
ആന്റണി ക്ലമന്റ്
Published: 10 october 2026 വിദ്യാഭ്യാസം
ഡിജിറ്റല്‍ വ്യാകരണപഠനം സ്കൂള്‍ പാഠ്യപദ്ധതിയില്‍
മലയാളപാഠപുസ്തകങ്ങളിലെ വ്യാകരണപഠനങ്ങളെ ആസ്പദമാക്കിയുള്ള പഠനം
പ്രബന്ധ സംഗ്രഹം
വ്യാകരണം ഭാഷയുടെ നട്ടെല്ലാണ്. ആശയങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചമുണ്ടാകുന്നതിനും ശരിയായ രീതിയില്‍ വായിക്കുന്നതിനും എഴുതുന്നതിനും സംസാരിക്കുന്നതിനും വ്യാകരണജ്ഞാനം അത്യാവശ്യമാണ്. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം വായന, എഴുത്ത്, സംസാരശേഷി എന്നിവ മെച്ചപ്പെടുത്താനും ശരിയായ വാക്യനിര്മ്മാണത്തിനും ശുദ്ധമായ ഭാഷാപ്രയോഗത്തിനും വ്യാകരണപഠനം കൂടിയേതീരു.
ഭാഷയുടെ ശാസ്ത്രമാണ് വ്യാകരണം. ശരിയായ ഭാഷാപ്രയോഗശേഷി ആര്‍ജ്ജിക്കാനുള്ള ഒരുപാധിയെന്ന നിലയില്‍ ഭാഷാപഠനത്തിനിടയ്ക്ക് വ്യാകരണപഠനം ലയിപ്പിച്ചു ചേര്‍ക്കുന്ന രീതിയാണ് ഇന്ന് സ്കൂള്‍ പാഠ്യപദ്ധതിയിലുള്ളത്. ഭാഷാപഠനത്തോടൊപ്പംതന്നെ വ്യാകരണപഠനവും സ്വാഭാവികമായി നടക്കണം. ഭാഷാപരിചയം കൂടുന്നതിനനുസരിച്ച് പ്രയോഗങ്ങളിലൂടെ വ്യാകരണസിദ്ധാന്തങ്ങള്‍ പഠിച്ചാല്‍ ഭാഷ നല്ലരീതിയില്‍ പ്രയോഗിക്കാന്‍ സാധിക്കും. ഭാഷ ഒരു കലയായതുകൊണ്ട് നിയമങ്ങള്‍ കൊണ്ടല്ല പ്രയോഗം കൊണ്ടാണ് അത് വശമാക്കേണ്ടത് എന്ന രീതിയിലാണ് പുതിയ പാഠ്യപദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇന്ന് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് ഡിജിറ്റല്‍ വിദ്യാഭ്യാസം. കേരളത്തിലെ ക്ലാസ്മുറികള് ഡിജിറ്റല്‍ ക്ലാസ്മുറികളായി മാറിക്കൊണ്ടിരിക്കുകയാണ്. ഓഡിയോ, വീഡിയോ ഉള്‍പ്പെടുത്തി വ്യാകരണപഠനം കൂടുതല്‍ അനുഭവവേദ്യമാക്കാനും പ്രയോഗത്തില്‍ വരുത്താനും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് കഴിയും. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഇത് ഏറെ പ്രയോജനകരമാകും. പരമ്പരാഗത വ്യാകരണപഠനം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുള്ളതും, വിരസതയുളവാക്കുന്നതുമായ സാഹചര്യത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വ്യാകരണപഠനം കൂടുതല്‍ സജീവവും ആകര്‍ഷകവും എളുപ്പമുള്ളതുമാക്കി മാറ്റുന്നതാണ് ഡിജിറ്റല്‍ വ്യാകരണപഠനം. ദൃശ്യ-ശ്രവ്യാനുഭവത്തിലൂടെ വ്യാകരണപഠനം കൂടുതല്‍ ഗുണമേന്മയുള്ളതാക്കി മാറ്റുവാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഡിജിറ്റല്‍ വ്യാകരണപഠനത്തിന്റെ സാധ്യതകളെയും പ്രയോജനങ്ങളെയും വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധരചനയിലൂടെ.
താക്കോല്‍ വാക്കുകള്‍
വ്യാകരണം, ഡിജിറ്റല്വ്യാകരണപഠനം, പാഠ്യപദ്ധതി, വ്യാകരണജ്ഞാനം, ഭാഷാപ്രയോഗനൈപുണി, ഡിജിറ്റല്വിദ്യാഭ്യാസം, ഡിജിറ്റല്ക്ലാസ്മുറികള്, പരിഗണനയര്ഹിക്കുന്നകുട്ടികള്, ദൃശ്യ-ശ്രവ്യാനുഭവം, ഗുണമേന്മ, ഭാഷാശാസ്ത്രം, രൂപിമതലം, വാക്യവിന്യാസം, പ്രയോഗവ്യവസ്ഥ, വ്യാകരണനിയമങ്ങള്, ഭാഷാസിദ്ധി, ഉച്ഛാരണശുദ്ധി, അക്ഷരസ്രോതസ്, പഠനപിന്നാക്കം, സ്മാര്‍ട്ട് ക്ലാസ്സുകള്‍.
ആമുഖം
ഭാഷയെക്കുറിച്ച് മെച്ചപ്പെട്ട ധാരണയുണ്ടാക്കുക, ഭാഷാപ്രയോഗനൈപുണി വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വ്യാകരണപഠനം സ്കൂള്‍പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഭാഷയിലെ വാക്കുകളെയും വാക്കുകള്‍ ചേര്‍ന്നുണ്ടാകുന്ന വാക്യങ്ങളെയും വിഭജിച്ച് അര്‍ഥം നിര്‍ണ്ണയിക്കുന്ന ശാസ്ത്രത്തെയാണ് വ്യാകരണം എന്ന് പൊതുവേ പറയുന്നത്. ഭാഷാശാസ്ത്രത്തെ അടിസ്ഥാനമാക്കി പറഞ്ഞാല്‍ രൂപിമതലത്തിലും (Morphological level) വാക്യവിന്യാസത്തിലും (Syntax) ഒരു ഭാഷയുടെ ഘടന നിര്‍വചിക്കുന്നതാണ് ആ ഭാഷയുടെ വ്യാകരണം. വ്യാകരണം ഭാഷയുടെ പ്രയോഗ വ്യവസ്ഥയെ സൂചിപ്പിക്കുന്നു. നാം സംസാരിക്കുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്നത് ഇരുകൂട്ടരും അംഗീകരിക്കുന്ന പ്രയോഗവ്യവസ്ഥകള് ഭാഷയിലുള്ളതുകൊണ്ടാണ്. ഭാഷാപഠനം ആരംഭിക്കുമ്പോള്‍തന്നെ പ്രയോഗവ്യവസ്ഥയും ഉള്‍ക്കൊള്ളാന്‍ കഴിയണം.
ഭാഷയെക്കുറിച്ച് മെച്ചപ്പെട്ട ധാരണയുണ്ടാക്കുന്നതിനും ഭാഷാപ്രയോഗനൈപുണി വര്‍ധിപ്പിക്കുന്നതിനും വ്യാകരണനിയമങ്ങള് മനസ്സിലാക്കുന്നതിനും ഭാഷാപരമായ സിദ്ധികള്‍ വികസിപ്പിക്കുന്നതിനും ഒഴുക്കോടെ ഭാഷകൈകാര്യം ചെയ്യുന്നതിനും സന്ദര്‍ഭത്തിനനുസരിച്ച് ഉച്ഛാരണശുദ്ധിയോടെ വാക്യങ്ങള്‍ പ്രയോഗിക്കുന്നതിനും ഡിജിറ്റല്‍ വ്യാകരണപഠനം കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു. ഭാഷാപ്രയോഗ ശക്തിയ്ക്കും അക്ഷരങ്ങളുടെ ഈര്ജ്ജസ്രോതസ്സിനും അടിസ്ഥാനം വ്യാകരണമാണ്. പഠനപിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ശാരീരികവൈകല്യങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ദൃശ്യ-ശ്രവ്യാനുഭവത്തിലൂടെ ശബ്ദംകൊണ്ടും കാഴ്ചകൊണ്ടും വ്യാകരണപഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഭാഷാപഠനത്തിനും ഭാഷാപ്രയോഗത്തിനും വളരെ സഹായകമാണ് ഡിജിറ്റല്‍ വ്യാകരണപഠനം. സ്മാര്‍ട്ട് ക്ലാസുകളില്‍ ഡിജിറ്റല്‍ സാങ്കേതിക ഉപകരണങ്ങളിലൂടെ വ്യാകരണത്തിന്റെ നിയമങ്ങളും ഘടനകളും പ്രയോഗങ്ങളും എളുപ്പത്തില്‍ മനസിലാക്കുന്നരീതി അവലംബിക്കുകയാണിവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ ഈ പഠനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
ഭാഷാലാബുകള്‍
സ്കൂള്‍പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ ഭാഷാലാബുകള്‍ സജീവമായി തുടങ്ങിയിരിക്കുന്നു. ദൃശ്യ-ശ്രവ്യ ഉപകരണങ്ങളുടെ സഹായത്താല്‍ ഭാഷാലാബുകളില് അക്ഷരങ്ങളുടെയും, വാക്കുകളുടെയും എഴുത്തുരീതി, ഉച്ഛാരണശുദ്ധി എന്നിവ ശരിയായരീതിയില്‍ കുട്ടികള്‍ക്ക് ബോധ്യപ്പെടാന്‍ അവസരം ലഭിക്കുന്നു. ശുദ്ധമായ സ്വരസൗന്ദര്യമുള്ള പ്രസംഗങ്ങള്‍ ഹെഡ്സെറ്റുകള്‍ ഉപയോഗിച്ച് കേള്‍ക്കുന്നതിലൂടെ ഉച്ഛാരണശുദ്ധി കൈവരിക്കാന്‍ സാധിക്കുന്നു. മൈക്ക് ഉപയോഗിച്ചുകൊണ്ട് റെക്കോര്‍ഡിംഗ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തനതു ഉച്ഛാരണവൈകല്യങ്ങളെ ബോധ്യപ്പെടുവാനും ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാനും ഇതിലൂടെ സാധ്യമാകുന്നു. ഇപ്രകാരം ഡിജിറ്റല്‍ വ്യാകരണപഠനത്തില്‍ ഭാഷാലാബുകളുടെ പ്രവര്‍ത്തനത്തിലൂടെ കുട്ടികളുടെ ഭാഷാപ്രയോഗവൈകല്യങ്ങള് മാറ്റിയെടുക്കാനാവും.
വ്യാകരണപഠനം സ്കൂള്‍പാഠ്യപദ്ധതിയില്‍
ഒന്നാംതരം : ഉച്ചാരണശുദ്ധിയും ചിഹ്നവ്യവസ്ഥയുമാണ് ഒന്നാംതരത്തിലെ പ്രധാനപ്പെട്ട വ്യാകരണവ്യവസ്ഥകള്. ചിഹ്നവ്യവസ്ഥയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മലയാളത്തിലെ അക്ഷരങ്ങള്‍ പൊതുവെ പ്രദക്ഷിണരീതിയില് വിരലുകള്‍ ഇടത്തുനിന്ന് വലത്തോട്ട് തിരിച്ച് എഴുതേണ്ടവയാണ്. ഇതാണ് പൊതുവെ എഴുത്തിന്റെ രീതി.
രണ്ടാംതരം : രണ്ടാംതരത്തില്‍ ഒന്നാംതരത്തിന്റെ ആവര്‍ത്തനം അനിവാര്യമാണ്. കൂടാതെ നാമപദങ്ങളും ക്രിയാപദങ്ങളും തിരിച്ചറിയുന്നതിനുള്ള കഴിവ് വികസിപ്പിക്കുകയാണ് വേണ്ടത്. കുട്ടികള്‍ക്ക് വ്യക്തമായി അറിയാവുന്ന ഏതാനും നാമപദങ്ങളും ക്രിയാപദങ്ങളും ഇടകലര്ത്തിക്കൊടുത്ത് അവ വ്യത്യസ്തകോളങ്ങളില് എഴുതാന്‍ ആവശ്യപ്പെടാം.
മൂന്നാംതരം : മൂന്നാംതരത്തില്‍ ആദ്യമായിവേണ്ടത് കുട്ടികളുടെ മുന്നറിവ് പരിശോധിക്കലാണ്. അതില്‍ എന്തെങ്കിലും അപാകമുണ്ടെങ്കില്‍ അത് പരിഹരിച്ചുമാത്രമേ പുതിയ മേഖലകളിലേക്കു പോകാവൂ. തുടര്‍ന്ന് വാക്യഘടനയുടെ അടിസ്ഥാനങ്ങളിലേക്കു കടക്കാം. കര്‍ത്താവ്, കര്‍മ്മം, ക്രിയ അവതരിപ്പിക്കാം. മൂന്നുപദങ്ങള്‍ മാത്രമുള്ള ലഘുവാക്യങ്ങളാണ് പാഠഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത് അവതരിപ്പിക്കേണ്ടത്. കര്‍ത്താവ്, കര്‍മ്മം, ക്രിയ മൂന്ന് കോളങ്ങളിലാക്കി പൂരിപ്പിക്കാന്‍ കുട്ടിയോട് ആവശ്യപ്പെടാം.
ഏകവചനം, ബഹുവചനം, പുല്ലിംഗം, സ്ത്രീലിംഗം, നപുംസകം എന്നിവ മൂന്നാംതരത്തില്‍ അവതരിപ്പിക്കാം. ഇവ പാഠഭാഗ ഉദാഹരണങ്ങളിലൂടെ ഉറപ്പിക്കേണ്ടതാണ്. ക്രിയാപദങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ കുട്ടിയുടെ മനസ്സില്‍ കാലബോധം ഉണ്ടാക്കിയെടുക്കാനും അത് ഉദാഹരണങ്ങളിലൂടെ വികസിപ്പിക്കാനും സാധിക്കണം. ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ സാങ്കേതികപദങ്ങള്‍ കുട്ടികള്‍ക്ക് അവതരിപ്പിക്കാന്‍ അവസരം ഒരുക്കണം.
സര്‍വനാമങ്ങളും മൂന്നാംതരത്തില്‍ അവതരിപ്പിക്കാം. പാഠഭാഗങ്ങളില്‍ നിന്ന് ഉചിതമായ പ്രയോഗങ്ങള്‍ കണ്ടെത്തി നാമപദങ്ങളുടെ ആവര്‍ത്തനത്തിലുള്ള അഭംഗി പരിഹരിക്കുന്നതിന് സര്‍വനാമങ്ങള്‍ ഉപയോഗിക്കുന്ന രീതി കുട്ടികള്‍ കണ്ടെത്തണം.
നാലാംതരം : നാലാംതരത്തില്‍ എത്തുന്ന കുട്ടി ലഘുവാക്യങ്ങള്‍ രചിക്കാനുള്ള കഴിവ് നേടിയിട്ടുണ്ടാവണം. കര്‍ത്താവ്, കര്‍മ്മം, ക്രിയ തിരിച്ചറിയുന്നു. നാമം, സര്‍വനാമം, ക്രിയ എന്നീ പദവിഭാഗങ്ങള്‍ തിരിച്ചറിയാനുള്ള പ്രാപ്തി നേടിയിട്ടുണ്ട്. ലിംഗ-വചന വ്യവസ്ഥ, കാലവ്യവസ്ഥ എന്നിവയെപ്പറ്റി ഒരു സാമാന്യധാരണയുണ്ട്. ഇത്രയും ഉറപ്പുവരുത്തണം. ഈ അടിസ്ഥാനത്തില്‍ നിന്നാണ് നാലാംക്ലാസിലെ വ്യാകരണപഠനം ആരംഭിക്കുന്നത്. തുടര്‍ന്ന് “വിശേഷണം” എന്ന സാങ്കേതികപദം അവതരിപ്പിക്കണം.
വിഭക്തിവ്യവസ്ഥയുടെ പ്രാരംഭപാഠങ്ങളും നാലാം ക്ലാസില്‍ ആരംഭിക്കാം. “കുട്ടി അമ്മ കണ്ടു” എന്ന് മൂന്ന് പദങ്ങള്‍ ചേര്‍ത്തു പറഞ്ഞാല്‍ ആശയം വ്യക്തമല്ല. അത് ഒരു പൂര്ണവാക്യമാകുന്നില്ല. ആര് ആരെ കണ്ടു എന്നു മനസ്സിലാകുന്നില്ല. അതുകൊണ്ട് “കുട്ടി അമ്മയെ കണ്ടു” എന്നോ “അമ്മ കുട്ടിയെ കണ്ടു” എന്നോ വ്യക്തമാകുന്നതിന് “എ” എന്ന അക്ഷരം ചേര്‍ത്തു പ്രയോഗിക്കണം. വാക്യത്തില്‍ നാമപദങ്ങള്‍ ക്രിയയോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണിക്കാനാണ് ഇങ്ങനെ ചില അക്ഷരങ്ങള്‍ ചേര്‍ക്കുന്നത്. കൂടുതല്‍ ഉദാഹരണങ്ങളിലൂടെ വിഭക്തിവ്യവസ്ഥയെപ്പറ്റി ഒരു സാമാന്യബോധം വളര്‍ന്നു കഴിഞ്ഞു എന്ന് ഉറപ്പിക്കാം. എ, ഓട്, ക്ക് എന്നിവയ്ക്ക് “പ്രത്യയം” എന്ന സാങ്കേതികപദം അവതരിപ്പിക്കാം.
അഞ്ചാംതരം : വിഭക്തിസംജ്ഞകളും (പ്രയോജിക, സംബന്ധിക, ആധാരിക) പ്രത്യയങ്ങളും ഉറപ്പിക്കേണ്ടത് അഞ്ചാംതരത്തിലാണ്. തുടര്‍ന്ന് ക്രിയയുടെ വിഭാഗങ്ങളിലേക്ക് കടക്കാം.
കര്‍ത്താവ്, കര്‍മ്മം, ക്രിയ നേരത്തെ പഠിച്ചിട്ടുണ്ട്. ക്രിയ ചെയ്യുന്നത് കര്‍ത്താവും ക്രിയയ്ക്ക് വിധേയമാകുന്നത് കര്‍മ്മവുമാണ്. “കുട്ടി ഉറങ്ങുന്നു” എന്ന വാക്യത്തില്‍ – ഉറങ്ങുന്നത് കുട്ടിയാണ്. ആ വാക്യത്തില്‍ കര്‍മ്മത്തിന്റെ ആവശ്യമില്ല. അത് അകര്മ്മകം (കര്‍മ്മത്തിന്റെ അഭാവത്തില്‍ തന്നെ അര്‍ത്ഥപൂര്‍ണമാകുന്നു.) എന്നാല്‍ പിടിക്കുന്നു, കാണുന്നു, തല്ലുന്നു തുടങ്ങി പല ക്രിയകള്‍ക്കും കര്മ്മാപേക്ഷയുണ്ട്. അത് സകര്‍മ്മകം (ആരെ എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്ന ക്രിയകള്‍) ഇങ്ങനെ ക്രിയാപദങ്ങളെ അര്‍ഥം നോക്കി രണ്ടായി തിരിക്കാം.
കൃഷിക്കാരന് നിലം ഉഴുത് വിത്തു വിതച്ചു. – ഈ വാക്യത്തില്‍ രണ്ടുക്രിയാപദങ്ങള് ഉണ്ട്. ഇതില്‍ അര്‍ഥം നോക്കിയല്ല, വാക്യഘടന നോക്കിയാണ് പ്രധാനക്രിയ കണ്ടെത്തേണ്ടത്. “കൃഷിക്കാരന് നിലം ഉഴുതു” – എന്നാണെങ്കില്‍ അത് കര്‍ത്താവും കര്‍മ്മവും ക്രിയയും ഉള്ള ഒരു പൂര്ണവാക്യമാണ്. പൂര്‍ണവിരാമം ഇടുന്നു. എന്നാല്‍ “കൃഷിക്കാരന് നിലം ഉഴുത് – എന്ന് കേള്‍ക്കുമ്പോഴോ അവിടെ വാക്യം അവസാനിക്കുന്നില്ല. വിത്തു വിതച്ചു – എന്നുകൂടി ചേര്‍ക്കുമ്പോള്‍ ആശയം പൂര്‍ത്തിയാകുന്നു. ഇങ്ങനെ വാക്യഘടനയിലെ പ്രാധാന്യം നോക്കി ക്രിയാപദങ്ങളെ രണ്ടായി തിരിക്കാം. പൂര്‍ണക്രിയയും (മുറ്റുവിന) അപൂര്‍ണക്രിയയും (പറ്റുവിന). കൂടുതല്‍ ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കി കൊടുക്കണം. ക്രിയാപദങ്ങളെ അര്‍ഥം പ്രമാണിച്ച് സകര്‍മ്മകം, അകര്മ്മകം എന്നും പ്രകൃതി (സ്വഭാവം) പ്രമാണിച്ച് കേവലം, പ്രയോജകം എന്നും പ്രാധാന്യം പ്രമാണിച്ച് മുറ്റുവിന, പറ്റുവിന എന്നും തിരിക്കാം.
ആറാംതരം : മുന്നറിവ് പരിശോധനയ്ക്കുശേഷം നാലാംക്ലാസില്‍ പഠിച്ച വിശേഷണം ശ്രദ്ധയില്‍പെടുത്തണം. കൂടുതല്‍ ഉദാഹരണങ്ങള്‍ ആറാംക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നും കുട്ടികള്‍ കണ്ടെത്താന്‍ അവസരം ഒരുക്കണം. അഞ്ചാംക്ലാസില്‍ പഠിച്ച മുറ്റുവിനയെപ്പറ്റിയും പറ്റുവിനയെപ്പറ്റിയും കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. “ദ്യോതകം” ആറാംതരത്തില്‍ കുട്ടികള്‍ മനസ്സിലാക്കേണ്ടതാണ്.
- ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വിലകൂടി.
- അതിനെക്കുറിച്ച് ഒന്നും അറിയില്ല.
- വടികൊണ്ട് അടിച്ചു.
- സഞ്ചിയില്‍ നിന്ന് പുസ്തകം എടുത്തു.
തൊട്ട്, വരെ, കുറിച്ച്, കൊണ്ട്, നിന്ന് – ഇത്തരം ശബ്ദങ്ങള്‍ക്ക് കൃത്യമായ അര്‍ഥമില്ല. അവ ദ്യോതകം. എന്നാല്‍ അവ ഇല്ലാതെ വാക്യഘടന ശരിയാകുന്നുമില്ല. അതുകൊണ്ട് ഭാഷയില്‍ ഇത്തരം ശബ്ദങ്ങള്‍ ആവശ്യമാണ്.
സാങ്കേതികാര്ഥത്തെ നേരെ വായിക്കുന്നത് വാചകം. അര്‍ഥത്തെ ദ്യോതിപ്പിക്കുക (കാണിക്കുക) മാത്രം ചെയ്യുന്നത് ദ്യോതകം (തൊട്ട്, വരെ, കുറിച്ച്….). പാഠഭാഗങ്ങളില്‍ നിന്ന് ഏതാനും വാചകശബ്ദങ്ങളും ദ്യോതകശബ്ദങ്ങളും കുട്ടികള്‍ സ്വയം കണ്ടെത്താന്‍ അവസരം നല്‍കണം.
ഏഴാംതരം : ആറാംക്ലാസ്വരെയുള്ള വ്യാകരണപാഠങ്ങള്‍ കുട്ടികള്‍ വേണ്ടവിധത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് ഉറപ്പുവരുത്തിയതിനുശേഷം ക്രിയാപദത്തിന്റെ ചില സവിശേഷപ്രയോഗങ്ങളിലേക്കു കടക്കാം.
പ്രകാരം :
- നിര്‍ദ്ദേശകപ്രകാരം (ഇരിക്കുന്നു. ഇരുന്നു, ഇരിക്കും)
2. നിയോജകപ്രകാരം (ഇരിക്കട്ടെ, കേള്‍ക്കട്ടെ)
3. വിധായകപ്രകാരം (ഇരിക്കണം, കേള്‍ക്കണം)
4. അനുജ്ഞായകപ്രകാരം (ഇരിക്കാം, കേള്‍ക്കാം)
ഉദാഹരണത്തിലൂടെ പ്രകാരം വ്യക്തമാക്കിയശേഷം പ്രകാരപ്രത്യയങ്ങള്‍. (അട്ടെ, അണം, ആം) കൂടുതല്‍ ഉദാഹരണത്തിലൂടെ കുട്ടികള്‍ കണ്ടെത്താന്‍ അവസരം ഒരുക്കണം.
ക്രിയയുടെ മറ്റൊരു വ്യാകരണവ്യവസ്ഥ പരിശോധിക്കാം. “ശാകുന്തളം കാളിദാസനാല് എഴുതപ്പെട്ടു.” ഈ വാക്യവും “കാളിദാസന് ശാകുന്തളം എഴുതി” എന്ന വാക്യവും തമ്മില്‍ ആശയത്തില്‍ വ്യത്യാസമില്ലെങ്കിലും വാക്യഘടനയില്‍ വലിയ അന്തരമുണ്ട്. ഇവിടെ മലയാള വാക്യഘടനയായ കര്‍ത്താവ്, കര്‍മ്മം, ക്രിയ എന്ന ഘടന മാറ്റപ്പെടുന്നു. കര്‍മ്മത്തിനു പ്രാധാന്യം നല്കി കര്‍തൃസ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്യുന്ന ഒരു വാക്യഘടനയാണ് “ശാകുന്തളം കാളിദാസനാല് എഴുതപ്പെട്ടു” എന്നതില്‍ കാണുന്നത്.
- കര്ത്താവിന് പ്രാധാന്യം നല്കുന്ന പ്രയോഗം – കര്‍ത്തരി പ്രയോഗം
- കര്മ്മത്തിന് പ്രാധാന്യം നല്കുന്ന പ്രയോഗം – കര്‍മ്മണിപ്രയോഗം
പല ഉദാഹരണങ്ങളിലൂടെ പ്രയോഗവ്യവസ്ഥ അവതരിപ്പിക്കണം.
എട്ടാംതരം : ഭാഷാസന്ധിയാണ് എട്ടാംക്ലാസിലെ മുഖ്യപാഠ്യവിഷയം. അതിലേക്ക് കടക്കുന്നതിനുമുമ്പ് വര്‍ണം, അക്ഷരം, ലിപി എന്നിവയെപ്പറ്റി വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം.
സന്ധി എന്ന പദത്തിന് ചേര്‍ച്ച എന്നാണര്‍ത്ഥം. രണ്ട് വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന മാറ്റത്തെയാണ് വ്യാകരണത്തില്‍ സന്ധി എന്നു പറയുന്നത്. സന്ധിചെയ്യുമ്പോള്‍ വര്‍ണ്ണങ്ങള്‍ക്കുണ്ടാകുന്ന മാറ്റം അനുസരിച്ച് നാലായി തിരിക്കുന്നു. ലോപസന്ധി, ആഗമസന്ധി, ദ്വിത്വസന്ധി, ആദേശസന്ധി. പാഠഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ഉദാഹരണങ്ങളിലൂടെ സന്ധി ഉറപ്പിക്കണം.
ഡിജിറ്റല്‍ വ്യാകരണ പഠനത്തിന്റെ പ്രത്യേകതകള്‍
♦ പഠനം കൂടുതല്‍ ആകര്‍ഷകമാകുന്നു.
♦ പഠനവെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാകുന്നു.
♦ വളരെവേഗത്തില്‍ ചിഹ്നങ്ങള്‍ ഹൃദ്യസ്ഥമാക്കാന്‍ സാധിക്കുന്നു.
♦ ദൃശ്യ-ശ്രവ്യാനുഭവത്തിലൂടെ പഠനലക്ഷ്യം കൈവരുന്നു.
♦ വ്യാകരണപഠനം എളുപ്പത്തിലാവുന്നു.
♦ വിദ്യാര്‍ത്ഥികളില്‍ താത്പര്യം ഉണര്‍ത്തുന്നു.
♦ ഭാഷാപ്രയോഗനൈപുണി വര്‍ദ്ധിപ്പിക്കുന്നു.
♦ ഭാഷയെക്കുറിച്ച് മെച്ചപ്പെട്ട ധാരണ ലഭിക്കുന്നു.
♦ ആശയങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചമുണ്ടാകുന്നു.
♦ വ്യാകരണജ്ഞാനം ലഭിക്കുന്നു.
♦ സംസാരശേഷി, ഉച്ഛാരണശുദ്ധി എന്നിവ മെച്ചപ്പെടുന്നു.
♦ ഭാഷാപരമായ സിദ്ധികള്‍ വികസിപ്പിക്കുന്നു.
♦ സന്ദര്‍ഭത്തിനനുസരിച്ച് വാക്യപ്രയോഗം നടത്തുന്നു.
♦ ശാരീരികവൈകല്യങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനലക്ഷ്യം കൈവരിക്കുന്നു.
ഉപസംഹാരം
സ്കൂള്‍ പാഠ്യപദ്ധതിയില്‍ വ്യാകരണപഠനത്തിലൂടെ കുട്ടികള്‍ക്ക് ഭാഷയെക്കുറിച്ച് മെച്ചപ്പെട്ട ധാരണയുണ്ടാക്കുവാനും ഭാഷാപ്രയോഗനൈപുണി വര്‍ധിപ്പിക്കുവാനും സാധിക്കുന്നു. ഭാഷാശാസ്ത്രത്തെ അടിസ്ഥാനമാക്കി ഭാഷയുടെ ഘടന നിര്‍വചിക്കുവാന്‍ വ്യാകരണപഠനംകൂടിയേതീരു. ഇന്നത്തെ സാഹചര്യത്തില്‍ വ്യാകരണപഠനം കൂടുതല്‍ ആസ്വാദ്യകരമാകുന്നത് ഡിജിറ്റല്‍ വ്യാകരണപഠനത്തിലൂടെയാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ കുട്ടികളുടെ വ്യാകരണപഠനലക്ഷ്യം പൂര്‍ണമാകുന്നു.
ആശയങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചമുണ്ടാകുന്നത് വ്യാകരണപഠനത്തിലൂടെയാണ്. ഭാഷാപരമായ സിദ്ധികള്‍ വികസിപ്പിക്കുന്നതിനും ഒഴുക്കോടെ ഭാഷകൈകാര്യം ചെയ്യുന്നതിനും ഉച്ഛാരണശുദ്ധിയ്ക്കും, വാക്യങ്ങള്‍ പ്രയോഗിക്കുന്നതിനും ഡിജിറ്റല്‍ വ്യാകരണപഠനത്തിലൂടെ സാധ്യമാകുന്നു. ആയതിനാല്‍ വ്യാകരണപഠനവും സ്മാര്‍ട്ട് ക്ലാസ്സ് സംവിധാനത്തിലൂടെ ഡിജിറ്റല്‍ രൂപത്തിലാക്കുന്ന നൂതന പഠനരീതി (ഓഡിയോ, വീഡിയോ) വരുംതലമുറയ്ക്ക് പൂര്‍ണമായും ഗുണമേന്മയുള്ളതായി മാറും എന്നതാണ് യാഥാര്‍ത്ഥ്യം.
ഗ്രന്ഥസൂചി
- എ.ആര്.രാജരാജവര്‍മ്മ, കേരളപാണിനീയം, ഡി.സി.ബുക്സ്, കോട്ടയം, 1999
2. എ.ആര്.രാജരാജവര്‍മ്മ, ഭാഷാഭൂഷണം, കറന്റ് ബുക്സ്, കോട്ടയം, 2005
3. മലയാളം ടീച്ചര്‍ ടെക്സ്റ്റ്, സ്റ്റാന്‍ഡേര്‍ഡ് 6, SCERT കേരളം, 2015
4. മലയാളം ടീച്ചര്‍ ടെക്സ്റ്റ്, സ്റ്റാന്‍ഡേര്‍ഡ് 7, SCERT കേരളം, 2015
5. മലയാളം ടീച്ചര്‍ ടെക്സ്റ്റ്, സ്റ്റാന്‍ഡേര്‍ഡ് 8, SCERT കേരളം, 2015
6. ഒരു സംഘം ലേഖകര്‍, വിദ്യാഭ്യാസ പരിവര്‍ത്തനത്തിന് ഒരാമുഖം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തൃശ്ശൂര്‍, 2005.
7. ശിവരാജന് കെ. (ഡോ.) ശ്രീമാനുണ്ണി പി. (ഡോ.), മലയാള ഭാഷാധ്യാപനം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സ്റ്റോഴ്സ്, കോഴിക്കോട്, 2006
8. സര്‍വ്വവിജ്ഞാനകോശം, പത്താം വാല്യം, ചലച്ചിത്രം, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ്, 1995.
9. മലയാളം വിക്കിപീഡിയ സ്വതന്ത്രവിജ്ഞാനകോശം, ചലച്ചിത്രം, മനോരാജ്യം പബ്ലിക്കേഷന്‍സ്, 1980
10. സാജന് തെരുവപ്പുഴ, ഷോര്‍ട്ട്ഫിലിം നിര്‍മ്മാണം, മാതൃഭൂമി ബുക്സ്, 2016
11. Gary Parker and Bruce May, How to make a Short Film, An IFF Publications 2022.

ആന്റണി ക്ലമന്റ്
മലയാളവിഭാഗം ഗവേഷകവിദ്യാര്‍ത്ഥി സര്‍ക്കാര്‍ വനിതാകോളേജ്, തിരുവനന്തപുരം Mail Id : antonyclement2015@gmail.com Mob -9446195443
