ജി.എസ്.അനീഷ്

Published: 10 november 2026 കവിത

ചാത്തൻ കുളം

ചെക്കട്ടു കുളത്തിൽ

കുളിക്കാൻ പോയി

വെയിൽ ചായും നേരം

പടവുകളിൽ പടർന്ന് കേറിയ

തണലിലിരുന്നു

കുളം അതിൻ്റെ ചാത്തനെ

വെള്ളത്തിൻ്റെ അറകളിലെവിടെയോ

ഒളിപ്പിച്ചു വച്ചിട്ടുണ്ട്

കണ്ടെടുക്കണം

മീതെ

മാന്ത്രിക പൂവുകൾ മയങ്ങുന്നു

 

കുളത്തിലേക്ക് ചാഞ്ഞ

കണിക്കൊന്നയിൽ

മീൻകൂട്ടം പാർക്കുന്നു

ഒരു കൊമ്പേറി

ആമ്പൽ മൊട്ടായി തല നീട്ടുന്നു

വട്ടയിലകൾക്ക് മീതെ

വെയിൽ നനയാൻ

ഒരു കുളക്കോഴിപ്പിട

ചിറക് കുടയുന്നു

 

കരയിലൊരു പുള്ളി പശു

പാൽ നിറച്ച

അകിടുമായി മേയുന്നു

കുളം അതിൻ്റെ പച്ചകളെ

ആഴത്തിലേക്ക് ആവാഹിക്കുന്നു

സൂര്യൻ അതിനെ

മാന്ത്രിക വെളിച്ചമായി

കരയിലേക്ക് വല കെട്ടുന്നു

 

ആഴങ്ങളിൽ നിന്ന് ഉറവ കൊണ്ട

നിറങ്ങൾ

പടവുകളിൽ ചിത്രങ്ങൾ നെയ്യവേ

ഒരു മന്ദമാരുതൻ ഓളങ്ങളിൽ നിന്ന്

നിഴലിൻ്റെ ഉരുവം പോൽ

പറന്നേറി

പുള്ളി പശുവിനെ ചുറ്റുന്നു

 

അത്

ഇമയനക്കാതെ 

പാൽ ചുരത്തുവാൻ വെമ്പുന്നു

 

നിറങ്ങളുടെ മാന്ത്രിക വടിയുമായി

ഞാൻ കുളത്തിലേക്ക് ചാടുന്നു

ആഴങ്ങളിൽ മുങ്ങി താഴവെ

കരയിലെ മരങ്ങളെല്ലാം

പക്ഷികളെല്ലാം

മൃഗങ്ങളെല്ലാം

അടിവാരത്തുണ്ട്

 

കര കാണാത്ത കടലിൽ പെട്ട

മീനു പോൽ

നീന്തി തുടിക്കവെ

ഉയിരിളക്കത്തിൽ

കാറ്റിലുലഞ്ഞു പോയ ചാത്തൻ

ജീവൻ്റെ മാന്ത്രിക വടിക്കായി

കേഴുന്നു

 

നിറങ്ങളെത്താത്ത

നിഴലുറങ്ങുന്ന ചാത്തൻ കോട്ട

ഉള്ളിലെവിടെയോ ഒണ്ട്

പിടിച്ച പിടി കൊണ്ടുപോണം

മെരുങ്ങാത്തതിനെ

മെരുക്കുമ്പോഴുള്ള സുഖം

കവിതക്ക് ചേല്

 

മൂന്നുരു1

ആണ2 യിടീച്ച്

കൂടെ കൊണ്ട് പോകും വഴി

പടിഞ്ഞാറേ ചെരുവിലൊരു ചെങ്കീരി

മാളത്തിലേക്ക് ഊളിയിട്ടു

നായ്ക്കൾ ഓരിയിട്ടു

ഉള്ളിലിരിക്കുന്ന ചാത്തൻ രഹസ്യം

ആർക്കറിയാം

 

നീണ്ട വഴികളെല്ലാം

ചെറുതായി

നീങ്ങുന്നേയില്ല നടത്തം

ഞാനെന്നിൽ തന്നെ

ചുറ്റുകയാണോ?

 

മരങ്ങളെല്ലാം ഇരുട്ടായി

ചെടികളെല്ലാം പാമ്പുകളായി

തലയാട്ടുന്നു

 

വീട് എത്തുന്നില്ല

കുളത്തിൽ നിന്ന് കര കയറിയോ?

 

കുളത്തിലേക്ക് ചാടിയ

കണിക്കൊന്നയുടെ കൊമ്പൊന്നിൽ

മൂന്നാം നാൾ

പൊന്തും വരെ

നീയോ ചാത്തൻ

ഞാനോ?

 

  1. മൂന്നുരു – മൂന്ന് തവണ
  2. ആണ – സത്യം

ജി.എസ്.അനീഷ്

നവംബർ വില്ല, പൊറ്റയം വിള, പനച്ചമൂട് . പി. ഒ, തിരുവനന്തപുരം, പിൻ 695 5505, 8547224637, aneeshthekketh@gmail.com3

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x