
കരിങ്ങന്നൂർ ശ്രീകുമാർ
Published: 10 September 2025 കവിത
വഴിവെളിച്ചം
നൂറാ… നൂറാ ബാൻ…
നമ്മൾ ഇവിടെയല്ലേ മരിച്ചത്
രാത്രികൾ ഇങ്ങനെയാണ്
വിളഞ്ഞു കതിർ ചാഞ്ഞ
ഉന്മാദ ഗന്ധത്തിൽ
നെൽവയൽ കാറ്റ്
ഈറൻ വീശി കൊതിപ്പിച്ച് പൊക്കത്തിൽ ഇരുമ്പുപാലം കയറിയിറങ്ങുമ്പോൾ,
പുഴജീവനിൽ ത്രസിച്ചു
പുളഞ്ഞ മീനുകൾ
നിലാവിലേക്കു ചാടിപ്പൊന്തി
മിന്നുമ്പോൾ,
നൂറാ…. നൂറാ ബാൻ
ആകാശത്തുനിന്നും പളുങ്കുമണികൾ
ഇരുട്ടിലേക്ക് മിന്നി
ഉതിർന്നുവീഴുന്ന കാഴ്ചയിൽ
എത്രനേരം നീ മരവിച്ചിരുന്നു.
ഇരുൾമുഖികൾ മരച്ഛായകൾ
കാറ്റു പിടിച്ചുലയും വൻമുടിച്ചുമടിൽ
ഭീതി വിറയും വിസ്മയങ്ങളായ്….
പൊട്ടിച്ചീറും നിലവിളി പോൽ
രാവിൻ നീർക്കിളികൾ.
നൂറാ… നൂറാ ബാൻ…
കയ്ച്ചു പോം കിനാക്കൾ പരസ്പര-മിനിയുമെത്ര മെതിച്ചിരിക്കണം നാ-
മിത്തിരി തണൽകൊണ്ടു പിന്നെയും
ചാഞ്ഞിറുകെ പുണർന്നീടുവാൻ.
എങ്ങനെ മുറിച്ചുപോമീ സ്‌നിഗ്ദ്ധമാം
കനിവിൻ കതിരൊളിയെ
എങ്ങിനെ മണ്ണടിയിക്കൂമീ നിതാന്ത
സ്നേഹനിലാവൊളിയെ.
നിൻ നിറച്ചാർത്തിൽ മിനുങ്ങും
വളപ്പൊട്ടുകൾ കൗതുകങ്ങൾ,
ഇന്നീ നെഞ്ചിലണിയിക്കട്ടെ മുഗ്ധമാം രാഗമാല്യത്തിൻ പൂമുല്ലമൊട്ടുകൾ.
എത്രകണ്ടു പറഞ്ഞു കരഞ്ഞിരുന്നു നാം
നോവിൻ വിരൽമീട്ടി ഹൃദ്രാഗങ്ങൾ പൂത്തിടും
കിനാവിൻ ലയലാസ്യങ്ങൾ പോലവേ
പൊട്ടി വിടർന്നു പൂമ്പാറ്റകളായി മാറീടുവാൻ.
ദൂരമേയില്ല,
കാണാം കതിർകാഴ്ച പൊലിക്കും ജീവസന്ധികളിൽ
ഹൃദയം തുറന്ന പ്രണയപുളകങ്ങൾ പോലവേ
സ്നേഹസല്ലാപങ്ങൾ കൈതൊട്ട
നറുംകുളിർക്കിനാവുകൾ.
നിറചിരിമേളങ്ങൾ,
പുതുഹർഷത്തിൻ വസന്തരാവുകൾ.
നൂറാ… നൂറാ ബാൻ….
നീ എന്നിലേക്ക് നോക്കുമ്പോൾ
വിരൽ തൊടുമ്പോൾ
പതിയെ ഒരു നിശ്വാസത്തിൽ
സ്വപ്നം വിതയ്ക്കുമ്പോൾ
മൗനം മുറിഞ്ഞ് പ്രണയം പകരുമ്പോൾ,
ഇഴ മുറിയാതെ ഒരു മഴ
ഇറങ്ങിവന്ന് നമ്മെ ചേർത്ത്
പിടിക്കുന്നു.
നൂറാ…
പ്രണയം ഭക്ഷണമെന്നും
പ്രണയം ചികിത്സയെന്നും
നേരും ഭാഷയും ശ്വാസവുമെന്നും
ഒറ്റ ആയുധമെന്നും
നീ നെഞ്ചിൽ പച്ചകുത്തി വയ്ക്കുന്നു.
മഴ തോർന്നു കുളിർന്ന ഇരുട്ടിലേക്ക്
അതേ ഒറ്റനക്ഷത്രം
വിളക്ക് നീട്ടുമ്പോൾ
നിഴലറ്റ സന്ധ്യയിൽ,
മുറിവേറ്റ്,നെഞ്ചു വിതുമ്പുന്ന
മൗനത്തിന്റെ വിലാപങ്ങൾ,
ഇരുളിനെ മുറിച്ചു കൊണ്ട്
പ്രാണന്റെ സംഗീതമായി
മഴ തൊടുന്ന പുഴയിലേക്ക്
ഇറങ്ങിപ്പോകുന്നു…
നമ്മൾ മാത്രം നിഴലുകളായി
തൊട്ടുതൊട്ടു നടക്കുന്നു.
നിലാവ് തെളിഞ്ഞ ആകാശത്തിൽ കുന്നുകളിളകുന്നു.
പ്രകൃതിയൊഴുകുന്നു,
നൂറാ… നീ വഴിവെളിച്ചം.
മയങ്ങുന്നുവോ നീ
ഒരു തരം പനിക്കോള്
നിന്നെയിപ്പോൾ ചൂഴുന്നുണ്ടല്ലേ.
തണുപ്പിലും നെഞ്ച് പൊള്ളുന്നുണ്ടാവും..
വിറകൊണ്ട നിശ്വാസത്തിന്റെ,
അന്നത്തെ ഭീതിയുടെ,
അതേ പൊള്ളലിൽ…
അന്നും ജന്നൽക്കണ്ണാടിയിൽ ഇതേ നിലാവ് പാളിവീണിരുന്നോ.
ഇരുട്ടിനെന്തു വെളിച്ചമെന്നായിരുന്നല്ലോ അന്നും
നമ്മുടെ മൊത്തം ആകുലത.
നന്നായി പനിക്കുന്നുവോ…
നെറുകിൽ നിന്നും വിരലുകൾ മുഖം തൊട്ടു താഴേക്കിറങ്ങുമ്പോൾ… ഓർമ്മയുണ്ടോ…
പനിയിറങ്ങുന്നുവോ…
നേർത്ത വഴിവെളിച്ചത്തിൽ
നീ വീണ്ടും മഞ്ഞു നനയുന്നുവോ
തളരുന്നുവോ
മഴ തോർന്നു കുളിർന്ന
ഇരുട്ടിലേക്ക്
ഒറ്റനക്ഷത്രംവിളക്ക് നീട്ടി
മിന്നാമിനുങ്ങുകളുടെ രാവുകളിലേക്ക്
ചിമ്മിനോക്കുമ്പോൾ…
നൂറാബാൻ…
ഹൃദയപൂർവം
കൈ പിടിക്കൂ
വിളക്ക് കെടുത്തിയോ.
വീണ്ടും…
വീണ്ടും പൊക്കത്തിൽ
ഇരുമ്പുപാലം കയറിയിറങ്ങുമ്പോൾ
തളരുന്നുവോ, പിടിവിടരുത്.
ദൂരമേയില്ല,
മരിച്ചവരാണു നാം.

കരിങ്ങന്നൂർ ശ്രീകുമാർ

ചിത്രീകരണം
ശ്രീജാറാണി, അദ്ധ്യാപിക, ജി എച്ച് എസ് എസ് , കോറം, കണ്ണൂർ.
