ഡോ. ഷൂബ. കെ.എസ്.

Published: 10 March 2025 സാഹിത്യ പ്രതിചരിത്ര പരമ്പര

വയലാർ രാമവർമ്മ (1928-1975)
 

 

വയലാർ രാമവർമ്മ (1928-1975)

“ഉന്മത്തയുവത്വത്തിന്‍ ജൃംഭിതാഹങ്കാരത്താല്‍
എന്‍ മനസ്സിന് പുത്തന്‍ കഞ്ചുകമണിഞ്ഞു ഞാന്‍

എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യി-
ലെടുത്തു നടന്നൂ ഞാനജ്ഞാത പുഷ്പം തേടി!

സിന്ധുഗംഗകള്‍ വാരി പൊത്തിയ പുളിനങ്ങള്‍
മന്ത്രമണ്ഡപ കുംഭഗോപുര കമാനങ്ങള്‍

സംഗ്രാമകുടീരങ്ങള്‍ ഗോകുലമുരളികാ-
സംഗീതലയ ലീലയമുനാ തരംഗംങ്ങള്‍

ഗോപികളുടെ വ്സ്ത്രമലക്കിവിരിക്കുന്ന
ഗോവര്‍ദ്ധനോബാന്ധങ്ങള്‍, വെണ്‍‌കുളിക്കടവുകള്‍

ഋഷിമാര്‍, മന്ന്വന്തര രൂപശില്പങ്ങള്‍ തീര്‍ക്കാന്‍
പശമണ്ണെടുക്കുന്ന ഹിമവല്‍‌പ്രദേശങ്ങള്‍

ഇന്ന് ഭാരത പൌരന്‍ കൈവിലങ്ങെറിഞ്ഞ്
ഓടി വന്ന് പൊന്നണിയിക്കും ഗ്രാമങ്ങള്‍-
നഗരങ്ങള്‍ കണ്ടു ഞാന്‍
മുന്‍‌പില്‍ കണ്ടതത്രയും തകര്‍ത്തു ഞാന്‍
കല്യാണസൌഗന്ധികപൂവനത്തിനു പോകാന്‍.

ക്ഷണഭംഗുരമായ മോഹത്തിന്‍ പ്രതീകമായ്
മനസ്സില്‍, കൈയ്യും നീട്ടി ദ്രൌപതിയിരിക്കുന്നു.

ഞാന്‍ തകര്‍ത്തെറിയാത്ത മൂല്യങ്ങളില്ല, ചെന്നു
ഞാന്‍ തപസ്സിളക്കാത്ത പര്‍ണ്ണശാലകളില്ല
ഞാന്‍ തട്ടിയുടക്കാത്ത മണ്‍പ്രതിമകളില്ലാ
ഞാന്‍ തല്ലിക്കൊഴിക്കാത്ത വാടാമല്ലികളില്ല”

(കല്യാണസൗഗന്ധികം )

“വിശ്വമാകെ വെളിച്ചം വിടർത്തുന്ന വിപ്ലവത്തിൻ്റെ രക്തനക്ഷത്രമേ, റഷ്യ, രാജ്യാന്തരങ്ങളെച്ചൂടിച്ച പുഷ്യരാഗസ്വയംപ്രഭാരത്നമേ!

കാലസാഗരം വിപ്ലവത്തിൻ കൊടും-കാററുകൊണ്ടു മനുഷ്യൻ കടഞ്ഞനാൾ, നീയുദിച്ചു യുഗചക്രവാളത്തിൽ നീയുദിച്ചി,തൊരഗ്നിസ്‌ഫുലിംഗമായ്!

ആ ലെനിൻ്റെ രഥപതാകയ്ക്കുമേൽ ആദ്യമായ് കണ്ടു നിൻ്റെ മന്ദസ്‌മിതം. ആ ലെനിൻ്റെ പടകുടീരത്തിൽനി
ന്നാദ്യമായ് കേട്ടു നിൻ്റെ ധീരസ്വരം: “വെട്ടിമാററുകീച്ചങ്ങലകൾ-പട വെട്ടി നേടുക വിശ്വസമ്പത്തുകൾ….”

വിഗ്രഹങ്ങൾ തകർന്നനാൾ, മർദ്ദിത വർഗ്ഗശക്തിയൊരു യുഗം തീർത്തനാൾ, ക്രെംലിനിലെത്തൊഴിലാളി, മാനവ ധർമ്മശൈലി തിരുത്തിക്കുറിച്ചനാൾ,

ആ യുഗത്തിന്റെയാദ്യപ്രഭാതത്തിൽ, വോൾഗയിൽ കുളിച്ചെത്തിയ തെന്നലിൽ, ആ ലെനിൻ്റെ മിഴികളിൽ, സംക്രമ-
ജ്വാലയായി നീ രക്തനക്ഷത്രമേ.

( വെളിച്ചമേ നയിക്കു)

“കുതിരപ്പുറത്തു ഞാൻ പാഞ്ഞുപോകുമ്പോൾ, കൈയിൽ കുതറിത്തുള്ളിത്തുള്ളിച്ചാട്ടവാറിളകുമ്പോൾ,

ഞടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളിൽ, കുള മ്പടികൾ പതിയുമ്പോളീയണ്ഡകടാഹങ്ങൾ?

നീരവനീലാകാശമണ്ഡലത്തിലെ, ശുഷ്‌ക-താരകേ, വിളറിയ നിന്മുഖം കാണട്ടേ ഞാൻ!

നിന്റെ നാട്ടിലെ ‘നീലത്തുളസിക്കൊടി’ത്തോപ്പിൽ നിന്നു നീ നുള്ളിക്കൂട്ടും പിഞ്ചുവെറ്റിലകളും,

‘ചൊവ്വ’യിൽ വിളയുന്ന ചെമ്പഴുക്കയും, വാനിൻ ചെങ്കനൽച്ചൂളയ്ക്കുള്ളിൽ നീറിയ ചുണ്ണാമ്പുമായ്,

അമ്പിളിത്താമ്പാളം നീ നീട്ടിക്കൊണ്ടൊരു വെള്ളി-ത്തുമ്പിയെപ്പോലേ നിന്നു മാനത്തു നൃത്തംവയ്ക്കെ,

സ്വീകരിക്കാറുണ്ടെന്നും ഞാനവ; -തിരക്കിട്ടു പോകുമിപ്പോക്കിൽ ചക്രവാളത്തിൽ നീട്ടിത്തുപ്പും!

ഞാനെത്താതിരിക്കില്ല നിന്നടുത്തൊരിക്കലു;-
മാ നല്ലനാളിന്നായിക്കാത്തുനിന്നോളൂ ദൂരെ!

കാലമാണവിശ്രമം പായുമെന്നശ്വം, -സ്നേഹ-
ജ്വാലയാണെന്നിൽ കാണും ചൈതന്യം സനാതനം.

പ്രപഞ്ചം മുഴുവനും പണ്ടുപണ്ടൊരുകാലം പ്രളയാബ്ധിയിൽ മുങ്ങിത്താണടിഞ്ഞിരുന്നപ്പോൾ,

വന്നു ഞാ’നമീബ’യായ്, ജീവൻ്റെയൊന്നാമത്തെ
സ്‌പന്ദനം വിളംബരം ചെയ്തിതെൻ ചലനങ്ങൾ!

അന്നന്തരീക്ഷത്തിന്റെയാത്മാവിൽ നിന്നും പ്രാണ സ്‌പന്ദങ്ങൾക്കുയിരാർജ്ജിച്ചങ്ങനെ വളർന്നു ഞാൻ.

ജീവൻ്റെ പരിണാമപരിവർത്തനരൂപ-
ഭാവഭേദങ്ങൾക്കുള്ളിൽ വളർന്ന യുഗങ്ങളിൽ,

ഇപ്രപഞ്ചത്തെ,ക്കൈയിലമ്മാനമാടിക്കൊണ്ടോ-
രത്ഭുതസർഗ്ഗാത്മകശക്തിയെക്കണ്ടിട്ടില്ലേ?

ഞാനാണ; – തജയ്യനാം ‘മനുഷ്യൻ’ ചലിക്കുന്നൂ,
ഞാനഹർന്നിശ, -മെൻറെ സന്ദേശം ജയിക്കുന്നു!

മീനുമാമയുമായി, പന്നിയായ്, നൃസിംഹമായ്, ഞാനവതാരംചെയ്ത കഥകൾ കേട്ടിട്ടില്ലേ?

(എനിക്കു മരണമില്ല )

“ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാരവേദിയിൽ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാൻ!
നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!
കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;
(അശ്വമേധം)

വിശുദ്ധമാലാഖമാരുടെ കണ്ണീരല്ല മനുഷ്യൻ്റെ കണ്ണീരാണ് കവിതയിൽ വേണ്ടതെന്നു വേർഡ്സ് വർത്ത് പറയുന്നത് സ്വാതന്ത്ര്യം സമത്വം ജനാധിപത്യം എന്നീ മൂല്യങ്ങൾ മുന്നോട്ട് വച്ച വിപ്ലവകാലത്താണ്. മനുഷ്യർ ഉണ്ടാക്കിയ ദൈവം മനഷ്യനെ ഭരിക്കാൻ തുടങ്ങിയ അടിമ ജീവിതത്തിൽ നിന്നും വിമോചനം എന്ന നിലയിലാണ് വേർഡ്സ് വർത്ത് മനുഷ്യൻ എന്ന പദത്തിന് ഊന്നൽ നൽകിയത്. മനുഷ്യൻ എന്ന വാക്കിനെ ഉച്ചത്തിൽ ഉച്ചരിച്ച നാരായണ ഗുരുവിൻ്റെയും നവോത്ഥാന സമരങ്ങളുടെയും തുടർച്ചയായാണ് കേരളീയ ആധുനികതയുടെ വക്താക്കളായ എഴുത്തുകാർ മനുഷ്യൻ എന്ന പ്രമേയത്തെ ശക്തിയോടെ പരിചരിച്ചത്.നവോത്ഥാന സമരങ്ങളിലൂടെ ആർജ്ജിച്ച ജനാധിപത്യ മൂല്യങ്ങളുടെ രാഷ്ട്രീയതുടർച്ചയായിരുന്നല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള ആധുനിക ഭരണകൂട സംവിധാനങ്ങൾ.സോവിയറ്റ് യൂണിയൻ്റെ രാഷ്ട്ര ഭാവനകളും ഇന്ത്യൻ ഭരണകൂട സംവിധാനങ്ങളെ സ്വാധീനിച്ചു.ജൈവിക പരിണാമത്തിലൂടെയും ശാസ്ത്ര പരിണാമത്തിലൂടെയും സാമൂഹിക പരിണാമത്തിലൂടെയും രൂപപ്പെട്ട, രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാർവ്വലൗകിക പ്രാപഞ്ചിക മനുഷ്യൻ വിഭാവനം ചെയ്യപ്പെട്ടു.ആ “മനുഷ്യനാ “ണ് വയലാർ രാമവർമ്മയുടെ നായകൻ.’’ ഞാനാണ; – ജെയ്യനാം ‘മനുഷ്യൻ’ -’ ചലിക്കുന്നൂ/ ഞാന ഹർന്നിശ – മെൻ്റെ സന്ദേശം ജയിക്കുന്നു!’’ “മനുഷ്യൻ.. ജീവിക്കുന്ന നിർമ്മാണ ശക്തിക്കല്ലേ/ മനുഷ്യൻ, മനുഷ്യനെ ന്നോതുകയുള്ളൂ നമ്മൾ( സന്ധ്യ – ഒരു വേശ്യ ) സമകാലികരായ പ്രശസ്തകവികൾ നാഗരിക ജീവിത സൗഭാഗ്യങ്ങൾ നുകർന്നു കൊണ്ട്, നഷ്ടപ്പെട്ട സവർണ്ണ കുലീന സനാതന സംസ്കാരത്തെ കുറിച്ചു കവിതയെഴുതിയപ്പോൾ ബോധപൂർവ്വം അതിൽ നിന്നും മാറി നടക്കാൻ വയലാർ ആഗ്രഹിച്ചു.(സഞ്ചരിക്കയാണു ഞാനേവം, സയൻസിൻ്റെ / കഞ്ചുകമണിഞ്ഞു കൊണ്ടീ യുഗങ്ങളിലൂടെ എന്നു എനിക്കു മരണമില്ല എന്ന കവിതയിൽ ) കൊന്തയ്ക്കും പൂണുനൂലിനും പിന്നിലെ മരണത്തിൻ്റെ ആയുധപ്പുരകൾ കവി കണ്ടു (കൊന്തയും പൂണൂലും)

രാമായണത്തിൻ്റെ ദ്രാവിഡ പാഠങ്ങൾ അവതരിപ്പിച്ചു.മാരാരും ആശാനും രാമദൈവ ബിംബത്തിൽ വലിയ ആഘാതങ്ങൾ സൃഷ്ടിച്ചതിൻ്റെ തുടർച്ചയായിരുന്നു അത്. ‘ആര്യവംശത്തിനടിയറ വയ്ക്കുമോ / സൂര്യവംശത്തിൻ്റെ സ്വർണ്ണ സിംഹാസനം?’ എന്നു കാമുകനായ രാമനോട് ചോദിക്കുന്ന കാമുകിയായ താടകയെ ‘ താടക എന്ന ദ്രാവിഡ രാജകുമാരി’യിൽ കാണാം. രാമായണത്തിൻ്റെ പ്രാദേശിക പാഠങ്ങൾ ആണ് ഇവിടെ ഉപയോഗിക്കുന്നത്. ‘രാവണപുത്രി’ ‘യും അത്തരത്തിലുള്ളത്. അവിടെ രാവണനെ ആർദ്രഹൃദയനായ പിതാവാക്കി മാറ്റുന്നു. കുചേലൻ കുഞ്ഞൻ നായർ എന്ന കവിത കഥകളി എന്ന ജന്മിത്ത കലാരൂപത്തിൻ്റെയും കൃഷ്ണകുചേല മിത്തിൻ്റെയും ചെകിടത്തുള്ള കൊടിയ മർദ്ദനമായിരുന്നു. കുചേലനായി അഭിനയിക്കുന്ന കഥകളി നടൻ്റെ അസാധാരണ അഭിനയത്തെ ഏവരും പുകഴ്ത്തുന്നു, അഭിനയിക്കുകയല്ല രംഗത്തു കുചേലനായി ജീവിക്കുകയാണ് എന്നു ഏവരും അഭിനന്ദിക്കുന്നു. യഥാർത്ഥത്തിൽ, എട്ടു കുഞ്ഞുങ്ങളും ഭാര്യയുമായി കുചേലനെപ്പോലെ കൊടുംപട്ടിണിയിൽ ജീവിക്കയായിരുന്നു കുചേലൻ. കളിയോഗം നടത്തിപ്പുകാരനായ മുതലാളി തന്നെയാണ് കൃഷ്ണനായി അഭിനയിക്കുന്നത്. ഒരു പൈസയും അഭിനയിച്ചതിന് കൊടുക്കാത്ത ആ കൃഷ്ണൻമുതലാളിയുടെ ചെപ്പയ്ക്ക് അടി കൊടുക്കുന്ന കുചേലൻ കുഞ്ഞൻ നായരെ കവിതയിൽ കാണാം.
ശാസ്ത്രം എന്ന ആയുധം കൊണ്ടു ലോകവും പ്രപഞ്ചവും കീഴടക്കാൻ ആഗ്രഹിക്കുന്ന യോദ്ധാവിനെ വയലാറിൻ്റെ കവിതയിൽ കാണാം.(തീയുരുകുന്നു കരിങ്കാറുകൾ ചൂഴും രാവി- /ന്നായുധപ്പുരകളിൽ, വാളുകൾ ചലിക്കുന്നു/ ചലനം പോലും!നിമേഷങ്ങളെത്തളച്ചിട്ടു/ വല വീശുന്നു – ചുറ്റും മിന്നലുമിടിയും)

എന്നാൽ വയലാർ കവിതയുടെ അബോധരാഷ്ട്രീയം മറ്റൊന്നാണ്. കൃഷ്ണൻമുതലാളിയെ കുചേലൻകുഞ്ഞൻ നായർ അടിക്കുമ്പോഴും കുഞ്ഞൻ നായർ പറയുന്നത് ഇങ്ങനെയാണ്: ‘ കൊല്ലുകയാണയാൾ, വൃന്ദാവനത്തിലെ _/പ്പുല്ലാങ്കുഴലിനെ, സ്നേഹൈകലോലനെ !’’ നല്ല ദൈവത്തെയും സംഭാവനകൾ നൽകുന്ന നല്ല മുതലാളിയെയും അംഗീകരിക്കുകയാണ് വയലാർ.ഗീതാകർത്താവിനെ സ്തുതിക്കുന്ന അനേകം വരികൾ വയലാറിൽ കാണാം.ദുരന്തം വിൽക്കുന്ന പത്രക്കാർ, പട്ടിണി മരണങ്ങളെക്കുറിച്ച് പ്രസ്താവന നടത്തുന്ന ഭക്ഷ്യമന്ത്രിമാർ, മക്കളെ വിൽക്കുന്ന അമ്മമാർ, നാലു മാസം തികഞ്ഞ കുഞ്ഞിന് നാലണയോ എന്നു തർക്കിക്കുന്നവർ എല്ലാം നിറഞ്ഞ കേരളത്തെ കവി കാണുമ്പോഴും ‘വിറ്റു തിന്നുന്നു നീളവേ, വിലപ്പെട്ട ചാരിത്ര ശുദ്ധികൾ ‘ എന്നിങ്ങനെ പറഞ്ഞു കൊണ്ട് ജന്മിത്തകാല സ്ത്രീവിശുദ്ധി തകരുന്നതിലുള്ള ഉത്കണ്ഠയായി അതു മാറുന്ന സന്ദർഭങ്ങൾ കാണാം.. സന്യാസിനി, പുണ്യാശ്രമം, ആരും തുറക്കാത്ത വാതിൽ തുടങ്ങിയ സ്ത്രീവിരുദ്ധ പ്രയോഗങ്ങൾ കൊണ്ട് വലിയ ചലച്ചിത്ര വ്യവസായഗാനപ്രപഞ്ചം സൃഷ്ടിച്ചത് ഈ മനോഭാവത്തിൻ്റെ തുടർച്ചയായിരുന്നു. (വേദനിക്കുന്ന കോടീശ്വരൻ്റെ – നല്ലവനായ കൃഷ്ണമുതലാളീ ആർക്കിടൈപ്പ് – രാധാ പ്രണയത്തെ പ്രതിനിധീകരിക്കാനാണ് ഈ ഗാനം ‘രാജഹംസം’എന്ന സിനിമയിൽ ഉപയോഗിക്കുന്നത് )

കമ്മ്യൂണിസത്തെയും ശാസ്ത്രത്തെയും ആയുധമാക്കുന്നതായി തോന്നുമ്പോഴും കവിതയുടെ അബോധത്തിൽ പുതിയരാജാക്കന്മാർക്ക് വേണ്ടി പുതിയ പ്രദേശങ്ങൾ കീഴടക്കുന്ന, (മതത്തിൻ്റെ പ്രദേശത്തിനു പകരം ശാസ്ത്രപ്രദേശങ്ങൾ ) ഒരു പഴയ യോദ്ധാവിനെ കാണാം. മനുഷ്യൻ്റെ ചരിത്രസഞ്ചാരത്തെ അശ്വമേധമായാണ് ,അതിനു വേണ്ടി പായുന്ന കുതിരയായാണ് വയലാർ പ്രതീകവത്കരിക്കുന്നത്. വമ്പിച്ച പണച്ചിലവും വിപുലമായ ചടങ്ങുകളുമുള്ള അശ്വമേധം അതിസമ്പന്നരായ രാജാക്കന്മാരാണ് നടത്തിയിരുന്നത്.ബ്രഹ്മഹത്യാപാപം കഴുകിക്കളയാനാണ് അശ്വമേധയാഗം നടത്തുന്നത്.ഈ കുതിര പണ്ട് രാജാക്കമാർ കൊണ്ടു പോയതോ ദൈവം സവാരിക്കു കൊണ്ടുപോയതോ അല്ല എന്നു കവി പറയുന്നുണ്ട്. ഈ കുതിരയുടെ ശക്തികൾ കോടി കോടി പുരുഷാന്തരങ്ങളിൽ കൂടി നേടിയതാണ്, പ്രകൃതിയെ മല്ലിട്ടും വെട്ടിയും നേടിയതാണ് എന്നൊക്കെ പറയുന്നുണ്ട്. ഭരണകൂടങ്ങളെ മറിച്ചിട്ട, പ്രകൃതിയിൽ പണിയെടുത്ത് സംസ്കാരം നിർമ്മിച്ച അധ്വാനശക്തിയാണ് ഈ കുതിര എന്നു പറയുന്നു.ഈശ്വരനല്ല, മാന്ത്രികനല്ല, പച്ചമണ്ണിൻ മനുഷ്യത്വമാണ് എന്നും പറയുന്നു. ‘എനിക്കു മരണമില്ല ‘ എന്ന കവിതയിലും ഈ കുതിര ആവർത്തിക്കുന്നു. പക്ഷെ കുതിരയെ ഉപയോഗിക്കുന്ന ആൾ പഴയ ഒരു ജന്മിയെ ഓർമ്മിപ്പിക്കുന്ന ശരീരഭാഷയിലാണ് അവതരിപ്പിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മാനത്തെ നൃത്തം കാണവേ ‘നീലത്തുളസി ക്കൊടിത്തോപ്പിൽ നിന്നു നുള്ളിക്കൂട്ടും പിഞ്ചുവെറ്റിലയും ചൊവ്വയിൽ വിളയുന്ന ചെമ്പഴുക്കയും വാനിലെ ചെക്കനൽചൂളയിൽ നീറ്റിയ ചുണ്ണാമ്പും കൂടി മുറുക്കി തുപ്പുന്ന വ്യക്തി ആണ് ഈ കുതിരപ്പുറത്തു പോകുന്നത്. താരങ്ങളെക്കൊണ്ടു നൃത്തം ചെയ്യിച്ച് മുറുക്കിത്തുപ്പി നേരമ്പോക്കുന്ന ആഖ്യാതാവ് കൃഷിക്കാരനോ മണ്ണിൽ പണി ചെയ്യുന്ന പച്ചമനുഷ്യനോ അല്ല എന്നു വ്യക്തമാണല്ലോ.. ശാസ്ത്രത്തെയും ചരിത്രത്തെയും സംസ്കാരത്തെയും സൃഷ്ടിച്ച കുതിരശക്തിയെ ഉപയോഗിക്കുന്നതാര് എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്.
നവോത്ഥാന ആധുനികത സൃഷ്ടിച്ച സർഗ്ഗശക്തിയെ മറ്റാരോ തട്ടിക്കൊണ്ട് പോകുന്നു എന്നാണ് മനസ്സിലാകുന്നത്. സമരങ്ങൾ കൊണ്ടു പുതിയ ലോകം സൃഷ്ടിക്കുന്ന പണിയാളൻ്റെ കയ്യിൽ ഈ കുതിരയില്ല.നവോത്ഥാനത്തെ ഒറ്റുകൊടുത്തുകൊണ്ടു നിർമ്മിക്കപ്പെട്ട വ്യവസായിക ആധുനികതയാണ് ഈ കുതിരയുടെ പ്രായോജകർ.

കുതിരയെ ലളിതമായ പുരോഗതിയുടെ കാലബോധമായി കവിതയിൽ അവതരിപ്പിക്കുന്നു.ശാസ്ത്രശക്തിയാൽ കുതിച്ചു പായുന്ന ഈ യന്ത്രക്കുതിര എപ്പോഴും മുന്നോട്ട് തന്നെ സഞ്ചരിക്കുമെന്ന ലളിതമായ കാലബോധമാണ് കവിതയെ ദുർബലമാക്കുന്നത്. ശാസ്ത്രം അണുബോംബായും ഗൊർബച്ചേവായും വരികയും ചരിത്രം തിരിഞ്ഞു നടക്കുകയും ചെയ്യുമെന്നു മനസിലാക്കുന്നില്ല. നിതാന്ത സത്യങ്ങളിൽ സംശയം ജനിപ്പിക്കുന്ന എന്തിനെയും ആപേക്ഷികമാക്കുന്ന
കവിതയുടെയും ശാസ്ത്രത്തിൻ്റെയും സ്വഭാവം അന്നു തിരിച്ചറിയപ്പെട്ട കാലം തന്നെയായിരുന്നു. കേസരിയെക്കുറിച്ച് മാടവനപ്പറമ്പിലെ ചിത എന്ന കവിത വയലാർ എഴുതിയിട്ടുണ്ട്. ‘അറുപതാം വയസ്സിൽ ‘ എന്ന പേരിലും ഒരു കവിത കേസരിയെക്കുറിച്ചുണ്ട്.എന്നാൽ കേസരി കാലത്തെ സ്പൈറൽ ആയാണ് സങ്കല്പിച്ചത്. മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന കാലസങ്കല്പമാണത്. എന്നാൽ വയലാറിൽ ശാസ്ത്രത്തിനും കവിതയ്ക്കും ഉണ്ടാകേണ്ട, ശാസ്ത്ര ബോധമുള്ള കവിക്ക് ഉണ്ടാകേണ്ട സർഗ്ഗാത്മകമായസന്ദിഗ്ദ്ധത ഇല്ല.

നവോത്ഥാനം മുന്നോട്ടുവച്ച, അന്നുവരെ അധ:സ്ഥിതമായിരുന്ന അധ്വാനശേഷിയെ, കടന്നു വന്ന വ്യാവസായിക ആധുനികത, ജന്മിത്ത മൂല്യങ്ങളുടെ ഓർമ്മയെ പുനരുജ്ജീവിപ്പിച്ചു കൊണ്ട് വീണ്ടും അധികാരവിധേയമാക്കാനും അധ:സ്ഥിതമാക്കാനും ശ്രമിക്കുന്ന കാലമായിരുന്നു അത്.വ്യാവസായിക മാധ്യമങ്ങളും താല്പര്യങ്ങളും താലോചിച്ച മുഖ്യധാരാ മധ്യവർഗ്ഗ ജനപ്രിയമാർക്സിസ്റ്റ് ധാരയുടെ പ്രതീകമായ കവിതകളായിരുന്നു വയലാറിൻ്റേത്. മധ്യവർഗ്ഗഅധികാര രാഷ്ട്രീയത്തിൽ പുറംതള്ളപ്പെട്ടവരെ വയലാർ കവിത പ്രതിനിധീകരിക്കുന്നില്ല.തകർന്ന ആത്മീയതയുടെയും മതത്തിൻ്റെയും ചിഹ്നങ്ങൾ വ്യാവസായികമായി പുനരുല്പാദിപ്പിക്കുകയും പുരോഗതിയുടെ ട്രേഡ് ചിഹ്നങ്ങളായി പുനരവതരിക്കുകയുമായിരുന്നു വയലാർ കവിതകളിൽ.”തൻ്റെ അസുലഭമായ കലാകൗശലത്തെ വെറുമൊരു ട്രെയ്‌ഡ് ആയി തരംതാഴ്ത്താനുള്ള നാനാ വിധപ്രേരണകൾക്കു വഴങ്ങിക്കൊടുക്കാതെയും പുതിയ അനുഭൂതികൾക്കു കാത്തുനില്ക്കാതെ സ്വതേ സ്റ്റോക്കുള്ള മരുന്നിട്ടടിച്ചു പഴഞ്ചൻ വെടിക്കെട്ടുകൾ പിന്നെയുംപിന്നെയുമിറക്കി തടിതപ്പുന്ന വിദ്യ പ്രയോഗിക്കാതെയും വയലാർ സ്വൈരമായിരുന്നു സമാഹിതബു ദ്ധ്യാ നവസംസ്കാരശൈലികൾക്കു രൂപം നല്കാൻ യത്നിക്കുമെങ്കിൽ “ എന്നു മുണ്ടശ്ശേരി ആഗ്രഹിക്കുന്നത് അതുകൊണ്ടാണ് (വയലാർ സമ്പൂർണ്ണ കൃതികൾ 1976, എൻ ബി എസ് പതിപ്പ്, പു.369)

ഭീമൻ കല്യാണ സൗഗന്ധികം തേടിപ്പോകുന്നു. അഹങ്കാരിയായ ഭീമൻ ഹനുമാനു മുന്നിൽ തോൽക്കുന്നു. വയലാറിലെ ഭീമൻ്റെ അഹങ്കാരം എന്താണ്?
“ഞാന്‍ തകര്‍ത്തെറിയാത്ത മൂല്യങ്ങളില്ല, ചെന്നു /ഞാന്‍ തപസ്സിളക്കാത്ത പര്‍ണ്ണശാലകളില്ല/ഞാന്‍ തട്ടിയുടക്കാത്ത മണ്‍പ്രതിമകളില്ലാ/ഞാന്‍ തല്ലികൊഴിക്കാത്ത വാടാമല്ലികളില്ല.”പർണ്ണശാലകൾ തകർത്തതാണ് ഇവിടെ അഹങ്കാരം.വയലാറിൻ്റെ ഹനുമാനോ? “കാട്ടിലെ മരംചാടി കുരങ്ങല്ല ഞാന്‍ നിൻ്റെ/ ജ്യേഷ്ഠനാണെന്നെ കണ്ടിട്ടറിഞ്ഞില്ലനുജന്‍ നീ /പൊയ്‌പോയ കാലത്തിൻ്റെ നിത്യശാദ്വലഭാവ – /ശില്പത്തിന്‍ പ്രതീകം ഞാന്‍ സംസ്കാര സ്വരൂപം ഞാന്‍ “ തുടർന്ന് ആദിയിൽ അമീബ തൊട്ടായിരം യുഗങ്ങളിൽ ആയിരം പരിണാമ ഭിന്ന രൂപികളായി വളർന്നു പ്രപഞ്ച വ്യാസത്തോളം വളർന്നു വലുതായ മനുഷ്യനാണ് ഞാൻ എന്നു പറയുന്നു.വയലാറിൻ്റെ ഭീമൻ സഞ്ചരിക്കുന്നത് ഇന്ത്യയിലൂടെ യാണെങ്കിലും ഹനുമാൻ വേറെ ഏതോ രാജ്യത്തുള്ള ആളാണെന്നു തോന്നുന്നു. പർണ്ണശാലകൾ തകർത്ത, തപസ്സു മുടക്കിയ ഭീമൻ്റെ ജ്യേഷ്ഠനാണ് ഹനുമാനെങ്കിൽ ഹനുമാൻ്റെ പൊയ്പോയ കാലം ഇന്ത്യൻ ജാതി വ്യവസ്ഥയും അടിമവ്യവസ്ഥയുമാണ്.പൊയ്പോയ കാലം ഹനുമാൻ പറയും പോലെ അത്ര നിത്യശാദ്വലഭാവശില്പമൊന്നുമല്ല. ബൗദ്ധകാലത്തോ അഞ്ചുതെങ്ങ് സ്വാതന്ത്യ സമര കാലത്തോ നടന്ന ഇവിടത്തെ ജാതി മത അടിമത്ത രാജവാഴ്ചാ കൊളണി വിരുദ്ധസമരത്തെയാണ് ഉദ്ദേശിച്ചതെങ്കിൽ ഹനുമാൻ അതു പറയണം.കുരങ്ങനായ ഹനുമാന് പെട്ടെന്ന് എങ്ങനെ ഭൂതകാലം നിത്യശാദ്വലമായി തോന്നി എന്നറിയില്ല. വിദ്യാഭ്യാസത്തിന് അവകാശമില്ലാതിരുന്ന ഇന്ത്യൻകുരങ്ങൻമാർ അമീബയുടെ പാഠം എവിടന്നു പഠിച്ചു എന്നറിയില്ല. ശാസ്ത്രത്തിൻ്റെ വിശ്വരൂപം കാണിച്ച് തപസ്സും പർണ്ണശാലകളും തകർത്ത, ഉണർന്നെണീറ്റ അധ:സ്ഥിതകർതൃത്വത്തെ കീഴടക്കുന്ന അഭിനവഭഗവദ് ഗീതയാണ് വയലാറിൻ്റെ ‘കല്യാണസൗഗന്ധികം.’പർണ്ണശാലകൾ തകർത്ത പാപത്തിൻ്റെ കഥ പറഞ്ഞ്,ശാസ്ത്രത്തിൻ്റെ പുതിയ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ഉയർന്നു വന്ന അധ:സ്ഥിതൻ്റെ കരുത്തിനെ അമർച്ച ചെയ്യുന്ന അശ്വമേധമാണ് വയലാർകവിതയിലെ അബോധ രാഷ്ട്രീയം.നവോത്ഥാന മനുഷ്യർ സൃഷ്ടിച്ച ബ്രഹ്മഹത്യാപാപം തീർക്കാൻ ശാസ്ത്രവ്യാവസായികൾ നടത്തിയ അശ്വമേധയാഗത്തിന് അഴിച്ചുവിട്ട കുതിരയാണ് വയലാറിലെ ആഖ്യാതാവ്.മുതലാളിത്തകാലയാഗശാലകളികളിൽ ഈ കുതിരയുടെ രക്തവും മാംസവും വെന്തുപൊട്ടിത്തെറിക്കുന്നു.

ഡോ. ഷൂബ കെ.എസ്സ്.

പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി

5 2 votes
Rating
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
ഗിരി ശങ്കർ എ ജെ ഗവേഷകൻ
ഗിരി ശങ്കർ എ ജെ ഗവേഷകൻ
16 days ago

🙏🥰✨✨✨✨

ഷീജ കെ.പി
ഷീജ കെ.പി
16 days ago

എഴുത്താളിന്റെ ചരിത്ര- രാഷ്ട്രീയ ബോധ്യം എനിക്കും സ്വീകാര്യമായ ഒന്നായതിനാൽ ഈ പാഠങ്ങൾ അങ്ങേയറ്റം പ്രിയം.

2
0
Would love your thoughts, please comment.x
()
x
×