
ദീഷ്ണ സുരേഷ്
Published: 10 July 2026 സംസ്കാരപഠനം
ഡിജിറ്റൽ പൊതുമണ്ഡലവും പൊതു അഭിപ്രായ രൂപീകരണവും
റേജ് ബെയ്റ്റിങിനെ മുൻനിർത്തിയുള്ള വിമർശനാത്മക പഠനം
ജനാധിപത്യത്തിന്റെ നിർണായക ഘടകമായാണ് ഹേബർമാസ് പൊതുമണ്ഡലത്തെ (Public sphere )അവതരിപ്പിച്ചത്. സ്വകാര്യ വ്യക്തികൾ തങ്ങളുടേതായ രാഷ്ട്രീയ അഭിപ്രായങ്ങൾ തുറന്നു സംവദിക്കുകയും, അവയിലൂടെ സാമൂഹിക പ്രശ്നങ്ങൾ തിരിച്ചറിയുകയും പൊതുഅഭിപ്രായ രൂപീകരണം(Public Opinion) നടത്തുകയും ചെയ്യുന്ന ഇടത്തെ പൊതുമണ്ഡലം എന്ന് നിർവചിക്കുന്നു. പല വിധേനയുള്ള വിമർശനങ്ങൾ ഈ ആശയപദ്ധതിക്ക് നേരെ ഉണ്ടായി വന്നിട്ടുണ്ട്. നവസാങ്കേതിക വിദ്യയുടെയും ഡിജിറ്റൽ മാധ്യമങ്ങളുടെയും കാലത്ത് പൊതുമണ്ഡലം എന്ന സങ്കല്പം അതിന്റെ നിർവചനങ്ങളെയാകമാനം നിരാകരിക്കുന്നു.
2025ൽ ഓക്സ്ഫോർഡ് അവതരിപ്പിച്ച വാക്കാണ് റേജ് ബെയ്റ്റിങ്(Rage baiting). ക്രോധം,നിരാശ തുടങ്ങിയ വികാരങ്ങൾ ഉല്പാദിപ്പിക്കുന്ന കണ്ടന്റുകൾ മനപ്പൂർവ്വം പോസ്റ്റ് ചെയ്യുകയും അതുവഴി ഉണ്ടാകുന്ന നിഷേധപരമായ പ്രതികരണങ്ങളെ ഉപയോഗപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിനു നൽകുന്ന നിർവചനം. ഡിജിറ്റൽ പൊതുമണ്ഡലത്തിനകത്ത് അഭിപ്രായങ്ങൾ ചരക്കുവൽക്കരിക്കപ്പെടുന്നതിനെയും പൊതുമണ്ഡലത്തെ ജനാധിപത്യത്തിനെതിരെ നിർത്തുന്നതെങ്ങനെയെന്നും ഈ പ്രബന്ധം പരിശോധിക്കുന്നു. വിവർത്തനപദം കൃത്യമായ അർത്ഥം പ്രതിഫലിപ്പിക്കാത്തത് കൊണ്ട് ‘Rage – baiting’ എന്ന ഇംഗ്ലീഷ് പദം തന്നെ പ്രബന്ധത്തിൽ ഉപയോഗിക്കുന്നു.
താക്കോൽ വാക്കുകൾ: പൊതുമണ്ഡലം, പൊതുഅഭിപ്രായം, സമൂഹ മാധ്യമം, ( റേജ് ബെയ്റ്റിങ്(Rage- baiting)
നിരന്തരം പുതുക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്ന ഇടങ്ങൾ എന്നത് പൊതുമണ്ഡലത്തിന്റെ നിർവചനത്തിനകത്ത് നിലീനമായി നിലനിൽക്കുന്നുണ്ട്. ജനാധിപത്യത്തെ സാധ്യമാക്കുന്ന പൊതു ഇടങ്ങൾ ആധുനികലോക ബോധത്തിൽ മാത്രം സാധ്യമായ ഒന്നായിരുന്നു. ആധുനിക പൂർവ്വ സമൂഹത്തിൽ ‘പൊതു ‘എന്നതിന് രാജാധികാരത്തിന്റെ അടയാളങ്ങൾ എന്നതു മാത്രമായിരുന്നു അർത്ഥം. ജാതി -മത- വർണ്ണ -വർഗ്ഗ -ലിംഗ ഭേദമന്യേ എല്ലാവർക്കും സാധ്യമായ ഇടങ്ങൾ എന്നതിലേക്ക് പൊതുമണ്ഡലം പിന്നീട് മാറുന്നു. ആധുനികത രൂപപ്പെടുത്തിയ മാനവിക ബോധം,പുതിയ ഭരണാധികാരം,സാമൂഹികത എന്നിവയൊക്കെ വ്യക്തികളെ ഒരേ സ്ഥലങ്ങളിൽ ഇടപെടുത്തുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കി. സ്വകാര്യ വ്യക്തികൾ തമ്മിൽ തമ്മിൽ ഇടപെട്ടുകൊണ്ട് സാധ്യമാക്കിയ ഇത്തരം ഇടങ്ങളെ ബൂർഷ്വാ പൊതുമണ്ഡലം( bourgeoisie public sphere) എന്നാണ് ഹേബർമാസ് വിളിച്ചത്.
സ്വകാര്യ വ്യക്തികളുടെ ഇത്തരം ഇടപെടലുകൾ പലവിധേനയുള്ള വാദങ്ങളെ ഉത്പാദിപ്പിക്കുകയും അവയിൽ നിന്ന് പൊതു അഭിപ്രായം (public opinion )രൂപപ്പെടുത്തുകയും ചെയ്യുന്നു. ഈ ഇടങ്ങളിൽ ചർച്ചകൾക്ക് വിധേയമാകുന്ന വിഷയങ്ങൾ സ്വകാര്യമല്ല(private), മറിച്ച് രാഷ്ട്രീയ ഗൗരവമുള്ള പൊതു വിഷയങ്ങളാണ്. ഒരുതരത്തിലുമുള്ള വിവേചനങ്ങൾ ഇല്ലാതെ ആർക്കും ഇടപെടാനാകുന്നു എന്നതിനെയാണ് ഹേബർമാസ് പൊതു (public )എന്ന് വിളിക്കുന്നത്. അതായത് സ്വകാര്യ വ്യക്തികൾ സ്വയം രാഷ്ട്രീയവൽക്കരിക്കപ്പെട്ടു കൊണ്ട് നിർമ്മിച്ചെടുക്കുന്ന ഇടങ്ങൾ പൊതുമണ്ഡലമായി തീരുന്നു. ഇവിടെ രൂപപ്പെടുന്ന പൊതു അഭിപ്രായം നിലവിലുള്ള രാഷ്ട്രീയ ക്രമത്തെ പുതുക്കാനോ അഴിച്ചു പണിയാണോ തക്കവണ്ണം പ്രാപ്തിയുള്ളതാണ്. ഭരണകൂട അധികാരത്തിന്റെ എതിർ ദിശയിൽ, വിമർശന സ്വഭാവത്തോടെയാണ് പൊതുമണ്ഡലം നിലനിൽക്കുന്നത് എന്നുകൂടി ഹേബർമാസ് വിശദമാക്കുന്നു.
കോഫി ഷോപ്പുകൾ,സലൂണുകൾ എന്നീ ഭൗതിക ഇടങ്ങളിൽ നിന്നും മാറി പതിനെട്ടാം നൂറ്റാണ്ടോടുകൂടി പൊതുമണ്ഡലങ്ങൾ പത്രം,മാസിക തുടങ്ങിയ മാധ്യമങ്ങളിലേക്ക് മാറുന്നുണ്ട്. ഇവിടെ വ്യക്തികളുടെ ഇടപെടലുകൾ കുറേക്കൂടി വിപുലമാവുകയും അഭിപ്രായ രൂപീകരണത്തിന്റെയും അതിന്റെ സ്വാധീനത്തിന്റെയും തോത് വ്യാപിക്കുകയും ചെയ്തു.
നിരവധി വിമർശനങ്ങൾ ഈ സിദ്ധാന്തത്തിനു നേർക്ക് ഉണ്ടായിട്ടുണ്ട്.മുതലാളിത്തം പൊതുമണ്ഡലത്തിന്റെ ജനാധിപത്യത്തെ ഇല്ലാതാക്കുന്നു എന്ന വിമർശനം ഹേബർമാസ് തന്നെ ഉന്നയിച്ചിരുന്നു. സ്ത്രീവാദ ചിന്തകയായ നാൻസി ഫ്രയ്സർ പൊതുമണ്ഡലത്തെ സ്ത്രീപക്ഷത്തുനിന്ന് നോക്കിക്കാണുന്നു.’പൊതു’ എന്ന് വിവക്ഷിക്കുന്ന പദം ഉൾക്കൊള്ളുന്നത് സവർണ്ണ പുരുഷൻമാരുടേതായ ന്യൂനപക്ഷത്തെ മാത്രമാണ് എന്നതാണ് അവർ ഉയർത്തുന്ന പ്രധാന വാദം.ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരും അവഗണിക്കപ്പെടുന്ന പൊതുമണ്ഡലങ്ങളെ ജനാധിപത്യ ഇടം എന്ന് വിളിക്കുന്നതിലെ ഔചിത്യമില്ലായ്മയെയും നാൻസി ഫ്രെയ്സർ ചോദ്യം ചെയ്യുന്നു.
മാറി വന്ന ലോകക്രമം ഭരണകൂടത്തെ സർവാധിപത്യ സ്വഭാവമുള്ളതായി കാണുകയും പൗരരെ സ്വകാര്യവ്യക്തികളല്ലാതെ ആൾക്കൂട്ടമായി പരിഗണിക്കുകയും ചെയ്തു.ഭരണാധികാരത്തെ വിമർശനാത്മകമായി പ്രതികരിക്കാനല്ല മറിച്ച് അധികാര കേന്ദ്രത്തിന് പൊതുമണ്ഡലത്തെ നിയന്ത്രിക്കാൻ സാധിക്കുന്ന നില കൈവന്നു എന്ന വിമർശനം ഉന്നയിച്ചത് ഫൂക്കോയാണ്.
ഇത്തരം വിമർശനങ്ങൾ ഒന്നും തന്നെ പൊതുമണ്ഡലം എന്ന ആശയത്തെ പരിപൂർണ്ണമായി നിരാകരിക്കുകയോ നിസ്സാരവൽക്കരിക്കുകയോ ചെയ്യുന്നില്ല.
എന്നാൽ സത്യാനന്തരകാലം പൊതുമണ്ഡലത്തിന്റെ അസ്തിത്വത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നു. അച്ചടി മാധ്യമങ്ങൾ,ടെലിവിഷൻ -റേഡിയോ തുടങ്ങിയ വാർത്താമാധ്യമങ്ങൾ എന്നിവയ്ക്ക് ശേഷം വന്ന നവസാങ്കേതിക മാധ്യമങ്ങൾ സ്വകാര്യം- പൊതു ദ്വന്ദ്വങ്ങളെ അവയ്ക്കുള്ളിൽ തന്നെ പ്രശ്നവൽക്കരിക്കുന്നു. പൊതുമണ്ഡലങ്ങൾക്കകത്തെ മാധ്യമ ഇടപെടലിനെ pseudo public sphere എന്ന് വിളിച്ചത് ഹേബർമാസ് തന്നെയാണ്. മീഡിയയുടെ സ്വാധീനം സാംസ്കാരിക സംവാദ സമൂഹത്തിൽ നിന്ന് സംസ്കാര ഉപഭോക്തൃ സമൂഹത്തിലേക്ക് മാറ്റുന്നു എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
ആൾക്കൂട്ട മനശാസ്ത്രത്തെ കൃത്യമായി ഉപയോഗിച്ചുകൊണ്ടും അതിനനുസൃതമായ അൽഗോരിതങ്ങൾ സൃഷ്ടിച്ചു കൊണ്ടുമാണ് സാമൂഹികമാധ്യമങ്ങളുടെ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. ആൾക്കൂട്ടത്തിനുള്ളിൽ വ്യക്തി യുക്തിരഹിതമായി പ്രവർത്തിക്കുന്നു. അതൊരിക്കലും സത്യത്തെ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ ഇച്ഛയ്ക്ക് അനുസൃതമല്ലാത്ത തെളിവുകളെ ഒഴിവാക്കുകയും ശരിയില്ലായ്മകളെ വിശ്വസിക്കാൻ താല്പര്യം കാണിക്കുകയും ചെയ്യുന്നു. ഏതു കാര്യത്തെയും തങ്ങൾക്കിഷ്ടമുള്ള രീതിയിൽ വിശ്വസിക്കുന്നതിലൂടെ ഒരുതരം ഉന്മാദം സൃഷ്ടിക്കപ്പെടുന്നു. ആൾക്കൂട്ട മനശാസ്ത്രത്തെ സൈദ്ധാന്തികമായി സമീപിച്ച മനഃശാസ്ത്രജ്ഞനാണ് ഗുസ്താവേ ലെ ബോൺ. ലെ ബോണിനു ശേഷം എദ്വാർഡ് ബെർനെയ്സ് കുറേക്കൂടി മുന്നോട്ടുപോയി പൊതുമണ്ഡലത്തെ സ്വാധീനിക്കാനും യുക്തിരഹിതമായി പ്രവർത്തിക്കാനും ആൾക്കൂട്ടമനശാസ്ത്രത്തെ ഉപയോഗിക്കാമെന്ന് തെളിയിച്ചു. ഒരു വിപണിയിൽ ആൾക്കൂട്ടം എങ്ങനെ ഇടപെടുന്നു എന്നതായിരുന്നു ബെർനെയ്സിന്റെ പരീക്ഷണം.
1920കളിൽ യൂറോപ്പിൽ സ്ത്രീകൾ പുകവലിക്കുന്നത് ടാബു ആയിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. സിഗരറ്റ് വിൽപ്പനയുടെ 5% മാത്രമായിരുന്നു സ്ത്രീകൾ ഉപയോഗിച്ചിരുന്നത്. സിഗരറ്റ് കമ്പനിയുടെ പരസ്യനിർമ്മാണത്തിൽ കൂടി പ്രവർത്തിച്ചിരുന്ന ബെർനെയ്സ് പുതിയ പരസ്യങ്ങൾ അവതരിപ്പിക്കുന്നു. സിഗരറ്റ് വലിക്കുന്ന സ്ത്രീയെ പുരോഗമനവാദിയും സ്ത്രീ വിമോചനവാദിയുമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ഇക്കാലത്ത് ധാരാളമായി ഉണ്ടായി. യൂറോപ്പിലെ സ്ത്രീവാദ പ്രസ്ഥാനങ്ങളെ സ്വാധീനിക്കാൻ ഇവയ്ക്ക് സാധിച്ചു. കയ്യിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന സ്ത്രീ എന്നത് ഫെമിനിസ്റ്റ് ചിന്തയോട് ചേർത്തുവയ്ക്കപ്പെട്ടു. ഇതിന്റെ തുടർച്ചയിൽ തുല്യ അവകാശങ്ങൾക്കും തുല്യനീതിക്കുമായി 1929 ൽ ന്യൂയോർക്കിൽ‘Torches of freedom’ എന്ന മുദ്രാവാക്യത്തോടെ സിഗരറ്റ് കത്തിച്ചുകൊണ്ട് ഒരു പ്രകടനം തന്നെ സ്ത്രീകൾ നടത്തുകയുണ്ടായി. പുകവലിക്കുന്ന സ്ത്രീകൾക്കിടയിൽ ഒരു കൂട്ടായ്മ നിർമിക്കാൻ പോലും ഈ പരസ്യങ്ങൾക്ക് സാധിച്ചു. 1935 ആയപ്പോഴേക്കും സിഗരറ്റ് വിൽപ്പനയുടെ 18% സംഭാവന സ്ത്രീകളുടേതായി. പരസ്യ ചിത്രങ്ങൾക്കും സിനിമകൾക്കും സ്വാധീനിക്കാൻ കഴിയുന്നതിലുമപ്പുറമാണ് പുതിയ കാലത്ത് സമൂഹമാധ്യമങ്ങളുടെ സ്വാധീനം.
2025 ൽ ഓക്സ് ഫോർഡ് പുറത്തിറക്കിയ പുതിയ പദമാണ് റേജ് ബെയ്റ്റിംഗ് (Rage – baiting). ആളുകളിൽ ക്രോധം, വെറുപ്പ്, അമർഷം പോലുള്ള വികാരങ്ങൾ സൃഷ്ടിക്കുന്ന പ്രമേയങ്ങൾ (contents) മനപ്പൂർവ്വം സൃഷ്ടിക്കുകയും, ഇവക്ക് മറുപടിയായി വരുന്ന നിരാശാജനകമായ പ്രതികരണങ്ങൾ വഴി വരുമാനമുണ്ടാക്കുകയും ചെയ്യുന്ന പ്രക്രിയ എന്നാണ് ഇതിനു നൽകുന്ന നിർവചനം. പൊതു എന്ന ഹേബർമാസിയൻ നിർവചനത്തിനകത്താണ് സോഷ്യൽ മീഡിയ നിലനിൽക്കുന്നത്. എന്നാൽ ഇതിനകത്ത് രൂപപ്പെടുന്ന പൊതു അഭിപ്രായങ്ങളെ മുൻകൂട്ടി കണ്ടു കൊണ്ടാണ് റേജ് ബെയ്റ്റിങ് കണ്ടന്റുകൾ നിർമ്മിക്കുന്നത്. പൊതുമണ്ഡലം,പൊതു അഭിപ്രായം എന്നിവയെ കീഴ്മേൽ മറിച്ചിടുന്നുണ്ട് ഈ പ്രക്രിയ.റേജ് ബെയ്റ്റിംഗ് കണ്ടന്റുകളെ മുൻനിർത്തി ഈ പ്രശ്നത്തെ വിശദീകരിക്കുകയാണ് പ്രബന്ധം തുടർന്ന് ചെയ്യുന്നത്. സൂക്ഷ്മതലത്തിൽ എല്ലാ മേഖലകളിലും റേജ് ബെയ്റ്റിങ് കണ്ടെന്റുകൾ നിർമ്മിക്കപ്പെടുന്നത് കാണാം. ഇത് പലപ്പോഴും ബോധപൂർവ്വം ചെയ്യുന്നതോ യാദൃച്ഛികമായി സംഭവിക്കുന്നതോ ആകാം. ശരിയായ കാര്യങ്ങളെ മനപ്പൂർവ്വം തെറ്റായി ഉപയോഗിക്കുക,യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യുക,സാമാന്യമായി ചെയ്യാൻ സാധിക്കുന്നതിലും കൂടുതൽ ജോലികൾ ചെയ്യുന്നതായി കാണിക്കുക ഇത്തരത്തിൽ നിരവധിയായ പ്രമേയങ്ങൾ ഇതിനകത്ത് ഉൾപ്പെടുന്നു.
ഏതെങ്കിലും തരത്തിൽ വിവാദത്തിൽ ഏർപ്പെടുന്ന വ്യക്തിയെ വിവാദ സമയത്ത് ബഹുഭൂരിപക്ഷം ആളുകളും വിമർശിക്കുക സ്വാഭാവികമാണ്. ഇതേ സമയത്ത് പ്രസ്തുത വ്യക്തിയെ പ്രകീർത്തിച്ചുകൊണ്ട് പ്രത്യേകിച്ച് വിവാദമായ വിഷയത്തെ അനുകൂലിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പ്രമേയങ്ങൾ റേജ് ബെയ്റ്റിംഗിന് ഉദാഹരണമാണ്. ആൾക്കൂട്ടത്തിന്റെ പൊതുവികാരം ക്രോധവും അമർഷവും ആയിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം പോസ്റ്റുകൾക്ക് താഴെ ആളുകൾ വലിയ തോതിൽ പ്രതികരിക്കുകയും തങ്ങളുടെ വികാരങ്ങളെ നിഷേധാത്മകമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു. പ്രതികരണങ്ങളായി ഇത്തരം അഭിപ്രായങ്ങൾ തന്നെയാണ് ലഭിക്കുകയെന്ന് മുൻകൂട്ടി അറിഞ്ഞുകൊണ്ടുതന്നെയാണ് പലരും ഇത്തരം വിഷയങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഇത്തരക്കാരിൽ പലരുടെയും യഥാർത്ഥ അഭിപ്രായം അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തന്നെ ആയിരിക്കണമെന്നില്ല. പ്രതികരണങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തെ മുന്നിൽ കണ്ടുകൊണ്ട് മാത്രമായിരിക്കും ഇത്തരം പോസ്റ്റുകൾ നിർമ്മിക്കുന്നത്. വ്യക്തികളുടെ നിലപാടുകൾ തന്നെ ഇവിടെ പ്രതിസന്ധിയിലാകുന്നു. സമൂഹമാധ്യമങ്ങളുടെ വളർച്ചയ്ക്ക് മുൻപ് വ്യാജ അഭിപ്രായനിർമിതി ഇത്രത്തോളം വ്യാപകമോ ദൂഷ്യമോ ആയിരുന്നില്ല. പത്രമാധ്യമങ്ങളിൽ പൊതു വികാരങ്ങൾക്ക് വിപരീതമായി വരുന്ന നിലപാടുകളെ ക്രിയാത്മകമായി ഇടപെട്ടുകൊണ്ടാണ് സ്വീകരിക്കപ്പെടാറുള്ളത്.
സമൂഹമാധ്യമങ്ങൾ ഓരോരുത്തർക്കും പ്രതികരിക്കാനുള്ള അവസരം ഒരുക്കുന്നു . ഈ പ്രതികരണങ്ങൾ എല്ലായ്പ്പോഴും നിരീക്ഷിക്കപ്പെടുന്നു.സമൂഹ മാധ്യമങ്ങളുടെ ജനാധിപത്യ സ്വഭാവം എന്ന വിവക്ഷിക്കപ്പെട്ടിരുന്ന ഇതേ പ്രത്യേകതയാണ് റേജ് ബെയ്റ്റിംഗ് സൃഷ്ടിച്ചത്. ആൾക്കൂട്ടത്തിന്റെ വൈകാരികതയെ ഇവിടെ വിപണിയാക്കി തീർക്കുന്നു. ഇത്തരം പോസ്റ്റുകൾക്ക് ലഭിക്കുന്ന ഓരോ ലൈക്കും ഷെയറും കമന്റും വിൽക്കപ്പെടുന്നുണ്ട്.
ജനാധിപത്യപരമായി രൂപപ്പെടുന്ന ക്രിയാത്മകമായ പൊതു അഭിപ്രായങ്ങൾ ഭരണാധികാരത്തെ സ്വാധീനിക്കും. എന്നാൽ ഇവിടെ ജനാധിപത്യപരമെന്ന തോന്നലുണ്ടാക്കി,എന്ത് അഭിപ്രായം പറയിപ്പിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചുകൊണ്ട് ആൾക്കൂട്ടത്തെ ചരക്കായി ഉപയോഗിക്കുന്നു.ഭരണാധികാരം തന്നെ പലപ്പോഴും ഇത്തരം കണ്ടന്റുകൾ പോസ്റ്റ് ചെയ്യുന്നു. പൊതു മണ്ഡലം എന്ന ആശയം സങ്കീർണ്ണമായിത്തീരുന്നു. ജനാധിപത്യ തെരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കാൻ ഇവയ്ക്ക് കഴിയുന്നതായി കാണാം.
രാഷ്ട്രീയ ഭരണകാര്യങ്ങളിൽ മാത്രമല്ല ദൈനംദിന ജീവിതത്തിലുടനീളം റേജ് ബെയ്റ്റിംഗിന്റെ സ്വാധീനമുണ്ട്.പരമ്പരാഗത കുടുംബിനി സങ്കല്പം ഇന്ന് കച്ചവട വൽക്കരിക്കപ്പെട്ട ഒന്നാണ്. വീട്ടുജോലികളെല്ലാം ചെയ്ത്, അളവിലധികം വിഭവങ്ങൾ തയ്യാറാക്കി, ഭർത്താവിനും കുട്ടികൾക്കുമായി ജീവിക്കുന്ന സ്ത്രീ സങ്കല്പം സമൂഹമാധ്യമങ്ങളിലെ നിരന്തര കാഴ്ചയായി തീർന്നിട്ടുണ്ട്.ട്രാഡ് വൈഫ് (Trad- wife) എന്നൊരു പദം തന്നെ ഇതിനായി ഉപയോഗിച്ചുവരുന്നു. ഭർത്താവിന് ഓഫീസിലേക്കും കുട്ടികൾക്ക് സ്കൂളിലേക്കുമുള്ള ലഞ്ച് ബോക്സ് പാക്കിംഗ്, വീട്ടമ്മയായ സ്ത്രീയുടെ ഒരു ദിവസം, വീട് വൃത്തിയാക്കൽ തുടങ്ങിയ വീഡിയോകളിലെല്ലാം പൊതുവായി പ്രത്യക്ഷപ്പെടുന്ന ചില ഘടകങ്ങളുണ്ട്. ഒരേസമയം ഒന്നിലധികം ജോലികൾ ചെയ്യാൻ സാധിക്കുന്ന, ആറോ ഏഴോ കറികളുണ്ടാക്കുന്ന, അതിനിടയിൽ വീട്ടിലെ സകല കാര്യങ്ങളും കൃത്യനിഷ്ഠതയോടെ ചെയ്യുന്ന പരമ്പരാഗത പിതൃ അധികാരത്തിനു കീഴിൽ ജീവിക്കുന്ന സ്ത്രീയുടെ ചിത്രീകരണമാണത്. ഇത്തരം പ്രമേയങ്ങൾ മുന്നോട്ടുവയ്ക്കുന്ന പിൻ നടത്തം ഒരുവശത്ത് ചർച്ചയാകുന്നുണ്ട്. എന്നാൽ പലപ്പോഴും പ്രേക്ഷകരെ പ്രകോപിപ്പിക്കുന്നതിന് വേണ്ടി മാത്രം തയ്യാറാക്കുന്നതായിരിക്കും ഇത്തരം കണ്ടന്റുകൾ. മികച്ച വസ്ത്രങ്ങൾ ധരിച്ച് വീട്ടുജോലികളിൽ വ്യാപൃതയായി ജീവിക്കുന്ന മാതൃക സ്ത്രീയെ പ്രകീർത്തിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഇവരുടെ വീഡിയോകൾക്ക് താഴെയുണ്ട്. ഇത്രയധികം ജോലികൾ ഒരുമിച്ചു ചെയ്യാനോ ഇത്രയധികം ഭക്ഷണം ഒരു ദിവസം ഉണ്ടാക്കാനോ സാധിക്കില്ല എന്നും മറ്റൊരു ജോലിക്കും ശ്രമിക്കാതെ കുടുംബിനിയായി ജീവിക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെടുന്നവരാണ് മറ്റൊരു വിഭാഗം. ഈ രണ്ടാം വിഭാഗക്കാരെയാണ് കൂടുതൽ ആവശ്യം. തനിക്ക് മറുപടിയായി വരാൻ പോകുന്ന പ്രതികരണങ്ങളെ സംബന്ധിച്ച വ്യക്തമായ ധാരണ പോസ്റ്റ് ചെയ്യുന്ന വ്യക്തിക്ക് ഉണ്ട്. ഇത്തരം വീഡിയോകൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന കാര്യം പ്രതികൂലമായി വരുന്ന പ്രതികരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണ് ഇവരുടെ തുടർന്നുള്ള വീഡിയോകൾ. പത്തുകൂട്ടം കറികൾ തയ്യാറാക്കിയതിന് അമർഷത്തോടെ പ്രതികരിച്ച പ്രേക്ഷകർക്ക് അടുത്ത വീഡിയോയിൽ 20 കൂട്ടം കറികൾ കാഴ്ചയായി എത്തുന്നു. ഇത് കാഴ്ചക്കാരെ കൂടുതൽ പ്രകോപിതരാക്കുന്നു. കൂടുതൽ മോശം പ്രതികരണങ്ങൾ ഉണ്ടാവുകയും കൂടുതൽ വരുമാനം സൃഷ്ടിക്കുന്നു.
മറ്റൊന്ന് ഇതൊരു വിപണിയായി മുന്നിൽ കണ്ടു കൊണ്ട് മാത്രം പ്രവർത്തിക്കുന്നവരാണ് പലരും. കേവലം വീഡിയോ ചിത്രീകരിക്കുന്നതിന് വേണ്ടി മാത്രം ജോലികൾ ചെയ്യുകയും യഥാർത്ഥത്തിൽ വീട്ടുജോലികൾക്ക് സഹായികളെ ഏർപ്പെടുത്തുകയും ചെയ്യുന്നവരുണ്ട്. അതിനു പാകത്തിന് വരുമാനം ഇത്തരം കണ്ടന്റുകളിലൂടെ സ്ത്രീകൾ ഉണ്ടാക്കിയെടുക്കുന്നു. വീടിനുള്ളിൽ ഇരുന്നു കൊണ്ട് തന്നെ സ്വന്തമായി വരുമാനം ഉണ്ടാക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം നേടിയ സ്ത്രീകളെ നിർമിക്കുന്നു. എന്നാൽ മറുവശത്ത് ഇതിനായി ഉപയോഗിക്കുന്നത് ആൾക്കൂട്ടത്തിന്റെ വൈകാരികതയെയും ജീർണിച്ച പരമ്പരാഗത പുരുഷാധിപത്യ മൂല്യങ്ങളെയുമാണ്. സ്ത്രീവാദ പ്രസ്ഥാനം കാലങ്ങളായി നടത്തിയ പ്രതിഷേധങ്ങളെ സങ്കീർണമാക്കുന്നുണ്ട് ഈ പുതിയ സാഹചര്യം.
റേജ് ബെയ്റ്റിംഗിനെ സവിശേഷമായി പരിഗണിക്കേണ്ടതിന്റെയും പ്രശ്നവല്ക്കരിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാണ്.
ഉപസംഹാരം
പൊതുമണ്ഡലമെന്ന ആശയത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തുടക്കകാലം തൊട്ടു തന്നെ നിരവധി വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിൽത്തന്നെയും ജനാധിപത്യത്തെ സാധ്യമാക്കുന്ന നിർണായകഘടകമെന്ന നിലയിൽ ഈ ആശയ പദ്ധതി ഏതു കാലത്തും പ്രസക്തിയാർജിക്കുന്നു. നവസാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് പൊതുമണ്ഡലവും പൊതു അഭിപ്രായ രൂപീകരണവും എത്രമാത്രം പ്രതിസന്ധിയിലാണെന്ന തിരിച്ചറിവ്, സത്യാനന്തര കാല ജനാധിപത്യത്തെ വിമർശനാത്മകമായി പരിശോധിക്കാൻ സഹായിക്കുന്നു. എന്തു ചെയ്യണമെന്നും എങ്ങനെ പ്രതികരിക്കണമെന്നും മുൻകൂട്ടി തീരുമാനിക്കപ്പെട്ട് , അൽഗോരിതത്തിന്റെ ഫാസിസ്റ്റ് സ്വഭാവത്തിനകത്ത് ജീവിക്കേണ്ടി വരുന്ന കാലത്ത് ജനാധിപത്യ പ്രതിസന്ധിയെ ഗൗരവമായി മനസ്സിലാക്കണം. അഭിപ്രായങ്ങൾ ചരക്കുവൽക്കരിക്കപ്പെടുന്ന റേജ് ബെയ്റ്റിംഗ് കണ്ടന്റുകളെ തിരിച്ചറിയാതിരിക്കുന്നത് വ്യക്തികളുടെ യുക്തിബോധവും ക്രിയാത്മകമായ വിമർശനബോധവും പ്രതിസന്ധിയിലാക്കുന്നു. ഡിജിറ്റൽ മാധ്യമ കാലത്തെ പൊതുമണ്ഡലത്തേയും പൊതു അഭിപ്രായ രൂപീകരണത്തേയും പ്രശ്നവൽക്കരിക്കാനാണ് ഈ പ്രബന്ധം ശ്രമിച്ചത്.
ഗ്രന്ഥസൂചി
പുസ്തകങ്ങൾ
1.Brotherton, R. (2020). Bad news. Bloomsbury Sigma.
2.Chomsky, N., & Herman, E. S. (2008). Manufacturing consent. Bodley Head.
3.Habermas, J. (1992). The structural transformation of the public sphere. Polity Press.
4.McNair, B. (2000). Journalism and democracy. Routledge.
5.ഷിബു മുഹമ്മദ്. (2000). ടെലിവിഷൻ ചരിത്രവും രാഷ്ട്രീയവും. ചിന്ത പബ്ലിഷേഴ്സ്.
6.റീഹ്, വിൽഹം. (2025). ഫാഷിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രം. ഒലിവ് പബ്ലിക്കേഷൻസ്.
ലേഖനങ്ങൾ
1.Roy, V. (2026, January 6). Editor’s note. Frontline. https://frontline.thehindu.com/society/digital-brain-rot-rage-bait-autocracy-decline/article70464591.ece

ദീഷ്ണ സുരേഷ്
ഗവേഷക മലയാള വിഭാഗം സർക്കാർ വനിതാ കോളേജ്, തിരുവനന്തപുരം
