എം. സങ്

Published: 10 August 2026 കവിത

യാത്ര

പൂവുകൾ വസന്തത്തെ

മറക്കുന്നതിവേഗം

പക്ഷികൾ ആകാശത്തെ

കൊത്തിയാട്ടുന്നു ദൂരെ.

ഓർമ്മകൾ കത്തിത്തീരാൻ

കാത്തു നിൽക്കാതെയൊരാൾ

പുഴയിൽ സ്നാനം ചെയ്ത്

സന്ധ്യയെ വരിക്കുന്നു.

അസ്ഥികൾ നുറുങ്ങുന്നു

വേദന കടുക്കുന്നു

പാദമൂന്നുവാൻ വയ്യാ –

തിരുളിൽ പതുങ്ങുന്നു.

യാത്രയാകുന്നു പകൽ

കണ്ടതാം മേഘങ്ങളും

കാണുവാൻ കഴിയാതെ

തൊട്ടതാം മോഹങ്ങളും.

ചേർത്തു വയ്ക്കുവാൻ, ഉള്ള്

കൊരുത്തു പറക്കുവാൻ

നഖമാഴ്ത്തിടുന്നോരു

പക്ഷിതൻ മായാജാലം.

കണ്ടു നിൽക്കുന്നു ഏതോ

കുട്ടികൾകടൽക്കരെ

നൂലുകൾ പൊട്ടാതേറെ

പാറിടും പട്ടങ്ങളെ.

യാത്രയാകുന്നു കാറ്റിൻ

കൈകളിൽ പിടിച്ചങ്ങു

ദൂരെയെത്തുവാനായി

വേരുകൾ പടർത്താതെ.

ഉറക്കം കവർന്നോരു

രാത്രിതൻ കാവൽക്കാരൻ

സ്വപ്നത്തിൻ ചിറകേറി

സമുദ്രം കടക്കുന്നു .

ഒച്ചുകൾ മരച്ചില്ല

കവർന്നിന്നിലകളിൽ

ചിത്രങ്ങൾ വരയ്ക്കുന്നു

ഭൂമിതൻ മൗനാർത്ഥത്തെ.

പെട്ടു പോകുന്നു പകൽ

വെയിലിന്നാശ്ലേഷത്താൽ

ഇത്തിരി വെള്ളത്തിന്നായ്

കൈക്കുമ്പിൾ നീട്ടീടുന്നു.

ചാഞ്ഞു വീഴുന്നൂ മണൽ –

പ്പരപ്പിൽ നിന്നും സൂര്യൻ

താങ്ങി നിർത്തുന്നൂ മല –

ശിഖരങ്ങളാലേ കാലം!

പെയ്യാതെ പൊലിഞ്ഞതാം

ഓർമ്മകൾ കൊരുത്തൊരാൾ

നിർത്താതെ നടക്കുന്നു

ഇരുളായ് വെളിച്ചമായ്!

എം. സങ്

പുത്തൻ വിള വിളന്തറ പി ഒ കൊല്ലം-690521 ഫോൺ: 9446227135

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x