ഡോ. ജമീല്‍ അഹമ്മദ്

Published: 10 September 2025 കവര്‍‌സ്റ്റോറി

‘വെള്ളാട്ടി മസ്അല’
ആധുനിക മലയാളഗദ്യത്തിന്റെ
ആദ്യമാതൃക

ആമുഖം
ക്രിസ്തുവര്‍ഷം പന്ത്രണ്ടു മുതല്‍ പതിനാറുവരെ നീളുന്ന നാന്നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തിന്റേത് എന്ന് പറയാവുന്ന ഗദ്യമാതൃകകള്‍ പ്രാചീനശാസനങ്ങളില്‍ തുടങ്ങി ‘ക്രമദീപിക’യില്‍ വികസിക്കുന്നതാണ്. അവയെ കണ്ടെടുക്കാനും വിശകലനം ചെയ്യാനുമുള്ള ദീര്‍ഘശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനിടയ്ക്ക് കീഴാള സമുദായങ്ങളുടെയും ഇതര ജനവിഭാഗങ്ങളുടെയും ഇടയിലുണ്ടായ ഭാഷാപരിശ്രമങ്ങളെ കണ്ടെത്താനോ വിശകലനംചെയ്യാനോ ഉള്ള ശ്രമങ്ങള്‍ അപൂര്‍ണവും അപൂര്‍വവുമായാണ് സംഭവിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരകാലത്ത് അറബിമലയാളകൃതികളുടെ ശേഖരം പുറത്തുകൊണ്ടുവരുവാനും രേഖപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് ഇക്കാര്യത്തിലെ ശ്രദ്ധേയമായ പരിവര്‍ത്തന ഘട്ടമായിരുന്നു. സി.എന്‍ അഹമ്മദ് മൗലവി, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം, ഒ. ആബു, ടി. ഉബൈദ് തുടങ്ങിയവരുടെ പാതയില്‍ ഇന്ന് ഒട്ടേറെ ഗവേഷകര്‍ അറബിമലയാള കൃതികളെ കണ്ടെടുക്കാനും വിശകലനംചെയ്യാനുമുള്ള പ്രാപ്തി നേടിയിട്ടുണ്ട്. അക്കൂട്ടത്തില്‍ കണ്ടെടുക്കപ്പെട്ട, ഭാഷാസ്വരൂപത്തിലും ആഖ്യാനസ്വഭാവത്തിലും ഏറെ സവിശേഷതകളുള്ള ‘വെള്ളാട്ടി മസ്അല’ എന്ന രചനയെ കൂടുതല്‍ വിശകലനം ചെയ്യാനുള്ള ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ‘വെള്ളാട്ടിമസ്അല’ എന്ന ഗദ്യരചനയെ വിശകലനം ചെയ്യുന്നതോടൊപ്പം കേരള സാമൂഹികചരിത്ര വിശകലനത്തില്‍ അതുണ്ടാക്കേണ്ട അനുരണനങ്ങളെ ഒരു നിരീക്ഷണമെന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.

വെള്ളാട്ടി മസ്അല എന്ന ഗദ്യകൃതി

അറബിമലയാള ലിപിയില്‍ രചിക്കപ്പെട്ട കൃതികളില്‍, കണ്ടെടുക്കപ്പെട്ട ആദ്യ രചനയാണല്ലോ മുഹിയുദ്ദീന്‍ മാല എന്ന കാവ്യകൃതി. അതിന്റെ രചയിതാവായ ഖാദി മുഹമ്മദിന്റെ മകൻ ഖാദി മുഹിയുദ്ദീൻ (ജനനം 1595 – മരണം 1656) പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രചിച്ച മലയാള ഗദ്യകൃതിയാണ് വെള്ളാട്ടി മസ്അല (ബെള്ളാട്ടി മസ്അല എന്നും എഴുതാറുണ്ട്). അറബിമലയാളലിപിയില്‍ രചിക്കപ്പെട്ട ഈ കൃതി ആധുനിക മലയാളഗദ്യത്തിന്റെ ആദ്യമാതൃകയാണ്. മലബാറിലെ ഡച്ച് അധിനിവേശകാലത്താണ് ഗ്രന്ഥം രചിക്കപ്പെട്ടത്. അറബിമലയാളത്തിലുണ്ടായ ഒട്ടനവധി ഗദ്യകൃതികളില്‍ ഭാഷകൊണ്ടും ഉള്ളടക്കംകൊണ്ടും വ്യത്യസ്തവും പുതുമനിറഞ്ഞതുമായ രേഖയാണിത്.
‘മസ്അല’ എന്ന അറബിവാക്കിന് ചോദിക്കപ്പെട്ടത് എന്നാണ് ഭാഷാ‍ര്‍ഥം. ചോദ്യം, ആലോചനാവിഷയം, പ്രശ്നം, പൊതുകാര്യം, അഭ്യര്‍ഥന, ഗണിതപ്രശ്നം എന്ന‍ര്‍ഥത്തിലെല്ലാം ഈ വാക്ക് ഉപയോഗിക്കാറുണ്ട്. മുസ്ലിം ജീവിതത്തിലെ ദൈനംദിന പ്രശ്നങ്ങളുടെ മതപരമായ പരിഹാരങ്ങള്‍ക്കും മസ്അല എന്നാണ് മാപ്പിളഭാഷയില്‍ പറയാറുള്ളത്. ‘മസ്അല തിരിയുന്ന’വരാണ് പണ്ഡിതന്മാര്‍. വെള്ളാട്ടി എന്നത് മലയാളപദമാണ്. വെപ്പാട്ടി, ദാസി, അടിമസ്ത്രീ എന്നൊക്കെ അര്‍ഥം. ‘അടിമസ്ത്രീയുടെ ചോദ്യം’ എന്ന് ഈ ഗ്രന്ഥനാമം നേരിട്ട് പരിഭാഷപ്പെടുത്താം. അതോടൊപ്പം, പുരുഷന്മാരുടെ അറിവധികാരവും രാഷ്ട്രീയാധികാരവും ഉറപ്പിച്ച ഇടത്തില്‍ ഒരു കീഴാളസ്ത്രീ സൃഷ്ടിക്കുന്ന വിപ്ലവകരമായ ക്രമപ്രശ്നം എന്ന ധ്വന്യാത്മകമായ അര്‍ഥവും ഈ ഗ്രന്ഥനാമത്തിലുണ്ട്.

ഖാദിപദവിയും രേവതി പട്ടത്താനവും

ഒരു പ്രദേശത്തിലെ മുസ്ലിം സമുദായത്തിന്റെ മതപരവും സാമൂഹികവുമായ നേതൃത്വം വഹിക്കുന്ന പദവിയാണ് ‘ഖാദി’ (ഖാസി, ഖാളി എന്നിങ്ങനെയും ഈ വാക്ക് മലയാളത്തില്‍ എഴുതാറുണ്ട്. ഈ വാക്കിന്റെ രണ്ടാമത്തെ അക്ഷരത്തിന് തുല്യമായ സ്വനിമം മലയാളത്തിലില്ല). ന്യായാധിപന്‍, തീരുമാനാധികാരി എന്നൊക്കെയാണ് ആ അറബി പദത്തിന്റെ ഭാഷാര്‍ഥം. മുഹമ്മദ് നബിയുടെ കാലത്തേ ന്യായാധിപന്‍ എന്ന സാങ്കേതികാര്‍ഥത്തില്‍ ഇത് ഉപയോഗിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ രാഷ്ട്രീയ അതിരുകള്‍ അറേബ്യന്‍ ഉപദ്വീപില്‍നിന്ന് പുറത്തേക്ക് വ്യാപിച്ച ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ വിദേശ പ്രവിശ്യകളിലെ ജനങ്ങളുടെ ഇസ്ലാമിക ജീവിതത്തിന് നേതൃത്വം നല്‍കാനും മതപരമായ വിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനും ജീവിതപ്രശ്നങ്ങളില്‍ വിധിപറയാനും ചുമതലയുള്ള ഒരു പദവിനാമമായി ഖാദി എന്നത് പിന്നീട് സ്ഥാപിക്കപ്പെട്ടു. ഇസ്ലാമിക രാജ്യങ്ങളിലെ രാഷ്ട്രീയാധികാരം (ഖിലാഫത്ത്) രാജാധിപത്യത്തിന് വഴിമാറിയ ഘട്ടത്തില്‍ ഖാദി എന്ന മതപദവി നിലനിര്‍ത്തപ്പെടുകയും രാഷ്ട്രീയാധികാരത്തിന് സമാന്തരമായ ഒരു മതാധികാരിയായി ഖാദിമാര്‍ തുടരുകയും ചെയ്തു.
കേരളത്തില്‍ മാലിക് ഇബ്നു ദീനാ‍റിന്റെ സഹോദരപുത്രനായ മാലിക് ഇബ്നു ഹബീബിന്റെ നേതൃത്വത്തില്‍ ആദ്യകാല പള്ളികള്‍ സ്ഥാപിക്കപ്പെട്ടപ്പോഴാണ് കേരള മുസ്ലിംകളുടെ നേതൃസ്ഥാനത്ത് ഖാദിമാര്‍ അവരോധിക്കപ്പെടുന്നത്. (സക്കീര്‍ ഹുസൈന്‍ പേജ് – 20) മലബാറിലെ മുസ്ലിംകളുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ രംഗങ്ങളില്‍ ഏറെ സ്വാധീനംചെലുത്തിയവരാണ് കോഴിക്കോട്ടെ ഖാദിമാര്‍. വെള്ളാട്ടി മസ്അലയുടെ കര്‍ത്താവായ ഖാദി മുഹിയുദ്ദീന്റെ പിതാവായ ഖാദി മുഹമ്മദ് ഇബ്നു അബ്ദില്‍ അസീസ് രചിച്ച മുഹിയുദ്ദീന്‍മാലയെക്കുറിച്ച് മലയാളപഠിതാക്കള്‍ക്ക് സുപരിചിതമാണ്. എന്നാല്‍, അതുകൂടാതെ നാല്‍പതോളം അറബിഗ്രന്ഥങ്ങളുടെക്കൂടി രചയിതാവാണ് അദ്ദേഹമെന്നത് അധികം അറിയപ്പെട്ടിട്ടില്ല. ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ക്കു പുറമെ വ്യാകരണം, ഭാഷാശാസ്ത്രം, അലങ്കാരശാസ്ത്രം, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം എന്നീ മേഖലകളിലും കേരളത്തിലെ ഖാദിമാര്‍ അറബിഭാഷയിലും അറബിമലയാളത്തിലും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഖാദിമാരും സാമൂതിരിയും തമ്മില്‍ സൗഹൃദവും പരസ്പര ബഹുമാനവും പുലര്‍ത്തിയിരുന്നു. രാഷ്ട്രീയമായി സാമൂതിരിയെ പിന്തുണച്ചവരായിരുന്നു അവര്‍. ഖാദി മുഹമ്മദ് രചിച്ച അറബികാവ്യമായ ‘ഫത്ഹുല്‍ മുബീന്‍’ (വ്യക്തമായ വിജയം) കേരളചരിത്രം പ്രതിപാദിക്കുന്ന ആദ്യ അറബി കാവ്യമാണ്. 1578 ല്‍ രചിക്കപ്പെട്ട ഈ കൃതി, പോര്‍ച്ചുഗീസുകാര്‍ ചാലിയത്ത് പണിത കോട്ട സാമൂതിരിയുടെ മുസ്ലിം – നായര്‍ പടയാളികള്‍ ചേ‍ര്‍ന്ന് തകര്‍ത്തതിന്റെ വീരചരിത്രമാണ് പ്രതിപാദിക്കുന്നത്. (പരപ്പില്‍ മുഹമ്മദ് കോയ. പേജ് 145). 1571 ലാണ് പറങ്കികളുടെ ചാലിയംകോട്ട സാമൂതിരിയുടെ പടയാളികള്‍ തകര്‍ക്കുന്നത്.
മുഗള്‍ രാജാവായ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തിനു സമാന്തരമായി കേരളത്തില്‍ ഡച്ച് ആധിപത്യത്തിന്റെ ആദ്യ പതിറ്റാണ്ടുകളിലാണ് ഖാദി മുഹിയുദ്ദീന്‍ ഒന്നാമന്‍ കോഴിക്കോട്ടെ ഖാദി പദവിയിലിരിക്കുന്നത് (1619 – 1656). ലന്തക്കാരെ മലബാറില്‍നിന്ന് തുരത്തുവാന്‍ ആഹ്വാനംചെയ്ത മതപണ്ഡിതനാണ് ഖാദി മുഹിയുദ്ദീന്‍. മക്കയിലെ ശൈഖ് ഇബ്നു അല്ലാന്‍ എന്ന പണ്ഡിതനായിരുന്നു അദ്ദേഹത്തിന്റെ ഗുരു. പതിനേഴാം നൂറ്റാണ്ടില്‍ അധികാരത്തിലിരുന്ന സാമൂതിരിമാരുടെ പേരുവിവരങ്ങള്‍ ഇന്നും അജ്ഞാതമാണെങ്കിലും കൃഷ്ണഗീതി രചയിതാവായ മാനവേദന്‍ സാമൂതിരി (1595 – 1658)യുടെ സമകാലികനാണ് ഖാദി മുഹിയുദ്ദീന്‍ എന്നതില്‍ സംശയമില്ല. 1656 നവംബര്‍ 30 ന് സാമൂതിരി കോഴിക്കോട്ടെ ഖാദിക്ക് കോയ എന്ന പദവിനാമം നല്‍കിയതിന് ചരിത്രരേഖയുണ്ട്. (ഹരിദാസ് – പേജ് 81) സാമൂതിരിമാരും കോഴിക്കോട്ടെ ഖാദിമാരും തമ്മിലുള്ള നിതാന്തസൗഹൃദം ചരിത്രപ്രസിദ്ധമാണെന്നിരിക്കെ, ഈ രണ്ടു പ്രതിഭകള്‍ തമ്മില്‍ പരസ്പരം അറിയാനും സാഹിത്യവിഷയങ്ങളില്‍ സംവദിക്കാനുമുള്ള സാധ്യത തള്ളിക്കളയാവതല്ല. അതേകാലത്ത് സാമൂതിരിമാരുടെ നേതൃത്വത്തില്‍ നടന്നിരുന്ന പ്രസിദ്ധമായ രേവതി പട്ടത്താനത്തിന് സമാനമായ ഒരു വിദ്വല്‍പരീക്ഷണത്തിന്റെ കഥയാണ് വെള്ളാട്ടി മസ്അല എന്നതും കൗതുകകരമായ ബന്ധമാണ്. പട്ടത്താനത്തില്‍ ബ്രാഹ്മണര്‍ക്കാണ് സാമൂതിരി ബിരുദവും സമ്പത്തും ദാനമായി നല്‍കുന്നതെങ്കില്‍ ഈ കഥയില്‍ അടിമയായ ഒരു സ്ത്രീക്കാണ് അവ പതിച്ചുനല്‍കുന്നത് എന്നത് ശ്രദ്ധേയമായ വ്യത്യാസം.

സംക്ഷേപവേദാര്‍ഥവും വെള്ളാട്ടി മസ്അലയും

1772ല്‍, ഇറ്റാലിയിലെ ക്രൈസ്തവ പുരോഹിതനായ ക്ലെമന്റ് പിയാനിയസ് പാതിരി മലബാറില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി എഴുതിയ ‘നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാര്‍ഥ’ത്തെയാണ് അച്ചടിക്കപ്പെട്ട ആദ്യ മലയാള ഗദ്യഗ്രന്ഥമായി പൊതുവെ പരിചയപ്പെടുത്താറുള്ളത്. പ്രത്യേകം തയ്യാറാക്കിയ ‘ജംഗമാച്ചുകൾ’ (movable type) ഉപയോഗിച്ച് മലയാള അക്ഷരങ്ങൾ അച്ചടിച്ച ആദ്യ സമ്പൂർണ്ണ മലയാളപുസ്തകമാണ് സംക്ഷേപവേദാർത്ഥം. റോമില്‍നിന്നാണ് സംക്ഷേപവേദാര്‍ഥം അച്ചടിച്ചത്. 1774-ലാണ് ഇതിന്റെ പതിപ്പുകൾ കേരളത്തിലെത്തിയത്. അതിനും ഏതാണ്ട് ഒരു നൂറ്റാണ്ടുമുമ്പ് മുമ്പ് രചിക്കപ്പെട്ട വെള്ളാട്ടിമസ്അലയുടെ ഘടനയിലാണ് സംക്ഷേപവേദാര്‍ഥത്തിന്റെ പ്രതിപാദ്യമെന്നത് കൗതുകകരമാണ്.
ഗുരുശിഷ്യ സം‌വാദരൂപത്തില്‍ ക്രിസ്തുമതത്തിന്റെ കാതലായ തത്ത്വങ്ങളും വിശ്വാസപ്രമാണങ്ങളും ആത്മീയ കർമങ്ങളും വിവരിക്കുകയാണ് സംക്ഷേപവേദാര്‍ഥത്തിലെ പ്രതിപാദ്യം. ഒരു വെള്ളാട്ടിസ്ത്രീയും പണ്ഡിതരും തമ്മിലുള്ള സംവാദരൂപത്തില്‍ ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങളെയും വിശ്വാസപാഠങ്ങളെയും നിയമങ്ങളെയും അവതരിപ്പിക്കുകയാണ് വെള്ളാട്ടി മസ്അല എന്ന കൃതി. കത്തോലിക്കാ സഭയുടെ പാരമ്പര്യത്തില്‍ കേറ്റകിസം (catechism) എന്ന പേരിലുള്ള മതസംവാദ രേഖകള്‍ പ്രചാരത്തിലുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് സംക്ഷേപവേദാര്‍ഥത്തിന്റെയും രചന. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും പുതുവിശ്വാസികള്‍ക്കും മതാദര്‍ശവും ആചാരവും പരിചയപ്പെടുത്താനാണ് ചോദ്യോത്തരരൂപത്തിലുള്ള ഇത്തരം കൃതികള്‍ രചിക്കപ്പെട്ടത്. എന്നാല്‍ വെള്ളാട്ടിമസ്അലയിലാകട്ടെ, ഗ്രന്ഥലക്ഷ്യം അതൊക്കെയാണെങ്കില്‍തന്നെയും മതസംബന്ധിയായ ചോദ്യങ്ങളോടൊപ്പം ശരീരശാസ്ത്രവും ഗണിതവും ജ്യോതിശ്ശാസ്ത്രവും കടന്നുവരുന്നതു കാണാം.
ഈ രണ്ടു ഗ്രന്ഥങ്ങളിലെയും മലയാള ഗദ്യഭാഷയും പ്രമേയവും താരതമ്യം ചെയ്യുന്നതിന് ഒരു ഭാഗം മാതൃകയായി താഴെ നല്‍കുന്നു
സംക്ഷേപവേദാര്‍ഥം:
നസ്രാണികളുടെ അടയാളം എതാകുന്നത്.
ശി ശുദ്ധമാന കുരിശിന്റെ അടയാളം ഗു കുരിശിന്റെ അടയാളം വരച്ചറുശുമ ചൈയ്യുന്നതെങ്ങനെ ശി വലതു കൈ നെറ്റിമേൽ വച്ച ബാവാടെ പേരെന്നു ചൊല്ലിയാതിന്റെ ശേഷം തലയിൽ നിന്ന് കൈ ഇറക്കി നെഞ്ഞത്തുംവച്ച പുത്രന്റെ പേരെന്നു ചൊല്ലുന്നു വിശേഷിച്ച രണ്ട ഉരത്തെൽ തൊട്ടു റൂഹാദക്കുദ്ശാടെ പേരെന്നു ചൊല്ലിയതിൽ പിന്നെ കൈ കൂട്ടി ആമെൻ യെന്നു ചൊല്ലുന്നു ഇവണ്ണം ബാവാടെയും + പുത്രന്റെയും + റൂഹാദക്കുദ്ശാടെയും നാമത്താൽ + ആമെൻ ഗു ഇ അടയാളത്തിൽ എന്തെല്ലാം അടങ്ങിരിക്കുന്നു.
ശി നമ്മുടെ വിശ്വാസത്തിന്റെ തലപ്പട്ടരഹസ്യങ്ങൾ രണ്ടയത് തംപുരാന്റെ ഏകസ്വരൂപവും ത്രീത്വവും എന്നാലും നാമത്താൽയെന്നമുഴി എകസ്വരൂപമായിരിക്കുന്ന ഒരുവൻ തംപുരാനെ അറിയിക്കുന്നു വിശെഷിച്ച് ബാവാടയും പുത്രന്റെയും റൂഹാദക്കുദശാടെയുംയെന്ന പെര തിരിച്ച ചൊല്ലുന്നത് കൊണ്ട തമ്പുരാന്റെ എകസ്വരൂപത്തിൽ ശുദ്ധമാന ത്രിത്വമായത മൂന്നാളുകൾ വെവ്വെറെ ഉണ്ടെന്നും അറിയാം അതല്ലാതെ നമ്മുടെ കൎത്താവാം ഈശൊമശിഹാടെ മാനുഷസ്വഭാവവും ഇതിങ്കെൽ എറ്റഭംഗപ്പാടയും മരണവും കൂടെ ശുദ്ധമാന കുരിശിന്റെ അടയാളം നമെ ഓൎപ്പിക്കുന്നു ഗു കുരിശിന്റെ അടയാളം വരക്കുന്നതുകൊണ്ട് ഉപകാരമുണ്ടൊ ശി വിശ്വാസവും ഭക്തിയുമായിവരച്ചാൽഎത്രയും വലിയ ഉപകാരമുണ്ട
വെള്ളാട്ടിമസ്അല:
ഇദിന്റെശേഷം ത്വബീബായ അറിവാളർ ചോദിച്ചാർ യേ ബെള്ളാട്ടിയെ നിന്റെ തൻഫുരാൻ ആര്. ബേദാംബർ ആര്. ഖിബ്ല യേദ്. തേർവശിയേദ്. സുന്നത്ത് യേദ്. അവൾ ഫറഞ്ഞു. യെന്റെ തൻഫുരാൻ, അല്ലാഹു യെന്നും. ബേദാംബർ മുഹമ്മദ് യെന്നും ദീൻ ഇസ് ലാമെന്നും ഇമാമു ഖുർആൻ യെന്നും ഖിബ്‌ല കഅബം യെന്നും ശർ മനഹോരം യെന്നും നേർവശി തഖ്‌വായെന്നും ഫറഞ്ഞു. ഫിന്നയും ചോദിച്ചു. തൻഫുരാൻ അല്ലാഹു യെന്ന് യെൻന്തുകൊണ്ടു അറിഞ്ഞു. ബുദ്ദികൊണ്ടുയെന്ന് സമാദാനം ഫറഞ്ഞു. ബുദ്ദിയേദാണന്നു ചോദിച്ചു. ബുദ്ദിതലച്ചോറ്റിന്റെ അകത്താകുമെന്ന് മറുഫടി. ഫിന്നയും ചോദിച്ചു. മുഹമ്മദ് ബദാംബര യെൻദ് കൊണ്ടു അറിഞ്ഞു. അവൾ ഫറഞ്ഞു. ഞാൻ ഓദിയദ്കൊണ്ടു അറിഞ്ഞു. അദിൻ ദലീൽ ബുർഹാൻ നൊട്ടാൻദ്ദിരം കൊണ്ടു അറിഞ്ഞു. ഫിന്നയും ചോദിക്കുന്നു. നിനക്കു ബിശയമായദ് യെന്താഇരിക്കും. അവൾ ഫറഞ്ഞു ശഹാദത് കലിമാ രണ്ടു ഫറള് നിസ്കാരം മുദൽ ഉൻണ്ടൻകിൽ സകാത് റമളാൻ നോംബു യെദം ഉൻണ്ടൻകിൽ ഹജ്ജു ഇങ്ങനെ അൻഞ്ച് കാരിയം ബിശയമാ ഇരിക്കും. ഫിന്നയും ഈമാൻ യെൻങ്ങനെയെന്നു ചോദിച്ചു അവൾ അല്ലാഹുനെകൊണ്ടും മലക്കുകളെ കൊണ്ടും കിതാബുകളെ കൊണ്ടും അൻബിയാക്കളെ കൊണ്ടും ഖിയാമംനാൾ കൊണ്ടും മുൻകറും വനകീറും ഖബ്റിൽ ചോദിയം ഉണ്ടെന്നും സ്വിറാത്തുഫാലം ഉൻണ്ടെന്നും ഇങ്ങനെയെല്ലാം വിശുവസിക്കുന്നദ് ഈമാൻ ആയിരിക്കും. ഫിന്നയും ചോദിച്ചു. ഈമാന്റെ ശർത യെൻദാകുന്നു. മറുപടി ഈമാന്റെ ശർത്വാകുന്നദ് അൻഞ്ചി നേരത്തെ നിസ്‌കാരം നിലനിറുത്തുന്നദും ഹറാമും ഹലാലു ബകതിരിയുന്നദും ആഇരിക്കും. ഫിന്നയും ചോദിച്ചു നിസ്ക‌ാരം യെന്ത്കൊണ്ടു നിലനിറുത്തിയദ്. സമാദാനം, മനകരം കൊണ്ടു നിലനിറുത്തിയദ് യെന്ന്‌ ഫറഞ്ഞു.
വെള്ളാട്ടി മസ്അലയിലെ ഭാഷയും ഉള്ളടക്കവും
പതിനാറാം നൂറ്റാണ്ടു മുതലേ അറബിത്തമിഴ് ലിപിയില്‍ എഴുതപ്പെട്ടിരുന്ന മസ്അല സാഹിത്യങ്ങളുടെ മാതൃക പിന്തുടര്‍ന്ന് രചിക്കപ്പെട്ട കൃതിയാണ് വെള്ളാട്ടി മസ്അല. അറബിക്കഥകളുടെ ആഖ്യാനസ്വഭാവവും കഥയുടെ വികാസഘടനയും ഈ രചനയ്ക്കുണ്ട്. അതുകൊണ്ടുതന്നെ, മലയാളത്തിലെ ആദ്യ ഫിക്ഷന്‍ എന്ന രീതിയിലും അടയാളപ്പെടുത്താവുന്ന കൃതിയാണ് ഇത്. മലയാളഗദ്യം വേണ്ടത്ര വികസിച്ചിട്ടില്ലാത്ത പതിനേഴാം നൂറ്റാണ്ടില്‍ മലയാളത്തിലെ ഗദ്യസ്വരൂപത്തെ വികസ്വരമാക്കുന്നതില്‍ അറബിമലയാള ലിപി ഉപയോഗിച്ച് മാപ്പിളമാര്‍ നടത്തിയ വിലപ്പെട്ട ശ്രമങ്ങളുടെ ഭാഗമാണ് ഈ കൃതിയും. വെള്ളാട്ടി മസ്അല ആദ്യം അച്ചടിച്ചത് എന്നാണെന്ന് വ്യക്തമല്ല. 1904 ഏപ്രില്‍ 29 ന് ചാലിലകത്ത് ഇബ്രാഹിം കുട്ടിയുടെ ആമിറുല്‍ ഇസ്ലാം അച്ചുകൂടത്തില്‍ ഇത് മുദ്രണംചെയ്തതിന്റെ പകര്‍പ്പുകളാണ് ഇന്ന് ലഭ്യമായ ഏറ്റവും പഴയ പ്രതി. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ അതിന്റെ പകര്‍പ്പുണ്ട്. (സക്കീര്‍ ഹുസൈന്‍, പേജ് – 33)
മാറ്റംവരുത്തിയ അറബി അക്ഷരങ്ങളുപയോഗിച്ച് മലയാളമെഴുതുന്ന സമ്പ്രദായമാണ് അറബിമലയാളം. ഒട്ടേറെ പരിഷ്കരണങ്ങള്‍ക്ക് വിധേയമായ ഈ ലിപിയില്‍ ആദ്യകാലത്ത് എഴുതപ്പെട്ട ഗ്രന്ഥങ്ങളില്‍, അറബിയിലില്ലാത്ത പ എന്ന സ്വനിമത്തിന് ഫ എന്ന അറബി അക്ഷരമാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഫേര് (പേര്), ഇഫ്ഫറകാരം (ഇപ്രകാരം) എന്നെല്ലാമാണ് കാണുക. കൂടാതെ മുസ്ലിം വാമൊഴിവഴക്കത്തിനോട് ചേര്‍ന്ന സ്വനഘടനയിലാണ് ഏതാണ് എല്ലാ വാക്കുകളുടെയും എഴുത്ത്. അങ്ങനെയാണ് വെള്ളാത്തി ബെള്ളാട്ടിയായി മാറുന്നത്. മാനകമലയാളവും അച്ചടിയും സ്വന്തമായ ഒരു ലിപിപോലും രൂപംകൊള്ളാത്ത ഒരു മലയാണ്മക്കാലത്ത് മലയാളമെഴുതാന്‍ മുസ്ലിംകള്‍ സ്വീകരിച്ച സവിശേഷമായ ഒരു മാര്‍ഗമായിരുന്നു അറബിമലയാള ലിപി. അക്കാരണംകൊണ്ടുമാത്രം ഈ മലയാള ഗദ്യമാതൃക ഭാഷാചരിത്രത്തില്‍നിന്ന് പുറത്താകാന്‍ അനുവദിച്ചുകൂടാ.
ചക്രവര്‍ത്തി ഹാറൂണ്‍ അല്‍ റഷീദിന്റെ കാലത്തു നടന്ന സംഭവമാണ് ഈ കൃതിയിലെ ഇതിവൃത്തം. അബ്ബാസിയ ഭരണാധികാരിയായ ഹാറൂണ്‍ അല്‍ റഷീദ് ക്രിസ്തുവര്‍ഷം 786 മുതൽ 809 വരെയാണ് അധികാരത്തിലുണ്ടായിരുന്നത്. ഇസ്‌ലാമിക ഖിലാഫത്തിന്റെ സുവർണ്ണകാലമായി ഇദ്ദേഹത്തിന്റെ ഭരണകാലം കണക്കാക്കപ്പെടുന്നു. അബൂ ശഹ്‍മ് എന്ന വ്യാപാരി തന്റെ സൗദ എന്ന അടിമപ്പെണ്ണിനെ രാജാവിന് വില്‍ക്കാനെത്തുന്നു. സൗദ എന്ന പേരിന്റെ അര്‍ഥം കറുത്തവള്‍ എന്നാണ്. കറുത്ത വര്‍ഗക്കാരി എന്നും പറയാം. രാജാവ് പേശിയ വിലയുടെ ഇരട്ടിയാണ് അബൂ ശഹ്‍മ് അവള്‍ക്ക് മതിച്ചത്. അതിനു കാരണം അവളുടെ പാണ്ഡിത്യവും ബുദ്ധിശക്തിയുമാണെന്ന് അബൂ ശഹ്‍മ് അറിയിച്ചതോടെ അതൊന്നു പരീക്ഷിക്കണമെന്നായി ഹാറൂണ്‍ അല്‍ റഷീദിന്. അദ്ദേഹം കൊട്ടാര പണ്ഡിതന്മാരെയെല്ലാം അവളുമായുള്ള പാണ്ഡിത്യപരീക്ഷയ്ക്കായി വിളിച്ചുവരുത്തി. ഖുര്‍ആന്‍, ഇസ്ലാമിക കര്‍മവിജ്ഞാനീയം, ഗണിതം, ജീവശാസ്ത്രം ജ്യോതിഷം തുടങ്ങി പല മേഖലകളില്‍നിന്ന് അവര്‍ ചോദിച്ചതിനൊക്കെ അവള്‍ മണിമണിയായി ഉത്തരമോതി. ഈ പരീക്ഷയില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും അതിന് സൗദ നല്‍കിയ ശരിയുത്തരങ്ങളുമാണ് വെള്ളാട്ടി മസ്അല എന്ന കൃതിയിലെ പ്രതിപാദ്യവിഷയം.
ചില കാര്യങ്ങള്‍ ഈ ചോദ്യോത്തര കഥയില്‍ പ്രത്യേകം സ്മരണീയമാണ്. ഒരു കീഴാള അടിമസ്ത്രീയുമായി വാദപ്രതിവാദത്തിന് സൗകര്യമൊരുക്കുകയും അവള്‍ വിജയിച്ചപ്പോള്‍ സമ്മാനങ്ങളും അഭിനന്ദനങ്ങളും നല്‍കി അവളെ അംഗീകരിക്കുകയും ചെയ്ത ഹാറൂണ്‍ അല്‍ റഷീദ് രാജാവും അതിന് തയ്യാറായ കൊട്ടാര പണ്ഡിതന്മാരുടെ സദസ്സും പതിനേഴാം നൂറ്റാണ്ടിലെ കേരളീയ സാമൂഹികവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ അനുഭവമാണ്. രണ്ടാമതായി, അറിവ് പരിശോധിക്കാനുള്ള ചോദ്യങ്ങളില്‍ ഹാറൂണ്‍ റഷീദിന്റെ പണ്ഡിതന്മാര്‍ പുലര്‍ത്തിയ വൈവിധ്യം ശ്രദ്ധേയമാണ്. അത് ഇക്കാലത്തുപോലും ചര്‍ച്ചചെയ്യപ്പെടുന്ന ബഹുതല ജ്ഞാനമേഖലകളെ (മള്‍ട്ടി ഡിസിപ്ലിനറി) ഉള്‍ക്കൊള്ളുന്നതും അവയെ പരസ്പരം ബന്ധിപ്പിക്കുന്നതുമാണ് (ഇന്റര്‍ ഡിസിപ്ലിനറി). മതവിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും അറിവുകള്‍ ചോദിച്ച് തന്നെ കീഴടക്കാന്‍ ലക്ഷ്യമിട്ടുവന്ന പണ്ഡിതശിരോമണികളോട് വെള്ളാട്ടി തിരിച്ചുചോദിക്കുന്നത് സാമൂഹികനിരീക്ഷണമടങ്ങിയ ഒരു ഗണിതപ്രശ്നമാണെന്നത് മറ്റൊരു സൂചനയാണ്. വൈജ്ഞാനിക ഭാരങ്ങളെക്കാള്‍ സ്ത്രീക്ക് ആവശ്യം പ്രായോഗിക പരിഹാരങ്ങളാണെന്നതാണ് അതിലെ വ്യംഗ്യം. ആ പരീക്ഷയിലാകട്ടെ പണ്ഡിതന്മാര്‍ തോറ്റുപോവുകയും ചെയ്യുന്നു. പുരുഷസമൂഹം തോല്‍ക്കുകയും സ്ത്രീ ഒറ്റയ്ക്കു ജയിക്കുകയും ചെയ്യുന്ന ഈ കഥയില്‍ “സ്ത്രീശാക്തീകരണത്തിന്റെ അംശങ്ങളൊന്നും കാണുന്നില്ല” എന്ന വി.സി ശ്രീജന്റെ പരാതി (സക്കീര്‍ഹുസൈന്‍ അവതാരിക. പേജ് 16) പ്രസക്തമല്ല എന്നതിന് ഇത്രയും കാര്യങ്ങള്‍തന്നെ ബലം.
കേരളീയ സാമൂഹികതയും വെള്ളാട്ടി മസ്അലയും
ഈ കൃതി രചിക്കപ്പെട്ട കാലം, രചയിതാവിന്റെ പദവി, അതിനുപയോഗിച്ച ഭാഷ, അതിന്റെ ആഖ്യാനസ്വഭാവം, കഥാഘടന, അതെഴുതപ്പെട്ട ലിപി, അതിന്റെ പ്രമേയം തുടങ്ങിയവയൊക്കെ നിര്‍ദ്ധാരണംചെയ്യുമ്പോള്‍ കിട്ടുന്ന ചില ഉപദര്‍ശനങ്ങളുണ്ട്. കേരളത്തിന്റെ അക്കാലത്തെ സാമൂഹിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങള്‍ അതില്‍ സാധ്യവുമാണ്. അവ താഴെ നല്‍കുന്നു:
1, കേരള രാഷ്ട്രീയചരിത്രം വിദേശശക്തികളുടെ അധിനിവേശത്തിന്റെ പലതരം പ്രശ്നങ്ങളില്‍ ഉഴലുന്ന കാലത്താണ് ഈ കൃതിയുടെ രചന. വ്യാപാരത്തിനും കൊള്ളയ്ക്കുമായി കപ്പലേറിവന്ന പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും തങ്ങളുടെ രാഷ്ട്രീയബലം കേരളത്തിലെ നാടുവാഴികള്‍ക്കുമേല്‍ ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം മതസാഹോദര്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സംസ്കാരം പുലര്‍ത്തിയ ജൈന – ബുദ്ധ – ഇസ്ലാം – ക്രൈസ്തവ – ജൂത – പാര്‍സി മതവിഭാഗങ്ങളുടെ സജീവസാന്നിധ്യവും അന്നത്തെ കേരളത്തിലുണ്ട്. കഠിനമായ ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന ഹിന്ദുമതത്തിനകത്ത് പുതിയ സംവാദവിഷയങ്ങള്‍ ഉന്നയിക്കാന്‍ ഈ വിദേശ മതസംഹിതകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രേവതി പട്ടത്താനത്തെപ്പോലുള്ള ബ്രാഹ്മണ്യത്തിന്റെ വൈജ്ഞാനിക പരീക്ഷകള്‍ പ്രചാരത്തിലുള്ള കാലത്ത് മുസ്ലിം വ്യക്തിയുടെ മതജീവിതം, പൊതുജീവിതം എന്നിവയെ ആശ്രയിക്കുന്ന ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കഥ അവതരിപ്പിക്കുന്നതിലൂടെ മതപരമായ തങ്ങളുടെ വ്യക്തിത്വം പ്രചരിപ്പിക്കുക എന്നതാണ് ഒരു ഖാദി ഈ കഥ അവതരിപ്പിക്കുന്നതിലൂടെ നേടുന്ന ആദ്യത്തെ രചനാലക്ഷ്യം.
2, അക്കാലത്ത് മുസ്ലിംകളാല്‍ എഴുതപ്പെട്ട രചനകളില്‍ ബഹുഭൂരിപക്ഷവും അറബിഭാഷയിലായിരുന്നു. അന്ന് അറബി ഇന്നത്തെ ഇംഗ്ലീഷിനെപ്പോലെ അന്താരാഷ്ട്ര വിനിമയഭാഷയായി ഉപയോഗിക്കപ്പെട്ടിരുന്നതുകൊണ്ട് അക്കാലത്തുതന്നെ ആഗോളസാഹിത്യത്തില്‍ ഇടപെട്ടവരായിരുന്നു കേരളീയ മുസ്ലിം പണ്ഡിതന്മാരെന്ന് നിരീക്ഷിക്കാം. കേരളചരിത്രം പ്രതിപാദിക്കുന്ന ആദ്യ രചനയായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ അറബിഗ്രന്ഥമാണല്ലോ. അറബിമലയാള ലിപിയിലുള്ള മലയാളഭാഷയിലെ എഴുത്ത് പണ്ഡിതന്മാര്‍ ഉപയോഗിച്ചത് പാമരജനങ്ങളെ ലക്ഷ്യമിട്ടാണ്. അതുകൊണ്ടുതന്നെ ആദ്യകാല മുസ്ലിം പൊതുജീവിതത്തെയും മതജീവിതത്തെയും നിര്‍ണയിച്ചത് ഇത്തരം അറബിമലയാള രചനകളായിരുന്നു. ഇന്നത്തെപ്പോലെ സ്ഥാപനവല്‍കൃതമായ മതപഠനസംവിധാനങ്ങള്‍ രൂപപ്പെട്ടിട്ടില്ലാത്ത പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ മുസ്ലിംകള്‍ക്ക് മതബോധനം നല്‍കിയിരുന്നത് അറബിമലയാളലിപിയിലുള്ള മലയാളരചനകളാണ്. ആ അര്‍ഥത്തില്‍ മുസ്ലിംകളുടെ അനുഷ്ഠാനഭാഷയായിരുന്നു അറബിമലയാളം (മോയിന്‍ മലയമ്മ. പേജ് – 263). ഒരു പൊതുസമൂഹത്തില്‍ ഇതര മതവിഭാഗങ്ങളോടുചേര്‍ന്ന് ജീവിക്കുന്ന മുസ്ലിം പുലര്‍ത്തേണ്ട ജീവിതരീതികള്‍ പഠിപ്പിക്കുക എന്ന ലക്ഷ്യം നിര്‍വഹിക്കാന്‍ കഥയുടെ ഘടനയും അറബിമലയാളലിപിയിലുള്ള മലയാളഭാഷയുമാണ് ഉപകരണമാക്കപ്പെട്ടത് എന്നത് മലയാള ഭാഷാ – സാഹിത്യ ചരിത്രത്തിലേക്കുള്ള വിലപ്പെട്ട സൂചനയാണ്.
3, ഒരു ഖാദിയാണ് ഈ കൃതിയുടെ രചയിതാവ്. അറബി ഭാഷയിലും ഇസ്ലാമിക വിജ്ഞാനീയങ്ങളിലും അപാരപാണ്ഡിത്യമുള്ള, മക്കയില്‍നിന്ന് വിദ്യഭ്യാസം നേടിയ ഒരാളാണ് ഖാദി മുഹിയുദ്ദീന്‍. മുസ്ലിം സമൂഹത്തിന്റെ മതപരവും സാമുദായികവും രാഷ്ട്രീയവുമായ ഇടപാടുകളില്‍ തീരുമാനാധികാരമുള്ള പദവിയില്‍ സാമൂതിരി രാജാവിന്റെ ആശീര്‍വാദത്തോടെ അവരോധിക്കപ്പെട്ട ആളാണദ്ദേഹം. കേരളരാഷ്ട്രീയ ചരിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാര്‍മാരുടെ നേതൃത്വത്തില്‍ മുസ്ലിംകള്‍ നേരിട്ട് ഇടപെട്ട ചരിത്രത്തില്‍നിന്ന് ഏറെ ദൂരെയല്ലാത്ത കാലത്താണ് ഖാദി മുഹിയുദ്ദീന്‍ ഈ രചന നിര്‍വഹിക്കുന്നത്. ഡച്ച് അധിനിവേശത്തിന്റെ കലുഷമായ കാലത്താണ് ഈ കൃതി എഴുതപ്പെടുന്നത്. എന്നാല്‍ ഈ കൃതിയുടെ ഉള്ളടക്കത്തിലെവിടെയും അത്തരമൊരു രാഷ്ട്രീയപശ്ചാത്തലത്തിന്റെ സൂചന കടന്നുവരുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ മറ്റൊരു സൂചന വളരെ പ്രകടവുമാണ്. കേരളത്തില്‍ നിലനിന്നിരുന്ന അടിമത്ത സമ്പ്രദായത്തെ പരോക്ഷമായി ഈ കൃതി പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ഒരു സ്ത്രീയായ അടിമസ്ത്രീയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട വിലപേശലാണ് വെള്ളാട്ടി മസ്അലയുടെ കഥാപശ്ചാത്തലം. തുച്ഛമായ വിലയക്ക് വില്‍ക്കാവുന്ന ഒരു ‘ഉരുപ്പടി’യുടെ യഥാര്‍ഥ വിലയെക്കുറിച്ചുള്ള വിചിന്തനമാണ് കഥയുടെ കാമ്പ്. മനുഷ്യരുടെ വില നിശ്ചയിക്കുന്നത് ശരീരമല്ല ആത്മാവും അറിവുമാണെന്നാണ് ഈ കഥ മുന്നോട്ടുവെക്കുന്ന പ്രധാന സാരാംശം. പതിനേഴാം നൂറ്റാണ്ടിലെ കേരളം അടിമവ്യാപാരത്തെ ആഗോളവല്‍ക്കരിച്ച കാലമായിരുന്നു. കേരളത്തിലെത്തിയ വിദേശികളില്‍ ഏറ്റവും പ്രസിദ്ധരായ അടിമവ്യാപാരികളായിരുന്നു ഡച്ചുകാര്‍. “അടിമകള്‍ അധികവും മലബാറുകാരായിരുന്നുവെങ്കിലും അവരില്‍ അധികം പേരും കയറ്റിയയക്കപ്പെട്ടത് കൊച്ചി തുറമുഖം വഴിയും ക്രിസ്ത്യന്‍ മിഷണറിമാരുടെ കാര്‍മികത്വത്തിലുമായിരുന്നു. 17ആം നൂറ്റാണ്ടില്‍ കൊച്ചി ഡച്ചുകാരുടെ അധീനതയിലായതോടെയാണ് കൊച്ചിത്തുറമുഖം അടിമവ്യാപാരത്തിന്റെ കേന്ദ്രമായി മാറിയത്.” (ബാബു പുലപ്പാടി പേജ് – 97). അടിമകളാക്കപ്പെടുന്ന കീഴാള/സ്ത്രീ ജനവിഭാഗത്തിന്റെ വിമോചനത്തിന്റെ വഴി വിജ്ഞാനാര്‍ജനമാണെന്നാണ് വെള്ളാട്ടിമസ്അല എന്ന കൃതിയുടെ ആന്തരികബോധനം.
4, ഇസ്ലാംമത വിജ്ഞാനം എന്നത് ഖുര്‍ആന്‍ പഠനം, അനുഷ്ഠാനം, വിശ്വാസം എന്നിവയില്‍ തളച്ചിടപ്പെടേണ്ടതല്ല എന്നും പ്രായോഗിക ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന ശാസ്ത്രീയ അറിവുകളെക്കൂടി സ്വാംശീകരിച്ചാല്‍ മാത്രമേ മതവിദ്യ പൂര്‍ണമാകൂ എന്നും വെള്ളാട്ടി മസ്അല സാക്ഷ്യപ്പെടുത്തുന്നു. ഗണിതത്തിന് ഈ വിജ്ഞാനപ്പരീക്ഷനല്‍കുന്ന അമിതപ്രാധാന്യം ശ്രദ്ധേയമാണ്. ശാസ്ത്രത്തിന്റെ അടിസ്ഥാനമാണ് ഗണിതം. ഖുര്‍ആനിലെ ജ്ഞാനംപോലും പരീക്ഷിക്കപ്പെടുന്നത് വെള്ളാട്ടിയോട് അതിലെ ചില കണക്കുകളെയും അക്കങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളിലൂടെയാണ്. പതിനേഴാം നൂറ്റാണ്ടിലെ ഒരു മതപണ്ഡിതന്‍ ഇക്കാര്യത്തില്‍ സമുദായത്തിനെ ബോധവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമമാണ് ഈ കഥയുടെ പൊരുള്‍. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണം നടക്കുന്ന കേരളത്തില്‍ ശക്തമായിത്തീര്‍ന്ന ഇസ്ലാമിക മതവിജ്ഞാന സ്ഥാപനങ്ങള്‍ ഈ പൊരുളിനെ കൈവിടുകയും മതത്തെയും ഭൗതികവിജ്ഞാനത്തെയും തമ്മില്‍ അകറ്റിനിറുത്തുകയും ചെയ്തു. ഇവിടെ ഒരു സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കി അറിവിനെ സ്ഥാപിച്ച ഖാദി മുഹിയുദ്ദീന്റെ പിന്‍ഗാമികള്‍ രണ്ടു നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും സ്ത്രീയുടെ അറിവിനെത്തന്നെ നിഷേധിക്കുന്ന സമുദായമായി മാറി എന്നതാണ് ചരിത്രത്തിന്റെ ഏറ്റവും വലിയ തമാശ. പത്തൊമ്പതാം നൂറ്റാണ്ടില്‍ മക്തി തങ്ങള്‍ മുതല്‍ ഇരുപതാം നൂറ്റാണ്ടിലെ ആധുനിക നവോത്ഥാന ആശയങ്ങള്‍ വരെ പിന്നീട് വീണ്ടെടുക്കാന്‍ ശ്രമിച്ചത് ഖാദി മുഹിയുദ്ദീന്‍ പതിനേഴാം നൂറ്റാണ്ടില്‍ വിഭാവനചെയ്ത ആ വെള്ളാട്ടിയുടെ ജ്ഞാനപാരമ്പര്യത്തെയാണ്.
സൂചിതകൃതികള്‍
ബാബു പുലപ്പാടി, അടിമചരിത്രം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2024
മമ്മത്കോയ പരപ്പില്‍, കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം, ഫോക്കസ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്, 2012
ഹരിദാസ് വി.വി, ഡോ., സാമൂതിരിപ്പെരുമ, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2012
സക്കീര്‍ ഹുസൈന്‍ പി. ഡോ., വെള്ളാട്ടി മസ്അല ഭാഷയും വ്യാഖ്യാനവും, ബുക് പ്ലസ്, 2018
ശ്രീജന്‍. വി.സി, വെള്ളാട്ടി മസ്അല പെണ്‍പ്രതിഭയും ഉജ്വല മാതൃക (അവതാരിക), വെള്ളാട്ടി മസ്അല ഭാഷയും വ്യാഖ്യാനവും, ബുക് പ്ലസ്, 2018
മോയിന്‍ മലയമ്മ, അറബിമലയാളത്തിലെ ഗദ്യസാഹിത്യം, അറബിമലയാളം ഭാഷ സാഹിത്യം സംഗീതം, എഡി. കെ അബൂബക്കര്‍, ഇഹ്സാനുല്‍ ഇഹ്തിസാം. ബുക് പ്ലസ്, 2025

ഡോ. ജമീല്‍ അഹമ്മദ്

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Dr Sakkeer Hussain P
Dr Sakkeer Hussain P
1 month ago

സാരവത്തായ പഠനം.

അഭിനന്ദനങ്ങൾ 🌹

1
0
Would love your thoughts, please comment.x
()
x