
എസ് സുധീഷ്
Published: 10 october 2026 സംസ്കാരപഠനം
ഡേറ്റ ദൈവമാണ്
ഉത്തരാധുനികതയുടെ ഡിജിറ്റല് മുതലാളിത്തയുക്തികള്
ഭാഗം-18
ദേശീയ, സാർവദേശീയ തലങ്ങളിൽ പൊങ്ങിയും മുങ്ങിയും അസ്തിത്വദുഃഖം മന്ദാക്രാന്തയിൽ അഭിരമിക്കുന്ന ജ്ഞാനിയായ രവി എന്തുകൊണ്ട് ഖസാക്കിൽ എത്തുന്നു എന്ന ചോദ്യം ഉയരുന്നു. എന്തുകൊണ്ട് കമ്പോള വികസന രാഷ്ട്രീയം ഖസാക്കിനെ ലക്ഷ്യമിടുന്നു എന്ന ചോദ്യത്തിന് വൻ പ്രാധാന്യമുണ്ട്. എന്തുകൊണ്ട് ശന്തനു തീരദേശത്തേക്കും ദുഷ്യന്തൻ വനഭൂമിയിലേക്കും അധികാരവിന്യാസം നടത്തുന്നതിന്റെ ഭാഗമായി ശന്തനു-സത്യവതി ബന്ധവും ദുഷ്യന്ത-ശകുന്തള ഗാന്ധർവ്വ ബന്ധവും അടയാളപ്പെട്ടു കിടക്കുന്നു എന്ന ചോദ്യത്തെ ഈ ചോദ്യവുമായി ബന്ധിപ്പിക്കാം.
ഗാന്ധർവ്വമോ അല്ലാത്തതോ ആയ ഉടമ്പടികൾ ഒന്നുമില്ലാതെ കാട്ടിലെ പെണ്ണ്, പ്രാകൃത ഗ്രാമത്തിലെ പെണ്ണ് നാഗരികനായ ജ്ഞാനിക്ക് കീഴ്പെടുന്നു. ഇവിടെ പുരുഷൻ വിഭവശാസ്ത്രപരമായ/വിഭവസാമ്പത്തിക ചൂഷണത്തിന്റെ പ്രച്ഛന്നമായ കാമ്പോളിക ആഖ്യാനവും സ്ത്രീ ഉപഭോക്താവുമായി മാറുന്നുണ്ട്. കമ്പോളത്തിന്റെ വ്യാപ്തി നാഗരിക മേഖലകളെ മറികടന്ന്, ജാതി-മത മതിലുകളെ മറികടന്ന് അവികസിത ഗ്രാമമേഖലകളിൽ കൂടി ചെന്നെത്തണമെന്നുള്ളത് കമ്പോളത്തിന്റെ താൽപര്യമാണ്. പ്രാകൃതവനതീരദേശഗ്രാമീണവിഭവ സമ്പത്തിന്മേലുള്ള അധികാരവും വിപണനവും എന്നത് മാർക്കറ്റ് എക്സ്പാൻഷനിസത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ആവശ്യവുമാണ്. ആ മേഖലകളിലേക്ക് കമ്പോളിക ജ്ഞാനപ്രതാപനായ രവി കടന്നുചെല്ലുകയും സുരതപ്രവർത്തനത്തിലൂടെ ഗ്രാമത്തെ വശീകരിച്ച് നിലംപരിശാക്കുകയും ചെയ്യുന്നു.
കമ്പോള ആഖ്യാനവുമായി സുരതത്തിൽ ഏർപ്പെടുന്ന ദരിദ്ര ഉപഭോക്തൃസമൂഹം ഓരോ സുരതവും ഓരോ ചൂഷണത്തിന്റെ അടയാളവും ലൈംഗിക കരുതൽ ഇല്ലാത്ത ദൂർത്ത ലൈംഗിക ചെലവാളിത്തം ധൂർത്ത സാമ്പത്തിക ചെലവാളിത്തത്തിന്റെ അടയാളവുമാണ് എന്ന് തിരിച്ചറിയുന്നില്ല. ഖസാക്കിന്റെ ഇതിഹാസത്തിലെ ധൂർത്ത സുരതത്തിന് ഭൗതിക യാഥാർത്ഥ്യതയുമായി ബന്ധപ്പെടുന്ന ഒരു സിഗ്നിഫൈഡ് ഉണ്ടെന്നും അത് ആധുനിക കമ്പോളമാണെന്നുമാണ് ഇവിടെ വെളിപ്പെടുന്നത്.
ജ്ഞാനിയായ പുരുഷനെ മുൻനിർത്തി കമ്പോളം ഒരു ആഖ്യാനം ചമയ്ക്കുമ്പോൾ ജ്ഞാനപുരുഷൻ എന്ന ആഖ്യാനത്തെ രൂപപ്പെടുത്തുന്നതിന് കാലാകാലങ്ങളിലെ അധീശവർഗ്ഗ അധിനിവേശ മൂല്യങ്ങളെ ചരക്കുവൽക്കരിക്കുന്നുണ്ട്. ആസ്ട്രോഫിസിക്സ്, ഇംഗ്ലണ്ടിലെ അച്ഛൻ, ഇംഗ്ലണ്ടിനെ അനിയത്തിമാർ എന്നുവേണ്ട ഈഡിപ്പസ് കോംപ്ലക്സും ഉദാരശൈലികതയും വരെ യൂറോ-യു.എസ്. കൊളോണിയൽ മൂല്യങ്ങൾ എന്ന നിലയിൽ ചരക്കുവൽക്കരിച്ചിട്ടുണ്ട്. മറുഭാഗത്ത് ഉപനിഷത്ത്, പൗരസ്ത്യ ആദ്ധ്യാത്മിക ശ്ലോക സമ്പത്ത്, ചാതുർവർണ്ണ്യ സംബന്ധമായ നിരാനന്ദോക്തികൾ, നിയോഗ സങ്കൽപനം എന്നീ ആഭ്യന്തര അധിനിവേശ മൂല്യങ്ങളൊക്കെ യഥാവിധി ചരക്കുവൽക്കരിക്കപ്പെട്ടിട്ടുണ്ട്.
ഖസാക്കിലെ നായകരൂപമായ രവി യൂറോ-യു.എസ്. കൊളോണിയൽ മൂല്യങ്ങളും ആഭ്യന്തര അധിനിവേശ മൂല്യങ്ങളും രതിയും രസകരമായി കലർത്തിയെടുത്ത് ചരക്കുവൽക്കരിക്കുകയും രവി ഒരു കമ്പോളച്ചരക്കെന്ന നിലയിൽ അവയുടെ കോമ്പോസിഷൻ ആയി തീരുകയും ചെയ്യുന്നു.
സ്ത്രീയുടെയോ പുരുഷന്റെയോ ലൈംഗിക കരുതൽ ശുദ്ധ അനാവശ്യമാണ് എന്നും ദൂർത്തമായ ലൈംഗിക ചെലവാളിത്തമാണ് സ്വാതന്ത്ര്യമെന്നും നവ കമ്പോളം വാദിക്കുന്നു. ലൈംഗിക കരുതൽ എന്ന് ഒരു വലിയ പരിധിയോളം യാഥാസ്ഥിതികവും സങ്കുചിതവുമാണ് എങ്കിൽ പോലും ലൈംഗികമായ ഇച്ഛയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി ദൂർത്ത ലൈംഗിക ചെലവാളിത്തം എന്ന കമ്പോള താല്പര്യമായി തീരാൻ പാടില്ല.
വാർത്താമാധ്യമങ്ങൾ സൂര്യനെല്ലിയുടെ ആഖ്യാനത്തിൽ അവതരിപ്പിക്കുന്നത് ലൈംഗിക കരുതലിന്റെ തലത്തിൽ ഉണ്ടായിരിക്കുന്ന തകർച്ചയെയാണ്. അത് പ്രത്യക്ഷത്തിൽ സ്ത്രീപക്ഷത്ത് നിൽക്കുമ്പോഴും കരുതൽ എന്ന സങ്കൽപനത്തിനെതിരെയുള്ള പരോക്ഷമായ ഉന്നം അതിനുണ്ട്. ഒരു പെൺകുട്ടിയുടെ ലൈംഗിക കരുതൽ ശക്തിയിൽ ഉണ്ടായ പിഴവിനെ അഥവാ അത്തരം ആരോപണങ്ങളെ ആഘോഷമാക്കുകയും അതിനെ വിറ്റഴിച്ച് പരമാവധി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ലൈംഗിക കരുതൽ ശക്തിയിലോ സാമ്പത്തിക കരുതൽ ശക്തിയിലോ വിള്ളലുകൾ വീഴ്ത്തുന്ന ആധുനിക കമ്പോളം മാധ്യമ വിമർശനത്തിന് പാത്രമാകുന്നില്ല. എല്ലാ മാധ്യമസ്ഥാപനങ്ങളുടെയും റെവന്യൂ പരസ്യക്കമ്പോളത്തെ ആശ്രയിച്ചു നിൽക്കുന്നു എന്നത് കൊണ്ടാണ് അത്. ലൈംഗികമായ അത്യാഹിതത്തിൽ അകപ്പെട്ട കുട്ടിയെ മാറ്റിനിർത്തിയിട്ട് കേരളത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന സെക്സ് ടൂറിസത്തെ സംബന്ധിച്ചോ ലൈംഗിക കമ്പോളത്തെ സംബന്ധിച്ചോ ലൈംഗികതയുടെ കമ്പോളവൽക്കരണവും ദൂർത്ത സാമ്പത്തിക ചെലവാളിത്തവും തമ്മിലുള്ള സന്ധിബന്ധങ്ങളെ സംബന്ധിച്ചോ വിമർശനം ഉന്നയിക്കാൻ മാധ്യമസ്ഥാപനത്തിന് കഴിയുന്നില്ല. ഫലത്തിൽ ഒരു കമ്പോളപക്ഷ കൃതിയായ ഖസാക്കിന്റെ ഇതിഹാസവും സ്ത്രീപക്ഷത്ത് നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന സൂര്യനെല്ലിയുടെ മാധ്യമആഖ്യാനവും സാമ്പത്തിക വിഭവ അധികാര സ്ഥാപനവിമുക്തമായ ഒരു പ്രതിയാഥാർത്ഥ്യ മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
ലൈംഗിക കരുതൽ ശക്തിയിൽ സംഭവിക്കുന്ന പ്രതിസന്ധി സാമ്പത്തിക കരുതൽ ശക്തിയിൽ വരുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം ഓർമ്മിക്കുവാൻ കടക്കെണിയിൽ മുങ്ങി താണുകൊണ്ടിരിക്കുന്ന ഒരു ജനത സ്വാഭാവികമായും ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടാണ് കമ്പോളം ഇത്തരത്തിൽ അസാധാരണമായ വിജയം കൊയ്തെടുക്കുന്നത്;ലാഭചൂഷണ വ്യവഹാരത്തിന്റെ കൊടിത്തണ്ടു ഉയർത്തിക്കൊണ്ട് മനുഷ്യസമുദായത്തിന്റെ നെഞ്ചിനുമീതെ നടന്നുപോകുന്നത്.
എന്താണ് കലയുടെ ദൗത്യം എന്ന ചോദ്യം ഇവിടെ ഉത്ഭവിക്കുന്നു.
നിലവിലിരിക്കുന്ന സാമ്പത്തിക രാഷ്ട്രീയ അധികാര പദാർത്ഥികതയിൽ നിന്ന് ജനങ്ങളെ അന്യവൽക്കരിക്കുന്ന ആഖ്യാനങ്ങളിലൂടെ സാമ്പത്തിക രാഷ്ട്രീയ അധികാര വ്യവസ്ഥയ്ക്ക് ജനങ്ങളെ കീഴ്പെടുത്തുന്ന വ്യവഹാരങ്ങളെ സാധാരണഗതിയിൽ കല എന്ന് വിളിക്കാറുണ്ട്. ഇവിടെ മനുഷ്യബന്ധങ്ങളുടെയും മൂല്യങ്ങളുടെയും ആഖ്യാനം ഒരു പ്രത്യയശാസ്ത്ര പ്രച്ഛന്നമായി നിൽക്കുന്നു. അത് അധികാരവ്യവസ്ഥയുടെ വിഗ്രഹത്തെ ഉപജീവിച്ച് വിഗ്രഹ പദാർത്ഥികതയ്ക്കുമതീതമായ സിമുലാക്രങ്ങൾ, പ്രതിയാഥാർത്ഥ്യ വ്യവഹാരങ്ങൾ നിർമ്മിക്കുന്നു. ഭൗതികവും പാദാർത്ഥികവുമായ വിഭവത്തിന്മേൽ അധികാരം സ്ഥാപിച്ചിരിക്കുന്ന വിഭാഗത്തിന്റെ താല്പര്യത്തിനായി ഭൗതികവും പാദാർത്ഥികവുമായ വസ്തുതയെ അപനിർമ്മിക്കുന്ന അധികാര കുഴലൂത്ത് പ്രവർത്തനമാണിത്. ഇതിനെ വൾഗർ ആർട്ട് അല്ലെങ്കിൽ വഷളായ കല എന്ന് വിളിക്കാം.
സംഭവ്യതയുടെ നിയമങ്ങളെ ഭേദിച്ചുകൊണ്ടും അതിയാഥാർത്ഥ്യ അംശത്തിലേക്ക് പ്രവേശിച്ചുകൊണ്ടും അല്ലാതെയും മനുഷ്യബന്ധങ്ങളുടെയും മൂല്യങ്ങളുടെയും ആഖ്യാനം നടത്തുമ്പോൾ തന്നെ മൂല്യവ്യവഹാരാഖ്യാനങ്ങളുടെ സിഗ്നിഫൈഡ് ആയി സാമ്പത്തിക വിഭവ അധികാര വ്യവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് തുറന്നുകാട്ടുകയും അധികാരവ്യവസ്ഥയിലെ ന്യായ അന്യായങ്ങളെ വിമർശിക്കുകയും ചെയ്തുകൊണ്ട് ആവശ്യത്തിന്റെയും സംഭവ്യതയുടെയും നിയമങ്ങളെ സർഗ്ഗാത്മകമായി പുനഃസംഘടിപ്പിക്കുക എന്നതാണ് ഉത്തമകലയുടെ ദൗത്യം. മനുഷ്യബന്ധങ്ങളും സമ്പത്ത് വിതരണ ബന്ധങ്ങളും എങ്ങനെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് യാഥാർത്ഥ കല ബോധ്യപ്പെടുത്തുന്നു.
അധികാരവ്യവസ്ഥ പ്രത്യയശാസ്ത്ര ആഖ്യാനങ്ങളുടെ വാദ്യമേളങ്ങളും മായക്കാഴ്ചകളും കൊണ്ട് ജനങ്ങളിൽ നിന്ന് മറച്ചുപിടിച്ച യാഥാർത്ഥ്യങ്ങളുടെ ഭൗതികതലത്തെ സ്പർശിക്കുക എന്നതാണ് കലയുടെ ധർമ്മം. ഗൾഫ് യുദ്ധം കേവലം ഒരു ആഖ്യാനമല്ലെന്നും സാമ്പത്തിക രാഷ്ട്രീയ അധികാരമണ്ഡലത്തിലെ സംഘർഷമാണെന്നും അത് ഭൗതികവും പാദാർത്ഥികവുമായ ഒരു അനുഭവം കൂടിയാണെന്നും ബോധ്യപ്പെടുത്തുന്ന പ്രവർത്തനമാണ് കല. മനുഷ്യന്റെ വൈകാരിക ബന്ധങ്ങളും മൂല്യ പദ്ധതികളും എല്ലാം സാമ്പത്തിക വിഭവ അധികാര വിതരണത്തിന്റെ തർക്ക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന വസ്തുത ബോധ്യപ്പെടുത്തുന്ന നിർമ്മിതിയാണ് കല.

