
എഛ്.കെ.സന്തോഷ്
Published: 05 April 2026 ഗവേഷണ പംക്തി
രീതിശാസ്ത്രാനന്തരം
സൈറ്റേഷൻസ് അഞ്ച്
“Do I contradict myself? Very well then I contradict myself, (I am large, I contain multitudes.)” — Walt Whitman
ഭാഗം ഒന്ന്
“ഒരു മനുഷ്യനായാൽ കുഞ്ഞിന്റെ ഡയപ്പർ മാറ്റാനും, അധിനിവേശം ആസൂത്രണം ചെയ്യാനും, പന്നിയെ അറുക്കാനും, കപ്പൽ നിയന്ത്രിക്കാനും, കെട്ടിടം രൂപകൽപ്പന ചെയ്യാനും, കവിതയെഴുതാനും വരവ് ചെലവ് കണക്കുക നോക്കാനും, മതിലു പണിയാനും, ഒടിഞ്ഞ എല്ല് കൂട്ടിയോജിപ്പിക്കാനും, മരണാസന്നരായവരെ ആശ്വസിപ്പിക്കാനും, നിർദ്ദേശങ്ങൾ അനുസരിക്കാനും, കൽപ്പനകൾ നൽകാനും, മറ്റുള്ളവരുമായി സഹകരിക്കാനും, ഒറ്റയ്ക്ക് പ്രവർത്തിക്കാനും, സമവാക്യങ്ങൾ പരിഹരിക്കാനും, പുതിയൊരു പ്രശ്നം വിശകലനം ചെയ്യാനും, ചാണകം വാരാനും, കമ്പ്യൂട്ടർ പ്രോഗ്രാം ചെയ്യാനും, രുചികരമായി ഭക്ഷണം പാകം ചെയ്യാനും, കാര്യക്ഷമമായി പോരാടാനും, ഒടുവിൽ ധീരമായി മരിക്കാനും കഴിയണം. ഏതെങ്കിലും ഒരു കാര്യത്തിൽ മാത്രം വൈദഗ്ദ്ധ്യം നേടുക (Specialization) എന്നത് പ്രാണികൾക്കൊക്കെ പറഞ്ഞിട്ടുള്ളതാണ്.” എന്ന് സയൻസ് ഫിക്ഷൻ എഴുത്തുകാരുടെ ഡീൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന റോബർട്ട് ആൻസൺ ഹൈൻലൈൻ ‘ടൈം ഇനഫ് ഫോർ ലവ്’ എന്ന തന്റെ നോവലിൽ പറയുന്നുണ്ട്.
സ്വതന്ത്ര നിരീക്ഷണവും യുക്തിചിന്ത (Dialectics)യും കൊണ്ട് തത്വചിന്താപരമായ അന്വേഷണങ്ങൾ നടത്തിയിരുന്ന ഒരു നീണ്ട കാലം മനുഷ്യന്റെ ജ്ഞാന ചരിത്രത്തിൽക്കാണാം. ശാസ്ത്രചിന്തയും ഗവേഷണവും തുടങ്ങുന്നത് ഹൈൻലൈൻ പറയുന്ന സകലഗുലാബികളായ മനുഷ്യരുടെ ഈ യുഗത്തിലാണ്. അതാണ് ജ്ഞാനചരിത്രത്തിന്റെ ആദ്യ ഘട്ടം. പ്രപഞ്ചത്തെയും സത്യത്തെയും കുറിച്ചുള്ള സമഗ്രമായ അറിവായിരുന്നു അന്നത്തെ ജ്ഞാനാന്വേഷണത്തിന്റെ ലക്ഷ്യം. ഡിസിപ്ലിനുകളില്ലാത്ത അറിവിന്റെ ആകാശലോകം.
പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പുള്ള ജ്ഞാനചരിത്രത്തിൽ വിജ്ഞാന ശാഖകൾ ഇന്നത്തെപ്പോലെ കർശനമായി വേർതിരിക്കപ്പെട്ടിരുന്നില്ല. ശാസ്ത്രം, ഗണിതം, തത്ത്വചിന്ത, കല, സാഹിത്യം തുടങ്ങി തികച്ചും വ്യത്യസ്തമായ നിരവധി വിഷയങ്ങളിൽ ഒരേസമയം അഗാധമായ പാണ്ഡിത്യം നേടിയിരുന്ന അക്കാല മനീഷികളെയാണ് പോളിമത്തുകൾ (Polymaths) എന്ന് വിളിക്കുന്നത്. അരിസ്റ്റോട്ടിൽ തൊട്ട് ഡാവിഞ്ചിയും ന്യൂട്ടനുമൊക്കെ ഈ നിരയിൽ വരുന്നു.
എല്ലാം പരസ്പരം ബന്ധപ്പെട്ട ഒറ്റ വിജ്ഞാനശാഖയായാണ് കണക്കാക്കിയിരുന്നത്. ഇന്നത്തെ ശാസ്ത്രത്തെ നാച്ചുറൽ ഫിലോസഫിയായാണ് കണ്ടിരുന്നത്. തത്ത്വചിന്തകൻ ഒരു ഗണിതശാസ്ത്രജ്ഞനോ ആരോഗ്യവിദ്ഗ്ദ്ധനോ കൂടിയായിരുന്ന കാലം. യൂറോപ്യൻ നവോത്ഥാന കാലഘട്ടം പോളിമത്തുകളുടെ സുവർണ്ണ കാലഘട്ടമായാണ് അറിയപ്പെടുന്നത്. കലയിലും ശാസ്ത്രത്തിലും ഒരേപോലെ പ്രതിഭ തെളിയിച്ച “നവോത്ഥാന മനുഷ്യൻ” എന്ന ആശയം തന്നെ ഇതിൽ നിന്നും ഉണ്ടായതാണ്.
ഗവേഷണചരിത്രത്തിലെ അക്കാദമിക പൂർവ്വ ഘട്ടമാണിത്. പ്രത്യേക സ്ഥാപനങ്ങളുടെ നിയന്ത്രണമില്ലാത്ത സ്വതന്ത്രമായ നിരീക്ഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രാധാന്യം നൽകിയ കാലം.സമഗ്ര അന്വേഷണ രീതി (Holistic Approach)യുടെ ആ ഘട്ടത്തിൽ സ്ഥാപനവത്കരിക്കപ്പെട്ട ഒന്നായിരുന്നില്ല അറിവ്.. ഗവേഷണത്തിനായി പ്രത്യേക രീതിശാസ്ത്രങ്ങളോ സ്ഥാപനങ്ങളോ ഇല്ലാത്ത ഈ ഘട്ടത്തിൽ ഡയലക്ടിക്സ് ലോജിക് തുടങ്ങിയ ദാർശനിക മാർഗ്ഗങ്ങളിലൂടെയുള്ള ജ്ഞാന നിർമ്മിതിയാണ് നടന്നിരുന്നത്. ഗവേഷണ രീതിശാസ്ത്രത്തിന്റെ ചരിത്രത്തിലെ നിർണ്ണായകമായ വഴിത്തിരിവാണ് എട്ടാം നൂറ്റാണ്ടു മുതൽ പതിനാലാം നൂറ്റാണ്ടു വരെ നീണ്ടുനിന്ന ഇസ്ലാമിക സുവർണ്ണ കാലഘട്ടം. അമൂർത്തമായ ഗ്രീക്ക് തത്വചിന്തകളിൽ നിന്ന് പൂർണ്ണമായി മാറി, അറിവ് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്ന ശാസ്ത്രീയ ചിന്ത ഈ കാലഘട്ടത്തിൽ പ്രബലമായി. ആധുനിക ശാസ്ത്രീയ രീതിയുടെയും ഒപ്റ്റിക്സിന്റെയും പിതാവ് എന്ന് അറിയപ്പെടുന്ന ഇബ്നു അൽ-ഹൈത്തം തന്റെ പ്രശസ്തമായ ‘കിതാബ് അൽ-മനാസിർ’ (Book of Optics) എന്ന ഗ്രന്ഥത്തിൽ, കാഴ്ചയെയും പ്രകാശത്തെയും കുറിച്ചുള്ള മുൻകാല സിദ്ധാന്തങ്ങളെ കൃത്യവും ആവർത്തിക്കാവുന്നതുമായ പരീക്ഷണങ്ങളിലൂടെയാണ് വിശകലനം ചെയ്തു തിരുത്തിയത്. സത്യം കണ്ടെത്തുക എന്നതാണ് ഒരു ശാസ്ത്രജ്ഞന്റെ ലക്ഷ്യമെങ്കിൽ, താൻ വായിക്കുന്ന മുൻകാല ഗ്രന്ഥങ്ങളിലെ എല്ലാറ്റിനെയും സംശയത്തോടെ വീക്ഷിക്കണം എന്ന അദ്ദേഹത്തിന്റെ നിലപാട്, പിൽക്കാലത്ത് രൂപപ്പെട്ട ആധുനിക ഗവേഷണ രീതിശാസ്ത്രത്തിന്റെ അടിസ്ഥാന ശിലയായി മാറി
മധ്യകാലഘട്ടമായപ്പൊഴെക്കും തത്വചിന്ത നിയമം ദൈവശാസ്ത്രം വൈദ്യം എന്നിവക്ക് താഴെ ലോവർ ഫാക്കല്റ്റി എന്ന നിലയിലേക്ക് ഗവേഷണം പരിമിതപ്പെടുന്നുണ്ട്. എന്നാൽ തുടർന്ന് പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ യൂറോപ്പിലുണ്ടായ ശാസ്ത്ര വിപ്ലവം ഗവേഷണ രീതിശാസ്ത്രത്തിൽ ഒരു വലിയ പൊളിച്ചെഴുത്തിന് കാരണമായി. മധ്യകാലഘട്ടത്തിലെ ഗ്രന്ഥങ്ങളെയും സഭയുടെ പ്രബോധനങ്ങളെയും അന്ധമായി വിശ്വസിക്കുന്ന പ്രവണതയ്ക്ക് ഇതോടെ അവസാനമായി. 1543-ൽ നിക്കോളാസ് കോപ്പർനിക്കസ് സൗരയൂഥ സിദ്ധാന്തം) അവതരിപ്പിച്ചതും, ആൻഡ്രിയാസ് വെസാലിയസ് മനുഷ്യശരീരത്തിലെ രക്തചംക്രമണത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങൾ പ്രസിദ്ധീകരിച്ചതും മനുഷ്യ ചിന്തയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. ഗലീലിയോ ഗലീലി, ഫ്രാൻസിസ് ബേക്കൺ, റെനെ ഡെസ്കാർട്ടസ്, ഐസക് ന്യൂട്ടൺ തുടങ്ങിയ നിരവധി ജ്ഞാനാന്വേഷികൾ ശാസ്ത്ര ചിന്തയെ ഇക്കാലയളവിൽ വിപുലീകരിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയം അഥവാ യുക്തിയുടെ യുഗം ഗവേഷണ രീതിശാസ്ത്രത്തെ ദാർശനികമായി കൂടുതൽ ബലപ്പെടുത്തി. പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ സംഭവിച്ച മറ്റൊരു പ്രധാന സംഗതി സ്റ്റാറ്റിസ്റ്റിക്സിന്റെ കടന്നുവരവാണ്. കാൾ ഫ്രെഡറിക് ഗോസ് വികസിപ്പിച്ചെടുത്ത ‘ലീസ്റ്റ് സ്ക്വയേഴ്സ്’ (Least squares) രീതി ഗണിതശാസ്ത്രപരമായ വിശകലനങ്ങൾക്ക് പുതിയ മാനം നൽകി. പിയറി-സൈമൺ ലാപ്ലാസ് അവതരിപ്പിച്ച റാൻഡം സാംപ്ലിംഗ് (Random sampling) രീതി രീതിശാസ്ത്രത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ വിജ്ഞാന വിസ്ഫോടനമാണ് പോളിമത്തുകളുടെ യുഗത്തിന് അന്ത്യം കുറിച്ചത്. ഗവേഷണ രീതിശാസ്ത്രം വികസിക്കുന്നതിനനുസരിച്ച്, വിജ്ഞാനശാഖകൾ തമ്മിലുള്ള വ്യത്യാസങ്ങളും പ്രകടമായിത്തുടങ്ങി. ഭൗതികശാസ്ത്രം, രസതന്ത്രം തുടങ്ങിയ പ്രകൃതിശാസ്ത്രങ്ങൾ പൂർണ്ണമായും വസ്തുനിഷ്ഠമായ അളവുകളെയും പരീക്ഷണശാലകളെയും ആശ്രയിച്ചപ്പോൾ, മനുഷ്യസമൂഹത്തെ പഠിക്കുന്ന സാമൂഹിക ശാസ്ത്രങ്ങളിൽ (Social Sciences) തികച്ചും വ്യത്യസ്തമായ സമീപനങ്ങൾ ആവശ്യമായിവന്നു. പോസിറ്റിവിസ്റ്റ് രീതിക്ക് പകരം വ്യാഖ്യാനാത്മകരീതി കൂടി ആവശ്യമായിവന്നു. മനുഷ്യന്റെ അനുഭവങ്ങളെ സംഖ്യകളിലൂടെ മാത്രം പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ലെന്ന് നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം തുടങ്ങിയ മേഖലകളിലെ പണ്ഡിതന്മാർ വാദിച്ചു. ഈ ആശയപരമായ വ്യത്യാസം പിൽക്കാലത്ത് പരിമാണാത്മക (Quantitative), ഗുണാത്മക (Qualitative) ഗവേഷണ രീതികളുടെ വേർപിരിയലിനു വഴിവെച്ചു. ക്രമേണ ഇവ പരസ്പരം ഇടകലർത്താനാവാത്ത നില പ്രാപിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിൽ ജർമ്മൻ സർവകലാശാലകളിൽ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളാണ് ആധുനിക അക്കാദമിക് ലോകത്തിന് അടിത്തറ പാകിയത്. ‘യൂണിവേഴ്സിറ്റാസ്’ എന്ന പഴയകാല സമഗ്ര ജ്ഞാനസങ്കൽപ്പത്തിൽ നിന്നും മാറി, അറിവിനെ ചരിത്രം, ഭാഷാശാസ്ത്രം, ഭൗതികശാസ്ത്രം എന്നിങ്ങനെ വിവിധ വകുപ്പുകളായി (Departments) വേർതിരിക്കുന്ന രീതി ഇവിടെയാണ് ആരംഭിക്കുന്നത്. അറിവിന്റെ ഈ കമ്പാർട്ട്മെന്റ് വത്കരണം ഓരോ വിഷയത്തിലും ആഴത്തിലുള്ള പഠനം സാധ്യമാക്കിയെങ്കിലും, വിജ്ഞാനത്തെ വെവ്വേറെ അറകളിലാക്കി) മാറ്റി. ഗവേഷണവും അധ്യാപനവും ഒരേ സ്ഥാപനത്തിന് കീഴിൽ കൊണ്ടുവന്ന ‘ഹുംബോൾട്ടിയൻ മാതൃക’ ഇക്കാലത്തെ പ്രധാന സവിശേഷതയായിരുന്നു. ഈ മാതൃകയിൽ ശുദ്ധ ശാസ്ത്രത്തിന് മുൻഗണന ലഭിക്കുകയും, ഡോക്ടർ ഓഫ് ഫിലോസഫി പോലുള്ള ബിരുദങ്ങൾക്ക് വലിയ അംഗീകാരം കൈവരുകയും ചെയ്തു.
ഈ കാലഘട്ടത്തിൽ ഗവേഷണം എന്നത് ഒരു വിനോദമെന്നതിലുപരി ഗൗരവകരമായ ഒരു തൊഴിലായി (Professionalization) ത്തീർന്നു. ഓരോ വിഷയത്തിലും ഗവേഷണം നടത്തുന്നതിന് പ്രത്യേക ബിരുദങ്ങളും യോഗ്യതകളും മാനദണ്ഡങ്ങളും നിശ്ചയിക്കപ്പെട്ടു. അക്കാദമിക് ലോകത്തേക്ക് പ്രവേശിക്കുന്ന അറിവുകളെ നിയന്ത്രിക്കാൻ ‘ഗേറ്റ്കീപ്പിംഗ്’ എന്ന കർക്കശമായ രീതി ഇതോടെ നടപ്പിലാക്കി. പി.എച്ച്.ഡി പോലുള്ള ഉയർന്ന യോഗ്യതകളും പിയർ റിവ്യൂ പോലുള്ള വിശകലന രീതികളും നിർബന്ധമാക്കിയതോടെ, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത പഠനങ്ങൾ അക്കാദമിക് ലോകത്തിന് പുറത്തായി. ഇത് ഗവേഷണത്തിന് ഒരു നിശ്ചിത ഘടനയും അച്ചടക്കവും നൽകിയെങ്കിലും, കണിശമായ അതിർവരമ്പുകൾക്കുള്ളിൽ നിന്നുള്ള പഠനങ്ങൾക്ക് മാത്രമേ അംഗീകാരം ലഭിക്കൂ എന്ന സാഹചര്യം അത് സൃഷ്ടിച്ചു.
ശാസ്ത്രീയമായ അറിവുകൾ ക്രോഡീകരിക്കുന്നതിനും വിവരങ്ങളെ ശാസ്ത്രീയ ജ്ഞാനമാക്കി മാറ്റുന്നതിനും നിരീക്ഷണ-പരീക്ഷണങ്ങൾക്കായി ലാബുകൾ സ്ഥാപിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ മൂല്യനിരപേക്ഷത എന്ന ആശയം രീതിശാസ്ത്രത്തിൽ നിർണ്ണായകമായി മാറി. വ്യക്തിപരമായ വൈകാരിക ഇടപെടലുകൾ ഒഴിവാക്കി, വസ്തുതകളെ വസ്തുനിഷ്ഠമായി മാത്രം സമീപിക്കുന്ന രീതി ശാസ്ത്രീയ ഗവേഷണത്തിന്റെ അവിഭാജ്യ ഘടകമായി മാറി. പരീക്ഷണാടിസ്ഥാനത്തിലുള്ള യാഥാർത്ഥ്യങ്ങളെ യുക്തിപരമായി വിശകലനം ചെയ്ത് അറിവ് സമ്പാദിക്കുന്ന ഈ രീതിശാസ്ത്രം ഗവേഷണത്തിന് ഉയർന്ന അക്കാദമിക് പദവി നൽകുകയും ചെയ്തു.
ഗവേഷണ മേഖലയിൽ ഓരോ വിഷയവും അതിന്റേതായ സാങ്കേതിക പദങ്ങളും (Terminology) രീതിശാസ്ത്രങ്ങളും വികസിപ്പിച്ചെടുത്തതോടെ വിഷയങ്ങൾ തമ്മിലുള്ള ആശയവിനിമയം പ്രയാസകരമായി മാറി. ഇത് വിജ്ഞാന മേഖലയിൽ ഭാഷാപരമായ അതിരുകൾ സൃഷ്ടിച്ചു. കൂടാതെ, ഗവേഷണങ്ങൾ മതേതരവത്കരിക്കപ്പെടുകയും അവ ഭരണകൂട താൽപ്പര്യങ്ങൾക്കും നയരൂപീകരണത്തിനും അനുസൃതമായി മാറുകയും ചെയ്തു. ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള ഗവേഷണങ്ങൾക്ക് വലിയ തോതിൽ ഇക്കാലയളവിൽ പ്രോത്സാഹനം ലഭിക്കുന്നുണ്ട്. വിപ്ലവകരമായ മാറ്റങ്ങളെ ബൗദ്ധികമായി തടയുക എന്ന ലക്ഷ്യത്തോടെയുള്ള ക്രമബദ്ധമായ വിജ്ഞാന ഉൽപ്പാദനമാണ് ഈ കാലഘട്ടത്തിൽ സർവകലാശാലകൾ ലക്ഷ്യം വെച്ചിരുന്നത്.
ഈ ഘട്ടത്തിലാണ് ഇന്നു പുലർന്നുപോരുന്ന ആധുനിക ഗവേഷണ രീതിശാസ്ത്രം സ്ഥാപനവത്കരിക്കപ്പെടുന്നത്. വിൽഹെം വോൺ ഹംബോൾട്ട് വിഭാവനം ചെയ്ത ജർമ്മൻ സർവകലാശാലാ മാതൃകയാണ് ഗവേഷണത്തിൽ വ്യവസ്ഥാപിതമായ ഒരു രീതിശാസ്ത്രത്തിന് അടിത്തറ പാകിയത്. അധികാരം, പാരമ്പര്യം, മതം തുടങ്ങിയ ബാഹ്യസ്വാധീനത്തിൽ നിന്ന് അറിവിനെ മോചിപ്പിക്കുക എന്നതായിരുന്നു ഈ മാതൃകയുടെ പ്രധാന ലക്ഷ്യം. പകരം, യുക്തി (Logic), കാരണം (Reason), അനുഭവം (Empiricism) എന്നിവയിൽ അധിഷ്ഠിതമായ വിജ്ഞാന ഉൽപ്പാദനത്തിന് ഇത് മുൻഗണന നൽകി.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഗവേഷണ ലോകം പോസിറ്റിവിസത്തിന്റെ (Positivism) ശക്തമായ സ്വാധീനത്തിലായിരുന്നു. ശാസ്ത്രീയമായി അളക്കാനും നിരീക്ഷിക്കാനും കഴിയുന്ന കാര്യങ്ങളെ മാത്രമേ യഥാർത്ഥ അറിവായി അക്കാലത്ത് അംഗീകരിച്ചിരുന്നുള്ളൂ. ഇത് ക്രമേണ ‘രീതിശാസ്ത്രപരമായ അടിമത്തം’ (Methodolatry) എന്ന അവസ്ഥയിലേക്ക് നയിച്ചു. ഗവേഷണ വിഷയത്തിന്റെ ആഴത്തേക്കാളും പ്രസക്തിയേക്കാളും അത് ‘എങ്ങനെ ചെയ്യുന്നു’ (Method) എന്നതിനും സാങ്കേതികമായ കൃത്യതയ്ക്കും അമിത പ്രാധാന്യം ലഭിച്ചു. രീതിശാസ്ത്രം ഒരു ‘ഹീറോ’ ആയി മാറുകയും, വിജ്ഞാന ഉൽപ്പാദനത്തിന്റെ കേന്ദ്രബിന്ദുവായി അത് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത കാലഘട്ടമായിരുന്നു ഇത്.
തങ്ങളുടെ പഠനങ്ങൾക്ക് അക്കാദമിക് സാധുത ലഭിക്കുന്നതിനായി സാമൂഹിക ശാസ്ത്രങ്ങളും (Social Sciences) ഹ്യൂമാനിറ്റീസും ഭൗതികശാസ്ത്രത്തിലെ കഠിനമായ ഗവേഷണ രീതികൾ കടംകൊള്ളാൻ നിർബന്ധിതരായി. ഇത് സാഹിത്യം, ഭാഷാശാസ്ത്രം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ വരുത്തി. സ്ട്രക്ചറലിസം (Structuralism), ക്ലോസ് റീഡിംഗ് തുടങ്ങിയ കർക്കശമായ രീതികൾ സാഹിത്യ പഠനങ്ങളിൽ പ്രയോഗിക്കപ്പെട്ടു. സാഹിത്യ കൃതികളുടെ ചരിത്രപരമോ സാമൂഹികമോ ആയ പശ്ചാത്തലങ്ങൾ അവഗണിക്കപ്പെടുകയും പാഠവിശകലനത്തിന് മാത്രം പ്രാധാന്യം ലഭിക്കുകയുമായിരുന്നു ഇതിന്റെ ഫലം. ശാസ്ത്രീയമായ കൃത്യത കൈവരിക്കാനുള്ള ശ്രമത്തിൽ മാനവിക വിഷയങ്ങളുടെ സ്വാഭാവികമായ വൈവിധ്യം പലപ്പോഴും നഷ്ടപ്പെട്ടു.
ക്രമേണ ഓരോ വിജ്ഞാനവും (Discipline) അതിന്റേതായ രീതിശാസ്ത്രത്തെ ഒരു പ്രതിരോധ കവചമായി ഉപയോഗിക്കാൻ തുടങ്ങി. ഒരു വിഷയത്തിലെ രീതികൾ മറ്റൊരു വിഷയത്തിൽ ഉപയോഗിക്കുന്നത് വിലക്കപ്പെടുകയും അറിവ് കർക്കശമായ അതിരുകൾക്കുള്ളിൽ ഒതുങ്ങുകയും ചെയ്തു. ലഭ്യമായ രീതിശാസ്ത്ര ഉപകരണങ്ങൾ (Toolkit) കൊണ്ട് അളക്കാൻ കഴിയാത്ത ഗവേഷണ ചോദ്യങ്ങളെ ‘അശാസ്ത്രീയം’ , ‘നോൺ റിസർച്ചബിൾ’ എന്ന് മുദ്രകുത്തി തള്ളിക്കളയുന്ന പ്രവണത വ്യാപകമായി. അക്കാദമിക് ജേണലുകളും റിവ്യൂ ബോർഡുകളും നിശ്ചിത മാതൃകയിലുള്ള രീതിശാസ്ത്രം പിന്തുടരാത്ത പ്രബന്ധങ്ങളെ നിരസിക്കാൻ തുടങ്ങിയതോടെ, അക്കാദമിക് ജ്ഞാനോൽപ്പാദനത്തിൽ കർക്കശമായ മാനകീകരണം ഉറപ്പിക്കപ്പെട്ടു.
ആധുനിക ജ്ഞാനാധികാരത്തിന്റെ ഈ ഘട്ടത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ആധുനികാനന്തരത വികസിക്കുന്നത്. ഡിസിപ്ലിനാരിറ്റി അറിവിനെ തരംതിരിക്കാനുള്ള ഉപാധി മാത്രമല്ല, അതൊരു അധികാര രൂപവും സാമൂഹിക നിയന്ത്രണ സംവിധാനവുമാണെന്ന് മിഷേൽ ഫൂക്കോ വാദിച്ചു. അറിവ് കണ്ടെത്തപ്പെടുന്ന ഒന്നല്ല, നിശ്ചിത സ്ഥലകാല നിയന്ത്രണങ്ങൾക്കുള്ളിൽ നിർമ്മിക്കപ്പെടുന്ന ഒന്നാണത്. ഓരോ കാലഘട്ടത്തിലും ചിന്തയെയും ഭാഷയെയും നിയന്ത്രിക്കുന്ന അദൃശ്യ നിയമങ്ങൾ അറിവിന്റെ അതിരുകളെ നിശ്ചയിച്ചു വരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാൻസിലെ ജയിലുകളും ശിക്ഷാസംവിധാനങ്ങളും രൂപപ്പെട്ട അതേ സാമൂഹിക സാഹചര്യങ്ങളിൽ നിന്നുതന്നെയാണ് അക്കാദമിക് ഡിസിപ്ലിനുകളും ഉയർന്നുവന്നത്. ഇത് വ്യക്തികളെ സവിശേഷമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വർഗീകരിക്കുകയും ശ്രേണീകരിക്കുകയും ചെയ്യുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ഒരു ‘സത്യത്തിന്റെ ഭരണകൂടമായി’ (Regime of Truth) സർവകലാശാലകളും ഡിസിപ്ലിനുകളും പ്രവർത്തിക്കുന്നു എന്ന് ഫൂക്കോ നിരീക്ഷിക്കുന്നുണ്ട്.
അറിവിനെ വസ്തുനിഷ്ഠം ആത്മനിഷ്ഠം എന്നൊക്കെ വിരുദ്ധ ദ്വന്ദ്വങ്ങളായി കള്ളിതിരിച്ചിരുന്ന ആധുനികതയുടെ രീതി പോസ്റ്റ് മെത്തേഡ് ഘട്ടത്തിൽ ചോദ്യം ചെയ്യപ്പെട്ടു. അറിവ് കേവലം യുക്തിഭദ്രമായ ഒന്നല്ലെന്നും അതിൽ ഭാവനയ്ക്കും ആത്മനിഷ്ഠതയ്ക്കും സ്ഥാനമുണ്ടെന്നുമുള്ള തിരിച്ചറിവ് ഗവേഷണകാഴ്ചപ്പാടുകളെ അഴിച്ചുപണിതു. ഇതോടൊപ്പം വിമർശാത്മക സിദ്ധാന്തങ്ങളുടെയും (Critical Theory) നവസംസ്കാര പഠനങ്ങളുടെയും കടന്നുവരവ് പഴയ രീതിശാസ്ത്രങ്ങളെ അടിമുടി മാറ്റിമറിച്ചു. സിദ്ധാന്തങ്ങൾ കേവലം വിശകലന ഉപാധികളല്ലാതെ, ഗവേഷണത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങളെ പുനർനിർവചിക്കുന്ന ഒന്നായി മാറി.
അധികാരബന്ധങ്ങളാൽ നിർമ്മിക്കപ്പെടുന്ന ഒന്നാണ് ‘സത്യം’ എന്ന സങ്കല്പനം. സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും അംഗീകരിക്കുന്ന രീതിശാസ്ത്രത്തിലൂടെ ലഭിക്കുന്ന വിവരങ്ങളെ മാത്രമേ ‘സത്യം’ അഥവാ ‘ശാസ്ത്രം’ ആയി പരിഗണിക്കപ്പെടുന്നുള്ളൂ. അംഗീകൃത രീതിശാസ്ത്രം പാലിക്കാത്ത അറിവുകളെ ‘അശാസ്ത്രീയം’ എന്ന് മുദ്രകുത്തി അയോഗ്യമാക്കാനും അസാധുവാക്കാനും ഡിസിപ്ലിനുകൾക്ക് അധികാരമുണ്ട്. എന്ത് പറയണം, എങ്ങനെ പറയണം എന്ന് തീരുമാനിക്കുന്നത് മെത്തഡോളജിയാണ്. ഗവേഷണ രീതിശാസ്ത്രം വസ്തുനിഷ്ഠതയുടെ മറ ഉപയോഗിച്ച് രാഷ്ട്രീയമോ സാമൂഹികമോ ആയ താൽപ്പര്യങ്ങളെ മറച്ചുപിടിക്കാനും വിമർശനങ്ങളിൽ നിന്ന് ഗവേഷകനെ സംരക്ഷിക്കാനും സഹായിക്കുന്നു എന്ന വിമർശനം ഉന്നയിക്കപ്പെട്ടു.
യൂണിവേഴ്സിറ്റികളും കർക്കശമായ ഗവേഷണ രീതിശാസ്ത്രവും ചേർന്ന് ‘ന്യൂ ക്ലാസ്’ എന്നറിയപ്പെടുന്ന ഒരു വിദഗ്ധ വർഗ്ഗത്തെ സൃഷ്ടിച്ചിരിക്കുന്നു. കൃത്യമായ മെത്തഡോളജി പഠിച്ച് സർവകലാശാലാ ബിരുദങ്ങൾ നേടിയവർക്ക് മാത്രമേ ‘സത്യം’ അല്ലെങ്കിൽ ശാസ്ത്രം’ പറയാൻ അവകാശമുള്ളൂ എന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടു. ഇതിലൂടെ സാധാരണക്കാരുടെ അറിവുകൾക്ക് അക്കാദമിക് സാധുത നഷ്ടപ്പെടുന്നു. ഈ വിദഗ്ധ വർഗ്ഗം തങ്ങളുടെ അറിവു മൂലധനത്തെ അധികാരസ്ഥാനങ്ങളിൽ എത്താനും സാമ്പത്തിക നേട്ടങ്ങൾക്കുമായി വിനിയോഗിക്കുന്നു., ‘ഡിസിപ്ലിൻ’ എന്ന വാക്ക് സൂചിപ്പിക്കുന്നതുപോലെ തന്നെ, വിജ്ഞാനശാഖകൾ എന്നത് അറിവ് ഉൽപ്പാദിപ്പിക്കുക എന്നതിലുപരി സമൂഹത്തെ അച്ചടക്കത്തിലേക്കും നിയന്ത്രണത്തിലേക്കും നയിക്കാനുള്ള ഉപകരണങ്ങൾകൂടിയായിത്തീരുന്നു.
1970-കളുടെ പകുതിയോടെത്തന്നെ ആഗോളതലത്തിൽ വിദഗ്ധരുടെ ജ്ഞാനാധികാരവും അക്കാദമിക് സ്ഥാപനങ്ങളുടെ വിശ്വാസ്യതയും കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. നവലിബറൽ നയങ്ങളുടെ ഉദയവും കെയ്‌നേഷ്യൻ സാമ്പത്തിക മാതൃകകളുടെ പരാജയവും ഇതിന് പശ്ചാത്തലമൊരുക്കി. അക്കാദമിക് വിദഗ്ധർ പൊതുനന്മയെക്കാൾ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഗിൽഡുകളായി മാറുന്നു എന്ന വിമർശനം ശക്തമായി. ഇത് അറിവിന്റെ ഉൽപ്പാദനത്തിൽ സർവകലാശാലകൾക്ക് ഉണ്ടായിരുന്ന പരമാധികാരത്തിന് ഇടിവുണ്ടാക്കുകയും, ഗവേഷണം കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടണമെന്ന ആവശ്യം ഉയർത്തുകയും ചെയ്തു. പണ്ഡിത പ്രതിസന്ധി (Crisis of Expertise) എന്നറിയപ്പെടുന്ന ഈ ഘട്ടം ഗവേഷണത്തിന്റെ രീതിശാസ്ത്രത്തിലും പ്രായോഗികതയിലും വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു.
ഡിജിറ്റൽ സാങ്കേതികവിദ്യ ഒരു പുതിയ അത്ഭുതമല്ലാതാവുകയും അത് നമ്മുടെ ഭൗതിക യാഥാർത്ഥ്യങ്ങളുമായി പൂർണ്ണമായും ലയിച്ചുചേരുകയും ചെയ്ത 2010-ന് ശേഷമുള്ള കാലഘട്ടം ‘പോസ്റ്റ് ഡിജിറ്റൽ’ യുഗം എന്നാണ് അറിയപ്പെടുന്നത്. ഡിജിറ്റൽ ഒണ്ടോളജി, പോസ്റ്റ് ഹ്യൂമനിസം തുടങ്ങിയ സങ്കൽപ്പങ്ങൾ പ്രബലമായ കാലം. അഡ്വാൻസ്ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, ജനറ്റിക് എഞ്ചിനീയറിങ്ങ് എന്നിവയിലൂടെ മനുഷ്യനും യന്ത്രവും തമ്മിലുള്ള അതിർവരമ്പുകൾ മായുകയും ഒരു പുതിയ ‘ഹൈബ്രിഡിറ്റി’ അനുഭവതലത്തിലും സ്വത്വസങ്കല്പത്തിലും രൂപപ്പെട്ടു. ഇത് ആധികാരികതയെയും വ്യക്തിത്വത്തെയും കുറിച്ചുള്ള പഴയ കാഴ്ചപ്പാടുകളെ പുനർനിർണയിച്ചു. ഈ സാങ്കേതിക പരിസരത്ത് മാനവികതയെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് പുതുതായി രൂപം കൊണ്ട ‘ഡിജിറ്റൽ ഹ്യൂമനിസം’ ലക്ഷ്യം വെക്കുന്നത്. പഴയ ഹ്യൂമനിസ്റ്റ് മാനിഫെസ്റ്റോ പുതുകാലത്തിനായി അഴിച്ചുപണിയപ്പെട്ടു. അച്ചടിപ്പാഠങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള രീതികൾ കൊണ്ട് സങ്കീർണ്ണമായ ഡിജിറ്റൽ സംസ്കാരത്തെ പഠിക്കാൻ കഴിയില്ലെന്ന സാഹചര്യമാണ് ‘ഡിജിറ്റൽ ഹ്യൂമാനിറ്റീസ്’ പോലുള്ള പുതിയ ജ്ഞാനപദ്ധതികൾക്ക് രൂപം നൽകിയത്..
ഈ പോസ്റ്റ്-ഡിജിറ്റൽ ഘട്ടത്തിൽ ഗവേഷണ രീതിശാസ്ത്രവും വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യ ഗവേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും സ്വാഭാവികമായി അന്തർലീനമാവുന്ന ‘ഡിജിറ്റൽ മുണ്ടാനിറ്റി’ (Digital Mundanity) എന്ന അവസ്ഥ നിലവിൽ വന്നു. ലൈബ്രറികൾക്കും ആർക്കൈവുകൾക്കും പുറമെ സോഷ്യൽ മീഡിയ, ഡിജിറ്റൽ മാപ്പുകൾ, മീമുകൾ (Memes) എന്നിവ ഗവേഷണത്തിനുള്ള വലിയ വിവരശേഖരങ്ങളായി മാറി.ലോകം ബിഗ് ഡാറ്റയായിത്തീര്)ന്നു. ഇതിലൂടെ സാങ്കേതികവിദ്യയും മാനവിക വിഷയങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതാകുകയും ‘ഡിജിറ്റൽ ഹ്യൂമാനിറ്റീസ്’ പോലുള്ള പുതിയ പഠനമേഖലകൾ സജീവമാവുകയും ചെയ്തു. വിവരങ്ങൾ ശേഖരിക്കാൻ വർഷങ്ങൾ കാത്തിരിക്കുന്നതിന് പകരം അൽഗോരിതങ്ങൾ ഉപയോഗിച്ച് തൽസമയ ഗവേഷണം നടത്താൻ ഇന്ന് സാധ്യമാണ്. ഇന്ന്, ഓട്ടോമേഷൻ ഡാറ്റ ക്ലീനിംഗ് മുതൽ വിഷ്വലൈസേഷൻ വരെ തത്സമയം കൈകാര്യം ചെയ്യുന്നു.ഡാറ്റാസെറ്റുകൾ ക്രമാതീതമായി വളർന്നതോടെ മാനുവൽ വിശകലനം അസാധ്യമായി മാറി. മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾക്ക് ഇപ്പോൾ മനുഷ്യർക്ക് കണ്ടെത്താനാവാത്ത സൂക്ഷ്മമായ പാറ്റേണുകൾ വരെ കണ്ടെത്താനാകും.
അതോടൊപ്പം വൈജ്ഞാനികമണ്ഡലം സോഷ്യൽ മീഡിയായിലൂടെ ജനാധിപത്യവത്കരിക്കുന്ന ഒരു പ്രക്രിയയും സം)ഭവിക്കുന്നുണ്ട്. അക്കാദമിക് സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും മാത്രം നിയന്ത്രണത്തിലായിരുന്ന അറിവ് നിർമ്മാണം വിക്കിപീഡിയയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വഴി ഇന്ന് ജനകീയമായിരിക്കുന്നു. ഭാഷാപരമായ ഹൈബ്രിഡൈസേഷനിലൂടെ ‘സ്ലാംഗ്വേജുകളും’ ആഗോള പിജിൻ ഭാഷകളും രൂപപ്പെട്ടു. ശാസ്ത്രീയഭാഷയുടെ കലക്കത്തിന് ഇത് വഴിതീർത്തു.
വാതിലടച്ചുകിടക്കുന്ന സാമ്പ്രദായിക അക്കാദമിക് ഡിസിപ്ലിനുകൾക്ക് പകരം വിവിധ മേഖലകളിലെ വിദഗ്ധർ സഹകരിച്ച് അറിവ് ഉൽപ്പാദിപ്പിക്കുന്ന ‘മോഡ് 2’ അഥവാ പോസ്റ്റ്-അക്കാദമിക് സയൻസ് എന്ന രീതിയിലേക്ക് ഗവേഷണം വികസിച്ചു. വിജ്ഞാനശാഖകളുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ടുള്ള ഈ ക്രോസ്-ഡിസിപ്ലിനറി സമീപനം അറിവിനെ കൂടുതൽ പ്രായോഗികവും സാമൂഹികാധിഷ്ഠിതവുമാക്കി മാറ്റി
എങ്കിലും, ഈ കാലഘട്ടം വലിയ ധാർമ്മിക ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഡാറ്റാ പ്രൈവസി, സുതാര്യത, അൽഗോരിതങ്ങളുടെ പക്ഷപാതം തുടങ്ങിയവ ഇതിൽ പ്രധാനമാണ്. നിരീക്ഷണം വെറും ഡാറ്റാ ശേഖരണത്തിൽ നിന്ന് പ്രവചന വിശകലനത്തിലേക്ക് മാറുമ്പോൾ വ്യക്തിസ്വാതന്ത്ര്യവും പ്രൈവസിയും ഭീഷണിയുടെ നിഴലിലാകുന്നു. ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസുകൾ പോലുള്ള സാങ്കേതികവിദ്യകൾ മനുഷ്യന്റെ അസ്തിത്വത്തെയും ‘ഡിജിറ്റൽ അനശ്വരത’യെയും കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ന്യൂറാലിങ്ക്സിന്റെ പരീക്ഷണങ്ങൾ മനുഷ്യൻ എന്ന സത്തയെത്തന്നെ പ്രശ്ന വത്കരിക്കുന്ന ഘട്ടത്തെ ഭാവനയിൽനിന്ന് യാഥാർത്ഥ്യമാക്കി. മനുഷ്യരാശിയും ജ്ഞാന ചരിത്രവും അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.
ഗവേഷണത്തിലെ രീതിശാസ്ത്രാനന്തരഘട്ടത്തിന്റെ ചരിത്ര സന്ദർഭം ഇതാണ്.
ഈ ഘട്ടത്തിന്റെ രീതിശാസ്തസമീപനമെന്താണ്? പൂർവ നിർണീതരീതിശാസ്ത്ര നിരാസത്തെയും മെത്തഡോളജിക്കൽ പ്രിസ്ക്രിപ്റ്റിവിസത്തയും തള്ളിക്കളയുന്നു എന്നതാണ് പ്രഥമ സവിശേഷത. മുൻകൂട്ടി നിശ്ചയിച്ച കർക്കശമായ നിയമങ്ങൾക്കുള്ളിലേക്ക് ഡാറ്റയെ ചുരുക്കുന്നതിന് പകരം, ഗവേഷണ വിഷയത്തിന്റെ സ്വഭാവത്തിനനുസരിച്ച് രീതികൾ രൂപപ്പെടുത്തുന്നതാണ് ‘രീതിശാസ്ത്രാനന്തര’ (Post-Method) സമീപനം എന്നു പറയാം. ഡാറ്റകൾ സ്വയം സംസാരിക്കട്ടെ എന്നാണ് പുതുനിലപാട്. കേവല സൈദ്ധാന്തിക വ്യാഖ്യാനങ്ങളിൽ നിന്ന് മാറി അനുഭവസിദ്ധമായ തെളിവുകൾക്ക് (Empirical data) പ്രാധാന്യം നൽകുന്ന ഡാറ്റാ അധിഷ്ഠിത ഗവേഷണ രീതിയാണിന്ന് നിലവിലുള്ളത്. ഇവിടെ രീതിശാസ്ത്രമല്ല ഗവേഷകനെ നയിക്കുന്നത്, മറിച്ച് ഗവേഷകൻ രീതിശാസ്ത്രത്തെ നയിക്കുന്നു. ഈ ഘട്ടത്തിൽ ഗവേഷകൻ ഒരു ‘കർത്താവ്’ (Agency) ആയി മാറുകയും തന്റെ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ സ്വയം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഗവേഷണ പ്രക്രിയ തുടങ്ങുന്നത് ഗവേഷകൻ അഭിമുഖീകരിക്കുന്ന പ്രശ്നത്തിൽ നിന്നോ വിഷയത്തിൽ നിന്നോ ആണ്. ഒരു നിശ്ചിത രീതിശാസ്ത്രത്തിൽ നിന്നല്ല, എങ്ങനെ’ എന്നതിൽ നിന്ന് ‘എന്തിന്’ എന്നതിലേക്കുള്ളല ഷിഫ്റ്റാണത്.
വർഷങ്ങളായി പിന്തുടരുന്ന അക്കാദമിക് ശീലങ്ങളെ (Habitus) ചോദ്യം ചെയ്തുകൊണ്ട്, പല വിജ്ഞാനശാഖകളിലെ സിദ്ധാന്തങ്ങളെ കൂട്ടിയിണക്കി ഒരു ഹൈബ്രിഡ് മാതൃക നിർമ്മിക്കുന്ന ‘ബ്രിക്ലോലാഷ്’ (Bricolage) രീതി ഇതിന്റെ സവിശേഷതയാണ്. ഗവേഷണം മുൻകൂട്ടി നിശ്ചയിച്ച കർക്കശമായ നിയമങ്ങൾ പിന്തുടരുന്ന ഒരു നേർരേഖയിലൂടെയല്ല, മറിച്ച് മാറ്റങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ‘ഫ്ലൂയിഡ്’ ആയ പ്രക്രിയയിലൂടെയാണ് പഠനം നടക്കുന്നത്. പഠനം പുരോഗമിക്കുന്നതിനനുസരിച്ച് രീതിശാസ്ത്രത്തിൽ മാറ്റങ്ങൾ വരുത്തുന്നു, ഗവേഷണം നേർരേഖയിലുള്ള. അത് ‘റൈസോമാറ്റിക്’ (Rhizomatic) രീതിയിൽ, അനിശ്ചിതത്വങ്ങളും സങ്കീർണ്ണതകളും നിറഞ്ഞ, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന (Becoming) ഒന്നായി ഈ രീതിശാസ്ത്രം കാണുന്നു.
പോസ്റ്റ്-ഡിജിറ്റൽ കാലത്തെ ഗവേഷണം കൂടുതൽ സമഗ്രമായ രീതികളാണ് പിന്തുടരുന്നത്. ക്വാണ്ടിറ്റേറ്റീവ് ക്വാളിറ്റേറ്റീവ് രീതികളെ ഒരേപോലെ കൂട്ടിയിണക്കുന്ന ‘മിക്സഡ് മെത്തേഡ്സ് റിസർച്ച്’ ഇന്ന് സാർവ്വത്രികമാണ്. സ്ഥിതിവിവരക്കണക്കുകൾക്കൊപ്പം തന്നെ ആഖ്യാനപരമായ വിശകലനങ്ങളും ഉൾപ്പെടുത്തുന്നതിലൂടെ വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ച സാധ്യമാകുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ ഗവേഷണത്തിന്റെ അവിഭാജ്യ ഘടകമായി മാറിയതോടെ ‘ഡിജിറ്റൽ ഹ്യൂമാനിറ്റീസ്’ എന്ന പുതിയ മേഖല സജീവമായി. ടെക്സ്റ്റ് മൈനിംഗ്, കമ്പ്യൂട്ടേഷണൽ അനാലിസിസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ വലിയ ഡാറ്റാ സെറ്റുകളിൽ നിന്ന് സങ്കീർണ്ണമായ പാറ്റേണുകൾ കണ്ടെത്താനായി. സാഹിത്യം, ചരിത്രം, സോഷ്യോളജി തുടങ്ങിയ വിവിധ മേഖലകൾ തമ്മിലുള്ള അന്തർ വൈജ്ഞാനിക (Interdisciplinary) സഹകരണം ഗവേഷണത്തെ ഇന്ന് കൂടുതൽ വൈവിധ്യപൂർണ്ണമാക്കുന്നു. ജ്ഞാന നിർമ്മിതി, പ്രശ്നപരിഹാരത്തിൽ ഒടുങ്ങുന്നതല്ല അനിശ്ചിതത്വങ്ങളെ അംഗീകരിക്കുന്നതാണ്.
അക്കാദമിക് ലോകത്തെ അടഞ്ഞ വാതിലുകൾക്ക് പുറത്തേക്ക് ഗവേഷണം വ്യാപിക്കുന്ന കാഴ്ചയാണ് വർത്തമാനകാലത്തുള്ളത്. കമ്മ്യൂണിറ്റി അധിഷ്ഠിത പങ്കാളിത്ത ഗവേഷണത്തിലൂടെ (Participatory Research) പഠനവിധേയമാകുന്ന ജനവിഭാഗങ്ങളെ കൂടി പ്രക്രിയയുടെ ഭാഗമാക്കുന്നു. ഇത് ഗവേഷണം കൂടുതൽ ധാർമ്മികവും ജനകീയവുമാക്കിത്തീർക്കാം. ഓപ്പൺ സയൻസ് (Open Science), ഓപ്പൺ ആക്സസ് (Open Access) തുടങ്ങിയ നയങ്ങളിലൂടെ ശേഖരിച്ച വിവരങ്ങളും പ്രബന്ധങ്ങളും എല്ലാവർക്കും ലഭ്യമാക്കുന്നു.
ഭാഗം രണ്ട്
ഗവേഷണരീതിശാസ്ത്രത്തിന്റെ അടിക്കല്ല് അതിന്റെ ശാസ്ത്രീയതയായിരുന്നു. ആവർത്തിതപരിശോധനയിലൂടെയാണ് അതിന്റെ യുക്തിപൂർണതയും വസ്തുനിഷ്ഠതയും ഉറപ്പിക്കപ്പെട്ടിരുന്നത്. എല്ലാ ശാസ്ത്രീയ പരികല്പനകളുടെയും അടിസ്ഥാനവും അതായിരുന്നു. ശാസ്ത്രീയ കണ്ടെത്തലുകൾ വിശ്വസനീയമാണെന്നും അവ സ്വതന്ത്രമായി പരിശോധിച്ചുറപ്പിക്കാൻ കഴിയുമെന്നും ഉറപ്പാക്കേണ്ടത് ശാസ്ത്രീയ രീതിയുടെ (scientific method) അടിസ്ഥാനമാണ് എന്നാൽ പോസ്റ്റ് മെത്തേഡ് ഘട്ടത്തിൽ ഈ വിശ്വാസ്യത തന്നെ തകർക്കപ്പെട്ടു. ഗവേഷണ രീതിശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായിരുന്നു ഇത്. 2010-കളിലാണ് ഈ പ്രശ്നം രൂപപ്പെട്ടത്. മനശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹിക ശാസ്ത്രങ്ങൾ എന്നീ ജ്ഞാനമേഖലകളിൽ പ്രസിദ്ധീകരിച്ച പല മുൻനിര ഗവേഷണ ഫലങ്ങളും പിൽക്കാലത്ത് ആവർത്തന പരീക്ഷണത്തിനു വിധേയമാക്കിയപ്പോൾ (Replicate) അതേ ഫലം ലഭിക്കാതെ വന്നത് അക്കാദമിക ലോകത്ത് വലിയ കോളിളക്കമുണ്ടാക്കി. ‘റെപ്ലിക്കേഷൻ ക്രൈസിസ്’ (Replication Crisis) അഥവാ പുനരുൽപ്പാദന പ്രതിസന്ധി എന്നറിയപ്പെടുന്ന ഈ അവസ്ഥ ശാസ്ത്രീയ ഗവേഷണങ്ങളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്തു.
ശാസ്ത്രീയ പരീക്ഷണങ്ങളുടെ ഫലങ്ങൾ പിൽക്കാലത്ത് മറ്റ് ഗവേഷകർ ആവർത്തിച്ച് പരീക്ഷിക്കുമ്പോൾ (replicate) അതേ ഫലങ്ങൾ ലഭിക്കാതെ വരുന്ന ഗുരുതരമായ അവസ്ഥയാണ് ‘റെപ്ലിക്കേഷൻ ക്രൈസിസ്’ (Replication Crisis) അഥവാ ‘റീപ്രൊഡ്യൂസിബിലിറ്റി ക്രൈസിസ്’ (Reproducibility Crisis) എന്ന് വിളിക്കപ്പെടുന്നത്. ഈ പ്രതിസന്ധിയെ ശാസ്ത്രലോകം നേരിടുന്ന ഒരു ‘അസ്തിത്വ പ്രതിസന്ധി എന്ന നിലയ്ക്കാണ് നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ ഗവേഷകനായ ലാറി ഹെഡ്ജസ് വിശേഷിപ്പിക്കുന്നത്
2005-ൽ സ്റ്റാൻഫോർഡ് മെഡിക്കൽ ഗവേഷകനായ ജോൺ ഇയോന്നിഡിസ് ഈ പ്രതിസന്ധിയെക്കുറിച്ച് രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു.. എന്നാൽ 2011-ൽ കോർണൽ സൈക്കോളജിസ്റ്റായ ഡാരിൽ ബെം, മനുഷ്യർക്ക് ഭാവി പ്രവചിക്കാൻ കഴിയും (ESP – extrasensory perception) എന്ന് അവകാശപ്പെടുന്ന വിവാദപരമായ ഒരു പഠനം പ്രസിദ്ധീകരിച്ചതോടെയാണ് ഇത് ശാസ്ത്രലോകത്ത് വലിയ ചർച്ചയായതും ‘റെപ്ലിക്കേഷൻ ക്രൈസിസ്’ എന്ന പേരിലേക്ക് ഈ പ്രതിസന്ധി മാറിയതും. തുടർന്ന് 2015-ൽ ‘സയൻസ്’മാഗസിനിൽ ഒരു സുപ്രധാന ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. സൈക്കോളജിയിലെ പ്രമുഖ ജേണലുകളിൽ വന്ന നൂറോളം പഠനങ്ങൾ ആവർത്തിച്ചു പരീക്ഷിച്ചപ്പോൾ അതിൽ മൂന്നിൽ രണ്ട് ഭാഗവും യഥാർത്ഥ ഫലങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും, കേവലം നാല്പതു ശതമാനം പഠനങ്ങൾ മാത്രമേ വിജയകരമായി ആവർത്തിക്കാൻ കഴിഞ്ഞുള്ളൂവെന്നും ആ ലേഖനം വെളിപ്പെടുത്തി
മിക്ക ശാസ്ത്ര ശാഖകളെയും ഇത് ബാധിക്കുന്നുണ്ടെങ്കിലും, സാമൂഹിക ശാസ്ത്ര മേഖലകളിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്.ഇതിലടങ്ങിയ ‘റീപ്രൊഡ്യൂസിബിലിറ്റി’, ‘റെപ്ലിക്കബിലിറ്റി’ എന്നീ രണ്ട് ആശയങ്ങളെ ശാസ്ത്രജ്ഞർ വേർതിരിച്ചു കാണുന്നുണ്ട്. ഒരു ഗവേഷകൻ മുൻപ് നൽകിയ ഡാറ്റ ഉപയോഗിച്ച് മറ്റൊരാൾ വിശകലനം ചെയ്യുമ്പോൾ അതേ ഫലം ലഭിക്കുന്നതിനെ ‘റീപ്രൊഡ്യൂസിബിലിറ്റി’ എന്നും, പുതിയ ഡാറ്റ ശേഖരിച്ച് അതേ പരീക്ഷണം ആവർത്തിക്കുമ്പോൾ സമാന ഫലം ലഭിക്കുന്നതിനെ ‘റെപ്ലിക്കബിലിറ്റി’ എന്നും വിളിക്കുന്നു. ഇതിൽ റീപ്രൊഡ്യൂസിബിലിറ്റി സാധ്യമാണെങ്കിലും, റെപ്ലിക്കബിലിറ്റി കൈവരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് നിഗമനം.
റെപ്ലിക്കേഷൻ ക്രൈസിസിന് കാരണമായി പല ഘടകങ്ങളെയും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്: തങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കുന്നതിനായി ഡാറ്റയിൽ കൃത്രിമം കാണിക്കുക (p-hacking), ഫലങ്ങൾ ലഭിച്ചതിന് ശേഷം അതിനനുസരിച്ച് പരികല്പനകൾ ഉണ്ടാക്കുക (HARKing), തങ്ങളുടെ താല്പര്യങ്ങൾക്ക് അനുസൃതമായ ഫലങ്ങൾ മാത്രം തിരഞ്ഞെടുക്കുക (cherry-picking), മുൻവിധികൾക്കനുസരിച്ച് ഡാറ്റയെ വ്യാഖ്യാനിക്കുക (confirmation bias) എന്നിവ ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. സാമ്പ്ലിങ്ങ് മെത്തേഡിലും പ്രശ്നങ്ങളുണ്ട്. വളരെ ചെറിയ സാമ്പിളുകൾ (small sample sizes) ഉപയോഗിച്ച് പരീക്ഷണം നടത്തുകയും അതിൽ നിന്നുള്ള ഫലങ്ങളെ വലിയൊരു സമൂഹത്തിലേക്ക് സാമാന്യവൽക്കരിക്കുകയും ചെയ്യുന്നത് തെറ്റായ നിഗമനങ്ങളിലേക്ക് നയിക്കുന്നു. തെറ്റായ സ്റ്റാറ്റിസ്റ്റിക്കൽ രീതികൾ അവലംബിക്കുന്നതും മറ്റൊരു കാരണമാണ്. അക്കാദമിക മേഖലയിലെ “പബ്ലിഷ് ഓർ പെരിഷ്” എന്ന സംസ്കാരം ഗുണനിലവാരത്തേക്കാൾ ഗവേഷണങ്ങളുടെ എണ്ണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. പുതിയതും അനുകൂലവുമായ ഫലങ്ങൾ മാത്രം പ്രസിദ്ധീകരിക്കാൻ ജേണലുകൾ കാണിക്കുന്ന താല്പര്യം, നെഗറ്റീവ് ഫലങ്ങളെയും മറ്റൊരാൾ ആവർത്തിച്ചു ചെയ്ത റിപ്ലിക്കേഷൻ പഠനങ്ങളെയും തഴയുന്നതിന് കാരണമാകുന്നു. പല ഗവേഷകരും തങ്ങളുടെ പഠനങ്ങളുടെ ഡാറ്റയും വിശകലന രീതികളും പരസ്യമാക്കാൻ തയ്യാറാകാത്തത് മറ്റ് ഗവേഷകർക്ക് ആ പഠനം പരിശോധിച്ചുറപ്പിക്കുന്നതിന് വലിയ തടസ്സമാകുന്നു എന്ന വലിയ പ്രശ്നവും നിലനിൽക്കുന്നുണ്ട്.
ഈ പ്രതിസന്ധി മറികടക്കാൻ ശാസ്ത്രലോകം നിരവധി മാർഗ്ഗങ്ങൾ മുൻപോട്ടുവെക്കുന്നുണ്ട്:. ഓപ്പണ് സയൻസിന്റെ പ്രസക്തിയും അവിടെയാണ് . ഗവേഷണ മേഖലയിൽ സുതാര്യത (transparency), സഹകരണം (collaboration), ഉത്തരവാദിത്തം (accountability) എന്നിവ പ്രോത്സാഹിപ്പിക്കുകയും അതുവഴി ശാസ്ത്രീയ പഠനങ്ങളിലെ വിശ്വാസ്യത വീണ്ടെടുക്കുകയുമാണ് ‘ഓപ്പൺ സയൻസ്’ (Open Science) പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം. ശാസ്ത്രലോകം നേരിടുന്ന ‘റെപ്ലിക്കേഷൻ ക്രൈസിസ്’ (Replication Crisis) പോലെയുള്ള ഗുരുതരമായ പ്രതിസന്ധികൾ മറികടക്കാനുള്ള ഏറ്റവും മികച്ച പരിഹാരമായാണ് ഓപ്പൺ സയൻസിനെ കണക്കാക്കുന്നത്.
ഗവേഷണ ഡാറ്റ, പഠന സാമഗ്രികൾ, വിശകലന കോഡുകൾ എന്നിവ പൂർണ്ണമായും സുതാര്യമാക്കി എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഒരു പ്രധാന പരിഹാരമായി ഓപ്പൺ സയൻസ് മുന്നോട്ടുവെക്കുന്നത്. പ്രീപ്രിന്റുകളിലൂടെ (preprints) പിയർ റിവ്യൂവിന് (peer review) മുൻപ് തന്നെ കണ്ടെത്തലുകൾ പങ്കുവെക്കുന്നതും, ഓപ്പൺ ആക്സസ് ജേണലുകൾ ഉപയോഗിക്കുന്നതും പരീക്ഷണങ്ങളിലെ സുതാര്യത വർദ്ധിപ്പിക്കുന്നു. ഡാറ്റ ശേഖരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഗവേഷകർ തങ്ങളുടെ പഠന രീതികളും മുൻഗണനകളും പൊതുവായി മുൻകൂട്ടി രേഖപ്പെടുത്തുന്ന രീതി വ്യാപകമാക്കണം എന്നതാണ് മറ്റൊരു നിർദേശം. . ഇത് ഫലങ്ങൾക്കനുസരിച്ച് ഡാറ്റയിൽ കൃത്രിമം കാണിക്കുന്ന പ്രവണതകൾ തടയാൻ സഹായിക്കും
ഒരു പരീക്ഷണം കേവലം ഒന്നുകൂടി ആവർത്തിക്കുന്നതിന് പകരം, ‘എൻസെംബിൾസ് ഓഫ് സ്റ്റഡീസ്’ (ensembles of studies), മെറ്റാ-അനാലിസിസ് (meta-analysis) എന്നിവ പോലുള്ള മികച്ച സ്റ്റാറ്റിസ്റ്റിക്കൽ ഡിസൈനുകൾ ഉപയോഗിക്കുന്ന രീതിയും നിർദേശിക്കപ്പെടുന്നു.. പഠനങ്ങളിൽ വലിയ സാമ്പിളുകൾ ഉൾപ്പെടുത്തുകയാണ് മറ്റൊരു വഴി. ഈ മേഖലയിൽ പല ശ്രമങ്ങളും ഉണ്ടായിവരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒരു ശാസ്ത്രീയ പ്രബന്ധത്തിലെ ആശയങ്ങൾ വിശകലനം ചെയ്ത് അതിന്റെ ആവർത്തനക്ഷമത മുൻകൂട്ടി പ്രവചിക്കാൻ ഗവേഷകനായ ബ്രയാൻ ഉസ്സി വികസിപ്പിച്ചെടുത്ത മോഡലുകൾ ഉദാഹരണം.
സർവ്വകലാശാലകളും ഫണ്ടിംഗ് ഏജൻസികളും പ്രസാധകരും ഗവേഷണങ്ങളുടെ എണ്ണത്തിനും പുതുമയ്ക്കും പകരം അവയുടെ ഗുണനിലവാരത്തിനും ശാസ്ത്രീയമായ കൃത്യതയ്ക്കും മൗലിക ഗവേഷണത്തിനും മുൻഗണന നൽകുന്ന സമീപനം വികസിപ്പിക്കുകയാണ് പ്രധാന കാര്യം. അതോടൊപ്പം ഒന്നിലധികം ഗവേഷകർ ഒത്തുചേർന്നുള്ള മൾട്ടിസൈറ്റ് പഠനങ്ങളും (multisite collaborative studies), ക്രൗഡ് സോഴ്സിങ്ങും പ്രോത്സാഹിപ്പിക്കപ്പെടണം
ഭാഗം മൂന്ന്
ആഗോളതലത്തിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്രഗവേഷണ മേഖല നേരിടുന്ന വലിയ സമകാലികപ്രതിസന്ധികളിലൊന്നാണ് ഗവേഷണപ്രസാധനമേഖലയിലെ കുത്തകവൽക്കരണം. 1665-ൽ ശാസ്ത്രീയ അറിവുകൾ കൈമാറുന്നതിനായി സ്വതന്ത്രമായി നിലകൊണ്ട അക്കാദമിക സൊസൈറ്റികളുടെ നേതൃത്വത്തിൽ ആരംഭിച്ച ഗവേഷണ ജേണലുകൾ ഇന്ന് ലാഭം മാത്രം ലക്ഷ്യമിടുന്ന വൻകിട കമ്പനികളുടെ കൈകളിലാണ് എത്തിനിൽക്കുന്നത്. എൽസെവിയർ (Elsevier), സ്പ്രിംഗർ-നേച്ചർ (Springer-Nature), വൈലി (Wiley), ടെയ്‌ലർ ആൻഡ് ഫ്രാൻസിസ് (Taylor & Francis), അമേരിക്കൻ കെമിക്കൽ സൊസൈറ്റി / സേജ് (Sage) തുടങ്ങിയ അഞ്ച് വൻകിട കമ്പനികളാണ് (Oligopoly) ഇന്ന് ലോകത്തെ പകുതിയിലധികം ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുന്നത്.
ഗവേഷണമേഖലയിലെ സാമ്പത്തിക ചൂഷണം സമാനതകളില്ലാത്തതാണ്. ജ്ഞാമണ്ഡലത്തിന്റെ ഈ കോർപ്പറേറ്റ് വത്കരണം വികസിതരാജ്യങ്ങളും മൂന്നാം ലോകരാജ്യങ്ങളും എന്ന മട്ടിലുള്ള മുൻക്രമങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്,അറിവിന്റെ വ്യാപനത്തെ തടയുകയും എന്ത് അറിവാണ് ഉത്പാദിപ്പിക്കപ്പെടേണ്ടത് എന്ന് നിർണയിക്കുകയും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്ന ജ്ഞാന ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ അധിനിവേശമാണ്.
ഇരട്ട ലാഭം കൊയ്യുന്ന അക്കാദമിക പ്രസിദ്ധീകരണ മേഖലയുടെ സാമ്പത്തികശാസ്ത്രം അത്യന്തം വിചിത്രമാണ്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഭൂരിഭാഗം ഗവേഷണങ്ങളും നടക്കുന്നത്. ഗവേഷകർ തങ്ങളുടെ പ്രബന്ധങ്ങൾ പ്രസാധകർക്ക് സൗജന്യമായി നൽകുന്നു. മിക്ക സയൻസ് ജേർണലുകളിലും വലിയ തുക പ്രസിദ്ധീകരണഫീസായി നൽകേണ്ട സാഹചര്യവുമുണ്ട്. ഇത് ജോയിന്റ് പബ്ലിക്കേഷനുകളിലേക്ക് ഗവേഷകരെ എത്തിക്കുന്നു. പലപ്പോഴും ഫണ്ടിങ്ങ് ഏജൻസികളുടെ ധനസഹായമോ കോണ്ട്രിബ്യൂട്ടർ എന്ന നിലയിൽ സ്പോൺസറെയോ തേടേണ്ട സാഹചര്യം ഇന്ത്യയിലെ മിക്ക ഗവേഷകർക്കുമുണ്ട്. പിയർ റിവ്യൂ നടത്തുന്ന മിക്ക അക്കാദമീഷ്യന്മാരും ഈ സേവനത്തിന് പ്രതിഫലം കിട്ടാത്തവരാണ്. അതായത്, ഈ കച്ചവടത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും ഗുണനിലവാര പരിശോധനയും പ്രസാധകർക്ക് സൗജന്യമായി ലഭിക്കുന്നു. എന്നാൽ ഈ ജ്ഞാനനിർമ്മിതിയുടെ ഫലം ലഭിക്കണമെങ്കിൽ സർവ്വകലാശാലകളും ലൈബ്രറികളും ഗവേഷകരും ഭീമമായ തുക ഈ പ്രസധകർക്ക് സബ്‌സ്‌ക്രിപ്‌ഷൻ ആയി നൽകണം. ആപ്പിൾ, ഗൂഗിൾ തുടങ്ങിയ വൻകിട ടെക് കമ്പനികളോട് കിടപിടിക്കുന്ന തരത്തിൽ 30% മുതൽ 40% വരെയാണ് ഈ പ്രസാധകരുടെ ലാഭവിഹിതം. പ്രതിവർഷം ഏകദേശം 25.7 ബില്യൺ ഡോളറിന്റെ വരുമാനമാണ് അക്കാദമിക പ്രസിദ്ധീകരണ വ്യവസായം ഉണ്ടാക്കുന്നത് എന്നാണ് നാലുവർഷം മുന്നത്തെ കണക്ക്.
പ്രതിവർഷം ഏകദേശം ആറു ശതമാനമെന്ന നിരക്കിൽ വർദ്ധിക്കുന്ന സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ താങ്ങാനാവാതെ ഹാർവാർഡ്), യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ തുടങ്ങിയ ലോകോത്തര സർവ്വകലാശാലകൾ പോലും പല ജേണലുകളുടെയും സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കാൻ നിർബന്ധിതരായിട്ടുണ്ട് ഇതിനെ Serials Crisis എന്നാണ് വിളിക്കുന്നത്. ഇതിനൊരു പരിഹാരമായാണ് ഗവേഷണഅറിവുകൾ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഓപ്പൺ ആക്‌സസ്’ (Open Access – OA) പ്രസ്ഥാനം രൂപപ്പെട്ടത്.
വിവരസാങ്കേതികവിദ്യയുടെ അതിശീഘ്ര വളർച്ചയും ഇന്റർനെറ്റിന്റെ ആഗോള വ്യാപനവും അക്കാദമിക ഗവേഷണ വിവരവിനിമയ രംഗത്ത് ചരിത്രപരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ മാറ്റങ്ങളിൽ രീതിശാസ്ത്രാനന്തരകാലയളവിലെ ഏറ്റവും നിർണ്ണായകവും വിപ്ലവാത്മകവുമായ പ്രസ്ഥാനമാണ് നേരത്തെ പരാമർശിച്ച ‘ഓപ്പൺ ആക്സസ്.. സ്വതന്ത്ര വിജ്ഞാന ലഭ്യത എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണിത് . കോർപ്പറേറ്റ് പ്രസാധന വ്യവസായം അക്കാദമിക ജ്ഞാനമണ്ഡലത്തിനുമേൽ അടിച്ചേൽപ്പിച്ച സാമ്പത്തികവും നിയമപരവുമായ മുള്ളുവേലികൾ തകർത്ത്, ഗവേഷണഫലങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുന്നേറ്റം ആരംഭിച്ചത്.
ഓപ്പൺ ആക്സസ് അഥവാ സ്വതന്ത്ര ജ്ഞാനലഭ്യത കേവലം ലേഖനങ്ങൾ സൗജന്യമായി വായിക്കാൻ അവസരം നൽകുന്ന ഒരു സംവിധാനം മാത്രമല്ല. അക്കാദമിക ഗവേഷണ ഫലങ്ങളും പ്രസിദ്ധീകരണങ്ങളും ഡിജിറ്റൽ രൂപത്തിൽ പകർപ്പവകാശ നിയന്ത്രണങ്ങളിൽ അയവുവരുത്തിക്കൊണ്ട് ഓൺലൈനിലൂടെ വിതരണം ചെയ്യുന്ന വിപുലമായ തത്വങ്ങളുടെയും പ്രായോഗിക രീതികളുടെയുംസംഘാതമാണിത്. പിയർ-റിവ്യൂ ചെയ്യപ്പെട്ട ഗവേഷണ രചനകളെ, യാതൊരുവിധ സാമ്പത്തിക, സാങ്കേതിക, നിയമ തടസ്സങ്ങളുമില്ലാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഓപ്പൺ ആക്സസിന്റെ കാതൽ. നടപ്പു പ്രസിദ്ധീകരണ രീതികളിൽ നിന്ന് വ്യത്യസ്തമായി ഓപ്പൺ ആക്സസ് മാതൃകയിൽ വിവരങ്ങൾ വായിക്കാനും, ഡൗൺലോഡ് ചെയ്യാനും, പകർത്താനും, വിതരണം ചെയ്യാനും, പ്രിന്റ് ചെയ്യാനും, ഡിജിറ്റൽ സൂചികകൾ തയ്യാറാക്കാനും വായനക്കാർക്ക് യാതൊരുവിധ ഫീസും നൽകേണ്ടതില്ല. അറിവ് എന്നത് തികച്ചും ഒരു പൊതുസ്വത്താണെന്ന (Public Good) കാഴ്ചപ്പാടാണ് ഇതിന് പിന്നിലുള്ളത്. സീരിയൽസ് ക്രൈസിസിന്റെ സന്ദർഭത്തിലാണ്’ ഗവേഷകർക്ക് പണച്ചെലവില്ലാതെ അറിവ് വിതരണം ചെയ്യാൻ കഴിയുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ പ്രസക്തി വർദ്ധിച്ചത്.
ഓപ്പൺ ആക്സസ് സംവിധാനത്തിൽ പകർപ്പവകാശ സംബന്ധമായ തടസ്സങ്ങൾ കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുന്നതിനായി സാധാരണയായി ‘സ്വതന്ത്ര ലൈസൻസുകളാമ്’ (Open Licenses) ഉപയോഗിക്കുന്നത്. ക്രിയേറ്റീവ് കോമൺസ് (Creative Commons – CC) ലൈസൻസുകൾ പോലെയുള്ള നിയമപരമായ സംവിധാനങ്ങളാണ് ഇതിനു സഹായിക്കുന്നത്.ക്രി യേറ്റീവ് കോമൺസ് ലൈസൻസുകൾ ഉപയോഗിക്കുന്നതിലൂടെ, യഥാർത്ഥ രചയിതാവിന് കൃത്യമായ കടപ്പാട് (Attribution) നൽകിക്കൊണ്ട് ആർക്കും ആ പ്രബന്ധം ഉപയോഗിക്കാനും, അതിൽ മാറ്റങ്ങൾ വരുത്താനും, മറ്റ് ഗവേഷണങ്ങൾക്കായി പുനരുപയോഗിക്കാനും നിയമപരമായ അവകാശം ലഭിക്കുന്നു. ഉദാഹരണത്തിന്, CC BY (Attribution) ലൈസൻസ് പ്രകാരം പ്രസിദ്ധീകരിക്കുന്ന ഒരു ലേഖനം വാണിജ്യാവശ്യങ്ങൾക്ക് ഉൾപ്പെടെ ആർക്കും പുനരുപയോഗിക്കാം. അതേസമയം CC BY-NC (Non-Commercial) ലൈസൻസ് വാണിജ്യേതര ആവശ്യങ്ങൾക്ക് മാത്രമുള്ള ഉപയോഗം ഉറപ്പുവരുത്തുന്നു. ഇത്തരം ലൈസൻസുകൾ വഴി ഗ്രന്ഥകർത്താക്കൾക്ക് തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം (Intellectual Property Right) നിലനിർത്താനും അതേസമയം അറിവിന്റെ സ്വതന്ത്രമായ വിതരണം ഉറപ്പാക്കാനും സാധിക്കുന്നു എന്നതാണ് ശ്രദ്ധേയം.
ഓപ്പൺ ആക്സസ് മുന്നേറ്റത്തിന് വ്യക്തമായ ദിശാബോധവും സൈദ്ധാന്തിക പരിപ്രേക്ഷ്യവും നൽകിയ ചരിത്രപരമായ സംഭവമായിരുന്നു 2002 ഫെബ്രുവരിയിൽ നടന്ന ബുഡാപെസ്റ്റ് ഓപ്പൺ ആക്സസ് ഇനിഷ്യേറ്റീവ് (BOAI). ഓപ്പൺ സൊസൈറ്റി ഇൻസ്റ്റിറ്റ്യൂട്ട് (Open Society Institute – OSI) മുൻകൈയ്യെടുത്ത് സംഘടിപ്പിച്ച ഈ സമ്മേളനം, ലോകമെമ്പാടുമുള്ള ഗവേഷണ സാഹിത്യങ്ങൾ ഇന്റർനെറ്റിലൂടെ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകരിക്കപ്പെട്ടത്.ഗവേഷണഫലങ്ങൾ യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ലോകത്തിന് സമർപ്പിക്കാൻ തയ്യാറുള്ള ശാസ്ത്രജ്ഞരുടെയും അക്കാദമിക വിദഗ്ധരുടെയും പഴയ പാരമ്പര്യവും, വിവരങ്ങൾ ലോകത്തിന്റെ ഏത് കോണിലും അതിവേഗം എത്തിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ് എന്ന പുതിയ സാങ്കേതികവിദ്യയും ഒത്തുചേർന്നപ്പോഴാണ് ഈ മുന്നേറ്റം സാധ്യമായത് എന്ന് BOAI പ്രഖ്യാപനം വ്യക്തമാക്കുന്നു. പിയർ-റിവ്യൂ ചെയ്യപ്പെട്ട ഗവേഷണ ലേഖനങ്ങളും പ്രീ-പ്രിന്റുകളും ഇന്റർനെറ്റിലൂടെ സൗജന്യമായി ലഭ്യമാക്കുക, ശാസ്ത്രീയ അന്വേഷണങ്ങൾ വേഗത്തിലാക്കുക, വിദ്യാഭ്യാസ മേഖലയെ സമ്പുഷ്ടമാക്കുക, സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് നികത്തി അറിവ് തുല്യമായി പങ്കുവെക്കുക എന്നിവയാണ് BOAI മുന്നോട്ടുവെച്ച ദർശനങ്ങൾ.ബെഥെസ്ഡ സ്റ്റേറ്റ്മെന്റ് (Bethesda Statement on Open Access Publishing), ബെർലിൻ ഡിക്ലറേഷൻ (Berlin Declaration on Open Access to Knowledge in the Sciences and Humanities) എന്നിവയുമായി ചേർന്ന് BOAI രൂപപ്പെടുത്തിയ നിർവ്വചനത്തെ “BBB ഡെഫനിഷൻ” (BBB definition) എന്ന് അക്കാദമിക ലോകത്ത് വിശേഷിപ്പിക്കാറുണ്ട്. സാമ്പത്തികവും നിയമപരവും സാങ്കേതികവുമായ എല്ലാ വേലിക്കെട്ടുകളും ഇല്ലാതാക്കി അറിവിന്റെ ജനാധിപത്യവൽക്കരണം ഉറപ്പാക്കാൻ BOAI പ്രധാനമായും രണ്ട് പ്രായോഗിക മാർഗ്ഗങ്ങളാണ് നിർദ്ദേശിച്ചത്. ഒന്ന് സെൽഫ് ആർക്കൈവിംഗ് (Self-archiving): ഗവേഷകർ തങ്ങളുടെ ലേഖനങ്ങളുടെ അന്തിമരൂപം സർവ്വകലാശാലകളുടെയോ മറ്റ് സ്ഥാപനങ്ങളുടെയോ പബ്ലിക് ഡിജിറ്റൽ റിപ്പോസിറ്ററികളിൽ സ്വയം നിക്ഷേപിക്കാൻ തയ്യാറാകണം. രണ്ടാമത് ഓപ്പൺ ആക്സസ് ജേണലുകൾ (Open Access Journals): വായനക്കാരിൽ നിന്നും വരിസംഖ്യ (Subscription) ഈടാക്കാതെ, പകർപ്പവകാശ നിയന്ത്രണങ്ങളില്ലാതെ പൂർണ്ണമായും സൗജന്യമായി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതുതലമുറ ജേണലുകൾ ആരംഭിക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ഓപ്പൺ ആക്സസ് എന്നതുകൊണ്ട് എന്താണ് സൗജന്യമായി ലഭിക്കുന്നത് എന്നത് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ബുഡാപെസ്റ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര ജ്ഞാന ലഭ്യതയെ അതിന്റെ ഉപയോഗസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ വായനയ്ക്കുള്ള സ്വാതന്ത്ര്യം, പുനരുപയോഗത്തിനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ രണ്ടായി തിരിക്കാം. പ്രശസ്ത ഓപ്പൺ ആക്സസ് ചിന്തകനായ പീറ്റർ സൂബർ (Peter Suber) ഇതിനെ യഥാക്രമം ഗ്രാറ്റിസ് (Gratis), ലിബ്രെ (Libre) എന്നീ പദങ്ങൾ ഉപയോഗിച്ചാണ് വിശദീകരിക്കുന്നത്. ഒരു ഗവേഷണ പ്രബന്ധം ഓൺലൈനായി യാതൊരു പണച്ചെലവുമില്ലാതെ വായിക്കാൻ വായനക്കാർക്ക് സാധിക്കുന്നതിനെയാണ് ഗ്രാറ്റിസ് എന്ന് പറയുന്നത്. ഇവിടെ വായനക്കാരന് സാമ്പത്തിക തടസ്സങ്ങളില്ല (Price barriers are removed). എന്നാൽ, ഈ ലേഖനം വിതരണം ചെയ്യാനോ, പകർപ്പെടുക്കാനോ, മാറ്റങ്ങൾ വരുത്തി പുതിയൊരു സൃഷ്ടി നടത്താനോ വായനക്കാരന് അവകാശമുണ്ടായിരിക്കില്ല. സാമ്പത്തിക തടസ്സങ്ങൾ ഇല്ലാതിരിക്കുന്നതിനൊപ്പം തന്നെ, വിവരങ്ങൾ പുനരുപയോഗിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പകർപ്പവകാശ നിയന്ത്രണങ്ങളിൽ നിന്ന് കൂടി വായനക്കാർക്ക് സ്വാതന്ത്ര്യം നൽകുന്നതാണ് ലിബ്രെ മാതൃക. “Free as in Freedom” (സ്വാതന്ത്ര്യം എന്ന അർത്ഥത്തിലുള്ള സൗജന്യം) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഓപ്പൺ ആക്സസ് പബ്ലിഷ് ചെയ്യപ്പെട്ട ലേഖനങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ആധുനിക ഗവേഷണങ്ങളിൽ ഉപയോഗിക്കുന്ന ഡാറ്റയും (Research Data) മറ്റ് ഡിജിറ്റൽ ഘടകങ്ങളും കൃത്യമായി കൈകാര്യം ചെയ്യുകയും പങ്കുവെക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി ശാസ്ത്രലോകം ആവിഷ്കരിച്ച അതിപ്രധാനമായ തത്വങ്ങളാണ് ഫെയർ (FAIR) പ്രിൻസിപ്പിൾസ്. 2016-ൽ രൂപീകരിച്ച ഈ മാർഗ്ഗനിർദ്ദേശങ്ങൾ, ഗവേഷണ ദത്തങ്ങളുടെ ശേഖരണവും വിതരണവും കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. മനുഷ്യർക്ക് മാത്രമല്ല, കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്കും മെഷീൻ ലേണിംഗ് സംവിധാനങ്ങൾക്കും ഡാറ്റ എളുപ്പത്തിൽ കണ്ടെത്താനും ഉപയോഗിക്കാനും കഴിയണം എന്നതാണ് FAIR( Findability, Accessibility, Interoperability, Reusability) തത്വങ്ങളുടെ ലക്ഷ്യം. ഇന്റർനാഷണൽ സയൻസ് കൗൺസിൽ (ISC), ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി (IUPAC) തുടങ്ങിയ സംഘടനകൾ ഈ മാനദണ്ഡങ്ങൾ ശാസ്ത്രലോകത്ത് കർശനമായി നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP), ലിംഗ്വിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ഡാറ്റാസെറ്റുകൾ പബ്ലിഷ് ചെയ്യുമ്പോൾ FAIR തത്വങ്ങൾ പാലിക്കുന്നത് നിർബന്ധമായിക്കൊണ്ടിരിക്കുകയാണ്. DGS കോർപ്പസ് ,ASAL പ്രൊജക്റ്റ് എന്നിവയൊക്കെ തങ്ങളുടെ ഡാറ്റ ഈ തത്വങ്ങൾ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ റിപ്പോസിറ്ററികളിൽ ലഭ്യമാക്കിയിരിക്കുന്നത്. ലേഖകരുടെ സംഭാവനകൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് CRediT ടാക്സോണമി ഉപയോഗിക്കുന്നതും, ഗവേഷകരെ തിരിച്ചറിയാൻ ORCID (Open Researcher and Contributor ID) ഉപയോഗിക്കുന്നതും FAIR നയങ്ങളുടെ ഭാഗമാണ്.
ഓപ്പൺ ആക്സസ് ലേഖനങ്ങളും ഡാറ്റകളും കാര്യക്ഷമമായി വിതരണം ചെയ്യുന്നതിനായി സാങ്കേതിക സൗകര്യങ്ങൾ ആവശ്യമാണ്. ഈ മേഖലയിൽ ഓപ്പൺ ആർക്കൈവ്സ് ഇനിഷ്യേറ്റീവ് (Open Archives Initiative – OAI) വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഡിജിറ്റൽ ലൈബ്രറികൾക്കും റിപ്പോസിറ്ററികൾക്കുമിടയിൽ മെറ്റാഡാറ്റ പങ്കുവെക്കുന്നതിന് സഹായിക്കുന്ന OAI-PMH (Protocol for Metadata Harvesting) എന്ന സംവിധാനത്തിന് പുറമെ, സങ്കീർണ്ണ ഡിജിറ്റൽ ഒബ്ജക്റ്റുകളെ കൈകാര്യം ചെയ്യുന്നതിനായി രൂപപ്പെടുത്തിയ മാനദണ്ഡമാണ് OAI-ORE (Object Reuse and Exchange) ആധുനിക അക്കാദമിക പ്രസിദ്ധീകരണങ്ങൾ കേവലം ഒരു PDF ഫയലിൽ മാത്രം ഒതുങ്ങുന്നില്ല. പ്രബന്ധം, ഡാറ്റാസെറ്റുകൾ, വീഡിയോകൾ, സോഫ്റ്റ്‌വെയർ കോഡുകൾ, ഡാറ്റാസെറ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വിവിധ വെബ് വിഭവങ്ങളുടെ ഒരു കൂട്ടമാണ് ഒരു റിസർച്ച് ഔട്ട്പുട്ട്. ഇത്തരം സങ്കീർണ്ണമായ വെബ് അധിഷ്ഠിത ഡിജിറ്റൽ ഒബ്ജക്റ്റുകളെ യന്ത്രങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിക്കാനും, വിവിധ ഡിജിറ്റൽ ലൈബ്രറികൾക്കും വിഷ്വലൈസേഷൻ ടൂളുകൾക്കും ഇടയിൽ അവ സുഗമമായി കൈമാറ്റം ചെയ്യാനും OAI-ORE മാനദണ്ഡങ്ങൾ സഹായിക്കുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ലോകത്തെവിടെയുമുള്ള റിപ്പോസിറ്ററികളിലെ വിവരങ്ങൾ എളുപ്പത്തിൽ ഇന്റഗ്രേറ്റ് ചെയ്യാനും കണ്ടെത്താനും സാധിക്കുന്നു
ഓപ്പൺ ആക്സസ്സ് പ്രസിദ്ധീകരണങ്ങളുടെ ഫണ്ടിങ്ങ് സ്വഭാവവും വ്യത്യസ്തമാണ്. ഓപ്പൺ ആക്സസ് സൗജന്യമാണെങ്കിലും, ലേഖനങ്ങൾ എഡിറ്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ഡിജിറ്റൽ ആർക്കൈവുകൾ പരിപാലിക്കുന്നതിനും ചിലവുകളുണ്ടല്ലോ. വായനക്കാരിൽ നിന്ന് പണം ഈടാക്കാത്തതിനാൽ, ഈ ചിലവുകൾ മറ്റ് സ്രോതസ്സുകളിലൂടെയാണ് കണ്ടെത്തുന്നത്. പ്രധാനമായും ഗ്രന്ഥകർത്താക്കൾ നൽകുന്ന ‘ആർട്ടിക്കിൾ പ്രോസസ്സിംഗ് ചാർജ്’ (Article Processing Charge – APC) വഴിയോ, അല്ലെങ്കിൽ ഗവേഷണ സ്ഥാപനങ്ങൾ, സർക്കാരുകൾ, സൊസൈറ്റികൾ, മറ്റ് സ്പോൺസർമാർ എന്നിവർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ (Subsidies and sponsorships) വഴിയോ ആണ് ഓപ്പൺ ആക്സസ് ജേണലുകൾ പ്രവർത്തിക്കുന്നത്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങളുടെ (Publicly funded research) ഫലങ്ങൾ പൂർണ്ണമായും ഓപ്പൺ ആക്സസ് ആയിരിക്കണം എന്ന നയം ഇന്ന് ലോകമെമ്പാടുമുള്ള ഫണ്ടിംഗ് ഏജൻസികൾ കൈക്കൊള്ളാൻ തുടങ്ങിയിരിക്കുന്നു.
ഓപ്പൺ ആക്സസ്സ് മേഖലയിലെ ജേർണലുകൾ ആറു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഗവേഷണ ഫലങ്ങൾ വായനക്കാരിലേക്ക് എത്തുന്ന രീതി, അതിന് സാമ്പത്തിക സഹായം ലഭിക്കുന്ന സ്രോതസ്സ്, പകർപ്പവകാശ വ്യവസ്ഥകൾ, ആർക്കൈവിംഗ് രീതികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ ആറ് മാതൃകകൾ. ഇവയെ സാധാരണയായി വിവിധ നിറങ്ങളുടെയും ലോഹങ്ങളുടെയും പേരുകളിലാണ് തരംതിരിച്ചിരിക്കുന്നത്.
ഗോൾഡ് ഓപ്പൺ ആക്സസ് (Gold OA) മാതൃകയിൽ, ഒരു ഗവേഷണ ലേഖനം പ്രസിദ്ധീകരിക്കുന്ന അന്ന് മുതൽ തന്നെ ആ ജേണലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലോകത്തെല്ലാവർക്കും സൗജന്യമായി വായിക്കാൻ ലഭ്യമായിരിക്കും. വായനക്കാർ ഈ ലേഖനങ്ങൾക്കായി സബ്സ്ക്രിപ്ഷൻ ഫീസ് നൽകേണ്ടതില്ല. കൂടാതെ, ഇത്തരം ലേഖനങ്ങൾ ക്രിയേറ്റീവ് കോമൺസ് (CC BY പോലെയുള്ളവ) സ്വതന്ത്ര ലൈസൻസുകൾക്ക് കീഴിലായിരിക്കും പ്രസിദ്ധീകരിക്കുന്നത്. അതിനാൽ വായനക്കാർക്ക് ഇത് നിയമപരമായി പങ്കുവെക്കാനും പുനരുപയോഗിക്കാനും സാധിക്കും. ഈ മാതൃകയിൽ പ്രസിദ്ധീകരണ ചിലവുകൾ വഹിക്കുന്നത് പബ്ലിഷറല്ല, മറിച്ച് ലേഖകൻ (Author), ഗ്രാൻ്റ് നൽകുന്ന ഏജൻസികൾ, അല്ലെങ്കിൽ ലേഖകന്റെ ഗവേഷണ സ്ഥാപനമാണ്. ഇതിനായി പബ്ലിഷർ ഈടാക്കുന്ന തുകയെയാണ് നേരത്തെ ‘ആർട്ടിക്കിൾ പ്രോസസ്സിംഗ് ചാർജ്’ -APC എന്ന് പറഞ്ഞത്. PLOS One, BMC Biology, Scientific Reports ഇവയൊക്കെ ഗോൾഡ് ഓപ്പൺ ആക്സസ് ജേണലുകൾക്ക് ഉദാഹരണങ്ങളാണ്. ഈ മാതൃക ഗവേഷണ ഫലങ്ങൾക്ക് വലിയ തോതിലുള്ള ദൃശ്യതയും സൈറ്റേഷനും നൽകുന്നുണ്ട്. അതുകൊണ്ട് സൈറ്റേഷൻ ഇൻഡക്സിങ്ങിലും റിസർച്ച് സ്കോറിലും ഇതേറെ ഗുണം ചെയ്യും. എന്നാൽ ഉയർന്ന APC നിരക്കുകൾ ഇതിന്റെ ഒരു പ്രധാന വെല്ലുവിളിയാണ്. വികസ്വര രാജ്യങ്ങളിലെ ഗവേഷകർക്ക് വലിയ സാമ്പത്തിക ബാധ്യത ഇത് സൃഷ്ടിക്കുന്നുണ്ട്. ഈ സാമ്പത്തിക അസമത്വം പരിഹരിക്കാൻ ചില പബ്ലിഷർമാർ വരുമാനം കുറഞ്ഞ രാജ്യങ്ങളിലെ- Low-Income Economies- ഗവേഷകർക്ക് APC-യിൽ ഇളവുകൾനൽകാറുണ്ട്. ഉദാഹരണത്തിന്, അക്കാദമിക ജേണലായ രൂപകഥ (Rupkatha) 250 USD ആണ് APC ആയി ഈടാക്കുന്നതെങ്കിലും, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഗവേഷകർക്ക് 50% മുതൽ 100% വരെ ഫീസ് ഇളവുകൾ നൽകിവരുന്നു.
സെൽഫ് ആർക്കൈവിംഗ് (Self-archiving) എന്ന പേരിൽ വ്യാപകമായി അറിയപ്പെടുന്ന രീതിയാണ് ഗ്രീൻ ഓപ്പൺ ആക്സസ്(Green OA).ഈ മാതൃകയിൽ ഗവേഷണ പ്രബന്ധം പതിവു സബ്സ്ക്രിപ്ഷൻ ജേണലിൽ തന്നെ പ്രസിദ്ധീകരിക്കുന്നു. എന്നാൽ അതിനൊപ്പം, ആ ലേഖനത്തിന്റെ ഒരു കോപ്പി തന്റെ സർവ്വകലാശാലയുടെ ഇൻസ്റ്റിറ്റ്യൂഷണൽ സ്വതന്ത്രമായ സബ്ജക്ട് അധിഷ്ഠിത പബ്ലിക് റിപ്പോസിറ്ററികളിലോ (ഉദാഹരണത്തിന്: PubMed Central, arXiv) അപ്‌ലോഡ് ചെയ്യാൻ പബ്ലിഷർ അനുമതി നൽകുന്നു. Academia, ResearchGate പോലെയുള്ള പ്ലാറ്റ്‌ഫോമുകളും ഇതിനായി ഉപയോഗിക്കപ്പെടുന്നു.ഗ്രീൻ ഓപ്പൺ ആക്സസിൽ ലേഖകൻ യാതൊരുവിധ APC-യും പബ്ലിഷർക്ക് നൽകേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. എന്നാൽ പബ്ലിഷർമാരുമായുള്ള കരാർ പ്രകാരം ചില നിയന്ത്രണങ്ങൾ ഇതിലുണ്ടാകും. ലേഖനത്തിന്റെ പൂർണ്ണമായി ഡിസൈൻ ചെയ്ത അവസാന രൂപം (Version of Record – VOR) നേരിട്ട് അപ്‌ലോഡ് ചെയ്യാൻ സാധാരണഗതിയിൽ സാധിക്കില്ല. മറിച്ച് പിയർ റിവ്യൂ കഴിഞ്ഞ ഫൈനൽ ഡ്രാഫ്റ്റ് അഥവാ ഓതർ അക്സപ്റ്റഡ് മാനുസ്ക്രിപ്റ്റ് (Accepted Manuscript – AM / Post-print) അല്ലെങ്കിൽ റിവ്യൂ ചെയ്യുന്നതിന് മുൻപുള്ള പ്രീ-പ്രിന്റ് (Preprint) ആയിരിക്കും ആർക്കൈവ് ചെയ്യാൻ അനുമതിയുണ്ടാവുക. ചിലപ്പോൾ ലേഖനം പ്രസിദ്ധീകരിച്ച് കുറച്ചു മാസങ്ങൾക്കുശേഷമേ റിപ്പോസിറ്ററികളിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ പാടുള്ളൂ എന്ന നിബന്ധന (Embargo period) വെക്കാറുണ്ട്. പബ്ലിഷർമാരുടെ ഇത്തരം ഗ്രീൻ പോളിസികൾ പരിശോധിക്കുന്നതിനായി ഷെർപ/റോമിയോ (Sherpa/Romeo) പോലെയുള്ള ഓൺലൈൻ ടൂളുകളാണ് ഗവേഷകർ ഉപയോഗിക്കുന്നത്.
മൂന്നാം മാതൃകയാണ് ഹൈബ്രിഡ് ഓപ്പൺ ആക്സസ് (Hybrid OA. ) പരമ്പരാഗതമായി സബ്സ്ക്രിപ്ഷൻ വഴി ലൈബ്രറികളിൽ നിന്നും വായനക്കാരിൽ നിന്നും പണം ഈടാക്കി പ്രവർത്തിക്കുന്ന ജേണലുകൾ, APC നൽകാൻ തയ്യാറുള്ള ലേഖകരുടെ പ്രബന്ധങ്ങൾ മാത്രം ഓപ്പൺ ആക്സസ് ആയി പ്രസിദ്ധീകരിക്കുന്ന രീതിയാണിത്. ഒരു ഹൈബ്രിഡ് ജേണലിന്റെ ഉള്ളിൽ പണം കൊടുത്ത് മാത്രം വായിക്കാൻ സാധിക്കുന്ന ലേഖനങ്ങളും (Closed access), സൗജന്യമായി വായിക്കാൻ സാധിക്കുന്ന ഓപ്പൺ ആക്സസ് ലേഖനങ്ങളും ഒരുമിച്ച് (mixture) കാണാൻ സാധിക്കും.. ലൈബ്രറികളിൽ നിന്ന് സബ്സ്ക്രിപ്ഷൻ ഫീസായും, ലേഖകരിൽ നിന്ന് അതാത് പ്രബന്ധങ്ങളുടെ APC യായും ഒരേ ജേണൽ പബ്ലിഷർ തന്നെ രണ്ടുതവണ പണം ഈടാക്കുന്ന ‘ഡബിൾ ഡിപ്പിംഗ്’ (Double Dipping) എന്ന ചൂഷണത്തിന് കാരണമാകുന്നു എന്ന വിമർശനം ഈ രീതിക്കെതിരെയുണ്ട്. കൂടാതെ ഇത്തരം ജേണലുകളിലെ APC നിരക്ക്, പൂർണ്ണ ഗോൾഡ് ഓപ്പൺ ആക്സസ് ജേണലുകളേക്കാൾ വളരെ കൂടുതലായിരിക്കും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പല സർവ്വകലാശാലകളും പബ്ലിഷർമാരുമായി Transformative agreements ഒപ്പുവെക്കുന്ന പതിവു തുടങ്ങിയിട്ടുണ്ട്.
ബ്രോൺസ് ഓപ്പൺ ആക്സസ് (Bronze OA ) എന്ന അഞ്ചാം മാതൃകയിൽ പബ്ലിഷറുടെ വെബ്സൈറ്റിൽ ലേഖനങ്ങൾ സൗജന്യമായി വായിക്കാൻ കഴിയുമെങ്കിലും, അവയ്ക്ക് കൃത്യവും വ്യക്തവുമായ സ്വതന്ത്ര ലൈസൻസുകൾ (Creative Commons പോലെയുള്ളവ ഉണ്ടാവില്ല. ഗ്രാറ്റിസ് ഓപ്പൺ ആക്സസിന്റെ ഉദാഹരണമാണിത്. വായനക്കാർക്ക് ലേഖനങ്ങൾ വായിക്കാമെങ്കിലും, അവ ഡൗൺലോഡ് ചെയ്യാനും, ഷെയർ ചെയ്യാനും, പുനരുപയോഗിക്കാനുമുള്ള നിയമപരമായ അവകാശങ്ങൾ (Rights to share, adapt, or redistribute) ഇല്ല. .കൊറോണ പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ പല കച്ചവടപ്രസാധകരും തങ്ങളുടെ മെഡിക്കൽ ലേഖനങ്ങൾ സൗജന്യമായി വായിക്കാൻ അവസരം നൽകിയത് ബ്രോൺസ് മാതൃകയിലാണ്. ഈ അവകാശം തികച്ചും താൽക്കാലികമാണ്. ഏത് നിമിഷം വേണമെങ്കിലും പബ്ലിഷർക്ക് ഈ ലേഖനങ്ങളെ വീണ്ടും പണം കൊടുത്തുമാത്രം വായിക്കാവുന്ന രൂപത്തിലേക്ക് മാറ്റാൻ സാധിക്കും എന്നതുകൊണ്ട് ഇതിനെ യഥാർത്ഥ ഓപ്പൺ ആക്സസ് ആയി അക്കാദമിക സമൂഹം പരിഗണിക്കുന്നില്ല.
ഡയമണ്ട് അഥവാ പ്ലാറ്റിനം ഓപ്പൺ ആക്സസ് (Diamond / Platinum OA) പ്രബന്ധരചയിതാക്കളിൽനിന്ന് എ.പി സിയോ , വായനക്കാരിൽ നിന്ന് സബ്സ്ക്രിപ്ഷൻ ഫീസോ ഈടാക്കാതെ പൂർണ്ണമായും സൗജന്യമായി പ്രവർത്തിക്കുന്ന ഓപ്പൺ ആക്സസ് സംവിധാനമാണിത്. വാണിജ്യ താല്പര്യങ്ങളില്ലാത്ത സർവ്വകലാശാലകൾ, അക്കാദമിക സൊസൈറ്റികൾ, സർക്കാർ ഏജൻസികൾ, ഫിലാന്ത്രോപിസ്റ്റുകൾ , സന്നദ്ധ സംഘടനകൾ എന്നിവ നൽകുന്ന സാമ്പത്തിക പിന്തുണയിലൂടെയാണ് ഇത്തരം ജേണലുകൾ പ്രവർത്തിക്കുന്നത്. അറിവ് പൊതുസ്വത്താണെന്ന തത്വത്തെ ആഴത്തിൽ ഉൾക്കൊള്ളുന്നത് ഡയമണ്ട് മാതൃകയാണ്. പണമുള്ളവർക്ക് മാത്രം ഗവേഷണങ്ങൾ വേഗത്തിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുന്ന ഗോൾഡ് ഓപ്പൺ ആക്സസിന്റെ പോരായ്മകളെ മറികടക്കാൻ ഡയമണ്ട് ഓപ്പൺ ആക്സസിന് സാധിക്കുന്നു. ലോകത്ത് ഇന്ന് ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ജേണലുകളുണ്ട്. വേൾഡ് ബയോളജിക്ക (World Biologica) പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ ഡയമണ്ട് മാതൃക പിന്തുടരുന്നവയാണ്. മലയാളത്തിൽ നിലനിൽക്കുന്ന എല്ലാ ഓൺ ലൈൻ റിസർച്ച് ജേർണലുകളും ഈ മാതൃക തുടരുന്നു.
അക്കാദമിക ജേണലുകൾ ഏർപ്പെടുത്തിയിട്ടുള്ള പേവാളുകൾ പകർപ്പവകാശ നിയമങ്ങളെ ലംഘിച്ചുകൊണ്ട് അനധികൃതമായി ഭേദിച്ച്, ലേഖനങ്ങളും പുസ്തകങ്ങളും സൗജന്യമായി ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമുകളെയാണ് ബ്ലാക്ക് ഓപ്പൺ ആക്സസ് (Black OA)എന്ന് വിളിക്കുന്നത്. വാണിജ്യ പബ്ലിഷർമാർ അമിതമായ സബ്സ്ക്രിപ്ഷൻ ഫീസ് ഈടാക്കുന്നതിനാൽ വികസ്വര രാജ്യങ്ങളിലെ ലൈബ്രറികൾക്കും ദരിദ്രരായ ഗവേഷകർക്കും ശാസ്ത്രീയ ലേഖനങ്ങൾ വായിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഈ പ്രതിസന്ധിയെ നേരിടുക എന്ന ലക്ഷ്യത്തോടെ രൂപപ്പെട്ട ഷാഡോ ലൈബ്രറികളാണ് (Shadow Libraries) ബ്ലാക്ക് ഓപ്പൺ ആക്സസിന്റെ പ്രഭവകേന്ദ്രം.
ഭാഗം നാല്
ഓപ്പൺ ആക്സസ്സ് രീതിയേയും തങ്ങളുടെ ലാഭത്തിനായി മാറ്റാൻ കുത്തക കമ്പനികൾക്ക് കഴിഞ്ഞു എന്നതാണ് സമീപകാല യാഥാർത്ഥ്യം. . ലേഖനങ്ങൾ വായനക്കാർക്ക് സൗജന്യമായി ലഭ്യമാക്കണമെങ്കിൽ ഗവേഷകർ വലിയൊരു തുക ആർട്ടിക്കിൾ പ്രോസസ്സിംഗ് ചാർജ് (Article Processing Charges – APC) ആയി നൽകണമെന്ന വ്യവസ്ഥ (Gold Open Access) പ്രസാധകർ കൊണ്ടുവന്നു. 1,500 ഡോളർ മുതൽ 11,000 ഡോളർ വരെയാണ് ഈ തുക. ഇതിന്റെ ഇന്ത്യൻ രൂപയിലേക്കുള്ള കൺവെര്ഷൻ നോക്കുമ്പോഴാണ് തുകയുടെ വലിപ്പം നമുക്ക് ബോധ്യപ്പെടുക. ഹൈബ്രിഡ് (Hybrid) ജേണലുകളിലൂടെ ലേഖകരിൽ നിന്ന് എ.പി.സി വാങ്ങുകയും, ലൈബ്രറികളിൽ നിന്ന് സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങുകയും ചെയ്യുന്ന ഇരട്ടച്ചൂഷണം (double-dipping) പ്രസാധകർ നടത്തുന്നുണ്ട്. അമിതമായ എ.പി.സി നിരക്കുകൾ വികസ്വര രാജ്യങ്ങളിലെ ഗവേഷകർക്ക് അറിവുകൾ പങ്കുവെയ്ക്കുന്നതിന് തടസ്സമായി മറികടക്കാനാവാത്ത വലിയൊരു മതിൽ സൃഷ്ടിക്കുന്നു.
ഈ മതിൽ തകർക്കുന്നതിനായാണ് പ്രസാധനസാമ്രാജ്യത്തിലെ സിവിൽ നിയമലംഘനപ്രസ്ഥാനമെന്ന് (Academic Civil Disobedience) വിളിക്കാവുന്ന ഷാഡോ ലൈബ്രറികൾ ആക്റ്റിവിസ്റ്റുകളുടെ ഭാഗത്തുനിന്ന് രൂപപ്പെട്ടത്. കുത്തകവൽക്കരണത്തിനെതിരെയുള്ള പ്രതിഷേധമായാണ് ലിബ്‌ജെൻ (Libgen), സൈ-ഹബ് (Sci-Hub) തുടങ്ങിയ ഷാഡോ ലൈബ്രറികൾ അങ്ങനെ ഉയർന്നുവന്നതാണ്. ലിബ്‌ജെൻ (Libgen) 2008-ൽ റഷ്യൻ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് സ്ഥാപിക്കപ്പെട്ടത്.സൈ-ഹബ് (Sci-Hub) 2011 സെപ്റ്റംബർ 5-ന് കസാക്കിസ്ഥാനിൽ നിന്നുള്ള ഐ.ടി ഗവേഷകയായ അലക്സാന്ദ്ര എൽബക്യാൻ (Alexandra Elbakyan) തുടങ്ങിയ സമഗ്രമായ ഒരു ഡാറ്റാബേസാണ്. തൻ്റെ ഗവേഷണത്തിന് ആവശ്യമായ ലേഖനങ്ങൾ വലിയ തുക കൊടുത്തു വാങ്ങാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് എൽബക്യാൻ ഈ സൈറ്റിന് രൂപം നൽകിയത്. ശാസ്ത്രജ്ഞാനം ബൗദ്ധിക സ്വത്തവകാശത്തിന്റെ (intellectual property) പേരിൽ തടഞ്ഞുവെക്കാനുള്ളതല്ലെന്നും, അവ സമൂഹത്തിന് മുഴുവൻ ഒരുപോലെ അവകാശപ്പെട്ടതാണെന്നുമുള്ള രാഷ്ട്രീയമാണ് ഇവർ ഉയർത്തിപ്പിടിക്കുന്നത്. എൽസെവിയർ പോലുള്ള വൻകിട പ്രസാധകർ ഈടാക്കുന്ന ഭീമമായ ഫീസ് നൽകാൻ കഴിയാത്ത വികസ്വര രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലോകത്തെവിടെയുമുള്ള ശാസ്ത്ര ലേഖനങ്ങൾ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ഈ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ലക്ഷ്യം.
സൈ-ഹബ്ബിന് പണം നൽകി മാത്രം വായിക്കാൻ കഴിയുന്ന ലേഖനങ്ങളുടെ 68.4 ശതമാനത്തിലധികവും സൗജന്യമായി ലഭ്യമാക്കാൻ കഴിഞ്ഞു. ഏകദേശം 85 ദശലക്ഷത്തിലധികം ലേഖനങ്ങൾ സൈ-ഹബ്ബിൽ ലഭ്യമാണ്’വൻകിട ജേണലുകളുടെ പേവാളുകൾ മറികടന്ന് അനധികൃതമായി അക്കാദമിക ലേഖനങ്ങൾ ഡൗൺലോഡ് ചെയ്ത് സ്വന്തം ഡാറ്റാബേസിൽ സൂക്ഷിക്കുകയും അത് ഉപയോക്താക്കൾക്ക് നൽകുകയുമാണ് ഇവ ചെയ്യുന്നത്. ഉപയോക്താക്കളുടെ ആവശ്യപ്രകാരം ഓട്ടോമാറ്റിക് ആയി ലേഖനങ്ങൾ ഡൗൺലോഡ് ചെയ്യുന്ന സൈ-ഹബ്ബിൽ 99% പേപ്പർ റിക്വസ്റ്റുകളും വിജയകരമായി പൂർത്തിയാക്കാറുണ്ട്.. നേച്ചർ (Nature), സയൻസ് (Science) പോലെയുള്ള പ്രമുഖ മാഗസിനുകളിൽ പുതിയതായി പ്രസിദ്ധീകരിക്കുന്ന മിക്ക ലേഖനങ്ങളും 24 മണിക്കൂറിനുള്ളിൽ തന്നെ സൈ-ഹബ്ബിൽ ലഭ്യമാകാറുണ്ട്. ഈ സേവനങ്ങൾ നൽകുന്നതിന് ഉപയോക്താക്കളിൽ നിന്ന് ഇവർ പണം ഈടാക്കുന്നില്ല; പകരം ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള സംഭാവനകളിലൂടെയാണ് ഇവ പ്രവർത്തിക്കുന്നത്.
വൻകിട പ്രസാധകരായ എൽസെവിയർ (Elsevier), വൈലി (Wiley), അമേരിക്കൻ കെമിക്കൽ സൊസൈറ്റി (ACS) തുടങ്ങിയ കമ്പനികൾ പകർപ്പവകാശ ലംഘനം ആരോപിച്ച് ലോകമെമ്പാടും ഇവർക്കെതിരെ വലിയ നിയമയുദ്ധങ്ങളാണ് നടത്തുന്നത്. ഇത് ഈ പ്ലാറ്റ്‌ഫോമുകളുടെ നിലനിൽപ്പിനെ തന്നെ പ്രതിസന്ധിയിലാക്കി. പകർപ്പവകാശ ലംഘനത്തിന്റെ പേരിൽ അമേരിക്ക, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രസാധകർ സൈ-ഹബ്ബിനെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.,
മിക്ക രാജ്യങ്ങളിലും ഇപ്പോൾ ഈ പോർട്ടലുകളും ഡൊമെയിനുകളും നിരോധിച്ചിരിക്കുന്നു. 2017-ൽ അമേരിക്കൻ കോടതി എൽസെവിയറിന് 15 ദശലക്ഷം ഡോളറും, എ.സി.എസ്സിന് 4.8 ദശലക്ഷം ഡോളറും പിഴയായി നൽകാൻ സൈ-ഹബ്ബിനോട് ഉത്തരവിട്ടിരുന്നു. 2024-2025 കാലഘട്ടത്തിൽ പിയേഴ്സൺ, മക്ഗ്രോ ഹിൽ ഉൾപ്പെടെയുള്ള പ്രസാധകരുടെ സഖ്യം നൽകിയ കേസിൽ ലിബ്‌ജെൻ 30 ദശലക്ഷം ഡോളർ പിഴയൊടുക്കാനും അമേരിക്കൻ കോടതി ഉത്തരവിട്ടു. കൂടാതെ ലിബ്‌ജെന്റെ പ്രധാന ഡൊമെയ്നായ “library.lol” പിടിച്ചെടുക്കുകയും ചെയ്തു. ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ബെൽജിയം, റഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർമാർ വഴി ഈ സൈറ്റുകൾക്ക് പൂർണ്ണ നിരോധനമുണ്ട്.
പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കണ്ടെത്തുന്ന അറിവുകൾ വീണ്ടും വലിയ വിലകൊടുത്ത് വാങ്ങേണ്ടി വരുന്നത് അനീതിയാണെന്നും, കുത്തകകൾക്കെതിരായ ഒരു ‘സിവിൽ നിയമലംഘനമായി’ (civil disobedience) ഇത്തരം വെബ്സൈറ്റുകളുടെ പ്രവർത്തനത്തെ കാണണമെന്നുമാണ് അക്കാദമിക സമൂഹത്തിലെ സ്വതന്തബുദ്ധിജീവികൾ വാദിക്കുന്നത്.
2020-ൽ വൻകിട പ്രസാധകർ ഇന്ത്യയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ, 2021-ൽതന്നെ പുതിയ ആർട്ടിക്കിളുകൾ ഇന്ത്യയിൽ ലഭ്യമാക്കരുതെന്ന് കോടതി ഇടക്കാല ഉത്തവിട്ടിരുന്നു.
2025 ഓഗസ്റ്റിൽ ഡൽഹി ഹൈക്കോടതി സൈ-ഹബ്ബിനും ലിബ്‌ജെനും ഇന്ത്യയിൽ പൂർണ്ണമായ നിരോധനം ഏർപ്പെടുത്തി. ഇവയെ പകർപ്പവകാശം ലംഘിക്കുന്ന “റോഗ് വെബ്സൈറ്റുകൾ” (rogue websites) ആയി കോടതി പ്രഖ്യാപിച്ചു. മുൻപുണ്ടായിരുന്ന കോടതി നിർദ്ദേശങ്ങൾ മറികടന്ന് 2022-ന് ശേഷമുള്ള ലേഖനങ്ങളും അപ്‌ലോഡ് ചെയ്തതാണ് ഇതിന് കാരണമായത്. സാങ്കേതിക തകരാറുകൾ മൂലമാണ് ഇത് സംഭവിച്ചതെന്ന് എൽബക്യാൻ വാദിച്ചെങ്കിലും, പിന്നീട് അഭിഭാഷകർ പിൻമാറിയതോടെ കോടതി ഏകപക്ഷീയമായിഎക്സ് പാർട്ടി നിരോധനം ഏർപ്പെടുത്തുകയായിരുന്നു
ഇന്ത്യൻ ഗവേഷകർ പ്രതിവർഷം ലക്ഷക്കണക്കിന് ലേഖനങ്ങളാണ് സൈ-ഹബ്ബിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നത്. ലോകത്ത് ഏറ്റവുമധികം ശാസ്ത്ര ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പ്രതിവർഷം ഏഴ് ദശലക്ഷത്തോളം (70 ലക്ഷം) പ്രബന്ധങ്ങളാണ് ഇന്ത്യൻ ഗവേഷകർ ഈ വെബ്‌സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നത് എന്നാണ് കണക്ക്. ഇത് വിലക്കപ്പെട്ടത് ഇന്ത്യൻ ഗവേഷണ മേഖലയുടെ വേഗതയെയും കാര്യക്ഷമതയെയും സാരമായി ബാധിക്കും എന്നതിൽ സംശയമില്ല.
ശാസ്ത്രീയ അറിവുകൾ ഒരു പൊതുസമ്പത്താണെന്നും അത് വാണിജ്യവൽക്കരിക്കാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടി ഇന്ത്യൻ കോടതികളിൽ പ്രസാധകർക്കെതിരെ അക്കാദമീഷ്യന്മാര് മുമ്പ് നിലപാട് എടുത്തിട്ടുള്ളതാണ്. ഇന്ത്യൻ പകർപ്പവകാശ നിയമത്തിലെ (Copyright Act 1957) സെക്ഷൻ 52 (1)(a)(i) പ്രകാരം ഗവേഷണ ആവശ്യങ്ങൾക്കായി വിവരങ്ങൾ ഉപയോഗിക്കുന്നത് ‘ഫെയർ ഡീലിംഗ്’ (Fair Dealing) എന്ന പരിധിയിൽ വരുന്നതാണെന്നും അത് പകർപ്പവകാശ ലംഘനമല്ലെന്നും ഡൽഹി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഫോട്ടോകോപ്പി കേസിൽ (DU Photocopy Case) ഡൽഹി ഹൈക്കോടതി മുൻപ് നിരീക്ഷിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും വേണ്ടി പകർപ്പെടുക്കുമ്പോൾ അതിന് ക്വാളിറ്റേറ്റീവായോ ക്വാണ്ടിറ്റേറ്റീവായോ യാതൊരു പരിധികളും ബാധകമല്ലെന്നും കോടതി മ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ പരിരക്ഷയൊന്നും ഈ കേസിൽ തുണച്ചില്ല.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) (അഭിപ്രായ സ്വാതന്ത്ര്യം), ആർട്ടിക്കിൾ 21 (ജീവിക്കാനുള്ള അവകാശം) എന്നിവയുടെ ഭാഗമായി വിവരങ്ങൾ അറിയാനും ഗവേഷണം നടത്താനുമുള്ള അവകാശത്തെ (Right to Research) കണക്കാക്കേണ്ടതുണ്ട്. പകർപ്പവകാശം എന്ന നിയമപരമായ കുത്തക ഉപയോഗിച്ച് മനുഷ്യവംശത്തിന്റെ അറിവന്വേഷണങ്ങൾക്കും ജ്ഞാന മണ്ഡലത്തിനും അതിരുകൾ സൃഷ്ടിക്കുന്നത് ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം കൂടിയാണ്. ഇന്ത്യൻ വിദ്യാർത്ഥികൾക്കും, ആദ്യമായി ഉന്നതവിദ്യാഭ്യാസത്തിന് എത്തുന്നവർക്കും സ്വതന്ത്ര ഗവേഷകർക്കും അറിവ് ലഭിക്കാനുണ്ടായിരുന്ന ഒരു പ്രധാന ആശ്രയമാണ് ഈ നിരോധനത്തിലൂടെ ഇല്ലാതായത്.
പല പ്രധാനപ്പെട്ട അക്കാദമിക ലേഖനങ്ങൾക്കും വിദ്യാർത്ഥികൾ നൽകേണ്ടി വരുന്ന വില അവരുടെ ഒരു മാസത്തെ ഫീസിനേക്കാൾ കൂടുതലാണ്.. ഇത്തരം സാഹചര്യങ്ങളിൽ’ഷാഡോ ലൈബ്രറികളായ ഈ വെബ്സൈറ്റുകൾ വലിയൊരു ഈക്വലൈസറായാണ് ആണ് പ്രവർത്തിച്ചിരുന്നത്. . വിദേശത്തെ പ്രശസ്തമായ ഐവി ലീഗ്) സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ വായിക്കുന്ന അതേ പുസ്തകങ്ങളും പ്രബന്ധങ്ങളും, ഒരു ഫോണും ഇന്റർനെറ്റും മാത്രമുള്ള ഇന്ത്യയിലെ സാധാരണ വിദ്യാർത്ഥികൾക്ക് ലഭിക്കാൻ ഇത് സഹായിച്ചു. പ്രത്യേകിച്ച് 1990-കൾക്ക് ശേഷം ലൈബ്രറി ബജറ്റിൽ മാറ്റങ്ങളൊന്നും വന്നിട്ടില്ലാത്ത രണ്ടാം നിര സ്ഥാപനങ്ങളിലെ കോളേജ് വിദ്യാർത്ഥികൾക്ക് അവരുടെ ഗവേഷണ പ്രബന്ധങ്ങൾ പൂർത്തിയാക്കാൻ ലിബ്‌ജെൻ പോലെയുള്ള സൈറ്റുകൾ അത്യാവശ്യമായിരുന്നു. പല കോളേജ് ലൈബ്രറികളിലും പഠനത്തിനാവശ്യമായ മിനിമം എണ്ണം പുസ്തകം മാത്രമേ ഉണ്ടാകൂ, അതും പലപ്പോഴും കീറിപ്പറിഞ്ഞോ മിക്കപ്പോഴും ഇഷ്യൂഡായോ കിടക്കുന്നതായിരിക്കും.. കാമ്പസിന് പുറത്തുള്ള ഫോട്ടോകോപ്പി കടകളെ ആശ്രയിക്കുന്നതിനും പരിമിതികളുണ്ട്. ലൈബ്രറികളിൽ കാലഹരണപ്പെട്ട പുസ്തകങ്ങൾ മാത്രം ലഭ്യമായിരുന്ന ഒരു കാലത്ത് ഫിലോസഫി, മീഡിയ തിയറി, ആന്ത്രോപ്പോളജി, പരിസ്ഥിതി പഠനം തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നുകൊടുത്തത് ഇത്തരം ഷാഡോ ലൈബ്രറികളായിരുന്നു.. ഇവ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിലെ വിദ്യാർത്ഥികൾ ദശാബ്ദങ്ങൾ പഴക്കമുള്ള സിലബസുകളിൽ തന്നെ കുടുങ്ങിക്കിടക്കുമായിരുന്നു എന്നതാണ് വാസ്തവം.
കടം വാങ്ങിയ പുസ്തകങ്ങളിലൂടെയും, ഫോട്ടോകോപ്പി എടുത്ത അധ്യായങ്ങളിലൂടെയും, പി.ഡി.എഫ് (PDF) രൂപത്തിലുള്ള പെൻഡ്രൈവുകളിലൂടെയും അറിവുകൾ കൈമാറുന്ന ഒരു തനത് രീതി ഇന്ത്യയിൽ പണ്ടുമുതലേയുണ്ട്.. സൈ-ഹബ്ബും ലിബ്‌ജെനും ഈ വലിയ പാരമ്പര്യത്തിന്റെ ഏറ്റവും പുതിയ മുഖങ്ങൾ മാത്രമായിരുന്നു എന്നും ഇവയെ വെറും പകർപ്പവകാശ ലംഘനമോ പൈറസിയോ ആയി മാത്രം കാണുന്നത്, അവ ഇന്ത്യയിൽ വഹിച്ച വലിയ സാംസ്കാരിക പങ്കിനെ അവഗണിക്കുന്നതിന് തുല്യമാണ് എന്നും ഈ നിരോധനം ഇന്ത്യൻ അക്കാദമിക്സിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് എഴുതിയ ലേഖനത്തിൽ അനഹിത അലുവാലിയ വാദിക്കുന്നു.
( https://homegrown.co.in/homegrown-voices/when-the-library-went-dark-what-the-sci-hub-libgen-ban-means-for-indian-students)
ഇതേ സമയത്തുതന്നെ എൻ ലിസ്റ്റിൽനിന്ന് മിക്ക ജേർണലുകളും ഒഴിവാക്കപ്പെട്ടതും അതിനെ സെൽഫ് ഫിനാൻസ് സ്വഭാവത്തിലാക്കിയതും കൂനിന്മേൽ കുരു പോലെയായിത്തീർന്നു. വാണിജ്യ പ്രസാധകർ ഈടാക്കുന്ന ഭീമമായ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് നൽകാൻ ഭൂരിഭാഗം ഗവേഷകർക്കും വിദ്യാർത്ഥികൾക്കും സാധിക്കില്ല എന്ന് നിശ്ചയം. ഐ.ഐ.ടി പോലെയുള്ള ഉയർന്ന ഫണ്ടിങ്ങ് ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് പോലും വലിയ സാമ്പത്തിക ബാധ്യത കാരണം പല പ്രധാന ജേണലുകളും ലഭ്യമാക്കാൻ കഴിയുന്നില്ല. സൗജന്യ വിവരങ്ങൾ നൽകുന്ന ഇത്തരം സൈറ്റുകൾ ഇല്ലാതായാൽ, രാജ്യാന്തര തലത്തിൽ മറ്റ് രാജ്യങ്ങളിലെ ഗവേഷകരോടൊപ്പം കിടപിടിക്കാൻ ഇന്ത്യൻ ഗവേഷകർക്ക് സാധിക്കാതെ വരും.
രാജ്യത്തെ മുഴുവൻ ഗവേഷകർക്കും പഠന- ലേഖനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി “ഒരു രാജ്യം, ഒരു സബ്‌സ്‌ക്രിപ്‌ഷൻ” (One Nation, One Subscription – ONOS) എന്ന നയം ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്. എങ്കില്‍ഉം ഇത് പ്രവൃത്തിപഥത്തിലെത്തിക്കാൻ ഇതുവരെയായിട്ടില്ല. നിലവിൽ ഈ വെബ്സൈറ്റുകൾ നൽകുന്നതിന് തുല്യമായ വിശാല സേവനം നൽകാൻ ഇന്ത്യയിലെ ഏതെങ്കിലും ഔദ്യോഗിക ഏജൻസികൾക്ക് ആവുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന മുഴുവൻ ഗവേഷണ വിവരങ്ങളും ഇന്റർനെറ്റിൽ സൗജന്യമായി ലഭ്യമാക്കാൻ നിയമങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.
അക്കാദമിക ഗവേഷണരംഗത്തെ ഈ കുത്തകവത്കരണത്തിനെതിരെ അക്കാദമിക് സമൂഹത്തിൽനിന്നും പൊതുസമൂഹത്തിൽനിന്നും വലിയ മുന്നേറ്റമുണ്ടാവേണ്ടതുണ്ട്. അറിവ് എല്ലാവർക്കും പ്രാപ്യമാക്കുന്നതിനായി സർക്കാരുകളുടെയും അക്കാദമിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സ്വതന്ത്രമായ പ്ലാറ്റ്‌ഫോമുകൾ (Green Open Access, Repositories) രൂപപ്പെടുത്തുകയും പകർപ്പവകാശ നിയമങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ കൊണ്ടുവരികയും മാത്രമാണ് പരിഹാരം.
പിന്നുര:
ഓപ്പൺ സയൻസുമായി ബന്ധപ്പെട്ട പുതുപദാവലികൾ ഒന്ന് പരിചയപ്പെടാം ഓപ്പൺ സയൻസ് സാങ്കേതികപദസൂചികയിൽനിന്ന് മൊഴിമാറ്റിയത്.
Accepted manuscript (AM): പിയർ റിവ്യൂവിന് ശേഷം പ്രസിദ്ധീകരണത്തിനായി അംഗീകരിക്കപ്പെട്ട ലേഖനത്തിന്റെ പതിപ്പാണിത്. എന്നാൽ ഇതിൽ കോപ്പി-എഡിറ്റിംഗും ടൈപ്പ്സെറ്റിംഗും നടത്തിയിട്ടുണ്ടാകില്ല. ഇത് രചയിതാക്കൾക്ക് സ്വയം ആർക്കൈവ് ചെയ്യാവുന്നതാണ്.
Article processing charges (APCs): പിയർ റിവ്യൂ നിയന്ത്രിക്കുന്നത് മുതൽ ലേഖനം സർവ്വറുകളിൽ ലഭ്യമാക്കുന്നത് വരെയുള്ള പ്രസിദ്ധീകരണ പ്രക്രിയകൾക്കുള്ള ചെലവുകൾക്കായി, ഒരു ക്രിയേറ്റീവ് കോമൺസ് ലൈസൻസിന് കീഴിൽ ലേഖനം ഓപ്പൺ ആക്സസ് ആയി പ്രസിദ്ധീകരിക്കുന്നതിന് രചയിതാക്കൾ നൽകേണ്ട തുക.
APC/BPC/CPC Waivers/Discounts :സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള സാഹചര്യങ്ങളിൽ പൂർണ്ണമായും ഓപ്പൺ ആക്സസ് പ്രസിദ്ധീകരണങ്ങൾക്കുള്ള APC, BPC, അല്ലെങ്കിൽ CPC ചാർജുകളിൽ നൽകുന്ന ഇളവുകളോ ഒഴിവാക്കലുകളോ.
Author Choice: ഹൈബ്രിഡ് ജേണലുകളിൽ ഓപ്പൺ ആക്സസ് ആയി പ്രസിദ്ധീകരിക്കാൻ പ്രബന്ധസമർപ്പണം നടത്തുന്നവർക്കു ഓപ്ഷൻ നൽകുന്നത്.
Book processing charges (BPCs) : പുസ്തകം കമ്മീഷൻ ചെയ്യൽ, കോപ്പിഎഡിറ്റിംഗ്, പ്രൂഫ് റീഡിംഗ്, പ്രൊഡക്ഷൻ, പ്രചരണം, ഓൺലൈൻ ഹോസ്റ്റിംഗ് എന്നിവയുടെ എല്ലാ ചെലവുകളും ഉൾക്കൊള്ളുന്ന നിരക്ക്
.
C (സി)
Centralised funding: ലേഖനങ്ങൾ ഓപ്പൺ ആക്സസ് ആയി പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ ചെലവുകൾ ഗവേഷകർക്ക് പകരം ഫണ്ടിംഗ് ഏജൻസികളോ സ്ഥാപനങ്ങളോ വഹിക്കുന്ന രീതി.
Chapter processing charges (CPCs): പുസ്തകങ്ങളിലെ അധ്യായങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ എല്ലാ ചെലവുകളും ഉൾക്കൊള്ളുന്ന നിരക്ക്
Creative Commons (CC): പകർപ്പവകാശ ലൈസൻസുകൾ നൽകുന്ന ഒരു ലാഭരഹിത സ്ഥാപനം
Creative Commons (CC): licence: പകർപ്പവകാശ നിയമത്തിന് കീഴിൽ എഴുത്തുകാർക്ക് സൃഷ്ടികൾ പങ്കുവെക്കാനും ഉപയോഗിക്കാനും മാറ്റങ്ങൾ വരുത്താനും പൊതുജനങ്ങൾക്ക് അനുമതി നൽകുന്ന ലൈസൻസ്
Double dipping: ഹൈബ്രിഡ് ജേണലുകളിൽ വായനക്കാരിൽ നിന്നും സബ്സ്ക്രിപ്ഷൻ ചെലവുകൾ ഈടാക്കുന്നതിന് പുറമെ, ലേഖനങ്ങൾ ഓപ്പൺ ആക്സസ് ആയി പ്രസിദ്ധീകരിക്കുന്നതിന് പ്രസാധകർ രചയിതാക്കളിൽ നിന്ന് APC കൂടി ഈടാക്കുന്ന രീതി.
Diamond open access (OA): എഴുത്ത്കാർക്കും വായനക്കാർക്കും തികച്ചും സൗജന്യമായി ഓപ്പൺ ആക്സസ് പ്രസിദ്ധീകരണ മോഡൽ. സർവ്വകലാശാലകളോ ഗവേഷണ സ്ഥാപനങ്ങളോ ഗ്രാന്റുകളോ ആണ് ഇതിന്റെ പ്രസിദ്ധീകരണ ചെലവ് (APC) വഹിക്കുന്നത്
Embargo period: ഒരു ലേഖനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിനും, ആ ലേഖനത്തിന്റെ കൈയെഴുത്തുപ്രതി (AM) റെപ്പോസിറ്ററികളിൽ പൊതുവായി ലഭ്യമാക്കാൻ കഴിയുന്ന സമയത്തിനും ഇടയിലുള്ള കാലയളവ്. സാധാരണയായി ഇത് 6 അല്ലെങ്കിൽ 12 മാസമാണ്
Fully open access (OA):പൂർണ്ണ ഓപ്പൺ ആക്സസ്: പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണങ്ങളും വായനക്കാർക്ക് സൗജന്യമായി ലഭ്യമാകുന്ന മോഡൽ. ഇതിൽ സബ്സ്ക്രിപ്ഷൻ ഉള്ളടക്കം ഉൾപ്പെടുന്നില്ല, രചയിതാക്കൾ പ്രസിദ്ധീകരണ ചെലവായി APC നൽകണം
Fully open access (OA) agreement: സമ്പൂർണ്ണ OA ജേണലുകളിലെ പ്രസിദ്ധീകരണ ചെലവുകൾ ഉൾക്കൊള്ളുന്ന ഓപ്പൺ ആക്സസ് കരാർ
Fully open access (OA) journals : എല്ലാ ഉള്ളടക്കവും ഓപ്പൺ ആക്സസ് ആയി പ്രസിദ്ധീകരിക്കുകയും ഓൺലൈനിൽ ആർക്കും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്ന ജേണലുകൾ
Funding and policy support service: ഓപ്പൺ ആക്സസ് പ്രസിദ്ധീകരണ ചെലവുകൾ വഹിക്കുന്നതിനായി ഫണ്ടുകൾ കണ്ടെത്താനും അപേക്ഷിക്കാനും രചയിതാക്കളെ സഹായിക്കുന്ന സൗജന്യ സേവനം
Green open access (OA): ഒരു എംബാർഗോ കാലയളവിന് ശേഷം ഗവേഷണ ഫലങ്ങൾ (അക്സെപ്റ്റഡ് മാനുസ്ക്രിപ്റ്റ്) ഒരു ഓപ്പൺ ആക്സസ് റെപ്പോസിറ്ററിയിൽ സ്വയം ആർക്കൈവ് ചെയ്തു (Self-archiving) പൊതുവായി ലഭ്യമാക്കുന്ന രീതി
Gold open access (OA): ലേഖനങ്ങളോ പുസ്തകങ്ങളോ പ്രസാധകന്റെ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കുന്ന സമയത്ത് തന്നെ നേരിട്ട് ഓപ്പൺ ആക്സസ് ആയി ലഭ്യമാക്കുന്ന രീതി. ഗ്രീൻ OA-യിൽ നിന്ന് വ്യത്യസ്തമായി ഇത് ഉടനടി ലഭ്യമാവുകയും APC നൽകേണ്ടി വരികയും ചെയ്യും
Hybrid journal: സബ്സ്ക്രിപ്ഷൻ അധിഷ്ഠിതമെങ്കിലും,കൂടെ ലേഖനങ്ങൾ വേറിട്ട് ഓപ്പൺ ആക്സസ് ആയി പ്രസിദ്ധീകരിക്കാൻ കൂടി രചയിതാക്കൾക്ക് അവസരം നൽകുന്ന ജേണലുകൾ
License to publish: കൃതിയുടെ പകർപ്പവകാശം രചയിതാവിന് നിലനിർത്തിക്കൊണ്ടുതന്നെ, അവ പ്രസിദ്ധീകരിക്കാനും വിതരണം ചെയ്യാനും പ്രസാധകർക്ക് അവകാശം നൽകുന്ന കരാർ
Non-OA content : വരിക്കാർക്ക് (subscribers) മാത്രം വായിക്കാൻ കഴിയുന്ന സബ്സ്ക്രിപ്ഷൻ മോഡലിന് കീഴിൽ പ്രസിദ്ധീകരിക്കുന്ന ഗവേഷണങ്ങൾ. ഇതിൽ APC നൽകേണ്ടതില്ല
Open access (OA):ഗവേഷണ ലേഖനങ്ങളും പുസ്തകങ്ങളും യാതൊരു ഫീസും കൂടാതെ സൗജന്യമായി ഉടനടി ഓൺലൈനിൽ ലഭ്യമാക്കുന്ന രീതി
Open access agreement : സ്ഥാപനങ്ങളും പ്രസാധകരും തമ്മിലുള്ള കരാർ, ഇതിലൂടെ സ്ഥാപനവുമായി ബന്ധപ്പെട്ട രചയിതാക്കളുടെ പ്രസിദ്ധീകരണ ചാർജുകൾ ഭാഗികമായോ പൂർണ്ണമായോ ഒഴിവാക്കുന്നു
Open Choice : സബ്സ്ക്രിപ്ഷൻ അധിഷ്ഠിത ജേണലുകളിൽ ഓപ്പൺ ആക്സസ് പ്രസിദ്ധീകരണം തിരഞ്ഞെടുക്കാൻ രചയിതാക്കളെ അനുവദിക്കുന്ന രീതി
Open code : ഒരു ഗവേഷണത്തിലെ നിഗമനങ്ങളിൽ എത്താൻ ഉപയോഗിച്ച പുതിയ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് കോഡുകൾ സുതാര്യമായി എല്ലാവർക്കുമായി പങ്കുവെക്കുന്ന രീതി
Open data : ലേഖനങ്ങൾക്കും പുസ്തകങ്ങൾക്കും അടിസ്ഥാനമായി ഉപയോഗിച്ചിട്ടുള്ള ഏത് തരത്തിലുള്ള ഡാറ്റയും പരസ്യമായി പങ്കുവെക്കുന്ന രീതി
Open protocols: പരീക്ഷണങ്ങൾ നടത്തുന്നതിനോ ഡാറ്റ ശേഖരിക്കുന്നതിനോ ഉപയോഗിച്ച ഘട്ടം ഘട്ടമായുള്ള പ്രോട്ടോക്കോളുകൾ പങ്കുവെക്കുന്നത്. മറ്റ് ഗവേഷകർക്ക് ഈ പഠനങ്ങൾ കൃത്യമായി ആവർത്തിക്കാൻ ഇത് സഹായിക്കുന്നു
OA fee : ആർട്ടിക്കിൾ പ്രോസസ്സിംഗ് ചാർജുകൾ (APC) തന്നെയാണിത്
OA book partnerships: പുസ്തകങ്ങൾ അല്ലെങ്കിൽ അധ്യായങ്ങൾ ഓപ്പൺ ആക്സസ് ആക്കാൻ ആവശ്യമായ ചെലവുകൾ വഹിക്കാൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്ന കരാറുകൾ
OA transition: പരമ്പരാഗത സബ്സ്ക്രിപ്ഷൻ രീതികളിൽ നിന്ന് മാറി, ഗവേഷണങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി ഓപ്പൺ ആക്സസ് മോഡലുകളിലേക്ക് മാറാനുള്ള പ്രതിബദ്ധത
Open research: ഡാറ്റ, കോഡ് തുടങ്ങിയ എല്ലാ ഗവേഷണ ഔട്ട്പുട്ടുകളുടെയും സൗജന്യവും ഉടനടിയുള്ളതുമായ ഓൺലൈൻ ലഭ്യത
Open Science (OS) : പ്രസിദ്ധീകരണങ്ങൾ, പ്രീപ്രിന്റുകൾ, ഡാറ്റ, കോഡ്, പ്രോട്ടോക്കോളുകൾ തുടങ്ങി ഒരു ഗവേഷണത്തിന്റെ എല്ലാ ഘടകങ്ങളും പരസ്യമാക്കുകയും ഓപ്പൺ പിയർ റിവ്യൂ പോലുള്ള രീതികൾ പ്രയോഗിക്കുകയും ചെയ്യുന്ന സമ്പ്രദായം
Publish and read (PAR / P&R) : ഓപ്പൺ ആക്സസ് ആയി പ്രസിദ്ധീകരിക്കുന്നതിനുള്ള ചെലവുകളും പ്രസാധകന്റെ ജേണലുകൾ വായിക്കാനുള്ള അവകാശവും സംയോജിപ്പിച്ചുള്ള ഒരു ഫീസ് മോഡൽ
Publishing model : സബ്സ്ക്രിപ്ഷൻ വഴിയാണോ അതോ ഓപ്പൺ ആക്സസ് വഴിയാണോ വായനക്കാർക്ക് പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ ലഭ്യമാക്കേണ്ടതെന്ന് തീരുമാനിക്കുന്ന രീതി
Repository: ഒരു ഫണ്ടിംഗ് ബോഡിയുടെയോ ഗവേഷണ സ്ഥാപനത്തിന്റെയോ ധൈഷണികഫലങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ആർക്കൈവ്
Self-archiving: ഒരു എംബാർഗോ കാലയളവിന് ശേഷം രചയിതാവ് അവരുടെ സ്വീകരിക്കപ്പെട്ട കൈയെഴുത്തുപ്രതി (AM) ഓൺലൈനിൽ പൊതുവായി ലഭ്യമാക്കുന്ന പ്രക്രിയ
Subscription journal: പരമ്പരാഗത മാതൃകയിൽ വരിക്കാർക്ക് മാത്രം ലേഖനങ്ങൾ ലഭ്യമാക്കുന്ന ജേണലുകൾ. ഇതിൽ ലേഖകർക്ക് ആർട്ടിക്കിൾ പ്രോസസ്സിംഗ് ചാർജ് നൽകേണ്ടതില്ല
Transformative agreement (TA): ഒരു പ്രത്യേക പോർട്ട്ഫോളിയോയിലെ ഓപ്പൺ ആക്സസ് പ്രസിദ്ധീകരണ ചെലവുകൾക്ക് പിന്തുണ നൽകുന്നതോടൊപ്പം ജേണലുകളിലേക്ക് വായനാ സൗകര്യം (reading access) നൽകുകയും ചെയ്യുന്ന കരാർ.

