
ഡോ.അരുൺ മോഹൻ പി.
Published: 10 March 2026 കവര്‍സ്റ്റോറി
മധ്യകാല കേരളത്തിലെ കലാവ്യവസ്ഥയും ദേവദാസി പദവിയും
ശ്രീധരനങ്ങച്ചിയുടെ നെടുമ്പുറം തളി വട്ടെഴുത്ത് ശിലാരേഖയെ മുന്‍നിര്‍ത്തിയുള്ള വിശകലനം.
മധ്യകാലകേരളം എന്ന് വ്യവഹരിക്കപ്പെടുന്ന കാലഘട്ടത്തിലെ കേരളം നമുക്കറിയാവുന്നതുപോലെ ഇന്നത്തെ കേരളസംസ്ഥാനത്തിന്റെ അതിരുകള്‍ക്കകത്തും പുറത്തുമായിട്ടായിരുന്നു. ചരിത്രപഠനം നല്കുന്ന സൂചനകള്‍ പ്രകാരം ചേരം, ഏഴിമല, ആയ് എന്നിങ്ങനെയുള്ള രാജവംശങ്ങളും ഈ ഭൂപരിധിയില്‍ ഉണ്ടായിരുന്നു. ഗോത്രപരമായ നീതിവ്യവസ്ഥയില്‍ നിന്നും രാജനീതിയിലേക്കുള്ള ക്രമികമായ പരിണാമം ഈ ഭൂമേഖലയില്‍ വ്യതിരിക്തമാകുന്നത് രണ്ടാം ചേരസാമ്രാജ്യം എന്നുകൂടി വിളിക്കപ്പെട്ട മഹോദയപുരകുലശേഖരന്മാരുടെ കാലത്താണ്. ഈ ഭരണാധികാരികള്‍ പെരുമാക്കന്മാര്‍ എന്നുകൂടി വിളിക്കപ്പെട്ടു. ജൈനമതവും ബുദ്ധമതവും പുലര്‍ത്തിയ സ്വാധീനങ്ങള്‍ക്കു ശേഷം ശങ്കരാചാര്യരുടെ നേതൃത്വത്തില്‍ നടന്ന ആര്യവത്കരണത്തിന്റെ സ്വാധീനഫലങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയ സി.ഇ. ഒമ്പതാം നൂറ്റാണ്ടുമുതലാണ് മഹോദയപുരത്തെ കുലശേഖരഭരണത്തെക്കുറിച്ചുള്ള തെളിവുരേഖകള്‍ ശാസനങ്ങളുടെ രൂപത്തില്‍ ലഭിച്ചുതുടങ്ങിയത്. നേരിയ തോതിലാണെങ്കിലും അക്കാലത്തെ സാമൂഹികജീവിതവും സാമ്പത്തിക വിനിമയങ്ങളും അധികാരപരമായ സ്ഥാനമാനങ്ങളും പലതരം പദവിമൂല്യങ്ങളും ഈ രേഖകളില്‍ നിന്നും അറിയാനാകും. അവയില്‍ നിന്നും ലഭിച്ച പരാമര്‍ശങ്ങളിലാണ് നമുക്ക് അക്കാലത്തെ അറിയാന്‍ കൂടുതലായി ഉപകരിക്കുന്നത്.
ചിലപ്പതികാരം, മണിമേഖല മുതലായ തമിഴ് മഹാകാവ്യങ്ങളില്‍ നിന്നും നൃത്തം, നാട്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്. രാജവാഴ്ചയോടൊപ്പം കലാപ്രവര്‍ത്തനങ്ങളും വളര്‍ച്ച പ്രാപിക്കുന്നതായി ഇതിലൂടെ മനസ്സിലാക്കാം. മഹാക്ഷേത്രങ്ങള്‍ നിത്യവിചാരകേന്ദ്രങ്ങള്‍ കൂടി ആയിരുന്നു. അവിടെ പുരാണപാരായണവും വിദ്യാശാലകളുടെ പ്രവര്‍ത്തനവും കൂത്ത്, കൂടിയാട്ടം മുതലായവയുടെ അവതരണവും സ്ത്രീകള്‍ ആടുന്ന നൃത്തവും പതിവായിരുന്നു. വേശ്യാവൃത്തിയിലേര്‍പ്പെടുന്ന ദേവദാസികളേക്കാള്‍ രാജാക്കന്മാരുടെ ഭാര്യമാരായിത്തീരാനും ശേഷിയുണ്ടായിരുന്ന നങ്ങയാര്‍മാരെയും അവര്‍ക്ക് പരിശീലനത്തിന് സഹായകമായി നിന്ന നട്ടുവന്മാരെയും ചേര, ചോള, പാണ്ഡ്യ ദേശങ്ങളില്‍ അക്കാലത്ത് കാണാം. അവരെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ ഇന്നത്തെ കേരളത്തിന്റെ ഭൂപരിധികള്‍ക്കകത്തുള്‍പ്പെട്ട പ്രദേശങ്ങളില്‍ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്.
പല്ലവന്മാരുടെയും ചോളന്മാരുടെയും പ്രതാപകാലത്ത് കലാപ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷേത്രങ്ങളും വേദിയായിത്തീര്‍ന്നു. ചോളകാലത്ത് സി.ഇ. പത്താംനൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ പലദേശങ്ങളില്‍ നിന്നും ദേവദാസികളെ കൊണ്ടുവന്നതായി തഞ്ചാവൂര്‍ ക്ഷേത്രലിഖിതത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. നര്‍ത്തകന്മാരായ പന്ത്രണ്ട് നട്ടുവന്മാരും അവിടെ പരാമര്‍ശിക്കപ്പെടുന്നു. തമിഴ് മലയാള ദേശങ്ങളില്‍ പൊതുവായുണ്ടായിരുന്ന ചില കലാരൂപങ്ങള്‍ കേരളത്തില്‍ മാത്രമായി പിന്നീട് തുടരുന്നുണ്ട്. അതിലൊന്ന് നങ്ങമാര്‍ നടത്തിവന്നിരുന്ന ശാന്തിക്കൂത്താണ്. ഇക്കാര്യം എന്‍.എം. നമ്പൂതിരി കേരളസംസ്കാരം അകവും പുറവും എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. തിരുച്ചി വ്യാഘ്രാലയേശ്വര ക്ഷേത്രത്തില്‍ എഴുനാട്ടു നങ്ങൈ എന്ന കൂത്തച്ചി ചിത്തിരോത്സവകാലത്ത് ഒമ്പതരങ്ങ് ശാന്തിക്കൂത്ത് നടത്തി. മറ്റൊരു കൂത്തച്ചിയായ തിരുവെങ്കാട്ടു നങ്ക ക്ഷേത്രത്തിലേക്ക് വഴിപാടുകള്‍ നല്കുന്നുണ്ട് (ഡോ.എന്‍. എം. നമ്പൂതിരി, പുറം 360). ഇത്തരം ഇടപെടലുകള്‍ കേരളത്തിനകത്തു നിന്നും ലഭിച്ച ലിഖിതരേഖകളിലും കാണാന്‍ സാധിക്കും. കലകള്‍ ക്ഷേത്രപാലനത്തോടൊപ്പം സാമൂഹികജീവിതത്തില്‍ കലര്‍ന്നു വളരുകയും സാമ്പത്തികമായി കലാപ്രവര്‍ത്തകരുടെ മെച്ചപ്പെട്ടുവരുന്ന ജീവിതക്രമവും ഇതില്‍നിന്നും വ്യക്തമാകുന്നുണ്ട്.
തൃശൂര്‍ ജില്ലയിലെ നെടുമ്പുറം തളിക്ഷേത്രത്തില്‍ എട്ട് ശിലാപാളികളിലായി ആറ് വട്ടെഴുത്ത് ശാസനങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവയില്‍ ഭാസ്കരരവി എന്ന പെരുമാളുടെ പതിമൂന്നാം ഭരണവര്‍ഷത്തിലെ രേഖയുടെ പലവിധം സവിശേഷതകളില്‍ ഒന്ന് ശാസനദാതാവായ അധികാരി ഒരു സ്ത്രീയാണെന്നതാണ്; അവര്‍ ഒരു നങ്ങകൂടിയാണ്.
“സ്വസ്തിശ്രീ പാര്‍ക്കരനിരവിക്കുച്ചെല്ലാനിന്റയാണ്ടു പതിനൊരാമാണ്ടൈക്കെതിര്‍ ഇരണ്ടാമാണ്ടു തുലാത്തില്‍ വിയാഴന്നില്‍ക്ക നിത്യവിയാരേശ്വരത്തു പതിനെട്ടുനാട്ടാരും അതികാരികളും അവിരോതത്താലു മുക്കാല്‍വട്ടത്തിരുന്തു ചെയ്ത കച്ചമാവിതു. തിരുപ്പുവന മാതേവിയായിന ചിരിതര നങ്ങച്ചി ഉടൈയ പൂമി ചേരലൂരും, കണ്ണമൂരും, പെരുംപുലമും, ചിറുമാത്തൂരും, പെരുമണങ്കാടും, ഏഴുകല്ലും, പാട്ടവിരുത്തിയും, മരുങ്ങാടും തളിക്കു കിഴക്കു കോവില്‍ക്കുള്ള പുരൈയിടമ്മേഴും കൂട കീഴിട്ട തിരിപുവന മാതേവിയായിന ചിരിതര നങ്ങച്ചിയാണ്ടുതോറും കൊടുക്കുന്നെല്‍ ചാന്തിവിരുത്തി നൂറ്റുനാഴിയും ചിത്തിരൈവിഴുനാള്‍ കൊടുപ്പതു” (ഡോ.അരുണ്‍ മോഹന്‍ പി: 2023, പുറം 79, 80)
ഈ ലിഖിതത്തിലെ പ്രധാനസവിശേഷത വലിയ അളവില്‍ കാര്‍ഷിക വൃത്തിക്കായുള്ള ഭൂമിയും, പുരയിടങ്ങളും ശാന്തിവൃത്തിക്കായുള്ള നെല്ലിനായി കീഴീടായി നല്കിയിരിക്കുന്നു. ചിത്തിരവിഷുവിന്‍ നാളില്‍ നൂറ്നാഴി നെല്ല് നല്കിയില്ലെങ്കില്‍ ചുമതലപ്പെട്ടവര്‍ ഇരുപത്തഞ്ച് കഴഞ്ച് ചെമ്പൊന്ന് പിഴയൊടുക്കണം, അവര്‍ക്ക് തളിയില്‍ പ്രവേശനവുമുണ്ടായിരിക്കുകയില്ല. വലിയ അളവ് ഭൂസ്വത്ത് ദാനം ചെയ്യാന്‍ പ്രാപ്തയായ ത്രിഭുവനമഹാദേവിയാണ് ശ്രീധരനങ്ങച്ചി എന്നീ രേഖയില്‍ നിന്നും പ്രാഥമികമായി വെളിവാകുന്നു. ത്രിഭുവന മഹാദേവി എന്നാല്‍ മഹാറാണി എന്നാണ് അര്‍ഥമെടുക്കേണ്ടത്. അപ്രകാരം നോക്കിയാല്‍ പെരുമാളുടെ പത്നിയായിരുന്നു ശ്രീധരനങ്ങച്ചിയെന്നും മനസ്സിലാക്കാനാകും.
ഇതേ ക്ഷേത്രത്തിലെ കോതഇരവി (ഗോദ രവി) പെരുമാളുടെ കാലത്തെ വട്ടെഴുത്ത് ലിഖിതത്തില്‍ “കരതരവികട നങ്കൈമാര്‍ക്കും അരിയ്ക്കു നൂറ്റപ്പത്തുനാര്‍ക്കലമൈയമ്പതിനാഴി കര(ാ)ളനുക്കു മൊരവിയനുക്കും പതിനുറുകലമെമതി നാഴി നങ്കൈമാര്‍ക്കു തമ്മവ്യം അമ്പത്തിനു നിയതിപ്പടി ആളിയങ്കോടുക്കും പരിചു ചാത്തിരത്താലിരുനാഴിയു നാ നട്ടവനുക്കു ചീവിതമ്മിളൈയിര്‍ക്കൊടുക്കു ന്നെല്ലിടങ്കഴിയാലിരുപതിന്‍ കലം” (ഡോ.അരുണ്‍ മോഹന്‍ പി: 2023, പുറം 69) എന്ന് കാണാം. ഇവിടെ കരതരവികട നങ്കൈമാരും, നട്ടവന്‍ അഥവാ നട്ടുവനും നര്‍ത്തനം തൊഴിലാക്കിയവരാണ്. കരതരവികട നങ്ങ നര്‍ത്തകിയാണ്. അവര്‍ക്ക് ജീവിതച്ചെലവിനുള്ള നെല്ല് കൊടുക്കാന്‍ ഏര്‍പ്പാടാക്കിയിരിക്കുന്നു.
കലാനിപുണത സാമൂഹികമായ ഉയര്‍ന്ന പദവിയോടൊപ്പം നിലവാരമുള്ള ജീവിത്തിനാവശ്യമായ ചെലവുകള്‍ പൂര്‍ത്തീകരിക്കാനും ഉതകും വിധമുള്ളതായിത്തീര്‍ന്നിരുന്നു. കല ഈ ഘട്ടത്തില്‍ അധികാരത്തോടൊപ്പം ക്ഷേത്രകേന്ദ്രീകൃതമായിത്തീരുന്നതും കാണാം. രാജാവിന്റെ വാസസ്ഥലവും ആരാധ്യദേവതയുടെ വാസസ്ഥലവും കലാപ്രകടനത്തിനുള്ള ഇടങ്ങളായിത്തീരുന്നു. ദേവനെ വിവാഹം ചെയ്ത് ദേവദാസിയാകുന്നവള്‍ക്ക് രാജാവിനെ വിവാഹം ചെയ്ത് ത്രിഭുവന മഹാദേവിയാകാനും ഭൂസ്വത്തുക്കള്‍ കൈവശം വെക്കാനും ദാനം ചെയ്യാനും സാധ്യമാകുന്ന സാമൂഹികനില സവിശേഷമാണ്.
നങ്കമാരെ അഥവാ നങ്ങമാരെ ആദ്യമായി പരാമര്‍ശിക്കുന്ന കേരളീയ ശാസനം ചോക്കൂര്‍ ശാസനമാണ്. “ചുഴിയിലിള്‍ ചിറ്ററൈയില്‍ നങ്കൈയാര്‍ കൊടുത്ത പതിന്റൂണിപ്പാടും” (ഡോ. പുതുശ്ശേരി രാമചന്ദ്രന്‍: 2011, പുറം 27) എന്നതാണാ പരാമര്‍ശം. ചോക്കൂര്‍ ക്ഷേത്രം പണികഴിപ്പിച്ച ഉടന്‍ അതിന്റെ നടത്തിപ്പിനായുള്ള ഏര്‍പ്പാടുകളും ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനുള്ള ദാനങ്ങളുമാണ് കോത ഇരവി (ഗോദ രവി) പെരുമാളുടെ പതിനഞ്ചാം ഭരണവര്‍ഷത്തിലെ പ്രസ്തുത വട്ടെഴുത്ത് ശാസനത്തിലെ പരാമര്‍ശ വിഷയം. ഭൂവുടമസ്ഥത നങ്ങമാര്‍ക്കുണ്ടായിരുന്നു എന്നീ രേഖകളിലെ പരാമര്‍ശങ്ങളില്‍ നിന്നും മനസ്സിലാക്കാനാകും.
പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ അഭിപ്രായത്തില്‍ ക്ഷേത്രസംബന്ധമായ ഉദ്യോഗങ്ങളില്‍ വിദ്യാസമ്പന്നകളും കലാകുശലകളുമായ കുലീനസ്ത്രീകള്‍ക്ക് ലഭിച്ചിരുന്ന ഏറ്റവും മാന്യമായ ഒരുദ്യോഗമാണ് ‘തേവിടിച്ചിസ്ഥാനം’. കേരളത്തിലെ നൃത്തം, സംഗീതം എന്നീ കലകളുടെ അഭിവൃദ്ധിക്ക് വലിയ സംഭാവനകള്‍ നല്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് (പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള:2005, പുറം 516). ഇവരുടെ കുലീനതയുടെ മാഹാതത്മ്യമോ കലാപരമായ സിദ്ധികളോ എപ്രകാരമായിരുന്നു എന്നറിയുവാന്‍ മാത്രം പര്യാപ്തമായ രേഖകള്‍ നമുക്കിന്ന് ലഭ്യമല്ല. കലാനിപുണകളായിരിക്കേ അവര്‍ക്ക് മാന്യമായ വേതനം ലഭിച്ചിരുന്നു എന്നതിന് വട്ടെഴുത്ത് രേഖകളിലെ പരാമര്‍ശങ്ങള്‍ തെളിവാണ്. അതോടൊപ്പം സുപ്രധാനമായ മറ്റൊരു വസ്തുത ക്ഷേത്രച്ചെലവുകള്‍ നടത്തുന്നതിലേക്ക് ഭൂസ്വത്തുക്കള്‍ നല്കാന്‍ തക്ക പ്രാപ്തി നങ്ങമാര്‍ എന്ന് ആദരവോടെ ലിഖിതങ്ങളില്‍ പരാമര്‍ശിക്കുന്ന സ്ത്രീകള്‍ക്കുണ്ടായിരുന്നു എന്നതാണ്.
സി.ഇ. പന്ത്രണ്ടാം നൂറ്റാണ്ടോടെ കുലശേഖരന്മാരഥവാ പെരുമാക്കന്മാരുടെ ഭരണം അവസാനിക്കപ്പെട്ടു. ഈ ഏകീകൃതഭരണം ഇല്ലാതായതിനു ശേഷം ബ്രാഹ്മണാധിപത്യം ശാങ്കരസമൃതിയിലൂടെ ഉറപ്പിക്കപ്പെട്ടു. ഐഹികജീവിതത്തിലെ സുഖലോലുപത സ്വപ്നം കണ്ടവരുടെ മണിപ്രവാളകാവ്യങ്ങള്‍ നീണ്ടകാലം സാഹിത്യത്തെ സ്വാധീനിച്ചു. മണിപ്രവാള കവികളെ ഉന്മത്തരാക്കാന്‍ പ്രാപ്തിയുള്ള സ്ത്രീകള്‍ മുന്‍കാല നങ്ങമാരുടെ പിന്‍തലമുറകളായിരുന്നു. സംബന്ധം പോലുള്ള മര്യാദകളുണ്ടായിരുന്നതിനാല്‍ സമുദായാനന്തര ശാരീരികബന്ധങ്ങള്‍ ജാതിശ്രേണിയിലുയര്‍ന്ന പുരുഷന്മാര്‍ക്കും സുന്ദരികളായ നാരീരമണികള്‍ക്കും പാപബോധമില്ലാത്ത ഇടപെടല്‍ മേഖലകളായിത്തീര്‍ന്നിരിക്കണം. കലയും സാഹിത്യവും ഇടകലര്‍ന്നുയര്‍ന്നു വന്ന സാംസ്കാരിക മേഖല ഈ വിധം ശരീരങ്ങളിലേക്ക് ഒതുക്കപ്പെടുന്ന ഒരു ചിത്രം സി.ഇ. ഒമ്പതാം നൂറ്റാണ്ടു മുതല്‍ക്കുള്ള ശാസനങ്ങളില്‍ നിന്നും ലഭിച്ച പരാമര്‍ശങ്ങളില്‍ തുടങ്ങി ചന്ദ്രോത്സവത്തോളമുള്ള മണിപ്രവാള കാവ്യങ്ങളോളം നമുക്ക് കാണാനും അനുഭവിക്കാനും സാധ്യമാണ്.
കേരളത്തിലെ ആരാധനാലയങ്ങള്‍ അധികാരം, ഭൂസ്വത്ത്, കല, സാഹിത്യം, ഭക്തി എന്നിവയുടെ വിളനിലങ്ങളായിത്തീര്‍ന്നത് മഹോദയപുര കുലശേഖരന്മാരഥവാ പെരുമാക്കന്മാരുടെ കാലത്താണ്. വര്‍ദ്ധിച്ച ഭൂസ്വത്തുള്ള വലിയ ക്ഷേത്രങ്ങള്‍ നിത്യ വിചാരകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഏതെല്ലാം കാര്യങ്ങളില്‍ അവര്‍ വിചാരം നടത്തി എന്നത് സുവ്യക്തമല്ലെങ്കിലും ഭൂവിനിമയങ്ങള്‍, നിത്യേനെ നടത്തേണ്ടുന്ന വഴിപാടുകള്‍ക്കും തൊഴിലിനും ഉള്ള വ്യവസ്ഥകള്‍, ദാനഭൂമികളില്‍ നിന്നും കാരാളന്‍ ക്ഷേത്രത്തിന് നല്കേണ്ടുന്ന വിഭവമൂല്യം അവകൊണ്ട് നിവര്‍ത്തിക്കേണ്ടുന്ന ചെലവുകള്‍, രേഖകളില്‍ പറയുന്നതുപോലെ നടപ്പിലായില്ലെങ്കില്‍ നടപ്പാക്കേണ്ടുന്ന ശിക്ഷാവിധികള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഏകീകൃത സ്വഭാവമുണ്ട്. ഇവയോടൊപ്പം വലിയൊരു ഉല്പാദക സമൂഹത്തെയും ഭരണാധികാരികളേയും ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ തക്കവിധം വിദ്യാശാലകളായും കലാപാഠശാലകളായും കലാസ്വാദനത്തിനുള്ള കേന്ദ്രങ്ങളായും ക്ഷേത്രങ്ങള്‍ പ്രത്യക്ഷമാകുന്നു. അതിന്റെ ഫലമായി കൂത്ത്, കൂടിയാട്ടം പോലെയുള്ള കലാരൂപങ്ങള്‍ കേരളത്തില്‍ നിലനിന്നു. ഈ വ്യവസ്ഥയ്ക്കകത്ത് ആര്‍ക്കെല്ലാം ക്ഷേത്രകലകള്‍ ആസ്വദിക്കാനായി എന്നത് പ്രസക്തമായൊരു ചോദ്യമാണ്. സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന നിലയിലുണ്ടായ സമുദായ പ്രതിനിധികളായിരിക്കാം ഇവയുടെ ആസ്വാദകരെന്ന് മറ്റ് തെളിവുകളുടെ അഭാവത്തില്‍ വിലയിരുത്താനാകും. ആഢ്യമായ ഒരു കലാവ്യവസ്ഥയേയും സാമൂഹികക്രമത്തേയുമാണ് മേല്‍പരാമര്‍ശിച്ച ലിഖിതരേഖകളും സാഹിത്യവും പ്രതിനിധാനം ചെയ്തിരുന്നത് എന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്.
സഹായക ഗ്രന്ഥങ്ങള്‍
1. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ തിരഞ്ഞെടുത്തകൃതികള്‍, പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള, എഡി: ഡോ. എന്‍. സാം, അന്താരാഷ്ട്ര കേരളപഠനകേന്ദ്രം, കേരളസര്‍വകലാശാല, കാര്യവട്ടം, 2005.
2. കേരളചരിത്രത്തിന്റെ അടിസ്ഥാനരേഖകള്‍, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, രണ്ടാംപതിപ്പ്, 2011.
3. കേരളസംസ്കാരം അകവും പുറവും, ഡോ. എന്‍. എം. നമ്പൂതിരി, കാലിക്കറ്റ് യൂനിവേഴ്സിറ്റി സെന്‍ട്രല്‍ കോ ഓപ്പറേറ്റീവ് സ്റ്റോഴ്സ്.
4. കൊച്ചിരാജ്യത്തെ ലിഖിതങ്ങളുടെ ചരിത്രപരവും ഭാഷാപരവുമായ പഠനം, ഡോ. അരുണ്‍ മോഹന്‍ പി, കേരള യൂണിവേഴ്സിറ്റി പ്രസ്സ്, തിരുവനന്തപുരം, 2023.
5. ദേവദാസികളും സാഹിത്യചരിത്രവും, ഡോ. പി. സോമന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, രണ്ടാം പതിപ്പ്, 2014.

ഡോ.അരുൺ മോഹൻ പി.
അസിസ്റ്റന്റ് പ്രൊഫസര്‍, മലയാള വിഭാഗം, ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി.
