
വിമീഷ് മണിയൂർ
Published: 10 May 2025 കവിത
അതൃപ്തിമാല
ആറ്റൂരിൻ്റെ മക്കളല്ല
കെ.ജി.എസ്സിൻ്റെ ക്ലാസിലല്ല
സച്ചിദാനന്ദൻ പയറ്റീട്ടില്ല
ചുള്ളിക്കാട് കുടിച്ചിട്ടില്ല
മുല്ലത്തറ*യിൽ കളിച്ചിട്ടില്ല
നേരപ്രഭു*വിൽ വെച്ചുകുത്തിയില്ല
കാണെക്കാണെ* ചാഞ്ഞുനിന്നതില്ല
കറുത്ത കല്ലാൽ* മുറിഞ്ഞിട്ടില്ല
പാട്ടുകാരേറെപ്പേർ പാടിപ്പോയി
കേട്ടിരുന്നു, കൈയ്യടിച്ചിട്ടില്ല
പെണ്ണുങ്ങളേറെ വരുന്നുണ്ട്
മിണ്ടിയിരുന്നു, കരഞ്ഞുപോയി
ഞാനോ വേറെ വഴിക്കാണ്
വീട് മാറിമാറിപ്പോക്കാണ്
എവിടെയുമേറെയിരുന്നില്ല
എങ്ങോട്ടുമേറെ നടന്നില്ല
അച്ഛനോ ബുക്ക് മറിച്ചിട്ടില്ല
അമ്മ അടുക്കളയാപ്പീസിൽ
അല്ലാതൊരൂറ്റം പറയാനില്ല
അക്ഷരമാല അതൃപ്തിമാല
വെയിലുകേറുന്ന കൊള്ളാണ്
വെള്ളത്തിലെ ചളിമീനാണ്
തങ്ങുന്ന വീടെൻ്റെ സ്ളേറ്റാണ്
ചവുട്ടന്നതൊക്കെ ഞാന്തന്നെ
സ്കൂളിലെവിടേം ചേർക്കല്ലേ
തേക്കാച്ചൊമരിലെഴുതട്ടേ
നാട്ടുകാരാണെൻ്റെ പാഠാവലി
എന്നെ നന്നാക്കാൻ നോക്കണ്ട.
*പി.രാമൻ്റെയും കൽപ്പറ്റ നാരായണൻ്റെയും പി.പി രാമചന്ദ്രൻ്റെയും എസ് ജോസഫിൻ്റെയും കവിതകളുടെ സൂചനകൾ.

വിമീഷ് മണിയൂർ
മണിയൂർ പി.ഒ കോഴിക്കോട് - 673 523 9349658538

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്
