എസ് സുധീഷ്

Published: 10 May 2026 സംസ്കാരപഠനം

ഡേറ്റ ദൈവമാണ്

ഉത്തരാധുനികതയുടെ ഡിജിറ്റല്‍ മുതലാളിത്തയുക്തികള്‍
ഭാഗം-13

പണമുതലാളിത്തത്തിന്റെ കാലത്ത് സ്ത്രീപുരുഷ ബന്ധത്തിന്റെ സാമൂഹിക നിയമ പരിമിതിക്കുള്ളിൽപ്പെടുന്ന ലൈംഗിക ബന്ധങ്ങൾ എന്നപോലെ ഒരു ആ സാമൂഹിക നിയമത്തിന്റെ പരിധികളെ മുറിക്കുന്ന ലൈംഗിക ബന്ധങ്ങൾക്കും അവസരം ഉണ്ടാക്കി കൊടുക്കുന്നത് പണം തന്നെയാണ്. സാമ്പത്തിക രാഷ്ട്രീയ അധികാര സ്ഥാനത്തുനിൽക്കുന്ന ധനികനായ പുരുഷന് സ്ത്രീകളെ ദാമ്പത്യേതര ബന്ധത്തിനോ വിവാഹപൂർവ്വ ബന്ധത്തിനോ വഴക്കിയെടുക്കുക താരതമ്യേന എളുപ്പമുള്ള കാര്യമായിരുന്നു. ഇത്തരത്തിൽ സ്ത്രീകളെ ആവശ്യ നിയമ പരിഗണനകളില്ലാതെ പുരുഷ വിഷയാസക്തിയുടെ ഉപഭോക്താക്കളാക്കി തീർക്കുക എന്നത് പണമുതലാളിത്തത്തിന്റെ തന്നെ ആവശ്യമാണെങ്കിൽ പോലും ആവശ്യ നിയമത്തിന്റെ എല്ലാ വിലക്കുകളും പൊട്ടിച്ചെറിയുന്ന ബൃഹത്തായ ഒരു ഉപഭോക്തൃ സ്ത്രീ സമൂഹം രൂപപ്പെടേണ്ടത് കമ്പോള ലാഭ വ്യാപാരത്തിന്റെ താല്പര്യമാണ് എന്ന് വരുമ്പോൾ ഉപഭോഗ ക്രീഡയുടെ പ്രേരണ എന്ന നിലയിൽ പണത്തിന് വലിയ പരിമിതികൾ ഉണ്ടാകുന്നു.
ആ സാഹചര്യത്തിലാണ് പണമല്ല വിവര വിഭവം (ഡാറ്റ) ആണ് സർവ്വശക്തം എന്ന നിലപാടിൽ നിന്നുകൊണ്ട് ആശയങ്ങളുടെ ചരക്കുവൽക്കരണം എന്ന് വിളിക്കാവുന്ന ആഖ്യാനങ്ങൾ രൂപപ്പെടുന്നത്. ലാഭത്തിന്റെ കാമ്പോളിക ക്കുതിപ്പ് ലക്ഷ്യമിടുന്ന ആധുനിക കമ്പോളം പണമല്ല ഭൗതിക പദാർത്ഥമല്ല ചിഹ്നമാണ് ആഖ്യാനമാണ് അർത്ഥാനുഭവങ്ങൾ ഉല്പാദിപ്പിക്കുന്നത് എന്ന നിലപാടിൽ എത്തിച്ചേരുന്നു.

എന്താണ് ഒരു കലാകൃതിയുടെ സൂചിതം (സിഗ്നിഫൈഡ്) എന്നതിനെ സംബന്ധിച്ച അന്വേഷണം നിശ്ചയമായും ഭൗതിക പാദാർത്ഥികമായ സാമ്പത്തിക രാഷ്ട്രീയ അധികാര ഘടനയിൽ തന്നെയാണ് ചെന്നെത്തുക. ലൈംഗിക ധാർമ്മിക ച്യുതിയുടേയും അപര രതിയുടേയും പ്രതിസന്ധി അഴുകുന്ന അധികാര വ്യവസ്ഥയുടെ പ്രതിസന്ധിയായാണ് അടയാളപ്പെടുത്തുന്നത്.
ഈ പ്രശ്നത്തെ മുൻനിർത്തി വിശദീകരിച്ചതാണ്. ലൈംഗികതയെ സംബന്ധിച്ച് മനുഷ്യ സമൂഹം നിർമ്മിച്ച ആവശ്യ നിയമങ്ങളെ തകർക്കുന്ന പ്രതിസന്ധി ഉണ്ടാകുന്നത് രാഷ്ട്രീയ സാമ്പത്തിക അധികാരത്തിനു വേണ്ടിയുള്ള കൊലപാതകങ്ങൾ സാധൂകരിക്കപ്പെടുമ്പോഴാണ്. പരശുരാമന്റെ മാതൃഹത്യ ദ്രാവിഡമായ അമ്മവാഴ്ച വ്യവസ്ഥയെ (മാട്രിയാർക്കി) തകർത്തുകൊണ്ട് ആര്യബ്രാഹ്മണാധിപത്യം മലയാളത്തിൽ കൊടികുത്തി നടന്നതിന്റെ അടയാളമാണ് എന്നത് പോലെ ഭർതൃഹത്യ നടത്തുന്നവനെ കിടപ്പറയിലേക്ക് സ്വീകരിക്കുക എന്നത് ഭർത്താവായ രാജാവിന്റെ ജേതാവിന് കീഴ്പ്പെട്ടു കൊടുക്കുക എന്നത് രാജ്ഞിയെ സംബന്ധിക്കുന്ന രാജനീതിയും ലോകനീതിയും ആയിരിക്കുന്ന സാഹചര്യത്തിൽ മകൻ ഭർതൃ ജേതാവിന്റെ ഘാതകന്റെ സ്ഥാനത്ത് വരുമ്പോൾ അധികാര വ്യവസ്ഥയുടെ നീതിശാസ്ത്രം കീഴ്മേൽ മറിയുകയാണ്.
ലൈംഗിക ബന്ധത്തിന്റെ പ്രതിസന്ധി അധികാര വ്യവസ്ഥയുടെ പ്രതിസന്ധിയെ സംബന്ധിക്കുന്ന രൂപകമായി മാറുന്നു. ശ്രീരാമനും സീതയും തമ്മിലുള്ള ബന്ധത്തെ പ്രതിസന്ധി വൽക്കരിക്കുന്നത് രാഷ്ട്രീയ അധികാര വിലപേശലാണ് എന്നതും പാഞ്ചാലിയുടെ ഉടുവസ്ത്രം അഴിയുമ്പോൾ അഴിഞ്ഞു വീഴുന്നത് മനുഷ്യ ബന്ധത്തെ മുറിക്കുന്ന മഹായുദ്ധം എന്ന കൂട്ടക്കൊലയ്ക്ക് പിന്നിൽ പതിയിരിക്കുന്ന രാഷ്ട്രീയ അധികാര ദുർമോഹമാണ് എന്നതും വ്യക്തമാണ്. ഇവിടെയൊക്കെ സ്ത്രീയുടെ ലൈംഗിക ജീവിതത്തിൽ സംഭവിക്കുന്ന അത്യാഹിതം രാഷ്ട്രീയ അധികാര ബന്ധമായ രാജധർമ്മത്തിന്റെ അപചയത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇവിടെയെല്ലാം ലൈംഗികതയിലെ പ്രതിസന്ധി സൂചകവും, (സിഗ്നിഫയർ) സ്ത്രീ പുരുഷ ബന്ധാഖ്യാനത്തിലെ അപശ്രുതി സൂചകവും സാമ്പത്തിക രാഷ്ട്രീയത്തിലെ പ്രതിസന്ധി സൂചിതവുമാണ്.
പ്രത്യുല്പാദന ശേഷിയില്ലാത്ത ദശരഥനും പാണ്ഡുവും ധൃതരാഷ്ട്രരും പ്രസാധനം ചെയ്യുന്ന വന്ധ്യത ഭൗതിക സാമ്പത്തിക അധികാര സ്ഥാനങ്ങൾ കൈയാളുന്നവരുടെ രാഷ്ട്രീയ വന്ധ്യതയെയാണ് സൂചിപ്പിക്കുന്നത്. ബുദ്ധിപരമായ വന്ധ്യതയെയാണ് സൂചിപ്പിക്കുന്നത്. ഒരു ഭൗതിക സാമ്പത്തിക രാഷ്ട്രീയ അവസ്ഥ കെട്ടുപോകുന്നതിന്റെ വന്ധ്യമാകുന്നതിന്റെ സൂചിതമാണ് ഇത്. അങ്ങനെ വരുമ്പോൾ സുരത കേന്ദ്രീകൃതമായ ‘ഖസാക്കിന്റെ ഇതിഹാസ ‘ത്തിന്റെ സൂചിതം എന്ത് എന്ന അന്വേഷണത്തിലും സുരതം ഒരു ചിഹ്നമാണ് ചിഹ്നം മാത്രമാണ് എന്നും അതിന്റെ സൂചിതം ആധുനിക കമ്പോളമാണ് എന്നും കാണുവാൻ കഴിയും. ആഖ്യാനങ്ങൾ രതി പ്രധാനമാകുമ്പോൾ അവ ലൈംഗിക സ്വാതന്ത്ര്യത്തിന്റെയോ ദുസ്വാതന്ത്ര്യത്തിന്റെയോ മാത്രം പ്രശ്നമായി കാണുക വയ്യ.
മഹാഭാരതവും രാമായണവും പ്രാചീന ഭാരതത്തിൽ വിവിധ കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന സാമ്പത്തിക രാഷ്ട്രീയ അധികാര വ്യവസ്ഥകളെ സംബന്ധിക്കുന്ന ആഖ്യാനമാണ്. ആ സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥയുടെ ഉദാത്തീകരണമല്ല മറിച്ച് അവയുടെ അപര്യാപ്തതകളെ സംബന്ധിച്ച മഹാവിമർശനങ്ങളാണ് ആ കൃതികൾ. വിവര സാങ്കേതിക വിദ്യയുടെ സ്ഫോടനാത്മകമായ കുതിപ്പിന്റെ കാലഘട്ടത്തിൽ പണം വിവര വിഭവ ശേഷിക്ക് കീഴ്പ്പെടുകയും പാദാർത്ഥിക വസ്തുവിന്റെ വിവര വിഭവവൽക്കരണം ലാഭ വ്യവഹാരത്തിന്റെ മുഖ്യോപാധിയുമായി തീരുന്നു. ലാഭം എന്നത് സാമ്പത്തിക വിഭവ ചൂഷണ പ്രക്രിയയാണ്. കമ്പോളം സാർവ്വദേശീയ ബൃഹദാഖ്യായികയായി വികസിക്കുന്നതിനനുസരിച്ച് ലാഭ ചൂഷണ വ്യവഹാരത്തിനും വമ്പിച്ച വളർച്ചയുണ്ടാകുന്നു. പണം ലാഭത്തിന്റെ അളവ് തിട്ടപ്പെടുത്താനുള്ള സങ്കേതം എന്ന നിലയിലും ധനകാര്യ വ്യാപാര സങ്കേതം എന്ന നിലയിലും ലാഭ വളർച്ചയിൽ അതിന്റെ പങ്ക് നിർവ്വഹിക്കുന്നുണ്ടെങ്കിലും വിവര വിഭവാധികാരമാണ് ആധുനിക കമ്പോള രാഷ്ട്രീയ വ്യവസ്ഥയിൽ ലാഭ വ്യവഹാര ക്രിയയിൽ മുഖ്യ പങ്ക് വഹിക്കുന്നത്. ഒരു പാദാർത്ഥിക ഉല്പന്നത്തെ മുൻനിർത്തി വിവര വിഭവ വ്യവഹാര ചരക്കുവൽക്കരണം നടത്തുകയും അങ്ങനെ രൂപപ്പെടുന്ന ആഖ്യാനങ്ങൾ ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ എന്തെന്ന് തീരുമാനിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുകയും കാമ്പോളികആഖ്യാനങ്ങൾ ജനങ്ങളുടെ ആവശ്യം എന്തെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. പാദാർത്ഥിക ഉല്പന്നവും വിഭവവും ആഖ്യാനവും തമ്മിൽ വിടവ് വർദ്ധിക്കുമ്പോൾ ആഖ്യാനം വിലകൊടുത്തു വാങ്ങാനുള്ള ഉപാധിയായി പാദാർത്ഥിക ഉല്പന്നം ചുരുങ്ങുകയും ജനങ്ങൾ ആഖ്യാനങ്ങളുടെ ഉപഭോക്താക്കളായി മാറുകയും ചെയ്യുന്നു. പാദാർത്ഥിക യാഥാർത്ഥ്യത്തിൽ നിന്ന് ജനങ്ങളെ അന്യവൽക്കരിക്കുന്ന പ്രതിയാഥാർത്ഥ്യപരമായ ആഖ്യാനങ്ങളിലൂടെയാണ് കമ്പോളം ലാഭ ചൂഷണ ക്രിയയുടെ തീവ്രതയും വേഗതയും വർദ്ധിപ്പിക്കുന്നത്.

എസ്.സുധീഷ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x