
ഡോ.സി.ഗണേഷ്
Published: 10 may 2026 ഫോക്ലോർ പഠനം
ഡിജിറ്റൽഫോക്ലോറും സമകാലികതയും.
താക്കോൽവാക്കുകൾ: ഡിജിറ്റൽ ഫോക്ലോർ, സാംസ്കാരിക ഡി.എൻ.എ., അർബൻ ലെജൻഡ്സ്, ഡിജിറ്റൽസംസ്കാരം, സമകാലികത.
പ്രബന്ധസംഗ്രഹം: നാടോടിവിജ്ഞാനീയം എന്നത് കേവലം കഴിഞ്ഞകാല ഓർമ്മകളുടെ ശേഖരമല്ലെന്നും, മറിച്ച് അത് സമകാലിക സമൂഹത്തിന്റെ സജീവമായ അടയാളപ്പെടുത്തലാണെന്നും ഈ പ്രബന്ധം സമർത്ഥിക്കുന്നു. പരമ്പരാഗതമായ വാമൊഴി വഴക്കങ്ങളിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ഫോക്ലോറിന്റെ പരിണാമത്തെയും അത് നിർവ്വഹിക്കുന്ന സാംസ്കാരികധർമ്മങ്ങളെയും ഇവിടെ വിശകലനം ചെയ്യുന്നു. വടക്കൻകേരളത്തിലെ തെയ്യം പോലുള്ള അനുഷ്ഠാനകലകളിലെ സാമൂഹിക-രാഷ്ട്രീയമാനങ്ങൾ മുതൽ ആധുനിക ആനിമേഷൻപരമ്പരകളിലും റീൽ,ക്രീപ്പി പാസ്ത, റെഡ്ഡിറ്റ് ലെജെൻഡ് തുടങ്ങിയ ആവിഷ്കാരങ്ങളിലും പ്രകടമാകുന്ന ‘ഡിജിറ്റൽ നാടോടിത്തം’’ വരെ പഠനപരിധിയിൽ വരുന്നു. ഡിജിറ്റൽ സംസ്കാരത്തെ പഠിക്കാനും സംരക്ഷിക്കാനും ഗവേഷകർ സജീവമായി ഇടപെടേണ്ടത് എപ്രകാരമെന്ന് വ്യക്തമാക്കാനും ശ്രമിക്കുന്നു.
ഫോക്ലോർ എന്ന സാംസ്കാരികവിനിമയം
മനുഷ്യനും സംസ്കാരവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്ന വിജ്ഞാനശാഖയാണ് നാടോടിവിജ്ഞാനീയം അഥവാ ഫോക് ലോർ. ഇതിനെ ഒരു ജനതയുടെ സാംസ്കാരിക ഡിഎൻഎ (Cultural DNA) ആയി വിശേഷിപ്പിക്കാം. 1846-ൽ വില്യം ജോൺ തോംസ് ഈ പദം അവതരിപ്പിച്ചുവെങ്കിലും, ഫോക് ലോർ എന്നത് നിശ്ചലമായ ഒന്നല്ല; മറിച്ച് പുതിയ സാഹചര്യങ്ങൾക്കും സാങ്കേതികവിദ്യകൾക്കും അനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ‘ജീവിച്ചിരിക്കുന്ന ഓർമ്മ’യാണ്. കേരളത്തിലെ മിഷനറിമാരുടെ പഠനങ്ങളിൽ നിന്ന് ആരംഭിച്ച ഈ വിജ്ഞാനശാഖ ഇന്ന് ചരിത്രത്തിന്റെ ഡോക്യുമെന്റേഷൻ കൂടിയായി മാറിയിരിക്കുന്നു. നാടോടിവിജ്ഞാനത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിൽ വ്ലാഡിമിർ പ്രോപ്പ് (1928), റിച്ചാർഡ് ബോമാൻ (1971) തുടങ്ങിയവരുടെ പഠനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധേയമാണ്. കേരളത്തിൽ ഡോ. എം.വി. വിഷ്ണു നമ്പൂതിരി, രാഘവൻ പയ്യനാട് (2012) തുടങ്ങിയ ഗവേഷകർ ഫോക്ലോർ പഠനങ്ങളെ ജനകീയമാക്കുന്നതിലും ഡോക്യുമെന്റ് ചെയ്യുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഫോക് ലോറിന്റെ ചരിത്രം നിരീക്ഷിച്ചാൽ അത് സമകാലികതയുമായി പ്രക്രിയാതലത്തിൽ ബന്ധം സ്ഥാപിക്കുന്നത് കാണാനാവും.
ജ്ഞാനമേഖലയായി അടയാളപ്പെടൽ
1846ലാണ് ഫോക് ലോർ ഒരു ജ്ഞാനമേഖലയായി അടയാളപ്പെടുന്നത്. അറിവിന്റെ വിനിമയത്തിലും വിതരണത്തിലുമുള്ള വിശ്വാസമാണ് ജ്ഞാനമേഖലകളുടെ ഉല്‍പ്പത്തിയെ സാധൂകരിക്കുന്നത്.എന്നാൽ കൂട്ടായ്മയുടെ അറിവിനെ ആദ്യമായി അംഗീകരിച്ചതിനാൽ ഫോക് ലോർ എന്ന വിജ്ഞാനശാഖയുടെ പിറവി പ്രത്യേകമായി വിലയിരുത്തേണ്ടതുണ്ട്. ഉൽപ്പത്തി മാത്രമല്ല അതിന്റെ പരിണാമവും വിശകലനവിധേയമാകേണ്ടതുണ്ട്. വിജ്ഞാനശാഖ കാലാനുസൃതമായി മാറുമ്പോൾ ആ മാറ്റത്തെ വിശദീകരിക്കാനാവാതെ ഗവേഷകർ കുഴങ്ങാറുണ്ട്.അടിസ്ഥാനയുക്തിയിൽ മാറ്റമൊന്നുമില്ലെങ്കിലും ജ്ഞാനമേഖലാമാറ്റത്തെ ഉൾക്കൊള്ളാൻ മേഖലയിലെ വിദഗ്ധർ മാത്രമല്ല, പുറത്തു നിൽക്കുന്നവരും പ്രയാസപ്പെടുന്നു.
ഫോക്ലോറിന്റെ കേന്ദ്രം ഫോക് ആണോ ലോർ ആണോ എന്ന തർക്കമാണ് ആദ്യകാലത്ത് നിലനിന്നിരുന്നത്. ആധുനികമായ ആശയാവലികളോട് പൊതുവെ പുലർത്തി വന്ന സന്ദേഹത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇത്തരം തർക്കങ്ങളെ കാണാനാവൂ. ജ്ഞാനമേഖലയുടെ അതിർത്തി നിർണയനവുമായി ബന്ധപ്പെട്ട് ഇതുപോലുള്ള വാദങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ വിഷയാതിർത്തി സംബന്ധമായുള്ള വിചാരങ്ങൾ യുക്തിസഹമായി വിശദികരീക്കാൻ ആധുനികാനന്തരമുള്ള ദർശനങ്ങൾക്ക് കഴിഞ്ഞു.അതോടൊപ്പം ജ്ഞാനമേഖലകളുടെ അതിർത്തി എന്നത് മിഥ്യാസങ്കല്പമാണെന്നും സൂക്ഷ്മരൂപത്തിൽ അതിർത്തിയില്ലായ്മയിലാണ് അവയുടെ നിലനില്‍പ്പെന്നും ബോധ്യപ്പെട്ടു.പരമ്പരാഗതമായ പല വിഷയങ്ങളും സ്റ്റഡീസ് എന്നു ചേർത്തുകൊണ്ട് അവയുടെ വിഷയാതിർത്തി വിപുലപ്പെടുത്തി.അറിവിന്റെ വിഭജനപദ്ധതി ക്ലാസിക് കാലം മുതൽ നിലനിന്നിരുന്നു. ഈ വിഭജനയുക്തിയിലാണ് ഫോക് ലോറും ഉണ്ടായത്. ആധുനികതയുടെ അറിവുവിഭജനസമ്പ്രദായത്തിനു കീഴിൽ ഒരു ഡിസിപ്ലിൻ ആയി അറിയപ്പെടുമ്പോഴും ഫോക് ലോറ് വൈരുദ്ധ്യാത്മകത പ്രകടിപ്പിച്ചി രുന്നു.
ഏതൊരു ജ്ഞാനമേഖലയുടെ വികാസപരിണാമത്തിലും അക്കാദമിക്ഘട്ടം നിർണായകമാണ്. ഫോക്ലോറിന്റെ കാര്യത്തിൽ സവിശേഷമായ ചിന്താഘട്ടം തന്നെ പിന്നിടുകയാണ് കൊളോണിയൽ യുക്തിയിലധിഷ്ഠിതമായ അക്കാദമികഘട്ടത്തിൽ സംഭവിച്ചത്. ദേശീയോദ്ഗ്രഥനത്തിന്റെയും ശാസ്ത്രീയമായ ചിട്ടപ്പെടുത്തലിന്റെയും രീതിശാസ്ത്രമാണ് അക്കാദമികഘട്ടത്തിന്റെ തുടക്കം ഫോക് ലോറിനു നൽകിയത്.
ഫീൽഡ്വർക്ക്, വസ്തുതാസമാഹരണം, രേഖപ്പെടുത്തൽ,ക്രമീകരണം,അവതരണം എന്നിങ്ങനെ പൊതുഭൂമിക സൃഷ്ടിക്കപ്പെട്ടു. പ്രാദേശികവും, ദേശീയവുമായ കാഴ്ചപ്പാടുകൾ സ്വായത്തമാക്കുന്നതാണ് ഫോക്ലോറിന്റെ വർത്തമാനചരിത്രം. ജീവനസംസ്കാരമെന്ന സദാ ചലനാത്മകമായ ഒന്നിനെയാണ് തങ്ങൾ പഠനവിധേയമാക്കുന്നതെന്ന സത്യം പുതിയ വിശകലനരീതികൾ ഫോക്ലോറിന്റെ ഭാഗമാക്കേണ്ടതാണന്ന അനിവാര്യതയിലെത്തിച്ചു.
കേരളസന്ദർഭം
ഫോക്ലോറിനു മലയാളസന്ദർഭത്തിൽ ഒരു നിർവചനത്തിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നു അഞ്ചു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച പണ്ഡിതൻ പറയുന്നുണ്ട്.അമേരിക്കൻസാഹചര്യത്തിലാരംഭിച്ച നിർവചനശ്രമങ്ങൾ കേരളത്തിന്റെ സവിശേഷമായ പരിസ്ഥിതിയോട് ചേർന്നുപോകുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ന്യായം. അലൻഡന്റിസ് ഗദ്യാഖ്യാനങ്ങളെ മിത്ത്,ലജന്റ്,നടോടിക്കഥ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ ഗദ്യാഖ്യാനങ്ങൾക്ക് ഈ നിർവചനങ്ങൾ ഇണങ്ങുകയില്ല. കാരണം ഇവിടുത്തെ പുരാവൃത്തങ്ങളിൽ മിക്കതും ഗദ്യാഖ്യാനങ്ങല്ല, ഗാനാഖ്യാനങ്ങളാണ്. തെയ്യത്തിന്റെ തോറ്റം പാട്ടുകളും തെക്കൻ പാട്ടുകളും മുടിയേറ്റപാട്ടുകളും പടയണിപാട്ടുകളും പൂതനൻ-തിറ-മലവാഴിയാട്ടം,കാളിയൂട്ട്,കാളികെട്ട് തുടങ്ങിയവയുടെ പാട്ടുകളും പുരാവൃത്തങ്ങളാണ്. അവയെല്ലാം ഗാനാഖ്യാനങ്ങളാണ്. കെന്ത്രോൻപാട്ടും കുറുന്തിനിപാട്ടും കോതാമൂരിപാട്ടുമൊക്കെ ഗാനബദ്ധമായ പുരാവൃത്തങ്ങളാണ്. മാത്രവുമല്ല കേരളത്തിലെ ഫോക്ലോർ രൂപങ്ങളിൽ സിംഹഭാഗവും അനുഷ്ഠാനങ്ങളുടെ ഭാഗവുമാണ്. ഇതും അമേരിക്കൻ ഫോക്ലോറിൽ നിന്നും വ്യത്യസ്തമാണ്.(അനിൽ കെ. എം. 2022, 5601-5617)
എന്നാൽ അതുമാത്രമല്ല. ഈ ജ്ഞാനമേഖലയിലെ ജ്ഞാനം പല അടരുകളിൽ നിർമിക്കപ്പെടുന്നതും വളരുന്നതുമാണ്. ഒരു പക്ഷേ ജ്ഞാനമഖല എന്ന നിലയിൽ തന്നെ വ്യതിരിക്തവും ജ്ഞാനമേഖല എന്ന ആധുനികാവബോധത്തിനു പിന്തിരിഞ്ഞു നിൽക്കുന്നതുമായ വിഷയം എന്ന പ്രശ്നത്തിലേക്കാണ് ഈ ചർച്ച നയിക്കുന്നത്. എന്നാൽ അത്തരത്തിലൊരു വിശകലനമോ വിശദീകരണമോ നടക്കുകയുണ്ടായില്ല. തെയ്യം ആടുന്ന കലാകാരന്, അത് ആവിഷ്കാരമല്ല. ജീവിതത്തിന്റെ ഭാഗമാണ്. തുയിലുണർത്തു പാടുന്ന പാണന് അത് ഒരിക്കലും എഴുതിവെക്കേണ്ടുന്ന ആഖ്യാനമല്ല. ആധുനികാനന്തരമായ അർത്ഥത്തിൽ ഫോക് ലോർ ജ്ഞാനവിഷയമല്ല, ജ്ഞാനമാണെന്ന ബോധ്യമാണ് ഈ രംഗത്തു പ്രവർത്തിക്കേണ്ടവർക്ക് ആദ്യമുണ്ടാവേണ്ടത്.
സത്യാനന്തരയുഗത്തിൽ ജ്ഞാനവിഷയങ്ങളുടെ ഭാവി എന്താകുമെന്ന് നിശ്ചയിക്കുക സാധ്യമല്ല. ഫോക് ലോർ വിഷയമായിരിക്കാം സത്യാനന്തരയുഗത്തിൽ കൂടൂതൽ വെല്ലുവിളികൾ നേരിടുക. കൂട്ടായ്മയുടെ ബോധം കണ്ടെത്തുമ്പോൾ എതിർബോധങ്ങൾ കൂടി പരിഗണിക്കേണ്ടിവരും. ഏകീകൃതയുക്തിയിൽ പ്രവർത്തിക്കാൻ ഫോക്ലോറിനു സാധ്യമല്ലാതെ വരുമ്പോൾ അന്തർവൈജ്ഞാനികത അനിവാര്യമാവുകയും ചെയ്യും.
വ്യത്യസ്തകാലഘട്ടങ്ങളിൽ വിവിധ ജ്ഞാനമാർഗങ്ങളുടെ സാധ്യതകൾ ചേർത്തുവെയ്ക്കാൻ ഫോക്ലോർ ശ്രമിച്ചിട്ടുണ്ട്. അത്തരം ശ്രമങ്ങളാണ് ഫോക്ലോറിനെ ഇന്നും പ്രസക്തമാക്കുന്നത്. ജനകീയത കൈവരുത്തി ഫോക് ലോറിന്റെപഠനമേഖലവികസിപ്പിക്കുവാനാണ്. സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം, ചരിത്രം, പുരാവസ്തുവിജ്ഞാനീയം, സാഹിത്യം, ഭാഷാവിജ്ഞാനീയം, ഭൂവിജ്ഞാനീയം, ധനതത്വവിജ്ഞാനീയം എന്നിവയുമായൊക്കെ ചേർന്നുനിന്നുകൊണ്ട് ഫോക്ലോർ സ്വന്തം രീതിശാസ്ത്രം ആഴമുള്ളതാക്കുന്നു. ഫോക് ലോർപഠനവും ഡിജിറ്റൽ ഫോക്ലോർ പഠനവും ഇരു ധ്രുവങ്ങളാണെന്ന ധാരണ ശരിയല്ല. ഫോക്ലോർ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ തന്നെയാണ് ഡിജിറ്റൽ ഫോക് ലോറിലും കാണുന്നത്.
ഫോക്ലോറിനെ പാടെ അവഗണിച്ചുകൊണ്ടുള്ള ഡിജിറ്റൽപഠനമോ ഡിജിറ്റൽസംസ്കാരത്തെ അവഗണിച്ചുകൊണ്ടുള്ള ഫോക്ലോർ പഠനമോ സാധ്യമല്ല. ഫോക് ലോർ ഇന്ന് ആചാരാനുഷ്ഠാനങ്ങൾ മാത്രം പഠിക്കുന്ന ജ്ഞാനമേഖലയല്ല. അത് സിനിമയും,ചലച്ചിത്രഗാനങ്ങളും പരസ്യങ്ങളും പുതുച്ചൊല്ലുകളും കാർട്ടൂണും റീലുകളും ജിഫുകളും വെബ് സീരീസും ക്രീപ്പിപാസ്തകളും (Creepypastas) മീമുകളും കോപ്പിപാസ്തകളും റെഡിറ്റ് ലെജൻഡുകളും (Reddit Legends) ഇന്റർനെറ്റ് ആവിഷ്കാരങ്ങളും ദൈനംദിന വ്യവഹാരങ്ങളുമൊക്കെ പഠിക്കാനൊരുങ്ങും. അപ്പോൾ ഫോക് ലോർപഠനത്തിന്റെ രീതിശാസ്ത്രം പുതുവെളിച്ചം ആർജിക്കുകയും ചെയ്യും.
ഫോക്ലോർ ഒരു സമൂഹത്തിലെ വ്യക്തികളെയും ഉപസംസ്കാരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നു.വാമൊഴിവഴക്കങ്ങളിലൂടെയും (Oral Tradition) പ്രകടനകലകളിലൂടെയും ഒരു ജനതയുടെ മൂല്യങ്ങളും അറിവുകളും നിരന്തരമായ വിനിമയത്തിന് വിധേയമാകുന്നു. ഇത് ഔദ്യോഗിക ചരിത്രത്തിന് പുറത്തുള്ള ഒരു ‘അനൗദ്യോഗിക ഭൂതകാലത്തെ’ (Unofficial Past) വർത്തമാനകാലവുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നു.
കേരളീയസംസ്കാരത്തിന്റെ സങ്കരസ്വഭാവം ഇന്ന് സംസ്കാരപഠിതാക്കളും ഫോക്ലോർ ഗവേഷകരും ഒരുപോലെ അംഗീകരിക്കുന്നുണ്ട്. സംസ്കാരത്തിന്റെ ഈ സങ്കരത്വവും സ്വാംശീകരണവും ഫോക്ലോർ വിനിമയങ്ങളിലൂടെ അടയാളപ്പെടുത്തുന്നുണ്ട്. വടക്കൻ മലബാറിലെ തെയ്യങ്ങളിൽ മുസ്ലിം കഥാപാത്രങ്ങളായ ബാപ്പിരിയൻ തെയ്യം, ഉമ്മച്ചി തെയ്യം എന്നിവയുടെ സാന്നിധ്യം മതപരമായ അതിർവരമ്പുകൾ ഭേദിച്ചുള്ള സാംസ്കാരിക സ്വീകാര്യതയുടെ ഉദാഹരണമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ്കവിയായ കമ്പരുടെ രാമായണം കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ അവതരിപ്പിക്കപ്പെടുമ്പോൾ തമിഴ്, മലയാളം ഭാഷകളുടെയും സംസ്കാരങ്ങളുടെയും സവിശേഷമായ ഒരു സങ്കലനം സംഭവിക്കുന്നു.
പോർച്ചുഗീസ് അധിനിവേശ കാലത്ത് രൂപപ്പെട്ട ചവിട്ടുനാടകം പാശ്ചാത്യ നാടകവേദിയെയും കേരളത്തിലെ കളരിപ്പയറ്റ് പോലുള്ള തദ്ദേശീയ കലകളെയും സമന്വയിപ്പിക്കുന്നു. മാപ്പിള മുസ്ലിംകളുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന അറബിമലയാളം ഭാഷാശൈലി അറബി അക്ഷരമാലയെയും ദ്രാവിഡ ഭാഷാ ഘടനയെയും സംയോജിപ്പിച്ചുകൊണ്ട് സാംസ്കാരിക വിനിമയത്തിന്റെ പുതിയ പാഠങ്ങളാണ് സൃഷ്ടിച്ചത്.
ദേശാന്തരഗമനസിദ്ധാന്തവും പാരമ്പര്യവും (Diffusion Theory)
തിയോഡോർ ബെൻഫെയെപ്പോലുള്ള പണ്ഡിതന്മാർ നിരീക്ഷിച്ചതുപോലെ, നാടോടിക്കഥകളും ഐതിഹ്യങ്ങളും യുദ്ധം, പലായനം, വ്യാപാരം എന്നിവയിലൂടെ ഒരു ദേശത്തുനിന്ന് മറ്റൊരു ദേശത്തേക്ക് സഞ്ചരിക്കുന്നു. ഇത്തരത്തിൽ സഞ്ചരിക്കുന്ന കഥാബീജങ്ങൾ ഓരോ ദേശത്തെയും സാംസ്കാരികപരിസരത്തിനനുസരിച്ച് പാഠഭേദങ്ങളായി (Versions) രൂപാന്തരപ്പെടുന്നു. ഇത് വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള അറിവിന്റെയും ഭാവനയുടെയും ആദാനപ്രദാനങ്ങളെ നിർണയിക്കുന്നു.
സാമൂഹിക ധർമ്മവും സംവാദ സ്വഭാവവും (Social Function and Dialogic Nature)
‘ഫോക്ലോർ എന്നും നിരന്തരമായ പരിണാമത്തിന് വിധേയമാണ്. ഇതിന്റെ സംവാദാത്മകത (Dialogic nature) സമൂഹത്തിലെ ഓരോ അംഗത്തിനും സംസ്കാരത്തിന്റെ പുനർനിർമ്മാണ പ്രക്രിയയിൽ പങ്കാളിയാകാൻ അവസരം നൽകുന്നു. വടക്കൻ പാട്ടുകൾ പോലുള്ള വാമൊഴി പാരമ്പര്യങ്ങൾ ഒരു കാലഘട്ടത്തിലെ നാടുവാഴിത്ത വ്യവസ്ഥയെയും സാമൂഹിക ബന്ധങ്ങളെയും പുതിയ തലമുറയ്ക്ക് വിനിമയം ചെയ്യുന്ന ചരിത്രരേഖകളായി മാറുന്നു.
ഫോക്ലോർ എന്നത് മാറ്റമില്ലാത്ത ഒരു പാരമ്പര്യമല്ല, മറിച്ച് വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിലൂടെയും ജീവിതാനുഭവങ്ങളുടെ പങ്കുവെക്കലിലൂടെയും നിരന്തരം നവീകരിക്കപ്പെടുന്ന ഒരു സാംസ്കാരികപ്രക്രിയയാണ്. സാംസ്കാരിക വിനിമയത്തിന്റെ ചാലകമെന്ന നിലയിൽ, അത് വംശീയമായ സ്വത്വങ്ങളെ (Ethnic Identity) ഉറപ്പിക്കുമ്പോൾത്തന്നെ ആഗോളതലത്തിലുള്ള മാനവിക മൂല്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു.
വെർണാകുലർ വെബ്: ഡിജിറ്റൽ പരിണാമത്തിന്റെ വഴികൾ
പരമ്പരാഗതമായ വാമൊഴി കൈമാറ്റങ്ങളിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ആവർത്തിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന സൈബർ അധിഷ്ഠിത സംസ്കാരത്തിലേക്കുള്ള മാറ്റമാണ് ഡിജിറ്റൽ ഫോക് ലോർ. ഇതിന്റെ ആദ്യരൂപങ്ങളെ “വെർണാകുലർ വെബ്” (Vernacular Web) എന്ന് വിളിക്കാം. ഡിജിറ്റൽ ഫോക് ലോറിന്റെ പ്രധാന അടയാളങ്ങൾ താഴെ പറയുന്നവയാണ്:
റീലുകൾ(Reels): കാഴ്ചസംസ്കാരത്തെ മാറ്റിയെടുക്കുന്നതിൽ മൊബൈൽ ഫോൺ സുപ്രധാന ഉപകരണമായി. ഒരു മൊബൈൽ ക്യാമറ വഴി വ്യത്യസ്തമായ ആവിഷ്കാരങ്ങൾക്കുള്ള അവസരം ലഭിച്ചു. റീലുകൾ ആസ്വാദനത്തിന്റെയും ആവിഷ്കാരത്തിന്റെയും മാത്രമല്ല രാഷ്ട്രീയത്തിന്റെയും ഇടപെടലായി.
ക്രീപ്പിപാസ്തകൾ(Creepypastas): വായനക്കാരെ ഭയപ്പെടുത്താൻ ഉപയോക്താക്കൾ നിർമ്മിക്കുന്ന സ്ലെൻഡർമാൻ (Slender Man) പോലുള്ള ഭീതിജനകമായ കഥകൾ.
മീമുകളും കോപ്പിപാസ്തകളും (Memes and Copypastas): അനുകരണത്തിലൂടെ പടരുന്ന സാംസ്കാരികശകലങ്ങളും വ്യാപകമായി കോപ്പി-പേസ്റ്റ് ചെയ്യപ്പെടുന്ന ടെക്സ്റ്റ് ബ്ലോക്കുകളും.
വെർച്വൽ ആചാരങ്ങൾ (Virtual Rituals): മൈസ്പേസ് (MySpace) പോലുള്ള ഇടങ്ങളിൽ മരിച്ചവർക്കായി സമർപ്പിക്കപ്പെടുന്ന സ്മാരക പേജുകൾ.
റെഡിറ്റ് ലെജൻഡുകൾ (Reddit Legends): ഒരു കമ്മ്യൂണിറ്റിയുടെ ബോധമണ്ഡലത്തിൽ വർഷങ്ങളോളം നിലനിൽക്കുന്ന പോസ്റ്റുകൾ.
സമകാലിക ജീവിതക്രമവും ഡിജിറ്റൽ രൂപഭാവങ്ങളും
ഡിജിറ്റൽ ഫോക് ലോർ കേവലം വിനോദോപാധിയല്ല, മറിച്ച് ആധുനിക സമൂഹത്തിന്റെ ഭയങ്ങളെയും ആകുലതകളെയും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്. ഉദാഹരണത്തിന്, കോവിഡ് കാലത്തെ ഏകാന്തത പ്രകടിപ്പിക്കാൻ ബാക്ക്റൂംസ് (The Backrooms) പോലുള്ള ലിമിനൽ സ്പേസ് കഥകൾ സഹായിച്ചിട്ടുണ്ട്. ഔദ്യോഗിക മാധ്യമങ്ങളുടെ വാർത്താശൈലികളെ പരിഹാസത്തിലൂടെയും തമാശയിലൂടെയും ചോദ്യം ചെയ്യാൻ ഇത് സാധാരണക്കാരെ പ്രാപ്തരാക്കുന്നു. (Day Cho 20224, 20-64) വിജ്ഞാനത്തിന്റെ വികേന്ദ്രീകരണത്തിന് വിക്കിപീഡിയ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉദാഹരണമാണ്.അവിടെ അക്കാദമിക് യോഗ്യതയേക്കാൾ വിശ്വാസ്യതയ്ക്കാണ് മുൻഗണന നൽകുന്നത്.
‘ഡിജിറ്റേൽസ്’:ദൃശ്യമാധ്യമങ്ങളിലെ പുനരാവിഷ്കാരങ്ങൾ
സാങ്കേതികവിദ്യയുടെ വളർച്ചയോടെ നാടോടിക്കഥകൾ “ഡിജിറ്റേൽസ്” (Digi tales) എന്ന രൂപത്തിലേക്ക് മാറിയിരിക്കുന്നു. തൻവി ശർമ്മയുടെ അഭിപ്രായത്തിൽ, പഴയ വാമൊഴി കഥകൾ ഇന്ന് ആനിമേഷൻ പരമ്പരകളിലൂടെയാണ് പുതിയ തലമുറയിലേക്ക് എത്തുന്നത്.(2022,96) ചോട്ടാ ഭീം, റോൾ നം. 21 തുടങ്ങിയവ പുരാണ കഥാപാത്രങ്ങളെ ആധുനിക പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. അതുപോലെ സിനിമകളിലും ഈ മാറ്റം പ്രകടമാണ്. മലയാളത്തിലെ ലോറ: ചാപ്റ്റർ 1 – ചാവേർ എന്ന ചിത്രം കേരളീയ മിത്തുകളെയും ഒടിയൻ, പറക്കുട്ടി തുടങ്ങിയ ഐതിഹ്യങ്ങളെയും ആധുനിക നഗര പശ്ചാത്തലത്തിൽ പുനഃപ്രതിഷ്ഠിക്കുന്നു. ഇത് ഒരു അർബൻ ലെജൻഡ് (Urban Legend) അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.
വിജ്ഞാനസംരക്ഷണം: ഗവേഷകരുടെ നവീന ദൗത്യങ്ങൾ
ഡിജിറ്റൽ സംസ്കാരത്തെ പഠിക്കാനും സംരക്ഷിക്കാനും ഗവേഷകർ സജീവമായി ഇടപെടേണ്ടതുണ്ട്. ഡിജിറ്റൽ റിപ്പോസിറ്ററികളുടെ നിർമ്മാണം, പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കൽ, “വ്യാജ ഫോക് ലോറുകളെ” (Fakelore) പ്രതിരോധിക്കൽ എന്നിവ പ്രധാനമാണ്. മീമുകൾ, വീഡിയോ ഗെയിമുകൾ എന്നിവയെ അക്കാദമിക് തലത്തിൽ വിശകലനം ചെയ്യുകയും ഡിജിറ്റൽ ഹ്യൂമാനിറ്റീസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും വേണം.
1.ഡിജിറ്റൽ റിപ്പോസിറ്ററികളുടെ നിർമ്മാണം:
പരമ്പരാഗതമായ നാടൻകഥകളും പാട്ടുകളും ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക എന്നത് ഗവേഷകരുടെ പ്രാഥമിക ധർമ്മമാണ്. ഓഡിയോ-വിഷ്വൽ റെക്കോർഡിംഗുകൾ, മെറ്റാഡേറ്റ ടാഗിംഗ്, ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുരക്ഷിതമായ ഡിജിറ്റൽ ശേഖരങ്ങൾ (Repositories) ഗവേഷകർ നിർമ്മിക്കണം.
- കമ്മ്യൂണിറ്റി പങ്കാളിത്തം ഉറപ്പാക്കൽ:
ഫോക്ലോർ പഠനങ്ങൾ കേവലം അക്കാദമിക് തലത്തിൽ ഒതുങ്ങാതെ പൊതുസമൂഹവുമായി ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. പ്രാദേശിക സമൂഹങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ, അവരുടെ പാരമ്പര്യങ്ങൾ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് രേഖപ്പെടുത്താൻ ഗവേഷകർ പരിശീലിപ്പിക്കണം. പ്രാദേശിക സമൂഹങ്ങൾ തന്നെ മുൻകൈയെടുക്കുന്ന ആർക്കൈവുകൾക്ക് കൂടുതൽ ആധികാരികതയുണ്ടാകും.
3.വ്യാജഫോക്ലോറുകളെ(Fakelore) പ്രതിരോധിക്കൽ:
വിനോദത്തിന് വേണ്ടി മാത്രം ഫോക്ലോറിനെ തെറ്റായി വ്യാഖ്യാനിക്കുന്ന രീതികളെ ഗവേഷകർ ചെറുക്കേണ്ടതുണ്ട്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം ‘ഫേക്ക് ലോറുകളെ’ തിരിച്ചറിയാനും അവയെക്കുറിച്ചുള്ള ശരിയായ അറിവ് സമൂഹത്തിന് നൽകാനും ഗവേഷകർ ശ്രദ്ധിക്കണം.
- ആധുനിക രൂപങ്ങളുടെ പഠനം:
മീമുകൾ(Memes), ഇന്റർനെറ്റ് അർബൻ ലെജൻഡുകൾ (Urban Legends), വീഡിേയാ ഗെയിമുകൾ എന്നിവയെ അക്കാദമിക് കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യണം. സിനിമയും വീഡിയോ ഗെയിമുകളും എങ്ങനെയാണ് പുരാണങ്ങളെയും നാടോടിക്കഥകളെയും ആധുനിക രീതിയിൽ അവതരിപ്പിക്കുന്നത് എന്ന് നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്.
- അക്കാദമിക് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ:
ഡിജിറ്റൽ ഹ്യൂമാനിറ്റീസും ഫോക് ലോർ പഠനങ്ങളും സർവ്വകലാശാല പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. സാഹിത്യം, നരവംശശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിവിധ മേഖലകളിലെ വിദ്യാർത്ഥികളെ ഏകോപിപ്പിച്ചുകൊണ്ട് സംയുക്ത ഗവേഷണങ്ങൾ നടത്താൻ ഗവേഷകർ മുൻകൈയെടുക്കണം.
6.സഹകരണാടിസ്ഥാനത്തിലുള്ള പ്ലാറ്റ്‌ഫോമുകൾ:
യൂണിവേഴ്സിറ്റികൾ, എൻജിഒകൾ, സാങ്കേതിക കമ്പനികൾ എന്നിവയുമായി ചേർന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിജിറ്റൽ ഫോക് ലോർ ആർക്കൈവുകൾ നിർമ്മിക്കണം.
ഉപസംഹാരം
ഫോക്ലോർ എന്നത് നിരന്തരം പരിണമിക്കുന്ന ഒരു സാംസ്കാരിക പ്രതിഭാസമാണ്. വാമൊഴിയിൽ നിന്ന് ഡിജിറ്റൽ മാധ്യമങ്ങളിലേക്കുള്ള ഇതിന്റെ മാറ്റം പഴയകാല വിജ്ഞാനത്തെ ആധുനിക മനുഷ്യന് ലഭ്യമാക്കുന്നു. ആഗോളവൽക്കരണത്തിന്റെ ഏകീകരണ സ്വഭാവത്തിനിടയിലും ഓരോ ജനതയുടെയും സവിശേഷ സ്വത്വം നിലനിർത്താൻ ഡിജിറ്റൽ ഫോക് ലോർ സഹായിക്കുന്നു. ഫോക് ലോറിനെ ഡിജിറ്റലൈസ് ചെയ്യുകയും അതിന്റെ യഥാർത്ഥ അർത്ഥം ചോർന്നുപോകാതെ സംരക്ഷിക്കുകയും ചെയ്യുക എന്നത് വരുംതലമുറയോടുള്ള ചരിത്രപരമായ കടമയാണ്. ചരിത്രപരവും സാംസ്കാരികവുമായ ഈ ദൗത്യമാണ് ഡിജിറ്റൽ ഫോക് ലോറിന്റെ സമകാലികത എന്നറിയുന്നത്.
ഗ്രന്ഥസൂചി
മലയാളം
അനിൽ കെ.എം., (2022) ഫോക് ലോറും സംസ്കാരപഠനവും , മലയാളം റിസർച്ച് ജേണൽ, കോട്ടയം.
അജു നാരായണൻ, (2011), ഫോക് ലോര്‍പാഠങ്ങൾ, എസ് പിസിഎസ്,കോട്ടയം
ഡോ. എം.വി. വിഷ്ണു നമ്പൂതിരി.(1991) നാടോടിവിജ്ഞാനീയം, ഡി സി ബുക്സ്, കോട്ടയം.
രാഘവൻ പയ്യനാട്. (2012). ഫോക് ലോർ, കേരള ഫോക് ലോർ അക്കാദമി.
രാഘവൻ പയ്യനാട് (2012) കേരള ഫോക് ലോർ, സമയം കണ്ണൂർ.
സോമൻ പി, (2000), ഫോക് ലോർ സംസ്കാരം, കേരളഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്.
English
Bauman, Richard. (1971). Differential Identity and the Social Base of Folklore. Journal of American Folklore.
Sharma, Tanvi. (2022). From Folktales to ‘Digitales’: A Comparative Analysis of Folktales and Indian Animated Series. Sahitya Academy NewDelhi.
Trevor J. Blank, Folklore and the Internet: Vernacular Expression in a Digital World, 2009.
Day Cho & Natalie Underberg-Goode,(2024) Lost in Liminal Space: The Internet Legend of the Backrooms.
Robert Dobler, Ghosts in the Machine: Mourning the MySpace Dead, 2009.
https://ml.wikipedia.org/wiki/തെയ്യം (Accessed Sep 2025).
ഡോ.സി.ഗണേഷ്
അസോ പ്രഫസർ, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല തിരൂർ മലപ്പുറം 676502 ഫോ 7907989295- 9847789337
ഇമെയിൽ: drcganesh@temu.ac.in

ഡോ.സി.ഗണേഷ്
അസോ പ്രഫസർ, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല തിരൂർ മലപ്പുറം 676502 ഫോ 7907989295- 9847789337 ഇമെയിൽ: drcganesh@temu.ac.in
