ആര്യ അരവിന്ദ്

Published : 10 July 2026 സംസ്കാരപഠനം

ആധുനിക മലയാള ഭാഷയിൽ ഇതര ഭാഷകളുടെ കലർപ്പിൻ്റെ രാഷ്ട്രീയം.

സ്വീകരണസന്നദ്ധതയും പരിവർത്തനോത്മുഖതയും ജീവൽഭാഷകളുടെ ഏറ്റവും വലിയ സവിശേഷതയാണ്. ഈ സ്വഭാവഗുണങ്ങളാണ് മലയാളഭാഷ നശിക്കും എന്ന പണ്ഡിതമതത്തെ അതിജീവിക്കാൻ ഭാഷയെ സഹായിച്ചത്. കലരുന്ന സംസ്കാരത്തിനനുസരിച്ച് ഭാഷയിലും കലർപ്പുണ്ടാകുന്നു. ഭാഷയുടെ മാറുന്ന രൂപം വ്യാകരണവിധികളെ അപ്പാടെ ശിഥിലമാക്കുന്ന തരത്തിലായാൽ അത് ഭാഷയുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കും. പരമ്പരാഗത ഭാഷാശാസ്ത്രപഠനമെന്ന് വ്യാകരണത്തെ നിർവചിക്കാമെങ്കിലും മാനകഭാഷയുടെ അടിസ്ഥാനം ഇന്നും വ്യാകരണനിയമങ്ങൾ തന്നെയാണ്. പുതിയ ഭാഷാപ്രയോഗങ്ങളിൽ സന്ധിശിഥിലത തുടങ്ങിയ പ്രവണതകൾ കാണാമെങ്കിലും വാക്യഘടനയിലേക്കും ക്രിയാഘടനയിലേക്കും അവ്യാകരണ പ്രവണതകൾ കടന്നു കൂടിയിട്ടില്ല. ഇതു തന്നെയാണ് മലയാള ഭാഷ ഇന്നും നിലനിൽക്കുന്നതിൻ്റെ അടിസ്ഥാന കാരണം.

ആധുനിക മലയാളത്തിൻ്റെ വിഹാരകാലത്ത് പരമ്പരാഗതവ്യാകരണത്തിന്റെ പഠനവും പുതുക്കലും അനിവാര്യമാണ്. ഭാഷാപഠിതാവിനെന്നതു പോലെ ഭാഷ കൈകാര്യം ചെയ്യുന്ന സാധാരണ ജനങ്ങൾക്കും ഔപചാരിക ആവശ്യങ്ങൾക്ക് വ്യാകരണത്തിലധിഷ്ഠിതമായ ഭാഷാവബോധം കൂടിയേ തീരൂ. ഇത് ഭാഷയുടെ നിലനിൽപ്പിനെയും വളർച്ചയെയും സുഗമമാക്കുന്നു. ഈ വസ്‌തുതകളാണ് വ്യാകരണപഠനത്തെ ഇന്നും പ്രസക്തമാക്കുന്നത്.

പാട്ട്, മണിപ്രവാളം തുടങ്ങി മലയാളഭാഷയുടെ വളർച്ചയിലെ എല്ലാ ഘട്ടങ്ങളും കലർപ്പിനെയാണ് ആധാരമാക്കുന്നത്. ഇക്കാലത്ത് മലയാളഭാഷയിൽ പ്രത്യക്ഷപ്പെടുന്ന ഇതരഭാഷാസ്വാധീനം എത്രത്തോളമാണെന്നും അവ എങ്ങനെയാണ് ഭാഷയിലേക്ക് കലരുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്. ഇന്ന് യുവാക്കളുടെ, വിദേശ രാജ്യങ്ങളിലേക്കുള്ള കൂട്ടമായ കുടിയേറ്റം സൃഷ്ടിക്കുന്ന ഭാഷാപരിണാമം, അവർ തമ്മിലുള്ള മലയാള ആശയവിനിമയങ്ങളിലെ മാറ്റം എന്നിവ പഠനവിധേയമാക്കേണ്ടതുണ്ട്.

മലയാളഭാഷയുടെ ചരിത്രവും വർത്തമാനവുമാണ് ഈ പഠനത്തിന് വിധേയമാക്കിയിരിക്കുന്നത്. ലീലാതിലകം മുതലുള്ള വ്യാകരണവിഷയങ്ങൾ പരാമർശിക്കുന്ന ഗ്രന്ഥങ്ങൾ ആധാരമാക്കിയാണ് പഠനം. ഭാഷയിൽ ഇന്നുവരെ ഉണ്ടായ പ്രസ്ഥാനങ്ങളെയും അവയിലെ മലയാള-ഇതരഭാഷാ കലർപ്പിനെയും മനസ്സിലാക്കി നവീനമലയാളത്തിന്റെ പ്രയോഗസവിശേഷതകളുമായി താരതമ്യം ചെയ്ത് ഭാഷയുടെ ഗതി നിർണയിക്കാൻ ശ്രമിക്കുന്നു. മലയാളഭാഷയിലെ പുതിയ കലർപ്പ് കണ്ടെത്തി പ്രത്യേകതകൾ പഠിക്കുന്നു.

അടുത്തകാലം വരെ മലയാളത്തിൻ്റെ ക്രിയാഘടനയിലേക്കോ വ്യാകരണ കാര്യങ്ങളിലേക്കോ ഇംഗ്ലീഷ്‌ഭാഷ കടന്നുകയറ്റം നടത്തിയിരുന്നില്ല എന്നതുതന്നെയാണ് നിശ്ചിതകാലംകൊണ്ട് മലയാളം ‘ഇല്ലാതാവും’ എന്ന പണ്ഡിതനിഗമനങ്ങളെ അസാധുവാക്കിയ കാര്യം. പ്രചീനകാലം മുതൽക്കേ കേരളീയർക്ക് മറ്റ് ദേശക്കാരുമായുണ്ടായിരുന്ന സമ്പർക്കം നിമിത്തം ധാരാളം അന്യഭാഷാപദങ്ങൾ മലയാളത്തിൽ കടന്നുകൂടി (പോർച്ചുഗീസ്- ആസ്‌പത്രി, അലമാര, ഇസ്ത‌ിരി, കടലാസ്, കളസം, ഇംഗ്ലീഷ്- കമ്പ്യൂട്ടർ, സൈക്കിൾ, ബ്രേക്ക്, പ്ലാസ്റ്റിക്, അറബി- ആപത്ത്, കരാറ്, കീശ, കശാപ്പ്). ഇവ കലർന്ന് മിശ്രഭാഷകളും സങ്കരഭാഷകളും വെങ്കലഭാഷകളും കേരളമണ്ണിലുണ്ടായി. അറബിമലയാളം, ജൂതമലയാളം, കേരളീയ തമിഴ്‌ബ്രാഹ്മണരുടെ ഗൃഹങ്ങളിലെ ഭാഷ തുടങ്ങിയവ ഇത്തരത്തിൽ വളർന്നു.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി മലയാളഭാഷ ഇന്ന് മണിപ്രവാളത്തിന്റേതിന് സമാനമായ ഒരു കലർപ്പിന്റെ ആരംഭദശയിലാണ്. ഈ കലർപ്പ് മലയാളത്തിൻ്റെ കുതിപ്പിനെയോ കിതപ്പിനെയോ കുറിക്കുന്നു?

“ഭാഷാ സംസ്‌കൃതയോഗോ മണിപ്രവാളം” – എന്നാണ് ലീലാതിലകം നൽകുന്ന മണിപ്രവാളലക്ഷണം. ഭാഷയുടെയും സംസ്കൃതത്തിന്റെയും ഹൃദയാഹ്ലാദകരമായ സമ്മേളനത്തിന് നാല്‌ തരം പദങ്ങളെ സ്വീകരിക്കുന്നുമുണ്ട്.

1. സംസ്കൃതപ്രകൃതി + സംസ്കൃതപ്രത്യയം >ശുദ്ധസംസ്കൃ‌തം

2. ഭാഷാപ്രകൃതി + സംസ്കൃതപ്രത്യയം >സംസ്കൃതീകൃതഭാഷ

3. ഭാഷാപ്രകൃതി + ഭാഷാപ്രത്യയം >ഭാഷ

4. സംസ്കൃതപ്രകൃതി+ ഭാഷാപ്രത്യയം >ഭാഷീകൃതം


ഇത്തരത്തിൽ മലയാളത്തിന് ഇംഗ്ലീഷുമായി ഇന്ന് വ്യവഹാര ലാഘവാത്മകമായ മിശ്രണം ഉണ്ടായിരിക്കുന്നു. അതായ‌ത് വ്യാകരണപരമായും ഇവ കലരാൻ തുടങ്ങിയിരിക്കുന്നു. മലയാളികൾക്ക് ഇംഗ്ലീഷ് ഭാഷയോടുണ്ടായ ആരാധനയും Xenocentrism -വും ആണ് ഇതിന് കാരണം എന്ന് തീർത്തു പറഞ്ഞുകൂടാ. ഈ ആരാധനയുടെ ഫലമായി ധാരാളം ഇംഗ്ലീഷ്പദങ്ങൾ തത്സമരീതിയിൽ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു എന്നത് ശരിതന്നെ. ഈ പദസമ്പത്ത് മലയാളഭാഷയെ കൂടുതൽ ശക്‌തമാക്കി. നൂറ്റാണ്ടുകളായി നിലനിന്ന ഇംഗ്ലീഷ് ഭാഷയുമായുള്ള സമ്പർക്കം നിമിത്തം സുഗമമായി നാം പ്രയോഗിച്ചിരുന്ന ഭാഷാപദങ്ങൾക്ക് പകരം ധാരാളം ആംഗലപദങ്ങൾ ഉപയോഗിച്ചത് പല തനത് മലയാള പദങ്ങളുടെയും അപ്രയുക്തതക്ക് കാരണമായി ഭവിച്ചിട്ടുണ്ട്. അതിനപ്പുറം മലയാളഭാഷയെ ഇല്ലായ്‌മ ചെയ്യുക എന്ന തലത്തിലേക്ക് ഈ ആധുനികമാറ്റത്തിന് പ്രവർത്തിക്കാനായിട്ടില്ല.

സൈബർ ഇടം എന്ന പുതിയൊരു വ്യവഹാര മേഖല രൂപപ്പെട്ട സാഹചര്യത്തിലാണ് മലയാളത്തിന്റെ ക്രിയ്യാഘടനയിൽ ഇംഗ്ലീഷ് കലർപ്പ് പ്രകടമായി തുടങ്ങുന്നത്. മണിപ്രവാളം മഹിളാളിമഹാസ്‌പദങ്ങളോടനുബന്ധിച്ച അംഗോപാംഗ സ്ത്രീവർണ്ണനയ്ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ള സാംസ്കാരിക അപചയത്തിൻ്റെ ശിശു എന്ന നിലയിൽ ഉടലെടുത്തപ്പോൾ സൈബർലോകത്ത്, ‘മോശം’ എന്ന് കരുതുന്ന പദങ്ങളാണ് ‘മംഗ്ലീഷ്’ എന്ന സന്തതിയുടെ പൂർവ്വികരായി ജന്മമെടുത്തത്. ഈ പദങ്ങൾ വികലവുമായിരുന്നു. കാരണം അക്ഷരങ്ങൾ, സംഖ്യകൾ എന്നിവ ചേർത്തെഴുതി രണ്ടിന്റെയും ഉച്ചാരണം മലയാളം – ഇംഗ്ലീഷ് ഭാഷകളുടേത് കലർത്തി മലയാളത്തിൽ അർത്ഥം ഗ്രഹിക്കാൻ കഴിയുന്ന പദങ്ങളായിരുന്നു ഇവ. അതായത് പദഘടനയിൽ മാത്രം കലർപ്പ് ഒതുങ്ങുകയും ഈ മിശ്രഭാഷാക്ഷരപദങ്ങൾ വാക്യഘടനയിൽ മലയാളപദങ്ങൾക്ക് സമമായി നിൽക്കുകയും ചെയ്തു.
ഉദാഹരണം: 3G

ഈ ആധുനിക സൈബർ പദം ഉച്ചരിക്കുന്നത് മൂന്ന് എന്ന മലയാള ഉച്ചാരണവും G എന്ന അക്ഷരത്തിൻ്റെ ഇംഗ്ലീഷ് ഉച്ചാരണവും ചേർത്താണ്. മണിപ്രവാളത്തിൽ കാണാൻ കഴിയാത്ത പുതിയതരം പദനിർമ്മിതിയാണിത്. കൂടുതൽ ഉദാഹരണങ്ങൾ :- വാD, Vട്…

മണിപ്രവാളം അന്നത്തെ സാമൂഹിക അധ:പതനത്തെ പരിഹസിക്കുന്നതു പോലെ, ഇന്നത്തെ ട്രോളുകൾ നവയുഗപൊള്ളത്തരങ്ങളെ പൊളിക്കുന്നതും (Pwoli) മംഗ്ലീഷിലൂടെയാണ്. ഇതിനായി ഇംഗ്ലീഷ് പദങ്ങളെ തത്‌ഭവരീതിയിൽ ഉപയോഗിക്കുന്ന രീതിയും സൈബർ വ്യവഹാരങ്ങളിൽ സാധാരണമാണ്. ഉദാഹരണം: sad – sed (സെഡ്) , Guys – Gooys (ഗൂയ്സ്) , Power – Pever (പെവർ) കൂടാതെ, മണിപ്രവാളത്തിൽ ഉപയോഗിക്കുന്ന പദങ്ങൾക്ക് സമാനമായി;
1. ഭാഷാപ്രകൃതി + ഭാഷാപ്രത്യയം → ശുദ്ധമലയാള പദങ്ങൾ (മരത്തിൽ, അവനെ, കുട്ടികൾ)

2. ഭാഷാപ്രകൃതി + ഇംഗ്ലീഷ് പ്രത്യയം → ഭാഷീകൃതം (കുട്ടീസ്)

3. ഇംഗ്ലീഷ് പ്രകൃതി + ഇംഗ്ലീഷ് പ്രത്യയം → ഇംഗ്ലീഷ് (preschool, retest, slowly, careful)

4.ഇ൦ഗ്ലീഷ് പ്രകൃതി + മലയാളം പ്രത്യയം → Englishized Malayalam (ഫ്രീക്കത്തി, ബ്ലോഗൻ, സ്റ്റാന്റിൽ)
എന്നിവ കണ്ടെത്താൻ കഴിയും. ക്രിയാഘടനയിലുള്ള കലർപ്പിന് സെൻ്റാമോ (sendamo), sendi (സെന്റി), വന്നു എന്ന അർത്ഥത്തിൽ Commi (കമ്മി) തുടങ്ങിയവ ഉദാഹരണം.

സൈബർ വ്യവഹാരങ്ങളിലെ ഈ കലർപ്പ് ദൈനംദിന ഭാഷാവ്യവഹാരങ്ങളിലേക്കും വ്യാപിക്കാൻ തടങ്ങി എന്നതിന് തെളിവാണ് മലയാളത്തിലെ ഒരു പ്രമുഖചാനലിലെ സംഗീത റിയാലിറ്റി ഷോയുടെ പരസ്യവാചകം “കുട്ടിത്താരങ്ങളുടെ ഞെട്ടിക്കൽസ്” എന്നാക്കിയിരിക്കുന്നത്.

മലയാളത്തിനുണ്ടാവുന്ന ഈ നൂതനമാറ്റങ്ങളെ ചരിത്രദൃഷ്‌ടിയിൽ ആധികാരികവും ശാസ്ത്രീയവുമായി പരിശോധിക്കുമ്പോൾ മലയാളഭാഷ നിർണായക മിശ്രണഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് വ്യക്‌തമാണ്. ഈ ഘട്ടത്തെ തീർച്ചയായും അടയാളപ്പെടുത്തേണ്ടതാണ്. പരമ്പരാഗത വ്യാകരണത്തിന്റെയും ആധുനിക ഭാഷാശാസ്ത്രത്തിന്റെയും പിൻബലത്തിൽ മലയാളഭാഷയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വികാസപരിണാമങ്ങൾ മുമ്പുണ്ടായിട്ടുള്ള മാറ്റങ്ങളുമായി താരതമ്യം ചെയ്ത് പഠിക്കേണ്ടതുണ്ട്.

ഗ്രന്ഥസൂചി

1.രാജരാജവർമ്മ, ഏ.ആർ., കേരളപാണിനീയം, നാഷണൽ ബുക്ക് സ്റ്റാൾ., കോട്ടയം, 2018

2. കുഞ്ഞൻപിള്ള, ഇളംകുളം, പ്രൊഫ, ലീലാതിലകം (വ്യാഖ്യാനം), നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം, 2018

വെബ് സൂചി

1. വിഷ്ണു വർമ്മ, “വീണ്ടെടുപ്പിൻ്റെ വഴിയിലേക്ക്”. കേരളം ന്യൂസ്, 2020 malayalam.indianexpress.com/wp-content. 2 0 2022

2. സുഗീഷ്, “തിരുത്തുകളുടെ നാൾവഴി”, വിക്കി എഴുത്ത്, 2007 ml.wikipedia.orgw/index.php. 2022

ആര്യ അരവിന്ദ്

ഗവേഷക, മഹാരാജാസ് കോളേജ്,എറണാകുളം.

5 2 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x