
ഡോ.അരുൺ മോഹൻ പി.
Published: 10 June 2026 കവര്‍സ്റ്റോറി
ശാസനപഠന രീതിശാസ്ത്രത്തിനൊരാമുഖം
ചരിത്രരചനയ്ക്ക് ഉപയോഗിക്കാവുന്ന വിശ്വസനീയമായ ഉപാദാനാമഗ്രിയാണ് ശാസനങ്ങള്‍. ഇക്കാരണത്താല്‍ത്തന്നെയാണ് വര്‍ത്തമാനകാലത്തും അവ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതും. ഭാഷ, ലിപി, ചരിത്രം, മതം, സംസ്ക്കാരം, സാമ്പത്തിക വിനിമയങ്ങള്‍, ശിക്ഷാവിധികള്‍, ഭൂവിനിമയങ്ങള്‍ എന്നിങ്ങനെ ഭൂതകാലത്തിലെ ഭിന്നവ്യവഹാരങ്ങളിലേക്ക് വ്യക്തമായ വിവരങ്ങള്‍ പ്രദാനം ചെയ്യാന്‍ ശാസനങ്ങള്‍ പര്യാപ്തമാണ്. എപ്പിഗ്രാഫി എന്ന് പൊതുവില്‍ വിളിക്കപ്പെടുന്ന ഈ പഠനമേഖല ദൃഢപ്രതലങ്ങളായ ശില, ലോഹം, മരത്തടി മുതലായവയില്‍ രേഖപ്പെടുത്തിയ വിവരങ്ങളെ പഠനവിധേയമാക്കുന്നു. കേരളത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്തെ ഉദ്യോഗസ്ഥരുടേയും മിഷണറി പ്രവര്‍ത്തകരുടേയും പിന്നീട് തദ്ദേശീയ ലിപികളിലും സാംസ്കാരികചരിത്രത്തിലും അവഗാഹമുണ്ടായിരുന്ന പ്രഗത്ഭരുടെ ശ്രമഫലമായും ശാസനപഠനം ക്രമപ്പെട്ടുവന്നു. പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ള, പ്രൊഫസര്‍ എം.ജി.എസ്. നാരായണന്‍ എന്നിങ്ങനെയുള്ള അക്കാദമിക് പണ്ഡിതരുടെ ഇടപെടലുകള്‍ ശാസനപഠനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിച്ചു.
ഭിന്നവൈജ്ഞാനിക സരണികളുടെ പാരസ്പര്യം ശാസനപഠനത്തിനാവശ്യമാണ്. അതില്‍ ഏറ്റവും പ്രധാനം പ്രാചീനലിപികളില്‍ ഉള്ള അവഗാഹമാണ്. ലളിതവും ഹ്രസ്വവുമായി ശാസനപഠന രീതിശാസ്ത്രം വിശദമാക്കാനാകും. ശാസനപഠനത്തിന്റെ ഒന്നാം ഘട്ടം ഫീല്‍ഡ് വര്‍ക്കോടുകൂടി ആരംഭിക്കുന്നു. ദൃഢപ്രതലത്തില്‍ കൊത്തിവച്ച ശാസനം കണ്ടെത്തിക്കഴിഞ്ഞാല്‍ പഠിതാവ് അതിന്റെ പകര്‍പ്പ് തയ്യാറാക്കുന്നു. മൊബൈല്‍ കേമറയും കൊണ്ടുനടക്കാവുന്ന സ്കാനറുകളും ഉള്ളതിനാല്‍ ഈഘട്ടം ഇപ്പോള്‍ കുറേക്കൂടി എളുപ്പമുള്ളതായിത്തീര്‍ന്നിട്ടുണ്ട്. ഒരു തുറന്നസ്ഥലത്ത് മഴയും വെയിലും പൊടിയുമേറ്റ് മങ്ങിയ പ്രതലത്തിലാണ് ശാസനം അഥവാ ലിഖിതം ഉള്ളതെങ്കില്‍ വളരെ ശ്രദ്ധയോടെ അവിടം വൃത്തിയാക്കിയെടുക്കേണ്ടതുണ്ട്. മൃദുവായ വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമേ ശാസനപ്രതലം വൃത്തിയാക്കാവൂ. ബലപ്രയോഗത്താലോ ലോഹമോ ദൃഢമായ മറ്റ് വസ്തുക്കളോ ഉപയോഗിച്ച് പ്രതലം വൃത്തിയാക്കാന്‍ ശ്രമിച്ചാലോ അതിന് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. വൃത്തിയാക്കിയതിനുശേഷമാണ് ശാസനത്തിന്റെ പകര്‍പ്പ് തയ്യാറാക്കുന്നത്. ആദ്യകാലത്ത് എസ്റ്റാംപേജ് എടുക്കുകയാണ് ചെയ്തിരുന്നത്. ശാസനപ്രതലത്തില്‍ പ്രത്യേക കടലാസ് പതിപ്പിച്ച് മഷിതേച്ച് പകര്‍പ്പെടുക്കുന്ന രീതിയായിരുന്നു ഇത്. ഇന്ന് സാങ്കേതികോപകരണങ്ങളുടെ ലഭ്യതയും അവ ഉപയോഗിക്കാനുള്ള എളുപ്പവും കാരണം ഡിജിറ്റല്‍ ഫോട്ടോഗ്രാഫുകളാക്കി പകര്‍പ്പെടുക്കുന്ന രീതിയാണ് ഉള്ളത്.
പകര്‍പ്പെടുത്തതിന് ശേഷം ശാസനത്തിന്റെ കണ്‍പകര്‍പ്പ് തയ്യാറാക്കണം. Eye copy എന്നതിന് സമാനമായാണ് കണ്‍പകര്‍പ്പ് എന്ന വാക്ക് ഉപയോഗിക്കുന്നത്. ഈ ഘട്ടം പഠിതാവിന്റെ ലിപിപരിജ്ഞാനത്തെ ആശ്രയിച്ചിരിക്കുന്നു. എന്താണോ ശാസനപ്രതലത്തില്‍ പ്രാചീനമോ നമുക്ക് പരിജ്ഞാനമുള്ളതോ ആയ ലിപിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്, അതിനെ പഠനാവശ്യത്തിനായി പഠിതാവ് പുനര്‍സൃഷ്ടിക്കുന്നു. ഇതിനുശേഷം ലിപ്യന്തരണം (transliteration) നടത്തുന്നു. ഇത് മിക്കവാറും പഠിതാവിന് ഗ്രാഹ്യമുള്ളതും വ്യവസ്ഥാപിതവുമായ ലിപികളിലാകും പൂര്‍ത്തീകരിക്കുന്നത്. ഭിന്നലിപികള്‍ ഉപയോഗിച്ചും ലിപ്യന്തരണ പ്രക്രിയ പൂര്‍ത്തിയാക്കാം. കേരളത്തില്‍ മഹോദയപുര കുലശേഖരന്മാരുടെ കാലത്ത് തയ്യാറാക്കിയ ശാസനങ്ങള്‍ മിശ്രലിപികളിലായിരുന്നു. ദ്രാവിഡമായ അക്ഷരം, പദം എന്നിവ വട്ടെഴുത്തിലും ദ്രാവിഡേതരമായവ ഗ്രന്ഥലിപിയിലും രേഖപ്പെടുത്തി. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് സി. ഇ. 1844 ല്‍ തരിസാപ്പള്ളിചെപ്പേട്, ജൂതച്ചെപ്പേട്, വീരരാഘവപ്പട്ടയം എന്നിവ പഠനവിധേയമാക്കിയപ്പോള്‍ ലിപ്യന്തരണവും മിശ്രലിപികളില്‍ തയ്യാറാക്കി. വട്ടെഴുത്തിനെ അദ്ദേഹം തമിഴ് ലിപിയിലും ഗ്രന്ഥാക്ഷരങ്ങളെ മലയാളലിപിയിലുമാണ് ലിപ്യന്തരണം ചെയ്തത്.
ആധുനികപാഠം (Modern text) തയ്യാറാക്കുന്നതാണ് അടുത്തഘട്ടം. ലിപ്യന്തരണത്തിലൂടെ തയ്യാറാക്കുന്ന പാഠം മിക്കവാറും പ്രാചീനശൈലിയിലായിരിക്കും. ഇതിനെ വായനീയമാക്കുന്നതിനുള്ള ശ്രമമാണ് ആധുനിക പാഠം തയ്യാറാക്കുന്നതിലൂടെ നടക്കുന്നത്. ഈ ഘട്ടത്തിലും വര്‍ണ്ണം, അക്ഷരം, പദം എന്നീ തലങ്ങളില്‍ പഠിതാവ് അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വട്ടെഴുത്ത്, കോലെഴുത്ത് ലിപികളിലെ ഒറ്റ അക്ഷരത്തിന്റെ കാര്യം ഉദാഹരണമായെടുക്കാം. ന എന്ന മലയാള അക്ഷരത്തിന് രണ്ട് ഉച്ചാരണങ്ങളുണ്ട്. ഉച്ചരിക്കുമ്പോള്‍ നാവിന്റെ തുമ്പ് പല്ലില്‍ തട്ടിയാല്‍ ന ദന്ത്യമാണ്. നന്നായി എന്ന വാക്ക് ഉദാഹരണം. ഉച്ചരിക്കുമ്പോള്‍ പല്ലിന് മുകളിലെ ഊനിലാണ് നാവ് തട്ടുന്നതെങ്കില്‍ ന വര്‍ത്സ്യമാണ് നനഞ്ഞു എന്ന വാക്ക് ഉദാഹരണം. ഉച്ചരിക്കുമ്പോള്‍ വ്യത്യാസം മനസ്സിലാകും. ഈ രണ്ട് അക്ഷരങ്ങള്‍ക്കും വട്ടെഴുത്തിലും കോലെഴുത്തിലും വെവ്വേറെ ലിപികളുണ്ട്. ലിപ്യന്തരണത്തിലും ആധുനികപാഠം തയ്യാറാക്കുന്ന ഘട്ടത്തിലും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
ആധുനികപാഠം തയ്യാറാക്കിയതിനു ശേഷമുള്ള ഘട്ടം വിവര്‍ത്തനമാണ്. ഭൂതകാലത്തെ ഭാഷാസവിശേഷതകളിലുള്ള പാഠത്തെ ഇന്നത്തെ കാലത്ത് മനസ്സിലാക്കാവുന്ന ഒരു പാഠമായി പഠിതാവ് വിവര്‍ത്തനം ചെയ്യുന്നു. ഈ ഘട്ടത്തില്‍ ഭാഷയിലും തദ്ദേശീയ ചരിത്രം, സംസ്കാരം മുതലായവയിലും ഉയര്‍ന്ന തലത്തിലുള്ള അറിവ് സ്വാംശീകരിക്കാന്‍ പഠിതാവ് ശ്രദ്ധിക്കേണ്ടതുണ്ട്. വര്‍ത്തമാനകാലത്തെ ഒരു പാഠമായി നാം ശാസനത്തെ വിവര്‍ത്തനം ചെയ്യുന്നുണ്ടെങ്കിലും അത് മറ്റൊരു കാലത്തെ വ്യവഹാരങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. ഇത്രയും ചെയ്തതിന് ശേഷം പഠിതാവിന് സ്വാതന്ത്ര്യപൂര്‍വ്വം ശാസനത്തിന് വ്യാഖ്യാനം തയ്യാറാക്കാം. ഇതാണ് ശാസനപഠനരീതിശാസ്ത്രത്തിലെ അവസാനഘട്ടം. ശാസനത്തില്‍ നിന്നും ലഭ്യമായ ചെറുതും വലുതുമായ വിവരങ്ങളെ ഭാഷാപരമായും ചരിത്രപരമായും സാംസ്കാരികായും പഠിതാവ് വ്യാഖ്യാനിക്കുന്നു. ഈ ഘട്ടമാണ് ശാസനപാഠത്തെ ആധികാരികമാക്കുന്നതും വര്‍ത്തമാനകാലത്ത് പ്രസ്തുത ശാസനത്തിന്റെ പ്രസക്തിയെ അടയാളപ്പെടുത്തുകയും ചെയ്യുന്നത്.
ശാസനങ്ങള്‍ ഇന്ന് നമ്മെ സംബന്ധിച്ച് അറിവുത്പാദനത്തിനും ചരിത്രനിര്‍മ്മിതിക്കും ഉള്ള രേഖകളാണെങ്കിലും അവ ഈ ഉദ്ദേശ്യത്തോടുകൂടി തയ്യാറാക്കപ്പെട്ടവയല്ല എന്ന് വിസ്മരിച്ചുകൂടാ. ഒരു ചരിത്രസന്ദര്‍ഭത്തില്‍ ദാനം, നിയമവല്‍ക്കണം, വിലക്ക്, സംരക്ഷണം, കരാര്‍, നികുതി, അവകാശരേഖ എന്നിങ്ങനെ വ്യത്യസ്തമായ കാരണങ്ങളാല്‍ ശാസനങ്ങള്‍ തയ്യാറാക്കപ്പെടാം. അതത് പ്രദേശങ്ങള്‍ക്കനുസരിച്ച് ശാസനങ്ങളിലെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ വിവര്‍ത്തനത്തിലും വ്യാഖ്യാനത്തിലുമെല്ലാം പിശകുകള്‍ സംഭവിക്കാം. ഇത് ശാസനപഠനത്തെ സംബന്ധിച്ച് വലിയൊരു പരിമിതിയാണ്. ഈ പരിമിതിയ്ക്ക് യഥാര്‍ത്ഥത്തില്‍ മറ്റൊരു കാരണം കൂടിയുണ്ട്. അത് പ്രാചീനലിപികളില്‍ അവഗാഹമുള്ളവരുടെ ലഭ്യതക്കുറവാണ്. ചുരുക്കത്തില്‍ ശാസനപഠനത്തിന്റെ രീതിശാസ്ത്രത്തില്‍ ലിഖിതം അഥവാ ശാസനമുള്ള പ്രദേശം സന്ദര്‍ശിച്ച് പകര്‍പ്പെടുക്കല്‍, കണ്‍പകര്‍പ്പ് തയ്യാറാക്കല്‍, ലിപ്യന്തരണം, ആധുനികപാഠം, വിവര്‍ത്തനം, വ്യാഖ്യാനം എന്നിവ ഉള്‍പ്പെടുന്നു.

ഡോ.അരുൺ മോഹൻ പി.
അസിസ്റ്റന്റ് പ്രൊഫസര്‍, മലയാള വിഭാഗം, ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി. drarunmohanp@gmail.com, 9447642863.
