വി.രവികുമാർ
Published: 10 september 2024 ലോകസാഹിത്യവിവർത്തനങ്ങൾ
വീസ്വാവ ഷിംബോർസ്ക്ക
അവശ്യമല്ലാത്ത വായന
വിവ: വി.രവികുമാർ
1. മഹത്തായ പ്രണയം
1876ലെ വസന്തകാലത്ത്, വിവാഹം കഴിഞ്ഞധികകാലമായിട്ടില്ല, നാല്പത്താറുകാരനായ ദസ്തയെവ്സ്കി ഇരുപതുകാരിയായ നവധുവിനോടൊപ്പം റഷ്യ വിട്ട് ജർമ്മനിയിലേക്കു പോയി. അവരുടെ മധുവിധുവിന്റെ തുടക്കമായിരുന്നു അതെന്ന് ശരിക്കും നമുക്കു പറയാൻ പറ്റില്ല. എഴുത്തുകാരൻ തന്റെ കടക്കാരെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു എന്നതാണ് വാസ്തവം; ജർമ്മനിയിലെ കാസിനോകളിൽ തന്റെ ഭാഗ്യം പരീക്ഷിക്കുക എന്നതാണ് പ്ലാൻ. അന്ന ഡയറിയെഴുത്ത് തുടങ്ങുന്നത് അന്നുമുതലാണ്. ഈ കുറിപ്പുകളെ “എന്റെ പാവം ഫെദ്യ” എന്ന് ആദ്യം നാമകരണം ചെയ്തത് ആരാണെന്ന് എനിക്കറിയില്ല. യുവതിയായ ഒരു ഭാര്യയ്ക്ക് തന്റെ അസുഖക്കാരനായ, ഭ്രാന്തപ്രകൃതിയായ, അസാധാരണനായ ഭർത്താവിനോട് അനുകമ്പയാണ് തോന്നിയിരുന്നത് എന്ന ധാരണയാണ് അത് നമുക്കുണ്ടാക്കുന്നത്. അതേ സമയം അന്ന തന്റെ അസാധാരണസ്വഭാവക്കാരനായ ഭർത്താവിനെ ശരിക്കും ആരാധനയോടെയും അനുഭാവത്തോടെയുമാണ് കണ്ടിരുന്നത്. അവൾ അദ്ദേഹത്തെ വിനീതമായി, അന്ധമായി സ്നേഹിച്ചു. “എന്റെ കേമനായ ഫെദ്യ,” “എന്റെ സുന്ദരനായ ഫെദ്യ,” “എന്റെ അതിബുദ്ധിമാനായ ഫെദ്യ”- ഈ സംബോധനകളിൽ നിന്നു നമുക്കു വേണ്ടതെടുക്കാം. വസ്തുനിഷ്ഠമായി നോക്കിയാൽ, ഭീതിയും ഉത്കണ്ഠയും നാണക്കേടും നിറഞ്ഞ ഒരു നരകമായിരുന്നു തന്റെ ഫെദ്യയുമൊത്തുള്ള ജീവിതം. ആത്മനിഷ്ഠമായി പക്ഷേ, അതവൾക്കു സന്തോഷം നല്കുകയായിരുന്നു. ഒരു പുഞ്ചിരി, അല്ലെങ്കിൽ കരുണയോടുള്ള ഒരു വാക്ക് മതിയായിരുന്നു അവളുടെ കണ്ണീരുണങ്ങാൻ; ഫെദ്യയ്ക്ക് പണയം വയ്ക്കാനും ആ പണം വച്ച് ചൂതു കളിക്കാനും എല്ലാം വീണ്ടും കളഞ്ഞുകുളിക്കാനുമായി അവൾ തന്റെ കല്യാണമോതിരവും കമ്മലുകളും സ്വന്തം ഷാളും സന്തോഷത്തോടെ ഊരിക്കൊടുത്തിരുന്നു. അദ്ദേഹത്തിന് ഉന്മേഷം നല്കുന്നതോ ആധികളിൽ നിന്ന് ഒരു നിമിഷത്തെ സാന്ത്വനം നല്കുന്നതോ ആകാവുന്നതെന്തും അവളെയും ആഹ്ലാദിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അവൾ അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ ലോകത്തെ കണ്ടു, അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ തന്റേതാക്കി, അദ്ദേഹത്തിന്റെ മാനസികസങ്കീർണ്ണതകൾ പ്രതിഫലിപ്പിച്ചു, റഷ്യനല്ലാത്ത എന്തിനോടുമുള്ള അദ്ദേഹത്തിന്റെ അവജ്ഞ പങ്കു വയ്ക്കുകയും ചെയ്തു. അപസ്മാരബാധയുണ്ടാകുന്ന ദിവസങ്ങളിൽ ഇടിഞ്ഞ ഹൃദയത്തോടെയെങ്കിലും അവൾ അദ്ദേഹത്തെ ശുശ്രൂഷിച്ചു. തുടരെത്തുടരെ, ഓർത്തിരിക്കാതെയുണ്ടാകുന്ന വെറി പിടിക്കലുകൾ, റെസ്റ്റോറണ്ടുകളിലും കടകളിലും കാസിനോകളിലും സൃഷ്ടിക്കുന്ന പ്രകോപനങ്ങൾ എല്ലാം അവൾ സഹിച്ചു. ഇക്കാലത്ത് അന്ന ഗർഭിണിയായിരുന്നു; നിരന്തരമായ പിരിമുറുക്കം കാരണമാവാം, വല്ലാതെ വിഷമം പിടിച്ച ഗർഭകാലവുമായിരുന്നു അത്. പക്ഷേ, ഞാൻ പറഞ്ഞപോലെ, അവൾ സന്തോഷവതിയായിരുന്നു, അവൾക്കു സന്തോഷവതിയാകണമായിരുന്നു, സന്തോഷവതിയാകുന്നതിൽ അവൾ വിജയിച്ചു, അതിലും വലിയൊരു സന്തോഷം സങ്കല്പിക്കാൻ അവൾക്കു കഴിഞ്ഞതുപോലുമില്ല…നാമിവിടെ കണ്ടുമുട്ടുന്നത് മഹത്തായ പ്രണയം എന്ന പ്രതിഭാസത്തെയാണ്. ഇത്തരം സംഗതികൾ നേരിടേണ്ടിവരുമ്പോൾ നിസ്സംഗരായ നിരീക്ഷകർ എപ്പോഴും ചോദിക്കും: “അവൾ (അയാൾ) അയാളിൽ (അവളിൽ) കണ്ടതെന്താണെന്നുകൂടി പറയൂ.” അത്തരം ചോദ്യങ്ങളെ വിട്ടുകളയുകയാണ് നല്ലത്: മഹത്തായ പ്രണയത്തിന് ന്യായീകരണം ആവശ്യമില്ല. ചെങ്കുത്തായ പാറക്കെട്ടിന്റെ ചരിവിൽ എങ്ങനെയെന്നറിയാതെ മുളച്ചുപൊന്തുന്ന കുഞ്ഞുമരം പോലെയാണത്; എവിടെയാണതിന്റെ വേരുകൾ, എന്തു പോഷണമാണതിനു കിട്ടുന്നത്, ഏതു ദിവ്യാത്ഭുതത്തിൽ നിന്നാണ് ആ പച്ചിലകൾ മുളയ്ക്കുന്നത്? എന്തായാലും അതവിടെയുണ്ട്, ശരിക്കും അതിനു പച്ചനിറവുമാണ്- അപ്പോൾ അതിജീവിക്കാൻ വേണ്ടത് അതിനു കിട്ടുന്നുണ്ടെന്നത് വ്യക്തവുമാണ്. റിഷാർദ് പ്രിബിൽസ്കി (Ryszard Przybylski) ആമുഖത്തിൽ പകുതി തമാശയായി (എന്നാൽ ശരിയാണെന്ന അർത്ഥത്തിൽ) പറയുന്നുണ്ട്, അന്ന ദസ്തയെവ്സ്കിയുടെ ഡയറി ഭാര്യമാർക്കുള്ള ഒരു പ്രയോഗസഹായിയായി ഉപയോഗപ്പെടുത്താമെന്ന്: വിഷമം പിടിച്ച, എന്നാൽ ഉദ്ദേശ്യശുദ്ധിയുള്ള ഒരു ഭർത്താവിനോട് യോജിച്ചുപോകാനുള്ള വഴികൾ. നിർഭാഗ്യമെന്നു പറയട്ടെ, അന്നയുടെ അനുഭവം കൊണ്ട് മറ്റാർക്കും പ്രയോജനമില്ല. അന്ന ഒരു പ്ലാനുണ്ടാക്കി അതു പിന്തുടരുകയായിരുന്നില്ല. സ്നേഹപൂർണ്ണമായ സഹനശീലം അവൾക്കു കൂടപ്പിറപ്പായിരുന്നു.
(“എന്റെ പാവം ഫെദ്യ” എന്ന അന്ന ദസ്തയെവ്സ്കിയുടെ ഡയറിക്കുറിപ്പുകളുടെ പോളിഷ് വിവർത്തനത്തെക്കുറിച്ച് 1971ൽ എഴുതിയത്. )
2. എന്താണ് സ്വപ്നം കാണൽ?
ഫെല്ലിനിയുടെ സിനിമകളിലൊന്നിൽ ഇങ്ങനെയൊരു രംഗമുണ്ട്: സബ്‌വേ ലൈനിടുന്ന പണിക്കാർ ഉജ്ജ്വലമായ പെയിന്റിങ്ങുകൾ നിറഞ്ഞ ഒരു എട്രൂസ്കൻ ഭൂഗർഭശവക്കല്ലറ കാണുന്നു. നിർഭാഗ്യമെന്നു പറയട്ടെ, മറ്റാളുകൾ സ്ഥലത്തെത്തും മുമ്പേ, ഫോട്ടോഗ്രാഫർമാർ ക്യാമറകൾ പുറത്തെടുക്കും മുമ്പേ പെയിന്റിങ്ങുകൾ മങ്ങാൻ തുടങ്ങുന്നു, അവ നിറം കെട്ടുപോകുന്നു. ഒടുവിൽ, ഒരു നിമിഷത്തിനു ശേഷം ഒഴിഞ്ഞ ചുമരുകളാണ് മൂകരായ, നിസ്സഹായരായ കാഴ്ചക്കാർക്കു മുന്നിൽ പ്രത്യക്ഷമാകുന്നത്…സ്വപ്നങ്ങളുടെ കാര്യത്തിലും ഇതാണ് ശരി: നാം ഉറക്കം വിട്ടെഴുന്നേല്ക്കുന്ന നിമിഷം അവ ചിതറിപ്പോവുകയും തിരിച്ചുകിട്ടാത്തവിധം മറഞ്ഞുപോവുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ, അതും പക്ഷേ അല്പനേരത്തേക്ക്, അവയുടെ ഒരു മാനസികചിത്രം നമ്മളിൽ തങ്ങിനില്ക്കാറുണ്ട്. ഒരേയൊരു ബിംബമോ ഒരു സന്ദർഭമോ നമുക്കു പിടിച്ചുവയ്ക്കാൻ കഴിയുക അതിലും അപൂർവ്വം. അതങ്ങനെതന്നെയാണ് വേണ്ടതെന്ന് സൈക്കോ-അനലിസ്റ്റുകൾ പറയും- നമുക്കോർമ്മ വരാത്ത സ്വപ്നങ്ങൾ സ്വാഭാവികമായും നമുക്കോർമ്മയുള്ള സ്വപ്നങ്ങളെക്കാൾ അപ്രധാനമായിരിക്കും. എനിക്കെന്തോ, അത്ര തീർച്ചയില്ല. നാം എങ്ങനെയാണ് ഉറക്കമുണരുന്നത് എന്നതിന്റെ സാഹചര്യത്തെ ആശ്രയിച്ചായിരിക്കാം കാര്യങ്ങൾ. നമുക്കോർമ്മിക്കാൻ കഴിയുന്ന സ്വപ്നങ്ങൾ തന്നെയായിരിക്കാം കണ്ടതിനു ശേഷം നാം തിരിഞ്ഞുകിടക്കുന്ന സ്വപ്നങ്ങൾ. സൈക്കോ-അനാലിസിസിലെ മൂപ്പന്മാർ എന്നെ അലട്ടുന്നത് മറ്റൊരു കാരണം കൊണ്ടാണ്. അവർക്ക് ഒരു സ്വപ്നം സ്വപ്നം തന്നെ; എന്നാൽ അവർ യഥാർത്ഥത്തിൽ പഠിക്കുന്നത് സ്വപ്നങ്ങളുടെ പുനരാഖ്യാനങ്ങളെയാണ്; ഇവിടെ ശരിക്കും ഒരു വ്യത്യാസം പറയാനുണ്ട്. കണ്ട സ്വപ്നങ്ങളെക്കുറിച്ചു നാം പറയുമ്പോൾ അവയെ ക്രമപ്പെടുത്താനും യുക്ത്യനുസൃതമാക്കാനും എന്തെങ്കിലും തരത്തിലുള്ള പദവിന്യാസം നാം ഉപയോഗിക്കുന്നുണ്ട്, എന്നു പറഞ്ഞാൽ, പ്രഹേളികപ്പരുവത്തിലുള്ള അവയുടെ അവ്യവസ്ഥയെ ഭേദപ്പെടുത്താൻ. നമ്മുടെ ആഖ്യാനത്തിന്റെ കൃത്യത നാം കയ്യാളുന്ന പദാവലിയേയും നാം ഉൾക്കൊണ്ട സാഹിത്യപാരമ്പര്യങ്ങളേയും പോലും ആശ്രയിച്ചിരിക്കും. ഒരു ഭാഷയുടെ പലതരം സൂക്ഷ്മാർത്ഥങ്ങളെ, ഉച്ചാരണഭേദങ്ങളെ, ഭാവങ്ങളെ മറ്റൊരു ഭാഷയിലേക്കു കൊണ്ടുവരിക എത്ര ദുഷ്കരമാണെന്ന് ഏതു നല്ല വിവർത്തകനും അറിയാം. സ്വപ്നങ്ങളെ ജാഗരഭാഷയിലേക്കു വിവർത്തനം ചെയ്യുക അതിലും അനായാസമാകണമെന്നുണ്ടോ? ചൈന, സൗദി അറേബ്യ, പാപ്പുവ ന്യൂഗിനി എന്നിവിടങ്ങളിലെ മൂന്നു മാന്യദേഹങ്ങൾ ഒരു രാത്രിയിൽ ശരിക്കും ഒരേ സ്വപ്നം തന്നെ കണ്ടുവെന്നു വയ്ക്കുക. അത് നടക്കാത്ത കാര്യമാണെന്ന് എനിക്കറിയാം; എന്നാലും ഒരു തവണ ഒന്നു സമ്മതിച്ചുതരൂ. ഉണർന്നുവരുമ്പോൾ അവർക്കു പറയാനുള്ളത് തീർത്തും വ്യത്യസ്തമായ മൂന്നു വിവരണങ്ങളായിരിക്കും. വ്യത്യസ്തമായ ഭാഷാവ്യവസ്ഥകൾ, വ്യത്യസ്തമായ ആഖ്യാനരീതികൾ, ആശയങ്ങളുടേയും സങ്കല്പങ്ങളുടേയും വ്യത്യസ്തമായ കലവറകൾ… സൈക്കോ-അനാലിസിസ് എന്ന വിഷയത്തെക്കുറിച്ച് അത്രയധികം എഴുതപ്പെട്ടിട്ടുള്ളതിനാൽ ഈതരം സംശയങ്ങൾ മുമ്പൊരിക്കലും പ്രകടിപ്പിക്കപ്പെട്ടിട്ടില്ല എന്നു വിശ്വസിക്കാൻ പ്രയാസമായിരിക്കും. ഈ മേഖലയിലെ എന്റെ പരിമിതമായ വായനയിൽ അങ്ങനെയൊന്ന് ഇതുവരെ പൊങ്ങിവന്നിട്ടില്ല എന്നുമാത്രം ഞാൻ പറയട്ടെ. യുങ്ങിന്റെ പ്രാതിനിദ്ധ്യസ്വഭാവമുള്ള മൂന്നു ലേഖനങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിൽ കണ്ട സ്വപ്നവും പറഞ്ഞ സ്വപ്നവും ഒന്നുതന്നെയാണ്, സംശയമില്ലാത്ത മാതിരി…അതെന്റെ വിവേചനരഹിതമായ മതിപ്പിൽ ഒരു നിഴൽ വീഴ്ത്തുകയും ചെയ്യുന്നു.
(യുങ്ങിന്റെ ‘സ്വപ്നങ്ങളുടെ സ്വഭാവം’ എന്ന പുസ്തകത്തിന്റെ പോളിഷ് പരിഭാഷയെക്കുറിച്ചെഴുതിയത്. )
3. നമ്മൾ പറ്റിയ്ക്കപ്പെട്ടു!
പിറന്ന പാടേ പരാശ്രയം കൂടാതെ ജീവിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്ന ജീവിവർഗ്ഗങ്ങൾ എത്രയാണ്! ഇതിനവയെ സഹായിക്കുന്നത് നമുക്കു സങ്കല്പിക്കാൻ പോലുമാകാത്ത ഒരു നാഡീവ്യൂഹവും വർഷങ്ങൾ നീണ്ട കഠിനപ്രയത്നത്തിലൂടെ മാത്രം നമുക്കാർജ്ജിക്കാൻ കഴിയുന്ന സഹജമായ കഴിവുകളുമാണ്. വിസ്മയാവഹമായ ഒരായിരം സവിശേഷഗുണങ്ങളാണ് പ്രകൃതി നമ്മിൽ നിന്നപഹരിച്ചുകളഞ്ഞത്. അതിനു പകരമായി ബുദ്ധി എന്നൊരു സംഗതി അവൾ നമുക്കു തന്നിട്ടുണ്ട് എന്നതു സത്യം തന്നെ; അതോടൊപ്പം നമുക്കു ലോകത്തു പിഴച്ചുപോകാനുള്ള മുഖ്യോപാധിയാണതെന്ന കാര്യം അവൾ മറന്നുപോയപോലെയും തോന്നുന്നു. അതവൾക്കോർമ്മയുണ്ടായിരുന്നെങ്കിൽ കുറേയധികം അടിസ്ഥാനവിവരങ്ങൾ നമ്മുടെ പാരമ്പര്യമേഖലയിലേക്ക് അവൾ മാറ്റിയിടുമായിരുന്നു. തലച്ചോറിൽ വരഞ്ഞിട്ട ഗുണനപ്പട്ടികകളുമായിട്ടാണ് നാം ജനിക്കുന്നതെങ്കിൽ അതെത്ര ന്യായമാകുമായിരുന്നു; അതുപോലെ നമ്മുടെ അച്ഛനമ്മമാരുടെയെങ്കിലും ഭാഷ സംസാരിച്ചുകൊണ്ടാണ് നാം പുറത്തേക്കു വരുന്നതെങ്കിലും: നമുക്കപ്പോൾ യോഗ്യമായ ഒരു ഗീതകം എടുത്തുപൂശാമായിരുന്നു, അല്ലെങ്കിൽ നിന്ന നില്പിൽ തരക്കേടില്ലാത്ത ഒരു മുഖ്യപ്രഭാഷണം തൊടുത്തുവിടാമായിരുന്നു. എങ്കിൽ സൈദ്ധാന്തികവിചിന്തനത്തിന്റെ ഉന്നതമേഖലയിൽ ഏതു ശിശുവിനും കിട്ടുമായിരുന്നു, ഒരു മികച്ച തുടക്കം. ജീവിതത്തിന്റെ മൂന്നാം വർഷം അവൻ എന്നെക്കാൾ മികച്ച ലേഖനങ്ങൾ എഴുതിവിടുമായിരുന്നു, ഏഴാമത്തെ വയസ്സിൽ “ജന്മവാസനയോ അനുഭവമോ?” എന്ന പുസ്തകത്തിന്റെ രചയിതാവും ആകുമായിരുന്നു. എന്റെ പരാതികൾ സാഹിത്യജീവിതത്തിന്റെ പംക്തികളിൽ പരസ്യമാക്കുന്നതുകൊണ്ട് കാര്യങ്ങൾക്കൊന്നും മാറ്റമുണ്ടാകാൻ പോകുന്നില്ല എന്നെനിക്കറിയാം. എന്നാലും ഒരു മുഷിച്ചിൽ തോന്നുന്നതൊഴിവാക്കാൻ എനിക്കു കഴിയുന്നില്ല. ജന്തുക്കളെ കണ്ണില്ലാതെ കാണാനും തൊലിയിലൂടെ കേൾക്കാനും കാറ്റിന്റെ അനക്കം പോലുമില്ലെങ്കിലും അപകടം മണത്തറിയാനും സഹായിക്കുന്ന വിസ്മയാവഹമായ നാഡീപടലത്തെക്കുറിച്ച് എത്ര വിശദമായ വിവരണമാണ് ഡ്രോഷർ നല്കുന്നത്. ഇതെല്ലാം വാസനാപ്രേരിതമായ പ്രവൃത്തികൾ എന്ന സമൃദ്ധമായ അനുഷ്ഠാനത്തിന്റെ ഭാഗവുമാണ്…ഓരോ സഹജവാസനയും അസൂയാർഹമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്; എന്നാൽ അതിൽ ഒരെണ്ണം എന്റെ അങ്ങേയറ്റത്തെ അസൂയയ്ക്കു പാത്രമാണ്: പ്രഹരം നിർത്തിവയ്ക്കുക എന്നാണ് ആ വാസനയുടെ പേര്. മൃഗങ്ങൾ പലപ്പോഴും സ്വന്തം വർഗ്ഗത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നാണ് പൊരുതുക; അവയുടെ കലഹങ്ങൾ പ്രായേണ ചോര ചിന്താതെയാണ് അവസാനിക്കുകയും. ഒരു പ്രത്യേകനിമിഷത്തിൽ ഒരു പ്രതിയോഗി പിന്മാറുകയാണ്; അതോടെ അതവസാനിക്കുകയും ചെയ്യും. നായ്ക്കൾ അന്യോന്യം തിന്നാറില്ല, കിളികൾ മറ്റു കിളികളെ കൊത്തിക്കീറാറില്ല, കലമാനുകൾ സഹജീവികളെ കൊമ്പിൽ കോർക്കാറുമില്ല. അതവ സഹജമായിത്തന്നെ സൗമ്യശീലരായതുകൊണ്ടല്ല. പ്രഹരത്തിന്റെ ശക്തിക്കോ താടിയെല്ലുകളുടെ അമർത്തലിനോ അതിരു വയ്ക്കുന്ന യാന്ത്രികഘടനയുടെ പ്രവർത്തനം മാത്രമാണത്. ഈ ജന്മവാസന ഇല്ലാതാകുന്നത് ബന്ധനത്തിലാണ്; കൃത്രിമമായി സൃഷ്ടിച്ചെടുത്ത വർഗ്ഗങ്ങളിൽ പലപ്പോഴുമിത് വികാസം പ്രാപിക്കാറുമില്ല. രണ്ടും ഫലത്തിൽ ഒന്നുതന്നെ.
( Vitus B. Droscher ജർമ്മനിലെഴുതിയ Instinct or Experience എന്ന പുസ്തകത്തിന്റെ പോളിഷ് വിവർത്തനത്തിനെഴുതിയ നിരൂപണം. )
വി.രവികുമാർ
വിവര്‍ത്തകന്‍