വി.രവികുമാർ
Published: 10 october 2024 ലോകസാഹിത്യവിവർത്തനങ്ങൾ
ഫെർണാണ്ടോ പെസൊവ
ചതുരംഗംകളിക്കാർ
വിവ: വി.രവികുമാർ
ഒരിക്കൽ, ഏതു പേർഷ്യൻ യുദ്ധകാലത്തെന്നെനിക്കറിയില്ല, അക്രമികൾ നഗരം ചുട്ടെരിക്കുമ്പോൾ, സ്ത്രീകൾ കരഞ്ഞുവിളിച്ചുകൊണ്ടോടുമ്പോൾ അനന്തമായ ചതുരംഗംകളിയിൽ മുഴുകിയിരിക്കുകയായിരുന്നുവത്രേ, രണ്ടുപേർ.
ഇലകൾ സമൃദ്ധമായ ഒരു മരത്തിനു ചുവട്ടിൽ ഒരു പഴയ ചതുരംഗപ്പലകയിൽ ഉറ്റുനോക്കിക്കൊണ്ടവരിരുന്നു; ഓരോ കളിക്കാരനുമരികിലുണ്ടായിരുന്നു, തന്റെ നീക്കം നടത്തിക്കഴിഞ്ഞ് പ്രതിയോഗി കരു നീക്കുന്നതുവരെയുള്ള വിശ്രമത്തിന്റെ ഇടവേളയിൽ ചാഞ്ഞിരുന്നു ദാഹം തീർക്കാൻ മദിരയുടെ ഒരു പാത്രം.
വീടുകൾ കത്തിയെരിയുകയായിരുന്നു, കമാനങ്ങൾ ഇടിച്ചുനിരത്തുകയായിരുന്നു, തകരുന്ന ചുമരുകളിൽ ചാരിനിർത്തി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയായിരുന്നു, കുന്തങ്ങളിൽ കോർത്ത കുഞ്ഞുങ്ങൾ ചോരയിൽ കുളിച്ചു തെരുവുകളിലെമ്പാടും കിടക്കുകയായിരുന്നു…എന്നാലവർ, നഗരത്തിനത്രയുമരികിലായി, ആ ബഹളത്തിനെല്ലാമകലെയായി, തങ്ങളുടെ കളിയിൽ മുഴുകിയിരിക്കുകയായിരുന്നു അവർ, ആ ചതുരംഗംകളിക്കാർ.
വിഷണ്ണമായ കാറ്റിന്റെ സന്ദേശങ്ങളിൽ നിലവിളികൾ അവർ കേട്ടിരുന്നുവെങ്കിലും, അടുത്തെവിടെയോ തങ്ങളുടെ ഭാര്യമാരും തങ്ങളുടെ പ്രിയപ്പെട്ട പെണ്മക്കളും മാനഭംഗത്തിനിരയാവുകയാണെന്ന ചിന്ത അവരുടെ ഹൃദയങ്ങളിലേക്കു കടന്നുവന്നിരുന്നുവെങ്കിലും, ആ തോന്നലുണ്ടായ നിമിഷത്തിൽ അവരുടെ നെറ്റിത്തടങ്ങളിലൂടെ അസ്പഷ്ടമായൊരു നിഴൽ പാഞ്ഞുപോയെങ്കിലും, വൈകാതവരുടെ ശാന്തമായ കണ്ണുകൾ മടങ്ങിച്ചെന്നു, ശ്രദ്ധയോടെയും ആത്മവിശ്വാസത്തോടെയും, ആ പഴയ ചതുരംഗപ്പലകയിലേക്ക്.
വെളുത്ത രാജാവിന്റെ നില അപകടത്തിലാവുമ്പോൾ ചോരയും നീരുമുള്ള അമ്മമാരെ, പെങ്ങന്മാരെ, കുഞ്ഞുങ്ങളെക്കുറിച്ചാരോർക്കുന്നു? വെളുത്ത റാണിയുടെ പിന്മാറ്റത്തെ തുണയ്ക്കാൻ തേരിനാവുന്നില്ലെങ്കിൽ എന്തിനു കവർച്ചയെ കാര്യമാക്കണം? എതിരാളിയുടെ രാജാവിന് ഉറച്ച കൈ കൊണ്ടരശു പറയുമ്പോൾ തെരുവിൽ കുഞ്ഞുങ്ങൾ മരിക്കുകയാണെന്നത് നിങ്ങളുടെ ആത്മാവിനെ ബാധിക്കുന്നതേയില്ല.
ശത്രുസൈനികന്റെ ഈറ പിടിച്ച മുഖം പൊടുന്നനേ ചുമരിനു മുകളിൽ പൊന്തിവരികയും അടുത്ത നിമിഷം ശാന്തഗംഭീരനായ ചതുരംഗംകളിക്കാരൻ ഒരു ചോരക്കൂനയായി അവിടെ വീണുവെന്നുമിരിക്കട്ടെ, അപ്പോഴും അതിനു തൊട്ടുമുമ്പുള്ള നിമിഷം കഴിഞ്ഞുപോയത് നിസ്സംഗതയുടെ പാരമ്യത്തിലെത്തിയവർക്കു പ്രിയപ്പെട്ട കളിയിലായിരുന്നു.
നഗരങ്ങൾ തകരട്ടെ, ജനതകൾ യാതന തിന്നട്ടെ, ജീവനും സ്വാതന്ത്ര്യവും ഇല്ലാതാകട്ടെ, തീയിട്ടും പിഴുതെറിഞ്ഞും പ്രശാന്തപൈതൃകങ്ങൾ നശിച്ചുപോകട്ടെ; അപ്പോഴും കളിയെ യുദ്ധം തടസ്സപ്പെടുത്തുമെന്നാകുമ്പോൾ രാജാവിന്റെ നില അപകടത്തിലല്ലെന്നുറപ്പുവരുത്തുക, വെളുത്ത കാലാളുകളിലേറ്റവും മുന്നിലുള്ളവർ തേരിനെ തടുക്കാനും.
എപ്പിക്ക്യൂറസ്സിനെ സ്നേഹിക്കുന്നതിൽ സഹോദരങ്ങൾ, അയാളുടേതിനെക്കാളുപരി നമ്മുടെ കാഴ്ചപ്പാടിനു നിരക്കും മട്ടിൽ അയാളെ മനസ്സിലാക്കുന്നവർ, നിസ്സംഗരായ ചതുരംഗംകളിക്കാരെക്കുറിച്ചുള്ള ഈ പഴംകഥയിൽ നിന്നു നാം പഠിക്കുക, നമ്മുടെ ജീവിതങ്ങളെങ്ങനെയായിരിക്കണമെന്ന്.
ഗൗരവപ്പെട്ട കാര്യങ്ങൾ നമുക്കപ്രധാനമാകട്ടെ, കനപ്പെട്ട കാര്യങ്ങൾക്കു പുല്ലിന്റെ വിലയാകട്ടെ, ജന്മവാസനകളുടെ ഉൾപ്രേരണകൾ (മരത്തണലിന്റെ പ്രശാന്തതയിൽ) നല്ലൊരു കളിയിൽ മുഴുകുന്നതിന്റെ വ്യർത്ഥസുഖത്തിനു വഴി മാറട്ടെ.
ഈ നിരർത്ഥജീവിതത്തിൽ നിന്നു നമുക്കു കിട്ടുന്നതെന്തും, അതു പേരോ പെരുമയോ സ്നേഹമോ അറിവോ, അല്ല, ജീവൻ തന്നെയോ ആകട്ടെ, അതൊന്നും ഒന്നുമല്ല,, നന്നായി കളിച്ചൊരു കളിയുടെ, യോഗ്യനായൊരു പ്രതിയോഗിയോടു മത്സരിച്ചുജയിച്ചതിന്റെ ഓർമ്മയ്ക്കു മുന്നിൽ.
പേരും പെരുമയും താങ്ങാനാവാത്ത ഭാരം പോലെ കനം തൂങ്ങുന്നു, ആത്മാർത്ഥമായ അന്വേഷണത്തിലാണെന്നതിനാൽ സ്നേഹം തളർച്ചയുണ്ടാക്കുന്നു, അറിവൊരിക്കലും കണ്ടെത്തുന്നില്ല, ജീവിതമാകട്ടെ, കടന്നുപോവുകയാണെന്ന അറിവിൽ തപിക്കുകയും…ചതുരംഗമെന്ന കളി പക്ഷേ, നിങ്ങളുടെ ഹൃദയമൊന്നാകെ പിടിച്ചെടുക്കുന്നു, ഒന്നുമല്ലതെന്നതിനാൽ തോൽവി നിങ്ങളെ ബാധിക്കുന്നതുമില്ല.
ഹാ! അബോധമായി നമ്മെ സ്നേഹിക്കുന്ന ഒരു തണലിനു ചുവട്ടിൽ, അരികിലൊരു മദിരയുടെ പാത്രവുമായി, ഒരു ചതുരംഗംകളിയുടെ നിരർത്ഥയത്നത്തിൽ മനസ്സുമൂന്നി നാമിരിക്കുക; ഒരു സ്വപ്നമാണിക്കളിയെങ്കില്ക്കൂടി, എതിരാളിയില്ലാത്ത കളിയാണതെങ്കില്ക്കൂടി, ഈ കഥയിലെ പേർഷ്യാക്കാരെപ്പോലാവുക നാം: അങ്ങപ്പുറത്ത്, വളരെയടുത്തോ ദൂരെയെവിടെയോ നിന്ന് യുദ്ധമോ നമ്മുടെ ദേശമോ ജീവിതമോ നമ്മെ വിളിക്കുകയാണെങ്കിൽ, ആ വിളിക്കു നാം കാതു കൊടുക്കാതിരിക്കുക; നാമോരോ ആളും സ്വപ്നം കാണുക, ഒരു തണലിന്റെ സൗഹൃദത്തിനടിയിൽ, ഒരെതിരാളിയെ, ഒരു ചതുരംഗംകളിയെ, അതിന്റെ നിസ്സംഗതയെ.
(1916 ജൂൺ 1)
(റിക്കാർഡോ റെയ്സ് എന്ന അപരനാമത്തിൽ എഴുതിയത്)
വി.രവികുമാർ
വിവര്‍ത്തകന്‍