
വീണാ വേണുഗോപാൽ
Published: 10 november 2026 കവർ സ്റ്റോറി

ഡോ.അജയകുമാർ ഏ.പി
Published: 10 november 2026 കവർ സ്റ്റോറി
കാൻസർ കോശങ്ങളിൽ ചിലന്തിവിഷം എന്തു ചെയ്യുന്നു?
മലയാളിഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ
ചിലന്തിയുടെ വിഷഗ്രന്ഥിയിൽ ഒളിഞ്ഞിരിക്കുന്ന ഔഷധസാധ്യതകൾ തേടി ഒരു മലയാളി ഗവേഷകസംഘം നടത്തിയ യാത്രയുടെ റിപ്പോർട്ട് ആണ് ഇത്.
ചിലന്തിയെ കണ്ടാൽ പലരുടെയും മനസ്സിൽ ആദ്യം ഉയരുന്നത് ഒരേയൊരു വികാരമായിരിക്കും-ഭയം. വിഷമുള്ള ജീവി എന്ന ധാരണയാണ് ചിലന്തികളെ അകറ്റിനിർത്താൻ നമ്മെ പരിപ്പിക്കുന്നത്. എന്നാൽ പ്രകൃതിയുടെ രഹസ്യങ്ങളെ ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ, ഭയപ്പെടുത്തുന്നതായി തോന്നുന്ന അതേ ജീവിയുടെ ശരീരത്തിൽ മനുഷ്യരാശിക്ക് പ്രയോജനപ്പെടാവുന്ന വിലപ്പട്ട തന്മാത്രകൾ ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്താനാകും
കേരളത്തിൽ,ഇന്ത്യയിൽ കാണപ്പെടുന്ന Stegodyphus sarasinorum എന്ന സാമൂഹിക ചിലന്തിയുടെ വിഷഗ്രന്ഥിയെ മുൻനിർത്തി മലയാളി ഗവേഷകസംഘം നടത്തിയ പുതിയ പഠനം ഇത്തരമായ വലിയ സാധ്യതയിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. വിവിധ ആധുനിക ശാസ്ത്രീയ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് നടത്തിയ പഠനത്തിൽ ചിലന്തിയുടെ വിഷഗ്രന്ഥിയിൽ നിരവധി പ്രോട്ടീനുകളും ചെറിയ തന്മാത്രകളും കണ്ടെത്തി. അവയിൽ ചിലതിന് കാൻസർ കോശങ്ങളെ ബാധിക്കാനും സ്വതന്ത്ര റാഡിക്കലുകളെ നിർവീര്യമാക്കാനും കഴിയുന്ന ജൈവപ്രവർത്തനങ്ങൾ ഉണ്ടാക്കാനാകുമെന്ന് പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്രജർണലായ നേച്ചർ സയന്റിഫിക് റിപ്പോർട്സിൽ (Scientific Reports, 2026) ഈ കണ്ടെത്തൽ പ്രസിദ്ധീകരിക്കപ്പെട്ടു.
കൂട്ടമായി ജീവിക്കുന്ന കൗതുകകരമായ ചിലന്തിയും ഫീൽഡ് ശേഖരണവും
പല ചിലന്തികളും ഒറ്റയ്ക്കാണ് ജീവിക്കുന്നത്. എന്നാൽ Stegodyphus sarasinorum അതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. ഇത് സ്ഥിരമായി സാമൂഹികമായി ജീവിക്കുന്ന അപൂർവ ചിലന്തികളിൽ ഒന്നാണ്. കൂട്ടമായി കൂടുണ്ടാക്കുകയും ഇരപിടിത്തത്തിൽ പരസ്പരം സഹകരിക്കുകയും ചെയ്യുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്. ഇന്ത്യയ്ക്ക് പുറമേ ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ തുടങ്ങിയ പ്രദേശങ്ങളിലും ഇവയെ കാണപ്പെടുന്നു.
കേരളത്തിലെ അട്ടപ്പാടി വനമേഖലയിൽ നിന്നാണ് ഈ പഠനത്തിനാവശ്യമായ ചിലന്തികളെ ഗവേഷകസംഘം നിരീക്ഷിച്ച് ഫീൽഡിൽനിന്നും ശേഖരിച്ചത്. വനപ്രദേശങ്ങളിലെ മുൾപ്പടർപ്പുകളിലും കുറ്റിക്കാടുകളിലും (bushy plants), ഞാവൽ (Java plum / Syzygium cumini) തുടങ്ങിയ വലിയ വൃക്ഷങ്ങളുടെ ശിഖരങ്ങളിലും സങ്കീർണ്ണമായി വലയിട്ട് കൂട്ടമായി നിർമ്മിച്ച കൂടുകളിൽ നിന്നാണ് (nests) പ്രായപൂർത്തിയായ പെൺചിലന്തികളെ ശാസ്ത്രീയമായി കണ്ടെത്തി ശേഖരിച്ചത്. ഇവയിൽ നിന്ന് വിഷഗ്രന്ഥികൾ അതിസൂക്ഷ്മമായി വേർതിരിച്ചെടുത്ത് സാമ്പിളുകൾ വിവിധ ആധുനിക പരിശോധനകൾക്ക് വിധേയമാക്കി.
വിഷഗ്രന്ഥിക്കുള്ളിൽ എന്താണുള്ളത്? മൾട്ടി-ഓമിക്സ് സമീപനം
ചിലന്തിയുടെ വിഷം ഒരു പ്രത്യേക രാസവസ്തു മാത്രമല്ല. വിവിധ തരത്തിലുള്ള പ്രോട്ടീനുകൾ, പെപ്റ്റൈഡുകൾ, എൻസൈമുകൾ, അമിനോ ആസിഡുകൾ, മറ്റ് ചെറു തന്മാത്രകൾ എന്നിവ ചേർന്ന സങ്കീർണ്ണമായ ജൈവമിശ്രിതമാണത്. ഈ സങ്കീർണ്ണത മനസ്സിലാക്കുന്നതിനാണ് ഗവേഷകർ multi-omics സമീപനം സ്വീകരിച്ചത്:
ട്രാൻസ്ക്രിപ്റ്റോമിക്സ് (Transcriptomics) | 20 പ്രായപൂർത്തിയായ ചിലന്തികളുടെ വിഷഗ്രന്ഥികളിൽനിന്നെടുത്ത RNA ഉപയോഗിച്ചുള്ള പഠനത്തിൽ 10,835 transcripts കണ്ടെത്തി. അവയിൽ 10,428 എണ്ണം വിജയകരമായി വർഗ്ഗീകരിച്ചു. neurotoxins, phospholipases, protease inhibitors, metalloproteases തുടങ്ങിയ വിഷഘടകങ്ങളും non-venom proteins-ഉം തിരിച്ചറിഞ്ഞു. |
പ്രോട്ടിയോമിക്സ് (Proteomics) | യഥാർത്ഥ പ്രോട്ടീനുകളെ തിരിച്ചറിഞ്ഞ ഘട്ടത്തിൽ 32 പ്രോട്ടീനുകൾ കണ്ടെത്തി. Phospholipase A₂, Lycotoxin-കൾ, Arginine kinase തുടങ്ങിയ ഘടകങ്ങൾ ഇതിലുണ്ട്. 19 പ്രോട്ടീനുകൾ transcriptome-ലും proteome-ലും ഒരുപോലെ കണ്ടെത്തി പരസ്പര പൊരുത്തം സ്ഥിരീകരിച്ചു. |
മെറ്റബോളോമിക്സ് (Metabolomics) | UHPLC–MS വിശകലനത്തിലൂടെ 81 metabolites തിരിച്ചറിഞ്ഞു. അമിനോ ആസിഡുകൾ, biogenic amines, nucleotides, quaternary amines, organic acids എന്നിവ ഇതിൽ ഉൾപ്പെടുന്നു. |
കോൺഫോക്കൽ റാമൻ മാപ്പിംഗ് (Confocal Raman) | വിഷഗ്രന്ഥിയുടെ 2D, 3D Raman mapping വഴി രാസഘടകങ്ങളുടെ സ്ഥാനവിതരണം ദൃശ്യവൽക്കരിച്ചു. Cathepsin-B, Cathepsin-L, Phospholipase-D1, Carnitine-L തുടങ്ങിയവയുടെ കൃത്യമായ രാസസാന്നിധ്യവും സ്ഥാനവും കണ്ടെത്താൻ കഴിഞ്ഞു. |
തിരിച്ചറിഞ്ഞ പ്രധാന പ്രോട്ടീനുകളും ക്ലിനിക്കൽ പ്രാധാന്യവും
ഈ ചിലന്തികളുടെ വിഷഗ്രന്ഥിയിൽ നിന്ന് കണ്ടെത്തിയ ചില സുപ്രധാന പ്രോട്ടീനുകൾ അന്താരാഷ്ട്ര തലത്തിൽ കാൻസർ ഇമ്യൂണോതെറാപ്പിയിലും ആന്റിബയോട്ടിക്കുകളുടെ വികസനത്തിലും ഇതിനകം ഉപയോഗിച്ചുവരുന്ന പ്രോട്ടീൻ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു:
ഹീമോസയാനിൻ (Hemocyanin Chains): ആർത്രോപോഡുകളിൽ കാണപ്പെടുന്ന ഹീമോസയാനിൻ പ്രോട്ടീനുകൾ മനുഷ്യരിൽ ശക്തമായ രോഗപ്രതിരോധ പ്രതികരണങ്ങൾ (Immune response) ഉണർത്താൻ ശേഷിയുള്ളവയാണ്. മുൻപ് ഹീമോസയാനിൻ അടിസ്ഥാനമാക്കി വികസിപ്പിച്ച ഇമ്യൂണോകാത്തൽ (Immucothel / KLH) എന്ന ഔഷധം ബ്ലാഡർ കാൻസർ (Bladder Cancer) ചികിത്സയിലും, ട്യൂമറുകൾക്കതിരെയുള്ള വിവിധ കാൻസർ വാക്സിനുകളിലും നിലവിൽ ആഗോളതലത്തിൽ വിജയകരമായി ഉപയോഗിച്ചുവരുന്നുണ്ട്.
ലൈക്കോടോക്സിനുകൾ (U12 & U20 Lycotoxins): അർബുദ കോശങ്ങളുടെയും ബാക്ടീരിയകളുടെയും കോശസ്തരങ്ങളിൽ ദ്വാരങ്ങൾ വീഴ്ത്തി അവയെ നേരിട്ട് നശിപ്പിക്കാൻ ശേഷിയുള്ള പെപ്റ്റൈഡുകളാണിവ. നിലവിൽ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന സൂപ്പർബഗ്ഗുകൾക്കതിരെയും കാൻസറിനെതിരെയും പുതിയ ആന്റിമൈക്രോബിയൽ പെപ്റ്റൈഡ് (AMP) മരുന്നുകൾ രൂപകൽപ്പന ചെയ്യാൻ ഇവ മാതൃകയായി ഉപയോഗിക്കാം.
ഫോസ്ഫോലിപേസ് എ2 (PLA₂): കോശസ്തരങ്ങളിലെ ലിപിഡുകളെ വിഘടിപ്പിക്കുന്ന എൻസൈമാണിത്. ഇവയുടെ ഈ പ്രത്യേക ഗുണം മുൻനിർത്തി, കാൻസർ കോശങ്ങളിൽ മാത്രം പ്രവർത്തിച്ച് കീമോതെറാപ്പി മരുന്നുകൾ കൃത്യമായി എത്തിക്കുന്ന ലിപ്ലാസിസ് (LiPlaCis) പോലുള്ള നൂതന നാനോ-മെഡിസിൻ കാരിയറുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
14-3-3 പ്രോട്ടീനുകൾ (Epsilon & Zeta): കോശങ്ങളുടെ അതിജീവനത്തെയും കാൻസർ വളർച്ചയെയും നിയന്ത്രിക്കുന്ന സുപ്രധാന സെല്ലുലാർ സിഗ്നലിംഗ് തന്മാത്രകളാണിവ. ഇവ കാൻസർ, ന്യൂറോളജിക്കൽ രോഗങ്ങൾ എന്നിവയുടെ കൃത്യമായ നിർണയത്തിലും ടാർഗ്രറ്റഡ് തെറാപ്പിയിലും (targeted therapy) നിർണായക പങ്ക് വഹിക്കുന്നു
കാൻസർ കോശങ്ങളിൽ ചിലന്തിവിഷം എന്തു ചെയ്തു?
ഗവേഷണത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളിലൊന്നാണ് വിഷഗ്രന്ഥി extract-ന്റെ cytotoxic activity. കാൻസർ ഗവേഷണത്തിൽ ഉപയോഗിക്കുന്ന Dalton’s lymphoma ascites (DLA) കോശങ്ങളിലാണ് extract പരീക്ഷിച്ചത്. 1.25 മുതൽ 20 µg/mL വരെയുള്ള വിവിധ സാന്ദ്രതകളിൽ വിഷഗ്രന്ഥി extract ഉപയോഗിച്ചു. വിഷഗ്രന്ഥി extract-ന്റെ സാന്ദ്രത കൂടുന്നതിനനുസരിച്ച് DLA കോശങ്ങളിലെ cytotoxicity വർധിച്ചു (Dose-dependent cytotoxicity). 1.25 µg/mL-ൽ 5 ശതമാനത്താളം മാത്രമുണ്ടായിരുന്ന cytotoxicity, 20 µg/mL-ൽ ഏകദേശം 50 ശതമാനത്താടുത്തത്തി.
ആന്റിഓക്സിഡന്റ് പ്രവർത്തന ശേഷി (Antioxidant Potential)
പരിശോധനാ രീതി | ലഭിച്ച മൂല്യം (IC₅₀ / EC₅₀) | ജൈവ പ്രവർത്തന സവിശേഷത |
DPPH Radical Scavenging | 48.18 ± 0.60 µg/mL | ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കൽ |
ABTS Assay | 62.14 ± 1.25 µg/mL | ഓക്സിഡേറ്റീവ് നാശം തടയൽ |
Hydrogen Peroxide Scavenging | 26.27 ± 0.80 µg/mL | പെറോക്സൈഡ് റാഡിക്കൽ നിർവീര്യത |
Hydroxyl Radical Scavenging | 18.69 ± 0.23 µg/mL | തീവ്ര റാഡിക്കൽ പ്രതിരോധം |
FRAP Assay (EC₅₀) | 20.77 ± 0.17 µg/mL | ഫെറിക് അയോൺ റിഡക്ഷൻ ശേഷി |
ഇവിടെ മനസിലേക്കേണ്ടത് കാൻസറിനുള്ള ഒരു സമ്പൂർണ്ണ ഔഷധം കണ്ടെത്തിയെന്നല്ല. പരീക്ഷണം ഒരു പ്രത്യേക cancer cell line-ൽ നടത്തിയ in-vitro പഠനം മാത്രമാണ്. ഏത് തന്മാത്രയാണ് ഇതിന് കാരണമാകുന്നതെന്നും സാധാരണ മനുഷ്യ കോശങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നും മനസ്സിലാക്കാൻ ഇനിയും വിപുലമായ പഠനങ്ങൾ വേണം. “ചിലന്തിയുടെ വിഷഗ്രന്ഥിയിൽ ഭാവിയിലെ ഔഷധ ഗവേഷണത്തിന് സാധ്യതയുള്ള തന്മാത്രകളുടെ സമ്പത്ത് കണ്ടെത്തി” എന്നതാണ് കൃത്യമായ ശാസ്ത്രസന്ദേശം.
ഗവേഷണ സംഘവും സ്ഥാപനങ്ങളും
ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ശാസ്ത്രീയ പഠനത്തിന് ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി സുവോളജി ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിലെ ഗവേഷകർ പങ്കാളികളായി:
- ഡാ. അജയകുമാർ എ. പി. (Dr. A. P. Ajaykumar): പി.ജി. & റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി, ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി, പാലക്കാട്, കേരളം.
- വീണ വേണുഗോപാൽ (Veena Venugopal): പി.ജി. & റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി, ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി, പാലക്കാട്, കേരളം.
- രോഹിത് എം. കെ. (Rohit M. K.): പി.ജി. & റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി, ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി, പാലക്കാട്, കേരളം.
- ഡാ. ബിനിത വി. എസ്. (Dr. Binitha V. S.): ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി, ഗവൺമെന്റ് കോളേജ്, കേരളം.
- ഡാ. അരുണാക്ഷരൻ നാരായണൻകുട്ടി (Dr. Arunaksharan Narayanankutty): ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി, സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ദേവഗിരി, കോഴിക്കോട്, കേരളം.
- ഡാ. കെ. എൻ. ജയരാജ് (Dr. K. N. Jayaraj): ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാകൾച്ചർ & ഫിഷറി മൈക്രോബയോളജി, എം.ഇ.എസ്. പാന്നാനി കോളേജ്, മലപ്പുറം, കേരളം.
- ഡാ. വൈ. ഷിബു വർദ്ധനൻ (Dr. Y. Shibu Vardhanan): ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, തെഞ്ഞിപ്പലം, മലപ്പുറം, കേരളം.
- ഡാ. ബിജി പുള്ളിത്തടത്തിൽ (Dr. Biji Pullithadathil): പി.എസ്.ജി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കോയമ്പത്തൂർ, തമിഴ്നാട്.
- തേജ ബോലിസെട്ടി (Teja Bolisetti): പി.എസ്.ജി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കോയമ്പത്തൂർ, തമിഴ്നാട്.
- രജേഷ് ഉണ്ണത്താപ്പാടി (Rajesh Unnathpadi): സി.ഇ.എഫ്.ഇ.എൽ.എസ്. (CEFELS), മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ (MAHE), മണിപ്പാൽ, കർണാടക.
- ഡാ. സുധീർ രാമവർമ്മ (Dr. Sudhir Rama Varma): ഡിപ്പാർട്ട്മെന്റ് ഓഫ് ബയോമെഡിക്കൽ സയൻസസ്, അജ്മാൻ യൂണിവേഴ്സിറ്റി, യു.എ.ഇ.
ഭയത്തിൽ നിന്ന് പ്രതീക്ഷയിലേക്ക്…
പ്രകൃതി പലപ്പോഴും അതിന്റെ അമൂല്യമായ രഹസ്യങ്ങൾ നാം പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് ഒളിപ്പിച്ചുവയ്ക്കുന്നത്. നമ്മെ ഭയപ്പെടുത്താൻ നോക്കുന്ന ഒരു ചിലന്തിയുടെ വിഷഗ്രന്ഥി ഒരുപക്ഷേ ഭാവിയിലെ ജീവൻരക്ഷാ ഔഷധങ്ങളുടെ തുടക്കമായേക്കാം. കേരളത്തിലെ അട്ടപ്പാടിയിൽ നിന്നുള്ള ഒരു സാമൂഹിക ചിലന്തിയിൽ നിന്ന് ആരംഭിച്ച്, പട്ടാമ്പി ഗവ. സംസ്കൃത കോളേജിന്റെ നേതൃത്വത്തിൽ ആഗോള ശാസ്ത്രലോകത്തിന്റെ അംഗീകാരം നേടിയ ഈ പഠനം, പ്രകൃതിയെ ഭയത്തോടെയല്ല മറിച്ച് ശാസ്ത്രീയ കൗതുകത്തോടെ നോക്കിക്കാണാൻ നമ്മെ പഠിപ്പിക്കുന്നു.
ഗവേഷണ പ്രബന്ധം: Multiomics and Confocal Raman mapping of Stegodyphus sarasinorum venom gland biomolecules with antioxidant and cytotoxic activities, Scientific Reports (Nature Portfolio), 2026. |

Dr. Ajaykumar. A. P

Veena Venugopal
