ഹലീൽ

Published: 10 June 2026 കവിത

ആഗോളമിഴികൾ

നിൻ്റെ കണ്ണുകൾ
ഏതു സാഹിത്യപ്പതിപ്പിനേക്കാളും
വായനാസമ്പന്നമായിരുന്നു.

യഥാർത്ഥ കാമുകർ
പുസ്തകങ്ങൾ വായിക്കാറില്ല.
കണ്ണുകൾ മറിച്ചുകൊണ്ടേയിരിക്കും.

കണ്ണും കണ്ണും
കൈമാറിയ കഥകൾ.
ഒരു വാക്കുപോലുമില്ലെങ്കിലും
നീണ്ടുനീണ്ടു പോകുന്നവ.

നാം ഒന്നുമേ മിണ്ടിയില്ല.
കണ്ണുകളിൽ നോക്കിയിരുന്നു.
യുഗങ്ങളോളം,പറയാത്ത ഭാഷയിൽ.

താജിൻ്റെ കുബ്ബയിൽ
പ്രേമത്തിൻ്റെ കൃഷ്ണമണി
ഉരുണ്ടുതുടുത്തിരിക്കുന്നു.

കണ്ടുകണ്ടങ്ങിരിക്കുമ്പോൾ
ലോകം ഒരു കണ്ണായി മാറും.
നിൻ്റെ നേത്രഗോളം
ഭൂഗോളത്തോളം വികസിക്കും.

നിന്നെ പ്രേമിക്കുമ്പോൾ
മുഴുവൻ മനുഷ്യരെയും കൂടി
നിരുപാധികം സ്നേഹിക്കാൻ
നീ പഠിപ്പിക്കുന്നു.
കണ്ണുകൾ പറയുന്നുണ്ട്.
ലോകം ഒരു മിഴിക്കൂടാണെന്ന് !

ഹലീൽ

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x