രധാന തലക്കെട്ടാണത്. സംഘർഷം ലാത്തിചാർജ് എന്നതിന് മുകളിലായി പോലീസ് ലാത്തി വീശുന്ന കല്ലേറ് തടയുന്ന രണ്ടു ചിത്രങ്ങൾ കൊടുത്തിരിക്കുന്നു. താഴെ സബ്ടൈറ്റിലായി കൊടുത്തിരി ക്കുന്നത് സമരക്കാരും പോലീസും തമ്മിൽ കല്ലേറ് ബസ്സുകൾക്കും ചാനൽ വാഹനങ്ങൾക്കും നേരെ ആക്രമണം എന്നതാണ്. ഇത് വായിക്കുന്ന വ്യക്തിക്ക് സമരക്കാരും പോലീസും പരസ്പരം കല്ലേറ് നടത്തി എന്നാണ് വായിച്ചെടുക്കാൻ സാധിക്കുക.
ശബരിമല വിധിയെ തുടർന്നുണ്ടായ ഏറ്റവും വലിയ സംഘർഷാവസ്ഥയായിരുന്നുവത്. അക്രമകാരികൾ സ്ത്രീകളെയും മാധ്യമ പ്രവർത്തകരെയും പോലീസിനെയും കല്ലേറ് നടത്തി ആക്രമിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് പോലീസ് വാഹനങ്ങൾക്കും മാധ്യമ വാഹനങ്ങൾക്കും നേരെ ആക്രമണം തുടർന്നു. എന്നാൽ ഇത്തരം അക്രമസംഭവങ്ങളെ ചെറുതായി കാണുകയും തിരിച്ച് പോലീസിന്റെ പ്രതിരോധത്തെ ആക്രമണമെന്ന നിലയിൽ പെരുപ്പിച്ച് കാണിക്കാൻ വാർത്ത തലക്കെട്ടുകൾ കൊണ്ടും ചിത്രങ്ങൾ കൊണ്ടും മനോരമയ്ക്ക് സാധിച്ചു.

നിഷ്പക്ഷമായി വിഷയങ്ങൾ വിലയിരുത്തുകയും ജനങ്ങളിലേക്ക് സത്യസന്ധമായി വാർത്തകൾ എത്തിക്കുന്നതിന് പകരം നിലവിലുള്ള സാഹചര്യങ്ങളെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് മലയാള മനോരമ, മാതൃഭൂമി എന്നീ മാധ്യമങ്ങളിൽ നിന്നുണ്ടായത്. ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്ന സമത്വബോധത്തെ നിരാകരിക്കുന്ന വിധം മതാധിഷ്ഠിത കാഴ്ച്ചപ്പാട് വെച്ച് പുലർത്തുകയും ശബരിമല വിധിയെ രാഷ്ട്രീയ അജണ്ടയായി കാണുന്ന വിധമുള്ള സമീപനമാണ് ഈ രണ്ടു മാധ്യമങ്ങളും കൈകൊണ്ടിട്ടുള്ളത്.
വാർത്ത ഒരു സാമൂഹ്യപ്രയോഗം എന്ന നിലയിൽ അപഗ്രഥിക്കുമ്പോൾ താഴെ പറയുന്ന പ്രത്യയശാസ്ത്ര സമീപനങ്ങൾ അതിൽ ഉൾച്ചേർന്നിരിക്കുന്നതായി കാണാം.

യാഥാസ്ഥിതിക ബോധത്തിന്റെ അടിസ്ഥാനത്തിലുള്ള ലിംഗാധിഷ്ഠിത പ്രത്യയശാസ്ത്രം വാർത്ത തലക്കെട്ടുകളിൽ കാണാം
മതാധിഷ്ഠിത പ്രത്യയശാസ്ത്രമാണ് വാർത്ത തലക്കെട്ടുകളിൽ കാണാൻ കഴിയുന്നത്
മാതൃഭൂമി, മനോരമ മാധ്യമങ്ങൾക്ക് വലതുപക്ഷ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തോടുള്ള ചായ് വ് പ്രകടമാണ്.
പുരുഷാധീശവീക്ഷണങ്ങളാണ് രണ്ടു പത്രങ്ങളിലും കാണാൻ കഴിയുന്നത്. പദാവലികൾ, പ്രയോഗങ്ങൾ, സദാചാരസങ്കല്പങ്ങളെല്ലാം തന്നെ തികച്ചും യാഥാസ്ഥിക കാഴ്ചപ്പാടാണ് വച്ചു പുലർത്തുന്നത്.
യുക്ത്യധിഷ്ഠിതമായ കാഴ്ച്ചപ്പാടല്ല കാണാൻ കഴിയുന്നത്.
യഥാർത്ഥ വസ്തുതകൾക്കുനേരെ കണ്ണടയ്ക്കുകയും അരികുവശങ്ങളെ പൊലിപ്പിച്ചു പറയുകയും ചെയ്തിരിക്കുന്നു.

ഗ്രന്ഥസൂചി
കുഞ്ഞിക്കണ്ണൻ കെ. ടി. : 2014, മാധ്യമപ്രചാരണം പ്രത്യയശാസ്ത്രം, തിരുവനന്തപുരം : ചിന്താപബ്ലിഷേഴ്സ്
ഗിരീഷ് പി. എം. :2015, അധികാരവും ഭാഷയും, കോഴിക്കോട്: ഐ ബുക്സ് കേരള
മലയാള മനോരമ, മാതൃഭൂമി പത്രങ്ങൾ :2018-2019
Fairclough Norman :1995, Critical Discourse Analysis, London : Longman Group Limited

ദിവ്യ പി എസ്

ഗവേഷക ശ്രീ ശങ്കരാചാര്യ സർവകലാശാല കാലടി

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
അറവൻ
അറവൻ
1 month ago
  • .ക്വട്ടേഷൻ ഗുണ്ടകളുടെ ഫോർത്ത്എസ്റ്റേററ്റിയൻ ശരീരത്തിലെ ദൂഷിത തെറിയെ ചൂണ്ടുന്ന ലേഖനം🔥
1
0
Would love your thoughts, please comment.x
()
x