
എസ് സുധീഷ്
Published: 10 August 2026 സംസ്കാരപഠനം
ഡേറ്റ ദൈവമാണ്
ഉത്തരാധുനികതയുടെ ഡിജിറ്റല്‍ മുതലാളിത്തയുക്തികള്‍
ഭാഗം-16
ശന്തനു-സത്യവതി ബന്ധത്തിലും ശകുന്തള-ദുഷ്യന്തൻ ബന്ധത്തിലും അധികാര വിലപേശലിന് മറകളില്ല. സാമ്പത്തിക വിഭവാധികാരത്തിൽ പങ്കാളിത്തം എന്ന നിലയിൽ അവിടെ വിട്ടുവീഴ്ചകളില്ല. നാഗരിക ഭരണാധികാരിയുടെ പ്രത്യക്ഷ നിയന്ത്രണത്തിലില്ലാത്ത തീരപ്രദേശങ്ങളിലോ വനപ്രദേശങ്ങളിലോ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്തരം ഉപാധികൾ ഉണ്ടായി വരുന്നത്. മഹാഭാരതം ശകുന്തളോപാഖ്യാനത്തിലെ ഗാന്ധർവം കാളിദാസന്റെ കാലമെത്തുമ്പോൾ അധികാര പങ്കിന്റെ വിലപേശലില്ലാത്ത പ്രണയത്തിന്റെ വൈകാരിക പ്രതിസന്ധിയായി മാറി മറയുന്നുണ്ട്. അവിടെ സാമ്പത്തിക വിഭവാധികാരത്തിനു വേണ്ടി വേണ്ടിയുള്ള പ്രത്യക്ഷമായ വിലപേശൽ പിന്തള്ളപ്പെടുന്നു. രാജാവും പ്രജയും തമ്മിലുള്ള ബന്ധത്തിൽ പ്രജാപക്ഷത്തിന്റെ സാമ്പത്തിക വിഭവാധികാരം എന്ന ആവശ്യം വിദഗ്ധമായി മറവു ചെയ്യപ്പെടുകയും പ്രജാക്ഷേമത്തെയും പ്രജയുടെ വിധേയത്വത്തെയും സംബന്ധിക്കുന്ന വൈകാരിക ആഖ്യാനം എന്ന നിലയിൽ അത് മഹാഭാരതത്തിലെ ശാകുന്തളോപാഖ്യാനം എന്ന ഒറിജിനലിനെ ഇല്ലാതാക്കുകയും (ബോദ്രിലാദ്) അപനിർമ്മിക്കുകയും (ദെറീദ) ചെയ്യുന്നു.
അധീശനും വിധേയനും തമ്മിലുള്ള വിഭവ സാമ്പത്തിക അധികാരബന്ധത്തെ ഭക്തിയുടെ ആധ്യാത്മിക അനുഭൂതി ഉപയോഗിച്ചോ രതിയുടെ ജൈവ ശാസ്ത്ര അനുഭൂതി ഉപയോഗിച്ചുകൊണ്ടോ പിന്തള്ളുമ്പോഴും അത്തരം അനുഭൂതികളുടെ സിഗ്നിഫൈഡ് വിഭവസാമ്പത്തിക അധികാര വൈരുധ്യത്തെ തന്നെയായിരുന്നു. കന്നുകാലി പറ്റവും ഭൂമിയുമായിരുന്നു പ്രാചീനകാലത്തെ വിഭവസമ്പത്ത്. അതിന്റെ ഉടമസ്ഥത രാജാവിനായിരുന്നു. രാജാവ് ഭൂപാലകനും ഗോപാലകനും ( ശ്രീകൃഷ്ണൻ ) ആയിരുന്നു. കാലാന്തരത്തിൽ രാജാവിന്റെ ഭൂപാലന അധികാരത്തിൽ വിട്ടുവീഴ്ചകൾ ഉണ്ടാവുകയും നാടുവാഴികളും ജന്മികളും ഉണ്ടാവുകയും രാജവാഴ്ച അനുരഞ്ജനമായി തീരുകയും ചെയ്യുന്നുണ്ട്. നാടുവാഴിത്തത്തിന്റെ കാലഘട്ടത്തിൽ എത്തുമ്പോഴും സാമ്പത്തിക വിഭവാധികാരിയായ ഉടമയും അയാൾക്ക് കീഴ്പ്പെട്ട അടിമയും തമ്മിൽ അടിമത്ത കാലത്തുണ്ടായിരുന്ന ബന്ധത്തിന് കൂടുതൽ കൂടുതൽ ആഴവും വൈകാരിക പിരിമുറുക്കവും ഉണ്ടായി വരുന്നതായി കാണാം. മനുഷ്യൻ എന്നത് ദൈവത്തിന്റെ അടിമയാണെന്ന സിദ്ധാന്തം അടിമ ഉടമ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അടിമത്തത്തെ പ്രത്യയശാസ്ത്രപരമായി സ്ഥിരീകരിക്കാൻ ശ്രമിക്കുന്നതായി കാണാം. മനുഷ്യൻ ദൈവത്തിന്റെ നിയോഗമാണ്. നിയോഗം എന്ന സങ്കൽപനം ഖസാക്കിന്റെ ഇതിഹാസത്തിൽ ഉപയോഗപ്പെടുത്തുന്നതും നോക്കുക. മനുഷ്യൻ എവിടെ ജനിക്കണമെന്നും എന്ത് ദൗത്യം നിർവഹിക്കണമെന്നും ഉള്ളത് മനുഷ്യന്റെ ഇച്ഛയ്ക്ക് അതീതമാണ് എന്ന് പറയുന്നിടത്തും അടിമ അതിശക്തമായി പുനരുദ്ധരിക്കപ്പെടുകയും കായികവും മാനസികവുമായ അടിമത്തം സാധൂകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കോളിൻസ് മദാമയുടെ ‘ഘാതകവധ’ത്തിൽ അടിയൻ ജാതിയുടെ വിവേചന ബന്ധത്തിൽ നിന്ന് മോചനം ആഗ്രഹിക്കുന്നതിന്റെ കാരണം വിശദീകരിക്കുന്നത് കാണുക. കൈകളിലെ ജാതി ചങ്ങല അഴിച്ചു മാറ്റിയാൽ അവന്റെ കൈകൾ സ്വതന്ത്രമായി ഉപയോഗിച്ച് പൂർവ്വാധികം അർപ്പണ മനസ്സോടെ യജമാനനെ സേവിക്കാൻ കഴിയും എന്നതാണ്. ജന്മിയുടെ കുടുംബത്തിൽ ഒരു പുതുപ്പിറവി സംഭവിക്കുന്നു എന്ന് കേട്ടപാടെ ആനന്ദ നൃത്തം ചെയ്യുന്ന തലപ്പുലയന്റെ ചിത്രം രണ്ടിടങ്ങഴിയുടെ മുഖവുരയിൽ തകഴി രേഖപ്പെടുത്തുമ്പോഴും സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ഹൃദയത്തിലും അടിമ ഉടമ ബന്ധത്തിന്റെ അഴകാർന്ന നൈതിക പിരിമുറുക്കങ്ങൾ ഉണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നത്. ജന്മിത്തത്തിന്റെയും കാർഷിക മുതലാളിത്തത്തിന്റെയും വ്യാവസായിക മുതലാളിത്തത്തിന്റെയും പടികടന്ന് ധനകാര്യ കമ്പോള മുതലാളിത്തത്തിന്റെ ഘട്ടത്തിൽ എത്തുമ്പോൾ മൂലധന ശക്തിയും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തിൽ അടിമ ഉടമ ബന്ധത്തിന്റെ നേർക്കാഴ്ചകളില്ല. മൂലധന നിക്ഷേപ നിക്ഷേപകനും നിർമ്മാതാവായ തൊഴിലാളിയും തമ്മിലുള്ള വൈരുധ്യം അവിടെ പ്രത്യക്ഷമാവുന്നുണ്ട്. തൊഴിലാളിയുടെ സാമ്പത്തിക വിഭവാധികാര വിലപേശൽ സജീവമാവുകയും അതിനെ മറികടന്നുകൊണ്ട് ഉൽപ്പാദന അധികാര ഉടമസ്ഥനായ മൂലധന നിക്ഷേപകൻ പാദാർത്ഥിക നിർമ്മിതിയുടെ മിച്ച മൂല്യ വിലപേശലിനു വേണ്ടി കമ്പോളം വികസിപ്പിച്ചെടുക്കുകയും കാലാന്തരത്തിൽ തൊഴിലാളിയിൽ തൊഴിലാളിയുടെ വിലപേശൽ പാർശ്വവൽക്കരിക്കപ്പെടുകയും കർത്താവായ തൊഴിലാളി മരിക്കുകയും ചെയ്യുന്നു. നീ പണിയുന്ന മാളിക അനേകം ആളുകളുടെ അധ്വാനം കൊണ്ട് പണിയുന്നതായി നീ കരുതുമ്പോഴും നീയല്ല ദൈവമാണ് എല്ലാ മാളികകളും നിർമ്മിക്കുന്നത് എന്ന ദൈവപ്രമാണത്തിന്റെ നിരാസമായിരുന്നു ബ്രഹ്തിൻ്റെ കാവ്യം. മാളിക പണിയുന്നത് തൊഴിലാളികളാണ് എന്ന് ബ്രക്ത് മാത്രമല്ല ഒക്ടേവിയ പാസ് പോലും പറയുന്ന സാഹചര്യത്തിലാണ് കർത്താവിന്റെ മരണം സംഭവിക്കുകയും കമ്പോള നിർമ്മിതിയുടെ സ്ഥലവും കാലവുമായി തീരുകയും ഉപഭോക്താവ് അല്ലെങ്കിൽ വായനക്കാരൻ നിർമ്മിതിയെ അപനിർമ്മിക്കുന്നു എന്നൊരു വാദഗതി ബാർത്ത് മുതൽ റീഡർ ഓറിയന്റ് സിദ്ധാന്തം വരെ ഉണ്ടായി വരികയും ചെയ്യുന്നത്. അടിമയുടെ മനശാസ്ത്രത്തെ പുതിയൊരു മാനത്തിൽ പുനരുദ്ധരിക്കുമ്പോഴാണ് കമ്പോളം അതിന്റെ ആഖ്യാനങ്ങൾ കൊണ്ട് പാദാർത്ഥിക ഉൽപ്പന്നങ്ങളെ അപനിർമ്മിക്കുകയും അപനിർമ്മിതിയിലൂടെ അല്ലെങ്കിൽ ആഖ്യാന നിർമ്മിതി എന്ന ചരക്കുവൽക്കരണത്തിന്റെ ഫലമായി ആഖ്യാനത്തെ വിലകൊടുത്തു വാങ്ങുകയും അത് തങ്ങളുടെ ആവശ്യമാണെന്ന് കരുതുകയും ചെയ്യുന്ന ഉപഭോക്തൃ സമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നത്. ഷോപ്പിംഗ് മോളിൽ കയറി തിരഞ്ഞെടുപ്പ് നടത്തുന്ന ഓരോ ഉപഭോക്താവും തന്റെ ആവശ്യമനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് എന്ന് കരുതുന്നുവെങ്കിലും തന്റെ ആവശ്യം താൻ തന്നെയാണ് തീരുമാനിക്കുന്നത് എന്ന് കരുതുന്നുവെങ്കിലും, അവിടെ ബൈബിൾ തൊഴിലാളിയുടെ തൊഴിലാളികളുടെ നിർമ്മിതിയെപ്പറ്റി നിരത്തിയ വാദമുഖം മറ്റൊരു തരത്തിൽ ഇവിടെ യാഥാർത്ഥ്യമായി തീരുന്നു. പാദാർത്ഥിക ഉൽപ്പന്നത്തെ അപനിർമ്മിക്കുന്നത് പാദാർത്ഥിക യാഥാർത്ഥ്യത്തെ അടിക്കടി പരസ്യ ആഖ്യാനങ്ങൾ കൊണ്ട് പുതുക്കി നിർമ്മിച്ച് അതിന്റെ അർത്ഥങ്ങൾ മാറ്റിവെയ്ക്കപ്പെടുകയാണ് എന്ന പ്രതീതി ജനിപ്പിക്കുന്നത് കമ്പോളമാണ്. ഒരു പാദാർത്ഥിക ഉൽപ്പന്നത്തെ ചുരുങ്ങിയ ഒരു കാലം കൈവശം വെക്കുന്ന ഉപഭോക്താവ് അതിന്റെ ഉപയോഗത്തെ പരിഗണിക്കാതെ കുറഞ്ഞൊരു കാലം കഴിഞ്ഞ മറ്റൊരു മോഡൽ വാഹനം വാങ്ങുമ്പോൾ പാദാർത്ഥിക ഉൽപ്പന്നത്തിന്റെ മാറ്റിവെയ്ക്കപ്പെട്ട അർത്ഥത്തെ, ഏറ്റവും ഒടുവിലത്തെ ആഖ്യാനത്തെയാണ് വിലയ്ക്കു വാങ്ങുന്നത്. തൊഴിലാളി പാർശ്വവൽക്കരിക്കപ്പെടുകയും ഉപഭോഗം ഒരു സുഖാനുഭവമായി തീരുകയും ചെയ്യുന്നത് പാദാർത്ഥിക ഉൽപ്പന്നത്തെ വായിക്കുമ്പോൾ ഉപഭോക്താവ് പാദാർത്ഥിക ഉൽപ്പന്നത്തെയല്ല അതിന്റെ ആഖ്യാനത്തെയാണ് വായിക്കുന്നത് എന്നതുകൊണ്ടാണ്. ഇവിടെ ഉപഭോക്താവല്ല ആവശ്യത്തെ സംബന്ധിക്കുന്ന തീരുമാനമെടുക്കുന്നത്. ബൈബിളിൽ പറയുന്നതുപോലെ ആഖ്യാനം എന്ന നിർമ്മിതിയും അതിൽ നിന്ന് ഉൽപ്പന്നമാവുന്ന അതി ഭാവുകത്വപരമായ ആവശ്യവും കമ്പോള ദൈവത്തിന്റെ കൃതികളാണ്. കമ്പോള മുതലാളിത്തത്തിന്റെ കാലത്ത് കലയും കലേതരവും തമ്മിലുള്ള വേർതിരിവ് എന്നപോലെ കലയും വ്യാജകലയും തമ്മിലുള്ള വേർതിരിവും ഇല്ലാതായി തീരുന്നതിന് കാരണം പാദാർത്ഥിക യാഥാർത്ഥ നിരപേക്ഷമായ ചിഹ്നം അല്ലെങ്കിൽ ആഖ്യാനമാണ് പ്രതിയാഥാർത്ഥ്യമാണ് യാഥാർത്ഥ്യത്തിന്റെ ശരിയായ രൂപമെന്ന സിദ്ധാന്തത്തിന്റെ ബലത്തിൽ മാത്രമാണ്. അങ്ങനെ ഇത് കമ്പോള മുതലാളിത്തത്തിന്റെ സിദ്ധാന്തമാണ് എങ്കിൽ പോലും വിഭവ സാമ്പത്തിക ചൂഷണ ബന്ധങ്ങളെ ജ്ഞാനവൽക്കരണ മുറകൾ കൊണ്ട് തമസ്കരിക്കുന്ന നവീന ആശയവാദ സങ്കേതം മാത്രമാണ്. സത്യവതിയുടെയോ ശകുന്തളയുടെയോ വിലപേശൽ ശക്തിയെ എങ്ങനെയാണ് പിൽക്കാലത്ത് ദൈവശാസ്ത്രപരമായ വാദം കൊണ്ട് വിധേയത്വത്തിന്റെ ആനന്ദമാക്കി മാറ്റിയത് എന്ന് നാം കണ്ടു. കമ്പോള മുതലാളിത്തം പാദാർത്ഥിക വസ്തുവിനെ ചരക്കുവൽക്കരിക്കുക എന്ന മാർഗം വെടിഞ്ഞ് പാദാർത്ഥിക വസ്തുവിനെ അപനിർമ്മിക്കുന്ന ആഖ്യാനങ്ങളിലൂടെ അധീശവർഗ അധിനിവേശ മൂല്യങ്ങളെ ചരക്കുവൽക്കരിക്കുന്നു. പദാർത്ഥത്തിന്റെ ആശയവാദപരമായ അപനിർമ്മിതി ആശയങ്ങളുടെ ചരക്കുവൽക്കരണത്തിലൂടെ ഉപഭോക്താവിനെ മയക്കി കിടത്തിയിട്ട് അയാളെ കൊള്ള ചെയ്യുന്നു. വിലപേശലില്ലാതെ ഈ പകൽക്കൊള്ള കസ്റ്റമർ എന്ന ഉപഭോക്താവിന് ആനന്ദ അനുഭവമായി തീരുന്നു. ഒരു വിഗ്രഹം ഭക്തന് കല്ലിലോ ലോഹത്തിലോ തീർത്ത പാദാർത്ഥിക വസ്തുവല്ല എന്ന് പറയുന്നതുപോലെ ഒരു സോപ്പുകട്ടയോ സാരിയോ ഉപഭോക്താവിന് പാദാർത്ഥിക വസ്തുവല്ല ആത്മ സുരതാനുഭവത്തിന്റെ ഉപാധിയാണ്. അത് ആവശ്യ നിയമങ്ങളെ ലംഘിക്കുന്ന വിധേയത്വ സുഖാനുഭൂതിയാണ്.
മാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്ന വാർത്താ വിഭവമോ സീരിയലോ പരസ്യചിത്രമോ ചലച്ചിത്രമോ സാഹിത്യ കൃതിയോ ഒക്കെ തന്നെ ചിഹ്നങ്ങളോ ആഖ്യാനങ്ങളോ ആണ് എങ്കിൽ എന്താണ് അവയുടെയൊക്കെ സിഗ്നിഫൈഡ് എന്ന ചോദ്യം ഉയരുന്നു. ഒരു ദൈവ സങ്കീർത്തനത്തിന്റെ ആഖ്യാനത്തിന്റെ സിഗ്നിഫൈഡ് തണുത്തുറഞ്ഞ ശിലാ വിഗ്രഹത്തെ ഉപജീവിക്കുന്നുവെങ്കിലും ആ ശിലാ വിഗ്രഹത്തിന്റെ അപനിർമ്മിതിയായ വിശ്വാസാനുഭൂതിയും ദൈവശാസ്ത്രവുമാണ് അതിന്റെ സിഗ്നിഫൈഡ് എന്ന് പറയാവുന്നതാണ്. [അതിന്റെ ആത്യന്തിക സൂചിതമെന്നത് അധീശ സ്ഥാനീയനായ സാമ്പത്തിക വിഭവാധികാരിയും ചൂഷിതനായ അടിമയും തമ്മിലുള്ള അധീശത്വ വിധേയത്വ ബന്ധമാണ് എന്നത് മറ്റൊരു വസ്തുത.] അതുപോലെ ഒരു വർത്തമാനകാല സാഹിത്യകൃതിയുടെ സിഗ്നിഫൈഡ് എന്നത് പദാർത്ഥിക വിഭവമല്ല, മറിച്ചു കമ്പോളമാണ് എന്ന് പറയേണ്ടി വരുന്നു. ദൈവശാസ്ത്ര അതി ഭൗതിക തത്വശാസ്ത്രം മുതൽ ഊഹക്കച്ചവടം വരെയുള്ള എല്ലാ ജീവിത വ്യവഹാര മേഖലകളെയും സമൂഹത്തിന്റെ ആവശ്യങ്ങളെയും വ്യാഖ്യാനിക്കുന്നത് കമ്പോളമാണ്. തണുത്തുറഞ്ഞ കൽവിഗ്രഹത്തിന്റെ സ്ഥാനമാണ് ആധുനിക കമ്പോളത്തിൽ പാദാർത്ഥിക ഉൽപ്പന്നത്തിനുള്ളത്. നെയ്യഭിഷേകവും പാലഭിഷേകവും ചെയ്യുന്നത് വിഗ്രഹത്തിന്മേലാണ് എന്നതുപോലെ കൊള്ളവില നേദിക്കുന്നത് പാദാർത്ഥിക ഉൽപ്പന്നത്തിലാണ് എന്ന് മാത്രമാണ്. ഭക്തന്മാരിൽ നിന്ന് ബഹുശതം കോടികൾ കൊയ്തെടുക്കുന്ന ദൈവവിശ്വാസ കമ്പോളത്തിൽ ചരക്കുവൽക്കരിക്കപ്പെടുന്നത് വിഗ്രഹമല്ല മറിച്ച് വിശ്വാസ ആഖ്യാനമാണ് എന്ന് പറയുന്നതുപോലെ പ്രജകളിൽ നിന്ന് പൗരന്മാരിൽ നിന്ന് ഉപഭോക്താക്കളിൽ നിന്ന് ബഹുശതം കോടികൾ കൊയ്തെടുക്കുന്ന മുതലാളിത്ത കമ്പോളത്തിൽ ചരക്കുവൽക്കരിക്കപ്പെടുന്നത് പാദാർത്ഥിക ഉൽപ്പന്നമല്ല മൂല്യങ്ങളുടെ ആഖ്യാനമാണ്. ഇന്നത്തെ മാധ്യമ സങ്കേതത്തിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ സാഹിത്യ കലാകൃതികളും കാലേതര കൃതികളും ഒരേപോലെ മൂല്യങ്ങളുടെ ചരക്കുവൽക്കരണമാണ് നിർവഹിക്കുന്നത്. അതുകൊണ്ടാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ പെൺവേട്ടയും സൂര്യനെല്ലിയുടെ മാധ്യമ ആഖ്യാനത്തിലെ പെൺവേട്ടയും മൂല്യങ്ങളെ ഒരേപോലെ ചരക്കുവൽക്കരിക്കുന്നു എന്ന് പറയുന്നത്. ഖസാക്കിന്റെ ഇതിഹാസം വേട്ടക്കാരനായ രാജാവിന്റെ പക്ഷത്തുനിന്നുകൊണ്ടും സൂര്യനെല്ലിയുടെ മാധ്യമ വാർത്താ ആഖ്യാനം വേട്ടയ്ക്കിരയായ പ്രജാപക്ഷത്തുനിന്നുകൊണ്ടും നൈതിക മൂല്യങ്ങളുടെ ചരക്കുവൽക്കരണം നടത്തുന്ന രണ്ടിന്റെയും സിഗ്നിഫൈഡ് സാമ്പത്തിക വിഭവ ചൂഷണ സാമ്രാജ്യമായ കമ്പോളം തന്നെയാണ്. സാമ്പത്തിക വിഭവ ചൂഷണ അധികാരത്തിന്റെ സിഗ്നിഫയർ എന്ന നിലയിലാണ് അവിടെയൊക്കെ ലൈംഗിക അസന്മാർഗ്ഗിക എപ്പിസോഡുകൾ വിവരിക്കപ്പെടുന്നത്.

