ഡോ.അരുൺ മോഹൻ പി.

Published: 10 may 2026 കവര്‍‌സ്റ്റോറി

ആയ്കുലത്തിലെ വിക്രമാദിത്യവരഗുണനും ദക്ഷിണേന്ത്യയിലെ ബൗദ്ധദര്‍ശന സ്വാധീനവും:

പാലിയം ചെപ്പേടിനെ മുന്‍നിര്‍ത്തിയുള്ള വിശകലനം

ദക്ഷിണേന്ത്യയില്‍ നിലവിലുണ്ടായിരുന്ന ഒരു ചെറുരാജ്യമായിരുന്നു ആയ്. പൊതുവില്‍ നമ്മുടെ ചരിത്രകാരന്മാര്‍ ആയ്രാജവംശമെന്ന് വിളിക്കാറുണ്ട്. നാഞ്ചിനാടുള്‍പ്പെടെ തെക്കന്‍കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍ക്കൊണ്ട് പാണ്ഡ്യത്തിനും ചേരത്തിനും ഇടയിലായിരുന്നു ഇവരുടെ സ്ഥാനം. ആയ് അതിയന്‍, ആയ് തിതിയന്‍, ആയ് അണ്ടിരന്‍ എന്നിങ്ങനെ ചില ആയ്കുലരാജാക്കന്മാരുടെ പേരുകള്‍ രണ്ടാം ചേരസാമ്രാജ്യകാലത്തിന് മുമ്പ് കാണാനാകും. പിന്നീട് സി. ഇ. ഒമ്പത്, പത്ത് നൂറ്റാണ്ടുകളില്‍ പ്രത്യക്ഷമായ ആയ്കുല ഭരണാധിപന്മാര്‍ ചരിത്ര ഗവേഷകരുടെ സവിശേഷശ്രദ്ധയെ ആകര്‍ഷിക്കുന്നുണ്ട്. വിദ്യാശാലകളേയും ഭിന്ന മതദര്‍ശനങ്ങളേയും പ്രോത്സാഹിപ്പിച്ച കരുനന്തടക്കനും വിക്രമാദിത്യവരഗുണനും ആയിരുന്നു ആ ഭരണാധികാരികള്‍. പാര്‍ത്ഥിവപുരം  വിദ്യാശാലക്കായി തേങ്ങാനാട്ടു കിളവനില്‍ നിന്നും ഭൂമി വാങ്ങിനല്കിയത് കരുനന്തടക്കനായിരുന്നു. അതേ തേങ്ങാനാട്ടു കിളവന്റെ മകളായ മുരുകന്‍ ചേന്തിയെ വിവാഹം ചെയ്തവനും ചിതറാലിലെ ജൈനക്ഷേത്രത്തിനും ശ്രീമൂലവാസത്തെ ബുദ്ധവിഹാരത്തിനും വിദ്യാശാലക്കും ദാനങ്ങള്‍ നല്കിയവനുമായ ഭരണാധികാരിയായിരുന്നു വിക്രമാദിത്യവരഗുണന്‍. വിക്രമാദിത്യവരഗുണന് ബുദ്ധമതത്തോടും ദര്‍ശനത്തോടും ഉള്ള മമത വെളിവാകുന്ന ഒരപൂര്‍വ്വരേഖ അപൂര്‍ണ്ണമെങ്കിലും നമുക്ക് ലഭിച്ചിട്ടുണ്ട്. ചുരുങ്ങിയത് മൂന്ന് ചെമ്പോലകളിലായി തയ്യാറാക്കിയ ഈ ലിഖിതരേഖയുടെ ഒന്നാം ചെമ്പോല നഷ്ടമായി. ശേഷിച്ച രണ്ടെണ്ണം കൊച്ചിരാജ്യത്തെ മന്ത്രിയായിരുന്ന പാലിത്തച്ചന്റെ തറവാട്ടില്‍ സംരക്ഷിക്കപ്പെട്ടിരുന്നു. ടി. എ. ഗോപിനാഥറാവു ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസിന്റെ ഒന്നാം വോള്യത്തില്‍ ഈ ലിഖിതം പ്രസിദ്ധീകരിച്ചു. അതോടെ വിക്രമാദിത്യവരഗുണന്റെ ധര്‍മ്മം, സംഘം എന്നീ ബുദ്ധമതാശയങ്ങളോടുള്ള പ്രതിപത്തി വെളിവാക്കപ്പെട്ടു. 
യഥാര്‍ത്ഥത്തില്‍ ഭരണാധികാരികള്‍ക്ക് ബുദ്ധദര്‍ശനമുള്‍പ്പെടെയുള്ള ആശയങ്ങളോട് പ്രതിപത്തിയുണ്ടായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. എന്തുതന്നെ ആയാലും നവീനമായ ആശയങ്ങള്‍ക്ക് ഇടം ലഭിക്കുന്ന അവസ്ഥ അക്കാലത്തുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. പലപ്പോഴും നയതന്ത്രജ്ഞതയോടെ ഈ ആശയങ്ങളും ആദര്‍ശങ്ങളും ഭരണാധികാരികള്‍ ഉപയോഗിച്ചു. ബി. സി. ഇ. മൂന്നാം നൂറ്റാണ്ടില്‍ മൗര്യ ചക്രവര്‍ത്തിയായിരുന്ന അശോകന്‍ അതിവിനാശകരവും ന്യായീകരിക്കാന്‍ അസാധ്യവുമായിരുന്ന ഒരു മഹായുദ്ധത്തിനു ശേഷം ബുദ്ധമതം സ്വീകരിക്കുകയുണ്ടായി. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ബുദ്ധമതത്തിന് പരക്കെ പ്രചാരം ലഭിച്ചു എന്നും മനസ്സിലാക്കാം. ദക്ഷിണേന്ത്യയിലും ഇക്കാലത്തും തുടര്‍ന്നും ബുദ്ധമതത്തിന് പ്രചാരമുണ്ടായി. ദ്രാവിഡ മതം എന്നൊക്കെ വിളിക്കാവുന്ന രീതിയിലുള്ള പ്രകൃത്യാരാധനയായിരുന്നു ഇവിടെ നിലവിലിരുന്നത്. അവിടേക്ക് ജൈനമതവും ബുദ്ധമതവും പിന്നീട് വൈദിക വിശ്വാസരീതികളും എത്തിച്ചേര്‍ന്നു. സംഘകാല സാഹിത്യം പരിശോധിക്കുമ്പോള്‍ ഇക്കാര്യം വെളിവാകുന്നുണ്ട്.
സംഘകാല സാഹിത്യത്തിലെ വിലയേറിയ രണ്ട് മഹാകാവ്യങ്ങളായി അറിയപ്പെടുന്നത് ഇളംകോവടികളുടെ ചിലപ്പതികാരവും കൂലവാണികന്‍ ചാത്തനാരുടെ മണിമമേഖലയുമാണ്. ഇതില്‍ കണ്ണകിയുടെ ഐതിഹാസിക കഥ വിവരിക്കുന്ന ചിലപ്പതികാരം ഒരു ജൈനകാവ്യമാണ്. ചിലപ്പതികാരത്തിന്റെ തുടര്‍ച്ച മണിമേഖലയിലുണ്ട്. മുപ്പത് ‘കാതൈ’കളിലായി തയ്യാറാക്കപ്പെട്ട മണിമേഖല അടിമുടി ഒരു ബൗദ്ധകാവ്യമാണ്. ഇതിന്റെ അവസാനത്തെ മൂന്ന് ‘കാതൈ’കളും ബുദ്ധദര്‍ശനത്തെ വിശദമായിത്തന്നെ പ്രകീര്‍ത്തിക്കുന്നുമുണ്ട്. കാതൈ എന്നതുകൊണ്ട് ഗാഥ അഥവാ പാട്ട് എന്നു തന്നെയാണ് അര്‍ത്ഥമാക്കുന്നത്.
അശോകന്റെ ബ്രാഹ്മി ലിപിയിലുള്ള ശാസനങ്ങളിലൂടെ പ്രകീര്‍ത്തിക്കപ്പെട്ട ബുദ്ധമതാശയങ്ങള്‍ക്ക് ദക്ഷിണേന്ത്യയില്‍ ആദരണീയമായ പരിഗണന ആയ്കുലത്തിലെ ഭരണാധികാരിയായിരുന്ന വിക്രമാദിത്യവരഗുണന്റെ കാലത്ത് ലഭിച്ചു. സി. ഇ. ഒമ്പതാം നൂറ്റാണ്ട് മുതല്‍ക്കുള്ള ലിഖിതങ്ങളാണ് കേരളീയമായ ഇടങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. പൊതുവില്‍ ദക്ഷിണേന്ത്യന്‍ ലിപികളുടെ മിശ്രസ്വഭാവം ഇവിടെയും നിലനിന്നു. ദ്രാവിഡമായ പദങ്ങള്‍ക്ക് ദ്രാവിഡലിപിമാല പരക്കെ ഉപയോഗിച്ചു. ദ്രാവിഡേതരമായതിന് സംസ്കൃതലിപിമാലയും. വിക്രമാദിത്യവരഗുണന്റെ ദാനരേഖ കൂടിയായ പാലിയംചെപ്പേടും മിശ്രലിപികളില്‍ തയ്യാറാക്കിയിരിക്കുന്നു. ഒരുഘട്ടത്തില്‍ തമിഴകത്ത് ദ്രാവിഡമായ അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കുമായി വട്ടെഴുത്താണ് ഉപയോഗിച്ചിരുന്നത്. ദ്രാവിഡേതരമായതിന് ഗ്രന്ഥലിപിയും. എന്നാൽ ഈ ശാസനത്തില്‍ ദ്രാവിഡമായതിന് പഴയ തമിഴ് ലിപിയും ദ്രാവിഡേതരമായതിന് പഴയ ദേവനാഗരി ലിപിയുമാണ് ഉപയോഗിച്ചിട്ടുള്ളത്. തമിഴകത്ത് ചോളന്മാര്‍ ശക്തിയാര്‍ജ്ജിച്ചപ്പോഴാണ് ഇത്തരം മാറ്റങ്ങള്‍ ദ്രുതഗതിയില്‍ നടന്നത്. ഇക്കാലത്തും പിന്നീടും ചേരപ്രദേശങ്ങളില്‍ വട്ടെഴുത്തും ഗ്രന്ഥലിപിയും തുടര്‍ന്നുവെങ്കിലും ആയ് രാജ്യത്തെ സ്ഥിതി മറ്റൊന്നായിരുന്നു എന്ന് ലിപിപരമായ ഈ മാറ്റത്തില്‍ നിന്നും മനസ്സിലാക്കാം.
പാലിയംശാസനം എന്ന ഈ ലിഖിതത്തെ ശ്രീമൂലവാസം ദാനരേഖ എന്ന് വിളിക്കുന്നതും യുക്തിപരമാണ്. ശ്രീമൂലവാസം കടലെടുക്കപ്പെട്ട ഒരു പ്രദേശമാണ്. സി. ഇ. ഒമ്പത്, പത്ത് നൂറ്റാണ്ടുകളിലെങ്കിലും പ്രസ്തുത പ്രദേശം ബുദ്ധാരാധനയ്ക്കും ബുദ്ധഭട്ടാരകന്മാരുടെ പഠനത്തിനും പ്രസിദ്ധമായിരുന്നു എന്ന് ഈ രേഖയിലെ ഹ്രസ്വപരാമര്‍ശങ്ങളില്‍ നിന്നും മനസ്സിലാക്കാം. ശ്രീമൂലവാസം ദാനരേഖയ്ക്ക് രണ്ട് ഭാഗങ്ങളെങ്കിലും ഉണ്ട്. ഒന്ന് ദാനം പരാമര്‍ശിക്കുന്ന ഗദ്യമുള്‍ക്കൊള്ളുന്നതും ലഭ്യമായ ഒന്നാം ഓലയിലെ ഒന്നാം ഭാഗവും രണ്ടാമതായി ബൗദ്ധ ധര്‍മ്മത്തെ പ്രകീര്‍ത്തിക്കുന്നതും ലഭ്യമായ ഒന്നാം ചെമ്പോലയുടെ രണ്ടാം ഭാഗവും ശേഷമുള്ള ചെമ്പോലയുടെ ഒന്നും രണ്ടും ഭാഗങ്ങളും ഉള്‍ക്കൊള്ളുന്നതുമായ പതിമൂന്ന് ശ്ലോകങ്ങളുമാണ്.
ഗദ്യത്തിലുള്ള ശാസനഭാഗം അപൂര്‍ണ്ണമാണെങ്കിലും അവസാന ഭാഗത്തു നിന്നും ശ്രീമൂലവാസ പരാമര്‍ശമുള്ളതിനാല്‍ ആ വിധം പ്രസക്തമാണ്. ഗദ്യത്തിന്റെ ലിപ്യന്തരണ പാഠം താഴെ നല്കുന്നു;
“ഇലൈഞ്ഞത്തുക്കു മേലെല്ലൈ മേല കാണിയാറ കുളത്തുക്കും പിടാരി കോയിലുക്കുങ്കിഴക്കു വടവെല്ലൈ വണ്ടാഴങ്കോട്ടുക്കു തെറ്റുപണ്ണി കുടുത്തിരുക്കു. കരൈത്തേവര്‍ പഴഞ്ചിക്കുത്തെര്‍കു മണ്ണറൈ ഇരണ്ടുങ്കീഴ്കുളത്തു പടുവന്‍ ഒറ്റിക്കാണങ്കോവാക ഇലൈഞത്തോടേ ചെന്റു വരുവന ചിറ്റിടൈച്ചെതെനവാഴുപോയ് ഇലൈഞത്തുക്കൊറ്റിക്കോട്ട മകപ്പടക്കോവന്‍ കുളത്തൊടു കാലനെരിക്കുളത്തിനിടൈ പരമ്പേ പോയ കാലനെരിക്കുളമിലൈഞത്തുക്കു പുരവാക തെരി തിണ്ടി വയലുക്കുന്തെങ്കറൈക്കു നടുവാകപ്പോയിന കീഴീടുവൈക്കു മേക്കു മുതിച്ചി പഴഞ്ചിയോടു നെടുമണ്ടൈയാര്‍ പഴഞ്ചി നടുവു പോയിന ഇടൈ കഴിക്കുമിടത്തിര്‍ പഴഞ്ചിക്കു പുരുകേ പോയിന ഇടുവൈക്കങ്കോറ പുളിപ്പഴഞ്ചിക്കു മേക്കു കിടന്ത ഇറവൈക്കു തെര്‍കു ഇടൈക്കാട്ടു നല്ലിളൈയാനൈയ്യന്‍ കോയിലുക്കു തെര്‍കു കരുനന്തരുമന്‍ കുടി ഇരുന്ത വളര്‍വകപ്പട കടങ്കുളത്തുക്കു തെര്‍കു പാറൈക്കു തെര്‍കു കുരുന്തുക്കു തെര്‍കു കീഴെല്ലൈ ഒറ്റൈപ്പനൈക്കു മേക്കു നടുകല്ലുക്കു മേക്കു തെന്നെല്ലൈ നാടുമ്പുള്ളിയും പടുനിലനീക്കി ഇതനകം തൊളിക്കൊട്ടൊടു കൂടപ്പുന ചെയ് കൂട്ടുന്തറിക്കൂറൈയുഴുകോടു ചെല്ലപ്പുലൈയരും മറ്റുങ്കോയിര്‍ കുരിയതെല്ലാമകപ്പട തിരുമൂലവാതത്തു പടാരര്‍ക്കട്ടി കുടുത.”
ഇതു പ്രകാരം വയലും വയലിലെ പണിയാളരായ പുലയരും കോയിലിനായി ഉള്ളതെല്ലാം ഉള്‍പ്പെടെ തിരുമൂലവാതത്തെ അഥവാ ശ്രീമൂലവാസത്തെ ഭട്ടാരകര്‍ക്കായി അട്ടിപ്പേറായി നല്കിയിരിക്കുന്നു. ശ്ലോകരൂപത്തില്‍ പതിമൂന്നെണ്ണം ഉണ്ടെങ്കിലും അവയില്‍ നാലെണ്ണം നേരിട്ട് ബുദ്ധദര്‍ശനത്തിന്റെ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്നവയാണ്. ഒന്ന്, രണ്ട്, മൂന്ന്, പതിമൂന്ന് എന്നിവയാണവ. ഒന്നാമത്തെ ശ്ലോകം ബുദ്ധനെ പ്രകീര്‍ത്തിക്കുന്നതാണ്.
“യഃ കല്യാണമയഃ സ്വയം വിതനുതേ യഃ കല്പകസ്യ സ്ഥിതിം
യസ്മാദഭ്യുദിതസ്തമാംസി ഹരതേ യദ്ധര്‍മ്മഘര്‍മ്മദ്യുതിഃ
യത്പാദാശ്രയിണോ ഭവന്തി സുഖിനഃ സര്‍വ്വ ഗണാഃ പ്രാണിനാം
ധേയാന്മേരുരിവാപരസ്ത്രീജഗതീം സര്‍വ്വാം സ ശൗദ്ധോദനിഃ”
യാതൊരുവന്‍ സ്വയം മംഗളസ്വരൂപന്നായിരിക്കുന്നുവോ, യാതൊരുവന്‍ കല്പവൃക്ഷത്തിന്റെ നില കൈക്കൊള്ളുന്നുവോ, യാതൊരുവനില്‍ നിന്നുദിച്ച ധര്‍മ്മ സൂര്യന്‍ തമസ്സിനെ അകറ്റുന്നുവോ, യാതൊരുവന്റെ പാദങ്ങള്‍ വണങ്ങുന്ന സര്‍വ്വ ജീവജാലങ്ങളും സുഖമനുഭലിക്കുന്നുവോ, ആ ശൗദ്ധോദനി (ശുദ്ധോദന പുത്രനായ സിദ്ധാര്‍ഥ ഗൗതമന്‍) മറ്റൊരു മേരു പര്‍വ്വതം പോലെ ത്രിലോകങ്ങളെ താങ്ങിനിര്‍ത്തുമാറാകട്ടെ.
രണ്ടാമത്തെ ശ്ലോകം ധര്‍മ്മത്തേയും സംഘത്തേയും പ്രകീര്‍ത്തിക്കുന്നതിനൊപ്പം മറ്റു മതങ്ങള്‍ക്കുകൂടി വഴിവിളക്കാകാവുന്ന അതിന്റെ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്നു.
“ആത്മാകാരഗ്രഹണവിമുഖാവാഹൃതാപാംഗലീലൗ
പ്രാപ്തൗ നിത്യം ശ്രുതിമവിതൃഷാനേകരൂപാവബോധൗ
ദേവ്യാ ഭൂമേര്‍ന്നിഖിലകുമതിധ്വാന്തരോധാന്വിതായാ
നേത്രായേതാം ജിതകുവലയൗ ധര്‍മ്മസംഘൗ ചിരായ”
ആത്മസ്വരൂപം ഗ്രഹിക്കുന്നതില്‍ വിമുഖങ്ങളും അപാംഗമെന്ന നെറ്റിത്തിലകം അലങ്കാരമായി വഹിക്കുന്നവയും നിത്യവും തൃപ്തിവരാതെ ധര്‍മ്മങ്ങള്‍ ശ്രവിക്കുന്നവയും പലതരത്തിലുള്ള ജ്ഞാനം ധരിക്കുന്നവയും ലോകത്തെ മുഴുവന്‍ ജയിച്ചവയുമായ ധര്‍മ്മവും സംഘവും തെറ്റായ വിശ്വാസദര്‍ശനങ്ങളാല്‍ അന്ധത ബാധിച്ച ഭൂമീദേവിക്ക് വളരേക്കാലം രണ്ടു കണ്ണുകളായിത്തീരട്ടെ.
മൂന്നാം ശ്ലോകത്തില്‍ ബുദ്ധദേവനെ ആരാധിക്കുന്നവരില്‍ ഐശ്വര്യം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയാണ്.
“നിഷ്യന്ദമാനകരുണാമൃത വാരിപൂര
നിര്‍ധൗതനിര്‍മ്മലതരേവ വിരാജമാനാ
ലക്ഷ്മീം ചിരായ ഭജതാമവലോകിതസ്യ
ദിശ്യാത്തു നഃ ശിശിരദീധിതുല്യകാന്തിഃ”
പുറമേക്ക് കരുണാമൃതമായി പ്രവഹിക്കുന്ന ജലധാരയാല്‍ കഴുകപ്പെട്ട് ഏറെ നിര്‍മ്മലമാം വിധം ശോഭിച്ചുകൊണ്ടിരിക്കുന്ന അവലോകിതന്റെ (ബുദ്ധന്റെ) ചന്ദ്രതുല്യമായ പ്രഭ അദ്ദേഹത്തെ ഭജിക്കുന്ന നമുക്ക് ചിരകാലം ലക്ഷ്മിയായി (ഐശ്വര്യം) ഭവിക്കട്ടെ.
നാല് മുതല്‍ ഏഴ് വരെ ശ്ലോകങ്ങള്‍ വൃഷ്ണിവംശ സംബന്ധിയാണ്. എട്ടാം ശ്ലോകത്തിലെ ചില ഭാഗങ്ങള്‍ വായിക്കാനാകാത്തതിനാല്‍ അപൂര്‍ണ്ണമാണ്. ഒമ്പതാം ശ്ലോകം ദാനം നടന്ന കാലത്തേയും ശാസനത്തിലെ തമിഴ് ഗദ്യത്തേയും സൂചിപ്പിക്കുന്നതാണ്. 
“മകരജുഷി ദിനേശേ മാസി പൗഷേ ദിനേ വാ
മൃഗശിരസി ഗുരൗ സ പ്രാപ്തപഞ്ചത്രികായുഃ
അവനിമദിശദസ്യാ ദിക്ഷു സീമാദി സര്‍വ്വം 
ദ്രമിഡവചന ഏവാലോക്യതാമത്ര പത്രേ”
സൂര്യന്‍ മകരത്തില്‍ നിന്ന പൗഷമാസത്തിലെ മകീര്യം നാളില്‍ വ്യാഴാഴ്ച മുപ്പത്തഞ്ച് വയസ്സെത്തിയ (പ്രാപ്തപഞ്ചത്രികായുഃ എന്ന പരാമര്‍ശം) അദ്ദേഹം ഭൂമീദാനം നടത്തി. ദ്രാവിഡ വചനത്തില്‍ രേഖപ്പെടുത്തിയിടത്ത് ആ ഭൂമിയുടെ നാലതിരുകള്‍ കണ്ടു കൊള്ളുക. പത്താം ശ്ലോകത്തില്‍ ദാനഭൂമിയുടെ സംരക്ഷണത്തിനായി വീരകോതയെന്ന വീരനെ ചുമതലപ്പെടുത്തിയ വിവരമാണുള്ളത്. പതിനൊന്നാം ശ്ലോകത്തില്‍ രാജാവ് തന്റെ വംശത്തിലുള്ളവരോട് തങ്ങളുടെ വംശം നശിച്ചുപോകരുതെന്ന് ഓര്‍മ്മപ്പെടുത്തുന്നു. പന്ത്രണ്ടാം ശ്ലോകത്തില്‍ രാജശ്രേഷ്ഠനും യാദവേന്ദ്രനുമായ വിക്രമാദിത്യവരഗുണന്‍ തന്റെ പിന്‍ഗാമികളോടും സുഹൃത്തുക്കളോടും നമ്രശീര്‍ഷനായി ഒരഭ്യര്‍ത്ഥന മുന്നോട്ടു വെക്കുന്നു. ഈ ഭൂമിയെ പ്രിയപ്പെട്ടവളേയെന്നപോലെ ഹൃദയത്തില്‍കാത്ത് എക്കാലത്തും രക്ഷിച്ചുപോരുക എന്നതാണാ അഭ്യര്‍ത്ഥന. പതിമൂന്നാം ശ്ലോകം താഴെ ചേര്‍ക്കുന്നു, കേരളചരിത്ര രചനയില്‍ ലിഖിതരേഖകളെ സമര്‍ത്ഥമായുപയോഗിച്ച പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ള ഈ ശ്ലോകത്തെ മുന്‍നിര്‍ത്തി ചേരരാജ്യത്തെയും മറ്റും ആക്രമിക്കാന്‍ വരുന്ന പരാന്തകചോളനെ കണ്ടെടുക്കുന്നു.
“പുണ്യാരംഭേ ത്വരയത മനോ മാനവാ വഃ കൃതാന്തഃ
കാലാകാംക്ഷി നികടമതി വ്യാവൃതാസ്യപ്രചണ്ഡഃ
തസ്യൈവാസൗ പ്രിയമിവ പിതാ കര്‍ത്തുമാശു പ്രയാണൈ-
രഹ്നാമീശോ നയതി ഭവതാമായുഷഃ ശേഷമാശു“
അല്ലയോ മാനവാ വേഗം തന്നെ നിങ്ങളുടെ മനസ്സിനെ പുണ്യ പ്രവൃത്തികളിലേക്ക് നയിക്കുക. കാലന്‍ പ്രചണ്ഡമായി വായ് തുറന്ന് കാലം നോക്കി അരികിലൂടെ സഞ്ചരിക്കുന്നു (കാലം തികയുമ്പോള്‍ കൊണ്ടു പോകാന്‍). കാലന്റെ പിതാവായ സൂര്യന്‍ മകന് പ്രിയം ചെയ്യാനെന്ന വിധം അതിവേഗം പ്രയാണം ചെയ്ത് (അതിവേഗം ദിനരാത്രങ്ങള്‍ കടന്നു പോകുന്നു) നിങ്ങളുടെ ശേഷിക്കുന്ന ആയുസ്സിനെ കൊണ്ടുപോകുന്നു.
ധര്‍മ്മത്തെയും സംഘത്തേയും മഹത്വവത്കരിക്കുന്നതിലൂടെയും ബുദ്ധ ദര്‍ശനത്തിലെ കാതലായ ആദര്‍ശങ്ങളെ ഈവിധം രേഖപ്പെടുത്തുന്നതിലൂടെയും വിക്രമാദിത്യവരഗുണന്റെ ഉയര്‍ന്ന ഭരണ നിപുണത വെളിവാകുന്നു. തമിഴകത്തു നിന്നും ലഭിച്ച ഈ ശാസനത്തില്‍ ബുദ്ധദര്‍ശനത്തെ പ്രകീര്‍ത്തിക്കുക മാത്രമല്ല വിക്രമാദിത്യ വരഗുണന്‍ ചെയ്തിരിക്കുന്നത്; ശ്രീമൂലവാസത്തെ വിദ്യാശാലയിലെ ദൈനംദിന പ്രവൃത്തികള്‍ക്ക് ചെലവ് കണ്ടെത്തുന്നതിന് സാമാന്യം വലിയൊരളവ് കൃഷി ഭൂമിയും അതിലെ പണിയാളരെയും അട്ടിപ്പേറായി നല്കുകയും ചെയ്തിരിക്കുന്നു. അടിമ സമ്പ്രദായത്തിലേക്കുള്ള സൂചനയും ഗദ്യഭാഗത്തിന്റെ അവസാനത്തിലുണ്ട്. ഭൂമിയോടൊപ്പം പുലയരേയും നല്കുന്നു എന്നതാണാ സൂചന.
 
സഹായകഗ്രന്ഥങ്ങള്‍
1. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ തിരഞ്ഞെടുത്തകൃതികള്‍, പ്രൊഫ. ഇളംകുളം പി. എന്‍. കുഞ്ഞന്‍പിള്ള, എഡിറ്റര്‍: ഡോ. എന്‍. സാം, അന്താരാഷ്ട്ര കേരളപഠനകേന്ദ്രം, കേരള സര്‍വകലാശാല, തിരുവനന്തപുരം, 2005.
 
2. കേരളചരിത്രത്തിന്റെ അടിസ്ഥാനശിലാരേഖകള്‍, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2011.
 
3.കേരളീയസംസ്കൃതശാസനങ്ങള്‍(ലേഖനം), ഡോ.എന്‍.വി.പി.ഉണിത്തിരി, പ്രാചീനകൈരളി, എഡിറ്റര്‍: ഡോ. പി. വിശാലാക്ഷി, ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി, കേരള സര്‍വ്വകലാശാല, കാര്യവട്ടം, വാല്യം 33, 2006.
 
4.മണിമേഖല, കൂലവാണികന്‍ ചാത്തനാര്‍, വിവര്‍ത്തകന്‍: പി. ജനാര്‍ദ്ദനന്‍പിള്ള, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 1971.
 
5.Travancore Archaeological Series volume 1, Editor: T. A. Gopinatha Rao, Department of Cultural Publications, Government of Kerala, Trivandrum, 1988.

ഡോ.അരുൺ മോഹൻ പി.

അസിസ്റ്റന്റ് പ്രൊഫസര്‍, മലയാള വിഭാഗം, ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി. drarunmohanp@gmail.com, 9447642863.

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x