നിധിന അശോകൻ

Published: 10 September 2025 സംസ്‌കാരപഠനം

വിനോദമാർഗങ്ങളിലെ ഉടലറിവും ഗണിതവും

ആമുഖം
മനുഷ്യർ അറിവാർജിക്കുന്നത് ഇന്ദ്രിയാനുഭവങ്ങളിലൂടെയും ബാഹ്യപരിസരങ്ങളുമായുള്ള ഇടപെടലുകളിലൂടെയുമാണ്. ഉടൽകേന്ദ്രീകൃത അറിവുകളാണ് പ്രാഥമികമായും അറിവാർജനത്തിന് നിദാനമാകുന്നത്. മനുഷ്യരുടെ ആദ്യയനുഭവങ്ങൾ രൂപപ്പെടുന്നത് ഉടലിലൂടെയാണ്. അകം പുറം , മേൽ-കീഴ് , മുൻപ്-പിൻപ് തുടങ്ങിയ അറിവുകൾക്ക് അടിസ്ഥാനം ഉടലിന്റെ സ്ഥാനാന്തരണനങ്ങളാണ്. അതുകൊണ്ടുതന്നെ സാംസ്കാരികവും സമൂഹികപരവുമായ ജ്ഞാനനിർമിതികളിൽ ഉടലറിവിന്(embodiment) സവിശേഷമായ പങ്കുണ്ട്.
മനസ്സിനും ശരീരത്തിനും പ്രായഭേദമന്യേ ആനന്ദം നല്കുന്ന വിനോദോപാദിയാണ് കളികൾ. വിനോദോപാദി എന്നതിലുപരി മനുഷ്യരുടെ വളർച്ചയെ പാകപ്പെടുത്തിയെടുക്കുന്ന അനിവാര്യമായ പ്രവർത്തിരൂപങ്ങളായി കളികൾ വർത്തിക്കുന്നു. സാമൂഹികവും മാനസികവുമായ ചലനാത്മകതയുടെ ആദിരൂപമായി കളികളെ കണക്കാക്കാം. മാനസിക ഉല്ലാസം എന്നതിനപ്പുറം അറിവുത്പാദനവും കളികളിലൂടെ സാധ്യമാകുന്നു. പൊതുവേ സങ്കീർണമായ വിഷയമായി കണക്കാക്കുന്ന ഗണിതത്തിന്റെ സാധ്യതകൾ കളികളിൽ കാണാൻ കഴിയും. ഗണിതബോധങ്ങൾ കളികളുടെ രൂപഘടനയിലും അതിന്റെ അവതരണങ്ങളിലും കടന്നുവരുന്നുണ്ട്. അബോധപരമായി ഉത്പാദിപ്പിക്കുന്ന ഇത്തരം അറിവുകൾ ഗണിതത്തിന്റെ അടിത്തറ നിർമിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു.
കളികൾക്ക് പലവകഭേദങ്ങളുണ്ട്. ദേശം, കാലം, പ്രായം, ലിംഗം,സ്വത്വം, എന്നതിനനുസരിച്ച് അതിൽ മാറ്റാം വരും. തമിഴ്നാട്ടിൽ പലതരത്തിലുള്ള കളികൾ മുതിർന്നവർ സ്ഥിരമായി കളിച്ചുവരാറുണ്ട്. നിത്യജീവിതത്തിന്റെ ഭാഗമായി ദിവസവും നിശ്ചിതസമയപരിധിയിൽ തെരുവുകളിൽ സ്ത്രീകൾ കളിച്ചുവരുന്ന മണിയാട്ടം എന്ന കളി തമിഴ്നാട് സംസ്കാരത്തിന്റെ ഭാഗമാണ്. ഇത്തരത്തിൽ തമിഴ്നാട്ടിലെ സ്ത്രീകൾ കളിച്ചുവരുന്ന കളികളും അവയുടെ സാംസ്കാരികസവിഷതകളും അവ നിർമിക്കുന്ന അറിവുകളും പഠിക്കപ്പെടേണ്ടതാണ്. ഇതിനായി തിരുവള്ളിക്കേനി പ്രദേശത്തെ കളികളാണ് പഠിക്കാൻ സ്വീകരിക്കുന്നത്. മനുഷ്യർ രൂപപ്പെടുത്തുന്ന അറിവുകളെല്ലാം ഉടലിന്റെയടിസ്ഥാനത്തിലായതുകൊണ്ടുതന്നെ ഗണിതബോധം ഉടലറിവുമായി ബന്ധപ്പെട്ടതാണെന്നും ഗണിതത്തിന്റെ പലശാഖകളും ലക്ഷകങ്ങളുടെയടിസ്ഥാനത്തിൽ നിർണയിക്കപ്പെട്ടതാണെന്നും ജോർജ്ജ് ലക്കോഫ് പറയുന്നു. കളികളിലൂടെ അബോധപരമായി വിനിമയം ചെയ്യപ്പെടുന്ന ഗണിതലക്ഷകങ്ങളും അവ അബോധപരമായി നിർമിച്ചെടുക്കുന്ന ജ്ഞാനമണ്ഡലങ്ങളും ഉടലറിവിന്റെയും ധൈഷണികഭാഷാശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ പഠിക്കാൻ ശ്രമിക്കുകയാണ് പ്രബന്ധം ചെയ്യുന്നത്.
കീലപദങ്ങൾ
അറിവ്- ഉടലറിവ് -കളികൾ-ഗണിതലക്ഷകം- ഗണിതം- ധൈഷണികഭാഷാശാസ്ത്രം
ധൈഷണികതയും അറിവുത്പാദനവും
ഇന്ദ്രിയാനുഭവം, ചിന്ത, അനുഭവങ്ങൾ എന്നിവയിലൂടെ മനുഷ്യർ ആർജിച്ചെടുക്കുന്ന അറിവാണ് ധൈഷണികം എന്നതുകൊണ്ട് പൊതുവെ വിവക്ഷിക്കപ്പെടുന്നത്. ഓർമ, തിരിച്ചറിവ്, സ്മരണ, ചിന്ത, പഠനം, ധാരണ, ഭാവന, യുക്തിചിന്ത തുടങ്ങിയ ബൗദ്ധികവ്യവഹാരങ്ങളൊക്കെയും ഇതിൽപ്പെടുന്നു. മനുഷ്യർ ആർജിച്ചെടുക്കുന്ന അനുഭവങ്ങൾ അറിവുനിർമാണപ്രക്രിയകളുടെ സംവേദനമാധ്യമമായി മാറുന്നു. ആശയസ്വീകരണം, ആശയഗ്രഹണം, ആശയരൂപീകരണം എന്നിവ ഇത്തരത്തിൽ സാധ്യമാകുന്നു. ധൈഷണികഭാഷാശാസ്ത്രത്തിന്റെ പരികല്പനകളിൽ പ്രധാനപ്പെട്ടതാണ് ലക്ഷകം(Metaphor). ഒന്നിനെ മറ്റൊന്നുമായി സങ്കൽപ്പനം ചെയ്യുന്നതിലൂടെ ആശയഗ്രഹണം നേടുകയാണ് ലക്ഷകവിശകലനത്തിലൂടെ ചെയ്യുന്നത്. ലക്ഷകത്തിന് രണ്ടുതലമുണ്ട്. സ്രോതതലവും ലക്ഷ്യതലവും. വാച്യാർഥമാണ് സ്രോതതലം. ലക്ഷ്യതലത്തിൽ വാച്യാർഥത്തിന്റെ സത്ത ആവിഷ്കരിക്കുന്നു. ലക്കോഫ് ലക്ഷകങ്ങളെ ലക്ഷ്യപരം, സത്താപരം, ഘടനാപരം എന്നിങ്ങനെ മൂന്നായി തരംതിരിക്കുന്നു. സ്ഥലദൂരങ്ങളെയാണ് ലക്ഷ്യലക്ഷകങ്ങളിലൂടെ അവതരിപ്പിക്കുന്നത്. അകം-പുറം, മേൽ-കീഴ്, മുൻ-പിൻ, കേന്ദ്രം-ഉപരിപ്ലവം എന്നിങ്ങനെയാണ് സ്ഥലദൂരങ്ങളെ മനസ്സിലാക്കുന്നത്. സത്താപരത്തിൽ പ്രധാനമായും വരുന്നത് പാത്രലക്ഷകങ്ങളാണ്. ലക്ഷകത്തിലൂടെ വിശാലമായ അർഥസാധ്യതകൾ കണ്ടെത്താൻ കഴിയുന്നു. ഉടലറിവുമായി ബന്ധപ്പെടുത്തിയുള്ള ലക്ഷകവിശകലനം ഉടലും അറിവും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു.
കളികളും സാംസ്കാരികസവിശേഷതകളും
മനുഷ്യരുടെ വികാസഘട്ടങ്ങളിൽ ആവിർഭവിച്ച മാനസികോല്ലാസവിനോപാദിയാണ് കളികൾ. ആദിമമനുഷ്യർ നിശ്ചിതപരിധിക്കുള്ളിൽ കൂട്ടത്തിനകത്ത് സമയം ചിലവഴിക്കാൻ വേണ്ടിരൂപപ്പെടുത്തിയത് പിന്നീട് അകം കളികൾ പുറം കളികൾ എന്നിങ്ങനെ ഭിന്നിക്കുകയും കളിനിയമങ്ങളുടെ ആവിർഭാവത്തിന് കാരണമാകുകയും ചെയ്തു(42, വിഷ്ണുനാരായണൻ നമ്പൂതിരി). വിനോദം, നേരംപോക്ക്, ആട്ടം എന്നിങ്ങനെയാണ് ശബ്ദതാരാവലിയിൽ കളികൾക്ക് നല്കിയിട്ടുള്ള അർഥങ്ങൾ. ശാരീരികവും മാനസികവുമായ ചലനാത്മകത കളികൾ പ്രദാനം ചെയ്യുന്നുണ്ടെന്നതുകൊണ്ട് അത് മനസ്സിന് ഉന്മേഷവും ആനന്ദവും നല്കുന്നു. പ്രായഭേദമന്യേ എല്ലാവരെയും ആഹ്ലാദിപ്പിക്കുക എന്നത് കളിയുടെ പ്രധാനധർമ്മമാണ്. ഒന്നിൽ തന്നെ ഉറച്ചുനിൽക്കാതെ മാറിമാറിവരുന്ന ചലനസ്വഭാവം മനസ്സിനേയും ശരീരത്തെയും ഉണർച്ചയോടെ നിലനിർത്താൻ സഹായിക്കുന്നു. വിനോദം എന്നതിലുപരിയായി മറ്റനേകം ധർമ്മങ്ങൾ കളികൾക്കുണ്ട്. ബൗദ്ധികപരമായ വികാസത്തിന് കാരണമാകുന്ന കളികളും നിലനില്ക്കുന്നു. ആലോചനയ്ക്കും ബുദ്ധിപരമായ ഇടപെടലിനുമുള്ള സാധ്യതകൾ അത്തരം കളികൾ മുന്നോട്ട് വയ്ക്കുന്നു. അകം കളികൾ പൊതുവേ ചിന്താശേഷി കൂടുതൽ ആവിശ്യപ്പെടുന്നവയാണ്. പ്രായം ,ദേശം, ലിംഗം എന്നിങ്ങനെ വ്യതിരിക്തതകളില്ലാതെ മനുഷ്യർ കളികൾ സ്വീകരിക്കുന്നു. എന്നാൽ ഈ വ്യതിരിക്തതകൾ കളികളിൽ പ്രകടമാകാറുണ്ട്. ദേശത്തിനനുസരിച്ച് കളിയുടെ സ്വഭാവവും രീതികളും മാറുന്നു.
നാടൻ കളികളും സ്ത്രീകളും
പലതരത്തിലുള്ള കളികൾ സമൂഹത്തിൽ നിലനില്ക്കുന്നുണ്ട്. കളികളിൽ പലതരത്തിലുള്ള വകഭേദങ്ങൾ കാണാൻ സാധിക്കും. അകം കളികൾ, പുറം കളികൾ എന്നിങ്ങനെ വേർതിരിവ് കളികളിൽ കാണാം. അകത്തുനിന്ന് കളിക്കുന്ന കളികളാണ് അകം കളികൾ. പുറത്തോ മൈതാനത്തോ വച്ച് കളിക്കുന്നതാണ് പുറം കളികൾ. സ്ത്രീകൾ പൊതുവേ അകം കളികളാണ് കളിക്കാറുള്ളത്. തമിഴ് നാട്ടിലെ ചില തെരുവുകളിലും ഗ്രാമങ്ങളിലും അകം കളികൾ പ്രായഭേദമന്യേ സ്ത്രീകൾ പുറത്തിരുന്ന് കളിച്ചുവരുന്നു. അകം പുറം എന്നിങ്ങനെയുള്ള വ്യവഛേദങ്ങളെ അപനിർമിച്ചുകൊണ്ടാണ് അകം കളികൾ പുറത്തിരുന്ന് മുതിർന്ന സ്ത്രീകൾ നിശ്ചിതസമയങ്ങളിൽ കളിച്ചുവരുന്നത്. ഇടം എന്ന സങ്കൽപ്പത്തെ ഇത് പുനർനിർമിക്കുന്നു. വർഗം, ജാതി ,പ്രദേശം എന്നിവ ഇത്തരം കളികളെ സ്വാധീനിക്കുന്നു. തിരുവള്ളിക്കേനിയിലെ സ്ത്രീകൾ കളിക്കുന്ന കളികളിൽ ഉൾചേർന്നിരിക്കുന്ന ഗണിതത്തിന്റെ സ്വഭാവികസ്വാംശീകരണവും പ്രയോഗവും ഉടലറിവിലിന്റെയും ലക്ഷത്തിന്റെയും അടിസ്ഥാനത്തിൽ പഠിക്കാൻ ശ്രമിക്കുകയാണ് പ്രബന്ധത്തിലൂടെ ചെയ്യുന്നത്.
മണിയാട്ടം

ആറോ അതിൽകൂടുതലോ സ്ത്രീകൾ വട്ടത്തിലിരുന്ന് കളിക്കുന്ന നാടൻകളിയാണ് മണിയാട്ടം. മണികൾ വച്ചാണ് കളി കളിക്കുന്നത്. തിരുവള്ളിക്കേനി ഭാഗത്ത് കൃത്യം 4 മണിമുതൽ 6 മണിവരെ പണം വച്ച് മത്സരം പോലെ ഈ കളി സ്ത്രീകൾ കളിച്ചുവരുന്നു. കളിയിൽ പങ്കെടുക്കാൻ വേണ്ട മണികൾ(beads) പങ്കെടുക്കുന്നവർ വാങ്ങികൊണ്ടുവരണം. വൃത്താകൃതിയിൽ ഇരിക്കുന്ന സ്ത്രീകൾക്കിടയിൽ ഒരാൾ മണികൾ സാരി തുമ്പിനുള്ളിൽ നിന്നും പ്രത്യേകരീതിയിൽ മുമ്പിൽ വിരിച്ചിട്ട തുണിയിലേക്ക് ഒന്നൊന്നായി എറിയുന്നു. കളിക്കാർക്ക് നിശ്ചിതനിറത്തിലുള്ള മണികൾ നല്കിയിട്ടുണ്ടാകും. എറിയുന്ന മണികളിൽ നിന്നും അവരവർക്ക് വേണ്ട നിറമോ ആകൃതിയോ ഉള്ള മണികൾ കളിക്കാർ ശേഖരിക്കുന്നു. ഒരുപോലുള്ള 10 മണികൾ ലഭിക്കുക ആണെങ്കിൽ കളിയിൽ വിജയിക്കുന്നു. സാമാനത്വം എണ്ണത്തിൽ മാത്രമല്ല ചിലപ്പോൾ മണികളുടെ ആകൃതിയുടെ അടിസ്ഥാനത്തിലും നിർണയിക്കപ്പെടുന്നു. പല ഘട്ടങ്ങളിലായി ഈ കളി തുടരുന്നു.
മണിയാട്ടം സാംസ്കാരികസവിശേഷതകൾ
തമിഴ്നാട്ടിലെ സ്ത്രീകൾ മാത്രമാണ് ഈ നാടൻകളി കളിച്ചുവരുന്നത്. സാമൂഹികപരമായ കൂട്ടായ്മ നിലനിർത്താൻ സഹായിക്കുന്ന ഈ കളിക്ക് പ്രത്യേകചരിത്രം അവകാശപ്പെടാനില്ല. തലമുറകളായി വാമൊഴിയിലൂടെ ഇതിന്റെ നിയമങ്ങൾ കൈമാറിവരുന്നു. ഈ നാടൻകളി എല്ലാവർക്കും സ്വീകാര്യമല്ല. പ്രദേശങ്ങൾക്കും വിഭാഗങ്ങൾക്കും അടിസ്ഥാനത്തിൽ ഇതിന്റെ സ്വീകരണത്തിൽ മാറ്റം വരുന്നു. സവർണഅധീശത്വമുള്ള പ്രദേശങ്ങളിൽ ഈ കളിക്ക് അത്ര സ്വീകാര്യതയില്ല. കളികളുടെ തിരഞ്ഞെടുപ്പിനെ ജാതി സ്വാധീനിക്കുന്നത് ഇതിൽ നിന്നും മനസിലാക്കാൻ കഴിയും.


മണിയാട്ടവും ഗണിതവും: അറിവിന്റെ അബോധപരമായ സ്വീകരണം
സാധാരണക്കാരായ തിരുവള്ളിക്കേനിയിലെ സ്ത്രീകളാണ് മണിയാട്ടം കളിച്ചുവരുന്നത്. കളിയിൽ സ്ത്രീകൾ വൃത്താകൃതിയിലാണ് ഇരിക്കുന്നത്. ഒരു കേന്ദ്രബിന്ദു അല്ല ഇവിടെ കളിയെ നിയന്ത്രിക്കുന്നത്. മണി ഇടുന്ന സ്ത്രീയും മറ്റുസ്ത്രീകൾക്കൊപ്പം അതിർത്തിയിൽ ഇരിക്കുന്നു. ആദ്യഘട്ടത്തിൽ 10 മണികൾ ഒന്നിച്ച് ഇടുന്നു. ഓരോ ഘട്ടത്തിലും ഇടുന്ന മണികളിൽ നിന്നും ശേഖരിക്കുന്ന കൂട്ടത്തിൽ ഒരുപോലെ 5 മണികൾ ലഭിക്കുന്നവരാണ് വിജയി. എണ്ണൽ എന്ന അടിസ്ഥാനഗണിതശാസ്ത്രപാഠം ഇവിടെ പ്രയോഗിക്കപ്പെടുന്നു. ശ്രേണികൾ, ജ്യാമിതീയരൂപങ്ങൾ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാനയറിവ് രൂപീകരിക്കപ്പെടുന്നു. വസ്തുക്കളെ ശേഖരിക്കുകയാണ് കളിയിൽ ചെയ്യുന്നത്. സങ്കലനം എന്ന പ്രക്രിയ ഇവിടെ സാധ്യമാകുന്നു. അബോധപരമായി കണക്കിന്റെ അടിസ്ഥാനാപാഠങ്ങൾ കളിയിലൂടെ പങ്കുവെക്കപ്പെടുന്നു.
മണിയാട്ടം: ലക്ഷകവും ഉടലറിവും
അനുഭവങ്ങളിലൂടെയാണ് പൊതുവേ മനുഷ്യർ അറിവുരൂപപ്പെടുത്തുന്നത്. ഇന്ദ്രിയാനുഭവങ്ങൾ അറിവുനിർമാണപ്രക്രിയയുടെ ഭാഗമാകുന്നു. കളികളിലൂടെ ഇത്തരത്തിൽ അറിവുരൂപീകരണം നടക്കുന്നുണ്ട്. നിശ്ചിതഎണ്ണം സമാനമായ മണികൾ ലഭിക്കുന്ന ആളാണ് വിജയി. മണിയുടെ ശേഖരണമാണ് കളിയിലുടനീളം നടക്കുന്നത്. അങ്കഗണിതത്തിൽ വസ്തുക്കളുടെ ശേഖരണം എന്നത് സങ്കലനം എന്ന ലക്ഷകമാണ്. സങ്കലനം വിജയമാണ് എന്ന സങ്കൽപ്പവും ഇതിലൂടെ കാണാൻ കഴിയുന്നു.
ഒരു പാത്രത്തിൽ നിന്ന് മറ്റുപാത്രങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുന്ന പോലെയാണ് കളിയുടെ രീതി. സെറ്റ് എന്ന ഗണിതത്തിന്റെ സാധ്യത ഇവിടെ കാണാൻ സാധിക്കും. മണികൾ വിതരണം ചെയ്യുന്ന ആൾ സെറ്റ് ഉം അത് ശേഖരിക്കുന്ന സ്ത്രീകളുടെ ശേഖരങ്ങൾ അതിന്റെ ഉപഗണങ്ങളുമാണ്(subset). സെറ്റ് എന്ന ഗണിതസങ്കൽപ്പം പാത്രവ്യവസ്ഥയാണ്. ഉടൽ പാത്രമാണ് എന്ന ഉടലറിവിന്റെ അടിസ്ഥാനത്തിലാണ് ഇത് നിർണയിക്കപ്പെടുന്നത്. പാത്രത്തിൽ നിന്ന് മണികൾ എടുത്ത് പാത്രത്തിലേക്ക് എടുത്തുവയ്ക്കുന്നതുപോലെയാണ് കളിയുടെ ഘടന.ഉടലറിവ് കളിയെ സ്വാധീനിക്കുന്നുണ്ട്.
ദായം

രണ്ടോ നാലോ പേർക്ക് കളിക്കാവുന്ന കളിയാണ് ദായം. പ്രത്യേകമായി വരച്ചുണ്ടാക്കിയ ചതുരാകൃതിയിൽ ഉള്ള ബോർഡിൽ കളങ്ങൾ വരയ്ക്കുന്നു. കളിക്കുന്ന ആൾക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള കരുക്കൾ ഉണ്ടാകും . രണ്ടുദായക്കട്ട ഉരുട്ടി അതിലെ സംഖ്യകൾ കൂട്ടി അതിനനുസരിച്ച് ചലിച്ച് തുടക്കത്തിൽ തന്നെ എത്തുന്നതാണ് കളിയുടെ രീതി. ലക്ഷ്യമാർഗത്തിൽ എതിരാളിയുടെ കരുക്കൾ ഉണ്ടെങ്കിൽ അതിനെ വെട്ടാൻ കഴിയും. തിരിച്ച് ലക്ഷ്യസ്ഥാനത്തിലെത്തുന്നതിന് മുമ്പ് എതിരാളിയുടെ ഒരു കരുവെങ്കിലും വെട്ടിയില്ലേൽ ലക്ഷ്യസ്ഥാനത്തേക്ക് കയറാൻ കഴിയില്ല.
ദായവും ഗണിതബോധവും
ദായം കളിക്കാനുള്ള കളിക്കളം ഗണിതമാതൃകയാണ്. ചതുരത്തിലും വൃത്തത്തിലുമുള്ള കളങ്ങളാണ് ബോർഡിൽ ഉള്ളത്. ഓരോ കളത്തിൽ കൂടി ചലിച്ചാണ് കരുക്കൾ ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദായകട്ട ഉരുട്ടിയാണ് കരുക്കൾക്ക് ചലിക്കേണ്ട കളങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. ദായകട്ട രണ്ട് എണ്ണം ഉണ്ടാകും. രണ്ടിലും മൂന്നുബിന്ദുക്കൾ ഉണ്ടാകും. രണ്ടുദായകട്ടകളും ഒന്നിച്ചിട്ട് അതിൽ കാണുന്ന ബിന്ദുക്കൾ കൂട്ടിയാണ് കരുക്കളെ മുന്നോട്ട് വയ്ക്കുന്നത്. 1,6,5,12 എന്നീ ബിന്ദുക്കൾ വന്നാൽ വീണ്ടും കളിക്കാൻ അവസരം ഉണ്ട്. 2,3,4 ആണ് വരുന്നതെങ്കിൽ എതിരാളിക്ക് ദായകട്ടകൾ കൈമാറണം. ഇവിടെ രണ്ടുദായകട്ടകൾ കൂട്ടികിട്ടുന്ന സംഖ്യയിലൂടെയാണ് കരുക്കളെ നീക്കുന്നത്. സങ്കലനം എന്ന ഗണിതപാഠത്തെ അബോധപരമായി സംവേദനം ചെയ്യാൻ ഈ കളിയിലൂടെ സാധിക്കുന്നു. സംഖ്യകൾ കൂട്ടി കൂട്ടി മുന്നോട്ട് പോകുന്നു. സങ്കലനം വിജയമാണ് എന്ന സങ്കൽപ്പവും ഇതിലൂടെ ലഭിക്കുന്നു. ദായകട്ടകൾ ഉരുട്ടി സംഖ്യകൾ കണ്ടെത്തുന്നതിലൂടെ സാധ്യതാഗണിതത്തിന്റെ(probability)അടിസ്ഥാനപാഠങ്ങളും കളിക്കാർക്ക് ലഭ്യമാകുന്നു.
ദായം കളിയിലെ ലക്ഷകവും ഉടലറിവും
ലക്ഷ്യലക്ഷകമാണ് ദായം കളിയിൽ കാണാൻ കഴിയുക. ഒരു തുടക്കവും ഒടുക്കവും അതിൽ കാണാൻ കഴിയും. തുടക്കത്തിൽ നിന്നും മുന്നോട്ട് സഞ്ചരിച്ച് ഒടുക്കത്തിലേക്ക് എത്തുന്ന വർത്തുളചലനമാണ് കാണാൻ കഴിയുന്നത്. വിജയം എപ്പോഴും മുന്നോട്ടും പരാജയം പിന്നിലോട്ടും ആണെന്ന സങ്കൽപ്പനം ഇവിടെ കാണാൻ കഴിയും. മുൻ പിൻ സങ്കൽപ്പങ്ങൾ ഉടലറിവിന്റെ അടിസ്ഥാനത്തിലാണ് സങ്കൽപ്പിക്കപ്പെടുന്നത്. ഉടലറിവിന്റെ സ്വാധീനവും കളിയിൽ കാണാം. മുന്നിലുള്ള എതിരാളിയെ വെട്ടുക എന്ന സങ്കൽപ്പവും ഉടലറിവിൽ നിന്നാണുണ്ടാകുന്നത്. എതിരാളിയാൽ വെട്ടപ്പെടുമ്പോൾ പുറപ്പെട്ട ഭാഗത്ത് തന്നെ തിരിച്ചെത്തുന്നു. പരാജയം പിന്നിലോട്ടാണ് എന്ന ലക്ഷകം ഇവിടെ പ്രയോഗിക്കപ്പെടുന്നു. ഇവിടെ ഗണിതത്തിന്റെ വ്യവകലനം എന്ന സങ്കൽപ്പനവും കാണാൻ സാധിക്കും. ഒരു പാത്രത്തിൽ നിന്ന് കരുക്കൾ സഞ്ചരിച്ച് മറ്റൊരു പാത്രത്തിലേക്ക് ശേഖരിക്കപ്പെടുന്നതുപോലെയാണ് കരുക്കളുടെ ചലനം. ഈ കളിയിൽ വിജയപരാജയങ്ങൾ നിർണയിക്കുന്നത് ഗണിതത്തിന്റെയും ഉടലറിവിന്റെയും അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാം.
പരമപാഠസോപാനം

തമിഴ്നാട്ടിൽ പരമ്പരാഗതമായി കൈമാറിവന്നിരുന്ന കളിയാണ് പരമപീഠസോപാനം. ഹൈന്ദവവിശ്വാസവുമായി ഏറെ ചേർന്ന് നിൽക്കുന്ന ഈ കളി ജൈനരാണ് കൊണ്ടുവന്നത് എന്ന് വാദമുണ്ട്. ആത്മീയമായ സ്ഥലമാണ് പരമപീഠസോപാനം. മനുഷ്യർ ജീവിതത്തിന്റെ പ്രതിസന്ധികൾ തരണം ചെയ്ത് ആത്മീയമായതലത്തിലേക്ക് എത്തിച്ചേരുന്നു എന്ന സങ്കൽപ്പത്തിൽ നിന്നാണ് ഈ കളി രൂപംകൊണ്ടത്. രണ്ടോ നാലോ ആളുകൾക്കാണ് ഒരേസമയം ഇതിൽ കളിക്കാൻ കഴിയുന്നത്. 100 ൽ കൂടുതലുള്ള കളങ്ങൾ ബോർഡിൽ ഉണ്ടാകും. പേടയി എന്ന് വിളിക്കുന്ന 5 കരുക്കൾ വരെ മത്സരിക്കുന്ന ആളുകളുടെ കയ്യിൽ ഉണ്ടാകുന്നു. എല്ലാ കരുക്കളെയും വിജയസ്ഥാനത്തെത്തിക്കുക എന്നതാണ് കളിയുടെ രീതി. ആദ്യം പരമപാഠകളത്തിൽ എത്തുന്ന ആൾ വിജയിക്കുന്നു. മൂന്നുമൂന്നു സംഖ്യകൾ ഉള്ള ദായകട്ടകൾ ഉരുട്ടുമ്പോൾ കിട്ടുന്ന സംഖ്യകൾ കൂട്ടി സംഖ്യകൾക്കനുസരിച്ച് കരുക്കൾ നീക്കുന്നതാണ് കളിയുടെ രീതി. പാതയിൽ പാമ്പുകളും ഏണികളും ഉണ്ടാകുന്നു. പാമ്പിന്റെ തലഭാഗത്ത് കരു എത്തുമ്പോൾ തുടങ്ങിയ ഇടത്തേക്ക് തന്നെ തിരിച്ചെത്തുന്നു. കോണിയുടെ തുടക്കത്തിലാണ് എത്തുന്നതെങ്കിൽ കോണികേറി മുകളിലെത്താം. അവസാനകളത്തിൽ ആദ്യമെത്തുന്നയാൾ ജയിക്കുന്നു. ഇതാണ് കളിയുടെ പൊതുരീതി.
ഗണിതവും പരമപാഠസോപാനവും
കളിയുടെ രീതിതന്നെ ഗണിതബോധത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ കളി അറിവുനിർമിക്കുന്നതിന് കാരണമാകുന്നുണ്ട്. ദായകട്ടയിലെ രണ്ടുസംഖ്യകളും കൂട്ടി ആണ് സഞ്ചരിക്കാനുള്ള സംഖ്യ കണ്ടുപിടിക്കുന്നത്. സങ്കലനം എന്ന പ്രക്രിയ അറിയാത്ത ആർക്കും ഈ കളിയിൽ പങ്കെടുക്കാൻ സാധിക്കില്ല. ഓരോ കളിയും സങ്കലനതത്വത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്. കളിക്കിടയിൽ പാമ്പിന്റെ ഭാഗത്തെത്തുമ്പോൾ വ്യവകലനം സംഭവിക്കുന്നു.
ഗ്രാഫ് തിയറി
വരകളാൽ ബന്ധിപ്പിച്ചിരിക്കുന്ന ബിന്ദുക്കളുടെ ശൃംഖലകളെകുറിച്ചുള്ള പഠനമാണ് ഗ്രാഫ് തിയറി.

ഇവിടെ ലക്ഷകസങ്കൽപ്പത്തിനനുസരിച്ച് പരിശോധിക്കുമ്പോൾ ലക്ഷ്യലക്ഷകമാണ് പരമപാഠസോപാനം എന്ന കളിയിലുള്ളത് എന്നുപറയാം. ഒരു തുടക്കത്തിൽ നിന്ന് പുറപ്പെടുന്നു. ഒരു ഒടുക്കം അഥവാ വിജയസ്ഥാനം ഉണ്ട്. യാത്രയ്ക്കുവേണ്ടിയുള്ള പാതയാണ് ബോർഡിലെ ഓരോ നിരയും. സമചതുരകട്ടയുടെ നീക്കത്തിനനുസരിച്ച് താല്കാലികസ്ഥാനത്തുനിന്നും കരു അടുത്ത സ്ഥാനത്തേക്ക് യാത്ര ചെയുന്നു. വിജയം ഉയർച്ചയും തോൽവി താഴ്ച ആണെന്നുമുള്ള ലക്ഷകപരികല്പനയും ഇവിടെ കാണാൻ കഴിയും. കോണി കേറി വിജയത്തിലേക്കെത്തുന്നത് വിജയം ഉയർച്ചയാണ് എന്ന സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലാണ്. പാമ്പിന്റെ വായിലാകുമ്പോൾ താഴേയ്ക്ക് പോകുന്നു. ഇവിടെ താഴ്ച പരാജയമാണ് എന്ന സങ്കൽപ്പത്തിന് സാധുത ലഭിക്കുന്നു. കളങ്ങളിൽ ഏറ്റവും വലിയ സംഖ്യയിലെത്തുമ്പോഴാണ് മത്സരിക്കുന്നയാൾ വിജയിക്കുന്നത്. ഇവിടെ വലുത് വിജയവും ചെറുത് പരാജയവുമാണെന്ന് കാണുന്നു. കളിയുടെ രീതി എന്നത് കുറച്ചുംകൂട്ടിയും ഗണിതപ്രക്രിയകളിലൂടെ ചലിക്കുക എന്നതാകുന്നു.
മുൻ പിൻ എന്നീ സങ്കൽപ്പങ്ങളും കളിയിൽ കാണാം. മുന്നോട്ട് പോകുന്നത് വിജയിക്കാനാണ്. ഉടലറിവിന്റെ അടിസ്ഥാനത്തിലാണ് ഈ അറിവ് ലഭിക്കുന്നത്. കരു എന്നതിന് ഉടലുമായി ചേർത്ത് വായിച്ചാണ് പാമ്പുകടിയേൽക്കുമ്പോൾ താഴേയ്ക്ക് പോകുന്നതും ഏണിയിലൂടെ കയറാൻ കഴിയുന്നതും. കയറ്റം വിജയമാണ് ഇറക്കം പരാജയമാണ് എന്ന സങ്കൽപ്പവും ഇതിൽ കാണാൻ കഴിയും.
ആടുപുലിയാട്ടം

പല്ലാംകുഴി, ആടുപ്പുലിയാട്ടം തുടങ്ങിയ കളികളും ഇത്തരത്തിൽ ഗണിതത്തിന്റെയും ഉടലറിവിന്റെയും സാധ്യതകൾ കാണാൻ കഴിയും. കളികളിലൂടെ അബോധപരമായി അറിവ് നിർമിക്കപ്പെടുന്നതെങ്ങനെയെന്ന് ഇതിലൂടെ മനസ്സിലാകുന്നു. വിനോദം എന്നതിലുപരിയായി അറിവാർജനമാർഗമായും കളികൾ വർത്തിക്കുന്നു.
ഉപസംഹാരം
സ്ത്രീകൾ കളിക്കുന്ന കളികൾ പൊതുവെ ശ്രദ്ധിക്കപ്പെടാറില്ല. തിരുവള്ളിക്കേനിയിലെ സ്ത്രീകൾ വിനോദോപാദിയായി കളിച്ചുവരുന്ന പല കളികളിലൂടെയും ഗണിതത്തിന്റെ പ്രായോഗികപാഠങ്ങൾ വിനിമയം ചെയ്യപ്പെടുന്നുണ്ട്.
പ്രകടമായി ഗണിതത്തിന്റെ സാധ്യതകൾ മുന്നോട്ടുവയ്ക്കാത്ത കളികളിലും അബോധപരമായി ഗണിതബോധങ്ങൾ കടന്നുവരുന്നു
ഉടലറിവിന്റെ അടിസ്ഥാനത്തിലാണ് പലകളിയിലും അറിവ് നിർമിക്കപ്പെടുന്നതും പ്രയോഗിക്കപ്പെടുന്നതും
സഹായകഗ്രന്ഥങ്ങൾ
ഗിരീഷ്, പി. എം.2012. അറിവും ഭാഷയും. തിരുവനന്തപുരം: കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്.
ഗിരീഷ്, പി. എം. 2023. സാഹിത്യവായനയുടെ ജീവശാസ്ത്രം. തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല.
വിഷ്ണുനാരായണൻ നമ്പൂതിരി, എം. വി. 2015. നാടൻകളികളും വിനോദങ്ങളും.തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്യൂട്ട്
സുഹാസിനി, എ. സി. 2018. ആശാന്റെ ലീല ലക്കോഫിന്റെ വായന. കോഴിക്കോട്: ഇൻസൈറ്റ് പബ്ലിക്ക.
Lakoff, George & Mark Johnson. 2003. Metaphors We Live By. Chicago: University of Chicago Press.
Lakoff, Geroge and Nunez, Rafael. 2000. Where Mathematics Comes From. New York: Basic Books
https://youtu.be/8fIyyZQSjtI?si=yj4qphUf3Sw72dQj
https://socialscienceresearch.org/index.php/GJHSS/article/view/102028/3-Tribute-to-Traditional-Children_html

Nidhina Ashokan

Research scholar University of madras Mail: nidhinami1999@gmail.com Phone: 9447486181

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x