ഐശ്വര്യ കെ.

Published: 10 January 2025 കവിത

അരണ്ട വെളിച്ചത്തിൽ വായിക്കേണ്ടത്

ഇല മുഴുവൻ കൊഴിഞ്ഞ്,
അവസാന പച്ചയും വരണ്ടുപോയ,
മരത്തിനു കീഴെ
ഇരുട്ടിയാൽ പോലും
അരണ്ട മഞ്ഞ വെളിച്ചം
കട്ടപിടിച്ചു നിന്നു.
എല്ലായ്പ്പോഴും
ബീഡിക്കറ പറ്റിയ വിരലുകൾ
ചുവന്നു കറുത്ത കട്ടൻ ചായകളെ
ചുണ്ടോടു ചേർത്തു…
മധുരം കൂട്ടി കടുപ്പത്തിലൊരു കവിൾ
അകത്തു ചെല്ലുമ്പോഴെല്ലാം
പുറത്ത്,
മുള പൊട്ടി വരുന്ന
കുഞ്ഞു തൈകളിലെല്ലാം
മുഴുത്ത പച്ചപ്പ് ആർത്തു വരുന്നതായി കണ്ടു.
ശേഷം,
നാലും കൂട്ടിയൊന്നു മുറുക്കി
വീഴാറായ മരത്തിനും,
അരണ്ട മഞ്ഞ വെളിച്ചത്തിനും,
ഇടുങ്ങിയ വഴികൾക്കുമപ്പുറത്തേക്ക്,
നീട്ടി ഒന്ന് തുപ്പി….
ഇവളുമാരൊക്കെ ഇപ്പം
എല്ലാം കാണിച്ചോണ്ട്….
പിന്നെയുയർന്ന പൊട്ടിച്ചിരികളും
‘വെടി’വട്ടങ്ങളും
വെറും കഥകളാണെന്ന് പറയേണ്ടതില്ലല്ലോ
തീർന്നില്ല…
ബീഡിപ്പുകയും
അരണ്ട മഞ്ഞ വെളിച്ചവും
കട്ടൻ ചായയുമൊക്കെ
അല്ലെങ്കിൽ വേണ്ട
അവയൊക്കെ
വെറും സങ്കല്പങ്ങളായിക്കോട്ടെ…

ഐശ്വര്യ കെ.

അതിഥി അധ്യാപിക ഗവ. ആർട്സ് & സയൻസ് കോളേജ്, ചേലക്കര.

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

3.8 4 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x