
ഡോ.നൗഷാദ് എസ്.
Published: 10 September 2025 കവര്‍സ്റ്റോറി
വ്യവഹാരമാലയിലെ നീതി സങ്കല്പങ്ങൾ
വിശാലമായ നിയമങ്ങളും സാമൂഹിക വ്യവസ്ഥകളും ഉൾക്കൊള്ളുന്ന ഒരു സംസ്‌കൃത ഗ്രന്ഥമാണ് വ്യവഹാരമാല. പുനം നമ്പൂതിരി എന്നറിയപ്പെട്ടിരുന്ന മഹേശ്വരൻ നമ്പൂതിരിയാണ് ഈ ഗ്രന്ഥം രചിച്ചത്. കേരളത്തിലെ നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന നിയമങ്ങളും ആചാരങ്ങളും ഈ ഗ്രന്ഥത്തിൽ വിശദമാക്കുന്നു. ഏകദേശം 15-ാം നൂറ്റാണ്ടിലാണ് ഇത് എഴുതിയതെന്ന് കരുതപ്പെടുന്നു.
വിവർത്തന വിവരങ്ങൾ:
പഴയകാലത്ത് കേരളത്തിലുണ്ടായിരുന്ന നിയമങ്ങളെക്കുറിച്ചുള്ള അറിവ് സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു. ഏകദേശം 500 വർഷം പഴക്കമുള്ള മൂലഗ്രന്ഥത്തിന് 200 വർഷത്തോളം പഴക്കമുള്ള വ്യാഖ്യാനങ്ങളുണ്ട്.
ഏകദേശം 9-ാം നൂറ്റാണ്ടിൽ (കൊല്ലവർഷം) ഒരു ശാസ്ത്രി പട്ടരുടെ സഹായത്തോടെ തിരുവനന്തപുരത്തുവെച്ച് ഈ ഗ്രന്ഥം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി.
കൊല്ലവർഷം 9-ാം നൂറ്റാണ്ടിൽ മഹാറാണി പാർവതീഭായിയുടെ ആജ്ഞയനുസരിച്ച് ഈ ഗ്രന്ഥം വീണ്ടും വിവർത്തനം ചെയ്യാൻ ശ്രമം നടന്നിരുന്നു. പന്തളം സുബ്രഹ്മണ്യ ശാസ്ത്രികൾ, അനന്തരാമ ശാസ്ത്രികൾ എന്നിവരെയാണ് ഇതിനായി നിയമിച്ചത്.
ഈ കാലഘട്ടത്തിൽ പാശ്ചാത്യ രീതിയിലുള്ള നിയമങ്ങൾ നിലവിൽ വന്നതിനാൽ, ഈ വിവർത്തന ശ്രമം പൂർണ്ണമായില്ല.
തിരുവിതാംകൂർ സർക്കാരിൻ്റെ ആജ്ഞയനുസരിച്ച് 1925-ലാണ് ഈ ഗ്രന്ഥം ശ്രീമൂലം മലയാള ഭാഷാഗ്രന്ഥാവലിയിൽ പ്രസിദ്ധീകരിക്കുന്നത്. എസ്. പരമേശ്വരയ്യർ എം.എ., ബി.എൽ. ആണ് ഇതിന്റെ പരിശോധകനും പ്രസാധകനും. അദ്ദേഹം ഈ ഗ്രന്ഥം പൂർണ്ണമായി പ്രസിദ്ധീകരിക്കുന്നതിന് മുൻപ് നാല് വ്യത്യസ്ത കൈയെഴുത്തുപ്രതികൾ പരിശോധിച്ചിരുന്നു. ഇതിൽ ഒന്ന് മഹാമഹോപാദ്ധ്യായൻ ഗണപതി ശാസ്ത്രികളിൽ നിന്നും, മറ്റൊന്ന് ഗോദവർമ്മൻ ഉണ്യാതിരിയിൽ നിന്നും ലഭിച്ചതാണ്. മൂന്നും നാലും പ്രതികൾ എണ്ണയ്ക്കാട്ടു കൊട്ടാരത്തിൽ നിന്ന് ശേഖരിച്ചവയായിരുന്നു.
നിയമങ്ങളും നീതിനിർവ്വഹണവും
വ്യവഹാരമാലയിൽ നിയമങ്ങളെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ച് വിശദമായ നിയമങ്ങളുണ്ട്.
ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം:
18 തരം വ്യവഹാരപദങ്ങളെക്കുറിച്ച് ഈ പുസ്തകത്തിൽ പറയുന്നു. ഇതിൽ 14 എണ്ണം സ്വത്തുമായി ബന്ധപ്പെട്ടതും 4 എണ്ണം ഹിംസയുമായി ബന്ധപ്പെട്ടതുമാണ്.
വ്യവഹാരമാല എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്ന 18 വ്യവഹാരങ്ങൾ താഴെക്കൊടുക്കുന്നു:
* ഋണാദാനം: കടം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
* ഉപനിധി: പണം സൂക്ഷിക്കാൻ ഏൽപ്പിച്ചതിന് ശേഷം തിരിച്ച് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
* സംഭൂയ സമുത്ഥാനം: കൂട്ടുകച്ചവടവുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
* ദത്താപ്രദാനികം: ദാനം നൽകാമെന്ന് വാക്ക് നൽകിയശേഷം അതിൽ നിന്ന് പിന്തിരിയുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
* അഭ്യുപേത്യാശുശ്രൂഷാ: ദാസന്മാർ ജോലി ചെയ്യാത്തതുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
* വേതനാനപാകർമ്മം: തൊഴിലാളികൾക്ക് കൂലി നൽകാത്തതുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
* അസ്വാമിവിക്രയം: ഉടമസ്ഥനല്ലാത്ത ഒരാൾ വസ്തുക്കൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
* വിക്രിയ സമ്പ്രദാനം: വിറ്റ വസ്തു വാങ്ങിയ ആൾക്ക് കൈമാറാൻ മടിക്കുമ്പോഴുണ്ടാകുന്ന തർക്കങ്ങൾ.
* ക്രീത്വാനുശയം: വാങ്ങിയ സാധനം ആവശ്യമില്ലെന്ന് പറഞ്ഞ് തിരികെ കൊടുക്കുമ്പോഴുണ്ടാകുന്ന തർക്കങ്ങൾ.
* സമയാനപാകർമ്മം: സമുദായ നിയമങ്ങൾ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
* ക്ഷേത്രജവിവാദം: ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
* സ്ത്രീപുംസസംബന്ധം: സ്ത്രീപുരുഷ ബന്ധങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
* ദായഭാഗം: സ്വത്തവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
* സാഹസം: പിടിച്ചുപറി, അതിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
* വാക്പാരുഷ്യം: വാക്കുകൾ ഉപയോഗിച്ചുള്ള കയ്യേറ്റം.
* ദണ്ഡപാരുഷ്യം: ശാരീരികമായ കയ്യേറ്റം.
* ദ്യുതസമാഹ്വയം: ചൂതുകളിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
* പ്രകീർണകം: മേൽ പറഞ്ഞ വ്യവഹാരങ്ങളിൽ ഉൾപ്പെടാത്തതും രാജാവിൻ്റെ അധികാരത്തിൽ വരുന്നതുമായ കാര്യങ്ങൾ.
* കോടതി നടപടിക്രമങ്ങൾ:
രാജാവിനോ പ്രാഡ്വിവാകനോ (ന്യായാധിപൻ) ബ്രാഹ്മണരോടൊപ്പം ചേർന്നാണ് വ്യവഹാരങ്ങൾ കേൾക്കേണ്ടത്. രാജ്യം ഭരിക്കാൻ സമയമില്ലാത്തപ്പോൾ ഒരു ബ്രാഹ്മണനെ ന്യായാധിപനായി നിയമിക്കാമെന്നും വ്യവഹാര മാലയിൽ പറയുന്നു. അല്ലാത്തപക്ഷം, ഒരു ക്ഷത്രിയനെയോ വൈശ്യനെയോ നിയമിക്കാം, എന്നാൽ ഒരു ശൂദ്രനെ നിയമിക്കാൻ പാടില്ല.
* സാക്ഷികൾ:
12 തരം സാക്ഷികളെക്കുറിച്ച് ഗ്രന്ഥം പറയുന്നു. സാക്ഷികളുടെ എണ്ണം 3-നും 9-നും ഇടയിലായിരിക്കണം. വേദപണ്ഡിതരാണെങ്കിൽ 2 പേർ മതി. ഒരു സാക്ഷിയുടെ മൊഴി മാത്രം സ്വീകരിക്കാൻ പാടില്ല. സാക്ഷി പറയുന്നതിൽ സത്യം മാത്രമേ പറയാവൂ എന്നും അസത്യം പറഞ്ഞാൽ വലിയ ദോഷങ്ങൾ ഉണ്ടാകുമെന്നും പറയുന്നു.
ശിക്ഷാ നിയമങ്ങൾ
വിവിധ കുറ്റങ്ങൾക്കുള്ള ശിക്ഷകളെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്.
* ഹിംസയെ നിർവ്വചിക്കുന്നത്:
വാക്കുകൊണ്ടുള്ള കയ്യേറ്റം, ശാരീരികമായ കയ്യേറ്റം, മോഷണം, കൊള്ള, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങളെ ഹിംസയായി കണക്കാക്കിയിരുന്നു.
* ജാതിവിവേചനം:
ശിക്ഷാ നിയമങ്ങളിൽ ജാതിവിവേചനം നിലനിന്നിരുന്നു. ബ്രാഹ്മണർക്ക് ശാരീരികമായ ശിക്ഷകൾ (വധശിക്ഷ, അംഗച്ഛേദം) നൽകാൻ പാടില്ല. അവർ ധനപരമായി പിഴ അടച്ചാൽ മതിയായിരുന്നു.
ധനം നൽകാൻ കഴിയാത്ത ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവരെക്കൊണ്ട് കൂലിക്ക് പകരം വേല ചെയ്യിപ്പിക്കാം. അടിമകളെ തടങ്കലിൽ വെക്കുകയോ അടിക്കുകയോ ചെയ്യാം.
* മൃഗങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ:
മൃഗങ്ങളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്താൽ ശിക്ഷയുണ്ടായിരുന്നു. കറവയുള്ള മൃഗങ്ങളെ മേയ്ക്കുമ്പോൾ അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ, അത് മേയിക്കുന്നയാളുടെ പിഴവല്ലെന്ന് തെളിയിക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമാണ്.
സ്ത്രീകളെക്കുറിച്ചുള്ള നിയമങ്ങളും സ്ത്രീപദവിയും:
സ്ത്രീകളുടെ വ്യവഹാരങ്ങളിൽ സ്ത്രീകൾ തന്നെ സാക്ഷികളായിരിക്കണം. എന്നാൽ, സാക്ഷി പറയാൻ അയോഗ്യരായവരുടെ കൂട്ടത്തിൽ സ്ത്രീകളെയും ഉൾപ്പെടുത്തിയിരുന്നു.ഇതിനുള്ള കാരണം സ്ത്രീകൾക്ക് സ്ഥിരമായ ബുദ്ധിയില്ല എന്നുള്ളതായിരുന്നു. എന്നിരുന്നാലും, മോഷണം, കൊള്ള, പിടിച്ചുപറി, വാക്കുകൊണ്ടുള്ള കയ്യേറ്റം, കൈയേറ്റം തുടങ്ങിയ കേസുകളിൽ, സാക്ഷികളുടെ യോഗ്യത കർശനമായിരുന്നില്ലാത്തതുകൊണ്ട് സ്ത്രീകൾക്ക് സാക്ഷി പറയാൻ അനുവാദമുണ്ടായിരുന്നു.
കന്യകയെ വിവാഹം ചെയ്യാമെന്ന് വാക്ക് നൽകിയിട്ട് അതിൽ നിന്ന് പിന്തിരിയുന്നവർക്ക് ശിക്ഷയുണ്ടായിരുന്നു. ഭർത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യമാർക്കും ശിക്ഷ നൽകിയിരുന്നു. സ്ത്രീധനത്തെക്കുറിച്ച് വ്യവഹാരമാലയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്ത്രീധനം 6 തരമുണ്ടെന്ന് പറയുന്നു. ഭർത്താവിൻ്റെ മരണശേഷം ഭാര്യക്ക് സ്വത്തിൽ അവകാശമുണ്ടായിരുന്നു. സ്ത്രീധനം ദുരുപയോഗം ചെയ്യുന്ന ഭർത്താവിന് ശിക്ഷയും നൽകിയിരുന്നു.
സ്ത്രീ ഭൂമിക്ക് തുല്യമാണ്.അന്യസ്ത്രീക്കുടയവനോടു പറഞ്ഞു സമ്മതം വരുത്തി ഉ ണ്ടാകുന്ന സന്തതിയിൽ, ഇരുവക്കും അവകാശമുണ്ട്. ഒരുത്തൻ്റെ നിലത്തിൽ മറെറാരുത്തൻ വിത്തിട്ട് അതിൽ ഫലമുണ്ടായാൽ ആയതിനും ഇരുവക്കും അവകാശം ഉണ്ട്. നിലമുടയവനോടു പറയാതെ മറെറാരുത്തൻ ആ നിലത്തിൽ വിത്തിട്ടു ഫലമുണ്ടായാൽ വിത്തുടയവനു വരികയില്ല.
കന്യകയെ വേളി കഴിക്കാൻ ഉടയവന് കന്യാശുല്കം നൽകുന്ന രീതിയുമുണ്ടായിരുന്നു.ഒരുത്തന് ഇന്ന കന്യകയെ വേളികഴിച്ചുതരാമെന്നു പറ ഞ്ഞു കന്യാശുലമായിട്ട് ഏതാനും ദ്രവ്യം വാങ്ങിച്ചു വിവാഹം നിശ്ചയിച്ചതിൻ്റെശേഷം, പിന്നത്തതിൽ ആയവനു വിവാഹം കഴിച്ചുകൊടുക്കാതെ ആ കന്യകയുടെ ഉടയവരു കൊണ്ടുപോയിക്കളഞ്ഞുവെങ്കിൽ ആയവനെക്കൊണ്ട് അവസ്ഥയ്ക്കു തക്കവണ്ണം പ്രായശ്ചിത്തം ചെയ്യിപ്പിച്ചു കന്യകയെ വേളികഴിപ്പാൻ വന്ന വനോടു വാങ്ങിച്ച ദ്രവൃത്തിനും അവൻ്റെ വിവാഹം കഴിപ്പാനായിട്ടു ചിലവിട്ടിരിക്കുന്നതിനും പലിശയും കൂട്ടി കൊടുപ്പിക്കണം. അവ മുൻപിൽ വേളികഴിപ്പാൻ വന്നവനെക്കാൾ ഉൽകൃഷ്ടനായിട്ടു മറെറാരുത്തൻ വേളികഴിപ്പാൻ വരികയും മുൻപിൽ വേളി കഴിപ്പാൻ വന്നവനു ദോഷം കാണുകയും ചെയ്താൽ അപ്പോൾ മുൻപിൽ നിശ്ചയിച്ചവനു പ്രായശ്ചിത്തം വരികയില്ല.
ഭർത്താവു മരിച്ചതിൽ പിന്നെ ഉടൻ അഗ്നിപ്രവേശം ചെയ്യാതെ വേറിട്ടുള്ള ചിതയിൽ അഗ്നിപ്രവേശം ചെയ്യരുത്. ഭർത്താവ് ദേശാന്തരത്തിൽചെന്ന് അവിടെത്തന്നെ മരിച്ചുപോയാൽ ഭാര്യ ഭർത്താവിൻ്റെ പാദുകകളെ വക്ഷഃ പ്രദേശത്തിൽ എടുത്തുവച്ചും കൊണ്ട് എത്രയും ഭക്തിയോടും ശ്രദ്ധയോടുംകൂടി അഗ്നിയിൽ പ്രവേശിക്കണം. ഇപ്രകാരം ചെയ്യുന്ന സ്ത്രീക്കു പതിന്നാല് ഇന്ദ്രപ്പട്ടം മാറിവരുന്നെടത്തോളം സ്വഗ്ഗലോകത്തിൽ എത്രയും സൌഖ്യമായിട്ടു തൻ്റെ ഭർത്താവി നോടുകൂടി വസിച്ചു ക്രീഡിക്കാൻ സംഗതിവരും. ഭർത്താവു ദോഷയുക്തനാകുന്നുവെങ്കിലും ഇപ്രകാരം ചെയ്യുന്ന ഭാര്യയുടെ പാതിവ്രത്യമാഹാത്മ്യം കൊണ്ടു ശുദ്ധനായിട്ടു ആയവൻ സ്വഗ്ഗലോകത്തെ പ്രാപിക്കുമെന്നു താൽ പയ്യം. ഭർത്താവു മരിച്ച പോയാൽ ഭാര്യ മേലെഴുതിയപ്രകാരം ചെയ്യണം. അല്ലെങ്കിൽ വിധവയ്ക്കും ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നതിൻവണ്ണമുള്ള നിയമത്തോടും കൂടിയിരിക്കണം.
സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൊടുക്കരുത്.കന്യകയായിട്ടു മറെറാരുത്തനു വേളികഴിച്ച് കൊടുക്കാ തെയിരിക്കുമ്പോൾ അച്ഛനും യൌവനാവസ്ഥയിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും സ്ത്രീകളെ രക്ഷിക്കണം. അവർ ആരുമില്ലെങ്കിൽ ജ്ഞാതികൾ രക്ഷിക്കണം. ഇപ്രകാരമല്ലാതെ സ്ത്രീ കൾക്കു ഒന്നിനും സ്വാതന്ത്ര്യമില്ല.
മദമോഹിതയായിരുന്നുകൊണ്ടു ശൂദ്രനോടു സംയോഗിക്കുന്ന ബ്രാഹ്മണസ്ത്രീയുടെ ഊരുപ്രദേശത്തിൽ നായെ വിട്ടു കടിപ്പിക്കണം. ക്ഷത്രിയനോടും വൈശ്യനോടും സംയോഗിക്കുന്ന ബ്രാഹ്മണസ്ത്രീയുടെ തല മുണ്ഡനം ചെയ്യിച്ചു കഴുതപ്പുറത്തു കേററി
പ്രസിദ്ധപ്പെടുത്തി കളയണം. മറ്റൊരുവൻ്റെ ഭവനത്തിൽ ചെന്നു സ്പർശം മുതലായതു ചെയ്തു പുരുഷനെ മോഹിപ്പിച്ചു സംയോഗം ചെയ്യുന്ന സ്ത്രീക്കു മുൻപിൽ പറഞ്ഞതിൻവണ്ണമുള്ള ദണ്ഡങ്ങളെ കല്പിക്കണം. ഇപ്രകാരം ചെയ്യുന്ന സ്ത്രീയോടു സംയോ ഗംചെയ്യുന്ന പുരുഷനെ സ്ത്രീസംഗത്തിനു പുരുഷനു വിധിച്ചിരിക്കുന്ന ദണ്ഡത്തിനു പകുതി പ്രായശ്ചിത്തം ചെയ്യിക്കണം. തൻ്റെ ഭർത്താവിനെ ലംഘിച്ചു സൌന്ദര്യാദിമൂലമായിട്ടുള്ള അഹങ്കാരംകൊണ്ടു പരപുരുഷസംസഗ്ഗംചെയ്യുന്ന സ്ത്രീകളുടെ ചെവിയും മൂക്കും ഛേദിച്ച് ആ സ്ത്രീകളുടെ ഊരുപ്രദേശത്തിൽ നായെ വിട്ടു കടിപ്പിക്കണം.
പ്രണയവും ബലാൽസംഗവും ഒരു പോലെ ശിക്ഷാർഹം. ബ്രാഹ്മണ സ്ത്രീയോട് സം യോഗം ചെയ്യുന്ന ശൂദ്രനെ തീയിൽ ഇടണം.
ബ്രാഹ്മണർക്ക് ഉയർന്ന സാമൂഹിക പദവിയുണ്ടായിരുന്നതുകൊണ്ട്, ബ്രാഹ്മണ സ്ത്രീകൾക്കും ഉയർന്ന സ്ഥാനമുണ്ടായിരുന്നു.തടവിലാക്കാൻ പാടില്ലാത്തവരുടെ കൂട്ടത്തിൽ “കുലേ ജാതാം” (ഉയർന്ന കുലത്തിൽ ജനിച്ചവർ) എന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇത് ഉയർന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് ലഭിച്ചിരുന്ന ഒരു സംരക്ഷണം ആയിരുന്നു.ഗുരുവിൻ്റെ ഭാര്യയുമായി ബന്ധപ്പെടുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കിയിരുന്നു. ഈ കുറ്റത്തിന് കഠിനമായ ശിക്ഷകളും നൽകിയിരുന്നു.
വേശ്യാവൃത്തി അനുവദനീയമായിരുന്നു.
യാതൊരു വേശ്യാസ്ത്രീ ഒരു പുരുഷനോട് അനുഭോഗത്തിനായിട്ട് ഇത്ര പണം തരണമെന്നു നിശ്ചയിച്ചു പണത്തെ വാങ്ങിച്ചുകൊണ്ടു പിന്നത്തതിൽ ഭോഗത്തിനു സമ്മതിച്ചില്ലെങ്കിൽ ആ വേശ്യാസ്ത്രീയേക്കൊണ്ടു വാങ്ങിച്ച ദ്രവത്തിന് ഇരട്ടി കൊടുപ്പിക്കണം. കൊടുത്തവൻ തന്നെ എനിക്കു ഭോഗത്തിന് ഇച്ഛയില്ലെന്നും തന്നദ്രവ്യം തിരികെ നല്കണമെന്നും ചോദിച്ചാൽ ചോദിച്ചവന് കൊടുക്കണ്ട.
തന്നേക്കാൾ നികൃഷ്ട ജാതിയിലെ സ്ത്രീയിൽപിറക്കുന്ന കുട്ടിക്ക് അച്ഛൻ്റെ സ്വത്തിൽ അവകാശം ഇല്ല.
ട്രാൻസ്ജൻ്റെഴ്സിനെക്കുറിച്ചും മറ്റും:
പതിതൻ, പതിതൻ്റെ പുത്രൻ, നപുംസകൻ, അംഗ ഹീനൻ, ചിത്തഭ്രാന്തിയുള്ളവൻ, കാഴ്ചബോധമില്ലാത്തവൻ, അന്ധൻ, മാറാത്ത രോഗമുള്ളവൻ, ഇങ്ങനെയുള്ളവർക്ക് അച്ഛൻ്റെ വസ്തുവിൽ ഭാഗം വരികയില്ല. പതിതൻ്റെ പുത്രൻ നീക്കി ശിഷ്ടമുള്ളവക്കു നിദ്ദോഷന്മാരായിട്ടുള്ള പുത്രരുണ്ടെങ്കിൽ അവർക്കു ഭാഗം സിദ്ധിക്കും. പതിതപുത്രൻ പാതിത്യദോഷമുള്ളവനാക കൊണ്ട് അവനു ഭാഗം ലഭിക്കയില്ല. പതിതൻ നീക്കി ശിഷ്ടമുള്ളവ ക്ലീബാദികൾക്ക് അന്നവസ്ത്രങ്ങൾ കൊടുത്ത് ആയവരേയും അവരുടെ സ്ത്രീകളേയും അചഛൻ്റെ വസ്തു പകുത്ത് എടുക്കുന്ന നിർദ്ദോഷന്മാരായിട്ടുള്ള പുത്രന്മാർ രക്ഷിക്കണം. ക്ഷേത്രജപുത്രൻ തന്നെ കലിയുഗത്തിൽ നിഷിദ്ധനാകകൊണ്ട് ആയവനും അച്ഛൻ്റെ വകയിൽ ഭാഗം വരികയില്ല. ഒരുത്തൻ്റെ അനുവാ ദത്തോടുകൂടെ അവൻ്റെ സ്ത്രീയോടു മറെറാരുത്തൻ സംയോഗം ചെയ്ത് ഉണ്ടാകുന്ന പുത്രൻ ക്ഷേത്രജൻ.
അടിമകളെക്കുറിച്ച്:
ദാസന്മാർ പതിനഞ്ചുവിധം. ഭവനത്തിൽതന്നെ ഒതുക്കമായിട്ട് ഒരു പുരതീത്തു കുടിയിരുത്തി ദാസപ്രവൃത്തി എടുക്കുന്നതിനായിട്ടു പാർപ്പിച്ചിരിക്കുന്ന വേലക്കാരിയുടെ മകൻ ഗൃഹജാതൻ. ദ്രവ്യം കൊടുത്തു വിലയ്ക്കു വാങ്ങപ്പെട്ടവൻ ക്രീതൻ. പ്രതിഗ്രഹത്തിൽ കിട്ടിയവൻ ലബ്ധൻ. ദായാദന്മാരുടെ കാലത്തിൽതന്നെ ദാസ്യപ്രവൃത്തി എടുത്തുവന്നു വസ്തുവക പകുത്തെടുക്കുമ്പോൾ പകുതിയായി കിട്ടിയവൻ ദായോപാഗതൻ. ദുർഭിക്ഷകാലത്തു കഞ്ഞി കുടിപ്പാൻ വകയില്ലാതെ കിടക്കുന്നവനെ കഞ്ഞിമുതലായതു കൊ ടുത്തു പിന്നത്തതിൽ ദാസ്യപ്രവൃത്തി എടുപ്പാനായിട്ട് ആ സമയ ത്തിൽ രക്ഷിക്കപ്പെട്ട ദാസൻ അനാകാലഭൂതൻ. വാങ്ങിച്ചിരിക്കുന്ന കടം കൊടുപ്പാൻ വകയില്ലാതെ ദാസ്യപ്രവൃത്തി എടുത്തി ട്ടെങ്കിലും ഋണമോചനം വരുത്താമെന്നു സമ്മതിച്ചു വന്നവൻ ഋണദാസൻ. യജമാനനാൽ പണയം വയ്ക്കപ്പെട്ടവൻ ആഹിതൻ. യുദ്ധത്തിങ്കൽ അപചയംവന്നു പിടികിട്ടിയവൻ യുദ്ധപ്രാപ്തൻ. ചൊക്കട്ടാൻ കളി മുതലായതിൽ ജയിക്കപ്പെട്ടുവെങ്കിൽ തനിക്കു ദാസനായിട്ടു ഭവിക്കാമെന്നു വാദംകുറിച്ച് അപചയപ്പെട്ടു ദാസനായിട്ടു വന്നവൻ പണജിതൻ. തനിക്കു ഞാൻ ദാസനായിട്ടി രിക്കാമെന്നു താൻ തന്നെ സമ്മതിച്ചുപോയവൻ സ്വയംപ്രതിപന്നൻ ഭ്രഷ്ടസന്യാസി പ്രവ്രജ്യാവസിതൻ. ക്ലിപ്തകാലത്തേക്കു ദാസവാക്കപ്പെടുന്നവൻ കൃതൻ. എനിക്കുള്ള നാൾവരെയും വേണ്ടുംവണ്ണം ഭക്ഷണംതന്നാൽ ഞാൻ ദാസ്യപ്രവൃത്തി എടുക്കാ മെന്നും പറഞ്ഞു ഭക്ഷണത്തിനായിട്ടു വന്നവൻ ഭക്തദാസൻ. ഭവനത്തിൽ വേല എടുക്കുന്നതിനായിട്ടു പാർപ്പിച്ചിരിക്കുന്ന ദാസിയെ ആഗ്രഹിച്ചുവന്ന് അവളെ കെട്ടിച്ചേർന്ന് അവളുടെ യജമാനദാസനായിട്ടു ഭവിക്കാമെന്നു വന്ന ദാസൻ ബഡവാഹൃതൻ. തന്നെ താൻ തന്നെ വിലയ്ക്കു വിറ്റു ദ്രവ്യം വാങ്ങിച്ചവൻ ആത്മ വിക്രയീ. ഇങ്ങനെ ദാസന്മാർ പതിനഞ്ചു വിധം.ആളമ എന്നു ചൊല്ലുന്നതും ഇവരാണ്. ഇവരെല്ലാം സ്വാതന്ത്ര്യമില്ലാത്തവരാണ്.
ഒരു അടിമസ്ത്രീക്ക് ജനിക്കുന്ന മകൻ അടിമയായിരിക്കും.
അടിമസ്ത്രീകളെ വിൽക്കാനും വാങ്ങാനും കഴിയുമായിരുന്നു.
ദാസ്യം എന്ന നിയമത്തിൽ നിന്ന് മോചനം നേടാൻ അവർക്ക് അവസരമുണ്ടായിരുന്നു.
ജാതിഭേദവും ആചാരങ്ങളും:
ബ്രാഹ്മണർക്ക് നിയമപരമായി ഉയർന്ന പദവിയുണ്ടായിരുന്നു. രാജാവിൻ്റെ കോടതിയിൽ ന്യായാധിപന്മാരായിരിക്കാൻ ഇവർക്ക് യോഗ്യതയുണ്ടായിരുന്നു. ഒരു ബ്രാഹ്മണനെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമേ മറ്റ് ജാതിക്കാരെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുള്ളൂ.
ബ്രാഹ്മണർക്ക് വധശിക്ഷയോ മറ്റ് ശാരീരികമായ ശിക്ഷകളോ നൽകിയിരുന്നില്ല. അവർ കുറ്റം ചെയ്താൽ ധനപരമായ പിഴ ഒടുക്കുകയോ അല്ലെങ്കിൽ പ്രായശ്ചിത്തം ചെയ്യുകയോ ആണ് വേണ്ടിയിരുന്നത്.
ജാമ്യം ഇല്ലാത്ത ബ്രാഹ്മണരെ പുരയിലാക്കി വിലങ്ങ്, ചങ്ങല തുടങ്ങിയവയിട്ട് ബന്ധിപ്പിക്കാതെ സൂക്ഷിക്കണമായിരുന്നു.
ബ്രാഹ്മണന്മാർക്ക് ശൂദ്രവൃത്തി നിഷിദ്ധമായിരുന്നു. ബ്രാഹ്മണൻ ദാസ്യ പ്രവൃത്തി എടുത്താൽ രാജാവിൻ്റെ ശക്തിക്ക് കുറവ് വരും.ബ്രാഹ്മണരുടെ പ്രധാന ആചാരങ്ങളിൽ ഒന്നായിരുന്നു യാഗങ്ങൾ. വ്യവഹാരങ്ങൾ യാഗങ്ങൾക്ക് തുല്യമാണെന്ന് ഗ്രന്ഥത്തിൽ പറയുന്നു.
ബ്രാഹ്മണരെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ക്ഷത്രിയരെയോ വൈശ്യരെയോ ന്യായാധിപന്മാരാക്കിയിരുന്നു. എന്നാൽ ശൂദ്രനെ ഈ സ്ഥാനത്തേക്ക് നിയമിക്കുന്നത് നിരോധിച്ചിരുന്നു. ശൂദ്രൻ ന്യായാധിപനായിരുന്നാൽ രാജ്യവും സൈന്യവും സമ്പത്തും നശിക്കുമെന്ന് ഗ്രന്ഥം പറയുന്നു.ഈ വർണ്ണങ്ങളിൽപ്പെട്ടവർക്ക് ധനദണ്ഡം നൽകാൻ കഴിവില്ലെങ്കിൽ, അവർക്ക് പകരം വേല ചെയ്യിപ്പിച്ച് കടം വീട്ടിക്കാമായിരുന്നു.ജാമ്യം ലഭിക്കാത്ത ശൂദ്രരെ ബന്ധിപ്പിച്ച് തടവിൽ പാർപ്പിക്കാൻ അനുവാദമുണ്ടായിരുന്നു.
സ്ത്രീകളുടെ കാര്യത്തിൽ സ്ത്രീകൾക്ക് സാക്ഷി പറയാമെന്നും, ബ്രാഹ്മണർക്ക് ബ്രാഹ്മണരും, ശൂദ്രർക്ക് ശൂദ്രരും സാക്ഷി പറയാമെന്നും പറയുന്നു.
കീഴ്ജാതിക്കാർ
കീഴ്ജാതിയിലുള്ളവർക്ക് അവരുടെ ജാതിക്കാർ തന്നെ സാക്ഷി പറയാൻ അനുവാദമുണ്ടായിരുന്നു.
പതിനഞ്ച് തരം ദാസന്മാരെക്കുറിച്ച് ഗ്രന്ഥത്തിൽ പരാമർശമുണ്ട്. ദാസ്യമോചനം, ദാസീപുത്രൻ്റെ അടിമത്തം, അടിമകളെ വിൽക്കാനും വാങ്ങാനും ഉള്ള അവകാശം എന്നിവയെല്ലാം അടിമത്തവുമായി ബന്ധപ്പെട്ട നിയമങ്ങളായിരുന്നു.
വേല ചെയ്യുന്നവന് യജമാനൻ കൂലി കൊടുക്കണം.
വർണ്ണവ്യവസ്ഥയ്ക്കും അതിലെ ഉച്ചനീചത്വങ്ങൾക്കും വലിയ പ്രാധാന്യം നൽകിയിരുന്നു.
നീതി എന്ന സങ്കല്പം
നീതിയുടെ അടിസ്ഥാനം ധർമ്മമാണെന്ന് ഗ്രന്ഥം പറയുന്നു. മനു, യാജ്ഞവൽക്യൻ തുടങ്ങിയ ഋഷിമാർ എഴുതിയ ധർമ്മശാസ്ത്രങ്ങളെയും നിയമങ്ങളെയും അടിസ്ഥാനമാക്കിയാണ് ഇതിലെ വ്യവസ്ഥകൾ രൂപപ്പെടുത്തിയിരിക്കുന്നത്.
ധർമ്മം, വ്യവഹാരം, ചരിത്രം, രാജശാസനം എന്നിവയാണ് നീതിയുടെ നാല് പാദങ്ങൾ. ഇതിൽ ഓരോന്നിനും അതിൻ്റേതായ സ്ഥാനമുണ്ട്.
സത്യം പറയുന്നവർക്ക് ഇഹലോകത്തിൽ പ്രശസ്തിയും പരലോകത്തിൽ ശാശ്വതമായ സൗഖ്യവും ലഭിക്കുമെന്ന് ഗ്രന്ഥം വ്യക്തമാക്കുന്നു.
നീതിന്യായ വിസ്താരം നടത്തുന്ന ന്യായാധിപന്മാർ രാഗം, ദ്വേഷം, ഭയം എന്നിവ ഒഴിവാക്കി സത്യസന്ധമായി കാര്യങ്ങൾ തീരുമാനിക്കണം. അല്ലാത്തപക്ഷം അവർക്ക് വലിയ ശിക്ഷ ലഭിക്കുമെന്നും വ്യവഹാരമാലയിൽ പറയുന്നു.
ഒരു കേസിൽ തെളിവ് ലഭിക്കാൻ പ്രയാസമുണ്ടെങ്കിൽ ദിവ്യപ്രമാണം (ദൈവീകമായ പരീക്ഷകൾ) ഉപയോഗിച്ച് സത്യം കണ്ടെത്താമെന്നും ഗ്രന്ഥം പറയുന്നു.
വ്യവഹാരങ്ങൾ തീരുമാനിക്കുമ്പോൾ ജാതിമര്യാദകൾക്ക് പ്രാധാന്യം നൽകിയിരുന്നു. ഓരോ ജാതിക്കും അതിൻ്റേതായ നിയമങ്ങൾ ഉണ്ടായിരുന്നു.

