ഡോ.ഡി.വി. അനിൽകുമാർ
Published: 10 september 2024 ചലച്ചിത്രപഠനം
യാന്ത്രികോൽപാദനകാലത്തെ കലയുടെ പ്രവർത്തനം (The art in the age of mechanical reproduction)
വാൾട്ടർ ബെഞ്ചമിൻ (Walter Benjamin)
വിവ: ഡോ ഡി വി അനിൽകുമാർ
IV
പാരമ്പര്യത്തിന്റെ നൂലുകളാൽ തുന്നി എടുത്തിരിക്കുന്ന ഒരു കലാവസ്തുവിന്റെ മഹത്വം അതിൽ നിന്നും വേർതിരിച്ചെടുക്കാനാവില്ല. പാരമ്പര്യം സമ്പൂർണ്ണമായി ഉണർന്നതും അങ്ങേയറ്റം മാറി വരുന്നതുമാണ്. പ്രാചീനമായ വീനസിന്റെ പ്രതിമ, ഉദാഹരണമായി; ഗ്രീക്ക് പാരമ്പര്യത്തിൽ ഒരു ബഹുമാന്യ വസ്തുവായിരുന്നു. എന്നാൽ മധ്യകാലത്തെ പള്ളികൾക്ക് അത് ഭയ പ്പെടുത്തുന്ന ഒരു വിഗ്രഹമായിരുന്നു. രണ്ടുപേരും ആ ശില്പത്തിന്റെ ഉന്നതമായ പ്രഭാവത്തെയാണ് (Aura) നേരിട്ടത്. പാരമ്പര്യത്തെ കലയുമായി ബന്ധിപ്പിക്കുന്ന ഘടകത്തെ നമുക്ക് കണ്ടെത്താൻ കഴിയുന്നത് അവരുടെ ആരാധനാ രീതിയിലാണെന്ന് നമുക്കറിയാം. ആദ്യകാലത്തെ കലാവസ്തുക്കൾ ഉണ്ടായത് അനുഷ്ഠാനത്തിന്റെ ആവശ്യത്തിനു വേണ്ടിയാണ്- ആദ്യം മാന്ത്രികത്തിന്, തുടർന്ന് മതപരമായത്. ഒരു കലാവസ്തുവിന് അതിന്റെ പ്രഭാവവുമായുള്ള ബന്ധത്തെ, ഒരിക്കലും പൂർണ്ണമായി അതിന്റെ അനുഷ്ഠാനപരതയിൽ നിന്ന് വേർപെടുത്താനാവില്ല എന്നതും പ്രാധാന്യമുള്ള കാര്യമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു ആധികാരിക കലാ വസ്തുവിന്റെ ഉന്നതമായ മൂല്യത്തിന്റെ അടിസ്ഥാനം അടിസ്ഥാനത്തിലാണ്; അതിന്റെ പ്രയോഗ മൂല്യത്തിന്റെ യഥാർത്ഥ ഉറവിടം. ഈ അനുഷ്ഠാനപരതയെ; അത് നിരപേക്ഷമാണ്, ഇന്നും കണ്ടെത്താൻ കഴിയുന്നത് മതനിരപേക്ഷമായ അനുഷ്ഠാനങ്ങളിലാണ്. ഏറ്റവും അരോചകമായ സൗന്ദര്യാരാധനകളിൽ പോലും ഇതിനെ കണ്ടെത്താം. നിരപേക്ഷമായ സൗന്ദര്യത്തിന്റെ ആരാധന നവോത്ഥാനകാലത്ത് ഉണ്ടാവുകയും മൂന്നു നൂറ്റാണ്ടോളം നിലനിൽക്കുകയും ചെയ്തു. അനുഷ്ഠാനപരതയിൽ ഉണ്ടായ തകർച്ചയും അതിനെ വീഴ്ത്തിയ ആദ്യ പ്രതിസന്ധിയും അത് കാണിച്ചു തരുന്നുണ്ട്. ആദ്യത്തെ ശരിയായ പുനരുപാദന മാർഗ്ഗത്തിന്റെ വികാസം; ഫോട്ടോഗ്രാഫി ,സോഷ്യലിസത്തിനൊപ്പം ഉള്ള അതിൻറെ വികാസം, കല അതിന്റെ അടുത്തുവരുന്ന പ്രതിസന്ധിയെ മണത്തു. ഒരു നൂറ്റാണ്ടിനുശേഷം അത് സത്യമാവുകയും ചെയ്തു. അക്കാലത്ത് കല ഒരു തത്വം കൊണ്ട് അതിനോട് പ്രതികരിച്ചു I’ Art pour I’ Art , അതായത് കലയുടെ ഒരു ദൈവ ശാസ്ത്രം (കല കല മാത്രമാണ്). ‘ശുദ്ധ കല’ എന്ന ഋണാത്മകമായ ദൈവശാസ്ത്രത്തിലേയ്ക്കാണ് ഇത് മാറിയത്. ഇത് സാമൂഹ്യമായ പ്രതിബദ്ധതയെ നിരസിക്കുകയും വിഷയാനുസൃതമായ കലാ വിഭജനത്തെ എതിർക്കുകയും ചെയ്തു. (കവിതയിൽ മല്ലാർമേ (Mallarme) ആണ് ഈ നില ആദ്യം സ്വീകരിച്ചത്).
യാന്ത്രികോല്പാദന കാലത്തെ കലയുടെ വിശകലനം ഈ പരസ്പരബന്ധങ്ങളെയെല്ലാം കാണേണ്ടതാണ്. അവ നമ്മെ വളരെ പ്രധാനമായ ഒരു ഉൾക്കാഴ്ചയിലേക്ക് നയിക്കും: ലോകചരിത്രത്തിലാദ്യമായി യാന്ത്രിക പുനരുൽപാദനം കലാ വസ്തുക്കളെ അനുഷ്ഠാനവുമായുള്ള പരാദപരമായ പരാശ്രയത്തിൽ നിന്ന് വിമുക്തമാക്കുന്നു(Mechanical reproduction emancipates the work of art from its parasitical dependence on ritual). പുനരുൽപാദിപ്പിക്കപ്പെട്ട കലാരൂപം പുനരുൽപാദനത്തിനു വേണ്ടി രൂപപ്പെടുത്തിയ ഒന്നായി മാറുന്നു. ഉദാഹരണമായി, ഒരു ഫോട്ടോഗ്രാഫിക് നെഗറ്റീവ്; ഒരാൾക്ക് എത്ര വേണമെങ്കിലും പതിപ്പുകൾ ഇതിൽനിന്ന് ഉണ്ടാക്കാം. ഇതിൽ ആധികാരികമായ പ്രിൻറ് ഏത് എന്ന ചോദ്യം തന്നെ പ്രസക്തമല്ല. ഏത് നിമിഷത്തിൽ ആണോ കലാവിചാരത്തിലെ ആധികാരികത പരിശോധിക്കുന്നതിന്റെ രീതി മാറുന്നത് അവിടെ ആധികാരികതയ്ക്ക് പ്രാധാന്യം കൈവരുന്നു. അത് മറ്റൊരു സംഗതിയെ അടിസ്ഥാനമാക്കി തുടങ്ങുന്നു; രാഷ്ട്രീയം (politics).
V
കലാവസ്തു വിവിധ തലങ്ങളിലാണ് സ്വീകരിക്കുന്നതും മൂല്യനിർണയം ചെയ്യുന്നതും. രണ്ടു്ധ്രുവങ്ങൾ: ഒന്ന് അനുഷ്ഠാന മൂല്യം, അടുത്തത് കലയുടെ പ്രകടന മൂല്യം. അനുഷ്ഠാനത്തിലെ ചടങ്ങുകളുടെ രൂപത്തിലാണ് കലോൽപാദനം ആദ്യം നടന്നത്. അവയുടെ നിലനിൽപ്പായിരുന്നു അവയെ കാണുന്നതിനേക്കാൾ പ്രാധാന്യമെന്ന് ഒരാൾക്ക് നിരൂപിക്കാവുന്നതാണ്. പ്രാചീന മനുഷ്യന് ശിലായുഗത്തിൽ അത് മാജിക്കിനുള്ള ഉപകരണം ആയിരുന്നു. അത് വെളിപ്പെടുന്നത് മനുഷ്യർക്ക് മുൻപിലാണെങ്കിലും അത് ആത്മാക്കൾക്കുവേണ്ടി സൃഷ്ടിച്ചതായിരുന്നു. ഇന്നും കലാസൃഷ്ടികളിൽ ആരോപിക്കപ്പെടുന്ന അനുഷ്ഠാനമൂല്യം അവയെ മറച്ചു വയ്ക്കുന്നു. ചില ദേവപ്രതിമകൾ പൂജാമുറികളിലെ പൂജാരിമാർ മാത്രമേ കാണുന്നുള്ളൂ. മധ്യകാല പള്ളികളിലെ ചില ശില്പങ്ങൾ തറ നിരപ്പിൽ നിൽക്കുന്ന സാധാരണ പ്രേക്ഷകന് കാണാൻ കഴിയില്ല. ചില കന്യാമറിയങ്ങൾ വർഷം മുഴുവൻ മൂടി വെച്ചിരിക്കുന്നു. അനുഷ്ഠാനപരതയിൽ നിന്നും വിമോചിതമായ കലാപ്രവർത്തനങ്ങൾക്ക് അവയുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിന് കൂടുതൽ അവസരം ലഭിക്കുന്നു. അവിടെയും ഇവിടെയും അയക്കപ്പെടുന്ന ഒരു പോർട്രേറ്റിന്റെ വിശദമായ കാഴ്ചയും പ്രദർശനവും ഒരു ക്ഷേത്രത്തിനുള്ളിലെ ദിവ്യമായ പ്രതിമയെക്കാൾ ഏറെ സുഗമമാണ്. മൊസൈക്(mosaic),ഫ്രസ്കോ(Fresco) എന്നിവയെക്കാൾ പെയിന്റിങ്ങിന് ഈ സാധ്യതയുണ്ട്. ഒരു കൂട്ടപ്രാർത്ഥന(mass) യുടെ പൊതുജനമധ്യത്തിലെ അവതരണം ഒരു സിംഫണി പോലെ തന്നെ മഹത്തരമാണ് എന്നിരിക്കലും സിംഫണി ഉണ്ടാക്കുന്ന നിമിഷത്തിൽ തന്നെ അത് കൂട്ടപ്രാർത്ഥനയുടെ പ്രകടനപരതയെ മറികടക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്.
സാങ്കേതികമായ പുനരുപാദനത്തിന്റെ വിവിധ മാർഗങ്ങൾ ഒരു കലാപ്രവർത്തനത്തിൽ പ്രയോഗിക്കപ്പെടുന്നതോടെ അതിൻറെ പ്രകടനത്തിനുള്ള യോഗ്യത കൂടുന്നു. അതിൽ രണ്ട് ധ്രുവങ്ങൾ തമ്മിലുള്ള അളവിലുള്ള അന്തരം അതിൻറെ സ്വഭാവത്തിലുള്ള ഗുണപരമായ അന്തരത്തിലേക്ക് മാറുന്നു. ഇതിനെ ചരിത്രാതീത കാലത്തെ കലാപ്രവർത്തനവുമായി താരതമ്യം ചെയ്യുന്നത് നന്നായിരിക്കും അപ്പോൾ പരമോന്നതമായ ഊന്നൽ അനുഷ്ഠാന മൂല്യത്തിന് ആയിരുന്നു; അത് തന്നെയായിരുന്നു പ്രഥമവും പ്രധാനവും. അതാകട്ടെ മാജിക്കിന്റെ ഒരു ഉപകരണവും. ഇതേപോലെ ഇന്ന് പ്രകടനമൂല്യത്തിലും പ്രവർത്തന മൂല്യത്തിനുമാണ് പ്രാധാന്യം. കലാപ്രവർത്തനം പുതിയ പ്രയോഗങ്ങൾക്കുള്ള ഒരു സൃഷ്ടിയായി മാറിയിരിക്കുന്നു. അവയിൽ ഒന്നായ കലാ പ്രയോഗത്തെക്കുറിച്ച് (artistic function)നാമെല്ലാം ബോധവാന്മാരാണ്. അത് പിൽക്കാലത്ത് ഒരു ചെറിയ പ്രയോഗമായി തിരിച്ചറിയപ്പെട്ടേക്കാം. തീർച്ചയായും ഇന്ന് ഫോട്ടോഗ്രാഫിയും സിനിമയും ആണ് ഏറ്റവും പ്രചാരത്തിലുള്ള ഈ പുതിയ പ്രയോഗങ്ങൾക്കുള്ള ഏറ്റവും മികച്ച ഉദാഹരണം.
VI
എല്ലാത്തരത്തിലും ഫോട്ടോഗ്രാഫി പ്രകടന മൂല്യം കൊണ്ട് അനുഷ്ഠാന മൂല്യത്തെ പിന്തള്ളാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ, പ്രതിരോധം കൂടാതെ അനുഷ്ഠാനമൂല്യം വഴി ഒഴിഞ്ഞു നൽകില്ല. അത് ചുരുങ്ങലിന്റെ പാരമ്യത്തിലേക്ക് പിന്മാറുന്നു; മനുഷ്യമുഖ സാന്നിധ്യമായി മാത്രം. പോർട്രേറ്റ് ആയിരുന്നു ഫോട്ടോഗ്രാഫിയിലെ ആദ്യ ശ്രദ്ധാകേന്ദ്രം എന്ന കാര്യം ആകസ്മികം അല്ല. ഓർമ്മയെന്ന അനുഷ്ഠാനം; മരിച്ചവരോടോ സന്നിഹിതരല്ലാത്തവരോടോ ഉള്ള സ്നേഹത്തിൻറെ ഓർമ്മ; ചിത്രത്തിൻറെ അനുഷ്ഠാന മൂല്യത്തിന്റെ അവസാന ആശ്രയം ആയിരുന്നു. അവസാനമായി പഴയ ഫോട്ടോഗ്രാഫുകളിൽ നിന്ന് ചുരുങ്ങിയ തോതിലെങ്കിലും പ്രഭാവത്തിന്റെ(aura) ഉത്ഭവം ഉണ്ടായത് അതിലെ മനുഷ്യമുഖങ്ങളിൽ നിന്നാണ്. ഇതായിരുന്നു അതിൻറെ വിഷാദഭാവം; താരതമ്യം ചെയ്യാനാവാത്ത സൗന്ദര്യം. എന്നാൽ നാം ഫോട്ടോഗ്രാഫിയുടെ ഇമേജിൽ നിന്ന് പിന്മാറാൻ തുടങ്ങിയതോടെ ആദ്യമായി അനുഷ്ഠാന മൂല്യത്തിന് മുകളിൽ പ്രദർശന മൂല്യം അതിൻറെ ആധിപത്യം പ്രകടമാക്കി. ഏറെ പ്രാധാന്യം കൊടുക്കേണ്ട ഈ ദശാസന്ധിയിലാണ് താരതമ്യമില്ലാത്ത അട്ജറ്റി (Atget) ന്റെ പ്രാധാന്യം. 1900 അടുത്ത കാലം അദ്ദേഹം ഒഴിഞ്ഞ പാരീസ് തെരുവുകളുടെ ചിത്രങ്ങൾ എടുത്തു അവയെ കുറ്റത്തിന്റെ സീനുകൾ പോലെ ചിത്രീകരിച്ചിരിക്കുന്നു എന്ന് പറയുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നീതിയുക്തമായ പറച്ചിലാണ്. ഓരോ കുറ്റത്തിന്റെ സീനും ഒറ്റപ്പെട്ടതാണ് അത് തെളിവ് സ്ഥാപിക്കുന്നതിനായി ചിത്രീകരിച്ചതാണ്. Atget നോടൊപ്പം ഫോട്ടോഗ്രാഫുകൾ ചരിത്രസാക്ഷ്യങ്ങളായി പരിഗണിക്കാനും തുടങ്ങി. അങ്ങനെ മറച്ചു വയ്ക്കപ്പെട്ട ഒരു രാഷ്ട്രീയ പ്രാധാന്യം അത് നേടിയെടുത്തു. അവ പ്രത്യേകമായ സമീപനം ആവശ്യപ്പെട്ടു. വെറുതെ പൊങ്ങിക്കിടക്കുന്ന ധ്യാനാത്മകതയല്ല അവയ്ക്ക് യോജിച്ചത്. അവ കാഴ്ചക്കാരനെ ഇളക്കിമറിക്കുന്നു. താൻ പുതിയ രീതിയിൽ വെല്ലുവിളിക്കപ്പെടുന്നതായി അയാൾക്ക് തോന്നുന്നു. അതേസമയം തന്നെ സചിത്ര മാഗസിനുകൾ ശരിയായതോ തെറ്റായതോ ആയ ദിശാസൂചകങ്ങൾ അയാൾക്ക് നൽകിക്കൊണ്ടിരിക്കും. ആദ്യമായി ചിത്രങ്ങൾക്ക് അടിക്കുറിപ്പുകൾ (captions) നിയമാനുസരണമെന്ന് വിധിക്കും. സചിത്ര മാഗസിനുകളിലെ ചിത്രങ്ങളുടെ അടിക്കുറിപ്പുകൾ കാഴ്ചക്കാരന് നൽകുന്ന നിർദ്ദേശങ്ങൾ വളരെ പെട്ടെന്ന് തന്നെ സിനിമയിൽ കൂടുതൽ നിർബന്ധിതവും തുറന്നതുമായിത്തീരും. അവിടെ ഓരോ ചെറിയ ചിത്രത്തിന്റെയും അർത്ഥത്തെ നിർണയിക്കുന്നവയായി തുടർന്നുവരുന്ന ചിത്രങ്ങൾ മാറുന്നു .
ഡോ.അനിൽകുമാർ
അസ്സോസിയേറ്റ് പ്രൊഫസർ, മലയാള വിഭാഗം, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം