
വിഷ്ണുദാസ്
Published: 10 may 2026 കഥ
ആണിറച്ചി
“എൻ്റെ മുഴുവൻ പേര് വിളിക്കണം എന്നില്ല… അടുപ്പമുള്ളവർ എന്നെ ദാസ് എന്നാണ് വിളിക്കുന്നത്…അതാണ് എനിക്കും ഇഷ്ടം ”
മുഖത്തിരുന്ന കണ്ണട ഊരി ടേബിളിൽ വെച്ചു കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് ഞാൻ അവളോട് പറഞ്ഞു.
“നിൻ്റെ ഇഷ്ടവും അനിഷ്ടവും നോക്കാനോ നിൻ്റെ അടുപ്പക്കരിയാകാനോ വന്നതല്ല ഞാൻ. സംസാരിക്കണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം വന്നു അതും ഇതൊരു പബ്ലിക്ക് സ്പേസ് ആയതു കൊണ്ട് മാത്രം… പിന്നെ കൂട്ടത്തിൽ പറയട്ടെ നീ ഈ പറഞ്ഞ പേരുണ്ടല്ലോ ‘ദാസ്’ ഞാൻ ജീവിതത്തിൽ അടുത്തറിഞ്ഞിട്ടുള്ള എല്ലാ ദാസുമാരും നിന്ദ്യരും നീചരുമായിരുന്നു കുറഞ്ഞ പക്ഷം സ്വാർത്ഥരെങ്കിലും. നിന്നെ കുറിച്ചും എനിക്ക് മറിച്ചൊരു അഭിപ്രായമില്ല. ദസ്യുക്കളുടെ വംശാവലി ഇന്നും തുടരുന്നു അത്ര മാത്രം”
അവളത് പറഞ്ഞ് അവസാനിപ്പിച്ചതും…ഇവളിത് എന്താണ് പറയുന്നതെന്ന് ഞാൻ അന്തം വിട്ട് ഞെട്ടി തരിച്ചിരുന്നതും…
വെയ്റ്റർ രണ്ട് കപ്പ് കോഫി കൊണ്ടുവന്ന്
വെച്ചതും
ഒന്നിച്ചായിരുന്നു…അപ്പഴേക്കും പുറത്ത് നവംബർ മാസത്തിൻ്റെ അപരാഹ്ന മഞ്ഞ് മേഘം കണക്കെ തളം കെട്ടി തുടങ്ങിയിരുന്നു… അലസമായി തുറന്നു കിടന്നിരുന്ന കഫറ്റേരിയയുടെ വാതിലിലൂടെ മൂടൽ മഞ്ഞ് അകത്തേക്ക് വന്ന് നമുക്കിടയിലും തളം കെട്ടി തുടങ്ങിയിരുന്നു…
അവൾ തുടർന്നു…
” പിന്നെ നിൻ്റെ ഈ അസുഖം അത് ഞാൻ നേരത്തേ മനസ്സിലാക്കിയതാണ് നീ സ്ത്രീകളെ കുറിച്ച് എന്താണ് ധരിച്ചിരിക്കുന്നത്…നിന്നെ കണ്ടയുടനെ നിൻ്റെ കിടക്കയിലേക്ക് തല കുത്തി വീഴുന്നവളെന്നോ….”
അവളുടെ ശബ്ദം മാത്രം കഫറ്റേരിയ നിറയുന്നു.
എന്താണ് സംഭവിക്കുന്നത്.., ആരാണ് മുന്നിലിരിക്കുന്നത്, എന്താണ് ഇവൾ പറയുന്നത്…ഞാൻ ആരുമായാണ് ഇവിടേക്ക് വന്നത്… ഏതാണ് ഈ സ്ഥലം
മൂടൽ മഞ്ഞിനിടയിൽ എനിക്ക് എല്ലാം അവ്യക്തമായി തുടങ്ങിയിരിക്കുന്നു… അന്നനാളം അകത്തേക്ക് കമിഴ്ത്തിയ കോഫിയോടൊപ്പം എൻ്റെ പ്രജ്ഞയും മറയുകയാണോ… പരിചയമുള്ള ഒരു സ്ത്രീയുടെ ഒപ്പം സന്തോഷത്തോടെ എവിടേക്കോ വന്ന ഒരു അവ്യക്ത ഒർമ്മയുണ്ട് പക്ഷേ ആരായിരുന്നു… ഏതാണ് ഈ മുന്നിലിരിക്കുന്ന സ്ത്രീ…എന്തിനാണ് അവരിങ്ങനെ എന്നെ ശകാരിക്കുന്നത്…
” നീ പണ്ടും ഇങ്ങനെ തന്നെ ആയിരുന്നല്ലോ…നിനക്ക് വേണ്ടി സർവ്വവും ഉപേക്ഷിച്ച് നിന്നെ സ്നേഹിച്ചവളായിരുന്നില്ലേ ഞാൻ…എന്നിട്ട് നീ വെറുമൊരു വഴിക്കല്ലു പോലെ എന്നെ ചവിട്ടി മെതിച്ച് കടന്നു കളഞ്ഞില്ലേ….” അവളുടെ ശബ്ദം ഒരു കരച്ചിലോളം ലോപിക്കുന്നു.
കണ്ണട മൂടിയ മഞ്ഞ് കയ്യാൽ തുടച്ചു നീക്കി കൊണ്ട് ഞാൻ അവളെ കാണാനായി ശ്രമിച്ചു… ഞാൻ ചോദിച്ചു
” നീ…നീ എൻ്റെ കാമുകിയായിരുന്നോ…കമല… അവൾ… അവളാണോ നീ… ദയവു ചെയ്ത് എൻ്റെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കൂ…എനിക്ക് നിന്നെ കാണാൻ കഴിയുന്നില്ല…”
അവൾ തുടർന്നു പുച്ചത്തോടെ…
“നിൻ്റെ കണ്ണുകൾ..എടാ പൊട്ടാ നീ എന്നും വെറുതെ അഹങ്കരിച്ചിരുന്നു നിൻ്റെ കണ്ണുകൾ സ്പെഷ്യൽ ആണെന്ന്… ഏതൊരാളും പെട്ടു പോകുന്ന കാന്തമാണെന്ന്. എന്നാൽ എടാ മണ്ടാ നിനക്ക് തെറ്റി…ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശൂന്യവും നിർജീവവുമായ കണ്ണുകളാണ് നിൻ്റേത്… വെള്ളയും മഞ്ഞയും നഷ്ടമായ മുട്ടത്തോടു പോലെ ഒന്നു വിരലമർത്തിയാൽ പൊട്ടി പോകുന്നവ അതിനകത്ത് പിന്നെ വേറെ ഒന്നും ഇല്ല.. ശൂന്യം തീർത്തും ശൂന്യം.
കഫേറ്റേരിയയിലെ മറ്റ് ശബ്ദങ്ങൾ ഇപ്പോൾ എൻ്റെ കാതുകളിൽ വന്ന് പതിയുന്നില്ല…നമ്മൾ ഇപ്പോൾ കഫറ്റേരിയയിലല്ലേ…അല്ല ഇപ്പോൾ നമ്മൾ ഒരു മുറിക്കകത്താണ്… മുന്നിലിരുന്നിരുന്ന സ്ത്രീ ഇപ്പോൾ അവിടെയാണ്.
അവിടെയും മഞ്ഞ്… മുറിയിൽ ഒരു വശം തിരിഞ്ഞ് നിന്ന് അവൾ തുടരുന്നു…
” എന്തെല്ലാം പ്രതീക്ഷയിലാണ് ഞാൻ നിന്നെ വിവാഹം ചെയ്തത്… എൻ്റെ വീട്ടുകാർ അവർ മരുമകനായാണോ മകനായി തന്നെ അല്ലേ നിന്നെ കണ്ടത്..എന്നിട്ടും നീ… എന്നിൽ എന്ത് കുറവാണ് നീ കണ്ടത്…നിൻ്റെ ആഗ്രഹ പ്രകാരം ആരോഗ്യമുള്ള രണ്ട് സുന്ദരൻ മണിക്കുട്ടൻമാരെ ഞാൻ നിനക്ക് പെറ്റു തന്നില്ലേ… ശുഷ്കമായ നിൻ്റെ ലിംഗത്തിലും സ്ഖലനത്തിലും പോലും പരിഭവിക്കാതെ ഞാൻ നിൻ്റെ മാത്രം വിശ്വസ്തയായി തുടർന്നില്ലേ…എന്നിട്ടും നീ…അതും ഞാൻ നമ്മുടെ മകനെ ഗർഭിണി ആയിരിക്കുന്ന സമയത്ത്… അന്തസ്സുള്ള ഒരു സ്ത്രീ എങ്ങനെ സഹിക്കണം അത്…”
അവളുടെ ശബ്ദം ശക്തമാകുന്നു.
ഭാര്യ… എൻ്റെ ഭാര്യയാണോ മുന്നിൽ ഇരിക്കുന്നത്…പക്ഷേ അവളുടെ ശബ്ദം ഓർമ്മയിൽ ഇങ്ങനെ…
” ലക്ഷ്മി നീ…നീയാണോ ഇത്…” എൻ്റെ കുടലു തിളച്ചു മറിയും പോലെ ഈ മഞ്ഞിലും ഞാൻ ഉരുകി ഒലിക്കുന്ന പോലെ…
“അല്ല നിന്നെ പറഞ്ഞിട്ടും കാര്യമില്ല നിൻ്റെ അച്ഛനും ഇതൊക്കെ തന്നെയായിരുന്നു…എത്ര കാലം ഞാൻ സഹിച്ചതാ അതിനാ… കുഞ്ഞിലേ നീ നല്ലൊരു ഉണ്ണി മോനായിരുന്നു…പക്ഷേ കൗമാരം കടന്നതോടെ നീ നിൻ്റെ തന്തയുടെ തനി പകർപ്പായി… നിനക്ക് ഓർമ്മയുണ്ടോ നമ്മുടെ അടച്ചുറപ്പില്ലാത്ത ആ പഴയ വാടക വീട്ടിൽ… ഞാനും നിൻ്റെ പെങ്ങൻമാരും ആരുടെയൊക്കെ നോട്ടങ്ങളെ ഭയപ്പെട്ടിരുന്നു എന്ന്.മോനേ പറയാൻ എനിക്ക് അറയ്ക്കുന്നു എങ്കിലും… അതിൽ നീയും ഉണ്ടായിരുന്നു.
നിനക്ക് ഓർമ്മയുണ്ടോ വിജാഗിരിയടഞ്ഞ ആ പഴയ വാതിലിനകത്ത് ഞാൻ തുണി മാറാൻ കയറുമ്പോൾ പുറത്ത് എവിടെയെങ്കിലും നീ ഉണ്ടെങ്കിൽ..വെറുതേ സ്വാഭാവികം എന്ന കണക്കേ ഞാൻ തുണി മാറിക്കൊണ്ട് നിന്നോട് ഓരോന്ന് ചോദിച്ചുകൊണ്ടേയിരിക്കും…
അതുവഴി… നിൻ്റെ മറുപടി വഴി എനിക്ക് നീ അവിടെ എവിടെ എത്ര ദൂരം അകലെയാണ് എന്ന് അറിയാൻ പറ്റുമായിരുന്നു… വാതിലിനടുത്താണേൽ ഞാൻ…” ശബ്ദം കരച്ചിലായി മാറുന്നു.
ഇപ്പോൾ… ഇപ്പോൾ ഞാൻ കഫറ്റേരിയയിലല്ല… അടഞ്ഞ മുറിയിലല്ല… പഴയ ഒറ്റ മുറി വാടക വീട്ടിൽ ആണ്… ആ സ്ത്രീ മുന്നിലുണ്ട് ആരാണത്.. ഉമ്മയാണോ എൻ്റെ ഉമ്മയാണോ… ഉമ്മയാണെങ്കിൽ എന്നെക്കുറിച്ച് ഇങ്ങനെ… ഇല്ല
എൻ്റെ മനോ നില ആകെ തകിടം മറിയും പോലെ ഇപ്പോൾ എനിക്ക് എന്നെപ്പോലും തിരിച്ചറിയാൻ കഴിയുന്നില്ല… മഞ്ഞ്… മഞ്ഞ് മാത്രം. എനിക്ക് തണുക്കുന്നു.
അവൾ തുടരുന്നു…ഇപ്പോൾ ശബ്ദം നേർത്തതാണ്.
“എവിടെയായിരുന്നു നിങ്ങൾ ഇത്രയും കാലം… എന്ത് അധികാരം ഉറപ്പിക്കാനാണ് ഇപ്പോൾ ഞാൻ പഠിക്കുന്ന ഈ കോളേജിലേക്ക് വന്നിരിക്കുന്നത്…”
ഞാൻ ചുറ്റും നോക്കി ശരിയാണ് കോടമഞ്ഞിനിടയിലൂടെ അവ്യക്തമായ ക്യാമ്പസ്സു കാണാം… ഒരു പെൺകുട്ടി എൻ്റെ മുന്നിൽ നിൽക്കുന്നു…മുഖം മുഖം… ആരാണിവൾ…
ആ പെൺക്കുട്ടി സംസാരിക്കുന്നു…
“എനിക്ക് എന്നും കൂട്ടിനുണ്ടായിരുന്നത് എൻ്റെ അമ്മയാണ് അമ്മ മാത്രം… രജിസ്റ്റർ ബുക്കിലെ ഒരു പേരു മാത്രമായിരുന്നു താങ്കൾ… താങ്കളുടെ ലോകത്ത് ലിബറൽ പൊങ്ങച്ചങ്ങളിൽ ഞാനെന്ന പെൺകുഞ്ഞ് എന്നെങ്കിലും ഉണ്ടായിരുന്നോ…എന്നെങ്കിലും… എന്നെങ്കിലും… ഒരിക്കലെങ്കിലും എന്നെ ചേർത്തു പിടിച്ച് കവിളിൽ ഒരുമ്മ തന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചിട്ടുണ്ട്… ഒരേ കട്ടിലിൽ അമ്മയുടെയും താങ്കളുടെയും നടുവിൽ കൊഞ്ചി കൊഞ്ചി ഒന്നുറങ്ങാൻ കഴിഞ്ഞെങ്കിൽ എന്ന്…എന്ത് കൊണ്ടോ അമ്മ എന്നെ താങ്കളുടെ സാമിപ്യത്തിൽ കിടത്തിയില്ല…ഇപ്പോൾ എനിക്ക് അത് എന്തു കൊണ്ടാണ് എന്നറിയാം…”
” മോളേ…കനി നീയാണോ ഇത്…നീയിത് എന്തൊക്കെയാണ് പറഞ്ഞു വെക്കുന്നത്…”
മുന്നോട്ടാഞ്ഞ് അവളെ വാരിപുണരാൻ നോക്കിയപ്പോൾ അവൾ അടുത്ത് ഉണ്ടായിരുന്നില്ല… മഞ്ഞിനിടയിലെ ക്യാമ്പസ്സ് ഒഴുകി മാറിയിരിക്കുന്നു…
ഇപ്പോൾ ഇത് ഏതോ പഴയ നഗരത്തിൻ്റെ വെളിമ്പ്രദേശമാണ്
അവിടെ ഏതോ ഒരു നരച്ച ഇടത്തരം ലോഡ്ജ് മുറി.
ദൂരെ മാറി ഒരു പെൺക്കുട്ടി നിലവിളിച്ചു കരയുകയാണ്.. അവളുടെ മുഖം ഇപ്പോഴും വ്യക്തമല്ല മഞ്ഞ് തുടരുന്നു… എങ്കിലും അവൾ നഗ്നയാണ് എന്ന് ഞാൻ കാണുന്നു അവളുടെ ഗുദങ്ങൾക്കിടയിലൂടെ താഴെക്ക് രക്തം ഒഴുകി പരക്കുന്നു…
“അയ്യോ മോളേ…കനി…നീയാണോ അത്…ഞാൻ നിലവിളിക്കുന്നു.
“ഏത് മകൾ ഏത് കനി ഓ ശരിയാണ് എന്നെപ്പോലെയുള്ള പെണ്ണുങ്ങളെ കാശ് പറഞ്ഞ് ഉറപ്പിക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള പേര് വിളിക്കാമല്ലോ… കാരണം നമ്മൾക്ക് പേരില്ലല്ലോ മുഖമില്ലല്ലോ… അരയ്ക്ക് താഴെയുള്ള രണ്ട് തുളകൾ മാത്രമാണല്ലോ നിനക്ക് ഞങ്ങൾ…ശരിയാണ് നീ ഞാൻ ചോദിച്ചതിലും കൂടുതൽ കാശു തന്നു പക്ഷേ നീ നിൻ്റെ പെർവേർഷനുകൾക്കായി എന്നെ റേപ്പു ചെയ്യുകയായിരുന്നു…നമ്മൾക്ക് പിന്നെ സമൂഹത്തോട് പോയി നമ്മൾ റേപ്പു ചെയ്യപ്പെട്ടു എന്ന് പറയാൻ കഴിയില്ലല്ലോ… നോക്ക് നീ ചെയ്ത വൈകൃതം നോക്ക്… ഇത് ഞാൻ മലം വിസർജിക്കുന്നിടമാണ് എന്നിട്ടും അറപ്പില്ലാതെ നീ അവിടമാണ് തകർത്ത് രക്ത ജഢമാക്കിയിരിക്കുന്നത്….”
ഞാനിപ്പോൾ കുടലുമറിഞ്ഞ് ഛർദ്ദിക്കുകയാണ് കുടലും ഞാനും മറഞ്ഞ് ഞാൻ ഇപ്പോൾ അറയ്ക്കുന്ന ഒരു ഛർദ്ദി മാത്രമാണ്…
ഞാൻ നില വിളിച്ചു… കരഞ്ഞു… പ്രാർത്ഥിച്ചു…
” നിർത്ത്… ദയവായി എന്നെ രക്ഷിക്ക് പറയു നീ ആരാണ് ദയവായി എന്നോട് പറയൂ…”
ഞാനിപ്പോൾ ലോഡ്ജിൽ അല്ല.. മഞ്ഞ് കണ്ണിനു മുന്നിൽ കുത്തിയൊലിക്കുന്നു അകലെ എവിടെയോ ഇത്തിരി വെട്ടം മിന്നുന്നുണ്ട്.
ഇതൊരു ശവപ്പറമ്പാണ് ആരുടെയോ ചിതയെരിയുന്നു…അതിനു പുറത്ത് ഭീമാകാരിണിയായ ഒരു സ്ത്രീ നൃത്തം ചവിട്ടുന്നു അവൾക്ക് ആയിരം കയ്യുകൾ… ആയിരം കണ്ണുകൾ
അവളെന്നെ നോക്കുന്നു ഭയത്താൽ ഞാൻ അനക്കമറ്റ് വിറങ്ങലിച്ച്…
അവൾ കൂവി തുടങ്ങുന്നു…
“ഉണ്ണിക്കുട്ടാ ഉള്ളി തീയലേ നോക്കടാ… കൂ… നിൻ്റെ ജഢത്തിനുമേലാണ് ഇന്ന് എൻ്റെ അറിഞ്ഞാട്ടം… ഓയ് കൂയ്… നീ ഇപ്പോൾ ഭയപ്പെടുന്നതെന്തിന് എവിടെ നിൻ്റെ യുക്തി വിചാരം എവിടെ… എവിടെ നിൻ്റെ പുരോഗമനം എവിടെ… എവിടെ നിൻ്റെ ശാസ്ത്ര പുസ്തകങ്ങൾ എവിടെ… നിൻ്റെ നാണു ഗുരു എൻ്റെ കീഴ്ക്കാവ് തകർത്ത് നിൻ്റെ മാദേവനെ കുടിയിരുത്തുമ്പോൾ
നീ ചിരിച്ച ചിരിയെവിടെ… നിന്നെ രക്ഷിക്കാൻ ഇപ്പോൾ നിൻ്റെ ഹരൻമാരെവിടെ ഹരിമാരെവിടെ…. ഞാനെ പരമ സത്തിയമെടാ…”
അവൾ എന്നെ പിടിച്ച് വിഴുങ്ങിയോ… കൂക്കി വിളി മാത്രം തലയ്ക്കകത്ത്…
തികഞ്ഞ ശൂന്യതയിൽ അടിയില്ലാ കൂരിരുട്ടിൽ ഞാൻ ഇപ്പോൾ താരുകയാണ്… മുന്നിലിപ്പോൾ മാംസം പാചകം ചെയ്യുന്ന ഒരടുക്കളയാണ് അവിടെ അനേകം സ്ത്രീകൾ… അവർ ഒന്നിച്ചിരുന്ന് ഇറച്ചി കറിയിൽ ചേർക്കാനായി ഉള്ളി തൊലിക്കുന്നു.
( എൻ്റെ മുന്നിൽ മിന്നി മറഞ്ഞ സ്ത്രീകളാണോ ഇവരെല്ലാം)
അവരെല്ലാവരും ഉള്ളി തൊലിച്ച് കണ്ണ്
നനഞ്ഞ് ചിരിക്കുന്നു.
( എനിക്ക് വേണ്ടിയാണോ ഈ കണ്ണുനീർ അപ്പോഴും ഞാൻ എന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നു)
ഞാൻ വിളിച്ചു ചോദിക്കുന്നു…
“ആരാണ് നിങ്ങൾ…”
തമ്മിൽ തമ്മിൽ തലയെറിഞ്ഞ് ചിരിച്ചു കൊണ്ട് അവർ തിരികെ ചോദിക്കുന്നു…
“നമ്മളോട് ഈ ചോദ്യം ചോദിക്കാൻ
അതിന് നീ ആരാണ് എന്ന് നിനക്ക് അറിയാമോ…
അറിയില്ലേ ശരി… എന്നാ കേട്ടോ…
നീ… നീ… ഈ നമ്മൾ തൊലിക്കുന്ന ഉള്ളിയാണ്… അകത്തൊരു കാമ്പുണ്ടെന്ന് കരുവുണ്ടെന്ന് കണ്ടാൽ തെറ്റിദ്ധരിക്കും.എന്നാൽ തൊലി കളഞ്ഞ് തൊലി കളഞ്ഞ് വരുമ്പോഴല്ലേ പൂച്ച് പുറത്താകുന്നത് അകത്തൊന്നുമില്ല
ശൂന്യം… ആത്മാവില്ലാത്തവൻ…”
(ശബ്ദത്തിനൊടുവിൽ എല്ലാം അപ്രതൃക്ഷമാവുകയാണ്)
നവംബറിലെ അപരാഹ്ന മഞ്ഞ് ഇപ്പോൾ പിൻമാറുന്നു ഞാനിപ്പോൾ പഴയ കഫറ്റേരിയയിലാണ്… മുന്നിൽ ഇപ്പോൾ ആരുമില്ല… അവൾ എവിടെ…?
ശരീരത്തിന് ആകെ ലാഘവത്വം അനുഭവപ്പെടുന്നു ഓർമ്മകളിലെ ചോദ്യം ആവർത്തിക്കുന്നു “ഞാൻ ആരാണ്…”
ഞാൻ എൻ്റെ ഉടലിലേക്ക് നോക്കി കാഴ്ച മങ്ങുന്നു… മഞ്ഞ് ഇപ്പോൾ അശേഷമില്ല പക്ഷേ എനിക്ക് കാഴ്ച അവ്യക്തമാകുന്നു…
തിടുക്കപ്പെട്ട് ഞാൻ അവിടെ നിന്നിറങ്ങി
തിരക്കേറിയ തെരുവിലൂടെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു…എതിരെ ഒഴുകി പരന്ന ജനാവലി എന്നെ കടന്നു പോയി. ഞാൻ എന്ന ഒരാൾ നിലവിലില്ലാത്ത മട്ടിൽ.
ഫ്ലാറ്റ് എത്തിയതും ഞാൻ തിടുക്കപ്പെട്ട് മുറിയിലേക്ക് കടന്നു .മുറിയിലെ ആ വലിയ നില കണ്ണാടി കണ്ടപ്പോൾ ആ ചോദ്യം പിന്നെയും അലയടിച്ചു…
എന്നെ തിരിച്ചറിയാനായി തിടുക്കപ്പെട്ട്
ഞാൻ കണ്ണാടിയിലേക്ക് നോക്കി
‘കണ്ണാടി ശൂന്യമായിരുന്നു.’
(താഴെ കഫറ്റേരിയയിൽ
സംസാരിച്ചിരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ച ആൺ സുഹൃത്തിനെ ആംബുലൻസിൽ കയറ്റുകയായിരുന്നു ഒരു യുവതി അപ്പോൾ)

