എം. സങ്

Published: 10 August 2026 കവിത

ഗുഹാ വാസികൾ

(പരിഭാഷയിൽ റൂം മേറ്റ്സ്)

രണ്ടു പല്ലികൾ
ഇണകളാണവർ
ഇരുളിൻ മുറിയിൽ
എനിക്കു കൂട്ടിനായ്.

അവർക്കൊപ്പം
അത്താഴം കഴിക്കണം
കിടക്കുമ്പോൾ
ഗുഡ് നൈറ്റ് പറയണം.

ഓടിയോടിത്തളർന്നവർ
ഇണചേരുമ്പോൾ
ദശമൂലവും അമൃതവും
കോക് ടൈലാക്കി
ഇറ്റിച്ചു വയ്ക്കണം.

പല്ലികളുടെ ഭാഷ
എന്നെ അലോസരപ്പെടുത്തുന്നില്ല
ഒരു ഒളിക്യാമറ 
അവർക്കു നേരേ
തുറന്നു വയ്ക്കുന്നില്ല,
ഏതൊക്കെയോ ഭാഷകളിൽ
പാട്ടു പാടുന്ന
മുടന്തൻ സീലിംഗ് ഫാൻ,
വിശ്രമ രഹിതമായി
പാട്ടു തന്നെ !

പക്ഷേ
ഒരു കവിത പോലും
ചൊല്ലിത്തകർക്കില്ലത്.

ആദ്യമൊക്കെ
ഒരു ഗസലായിരുന്നു പാടിയിരുന്നത്.
പിന്നെപ്പിന്നെ
എല്ലാരും ഉറക്കമാകുമ്പോൾ
ബോപ്പ് മെർലിയിലേക്ക്
അത് പലായനം ചെയ്തു കൊണ്ടേയിരുന്നു.

ഏതോ ഒരു സ്വപ്നമാണത്
വിളിച്ചു കാട്ടിയത്
ഞാൻ ഉറക്കം നടിച്ചു കിടന്നു
പ്രപഞ്ചം നിശ്ചലമാകുമ്പോൽ
പവർക്കട്ടിൽ
ഫാൻ അന്നത്തെ പാട്ടു നിർത്തി.

പല്ലികൾ
ഭക്ഷണം തേടി
പതുങ്ങുന്നേതോ
പുസ്തകത്തിനു പിന്നിൽ,
ഞാനീ വിരിച്ചുരുളിൽ
കണ്ണടച്ചു കിടക്കുന്നു.

വാതിലിൽ മുട്ടി
സ്വയം തീർത്ത വഴിയിലൂടെ
മൂഷികൻ അകത്തു കടക്കുന്നു.

ഞാനുണരാതെ
അതിന്റെ കരൾച്ച കേൾക്കുന്നു .
മൂഷികാ
ദേഷ്യം വന്നു ഞാൻ
നിന്നെ
എലിയെന്നു
പച്ചപ്പേര് വിളിക്കുന്നു.

നീ തീർത്തമാളങ്ങളെക്കാൾ
വലുതാണ്
എന്റെ ഗുഹ
രാത്രി കടുക്കുമ്പോൾ
ഇന്നാളു നീ മുടി കരണ്ടതോർത്ത്
പേടിച്ചു ഞാനീ
കൊരങ്ങൻ തൊപ്പി
വയ്ക്കുന്നു.

നീ വായിച്ചു തീർത്ത പുസ്തകങ്ങളിൽ
തുളകൾ മാത്രം ബാക്കി.

ഇനിയൊരു
പ്രഭാഷണമാണ് ;
പ്രിയപ്പെട്ട പല്ലികളെ
അക്ഷരത്തെറ്റില്ലാതെ
നിങ്ങൾ ചിലക്കുമ്പോൾ
എന്റെ ഭാഷയിൽ
ഞാനതു വിവർത്തനം ചെയ്യുന്നു,
നിങ്ങൾ ഉമ്മ വയ്ക്കുമ്പോൾ
ഉമ്മാ ഉമ്മാ എന്ന്
ഉറക്കെ വിളിക്കുന്നു.

പുസ്തകങ്ങൾക്കിടയിൽ
നിങ്ങൾ പാകിയ
മുട്ടകൾ ഞാൻ
ഉടച്ചുകളയില്ല.
എന്നിട്ടും ,എന്നിട്ടും
എന്തിനാണു നിങ്ങൾ
എന്റെ കണ്ണടയ്ക്കു മേൽ
കാഷ്ഠിച്ചു വച്ചത് ?

ഓർക്കൂ;
റൂം മേറ്റ്സ്
ഒരിക്കലും
ഇങ്ങനെ ചെയ്യതുത്!

എടാകുശുമ്പാ
നിന്റെ പെണ്ണിനെ ഞാൻ
നോക്കീട്ടേയില്ല, 
എന്റെ ഗുഹയിൽ
നീ കടന്നതാണോ,
നിന്റെ പ്രപഞ്ചത്തിൽ
ഞാൻ കടന്നതാണോ?
ചോദിക്കെടാ
നിന്റെ
പല്ലിപ്പെണ്ണിനോട് ,
ചോദിച്ചോണ്ടേയിരി.

നേരം വെളുത്തു
ഞാനൊന്നുറങ്ങട്ടെ!

എം. സങ്

പുത്തൻ വിള വിളന്തറ പി ഒ കൊല്ലം-690521 ഫോൺ: 9446227135

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x