ഡോ. ദേവി കെ. വർമ്മ

Published: 10 May 2026 കലാപഠനം

കൂത്തരങ്ങിന്റെ പരിണാമവും പൈങ്കുളം രാമച്ചാക്യാരുടെ കലാജീവിതവും

സംഗ്രഹം

 കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തോട് നൂറ്റാണ്ടുകളായി സംവദിക്കുന്ന വാചിക കലയാണ് കൂത്ത്. കേരളത്തിലെ സംസ്കൃതനാടക പാരമ്പര്യത്തിന്റെ ഭാഗമായ കൂടിയാട്ടവും കൂത്തും കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെയും ക്ഷേത്രപരിസരങ്ങളിൽ അവതരിപ്പിച്ചിരുന്ന സാമുദായിക കലകൾ ആയിരുന്നു. 1949 സെപ്റ്റംബർ 21 നാണ് ആദ്യമായി ചാക്യാർകൂത്ത് ക്ഷേത്രത്തിനു പുറത്തൊരു വേദിയിൽ അവതരിപ്പിക്കുന്നത്. കൂത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായൊരു നാഴികക്കല്ലായിരുന്നു ഈ അവതരണം. പൈങ്കുളം രാമച്ചാക്യാർ കൊട്ടാരക്കരയിലെ പവിത്രേശ്വരം ചെറുപൊയ്ക, മടപ്പിലാപ്പിള്ളി മഠത്തിലാണ് ഈ ചരിത്രപ്രധാനമായ അവതരണം നടത്തുന്നത്. പിന്നീടിങ്ങോട്ട് കൂത്ത് കേരളത്തിനകത്തും പുറത്തും വിദേശത്തുമായി അനവധി വേദികളിലേയ്ക്ക് വളരുന്നതിനും ഒരു പൗരാണിക – ആക്ഷേപഹാസ്യ കല എന്ന നിലയിൽ സൗന്ദര്യശാസ്ത്രപരമായ പ്രസിദ്ധിയിലേയ്ക്ക് ഉയരുന്നതിനും ഇത് കാരണമായി. ക്ഷേത്ര – അനുഷ്ഠാന – സാമുദായിക മാനങ്ങളിൽ നിന്ന് നർമ്മബോധം നിറഞ്ഞ വാചിക കല എന്ന തലത്തിലേയ്ക്കുള്ള കൂത്തിന്റെ പരിണാമത്തെ അന്വേഷിക്കുകയാണ് ഈ പഠനത്തില്‍; ഒപ്പം പൈങ്കുളം രാമചാക്യാരുടെ കലാജീവിതത്തെയും.

താക്കോല്‍ വാക്കുകള്‍

അരങ്ങ്, ആഹാര്യം, വാചിക കല, ഭാവുകത്വം, ആധുനികത, കലാചര്രിത്രം, നവോത്ഥാനം, പാരമ്പര്യം, എകാംഗാഭിനയം.

ആമുഖം

ഒരു കലാരൂപവും അതിന്റെ പ്രയോക്താക്കളും നാടിന്റെ സാമൂഹിക- സാമ്പത്തിക- സാംസ്കാരിക വ്യവസ്ഥിതികളോട് സ്വാഭാവികമായും നിബന്ധിക്കപ്പെട്ടിരിക്കും. കലാരൂപത്തിന്റെ അവതാരകരിലും അവതരണസ്ഥലത്തിനും ഉണ്ടാകുന്ന മാറ്റത്തിന് കലയുടെ പ്രയോക്താക്കളുടെ എന്നതുപോലെതന്നെ ആ കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും കൂടി ഇച്ഛാശക്തിയുടെ പ്രേരണയുണ്ടാകും. കേരളത്തിലെ സാമാന്യമായ ആധുനികീകരണ പ്രക്രിയയിൽ നിന്ന് പ്രാചീന രംഗകലകളായ കൂത്തും കൂടിയാട്ടവും വേറിട്ടുനിന്നത് ക്ഷേത്രകലകളും സാമുദായിക കലകളും ആയിരുന്നതുകൊണ്ടാണ്. കലാചരിത്രത്തെ പുനർനിർണ്ണയിക്കുന്നതിൽ ഒരു കലയുടെ അവതരണസ്ഥലത്തിനുള്ള പങ്ക് എത്രത്തോളം പ്രധാനമായിരുന്നു എന്നതിന്റെ സാക്ഷ്യം കൂടിയാണ് ചാക്യാർകൂത്തിന്റെ ‘നവോത്ഥാനം’ എന്ന് വിശേഷിപ്പിക്കുന്ന പരിണാമം. ചാക്യാർകൂത്ത് എന്ന് വാചിക-രംഗകലയുടെ പരിണാമവഴികളെ സാമൂഹ്യചരിത്രപരമായി വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തിൽ.  അരങ്ങിന്റെ വിച്ഛേദത്തിലൂടെ ഈ കലാരൂപത്തിന്  സാമൂഹികമായ വിമോചനവും ജനകീയമായ വികാസവും ആർജ്ജിക്കാൻ സാധിച്ചിട്ടുണ്ടോ എന്ന ചിന്തയും പ്രബന്ധം മുന്നോട്ടുവയ്ക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്തെ കേരളത്തിലെ സാംസ്കാരിക പശ്ചാത്തലത്തിൽ ആരംഭിച്ച കൂത്തിന്റെ നവീകരണ ശ്രമങ്ങളെ അടയാളപ്പെടുത്തുന്നതോടൊപ്പം, കൂത്തിന്റെ സമകാലികത ചർച്ചചെയ്യുകയും പ്രബന്ധത്തിന്റെ ലക്ഷ്യമാണ്. ഒരു സംസ്കാരരൂപവും ചരിത്രനിരപേക്ഷമല്ല എന്ന ബോധ്യത്തെ പഠനം പിൻപറ്റുന്നു.

ചാക്യാർകൂത്ത് എന്ന വാക്കരങ്ങ്

കേരളത്തിലെ സംസ്കൃതനാടകാവതരണത്തിന്റെ പ്രധാന മാതൃകയാണ് കൂടിയാട്ടം. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ അഭിനയ നിർദ്ദേശങ്ങളും ഹസ്തലക്ഷണ ദീപികയിലെ മുദ്രകളും ഭാരതീയ സാഹിത്യ മീമാംസയിലെ ധ്വനിയുടെ സാധ്യതകളും കൂടിയാട്ടത്തിന്റെ പ്രകടനശാസ്ത്രത്തിൽ ഉള്ളടങ്ങുന്നു. ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്ന ചതുർവിധ അഭിനയത്തിന്റെയും സമന്വയമാണ് കൂടിയാട്ടം. ‘Masterpiece of the Oral and Intangible Heritage of Humanity എന്ന് 2001 ൽ UNESCO കൂടിയാട്ടത്തെ അംഗീകരിച്ചു. കേരളത്തിലെ ചാക്യാർ, നമ്പ്യാർ, നങ്ങ്യാർ സമുദായങ്ങൾ ക്ഷേത്രകലയായിട്ടാണ് കൂടിയാട്ടം അവതരിപ്പിച്ചിരുന്നത്. കൂടിയാട്ടത്തിന്റെ അനുബന്ധ കലാരൂപങ്ങളാണ് ചാക്യാർകൂത്ത്, നങ്ങ്യാർ കൂത്ത്, പാഠകം എന്നിവ. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഈ കലാരൂപങ്ങൾ ക്ഷേത്രാങ്കണങ്ങൾക്കു പുറത്തുള്ള വേദികളിൽ അവതരിപ്പിക്കാൻ തുടങ്ങി. ഗുരുകുല സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായി 1965 മുതൽ കേരള കലാമണ്ഡലത്തിൽ കൂടിയാട്ട വിഭാഗം ആരംഭിക്കുകയും പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തുകയും ചെയ്തതോടെ പാരമ്പര്യ കലകളായിരുന്ന കൂത്തും കൂടിയാട്ടവും സാമുദായിക കലകളും ക്ഷേത്രകലകളും എന്ന നിലയിൽനിന്ന് സാമൂഹികമായി വികസിച്ചു.

കൂടിയാട്ടത്തിൽ വാചികപ്രധാനമായ അഭിനയം കാഴ്ചവയ്ക്കുന്നത് നാടകത്തിലെ വിദൂഷകരായി എത്തുന്ന കഥാപാത്രങ്ങളാണ്. ഈ വിദൂഷകന്റെ വേഷമാണ് ചാക്യാർകൂത്ത് എന്ന സ്വതന്ത്രകലയിലെ ആഖ്യാതാവിന്റെ (narrator) യും വേഷം. കൂടിയാട്ടത്തിലെ വിദൂഷകൻ നാടകത്തിലെ കഥാപാത്രമായിട്ടാണ് രംഗത്തുവരുന്നത്. എന്നാൽ കൂത്ത് പറയുന്ന ചാക്യാർ വിദൂഷക കഥാപാത്രമല്ല, മറിച്ച് ഒരു ആഖ്യാതാവാണ്. കൂടിയാട്ടത്തിലെ പുരുഷാർത്ഥക്കൂത്ത് എന്ന വാചികപ്രധാനമായ അവതരണത്തിലെ കഥ പറച്ചിലിന്റെ സാധ്യതയാണ് കൂത്തിൽ ചാക്യാർ ഉപയോഗിക്കുന്നത്. ചാക്യാർകൂത്തിൽ അവതരിപ്പിക്കുന്നത് പുരാണപ്രബന്ധങ്ങളാണ്. അതിനാൽ പ്രബന്ധക്കൂത്ത് എന്നും ചാക്യാർകൂത്ത് വിവക്ഷിക്കപ്പെടുന്നു. 

കൂത്തിന്റെ സാഹിത്യപാഠം

രാമായണവും മഹാഭാരതവുമാണ് കൂത്തിൽ ഉപയോഗിക്കുന്ന പ്രധാന കഥകൾ. മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ പ്രബന്ധങ്ങളും ഉപയോഗിക്കാറുണ്ട്. സുഭദ്രാഹരണം, രാജസൂയം, പാഞ്ചാലീ സ്വയംവരം, കിരാതം, കൗന്തേയാഷ്ടകം തുടങ്ങിയ സംസ്കൃത ചമ്പൂപ്രബന്ധങ്ങളിൽ നിന്നുള്ള ശ്ലോകങ്ങളും ഗദ്യങ്ങളും ചാക്യാർകൂത്തിന്റെ അടിസ്ഥാന സാഹിത്യത്തില്‍ഉള്‍പ്പെടുന്നു. അന്വയവും അർത്ഥവും കഴിഞ്ഞാൽതുടര്‍ന്നുള്ള ‘കഥപറച്ചിൽ’ ചാക്യാർ കലാകാരന്റെ മനോധർമ്മവും പ്രത്യുല്പന്നമതിത്വവും അനുസരിച്ചാണ് നിര്‍വഹിക്കപ്പെടുക. നിരന്തരവും സരസവും ചിന്തോദ്ദീപകവും സജീവവുമായ സംഭാഷണത്തിലൂടെയും ചടുലവും ലളിതവുമായ അംഗവിക്ഷേപങ്ങളിലൂടെയും പ്രേക്ഷകരെ ‘രസിപ്പിക്കുക’ എന്നതാണ് കൂത്തിന്റെ രീതി. ചാക്യാരുടെ സംഭാഷണത്തെ “ശ്ലാഘ്യ ഗീര്” എന്ന് വിശേഷിപ്പിക്കാറുണ്ട്. കഥ പറയുകയല്ല, വാക്കു കൊണ്ട് അഭിനയിക്കുകയാണ് ചാക്യാർ. സംഭാഷണം അരങ്ങില്‍ ഒരു കലയായി പരിണമിക്കുന്നു. അതിനാല്‍ത്തന്നെ ഭാരതീയ വാചികകലാ പാരമ്പര്യത്തില്‍ കേരളത്തിന്റെയും മലയാളത്തിന്റെയും ഈടുവയ്പാണ് കലാചരിത്രത്തിലെ കൂത്തരങ്ങുകള്‍.

ഒരു അഭിനേതാവ് മാത്രം രംഗത്തു വരികയും സംസ്കൃത പ്രബന്ധത്തിലെ ശ്ലോകം ശൈലീകൃതമായി ചൊല്ലി, അന്വയിച്ച് അർത്ഥം പറയുകയും, അത് ആ പുരാണസന്ദർഭത്തിന്റെ കഥാഖ്യാനമായി വികസിപ്പിക്കുകയും ചെയ്യുന്നു.  ചാക്യാർ സ്വതന്ത്രനായ ആഖ്യാതാവാണ്. കഥ പറയുന്നതിനൊപ്പം നർമ്മരൂപത്തിൽ പല സമകാലിക സംഭവങ്ങളും കോർത്തിണക്കുകയും, സമൂഹത്തിൽ അനഭിമതമായ പ്രവൃത്തികളെ വിമർശിക്കുകയും രാജഭരണത്തിലെ പാളിച്ചകളെപ്പോലും ചൂണ്ടിക്കാട്ടുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു കലാകാരൻ എന്ന നിലയിൽ ചാക്യാർക്ക് ഉണ്ട്. ഏകാംഗാഭിനയം (Solo performance) ആണെങ്കിലും പലരായി സംഭാഷണം നിർവ്വഹിക്കുന്ന, ഒരു സംവാദാത്മക അന്തരീക്ഷമാണ് കൂത്തിന്റെ അരങ്ങിൽ സൃഷ്ടിക്കപ്പെടുന്നത്.

അനുഷ്ഠാനപരതയും ആഹാര്യവും

ശ്ലോകം സ്വരിക്കുന്ന സന്ദർഭങ്ങളിലും ക്രിയകൾ ചെയ്യുമ്പോഴും മിഴാവിന്റെയും കുഴിതാളത്തിന്റെയും അകമ്പടി ഉണ്ടാകും. ആദ്യം വിദൂഷക സ്തോഭം അവതരിപ്പിക്കുന്നു. ഇതിലൂടെ ചാക്യാർ വംശത്തിന്റെ ഉല്പത്തിപുരാവൃത്തമാണ് സൂചിപ്പിക്കുന്നത്. (അത് പുരാണ സംബന്ധിയായ ഒരു കഥയാണ്). തുടർന്ന്, മേല്പുടവ കൊണ്ട് മുഖം മറച്ചു പിടിച്ചുള്ള ജപം. അവതരിപ്പിക്കുന്ന കഥ ഭംഗിയാക്കുന്നതിനും മറന്നു പോകാതിരിക്കാനുമുള്ള പ്രാർത്ഥനയാണിത്. ഇതു കഴിഞ്ഞ് പീഠിക. കഥാവതരണത്തിനുള്ള ആമുഖമാണ് പീഠിക. ശൈലീകൃതമായ മലയാളത്തിലാണ്കൂത്തിന്റെ ആഖ്യാനം.

കൂടിയാട്ടത്തിലെ വിദൂഷകന്റെ വേഷമാണ് ചാക്യാർകൂത്തിന്റെയും വേഷം. കുടുമ, വാസികം, നെറ്റിനാട/പീലിപ്പട്ടം, ചുവന്ന തുണി ഇവ ശിരസ്സിൽ അണിയേണ്ടത്.കാതിൽ ചെവിപ്പൂവ്. മറു കാതിൽ വെറ്റില ചുരുട്ടി വയ്ക്കും. കൈകളിൽ മണിബന്ധത്തിൽ കടകം ഉപയോഗിക്കുന്നു. അരയിൽ ഉടുത്തുകെട്ടുന്ന മാറ്റ്. (അലക്കിയ വെള്ളത്തുണിയാണ് മാറ്റ്). മുന്നിൽ ഞാന്നു കിടക്കുന്ന മുണ്ട് പൊയ്തകം.

കടിസൂത്രം കെട്ടുകയും  അതിനു മീതേ മേല്പ്പുടവയും പൂണൂലും ധരിക്കുകയും ചെയ്യും.  അരിപ്പൊടി, കരിപ്പൊടി, മഞ്ഞൾപ്പൊടി മഞ്ഞൾപൊടിയും ചുണ്ണാമ്പും കലർത്തിയ മിശ്രിതമായ സിന്ദൂരം എന്നിവ മുഖത്തെഴുതിനുള്ള ചായങ്ങളായി ഉപയോഗിക്കുന്നു. മുഖത്ത് അരിമാവ് കൊണ്ടുള്ള തേപ്പ് വേണം. കണ്ണിന് ചുറ്റും കരിയെഴുതും. നെറ്റിയിലും മൂക്കിലും മൂക്കിന്റെ ഇരുപുറമായി കവിളിലും താടിയിലും ചുവന്ന പൊട്ടു തൊടുന്നു. കാണുന്ന മാത്രയിൽ പ്രേക്ഷകരിൽ ഹാസ്യം തോന്നുംവിധമുള്ള വേഷവിധാനമാണ് ചാക്യാരുടേത്. അതിനാൽ മുഖത്തെഴുത്തിൽ മീശയുടെ ഒരു വാല് മുകളിലോട്ടും മറ്റൊന്ന് താഴോട്ടും എന്ന രീതിയിൽ വരയ്ക്കുന്നു. കൈകളുടെ പകുതി വരെയും മാറിലും അരിമാവ് കൊണ്ടുള്ള തേപ്പും ചുവപ്പു കൊണ്ടുള്ള കുറിയും ഉണ്ടാകും. ഇതാണ് അരങ്ങിലെത്തുന്ന കൂത്തുകലാകാരന്റെ രംഗവേഷം.

കൂത്തരങ്ങിന്റെ നാൾവഴികൾ

പ്രാചീന സംസ്കൃത നാടക പാരമ്പര്യത്തിൽ വേരൂന്നിയ കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളാണ് കൂടിയാട്ടവും ചാക്യാർകൂത്തും. കഥപറച്ചിലിന്റെയും സാമൂഹിക വിമർശനത്തിന്റെയും സവിശേഷ സമന്വയമായ ചാക്യാർകൂത്തിന് ഭരണാധികാരികളെ രസിപ്പിക്കുക മാത്രമല്ല, വിമർശിക്കുവാൻ കൂടിയുള്ള സാധ്യതയുണ്ട്. പുരാണ കഥാസന്ദർഭത്തെ സമകാലിക സാമൂഹിക സാഹചര്യവുമായി നർമ്മവിമർശനരീതിയിൽ നിബന്ധിക്കുവാൻ ചാക്യാർകൂത്ത് കലാകാരന് സാധിക്കുന്നു. സംസ്കൃത സാഹിത്യപാഠത്തെ മലയാളത്തിന്റെ ഭാഷണവിശേഷങ്ങളോട് ശൈലീബദ്ധമായി ഉൾച്ചേര്‍ക്കുന്ന ഈ കല കേരളത്തിന്റെ ക്ലാസ്സിക്കല്‍-നാടോടി വാങ്മയ പാരമ്പര്യങ്ങളുടെ സമന്വയമാണ്.

എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെയും ഈ ഭാഷണവിശേഷത്തിന് പരിമിതമായ പ്രചാരമേ ഉണ്ടായിരുന്നുള്ളൂ. ജാതിവ്യവസ്ഥിതിയും ക്ഷേത്രകേന്ദ്രിത സംസ്കാരത്തിന്റെ നിയമാവലികളും ഭക്തിയെ മാത്രമല്ല, കലയെയും വിജ്ഞാനത്തെയും പലനിലകളില്‍ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ, ക്ഷേത്രകേന്ദ്രിതമായ ഇടങ്ങളിലും സമൂഹത്തിലും മാത്രം ഒതുങ്ങി നിലനിന്നിരുന്നവയുമാണ് ഇത്തരം കലകള്‍. കേരളീയ ആധുനികതയുടെ ചലനങ്ങളോട് വളരെ വൈകിമാത്രം പ്രതികരിക്കാനും പരിണമിക്കാനും ഇടവന്ന കലാരൂപങ്ങള്‍ കൂടിയാണ് കൂത്തും കൂടിയാട്ടവും. അതിന് തീര്‍ച്ചയായും സാമൂഹ്യചരിത്രപരമായ പല കാരണങ്ങളും ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി ഈ കലാരൂപങ്ങളുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ മുന്നേറ്റങ്ങളുടെ കാലമായിരുന്നു. കൂടിയാട്ടത്തിന്റെ പരിണാമപശ്ചാത്തലത്തില്‍ കൂത്തിന്റെ നാള്‍വഴികളും പൈങ്കുളത്തിന്റെ കലാപ്രവര്‍ത്തനങ്ങളുമാണ് തുടര്‍ന്ന് ചര്‍ച്ചചെയ്യുന്നത്.

പരിണാമവഴിയിലെ പൈങ്കുളം

പൈങ്കുളം രാമച്ചാക്യാരുടെ നേതൃത്വത്തില്‍, കൂടിയാട്ടവിഭാഗം തുടങ്ങുന്നതിനു മുൻപു തന്നെ കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം അവതരിപ്പിക്കുകയും 1965 ൽ കൂടിയാട്ട വിഭാഗം തുടങ്ങിയതിനുശേഷം 1967 ൽ ആദ്യ അരങ്ങേറ്റം കലാമണ്ഡലത്തിൽ നടത്തുകയും ചെയ്തു. തുടര്‍ന്ന് 1967 ൽ ബോംബെയിലെ അവതരണവും

1974- 75 കാലഘട്ടത്തിൽ മൂന്നാഴ്ച നീളുന്ന വടക്കേ ഇന്ത്യൻ പര്യടനവും

1972 ൽ ദൽഹിയിൽ അന്താരാഷ്ട്ര സംസ്കൃത സമ്മേളനത്തിലെ അവതരണവും കൂടിയാട്ടത്തിന്റെ അവതരണചരിത്രത്തിലെ പ്രധാന സംഭവങ്ങളായിരുന്നു.

1975 – ൽ നാലു ദിവസം നീണ്ടുനില്ക്കുന്ന  മാർഗ്ഗി ശരദോത്സവത്തിൽ വച്ച് ‘നാട്യകലാസാർവ്വഭൗമൻ’ എന്ന ബഹുമതിയും പൈങ്കുളത്തിന് ലഭിച്ചു.

1980-ല്‍ നടത്തിയ വിദേശയാത്രയില്‍ പാരിസിൽ കൂടിയാട്ടം അവതരിപ്പിച്ചതും കലാചരിത്രത്തില്‍ ശ്രദ്ധേയമായ ഇടപെടലാണ്.

മഹാകവി വള്ളത്തോൾ നാരായണമേനോന്റെ  നിർദ്ദേശപ്രകാരം കേരള കലാമണ്ഡലത്തിൽ കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും നവീകരണത്തിൽ മുഖ്യപങ്കുവഹിച്ചത് പൈങ്കുളം രാമചാക്യാരാണ്.  കൂത്തും കൂടിയാട്ടവും പൊതുവേദികളിൽ അവതരിപ്പിക്കാൻ തുടങ്ങിയതിനെ പലരും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 1949 സെപ്തംബർ 21-ന് കൊട്ടാരക്കരയിലെ പവിത്രേശ്വരം പഞ്ചായത്തിലെ ചെറുപൊയ്ക, മൊടപ്പിള്ളി മഠത്തിൽ, ക്ഷേത്രപരിസരത്തിന് പുറത്ത് അദ്ദേഹം ചാക്യാർകൂത്ത് അവതരിപ്പിച്ചു. തുടര്‍ന്ന് കൂടിയാട്ടവും ക്ഷേത്രപരിസരത്തിന് പുറത്ത് അവതരിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈയ്യെടുത്തു. 1965-ൽ കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം വിഭാഗം ആരംഭിക്കുകയും അദ്ധ്യാപകനായി പൈങ്കുളം രാമചാക്യാർ നിയമിതനാവുകയും ചെയ്തത് കൂടിയാട്ടത്തിന്റെ അഭ്യസനചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു. അവിടെ അദ്ദേഹം ചാക്യാർ സമുദായത്തിന് പുറത്തുള്ള ആദ്യത്തെ വിദ്യാർത്ഥിയെ പരിശീലിപ്പിച്ച് പരമ്പരാഗത കീഴ് വഴക്കത്തിന് മാറ്റം കുറിച്ചു. കൂടിയാട്ട അവതരണത്തിന്റെയും ചാക്യാർകൂത്ത്, കൂടിയാട്ടം ആഹാര്യങ്ങളുടേയും സൗന്ദര്യാത്മകത വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. അതുവരെ ഗുരുകുല സമ്പ്രദായത്തിൽ നടന്നിരുന്ന അദ്ധ്യയനവും അഭ്യസനവും അതോടെ സ്ഥാപനകേന്ദ്രിതമായി. കലാമണ്ഡലത്തിലെ സമയക്രമം അനുസരിച്ചുള്ള ശാസ്ത്രീയവും ഘടനാപരവുമായ ഒരു പാഠ്യപദ്ധതി രൂപകല്പന ചെയ്തത് രാമച്ചാക്യാരുടെ ഒരു പ്രധാന സംഭാവനയാണ്. ഭാവിതലമുറയ്ക്കായി കൂടിയാട്ടം സംരക്ഷിക്കുന്നതിന്  ദീർഘവീക്ഷണത്തോടെയുള്ള ഒരു ചുവടുവയ്പായി ഇതിനെ മനസിലാക്കാം. പല അവതരണ ഭാഗങ്ങളും പുതിയതായി ചിട്ടപ്പെടുത്താനും പല അഭിനയ സന്ദർഭങ്ങളേയും വീണ്ടെടുക്കാനും ഈ സമയവും സമർപ്പണവും കാരണമായി.

ക്ഷേത്രകല മാത്രമായിരുന്ന ചാക്യാർകൂത്തിന്റെ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവാണ് പൈങ്കുളം രാമച്ചാക്യാരുടെ 1949 ലെ മടപ്പിലാപ്പിള്ളിയിലെ അവതരണം. അതോടെ ചാക്യാർകൂത്ത് അവതരണങ്ങള്‍ക്ക് വലിയ പ്രചാരം സിദ്ധിച്ചു. സി.പി.അച്യുതമേനോൻ, ഡി. രാമനുണ്ണി, ജോസഫ് മുണ്ടശ്ശേരി, പുത്തേഴത്ത് രാമൻ മേനോൻ തുടങ്ങിയ സമകാലികരുടെ പ്രേരണയും മതാത്മകതയ്ക്കൊപ്പം, ആദ്ധ്യാത്മിക – പൗരാണിക ഉദ്ബുദ്ധതയും ലക്ഷ്യമാക്കി 1949 ൽ ഗുരുവായൂരിൽ ചേർന്ന ഹിന്ദുമത സംസ്കാര സമ്മേളനത്തിലെ ആശയവും സാമുദായിക-ക്ഷേത്രകലയിൽ നിന്നുള്ള ചാക്യാർകൂത്തിന്റെ വികാസത്തിന് കാരണമായി.   കേരളത്തിലെ ശ്രദ്ധേയമായ സാംസ്കാരിക കേന്ദ്രങ്ങളായിരുന്ന ഗ്രന്ഥശാലകളിലും വായനശാലകളിലും സ്കൂളുകളിലും കോളേജുകളിലും ആയിരത്തി തൊള്ളായിരത്തി അൻപതുകളിൽ ചാക്യാർകൂത്ത് അവതരിപ്പിക്കപ്പെട്ടു തുടങ്ങി.  അനുഷ്ഠാന പ്രധാനമായ ക്ഷേത്രാവതരണങ്ങൾക്കു പുറമേയാണ് വൈവിധ്യമാർന്ന വേദികളിലൂടെ ചാക്യാർകൂത്ത് ജനകീയവും ജനപ്രിയവും ആയിത്തീരുന്നത്. സാമ്പ്രദായികമായ സുഘടിതത്വത്തില്‍ വിട്ടുവീഴ്ച വരുത്താതെ, എന്നാൽ സമകാലിക സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങളെ പൗരാണിക കഥാസന്ദർഭങ്ങളിൽ അവസരോചിതമായി നിബന്ധിച്ച് കൂത്ത് അവതരിപ്പിക്കുന്നതിൽ പൈങ്കുളം രാമച്ചാക്യാർ കൊടുത്ത ശ്രദ്ധയും കൂത്തിനെ ജനകീയമാക്കാനുള്ള അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുമാണ് ഈ കലാപരിണാമത്തിന്റെ കാതൽ. കേരളത്തിലും വിദേശത്തും ദേശീയതലത്തിലും പ്രസിദ്ധിയും അംഗീകാരവും നേടിയുള്ള ചാക്യാർകൂത്തിന്റെ സാംസ്‌കാരിക പ്രചാരമാണ് തുടർന്നുള്ള പതിറ്റാണ്ടുകളിൽ ദൃശ്യമായത്. ക്ഷേത്രങ്ങളിൽ തുടർന്നുപോന്നിരുന്ന അടിയന്തിരങ്ങൾക്കൊപ്പം, പൊതുവേദികളെയും സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകാൻ രാമച്ചാക്യാർക്ക് സാധിച്ചത് കൂത്തിന്റെ അനുഷ്ഠാനാത്മകമായ നിലനില്പിനും ജനകീയമായ ഉന്നമനത്തിനും അദ്ദേഹം ഒരുപോലെ പ്രാധാന്യം നല്‍കിയതുകൊണ്ടാണ് എന്നുപറയാം. തുടർന്ന് ആ സാംസ്കാരികദൗത്യം പൈങ്കുളം ദാമോദരച്ചാക്യാരും സമാനാർത്ഥത്തിൽ ഏറ്റെടുത്തു. കേരളത്തിൽ അങ്ങോളമിങ്ങോളം കൂത്തരങ്ങുകള്‍ക്ക് പ്രചാരം കൈവരാന്‍ ഇത് കാരണമായി. യുവജനോത്സവ വേദികളില്‍ കൂത്തും കൂടിയാട്ടവും മത്സരയിനമായതോടെ, കലാരൂപങ്ങള്‍ എന്ന നിലയില്‍ അവയുടെ ജനകീയത വര്‍ദ്ധിച്ചു; കലയുടെ സത്താപരവും അവതരണപരവുമായ ഘടനയില്‍ സമയച്ചുരുക്കത്തിന്റെയും മറ്റും വിട്ടുവീഴ്ചകള്‍ വേണ്ടിവന്നേക്കുമെങ്കിലും. കലോത്സവ വേദികളിലേയ്ക്ക് ജാതി-മത-ലിംഗ ഭേദമില്ലാതെ ഓരോ വർഷവും പുതു തലമുറ എത്തിച്ചേരുന്നത് കൂത്തിന്റെ വർത്തമാനത്തില്‍ ശ്രദ്ധേയമാണ്.

ഉപസംഹാരം

കാലഘട്ടത്തിന്റെ സാംസ്കാരികബോധ്യങ്ങളാണ് വ്യക്തികളെ നവീകരണ ശ്രമങ്ങള്‍ക്ക് സജ്ജമാക്കുന്നത്. കേരളീയ ആധുനികത, ജാതി-മതേതരമായ പൊതു ഇടങ്ങള്‍, കലയുടെ അവതരണവും അസ്വാദനവും എന്ന സാമൂഹികപ്രക്രിയ,  പൊതു ഇടത്തിലെ കലാപഠനസ്ഥാപനം എന്ന ആവശ്യകത, വിവിധ സാമുദായിക വിപ്ലവങ്ങള്‍, സമരങ്ങള്‍, ക്ഷേത്രപ്രവേശന വിളംബരം തുടങ്ങി കേരളത്തില്‍ ആ ഘട്ടത്തില്‍ സംഭവിച്ച രാഷ്ട്രീയ-സാംസ്കാരിക മുന്നേറ്റങ്ങള്‍ സ്വാഭാവികമായും കലാപരിണാമത്തെയും ത്വരിതപ്പെടുത്തിയ കാഴ്ചയാണ് ഇവിടെ കാണുന്നത്. കലാപഠനത്തിന് ഒരു സ്ഥാപനം എന്ന ആശയമാണ് കേരള കലാമണ്ഡലത്തിന്റെ രൂപീകരണത്തോടെ ഇതിനും മൂന്നു പതിറ്റാണ്ട് മുന്‍പ് പ്രാവര്‍ത്തികമായത്. കൂത്തിനും കൂടിയാട്ടത്തിനും ക്ഷേത്രത്തിനു പുറത്ത് എന്നല്ല, പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ അരങ്ങുകളും പ്രചാരവും ലഭിക്കാനും അനേകം വിദേശ കലാപഠിതാക്കളും സംസ്കാരപഠിതാക്കളും കേരളീയമായ ഈ അവതരണകലകള്‍ സ്വായത്തമാക്കാനും ഈ മുന്നേറ്റങ്ങള്‍ കാരണമായി. കാലഘട്ടത്തിന്റെ സാംസ്കാരികബോധ്യം തന്നെയാണ് ഒരു കലാകാരനെ ഇത്തരമൊരു ചുവടുവയ്പ്പിന് സജ്ജമാക്കിയത് എന്നുകാണാം. അമ്മന്നൂര്‍ മാധവ ചാക്യാര്‍, മാണി മാധവ ചാക്യാര്‍ എന്നിവരുടെ കാലികമായ ഇടപെടലുകളും കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും ചരിത്രത്തെ നിര്‍ണ്ണയിച്ചു. വ്യക്തികളുടെ കലാജീവിതം കലയുടെ പരിണാമ ചരിത്രത്തിനുകൂടി പ്രേരകമാകുന്ന പാരസ്പര്യമാണ്‌ സാംസ്കാരികപരിണാമങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. പാരമ്പര്യ ക്ഷേത്രകലകളില്‍ നിന്ന് വിപുലമായ അരങ്ങും ആസ്വാദന-ഗവേഷണ സന്ദര്‍ഭങ്ങളും ഈ രംഗകലകള്‍ക്ക് സാധ്യമായതും മേല്‍പ്പറഞ്ഞ ലാവണ്യാത്മകപാരസ്പര്യം കൊണ്ടാണ്; അതാകട്ടെ കാലത്തിന്റെ കലാനീതിയും. 

ഗ്രന്ഥസൂചി

 

  1. അമ്മാമന്‍ തമ്പുരാന്‍,1989(1935), കൂത്തും കൂടിയാട്ടവും,മാതൃഭൂമി,കോഴിക്കോട്.
  2. നാരായണ പിഷാരോടി,കെ.പി, 2002(1989), കലാലോകം,കേരള സാഹിത്യ അക്കാദമി,തൃശൂര്‍.
  3. പൗലോസ്,കെ.ജി., 2001, കൂടിയാട്ടം അഭിനയത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയും, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കൂടിയാട്ടം, തൃപ്പൂണിത്തുറ.

രാഘവ വാര്യര്‍, രാജന്‍ ഗുരുക്കള്‍, 1991, കേരളചരിത്രം,കറന്റ്ബുക്സ്, കോട്ടയം

ഡോ. ദേവി കെ. വർമ്മ

അസോസിയേറ്റ് പ്രൊഫസർ മലയാളവിഭാഗം എസ്.ഡി. കോളേജ് ആലപ്പുഴ 9847691261 devikvarma20@gmail.com

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x