
ഡോ.അരുൺ മോഹൻ പി.
Published: 05 April 2026 കവര്‍സ്റ്റോറി
തൊൽക്കാപ്പിയത്തിലെ ആന്തരിക സൗന്ദര്യദർശനം അകത്തിണകളിലെ അനുഭൂതി ഭൂപടങ്ങളിൽ
ഇന്ത്യന്‍ സാഹിത്യമീമാംസയില്‍ സവിശേഷമായ സ്ഥാനം ദക്ഷിണേന്ത്യയിലെ സംഘകാലസാഹിത്യത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ് വികാസം പ്രാപിച്ച തിണസങ്കല്പനത്തിനുണ്ട്. തികച്ചും തദ്ദേശീയമായ ഒരു ജ്ഞാനവ്യവസ്ഥയും ജീവിതാവബോധവും സാഹിത്യത്തിലൂടെ അനാവൃതമാകുന്ന മുപ്പത്തിയെട്ട് കൃതികളാണ് സംഘസാഹിത്യകൃതികളെന്ന് അറിയപ്പെടുന്നത്. ഈ കൃതിള്‍ക്കെല്ലാം നടുനായകമായി വര്‍ത്തിക്കുന്നു തൊല്‍ക്കാപ്പിയം. ഭാഷ, വ്യാകരണം, കാവ്യമീമാംസ എന്നിവ തൊല്‍ക്കാപ്പിയത്തിനകത്ത് വിശകലന വിധേയമായി. എഴുത്തതികാരം, ചൊല്ലതികാരം, പൊരുളതികാരം എന്നിങ്ങനെ മൂന്ന് ഭാഗമായി സംവിധാനം ചെയ്ത തൊല്‍ക്കാപ്പിയത്തില്‍ ആകെ 27 അധ്യായങ്ങളുണ്ട്. ഇതില്‍ പൊരുളതികാരം എന്ന കാവ്യമീമാംസയെ സംബന്ധിക്കുന്ന ഭാഗം കാവ്യനിര്‍മ്മിതിയുടെ സൗന്ദര്യാത്മകതലത്തെ അനുഭൂതികളെ ആധാരമാക്കി ആവിഷ്കരിക്കുന്നതിനുള്ള ശിക്ഷണോപാധികൂടിയാണ്. പൊരുളതികാരത്തിലെ അകത്തിണൈ ഇയല്‍ എന്ന അധ്യായത്തെ ആസ്പദമാക്കി കാവ്യനിര്‍മ്മിതിയേയും ആസ്വാദനത്തേയും തൊല്‍ക്കാപ്പിയം വിഭാവനം ചെയ്തതെങ്ങനെ എന്ന അന്വേഷണമാണ് ഈ പ്രബന്ധം നിര്‍വഹിക്കുന്നത്.
സാഹിത്യവ്യവഹാരം എന്നതിന് എന്ത് അര്‍ത്ഥമാണ് നമുക്ക് വര്‍ത്തമാനകാലത്ത് നല്കാനാകുക എന്നത് പ്രധാനമാണ്. സി.ഇ. ആദ്യ നൂറ്റാണ്ടുകളിലെ പ്രാചീന തമിഴക ജീവിതത്തെയാണ് അധികപക്ഷവും സംഘകാലകൃതികള്‍ പ്രതിനിധാനം ചെയ്യുന്നത്. ജീവിതാനുഭവങ്ങളെ സൗന്ദര്യാത്മകമായി ആവിഷ്കരിക്കാന്‍ കഥാപാത്രങ്ങള്‍ ഇടപെടുന്ന സവിശേഷ സാഹചര്യങ്ങള്‍, അവര്‍ ജീവിക്കുന്ന ഭൂമേഖല, സുഹൃത്തുക്കളുടെ സഹായത്തോടെ സംഭവ്യമാകുന്ന കൂടിച്ചേരലുകള്‍, പ്രകൃതിയിലെ ഋതുഭേദങ്ങള്‍, ചുറ്റിലുമുള്ള സമസ്തവും കൂടിച്ചേര്‍ന്നൊരു സന്ദര്‍ഭത്തില്‍ മാത്രമാണ് നാല് വരിപോലുമുള്ളൊരു കവിതയുടെ കാവ്യശാസ്ത്രഭൂമിക രൂപപ്പെടുന്നത്.
തൊല്‍ക്കാപ്പിയം ഉള്ളടക്കിയിരിക്കുന്ന സൗന്ദര്യാനുഭൂതികള്‍ക്ക് ഇന്നത്തെ കാലത്ത് നിന്നും പുറകിലേക്ക് ആയിരം മുതല്‍ രണ്ടായിരത്തഞ്ഞൂറ് വര്‍ഷത്തെ തമിഴകജീവിതത്തിന്റെ ചരിത്രമുണ്ട്. തീര്‍ത്തും അനുഭൂതിപരമായി ആവിഷ്കരിക്കുന്ന സാഹിത്യത്തിലെ ഭിന്നഭാവങ്ങളെ സ്ഥലം, കാലം, കാലാവസ്ഥ, അടിസ്ഥാനജീവിതക്കരുക്കള്‍ എന്നിവ ചേര്‍ത്ത് ഉരുവപ്പെടുത്തുന്ന വൈകാരികവും സാമൂഹികവുമായ പശ്ചാത്തലമുണ്ട്. സൗന്ദര്യശാസ്ത്രം ഒരംഗീകൃത വിജ്ഞാനശാഖയായി പതിനെട്ടാം നൂറ്റാണ്ടിലാണ്. അതിന്റെ അര്‍ത്ഥം സൗന്ദര്യശാസ്ത്രാധിഷ്ഠിത ചിന്തകള്‍ അതിനുമുമ്പുണ്ടായിട്ടില്ല എന്നല്ല; മറിച്ച് അതിനൊരു വൈജ്ഞാനിക തലം അപ്പോള്‍ കൈവന്നു എന്നേ ഉള്ളൂ. മറ്റൊരു രീതിയില്‍ ഇന്ത്യന്‍ സാഹിത്യസിദ്ധാന്തങ്ങളെ സംബന്ധിക്കുന്ന ചര്‍ച്ചയില്‍ കെ. അയ്യപ്പപ്പണിക്കര്‍ അദ്ദേഹം ജീവിച്ച കാലത്തെ പാരിസ്ഥിതിക സാഹിത്യസിദ്ധാന്തത്തോട് ചേര്‍ത്ത് പൊരുളതികാരത്തിലെ തിണസങ്കല്പത്തെ വിശകലനവിധേയമാക്കുന്നുണ്ട്. “ദ്രാവിഡ ലാവണ്യശാസ്ത്രത്തിന്റെ ആധികാരിക രേഖയായി കണക്കാക്കേണ്ടുന്ന പൊരുളതികാരത്തില്‍ മനുഷ്യജീവിതത്തെ അതിന്റെ പശ്ചാത്തലവും പ്രേരകശക്തിയുമായ ഭൂപ്രകൃതികളോടും കാലാവസ്ഥകളോടും ബന്ധപ്പെടുത്തുന്ന ഒരു സാകല്യദര്‍ശനമാണു കാണാന്‍ കഴിയുന്നത്. ഇന്നു പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതിലാവണ്യശാസ്ത്രവുമായി ഒരളവുവരെയെങ്കിലും ഈ ദര്‍ശനത്തിനു സാദൃശ്യമുണ്ട് (കെ. അയ്യപ്പപ്പണിക്കര്‍: 1999, പുറം-93). സൂക്ഷ്മ നിരീക്ഷണത്തില്‍ സാഹിത്യകൃതികളിലെല്ലാം മനുഷ്യാനുഭൂതികളും പ്രകൃതിയും നിരന്നും നിറഞ്ഞും നില്‍ക്കുന്നുണ്ട്. പൊരുളതികാരത്തെ സവിശേഷമാക്കുന്നത് ഈ മനുഷ്യ-പ്രകൃതി ബന്ധത്തെ സുഘടിതമാക്കി എന്നതാണ്. നാടോടിപ്പാട്ടുകളില്‍ നിന്നും ലിഖിതസാഹിത്യത്തിലേക്ക് അനുക്രമിച്ച സംഘകാല സാഹിത്യത്തിന് പൊരുളതികാരം വഴിതെളിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാര്യവും അയ്യപ്പപ്പണിക്കര്‍ മറ്റൊരുരീതിയില്‍ നിരീക്ഷിക്കുന്നുണ്ട്. “തൊല്‍ക്കാപ്പിയത്തിലെ പൊരുളതികാരം ദ്രാവിഡ കാവ്യമീമാംസയുടെ ബീജരൂപമാണ്. അതു വികസിപ്പിച്ചെടുത്താല്‍ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും പുരാതനവും മൂല്യവത്തുമായ ഒരു പരിസ്ഥിതി ലാവണ്യസിദ്ധാന്തം നമുക്ക് ലഭ്യമായേക്കും (കെ. അയ്യപ്പപ്പണിക്കര്‍: 1999, പുറം-101). പരിസ്ഥിതിയെ സവിശേഷ ജീവിതാനുഭൂതികളില്‍ നിന്നും വേര്‍പെടുത്തിയല്ല തൊല്‍ക്കാപ്പിയം ഉള്‍ക്കൊള്ളുന്നത്. മനുഷ്യാനുഭൂതിക്ക് വിളനിലമായി വര്‍ത്തിക്കുന്നത് അതത് മനുഷ്യര്‍ ജീവിക്കുന്ന ഇടങ്ങള്‍ തന്നെയാണ്. ആ ഇടങ്ങളെ സൗന്ദാര്യത്മകമായി ആവിഷ്കരിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന അടിസ്ഥാനവികാരത്തെ കാലത്തിനും സ്ഥലത്തിനും ചേരുന്ന രീതിയില്‍ അവതരിപ്പിക്കുന്നു എന്നതാണ്.
പൊരുളതികാരം അതര്‍ഹിക്കുന്ന രീതിയില്‍ വൈജ്ഞാനികമായി ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ടില്ല എന്നത് ഡോ. ശ്രീധരന്‍ അഞ്ചുമൂര്‍ത്തി നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തൊല്‍ക്കാപ്പിയം പ്രസിദ്ധീകരിച്ചതു മുതല്‍ ആദ്യ അധ്യായങ്ങളായ എഴുത്തതികാരത്തിനും ചൊല്ലതികാരത്തിനുമാണ് വൈജ്ഞാനിക പഠനങ്ങളുണ്ടായത്. പി. എസ്. സുബ്രഹ്മണ്യശാസ്ത്രികള്‍ തയ്യാറാക്കിയ ഇംഗ്ലീഷിലുള്ള വിവര്‍ത്തന പഠനവ്യാഖ്യാനമാണ് തമിഴ് കാവ്യമീമാംസ എന്ന തലത്തിലുള്ള സ്വീകാര്യത നേടിക്കൊടുത്തത്. അതിന്റെ പേര് തമിഴ് പോയറ്റിക്സ് എന്നായിരുന്നു. ദി കുപ്പുസ്വാമി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു പ്രസാധകര്‍ (ശ്രീധരന്‍ അഞ്ചുമൂര്‍ത്തി: 2010). ഭാരതീയ സാഹിത്യസിദ്ധാന്തങ്ങള്‍ക്കിടയില്‍ തിണകളെ സംബന്ധിക്കുന്ന തൊല്‍ക്കാപ്പിയരുടെ രേഖപ്പെടുത്തലുകള്‍ ഇതോടെ സിദ്ധാന്തപദവിയിലേക്ക് പടിപടിയായി മുന്നേറാന്‍ തുടങ്ങി.
അകത്തിണൈ ഇയലാണ് പൊരുളതികാരത്തിന്റെ ആദ്യ അധ്യായം. തൊല്‍ക്കാപ്പിയര്‍ ഒരൊറ്റ ആളാണെന്ന് കരുതേണ്ടതില്ലെങ്കിലും കാവ്യം എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന സദുദ്ദേശമാണ് പൊരുളതികാരത്തിന്റെ കാതല്‍. സഹൃദയര്‍ക്ക് ആസ്വാദനം സാധ്യമാകണമെങ്കില്‍ കാവ്യനിര്‍മ്മിതി മികവുറ്റതാകണമെന്ന ഉറച്ച ബോധ്യം അകത്തിണൈ ഇയലില്‍ കാണാം. ഇന്നത്തെ കാലത്തിനും ജീവിതത്തിനും അനുയോജ്യമായ ആസ്വാദനതലം കേവലം നൂറ് വര്‍ഷം മുമ്പത്തെ സാഹിത്യകൃതികളില്‍ ബഹുഭൂരിപക്ഷത്തിനും അവകാശപ്പെടാനാകുമോ എന്നതും സംശയമാണ്. അവിടെയാണ് തൊല്‍ക്കാപ്പിയരുടെ കാവ്യാദര്‍ശം സവിശേഷ ശ്രദ്ധയെ ആകര്‍ഷിക്കുന്നത്. ഒരുപക്ഷേ, അടിസ്ഥാനപരമായി പൊരുളതികാരം മുമ്പോട്ടുവെക്കുന്ന കാവ്യാദര്‍ശത്തെ സംബന്ധിച്ച് ഈ പ്രബന്ധകര്‍ത്താവിനു പോലും വിമര്‍ശനമുന്നയിക്കാമെങ്കിലും പ്രസ്തുത ആശയങ്ങള്‍ ഉരുത്തിരിഞ്ഞകാലത്തെ ജീവിതരീതികളും സമീപനങ്ങളും ഔചിത്യപരമായാണ് തൊല്‍ക്കാപ്പിയര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സമ്മതിക്കാതെ തരമില്ല. ഓരോ കാലഘട്ടവും ഏറ്റവും അനുയോജ്യമായ ജീവിതാനുഭൂതികളെയാണ് സാഹിത്യത്തില്‍ ആവിഷ്കരിക്കുന്നത്. അതിനടിസ്ഥാനമാകുന്നത് അതത് കാലം മുന്നോട്ടുവെക്കുന്ന ഉച്ചസ്ഥായിലുള്ളവരുടെ ജീവിതമാണ്. ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാതെ തൊല്‍ക്കാപ്പിയ വിശകലനം സാധ്യമല്ല. അല്ലെങ്കിലത് തീര്‍ത്തും പക്ഷപാതപരമാകും. ഈയൊരാശയ തലത്തില്‍ നിന്നാണ് അകത്തിണൈ ഇയലിനെ വിശകലനം ചെയ്യുന്നത്. അതിനാല്‍ത്തന്നെ ദര്‍ശനപരമായ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്.
പൊരുളതികാരത്തിലെ ഒന്നാം സൂത്രം അഥവാ അകത്തിണൈ ഇയല്‍ ആരംഭിക്കുന്നത് അകത്തിണകള്‍ എത്ര എന്ന് വ്യക്തമാക്കിക്കൊണ്ടാണ്.
“കൈക്കിളൈ മുതലാപ്പെരുന്തിണൈ ഇറുവായ്
മുര്‍പ്പടക്കിളന്ത എഴുതിണൈ എന്‍പ” – കൈക്കിളൈ എന്ന ഒന്നാം തിണയില്‍ ആരംഭിച്ച് പെരുന്തിണൈ വരെ ആകെ അകത്തിണകള്‍ ഏഴാണ്. ഇതാണ് ഒന്നാം സൂത്രത്തിന്റെ താല്പര്യം.
നമുക്കെല്ലാം ധാരണയുള്ളതുപോലെ ആകെ തിണകള്‍ അഞ്ചാണ്. ഒരുപക്ഷേ പുറത്തിണകളേക്കുറിച്ച് പലര്‍ക്കും അടിസ്ഥാന ധാരണപോലുമില്ല. ഇതിനുകാരണം അകം കവിതകളുടെ പ്രമേയപരമായ സ്വീകാര്യതയാണെന്ന് കരുതാവുന്നതാണ്. രണ്ടാം സൂത്രം ഒന്നാം സൂത്രത്തിലെ ഏഴുതിണകളെ അഞ്ചെന്ന് സ്ഥിരീകരിക്കുന്നതിനുള്ള നീക്കമാണ്.
“നടുവണ്‍ ഐന്തിണൈ നടുവണതു ഒഴിയ
പ്പടുതിരൈ വൈയം പാത്തിയ പണ്‍പേ” – ഏഴു തിണകള്‍ക്കു നടുവിലായി വര്‍ത്തിക്കുന്നവയാണ് അകത്തിണകളായി പരിഗണിക്കപ്പെടുന്നത്. എം. ഇളയപെരുമാളും എസ്. ജി. സുബ്രഹ്മണ്യപിള്ളയും ഇതിനു നല്‍കുന്ന വ്യാഖ്യാനമിങ്ങനെയാണ്; “അവയില്‍ നടുക്കുള്ള അഞ്ചു തിണകളുടെ (മുല്ലൈ, കുറിഞ്ചി, പാലൈ, മരുതം, നെയ്തല്‍) നടുക്കുള്ളതൊഴികെ നാലു തിണൈകളായിട്ടാണ് ശബ്ദിക്കുന്ന കടല്‍ ചൂഴ്ന്ന് ഈ ലോകം വിഭജിക്കപ്പെട്ടിട്ടുള്ളത്” (എം. ഇളയപെരുമാള്‍, എസ്. ജി. സുബ്രഹ്മണ്യപിള്ള: 1961, പുറം-209). തുടര്‍ന്നീ ഐന്തിണപ്പാട്ടുകളില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ട മൂന്നു ഘടകങ്ങളായി മുതല്‍, കരു, ഉരി എന്നീ പൊരുളുകളെ അവതരിപ്പിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അകം കവിതകളുടെ അല്ലെങ്കില്‍ അകപ്പാട്ടുകളുടെ സൗന്ദര്യത്തെ തന്മയീഭവിപ്പിക്കുന്നതീ ഘടകങ്ങളാണ്. മുതല്‍പ്പൊരുള്‍ ദേശവും കാലവുമാണ്. എവിടെ എപ്പോള്‍ എന്നീ ആകാംക്ഷകളെയാണിത് പൂരിപ്പിക്കുന്നത്. മായോന്‍ അഥവാ കാര്‍വര്‍ണ്ണന്‍ മേയുന്ന കാട്ടുപ്രദേശമാണ് മുല്ലൈ. ചേയോന്‍ അഥവാ ചുവന്നവന്‍ മേയുന്ന മലമ്പ്രദേശമാണ് കുറിഞ്ചി. വേന്തന്‍ അഥവാ ദേവരാജന്‍ മേയുന്ന ജലസമൃദ്ധമായ നാട്ടുപ്രദേശമാണ് മരുതം. വരുണന്‍ അഥവാ കടല്‍ ദേവന്‍ മേയുന്ന പെരുമണല്‍ പ്രദേശമാണ് നെയ്തല്‍. പാലൈത്തിണക്കായി പ്രത്യേകം ഒരു ഭൂമേഖലയില്ല. ഇത് പാട്ടുകാരെ അഥവാ പാട്ടുകെട്ടുന്ന കവികളെ സംബന്ധിച്ച് വലിയൊരു സാധ്യതയായിത്തീര്‍ന്നു എന്ന് മനസ്സിലാക്കാം. കാലാവസ്ഥാപരമായ മാറ്റങ്ങളാലും പ്രകൃതിയുടെ കടുത്ത ഇടപെടലാലും ഈ നാലുതിണകളിലും പാലൈ അഥവാ വരണ്ട ജീവിതാവസ്ഥ കടന്നുവരാം. മുതല്‍പ്പൊരുളിലെ എവിടെ എന്ന ആകാംക്ഷയെ ഈ വിധമാണ് തൊല്‍ക്കാപ്പിയര്‍ പൂരിപ്പിക്കുന്നത്. എന്നാല്‍ എപ്പോള്‍ എന്ന മുതല്‍പ്പൊരുള്‍ തീര്‍ത്തും പാട്ടിന്റെ സൗന്ദര്യാത്മക തലത്തെ നേരിട്ട് സ്പര്‍ശിക്കുന്നുണ്ട്. കാരും മാലൈയും ആണ് മുല്ലൈത്തിണൈക്ക് ചേരുക അഥവാ മഴക്കാലത്തെ രാത്രിയുടെ ആദ്യഭാഗമാണ് മുല്ലൈത്തിണയിലെ കാലം. കൂതിരും യാമവുമാണ് കുറിഞ്ചിത്തിണയുടെ കാലം. ഇത് ശരത്കാലവും മധ്യരാത്രി അഥവാ നട്ടപ്പാതിരയുമാണ്. ഇതുകൂടാതെ പനിയെതിര്‍ക്കാലം എന്ന മുന്‍പനിക്കാലവും കുറിഞ്ചിക്ക് ചേരും. മുന്‍പനി ഹേമന്തകാലമാണ്. വേകുറൈയും വിടിയലുമാണ് മരുതം. രാത്രിയുടെ അന്ത്യഭാഗവും പുലരിയുമാണ് മരുതത്തിണയുടെ പശ്ചാത്തലം. ഏതുകാലമെന്ന് പ്രത്യേകം പറയാത്തതിനാല്‍ ആറ് ഋതുക്കളും മരുതത്തിണക്ക് ചേരും. ഏര്‍പാടു അഥവാ പകലിന്റെ അന്ത്യയാമമാണ് നെയ്തല്‍; നെയ്തലിനും ആറ് ഋതുക്കളും ചേരും. നണ്‍പകലും വേനലുമാണ് നടുവിലത്തെ തിണയ്ക്ക് ചേരുന്നത്. നണ്‍പകല്‍ നട്ടുച്ച നേരമാണ്. പിന്‍പനിക്കാലം അഥവാ ശിശിരവും ഈ തിണക്ക് ചേര്‍ച്ചയുള്ളതാണ്. നടുവിലെ തിണ പാലൈ തിണയാണ്. ഋതുക്കളും സമയവും വലിയ കടുംപിടുത്തം വേണ്ടതാണെന്ന നയം തൊല്‍ക്കാപ്പിയര്‍ക്കില്ല. ഉരിപ്പൊരുളൊഴികെയെല്ലാം തിണമയക്കത്തിന് വിധേയമാക്കാവുന്നതാണ്. പതിനഞ്ചാം സൂത്രം ഇക്കാര്യത്തിലുള്ള സ്ഥിരീകരണമാണ്.
“ഉരിപ്പൊരുള്‍ അല്ലന മയങ്കവും പെറുമേ“ (സൂത്രം 15)
പതിനാലാം സൂത്രം സവിശേഷമാണ്;
“തിണൈമയക്കു ഉറുതലും കടിനിലൈ ഇലവേ
നിലനൊരുങ്ക മയങ്കുതല്‍ ഇല്ലെന മൊഴിപ
പുലന്‍ നന്‍കു ഉണര്‍ന്ത പുലമൈയോരേ“ (സൂത്രം 14) ഇതിന് ഇളയപെരുമാളും സുബ്രഹ്മണ്യപിള്ളയും നല്കിയ വ്യാഖ്യാനം പരിശോധിക്കാം; “ഒരു തിണൈക്കു യോജിക്കുന്നതു മറ്റൊരു തിണൈയില്‍ പെടുന്ന കവിതയില്‍ വരുന്നതു തെറ്റല്ല; പക്ഷേ ഒരു തിണൈക്കു പറഞ്ഞ പ്രദേശം മറ്റൊരു തിണൈക്കു യോജിക്കുന്ന കവിതയില്‍ വരുന്നതു തെറ്റല്ല“ (എം. ഇളയപെരുമാള്‍, എസ്. ജി. സുബ്രഹ്മണ്യപിള്ള: 1961, പുറം-211).
അകം കവിതകളുടെ പ്രമേയപരമായ സവിശേഷത അവ കഥാപാത്രങ്ങളുടെ ഇണയോടുള്ള വൈകാരിക സമീപനങ്ങളെ ആശ്രയിച്ചുള്ളതാണെന്നതാണ്. ഓരോ തിണക്കും സവിശേഷമായൊരു വൈകാരിക ഭൂമികയുണ്ട്. സംഘകാല കവിതകളെന്നറിയപ്പെട്ട കുറും കവിതകളിലും നെടും കവിതകളിലും ഇത് കാണാം. യഥാര്‍ത്ഥത്തില്‍ ഒരു പാട്ടിനെ അഥവാ കവിതയെ ഒരുക്കുന്നതിന് കവിയുടെ ധിഷണയിലുള്‍ച്ചേര്‍ന്നിരിക്കേണ്ട ഉറച്ച ബോധ്യമായിത്തന്നെയാണ് തൊല്‍ക്കാപ്പിയര്‍ ഉരിപ്പൊരുളിനെ അവതരിപ്പിച്ചിട്ടുള്ളത്. പൊരുളതികാരം പതിനാറാം സൂത്രം കൃത്യമായി ഐന്തിണകളുടെ ഉരിപ്പൊരുളിനെ അടയാളപ്പെടുത്തുന്നുണ്ട്.
“പുണര്‍തല്‍ പിരിതല്‍ ഇരുത്തല്‍ ഇരങ്കല്‍
ഊടല്‍ അവറ്റിന്‍ നിമിത്തം എന്റിവൈ
തേരും കാലൈത്തിണൈക്കു ഉരിപ്പൊരുളേ“ (സൂത്രം 16) – പുണര്‍തല്‍ (കൂടിച്ചേരല്‍), പിരിതല്‍ (വേര്‍പാട്), ഇരുത്തല്‍ (കാത്തിരിപ്പ്), ഇരങ്കല്‍ (വിലാപം), ഊടല്‍ (പിണക്കം) എന്നിവായണ് ഐന്തിണകളുടെ ഉരിപ്പൊരുള്‍. കുറിഞ്ചിത്തിണയില്‍ നായിക മലമ്പ്രദേശത്ത് ശരത്കാലത്തെയോ ഹേമന്തത്തിലേയോ രാത്രിയുടെ മധ്യത്തില്‍ തന്റെ പ്രിയപ്പെട്ടവനോട് പുണര്‍ന്ന് ചേരുന്നു. ഈ കൂടിച്ചേരലാണ് കുറിഞ്ചിത്തിണയുടെ ഉരിപ്പൊരുള്‍. കാട്ടുപ്രദേശത്ത് വര്‍ഷകാലരാത്രിയുടെ ആരംഭനേരത്ത് തന്റെ പ്രിയപ്പെട്ടവനെ നായിക കാത്തിരിക്കുന്നു; ഈ കാത്തിരിപ്പാണ് മുല്ലൈത്തിണയുടെ ഉരിപ്പൊരുള്‍. വരണ്ട പ്രദേശത്ത് (മണല്‍ക്കാട്) അധികപക്ഷവും വേനലിലും ചിലപ്പോള്‍ ശിശിരകാലത്തും നട്ടുച്ചക്ക് തന്നെ വേര്‍പിരിയുന്ന നായകനെ സംബന്ധിക്കുന്ന വിഷാദമാണ് പാലൈത്തിണയിലെ ഉരിപ്പൊരുള്‍. നാട്ടുപ്രദേശത്ത് അഥവാ തേന്‍പോലെ മധുരമായ വെള്ളം ലഭിക്കുന്ന സമതലപ്രദേശത്ത് പുലര്‍കാലത്ത് നായികയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിന്റെ ഭാഗമായ പിണക്കമാണ് മരുതത്തിണയുടെ ഉരിപ്പൊരുള്‍; എല്ലാ ഋതുക്കളും ഇവിടെ സ്വീകാര്യമാണ്. നെയ്തല്‍ത്തിണയ്ക്കും ആറ് ഋതുക്കളും സ്വീകാര്യമാണ്; പെരുമണല്‍ പ്രദേശത്ത് പകല്‍ അസ്തമിക്കുന്നതിനും രാത്രി ആരംഭിക്കുന്നതിനും മുമ്പുള്ള അപരാഹ്നസമയത്ത് തന്നെ വേര്‍പിരിഞ്ഞുപോയ നായകനെ ഓര്‍ത്തുള്ള നായികയുടെ വിലാപമാണ് നെയ്തല്‍ത്തിണയുടെ ഉരിപ്പൊരുള്‍. ഇവയാണ് അടിസ്ഥാന വികാരങ്ങളെങ്കിലും ചില ഭേദങ്ങള്‍ വരാം. പാലൈ തിണയെ സംബന്ധിക്കുന്ന പതിനേഴാം സൂത്രത്തിലിക്കാര്യം തൊല്‍ക്കാപ്പിയര്‍ വ്യക്തമാക്കുന്നു. നായികയേയും കൊണ്ട് നായകന്‍ നാടുവിടുന്നതും തുടര്‍ന്ന് നായികയുടെ വേര്‍പാടിലുള്ള വീട്ടുകാരുടെ വിലാപവും പാലൈത്തിണക്കു ചേരും. ആദ്യത്തെ കണ്ടുമുട്ടല്‍ മുതല്‍ പരസ്പരം അനുരക്തരാണെന്ന് നായികാനായകന്മാര്‍ തിരിച്ചറിയുന്നതു വരെയുള്ള ഘട്ടം ഏഴകത്തിണകളിലെ കൈക്കിളൈ എന്ന ഒന്നാം തിണയിലുള്‍പ്പെടുത്താമെന്നും തൊല്‍ക്കാപ്പിയര്‍ക്കഭിപ്രായമുണ്ട്.
ഇപ്രകാരം മുതല്‍ പൊരുളും ഉരിപ്പൊരുളും വിശദമാക്കിയതിനുശേഷം കരുപ്പൊരുളിനെ അവതരിപ്പിക്കുന്നു. മുതല്‍പ്പൊരുളില്‍ പാലൈത്തിണക്ക് പ്രത്യേകമായ ഒരു ഭൂമേഖല തൊല്‍ക്കാപ്പിയര്‍ അനുവദിച്ചു നല്കിയിരുന്നില്ലെന്നത് വിസ്മരിക്കാവതല്ല. ഇരുപതുമുതല്‍ ഇരുപത്തിനാലുവരെയുള്ള സൂത്രങ്ങളിലാണ് കരുപ്പൊരുളുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഉള്ളടങ്ങുന്നത്.
“തെയ്‍വം ഉണാവേ മാമരം പുള്‍ പറൈ
ചെയ്തി യാഴിന്‍ പകുതിയൊടു തൊകൈ ഇ
അവ്വകൈ പിറവും കരുവെന മൊഴിപ“ (സൂത്രം 20) ദൈവം, ഭക്ഷണം, മരം, പക്ഷി, പറ (കൊട്ടുന്നതിനുള്ള വാദ്യോപകരണം), യാഴ് (വീണപോലുള്ള വാദ്യോപകരണം) ഈ വിധമുള്ളവയ്ക്ക് പറയുന്ന പേരാണ് കരുപ്പൊരുള്‍. ഇപ്പറഞ്ഞ മൂന്ന് പൊരുളുകളും ചേര്‍ത്ത് അകം കവിതകള്‍ നിര്‍മ്മിക്കുന്നു. അകം കവിതകളിലെവിടെയും കഥാപാത്രങ്ങളുടെ പേരുകള്‍ പറയേണ്ടതില്ലെന്ന നിര്‍ദ്ദേശം തൊല്‍ക്കാപ്പിയര്‍ അമ്പത്തേഴാം സൂത്രത്തില്‍ മുന്നോട്ട് വെക്കുന്നു. കലി, പരിപാട്ട് എന്നീ വൃത്തങ്ങളുപയോഗിച്ച് കല്പിത സംഭവങ്ങളേയും യഥാര്‍ത്ഥ സംഭവങ്ങളേയും ആധാരമാക്കി കാവ്യ നിര്‍മ്മിതി നടത്താവുന്നതാണ് (സൂത്രം 56). കാവ്യങ്ങളില്‍ തിണകള്‍ക്കനുയോജ്യമായ വിഷയങ്ങളെ ഉപമ ഉപയോഗിച്ച് വ്യക്തമാക്കാം. അതിനെ ഉള്ളുറൈ ഉപമ എന്ന് വിളിക്കുന്നു (സൂത്രം 49). പ്രമേയസംബന്ധിയായ വ്യക്തമായ ധാരണയുള്ള രചയിതാവിനാവശ്യമായ നിര്‍ദ്ദേശങ്ങളീവിധം കാണാം.
കൈകക്കിളൈ, പെരുന്തിണൈ എന്നിവയെ കുറിച്ചുള്ള തൊല്‍ക്കാപ്പിയരുടെ നിരീക്ഷണങ്ങള്‍ പരിശോധിക്കാം. അമ്പത്തിമൂന്നാം സൂത്രത്തില്‍ കൈക്കിളൈയേയും അമ്പത്തിനാലാം സൂത്രത്തില്‍ പെരുന്തിണൈയേയും വ്യക്തമാക്കുന്നു.
“കാമം ചാലാ ഇളമൈയോള്‍വയിന്‍
ഏമഞ്ചാലാ ഇടുമ്പൈ എയ്തി
നന്‍മൈയും തീമൈയും എതിരു തിറത്താന്‍
തന്നൊടും അവളൊടും തരുക്കിയ പുണര്‍ത്തു
ച്ചൊല്‍ എതിര്‍ പെറാ അന്‍ ചൊല്ലി ഇന്‍ പുറല്‍
പുല്ലിത്തോന്റും കൈക്കിളൈക്കുറിപ്പേ “ (സൂത്രം 53) ഇതിലെ നായിക കാമം എന്തെന്നു പോലും അറിയാത്ത പെണ്‍കുട്ടിയാണ്. അവള്‍ക്ക് നായകന് തന്നോടുള്ള താല്പര്യം അറിഞ്ഞുകൂടാ. എന്നിട്ടും നായകന്‍ തന്റെ നിരപരാധിത്വം ഓര്‍ത്ത് പെണ്‍കുട്ടിയുടെ മറുപടിക്കായി കാക്കുന്നു. ഇപ്രകാരം തനിക്ക് ലഭിക്കാത്ത മറുപടിയും പെണ്‍കുട്ടിയാല്‍ തനിക്കുണ്ടായ ദുഖവും നായകന്‍ ഒറ്റക്ക് ചൊല്ലി രസിക്കുന്നതാണ് കൈക്കിളൈത്തിണ.
“ഏറിയ മടല്‍തിറം ഇളമൈ തീര്‍തിറം
തേറുതല്‍ ഒഴിന്ത കാമത്തു മികുതിറം
മിക്ക കാമത്തുമിടലൊടു തൊകൈ ഇ
ച്ചെപ്പിയ നാന്‍കും പെന്തിണൈക്കുറിപ്പേ“ (സൂത്രം – 54) നാലുഘടകങ്ങളാണ് പെരുന്തിണൈയില്‍ ഉള്‍പ്പെടുന്നത്. ഒന്നാമത് കാമുകന്റെ മടലേറലാണ്, നായികാനായകന്മാര്‍ തമ്മിലുള്ള വലുതായ പ്രായവ്യത്യാസം അഥവാ പ്രായാധിക്യമാണ് രണ്ടാമത്തേത്. മൂന്നാമത് വിവേകമില്ലാത്ത കാമം, നാലാമതായി കാമത്താലുള്ള അനുചിത പ്രവൃത്തികളുമാണ്. നായികമാര്‍ക്ക് മടലേറല്‍ നിഷിദ്ധമാണെന്ന് മുപ്പത്തിമൂന്നാം സൂത്രത്തില്‍ത്തന്നെ തൊല്‍ക്കാപ്പിയര്‍ പറഞ്ഞിട്ടുണ്ട്. തന്നെ തിരിച്ച് സ്നേഹിക്കാത്ത നായികയുടെ വീടിന് മുമ്പില്‍ നായകന്‍ പനമടല്‍ക്കൊണ്ട് പൊയ്ക്കുതിരയുണ്ടാക്കുന്നു. മേലാകെ ഭസ്മം തേച്ച് നായികയുടെ ചിത്രവും പിടിച്ച് പൊയ്ക്കുതിരമേല്‍ നിരാഹാരമിരിക്കുന്നു; ഇതാണ് മടലേറല്‍.
തിണകളോടിണങ്ങുന്ന രീതിയില്‍ കാവ്യവ്യവഹാരം നടത്തുന്നതിനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്‍ സൂത്രങ്ങളില്‍ കാണാനാകും. കാവ്യാസ്വദന തലമല്ല ഈ ഘട്ടത്തില്‍ തൊല്‍ക്കാപ്പിയരുടെ പരിഗണന. അദ്ദേഹത്തെസംബന്ധിച്ച് തീര്‍ത്തും മനോഹരമായി ഔചിത്യപൂര്‍ണ്ണമായി കാവ്യം അഥവാ പാട്ട് തയ്യാറാക്കണമെന്നാണ്. അതിനാല്‍ത്തന്നെ ദാസ്യപ്പണിചെയ്യുന്നവര്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കും കൈകക്കിളൈത്തിണയിലും പെരുന്തിണയിലും മാത്രമാണ് നായികാ നായകന്‍മാരായി തൊല്‍ക്കാപ്പിയര്‍ പ്രവേശനം അനുവദിക്കുന്നത്. തൊല്‍ക്കാപ്പിയര്‍ ഒറ്റയാളല്ലെങ്കില്‍പ്പോലും ഈ രചനയെ സാധ്യമാക്കിയവരും പരിഷ്കരിച്ചവരും അവരവര്‍ ജീവിച്ച കാലത്തെ ഭിന്ന ധൈഷണികാഭിരുചികളെ അടിസ്ഥാനമാക്കി കാവ്യം ഔചിത്യപരമായും സൗന്ദര്യാത്മകമായും നിര്‍മ്മിക്കണമെന്ന് അനുശാസിക്കുന്നു. ഇതുതന്നെയാണ് പ്രാചീനതമിഴകത്തെ സംബന്ധിച്ച് അവശേഷിക്കുന്നതും പഴക്കമേറിയതുമായ മാതൃകയാക്കി തൊല്‍ക്കാപ്പിയത്തെയും പൊരുളതികാരത്തെയും സവിശേഷമായി നിലനിര്‍ത്തുന്നത്. അത്തരമൊരു സൗന്ദാര്യത്മക ദര്‍ശനത്തെ പ്രായോഗികമായി കവികള്‍ നടപ്പില്‍ വരുത്തി എന്നതും സംഘകാലസാഹിത്യത്തില്‍ തൊല്‍ക്കാപ്പിയത്തിനുണ്ടായിരുന്ന സ്വാധീനതയെ വെളിവാക്കുന്നു.
സഹായകഗ്രന്ഥങ്ങള്‍
1. ഇന്ത്യന്‍ സാഹിത്യ സിദ്ധാന്തം പ്രസക്തിയും സാധ്യതയും, കെ. അയ്യപ്പപ്പണിക്കര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1999.
2. തമിഴ് സാഹിത്യ ചരിത്രം, ഡോ. ടി. പി. മീനാക്ഷി സുന്ദരന്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, രണ്ടാം പതിപ്പ്, 1999.
3. തിണസിദ്ധാന്തം ചരിത്രവും വര്‍ത്തമാനവും, ഡോ. ശ്രീധരന്‍ അഞ്ചുമൂര്‍ത്തി, തത്ത്വ പബ്ലിഷിങ്ങ്ഹൗസ്, മലപ്പുറം, 2010.
4. തൊല്‍ക്കാപ്പിയം, എം. ഇളയപെരുമാള്‍, എസ്. ജി. സുബ്രഹ്മണ്യപിള്ള, പ്രസാധനം: എസ്. ജി. സുബ്രഹ്മണ്യപിള്ള, 1961.
5. ദ്രാവിഡ കാവ്യശാസ്ത്രവും തിണസിദ്ധാന്തവും, ഡോ. കെ. ശിശുപാലന്‍, ആത്മബുക്സ്, കോഴിക്കോട്, 2023.

ഡോ.അരുൺ മോഹൻ പി.
അസിസ്റ്റന്റ് പ്രൊഫസര്‍, മലയാള വിഭാഗം, ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി. drarunmohanp@gmail.com, 9447642863.
