സിബിൻ ദാസ് മങ്കൊമ്പ്
Published: 10 November 2024 കഥ
വിഭജനം
അന്ന് ആദ്യമായാണ് ആ മനുഷ്യനൊപ്പമല്ലാതെ ഒറ്റയ്ക്ക്, തീർത്തും ഏകനായി ആ മെതിയടി ഡൽഹിയുടെ തെരുവുകളിലേയ്ക്ക് തലകുനിച്ചും പരിഭ്രമിച്ചും കടന്നുചെന്നത്. അത്രനാളും ഒരു തൂവൽകിരീടം പോലെ താൻ വഹിച്ചുകൊണ്ടുനടന്ന ഒരു വൃദ്ധശരീരം അന്ന് മെതിയടിക്കൊപ്പമുണ്ടായിരുന്നില്ല. ആ മനുഷ്യനോടൊപ്പമുള്ള തന്റെ യാത്രയിലുടനീളം ആ ശരീരത്തെ താങ്ങിനിർത്തിയ ശുഷ്കിച്ച ഇടംകാലിന്റെ വിരലിൽ കൊരുത്തുപിടിച്ച് തനിക്കൊപ്പമുണ്ടായിരുന്ന മറുപാദുകവും അന്ന് അതിന്റെകൂടെ ഉണ്ടായിരുന്നില്ല. മന:പൂർവ്വം കൂടെക്കൂട്ടാത്തതാണ്.
ജനുവരി കഴിഞ്ഞിട്ടും വിട്ടുപോവാതെ നഗരമാകെ തളം കെട്ടിക്കിടന്ന മരവിച്ച തണുപ്പിൽ ആ വൃദ്ധന്റെ കാൽച്ചൂടുകളേതുമേൽക്കാതെ
മരവിച്ചുറങ്ങിപ്പോയ ആ ഇടംകാൽമെതിയടിയെ
വിളിച്ചുണർത്താൻ മനസ്സിൽ ഉറഞ്ഞുകൂടിയ കരുണ അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ആ വയോധികനെ, ജീവിതയാത്രയിൽ ഉടനീളം അദ്ദേഹത്തിന്റെ കാലുകളെ
വഴികളിലെ മൂർച്ചകളിൽനിന്നും കാഠിന്യങ്ങളിൽ നിന്നും സംരക്ഷിക്കുക എന്ന കർമ്മത്തിന് തിരശ്ശീലവീണതിൽപ്പിന്നെ മരവിപ്പിന്റെ ശൂന്യമായ ആഴത്തിലേയ്ക്കു കൂപ്പുകുത്തിയതാണത്.
ഉണർത്തേണ്ടതില്ല.
ഒരു യുഗത്തിന്റെ തിരിയണയ്ക്കപ്പെട്ടല്ലോ.
നരച്ച ശവക്കച്ചപോലെ മഞ്ഞ് ഡൽഹിക്കുമീതെ കനത്തുകിടന്നു. മഞ്ഞിനെ വകഞ്ഞുമാറ്റിവന്ന അരണ്ട വെളിച്ചത്തിൽ തെരുവിലെ കെട്ടിടങ്ങൾ അതികായരായ ദുർഭൂതങ്ങളെ അനുസ്മരിപ്പിച്ചു.
തെരുവ് വിജനമായിരുന്നു.
പുരുഷാരങ്ങളാലും കടക്കമ്പോളങ്ങളാലും മുഖരിതമായിരുന്ന ഡൽഹി ചലനമറ്റുകിടന്നു. കത്തിക്കരിഞ്ഞ മനുഷ്യമാംസങ്ങൾക്കും തളംകെട്ടിക്കിടന്ന രക്തത്തിനും കൊള്ളിവയ്ക്കപ്പെട്ട പീടികകൾക്കും നടുവിലൂടെ ആ ഒറ്റമെതിയടി തനിയെ നടന്നു.
അവസാനനാളുകളിൽ സേവാഗ്രാം പ്രാർത്ഥനാഹാളിൽനിന്നും ‘മുത്തച്ഛൻ’ ചൊല്ലിക്കേൾക്കാറുള്ള ടാഗോറിന്റെ വരികളെ അത് ഓർത്തെടുത്തു.
‘നിങ്ങൾ പറയുന്നതവർ ചെവിക്കൊള്ളുന്നില്ലെങ്കിൽ തനിയെ നടക്കുക.’
“മുത്തച്ഛൻ!!”
ആ പാദുകം ഒരുനിമിഷം തന്റെ നടത്തം നിർത്തുകയും കണ്ണുകളുടെ പുറംവാതിൽ കൊട്ടിയടച്ച് ദീർഘമായൊന്നു നിശ്വസിക്കുകയും ചെയ്തു.
തന്റെ മാത്രം സ്വകാര്യമായൊരു അവകാശമെന്നോ അടുപ്പമെന്നോ ഇതുവരെയും ചികഞ്ഞുനോക്കാത്തൊരു ആത്മബന്ധത്തിൽനിന്നുമാണ് ആ മനുഷ്യനെ ‘മുത്തച്ഛ’നെന്നു മനസ്സിൽ വിളിച്ചുതുടങ്ങിയത്. അതിവേഗം മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും പാദങ്ങൾക്ക് പരിക്കേൽക്കാതെ കരുതലോടെ പൊതിഞ്ഞുപിടിക്കുമ്പോൾ മനസ്സിലെപ്പോഴോ കരുതിപ്പോയ തോന്നലാണത്. പിന്നീടതിനെ തിരുത്തിയില്ലെന്നു മാത്രമല്ല, ആ വിളിയുടെ ഊഷ്മളതയെ നിഗൂഢമായി ആസ്വദിക്കുകയും ചെയ്തു.
അങ്ങനെ ഓരോന്ന് ഓർത്തെടുത്തുകൊണ്ട് എത്രദൂരം നടന്നുവെന്നറിയില്ല.
ആ ഒറ്റമെതിയടി തിരിഞ്ഞുനോക്കി. ആത്മാവ് നഷ്ടപ്പെട്ട ഒരു ശവശരീരംപോലെ ബിർളാമന്ദിരം അകലെയല്ലാതെ നിശ്ചലമായി കാണപ്പെട്ടു. മനുവോ ആഭയോ ഉണർന്നിട്ടുണ്ടാവില്ല. ഇനിമുതൽ അതിരാവിലെ ഉണരേണ്ടതില്ലെന്ന് ഉറക്കമവരോട് ആവർത്തിച്ചു പറയുന്നുണ്ടാവാം. അല്ലെങ്കിൽ ആ വൃദ്ധന്റെ പ്രാർത്ഥനകളൊക്കെയും പാഴായെന്ന് ദുഃഖത്തോടെ കമഴ്ന്നുകിടന്ന് ഓർക്കുന്നുണ്ടാവാം. അതുമല്ലെങ്കിൽ ആ മനുഷ്യന്റെ ശൂന്യമായ കട്ടിൽ പൊരുത്തപ്പെടാനാവാത്ത ഒരു ദു:സ്വപ്നം പോലെ അലട്ടുന്നുണ്ടാവാം.
മനുഷ്യനുമേൽ മരണമേൽപ്പിക്കുന്ന ശൂന്യതയെക്കുറിച്ചോർത്തുകൊണ്ട് ആ മെതിയടി പിന്നെയും നടന്നു.
ജീവിതം ഒരു തീവണ്ടിയാണെന്നും മരണം അതിൽനിന്നുമുള്ള നിഷ്ക്രമവുമാണെന്ന് അത് കരുതി.
ഒരിക്കലും ഒരു യാത്രയും പൂർത്തിയാകുന്നില്ല.
മരണത്തിന്റെ അപ്രതീക്ഷിതമായ ഒരു ചങ്ങലവലിവരെ മാത്രം നീണ്ടുനിൽക്കുന്ന, അപൂർണ്ണമായ ഒന്നുമാത്രമാണത്. പിന്നെയും തീവണ്ടി മുന്നോട്ടുപോകും. മരണത്തിന്റെ സ്റ്റോപ്പിനെ മറികടന്ന്, അവശേഷിച്ച ജീവനുകളെയുംകൊണ്ട്. ഒരു ചരിത്രത്തിന്റെ തുടർച്ചയെന്നോണം.
ആ മെതിയടിയുടെ ഓർമ്മകളിലേയ്ക്ക് അതിർത്തികടന്നൊരു തീവണ്ടി വന്നുനിന്നു. ബോഗികളിൽ കുത്തിനിറയ്ക്കപ്പെട്ട ശവങ്ങളും അൽപ്പജീവനുകളും അഭയാർത്ഥികളും. വിഭജനത്തിന്റെ മുറിവിൽനിന്നും വലിച്ചെറിയപ്പെട്ട പത്തുകോടി അഭയാർത്ഥികൾ.!!
ജീവിതങ്ങൾ!
പെട്ടെന്ന് ഒരു ഞെട്ടലോടെ ആ മെതിയടി ഓർമ്മകളിൽനിന്നും കുതറിമാറി. കൊള്ളിവയ്ക്കപ്പെട്ട തെരുവിലൂടെ അതിവേഗം നടന്നു. ഭൂതകാലം അതിനുമുൻപിൽ ഒരു തിരശ്ശീലയിലെന്നപോലെ നിരന്നു.
വഴിയരികിൽ തച്ചുടയ്ക്കപ്പെട്ട ഒരു വിളക്കുകാലിന്റെ ചുവട്ടിൽ കുന്തിച്ചിരുന്ന്, മുഖം കാലുകൾക്കിടയിലേക്ക് പൂഴ്ത്തിവച്ചിരിക്കുന്ന അനക്കമറ്റ രണ്ട് ശരീരങ്ങളെ ആ മെതിയടി കണ്ടു. കനത്ത മഞ്ഞിലും കണ്ണുനീറ്റുന്ന പുകയിലും രൂപം വ്യക്തമായില്ല. മെതിയടി പതുക്കെ നടന്ന് അവർക്കരികിലേക്ക് ചെന്നു. കാഴ്ച്ചയിൽ ഇരുവരും ചെറുപ്പമാണ്. ശരീരങ്ങളിൽ ആഴമേറിയ മുറിവുകളും തീപ്പൊള്ളലുകളും. ചോരയുടെ രൂക്ഷഗന്ധം അവർക്കുചുറ്റും തളംകെട്ടിക്കിടന്നു. അവരിൽനിന്നും അടക്കിപ്പിടിച്ച കരച്ചിൽ കേൾക്കാമായിരുന്നു.
കാൽപ്പെരുമാറ്റം കേട്ടിട്ടാവണം, അവർ മുഖമുയർത്തി. വൃദ്ധന്റെ ഒറ്റപ്പാദുകം ആ മുഖങ്ങളെ തിരിച്ചറിഞ്ഞു.
*സച്ചിൻ മിത്ര.!
സ്‌മൃതീഷ് ബാനർജി!!
മെതിയടിയുടെ ഹൃദയത്തിലൂടെ ഒരു പിടച്ചിൽ കടന്നുപോയി.!
മുത്തച്ഛൻ അവസാനമായി ആദരാജ്ഞലികൾ അർപ്പിച്ച രക്തസാക്ഷികൾ.!
കൽക്കട്ടയുടെ കണ്ണീർ!
ഡൽഹിയെ പുതഞ്ഞുകിടക്കുന്ന കനത്ത മഞ്ഞിനുമീതെ കൽക്കട്ടയുടെ നിലവിളികൾക്ക് തീപിടിക്കുന്നത് ആ മെതിയടിയറിഞ്ഞു. ശൂന്യമായ തന്റെ ചുമലിൽ ഒരു വയോധികപാദം വിറകൊള്ളുന്നതറിഞ്ഞു. സ്വപ്നമേത് സത്യമേത് എന്നറിയാതെ ആ ഒറ്റമെതിയടി അവർക്കുമുൻപിൽ തളർന്നിരുന്നു. അവർ ചുമൽ ‘ശൂന്യമായ’ ആ മെതിയടിയിലേയ്ക്ക് ഉറ്റുനോക്കി.
“കരയരുത് “
ആ പാദുകത്തിൽനിന്നും പതിഞ്ഞതും ഇടറിയതുമായൊരു സ്വരം തുടർന്നും പറഞ്ഞു.
“കൽക്കട്ടയുടെ രക്തസാക്ഷിത്വത്തിനുമേൽ ഹൃദയപൂർവം തൊട്ട ആദരാജ്ഞലിക്ക് ശേഷം ആ മനുഷ്യൻ ഒടുവിൽ നിങ്ങളോടൊപ്പം കണ്ണിചേർന്നല്ലോ. “
സേവാഗ്രാമിൽ ഉയർന്നുപൊങ്ങിയ വെടിയൊച്ചകളെ ആ മെതിയടി നടുക്കത്തോടെയോർത്തു.
രണ്ടുവട്ടമാവർത്തിച്ച രാമമന്ത്രത്തെയും.!
സച്ചിൻ മിത്ര തന്റെ ചോരയും കരിയും കൂടിക്കുഴഞ്ഞ വിരലുകൾക്കൊണ്ട് ആ മെതിയടിയെ തൊട്ടുകൊണ്ട് വിതുമ്പി.
“നഷ്ടപ്പെട്ടു”
“അല്ല. ഉപേക്ഷിച്ചു” മെതിയടി പ്രതിവചിച്ചു. ആ ചെറുപ്പക്കാരന്റെ ചോരപുരണ്ട വിരലിൽ തൊട്ടുകൊണ്ട് മെതിയടി തുടർന്നു.
“ജീവിതത്തിൽനിന്നും ഇറങ്ങിപ്പോകാൻ ആ മനുഷ്യൻ എന്നേ ആഗ്രഹിച്ചിരുന്നു. ഡൽഹിയും കൽക്കട്ടയും നവഖാലിയും പഞ്ചാബ് മുഴുവനും ആ മനുഷ്യനെ അത്രകണ്ട് തോൽപ്പിച്ചുകളഞ്ഞല്ലോ…”
എത്ര തുടച്ചാലും തീരാത്ത രക്തക്കറപോലെ പത്തുകോടി അഭയാർത്ഥികളുടെയും ലക്ഷക്കണക്കിന് രക്തസാക്ഷികളുടെയും കണ്ണുനീർ അവർക്കുചുറ്റും കട്ടപ്പിടിച്ചുകിടന്നു.
ആ ഒറ്റ മെതിയടിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നത്. മുത്തച്ഛന്റെ മുഖം ഓർമ്മവന്നു. ചർക്കയിൽ വലിഞ്ഞുമുറുകുന്ന പരുത്തിയുടെ മണം. പ്രാർത്ഥനാഹാളിൽ നിറഞ്ഞുനിന്ന സംഗീതം. എല്ലാത്തിനെയും തച്ചുടച്ചുകൊണ്ട് ഉയർന്നുപൊങ്ങിയ വെടിയൊച്ച!!
ഒരുനിമിഷം കൂടി അവിടെനിന്നാൽ തന്റെ തല പൊട്ടിത്തെറിച്ചുപോകുമെന്ന് മെതിയടി ഭയപ്പെട്ടു.
അത് അവിടെനിന്നും പകച്ച് ഓടി.!!
എത്രയോടിയെന്നോ എവിടേയ്ക്ക് ഓടിയെന്നോ അതിനറിയില്ലായിരുന്നു.
ഒടുവിൽ ഉടൽതളർന്ന് ആ മെതിയടി പ്രാർത്ഥനാഹാളിന് മുൻപിൽ കുഴഞ്ഞുവീണു. ഉടലാകെ വിയർക്കുകയും തൊണ്ട വരളുകയും ചെയ്തു. അത് ദുർബലമായി തലയുയർത്തി നോക്കി.
മുന്നിൽ, പ്രാർത്ഥനാഹാളിന്റെ പടവിൽ പടിഞ്ഞിരിക്കുന്ന ഒരു വൃദ്ധന്റെ അവ്യക്തരൂപം കണ്ടു! പഴകി മങ്ങിയ വട്ടക്കണ്ണട. നെഞ്ചിൽ വെടിയുണ്ട കടന്നുപോയതിന്റെ മുറിവുകൾ.
ചോരകൊണ്ട് ചുവന്നുപോയ ഒറ്റവസ്ത്രം. ആ മനുഷ്യൻ ചിരിക്കുന്നുണ്ടായിരുന്നില്ല. പകരം തലകുനിച്ചിരുന്ന് കറയേതുമില്ലാത്ത പുതിയ പരുത്തിയിൽനിന്നും പുതിയ നൂൽനൂൽക്കാൻ ശ്രമിക്കുകയാണ്. ഇടയ്ക്കത് പൊട്ടിപ്പോകുന്നു.
കാലുഷ്യമേതുമില്ലാതെ വീണ്ടും പൊട്ടിപ്പോയ രണ്ട് നൂലറ്റങ്ങളെ ഒന്നിച്ചുകെട്ടുന്നു. പിന്നെയും പൊട്ടുന്നു.
ആ വൃദ്ധൻ വീണ്ടും വീണ്ടും അതുതന്നെ തുടർന്നുകൊണ്ടിരിക്കുന്നു.
ഏറ്റവും ശാന്തമായി. ആരോടും കലഹിക്കാതെ…
അരികിൽ ഒരു പഴയ ഗ്രന്ഥം വച്ചിരിക്കുന്നു. അതിന്റെ അകംചട്ടയിൽ ആ വൃദ്ധന്റെ കൈപ്പടയിൽ ‘അഹിംസ’ എന്ന് എഴുതിവച്ചിട്ടുണ്ടായിരുന്നു.
പതിവുപോലെ അന്നും ആ വയോധികൻ വെടിയുണ്ടകളെ കാത്തിരിക്കുകയായിരുന്നു.
പതിവുപോലെതന്നെ ഇന്നും ഒരു മനുഷ്യൻ നിറതോക്കുമായി വൃദ്ധനരികിലേയ്ക്ക് വന്നു. ആ ചെറുപ്പക്കാരന്റെ കൈയിലും വൃദ്ധന്റെ പക്കലുള്ളതുപോലൊരു ഗ്രന്ഥം കരുതിയിരുന്നു. അതിൽ പക്ഷേ, ‘അഹിംസ’ എന്ന് എഴുതിച്ചേർത്തിരുന്നില്ല.
പതിവുപോലെതന്നെ ഇന്നും ആ പ്രാർത്ഥനാഹാളിന് മുകളിലെ ആകാശത്തിൽ വെടിശബ്ദം ആവർത്തിച്ചുമുഴങ്ങിക്കേട്ടു.
*കൽക്കട്ടയില കലാപത്തിൽ രക്തദക്ഷികളായ ചെറുപ്പക്കാർ. ഗാന്ധി കൊല്ലപ്പടുന്നതിനു മുൻപുള്ള അവസാനസന്ദർശനം നടത്തിയത് ഇവരെയായിരുന്നു.
സിബിൻ ദാസ് മങ്കൊമ്പ്
ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്
മികച്ച കഥ. ചരിത്രം ഘനീഭവിച്ചു കിടക്കുന്നു. ഭാഷ കഥയുടെ രാഷ്ട്രീയത്തെ ഏറ്റവും കൃത്യമായി അടയാളപ്പെട്ടത്തുന്നതും.