
അബ്ദുന്നാഫി വി.എസ്
Published: 10 may 2026 കവര്‍സ്റ്റോറി
ഗസൽ: ചരിത്രം, പരിണാമം, ആവിഷ്കാരം
സംഗ്രഹം
ആലാപനസംബന്ധിയായ പ്രയോഗമായി ഗസലിനെ മനസ്സിലാക്കുന്നവരുണ്ട്. ഗസല്‍കാവ്യശാഖയുടെ ചരിത്രം ഗ്രഹിക്കുമ്പോള്‍ രചനാസംബന്ധമായ അനന്യതയാണ് ഗസലിനെ വ്യതിരിക്തമാക്കുന്നതെന്നു ബോധ്യപ്പെടും. ഉത്ഭവം, പരിണാമം, വ്യാപനം തുടങ്ങിയ ചരിത്രസഞ്ചാരങ്ങള്‍ വിശദമാക്കി ഗസലിന്റെ സമഗ്രചിത്രം ഈ പഠനം പങ്കുവെക്കുന്നു. പരിണാമഘട്ടങ്ങളില്‍ പ്രമേയപരമായി ഗസലിനു കൈവന്ന വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്ന പഠനം, അലൌകികപ്രണയം പ്രധാന വിഷയമായിവന്നതിന്റെ കാരണമന്വേഷിക്കുന്നു. മുശായറ (കാവ്യാവതരണം) സദസ്സുകള്‍, ഗസല്‍ഗായകി (സംഗീതാത്മക അവതരണം) തുടങ്ങിയ ആവിഷ്കാരവൈവിധ്യങ്ങള്‍ ഗസലിന്റെ വികാസചരിത്രത്തില്‍ നിര്‍ണായകമാണ്. നസ്മ് (ഉര്‍ദുപദ്യം), നഅ്ത് (പ്രകീര്‍ത്തനം), ഖവ്വാലി എന്നീ സാഹിത്യരൂപങ്ങളുമായി താരതമ്യംചെയ്തു ഗസലിന്റെ പുതുഭാവങ്ങള്‍ ഈ ലഘുപഠനം വിശകലനംചെയ്യുന്നു.
ആമുഖം
ഗാനാലാപനശൈലി എന്ന നിലയില്‍ ഗസലിനെ മനസ്സിലാക്കിയവരുണ്ട്. ഗസല്‍ ഒരു കാവ്യരൂപമാണെന്നും സവിശേഷമായ രചനാക്രമക്കണക്ക് അതിനുണ്ടെന്നും അറിയുമ്പോള്‍ ആശ്ചര്യത്തോടെ സമീപിക്കുന്നവരാണ് കൂടുതൽ. ഗസലിന്റെ പ്രാരംഭത്തെക്കുറിച്ചും കാലാനുക്രമമായുണ്ടായ വികാസങ്ങളെക്കുറിച്ചും പഠിച്ചാല്‍ ആശങ്കകള്‍ മറികടക്കാനാവും. ഗസലിനെ സംഗീതസംബന്ധമായി ധരിച്ചവരെ കുറ്റപ്പെടുത്താനാവില്ല. ഗസല്‍ഗായകരിലൂടെയും ആലാപനസദസ്സിലൂടെയുമായി ഗസലിനെ പരിചയിച്ചതിന്റെ ഫലമായുണ്ടായതാണ് ആ ധാരണയെന്നു മനസ്സിലാക്കാം.
രചനാക്രമക്കണക്കിന്റെ നിര്‍ബന്ധബുദ്ധിയില്‍ മാത്രം തളച്ചിടപ്പെടേണ്ടതാണോ ഗസല്‍ എന്ന ചോദ്യം പ്രസക്തമാണ്. ആരംഭകാലം മുതലേ റദീഫ്, ഖാഫിയ, മഖ്ത, മത് ല (ഇവയുടെ വിശദീകരണങ്ങള്‍ ശേഷം വരുന്നുണ്ട്) തുടങ്ങിയ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നോ എന്ന് അന്വേഷിച്ചാല്‍ ആലോചനപ്രദങ്ങളായ നിഗമനങ്ങളിലാണെത്തുക. അതിനാല്‍ ഗസല്‍ചരിത്രം വിശദമാക്കിക്കൊണ്ടാണ് ഈ പഠനം ആരംഭിക്കുന്നത്. പത്താം നൂറ്റാണ്ടില്‍ പേര്‍ഷ്യയിലാണ് ഗസലിന്റെ ആരംഭമെന്നു രേഖപ്പെടുത്തുന്നവര്‍ ക്ലാസിക്കല്‍ അറബ് കാവ്യപാരമ്പര്യത്തെക്കുറിച്ചും അഞ്ചാം നൂറ്റാണ്ടിലെ അറേബ്യന്‍ ഖസീദ പാരമ്പര്യത്തിലേക്കും സൂചനകള്‍ ചേര്‍ക്കുന്നതു കാണാം. അറബ് കാവ്യപാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്നോണമാണ് പേര്‍ഷ്യനിലെത്തുന്നതെന്നും ഖസീദ എന്ന ദീര്‍ഘസ്തുതികാവ്യത്തില്‍നിന്നും ഉടലെടുത്തതാണ് ഗസലെന്നുമുള്ള നിരീക്ഷണങ്ങള്‍ കൂടുതല്‍ ആലോചനകളിലേക്കു നയിക്കുന്നു.
പേര്‍ഷ്യന്‍കാലത്തെ ഗസലിന്റെ നല്ലകാലമെന്നു വിളിക്കുന്നതിനുള്ള ന്യായവും സൗന്ദര്യവും വിശദമായ വിശകലനത്തില്‍ ബോധ്യപ്പെടും. ഗസലിന്റെ വ്യാപനത്തില്‍ പേര്‍ഷ്യന് അനിഷേധ്യമായ സ്ഥാനമുണ്ട്. പത്താംനൂറ്റാണ്ടോടെ ഗസലിന്റെ വികാസം വിദേശരാഷ്ട്രങ്ങളില്‍ സാധ്യമാവുന്നുണ്ട്. പേര്‍ഷ്യന്‍ ഭരണാധികാരികളുടെ ദേശസഞ്ചാരങ്ങളും രാഷ്ട്രവിപുലീകരണവും സാംസ്കാരികവും സാഹിതീയവുമായ ആദാനപ്രദാനങ്ങള്‍ക്കു കാരണമായി. അതുവഴി ഗസലും വ്യാപിച്ചു. സ്വാഭാവികമായും ഇന്ത്യയിലുമെത്തി.
ഇന്ത്യയിലെ ഗസലിന്റെ ആരംഭത്തിനും വളര്‍ച്ചയ്ക്കും സുദീര്‍ഘമായ ചരിത്രംപറയാനുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ അമീര്‍ ഖുസ്രുവിലൂടെ തുടക്കമിട്ടെന്നു പറയപ്പെടുന്ന ഗസല്‍, ഉര്‍ദു ഭാഷയുടെ വികാസത്തോടൊപ്പം ജനകീയമാവുന്നു. പ്രമേയതലത്തിലും പേര്‍ഷ്യന്‍ സ്വാധീനം പ്രകടമായി കാണാം. ജലാലുദ്ദീന്‍ റൂമി, ഹാഫിസ് ശീറാസി തുടങ്ങിയ പ്രതിഭാധനരുടെ ദര്‍ശനങ്ങളും മൂല്യങ്ങളും ഇന്ത്യന്‍ ഗസലുകളില്‍ പ്രകടമായി. ലൌകികവും അലൌകികവുമായ പ്രണയം, മിസ്റ്റിക് ദര്‍ശനങ്ങള്‍ എന്നിവ പ്രമേയമായ ഗസലുകളോടൊപ്പം വിവിധ വിഷയങ്ങള്‍ കാവ്യവിഷയമായ രചനകളും ഇടംപിടിച്ചു.
ഗസല്‍ ആലാപനസംബന്ധിയായ സംജ്ഞയല്ലെന്നു സ്ഥിരീകരിക്കുമ്പോഴും ജനപ്രിയത നേടുന്നതില്‍ ആലാപനസദസ്സുകള്‍ക്കുള്ള പങ്ക് വിസ്മരിക്കാനാവില്ല. ആവിഷ്ക്കാരത്തെക്കുറിച്ചുള്ള ചര്‍ച്ച പ്രധാനമാവുന്നതവിടെയാണ്. ഗസല്‍ഗായകരുടെ പ്രതിഭയും പ്രാഗത്ഭ്യവും ജനകീയതയുടെ പ്രധാനകാരണമാണ്. പുതിയകാലത്തെ ഗസലിന്റെ പ്രചാരത്തില്‍ പ്രധാനഘടകം ഗസല്‍ഗായകി എന്നു പ്രസിദ്ധമായ ഗസല്‍ അവതരണമാണെന്നുകാണാം. ആദ്യകാലങ്ങളില്‍ കൊട്ടാരസദസ്സുകളിലും മറ്റും നടന്നിരുന്ന മുശായറ (കാവ്യാവതരണം) വേദികളായിരുന്നു ഗസലവതരണങ്ങളുടെ പ്രധാനവേദി. പിന്നീട് മെഹ്ഫിലുകളിലേക്കും ചലച്ചിത്രമേഖലയിലേക്കും വികസിച്ചു. ഖവ്വാലി, നസ്മ് (ഉര്‍ദുപദ്യം), നഅ്ത് (പ്രകീര്‍ത്തനകാവ്യം) എന്നിവയുമായി താരതമ്യപ്പെടുത്തിയുള്ള വിശകലനം ഗസലിന്റെ വ്യതിരിക്തത വ്യക്തമാക്കിത്തരുന്നു.
ഗസല്‍ കാവ്യപാരമ്പര്യം
ഉല്‍പത്തിസംബന്ധമായ ചര്‍ച്ചകളിലേക്ക് പോവുമ്പോള്‍ ഗാനാലാപനപരമായ അര്‍ത്ഥമല്ല പകരം കാവ്യപാരമ്പര്യവുമായാണ് ഗസലിന്റെ പദനിഷ്പത്തി ബന്ധപ്പെട്ടുകിടക്കുന്നതെന്ന് ബോധ്യമാവും. അറബി പദമായ ‘ഗസല’യില്‍ നിന്നാണ് ഗസലിന്റെ ഉത്ഭവം. ഗസല എന്ന ക്രിയാപദത്തിന് സല്ലപിക്കുക/സല്ലാപം എന്നാണര്‍ത്ഥം. അറബിയില്‍ ഗസല ഭൂതകാലത്തെക്കുറിക്കുന്ന ക്രിയാപദമായതിനാല്‍ സല്ലപിച്ചു എന്ന് അര്‍ത്ഥം പറയുന്നതാണ് ശരി. ഗസ്ല്‍ എന്നാവുമ്പോള്‍ സല്ലാപം എന്ന അര്‍ത്ഥംവരും. പ്രണയസല്ലാപത്തിന് സമാനമായ അര്‍ത്ഥം പറയുന്ന വ്യത്യസ്ത പ്രയോഗങ്ങള്‍ ഗസലിനെ പരിചയപ്പെടുത്തുന്നവര്‍ ഉപയോഗിക്കാറുണ്ട്. പ്രണയാഭ്യര്‍ത്ഥന, ശൃംഗാരം, അനുരാഗത്തോടെ സംസാരിക്കല്‍ എന്നിവ ഉദാഹരണങ്ങളായി പറയാം.
അറേബ്യയില്‍ ആവിര്‍ഭവിക്കുകയും പേര്‍ഷ്യയും ഇന്ത്യയും ഉള്‍പ്പടെ നിരവധി രാജ്യങ്ങളിലേക്കു പടര്‍ന്നു വ്യത്യസ്തമായ രീതിയില്‍ പരിചയിക്കപ്പെട്ടു വളര്‍ന്നു പരിണമിച്ച ഗസല്‍ അടിസ്ഥാനപരമായി ഒരു ഗാനരൂപമല്ല, കാവ്യസമ്പ്രദായമാണ് എന്ന റഫീഖ് അഹമ്മദിന്റെ നിരീക്ഷണം ഗസല്‍പാരമ്പര്യത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണ പങ്കുവെക്കുന്നു. ‘ഗസല്‍: പ്രണയാക്ഷരങ്ങളുടെ ആത്മഭാഷണം’ എന്ന കൃതിക്കെഴുതിയ അവതാരികയിലാണ് അദ്ദേഹം ഇങ്ങനെ കുറിക്കുന്നത്. പേര്‍ഷ്യന്‍ സ്തുതിഗീതമായ ‘കസീദാ’യുടെ ‘തഷ്ബീബ്’ എന്ന ഭാഗം വേറിട്ട് അറേബ്യയില്‍ നിന്ന് ഇറാനിലെത്തി പത്താംനൂറ്റാണ്ടോടെ ജന്മം കൊണ്ട ഗസല്‍, അമീര്‍ഖുസ്രോ, വാലി ദഖ്‌നി തുടങ്ങിയവരിലൂടെ കടന്ന് ഉര്‍ദുഭാഷയിലെ പ്രധാന കാവ്യരൂപമായി മാറിയെന്നാണ് മറ്റൊരു നിരീക്ഷണം (സച്ചിദാനന്ദന്‍, 2005:8). മലയാളത്തില്‍ താനെഴുതിയ ഗസലുകളുടെ സമാഹൃതകൃതിയില്‍ ഒ.എന്‍.വി കുറിക്കുന്നതിങ്ങനെ: ‘ ഉര്‍ദുവിലെ അപൂര്‍വ സുന്ദരമായ ഒരു കവിതാശാഖയാണ് ഗസല്‍. അത് കവിതയുടെയും സംഗീതത്തിന്റെയും സംഗമത്തിനുകൂടി സാക്ഷ്യം വഹിക്കുന്നു. മധ്യകാല ഭാരതത്തില്‍ പഞ്ചാബ് മുതല്‍ ഡെക്കാണ്‍ വരെ അവിടവിടെയായി ഉറുദുവും, ഒപ്പം ഗസല്‍ സംസ്‌കാരവും തഴച്ചുവളരുകയുണ്ടായി. കാലക്രമത്തില്‍ അതിന്റെ ഘടനയിലും ഭാവത്തിലും മാറ്റങ്ങളുണ്ടായി. എങ്കിലും ഒരാള്‍ തനിക്കേറ്റവും ഇഷ്ടമുള്ള സ്‌നേഹപാത്രത്തിലര്‍പ്പിക്കുന്ന ഹൃദയനൈവേദ്യം എന്ന നില ‘ഗസല്‍’ നിലനിര്‍ത്തിപ്പോന്നു. ഒപ്പം, പെറ്റ നാടിന്റെയും പ്രകൃതിയുടെയും നേര്‍ക്കുള്ള സ്‌നേഹാരാധനകളും ഗസലുകളിലൂടെ പ്രകാശിതമായി’ (2007:11). പത്താം നൂറ്റാണ്ടില്‍ പേഴ്‌സ്യന്‍ ഭാഷയില്‍ ഉടലെടുത്ത ഗസല്‍ കവിതാരൂപം ലോകത്തെ ഏറ്റവും പഴക്കമുള്ള കവിതാശില്പങ്ങളിലൊന്നാണ് എന്നു ജോയ് വാഴയില്‍ എഴുതുന്നു. മലയാള ഗസല്‍ എന്ന പേരില്‍ അമ്പത്തിമൂന്ന് രചനകള്‍ സമാഹരിച്ച കൃതിയിലെ ആമുഖത്തിലാണ് ഈ പരാമര്‍ശമുള്ളത്. ഇംഗ്ലീഷില്‍ ഏറ്റവും പഴക്കമുള്ള ‘സോണറ്റ്’ പതിമൂന്നാം നൂറ്റാണ്ടില്‍ ഇറ്റലിയിലാണ് രൂപമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു (2016: 5).പേര്‍ഷ്യന്‍ പാരമ്പര്യം സര്‍വസമ്മതമാണെന്നിരിക്കെ ഗസലിന്റെ അറേബ്യന്‍ വംശാവലിയാണ് വിശകലനം ആവശ്യപ്പെടുന്നത്. അറബ് കാവ്യമേഖലയിലെ ‘ഖസീദ’ എന്ന ശാഖയില്‍ നിന്നാണ് ഗസലുകള്‍ രൂപപ്പെടുന്നത്. ദൈര്‍ഘ്യമേറിയ ഈരടികളുടെ സമ്മേളനമായിരുന്നു ഖസീദയെങ്കില്‍ അവയെ പത്തോ പതിനഞ്ചോ ശേറിലൊതുക്കിയാണ് അറബിയില്‍ ഗസലുകള്‍ രൂപപ്പെടുന്നത് (ഷബീര്‍ രാരങ്ങോത്ത്, 2021: 13) എന്ന നിരീക്ഷണം പരിശോധിക്കാവുന്നതാണ്.
ഗസല്‍ എന്ന പദം ലോകസാഹിത്യത്തിന് പരിചിതമാവുന്നത് അറബ് സാഹിത്യചരിത്രവുമായി ബന്ധപ്പെട്ടാണ്. അറബ് സാഹിത്യത്തിലെ പ്രധാനകാവ്യപാരമ്പര്യമായ ഖസീദയുമായി ചേര്‍ന്നാണ് ഗസല്‍ അറിയപ്പെടുന്നത്. വൈവിധ്യമാര്‍ന്ന പ്രമേയങ്ങളുള്‍ക്കൊള്ളുന്ന ദീര്‍ഘകാവ്യമാണ് ഖസീദ. സി.ഇ 500 മുതല്‍ ക്ലാസിക്കല്‍ അറബ് കാവ്യധാരയിലെ പ്രധാനവിഭാഗമാണിത്. നസീബ് (രതിജന്യകാവ്യം), റാഹില്‍ (മരൂഭൂയാത്രാകാവ്യം), ഗറള് (ഖസീദയുടെ ഉദ്ദേശ്യം വിവരിക്കുന്ന കാവ്യഭാഗം), മദീഹ് (രാജസ്തുതി/സ്‌തോത്രം), ഫഖ്‌റ് (ആത്മ/ഗോത്ര പ്രശംസാകാവ്യം), ഹിജാഅ് (ആക്ഷേപകാവ്യം), റസാഅ് (വിലാപകാവ്യം) എന്നിവ ഖസീദയിലുള്‍പ്പെട്ടിരുന്നു. ഇക്കാരണത്താലാണ് പ്രമേയവൈവിധ്യമുള്ള അറബ് ദീര്‍ഘകാവ്യമെന്ന നിലയില്‍ ഖസീദ പ്രസിദ്ധമായത്.
അറബ് സാഹിത്യത്തിലെ പുഷ്‌കലകാലമെന്നറിയപ്പെടുന്ന ഉമവിയ്യ കാലത്തും അബ്ബാസിയ്യ കാലഘട്ടത്തിന്റെ ആദ്യഭാഗത്തും ഖസീദയുടെ സ്വീകാര്യത വര്‍ധിച്ചു. ഒപ്പം, ഏകാശയപ്രധാനങ്ങളായ കാവ്യധാരകളായ ഖംരിയ (മദ്യ കാവ്യം), തര്‍ദിയ (നായാട്ടുഗീതം), സുഹ്ദിയ (യോഗാത്മകാവ്യം), ഗസല്‍ (പ്രേമകാവ്യം) തുടങ്ങിയവ ഉടലെടുത്തു. ഇക്കൂട്ടത്തില്‍ ഖസീദയും ഗസലും കൂടുതല്‍ നിര്‍മാണാത്മകവും കാലാതീതമായ സ്വാധീനമുള്ളതുമായി വികസിച്ചു (Nishath Zaidi, 2015: 170, Suzanne Pinckney Stekevych, 2001: xii). ഇങ്ങനെ പുരാതനമായ പാരമ്പര്യം അവകാശപ്പെടാവുന്ന കാവ്യകലയാണ് ഗസല്‍. ഇന്ന് നാം പരിചയിച്ച ഗസല്‍ എന്ന നിലയിലല്ല അറബ് സംസ്‌കൃതിയിലുണ്ടായിരുന്നത്. പ്രണയം പ്രമേയമായി വരുന്ന കാവ്യം എന്ന അര്‍ത്ഥത്തിലായിരുന്നു ആരംഭം. അറബ് കാവ്യപാരമ്പര്യം പ്രമേയാധിഷ്ഠിതമായി വികസിച്ചുവന്നതാണെന്ന കാര്യം മേല്‍വിവരണങ്ങളില്‍ നിന്ന് വ്യക്തമാണ്. അതിന്റെ തുടര്‍ച്ചയിലാണ് പ്രണയം പ്രത്യേകമായി വിഷയമാവുന്ന കവനസമ്പ്രദായം അറിയപ്പെട്ടത്.ഏകാശയപ്രധാനങ്ങളായ ഗസലുകളില്‍ രതിജന്യമായ ഉള്ളടക്കവും കാണാം. നസീബുമായുള്ള ബന്ധമാണ് അതിനൊരു കാരണം. നസീബുമായുള്ള താദാത്മ്യവും വേര്‍തിരിക്കുന്ന ഘടകങ്ങളും സാമാന്യമായി പ്രതിപാദിക്കാം.
ഖസീദ; നസീബ്; ഗസല്‍
ഖസീദ എന്താണെന്നു മേലെ വിശദീകരിച്ചു. രാജാക്കാന്മാരെയും പ്രഭുക്കന്മാരെയും സ്തുതിക്കുന്ന കാവ്യങ്ങളും വിവിധ ഭാവകാവ്യങ്ങളും ഖസീദയിലുള്‍പ്പെടുന്നു. പ്രശംസാകവിതകളെന്നും സ്തുതിഗീതങ്ങളെന്നും ഖസീദയെ സാമാന്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താവുന്നതാണ്. ഖസീദയ്ക്ക് നിശ്ചിതവരികളെന്ന നിഷ്‌കര്‍ഷയില്ല. എത്ര വേണമെങ്കിലും നീണ്ടുപോകാം. ഖസീദയുടെ ആരംഭത്തില്‍ കാവ്യാനുവാചകരെ കവിതയിലേക്ക് ആകര്‍ഷിക്കാനായി പ്രണയാതുരവും രതിജന്യവുമായ വരികള്‍ ചൊല്ലുന്ന പതിവുണ്ടായിരുന്നു. നഷ്ടപ്രണയിനിയെക്കുറിച്ചുള്ള ഓര്‍മ, രതിസ്മരണകളുണര്‍ത്തുന്ന വിവരണം, പ്രണയരസസമ്പന്നമായ സംഭാഷണം എന്നിവ ഉള്‍പ്പെടുന്ന ഖസീദയിലെ ഈ ഭാഗത്തിന് നസീബ് എന്നാണ് പേരുപറഞ്ഞിരുന്നത്. അറബി കാവ്യചരിത്രത്തിലെ പ്രസിദ്ധമായ സബ്ഉല്‍ മുഅല്ലഖാത്തില്‍ (The Seven Odes) ഇത്തരം നസീബുകള്‍ക്ക് ഉദാഹരണങ്ങള്‍ കാണാം. പ്രമുഖ അറബി കവി ഇംറുല്‍ കൈസിന്റെ രചനകളുള്‍പ്പടെയുള്ള കാവ്യങ്ങള്‍ സബ്ഉല്‍ മുഅല്ലഖാത്തില്‍ ക്രോഡീകരിക്കുന്നുണ്ട്. നസീബുകള്‍ക്ക് അവയില്‍ ഉദാഹരണങ്ങള്‍ കാണാം (A.J. Arberry, 1957: 61). നസീബിന് പുറമെ റാഹില്‍ എന്ന ഒരു ഭാഗവും ഖസീദയ്ക്കുണ്ട്. നസീബ് ഉപയോഗിച്ചു കേള്‍വിക്കാരെ തന്റെ വരുതിയിലായെന്നു തോന്നിയാല്‍ റാഹിലിലേക്ക് പ്രവേശിക്കും. കവി യാത്രയില്‍ നേരിട്ട ദുരിതങ്ങളും കഷ്ടപ്പാടുകളുമാണ് റാഹിലില്‍ വിവരിക്കുക. മൂന്നു ഭാഗങ്ങളായി തിരിക്കാവുന്നതില്‍ മൂന്നാമത്തെ ഭാഗത്താണ് കവിതയുടെ പ്രധാനപ്രമേയവും കാവ്യലക്ഷ്യവും വിവരിക്കുക. ഈ മൂന്നാം ഭാഗമാണ് ഖസീദയുടെ പ്രധാനഭാഗം.
കേള്‍വിക്കാരെ ഖസീദയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പ്രണയരസ/ രതിസമ്പന്നമായ വരികളുള്‍ക്കൊള്ളുന്ന ഭാഗത്തെയാണ് സാമാന്യമായി നസീബ് എന്നു വിളിക്കുന്നത്. നസീബിനോട് സമാനമായ ഉള്ളടക്കമുള്ള പ്രണയകാവ്യമായാണ് ഗസല്‍ പിന്നീട് തനതായ ഒരു കാവ്യശാഖയായി ഉരുത്തിരിയുന്നത്. പ്രണയം കേന്ദ്രപ്രമേയമായി വരുന്ന സ്വതന്ത്രകാവ്യം ഗസലെന്നും ഖസീദയുടെ ആമുഖഭാഗമായി തുടരുന്ന, സമാനമായ ഉള്ളടക്കം പുലര്‍ത്തുന്ന കാവ്യഭാഗം നസീബെന്നും തുടര്‍ന്ന് അറിയപ്പെട്ടു. കാലക്രമേണ ഗസലിന് സാഹിത്യത്തില്‍ വലിയ പ്രചാരംനേടാനും കഴിഞ്ഞു.
നസീബിനെയും അറബ് ഗസലിനെയും വ്യവച്ഛേദിച്ചു പരിശോധിക്കുന്ന പഠനങ്ങളുണ്ടായിട്ടുണ്ട്. ‘Ghazal as World Literature: Transformation of Literary Genre’ എന്ന കൃതിയില്‍ വിശദമായി സമാനതകളും വ്യതിരിക്തതകളും പ്രതിപാദിക്കുന്നുണ്ട് (Thomas Baure, 2005:4). സ്വതന്ത്രമായ നിലനില്പ്, നിലവിലുള്ള അല്ലെങ്കില്‍ പൂവണിയുമെന്നു പ്രതീക്ഷയുള്ള പ്രണയിനിയെ അഭിസംബോധന ചെയ്യുന്ന കാവ്യാവിഷ്‌കാരം എന്നീ ഘടകങ്ങള്‍ ഗസലിനെ നസീബില്‍ നിന്ന് വേര്‍തിരിച്ചുവെന്നും നഷ്ടപ്രണയത്തെക്കുറിച്ചുള്ള വിലപനം, വിരഹിയുടെ ദീപ്തസ്മരണകള്‍ എന്ന പ്രമേയപരത എന്നിവ നസീബില്‍ നിക്ഷിപ്തമാണെന്നും റെനക് ജാകോബിയെയും തോമസ് ബ്യൂവറെയും ഉദ്ധരിച്ചുകൊണ്ട് ആരി ഷിപ്പെസ് വിവരിക്കുന്നുണ്ട് (Arie Schippers 2005: 311).
പിന്നീട് ഏഴ്, എട്ട് നൂറ്റാണ്ടുകളില്‍ ഉമവിയ്യ ഭരണകാലത്താണ് ഗസല്‍ കാവ്യപാരമ്പര്യത്തില്‍ പ്രകടമായ മാറ്റം കാണാനാവുന്നത്. അക്കാലത്തെ ഗസലിന്റെ തനിമയെ അറബി സാഹിത്യചരിത്രം തയ്യാറാക്കിയ ഹന്ന അല്‍ ഫഖൗരി നിരീക്ഷിക്കുന്നതിങ്ങനെ: ഖസീദകളുടെ ഭാഗമായല്ലാതെ സ്വതന്ത്രസ്വഭാവത്തോടെ ഗസല്‍രചനകളുണ്ടായി; നസീബില്‍ നിന്നും വ്യത്യസ്തമായി അര്‍ത്ഥപൂര്‍ത്തിയുള്ള/സാക്ഷാത്കൃതമായേക്കാവുന്ന പ്രണയവിവരണം കാവ്യാവിഷ്‌ക്കാരത്തില്‍ കൊണ്ടുവന്നു; നാടന്‍ ഭാഷാശീലുകളിലും സാധാരണക്കാരുടെ മൊഴിവഴക്കങ്ങളിലും കാവ്യങ്ങളൊരുക്കി; ലളിതവും സരളവുമായ താളം ഗസലിന് നല്‍കാന്‍ ശ്രമിച്ചു. ഉമവിയ്യ കാലഘട്ടത്തിലും അബ്ബാസി ഭരണകാലയളവിലുമായി ഗസല്‍ വികസിച്ചു. പ്രമേയപരമായ ഏകതാനത ഗസലിനെ വേറിട്ടുനിര്‍ത്തുന്നതോടൊപ്പം പ്രണയത്തിന്റെ വിവിധ തലങ്ങളിലേക്ക് ഗസലുകള്‍ വികസിച്ചു. ഉദ്‌രി ഗസല്‍, ഹളരി ഗസല്‍ എന്നിങ്ങനെ രണ്ടു കൈവഴികളുണ്ടായി.
സാക്ഷാത്കൃതമാവാന്‍ സാധ്യതയില്ലെങ്കിലും തുടരുന്ന പ്രണയമാണ് ഉദ്‌രി ഗസല്‍ ഗണത്തില്‍പ്പെടുന്നത്. പവിത്രപ്രണയം എന്ന പ്രയോഗമാണ് ഇത്തരം ഗസലുകള്‍ക്ക് കൈവന്നത്. ലൈംഗിച്ചുവയുള്ള ശരീരവര്‍ണനകള്‍ ഈ ഗസലുകളിലുണ്ടാവില്ല. കാത്തിരിപ്പിന്റെ വേദനയും ഹൃദയവ്യഥയും ഈ രചകളില്‍ മിഴിവോടെ ആവിഷ്‌കരിക്കും. പ്രണയത്തിനായി സര്‍വം സമര്‍പ്പിക്കുന്ന ചിന്തയും ഭൗതികമായ നേട്ടങ്ങളേക്കാളേറെ ആത്മാനുഭൂതിയും കേന്ദ്രപ്രമേയങ്ങളായി. ഹിജാസ്, നജ്ദ് പ്രദേശങ്ങളില്‍ കൂടുതല്‍ പ്രചാരം നേടി. ഉദ്‌രി ഗോത്രക്കാരായിരുന്നു ഇത്തരം ഗസലെഴുത്തുകാരില്‍ പ്രധാനികള്‍. അവരിലേക്ക് ചേര്‍ത്താണ് ഈ ശൈലിക്ക് ഉദ്‌രി എന്ന പേര് വന്നത്. വിശ്രുതമായ ജാമില്‍&ബുതൈന, ലൈല&മജ്‌നൂന്‍ പ്രണയദ്വന്ദങ്ങങ്ങള്‍ ഈ വികാസവഴിയിലാണ് പിറക്കുന്നത്.
നാഗരികമായ പ്രണയാവിഷ്‌കാരങ്ങളായിരുന്നു ഈ രചനകളുടെ പ്രത്യേകത. നസീബ് ശൈലിയെ അനുസ്മരിപ്പിക്കുന്ന ശരീരവര്‍ണനകളും ലൈംഗികച്ചുവ കലര്‍ന്ന ആവിഷ്‌കാരങ്ങളുമായിരുന്നു പ്രധാനം. ഉമര്‍ ബിന്‍ റബീഅ, അല്‍ അഹ്‌വാസ് എന്നിവരാണ് ഈ ശൈലിയുടെ പ്രധാന വക്താക്കള്‍ (Ibrahim Badusha, 2002: 2, ഷബീര്‍, 2021: 23, 24).
വ്യതിരിക്തതയുടെ ഘടകങ്ങൾ
ഖസീദയില്‍ നിന്നു വേര്‍പെട്ടു പരിണമിച്ചുണ്ടായ ഗസല്‍ പ്രമേയപരമായ ഊന്നലിലാണ് ഇക്കാലയളവിലെല്ലാം തനതുമേന്മ പ്രകടിപ്പിച്ചത്. രൂപപരമായി ഖസീദയുടെ ശൈലിയാണ് തുടര്‍ന്നുപോരുന്നത്. ഒരേ മീറ്ററിലുള്ള രണ്ടു വരികളുള്ള രൂപഘടനയായിരുന്നു ഗസലിന്. ശിഅ്ര്‍ (ഈരടി) എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്. ഒരു ശിഅ്‌റിലെ ഓരോ വരിക്കും ബൈത്ത് എന്നുപയോഗിച്ചു. ഒരു ബൈത്തിന് തന്നെ രണ്ടു ഭാഗമുണ്ട്. അറബി കവിതകളുടെ പൊതുരീതിയാണിത്. മിസ്‌റഅ് എന്നാണ് ഈ പാതികളെ പറയുന്നത്. ഒരു ബൈത്തിന്റെ ആദ്യപാതിയെ മിസ്‌റഅ് ഊലാ എന്നും രണ്ടാം പാതിയെ മിസ്‌റഅ് സാനി എന്നുമാണ് പറയുന്നത്. ഓരോ ശിഅ്‌റിലെയും അവസാനപദം ഒരേ പ്രാസം പുലര്‍ത്തും. അവസാന അക്ഷരം ആവര്‍ത്തിക്കുന്ന രീതിയും തുടര്‍ന്നുപോരുന്നു. അറബി കവിതയില്‍ പ്രചാരത്തിലുണ്ടായിരുന്ന, രണ്ടു ബൈത്തുകള്‍ ചേര്‍ന്ന ഈരടിയെ ‘ശേര്‍’ എന്നും അക്ഷരങ്ങളുടെ ആവര്‍ത്തനശൈലി നേരിയ പരിണാമങ്ങളോടെ ‘റദീഫ്’ എന്നും പ്രാസം, ‘ഖാഫിയ’ എന്നും പിന്നീട് അറിയപ്പെട്ടു.
അറബി കാവ്യപാരമ്പര്യങ്ങളില്‍ മീറ്ററുകളുടെ സ്ഥാനത്ത് ബഹ്ര്‍ എന്നാണ് ഉപയോഗിച്ചിരുന്നത്. 16 ബഹ്‌റുകളാണ് (വൃത്തങ്ങള്‍) ക്ലാസിക് അറബി കവിതയിലെ വൃത്തങ്ങള്‍. ഇവയില്‍ നിന്ന് താരതമ്യേന ചെറിയ വൃത്തങ്ങളാണ് ഗസലുകളില്‍ കാണുന്നത്. ഉദാ: റംല്, ഖഫീഫ്, റജ്‌സ്, ഹസ്ജ് വൃത്തങ്ങള്‍.
ബഹ്ര്‍ (വൃത്തം)
അറബ് കാവ്യചരിത്രത്തിലെ വൃത്തങ്ങളെയാണ് ബഹ്‌റുകളെന്നു വിളിക്കുന്നതെന്നും അവ അടിസ്ഥാനമാക്കിയാണ് ഗസല്‍വരികളിലെ വൃത്തമാതൃക രൂപപ്പെടുന്നതെന്നും സൂചിപ്പിക്കുകയുണ്ടായി. അറബ് കവിതാസാഹിത്യത്തിലെ വൃത്തങ്ങളെ വിശദമാക്കാം. അറബ് പദ്യശാസ്ത്രത്തിന് ‘ഇല്‍മുല്‍ അറൂള്’ എന്നാണ് പറയുന്നത്. അല്‍ ഖലീല്‍ ഇബ്‌നു അഹമ്മദ് അല്‍ ഫറാഹീദിയാണ് വൃത്തമാതൃകകള്‍ കണ്ടെത്തുകയും അടിസ്ഥാനനിയമങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തത്. അറബ് കവിതകളുടെ അടിസ്ഥാന ഏകകമായ ബൈത്തിനെ രണ്ടു പാദങ്ങളായി വിഭജിക്കാവുന്നതാണ്. നേരത്തെ സൂചിപ്പിച്ച മിസ്‌റഅ് ഊലാ, മിസ്‌റഅ് സാനി എന്നീ പദങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. ഇവ രണ്ടിന്റെയും വൃത്ത-താള മാതൃകകള്‍ സമാനമായിരിക്കും. ഈ മാതൃകകളെ അടിസ്ഥാനമാക്കി ഫറാഹീദി അറബ് കവിതകള്‍ക്കായി 15 വൃത്തങ്ങള്‍ കണ്ടെത്തി. പിന്നീട് മുതദാറക് എന്ന വൃത്തവും കൂടി കണ്ടെത്തുന്നു. ഫറാഹീദിയുടെ ശിഷ്യനായ അല്‍ അഖ്ഫഷ് അല്‍ അക്ബറാണ് അവസാനത്തേത് കണ്ടെത്തുന്നത്. അങ്ങനെ അടിസ്ഥാന വൃത്തങ്ങള്‍ പതിനാറെണ്ണമായി. 1. തവീല്‍, 2. ബസീത്വ്, 3. മദീദ്, 4. വാഫിര്‍, 5. കാമില്‍, 6. ഹസ്ജ്, 7. റജ്‌സ്, 8. റംല്, 9. സരീ, 10. മുന്‍സരിഹ്, 11. ഖഫീഫ്, 12. മുളാരി, 13. മുഖതദബ്, 14. മുജ്തസ്സ്, 15. മുതകാരിബ്, 16. മുതദാരക് – എന്നിവയാണവ.
ഇക്കൂട്ടത്തില്‍ തവീല്‍ വൃത്തം അറബി കവിതയില്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്നു. ഉര്‍ദു കാവ്യങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്ന വൃത്തങ്ങളിലൊന്നാണ് ഹസ്ജ് (മനോജ് കുറൂര്‍, 2022: 142-145). മുജ്തസ്സ്, മുളാരി ബഹ്‌റുകള്‍ ഗസല്‍കാവ്യങ്ങളില്‍ കൂടുതലായി കണ്ടുവരുന്നു എന്ന നിരീക്ഷണവും ശ്രദ്ധേയമാണ്. (Regula Burckhardt Qureshi, 1990: 468). ബഹ്‌റിനു പുറമെ ഗസലുകള്‍ പുലര്‍ത്തിയ പ്രത്യേക രചനാക്രമക്കണക്കും മറ്റു വ്യത്യസ്തതകളും വിവരിക്കേണ്ടതുണ്ട്.
ഗസലിന്റെ അറബ് പാരമ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇത്രയും കാര്യങ്ങളാണ് സൂചിപ്പിക്കാനുള്ളത്. മറ്റു ചിട്ടവട്ടങ്ങളും രീതിശാസ്ത്രവുമെല്ലാം കാലാന്തരങ്ങളില്‍ വന്നുചേര്‍ന്നതാണ്. ഗസലിന് പേര്‍ഷ്യയിലുണ്ടായ വളര്‍ച്ചയും പിന്നീടുണ്ടായ വികാസകാലവുമാണ് തുടര്‍പരിണാമങ്ങള്‍ സാധ്യമാക്കിയത്. രൂപം എന്ന നിലയിലും ഗസലിന്റെ ഇന്നുകാണുന്ന തനിമയേക്കാളേറെ പ്രമേയപരമായ കാവ്യാനുഭൂതിയാണ് അറബ് പാരമ്പര്യവുമായി ബന്ധപ്പെട്ട് എടുത്തുപറയേണ്ടത്. ഗസലിന്റെ അറേബ്യന്‍ പൈതൃകത്തെയും ഭാവുകത്വനിലകളെയും കുറിച്ച് പരിശോധിച്ചവരെല്ലാം ചൂണ്ടിക്കാട്ടിയ കാര്യവുമാണത്.
ഖാഫിയ
പ്രാസവ്യവസ്ഥയെന്ന നിലയിലാണ് ഖാഫിയ, ഗസലിന്റെ സൗന്ദര്യമാവുന്നത്. ഇതിന് അറബ് വേരുകളാണുള്ളത്. നേരത്തെ വിവരിച്ച ബഹ്‌റുകളുമായി ഖാഫിയയ്ക്ക് ഗാഢബന്ധമുണ്ടെന്ന് മനോജ് കുറൂര്‍ നിരീക്ഷിക്കുന്നു. അന്ത്യാക്ഷരപ്രാസമെന്ന നിലയില്‍ ഖാഫിയ ഗസലിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു (2022: 145). അന്ത്യാക്ഷരപ്രാസം സാര്‍വത്രികമായ അറബ് ഗസലുകളില്‍ അവസാനവാക്കിലെ അവസാനപദത്തിനു തൊട്ടുമുമ്പുള്ള അക്ഷരം / അക്ഷരസമുച്ചയം ഒരേ ശബ്ദത്തിലാണുണ്ടാവുക. ഇതിനാലാണ് ഖാഫിയ അറബ് ഗസലുകളില്‍ നേരത്തേ പുലര്‍ത്തിയിരുന്നതാണെന്ന അപഗ്രഥനത്തിലെത്തുന്നത്. ഉദാ: ഇബ്‌നു മുഅ്തസ്സിന്റെ ഗസല്‍; ഖഫീഫ് വൃത്തം.
ഹബ് ലി അയ്‌നീ റുഖാദഹാ
വന്‍ഫു അഞ്ഞീ സുഹാദഹാ
വര്‍ഹമില്‍ മുഖ്‌ലത ല്ലത്തീ
കുന്‍ത ഫീഹാ സവാദഹാ
കുന്‍ സ്വലാഹന്‍ ലഹാ കമാ
കുന്‍ത ദഹ്‌റന്‍ ഫസാദഹാ
സാരം: എന്റെ കണ്‍തടങ്ങളില്‍ നിദ്ര തരൂ; ഉറക്കമില്ലാത്ത രാത്രികളകകറ്റൂ
എന്റെ നയനങ്ങള്‍ക്ക് കരുണ പകരൂ; നീയാണവയിലെ കൃഷ്ണമണികള്‍
വിപത്തുണ്ടായ കാലത്തെ പോലെ നന്മ പകരം തരൂ! (പ്രബന്ധകാരന്റെ വിവർത്തനം)
ഈ ഉദാഹരണത്തില്‍ ‘ഹാ’ എന്ന അക്ഷരം അന്ത്യാക്ഷരപ്രാസം പുലര്‍ത്തുന്നു. അതിന് തൊട്ടുമുമ്പുള്ള അക്ഷരം ശബ്ദസമാനത പുലര്‍ത്തുന്നതിനെ ഖാഫിയ എന്നു മനസ്സിലാക്കാം.
ഉര്‍ദു ഗസലുകളില്‍ ഖാഫിയ സംഭവിക്കുന്നതെങ്ങനെയെന്നു ഉദാഹരണസഹിതം പറഞ്ഞു ഈ ചര്‍ച്ച ചുരുക്കാം. അറബിയില്‍ നിന്നു വിഭിന്നമായി പേര്‍ഷ്യന്‍-ഉര്‍ദു ഗസലുകളില്‍ എല്ലാ ശേറുകളുടെയും അവസാനവാക്കിനു തൊട്ടുമുമ്പുള്ള വാക്ക് ഒരേ ശബ്ദത്തില്‍ വരണമെന്നാണ് നിയമം. അറേബ്യയില്‍ നിന്നും പേര്‍ഷ്യയിലേക്ക് ഗസല്‍ സഞ്ചരിച്ചതിനു ശേഷമാണ് റദീഫ് എന്ന നിയമം രൂപപ്പെടുന്നത് എന്നുകൂടി ഈ ഘട്ടത്തില്‍ ഓര്‍മിക്കേണ്ടതുണ്ട്. അതിനാലാണ് അറബ് ഗസലിലെയും മറ്റു ഭാഷാഗസലുകളിലെയും ഖാഫിയയുടെ കാര്യത്തില്‍ വ്യത്യാസം കാണുന്നത്.
ഗാലിബിന്റെ (ഉർദു) ഗസലിലെ ഖാഫിയയെ ഉദാഹരിക്കാം:
കോയീ ഉമ്മീദ് ബര്‍ നഹീ ആത്തീ
കോയീ സൂറത് നസര്‍ നഹീ ആത്തീ
മൗത് കാ ഇക് ദിന്‍ മുഅയ്യാം ഹൈ
നീന്ദ് ക്യോം രാത് ഭര്‍ നഹീ ആത്തീ
ആഗേ ആത്തീ ഥീ ഹാല്‍-ഏ-ദില്‍ പേ ഹംസീ
അബ് കിസീ ബാത് പര്‍ നഹീ ആത്തീ
ജാന്‍താ ഹൂം സവാബ്-ഏ-താവത്-ഓ-സഹദ്
പര്‍ തബീയത് ഇധര്‍ നഹീ ആത്തീ
ഹൈ കുഛ് ഐസീ ഹീ ബാത് ജോ ചുപ് ഹൂം
വര്‍നാ ക്യാ ബാത് കര്‍ നഹീ ആത്തീ
ദാഗ്-ഏ-ദില്‍ഗര്‍നസര്‍ നഹീ ആത്താ
ബൂ ഭീ ഏയ് ചാരാഗര്‍, നഹീ ആത്തീ
ഹം വഹാം ഹൈം ജഹാം സേ ഹം കോ ഭീ
കുഛ് ഹമാരീ ഖബര്‍ നഹീ ആത്തീ
കാഅബാ കിസ് മൂംഹ് സേ ജാവോഗേ ‘ഗാലിബ്’
ശറം തുമ്‌കോ മഗര്‍ നഹീ ആത്തീ
സാരം: എന്റെ വിശ്വാസങ്ങളെല്ലാം വഞ്ചിക്കപ്പെട്ടിരിക്കുന്നു. പ്രതീക്ഷയൊന്നും കണ്‍മുന്നിലില്ല. മരണം – അത് വരുമ്പാള്‍ വരും; എന്താണ് രാത്രിയില്‍ ഉറക്കമില്ലാത്തത്?. ഒരു കാലത്തെ എന്റെ ഹൃദയത്തിന്റെ സ്ഥിതി കാണുമ്പോള്‍ ചിരിക്കാന്‍ തോന്നാറുണ്ട്. എന്നാല്‍ ഇന്ന് എന്നെ ഒന്നിനും ചിരിപ്പിക്കാന്‍ കഴിയുന്നില്ല. പ്രാര്‍ത്ഥിക്കുന്നതും തപസ്സനുഷ്ഠിക്കുന്നതുമൊക്കെ കൊള്ളാമെന്ന് എനിക്കറിയാം; എന്നാല്‍ എന്റെ മനസ്സ് ആ വഴിക്കല്ല ചരിക്കുന്നത്. എന്തോ ഒന്ന് എന്റെ നാവിനെ ഉടക്കുന്നുണ്ട്; എനിക്കെങ്ങനെയാണ് സംസാരിക്കേണ്ടത് എന്നറിയാഞ്ഞിട്ടല്ല. നിനക്ക് എന്റെ പൊള്ളിയ ഹൃദയം കാണാന്‍ കഴിയില്ലെങ്കില്‍ ,ഹേ, മുറിവുണക്കുന്നവനേ പൊള്ളലിന്റെ മണമെങ്കിലുമേല്‍ക്കുന്നില്ലേ? ഒന്നും ഓര്‍മയില്ലാത്ത ഒരവസ്ഥയിലാണ് ഞാന്‍. എവിടെയാണോ ഞാന്‍, അവിടെ എനിക്കു ഞാന്‍ അപരിചിതന്‍?. ഈ മുഖവുമായി കഅ്ബ സന്ദര്‍ശിക്കാന്‍ പോകുന്നതില്‍ നിനക്ക് ലജ്ജയില്ലേ, ഗാലിബ്? (എ.ഡി. മാധവന്‍, 2006: 96). (മലയാളസാരം എ.ഡി. മാധവൻ തയ്യാറാക്കിയത്)
ഈ ഗസലില്‍ ‘നഹീ ആത്തീ’ എന്നതിന് മുമ്പില്‍ വരുന്ന ബര്‍, നസര്‍, ഭര്‍, പര്‍, ഖബര്‍, മഗര്‍ എന്ന പദങ്ങളിലെ ‘ര്‍’ എന്ന പ്രാസപ്രയോഗമാണ് ഖാഫിയ.
അറേബ്യയില്‍ നിന്ന്
അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ സമ്പന്നമായ ഗസല്‍ കാവ്യസംസ്‌കാരം വികസിച്ചുകൊണ്ടിരിക്കെത്തന്നെ മറ്റു ദേശങ്ങളിലേക്ക് ഗസല്‍ യാത്രയാരംഭിച്ചു. ഗസലിനെ സ്‌പെയ്ന്‍ സ്വീകരിച്ചു. സ്‌പെയ്‌നില്‍ പ്രചാരത്തിലുണ്ടായിരുന്ന അറബി, ഹിബ്രു ഭാഷകളില്‍ ഗസലുകള്‍ വിരചിതമായി. ഒപ്പം പശ്ചിമാഫ്രിക്കന്‍ ഭാഷകളായ ഹൗസയിലും ഫുല്‍ഫുല്‍ദേയിലും ഗസല്‍സമ്പ്രദായം വലിയ പ്രചാരംനേടി (Anisur Rahman, 2019: 75). മോസസ് ഇബനു എസ്രയാണ് ഹിബ്രുവില്‍ ഗസലുകളെഴുതിയവരില്‍ ഏറെ പ്രസിദ്ധിനേടിയ ഒരാള്‍ (ഷബീര്‍, 2021 : 25). കച്ചവടത്തിനും തുടര്‍ന്നു മതപ്രബോധനത്തിനുമായി അറബികള്‍ നടത്തിയ യാത്രകള്‍ ഗസലിന്റെയും പ്രചാരത്തിനു വേഗംകൂട്ടി.
പേര്‍ഷ്യന്‍ കാലം
അറേബ്യന്‍ കാവ്യപാരമ്പര്യങ്ങളില്‍ ഖസീദ, നസീബ്, ഗസല്‍ തുടങ്ങി എല്ലാത്തരം സാഹിത്യരൂപങ്ങളെയും പേര്‍ഷ്യന്‍ സാഹിത്യം സ്വീകരിച്ചിരുന്നു. എന്നാല്‍ ഗസലിന്റെ അറബ് കാവ്യശൈലിയെ പേര്‍ഷ്യന്‍കാലം മാറ്റിപ്പണിതു. ഗസലിന് വ്യതിരിക്തവും അനന്യവുമായ ഒരു രൂപം നല്കുന്നതില്‍ ഈ കാലം നിര്‍ണായകമായി. ശേറുകളില്‍ കവിതയൊരുക്കല്‍ അറബ് ഗസലിന്റെ തുടര്‍ച്ചയായിരുന്നു. ബഹ്‌റുകളുടെ കാര്യത്തിലും അറബ് വൃത്തങ്ങളായിരുന്നു തുടര്‍ന്നിരുന്നത്. താരതമ്യേന കുറിയ വൃത്തങ്ങള്‍ (ഹസജ്, റംല്, മുളരി, ഖഫീഫ്) തെരഞ്ഞെടുത്തിരുന്നു. ശേറുകളില്‍ ഗസല്‍രചന നിര്‍വഹിക്കുമ്പോഴും ആദ്യ വരികളില്‍ അര്‍ത്ഥപൂര്‍ത്തി വരുത്താതെ അടുത്ത വരിയിലേക്ക് ചാടുന്ന ഒരു പതിവ് അറബ് ഗസലുകള്‍ക്കുണ്ടായിരുന്നു. അതില്‍ മാറ്റമുണ്ടായി. ഒരു ശേറില്‍ തന്നെ അര്‍ത്ഥപൂര്‍ത്തി വരുത്തുന്നതില്‍ സാധ്യമാവുംവിധം കണിശത പുലര്‍ത്തി. ശേറുകള്‍ക്കിടയില്‍ ആശയപരമായി തുടര്‍ച്ചയുണ്ടാവുമെങ്കിലും ഒരു ശേറില്‍ അര്‍ത്ഥം പൂര്‍ണമാവുന്ന തരത്തില്‍ ഗസല്‍ ചിട്ടപ്പെടുത്താന്‍ പേര്‍ഷ്യന്‍ എഴുത്തുകാര്‍ ശ്രദ്ധിച്ചു. ശേറുകള്‍ ഓരോന്നും സ്വതന്ത്രമായ ആശയദീപ്തി പകരുന്ന തലത്തിലേക്ക് പേര്‍ഷ്യന്‍കാലം ഗസലിനെ പരിഷ്‌കരിച്ചു.
ഉള്ളടക്കം കൊണ്ട് അനന്യത പ്രകടിപ്പിച്ചിരുന്ന അറബ് ഗസലില്‍ നിന്ന് രൂപപരമായ വ്യതിരിക്തതയിലേക്ക് ഗസല്‍ പ്രവേശിക്കുകയായിരുന്നു. പേര്‍ഷ്യന്‍വികാസകാലത്താണ് ഗസല്‍ ഏഴ് മുതല്‍ പതിനഞ്ച് വരെയുള്ള ശേറുകളായി നിജപ്പെടുത്തുന്നത്. കണിശമായ വ്യവസ്ഥയെന്ന മട്ടിലല്ലെങ്കിലും ഹ്രസ്വാത്മകത കൈവരിക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ നിര്‍ണയത്തിന് സ്വീകാര്യത ലഭിച്ചത്. ശേറുകളുടെ ഗണനിര്‍ണയത്തിനു പുറമെ റദീഫ്, മത്‌ല എന്നിവയുടെ വരവ് ഗസലിന്റെ പേര്‍ഷ്യന്‍ വസന്തകാലത്തായിരുന്നു.
റദീഫ്
ഓരോ ശേറും ഒരേ വാക്കുകൊണ്ടോ പദസമുച്ചയംകൊണ്ടോ അവസാനിക്കുന്ന ശൈലിയെയാണ് റദീഫ് എന്നു വിളിച്ചത്. ഉദാഹരണം:
മിര്‍സ ഗാലിബിന്റെ ഗസല്‍ (‘കാ’ എന്ന പദമാണ് റദീഫ്)
നക്ശ് ഫരിയാദീ ഹൈ, കിസ് കി ശോഖീ-എ-തഹ്‌രീര്‍ കാ
കാഗസി ഹൈ പൈരഹന്‍, ഹര്‍ പൈകര്‍-എ-തസ്‌വീര്‍ കാ
കാവ് കാവ്-എ-സഖ്ത് ജാനിഹാ-എ-തന്‍ഹായീ ന പൂഛ്
സുബഹ് കര്‍നാ ശാം കാ, ലാനാ ഹൈ ജൂ-എ-ശീര്‍ കാ
സാരം: ആരുടെ അപക്വമായ ഭാവനയ്‌ക്കെതിരെയാണ്
വരകള്‍ ഈ വിധം പരാതിപ്പെടുന്നത്?
ചിത്രങ്ങളൊക്കെയും ഇന്ന്
കടലാസുവസ്ത്രമാണല്ലോ അണിഞ്ഞിരിക്കുന്നത്?
ഏകാന്തതയുടെ മൂര്‍ച്ചയേറിയ മഴു
ജീവന്റെ വേരില്‍ ആഞ്ഞുപതിക്കമ്പോള്‍
പകലണയും വരെ രാവിനെ നേരിടുന്നത്
പാറയുടച്ച് പാലൊഴുക്കുന്നതിലും കഠിനമാണ് (കെ.പി.എ. സമദ്, 2002:210)
മത്‌ല
ഗസലിന്റെ ആദ്യ ശേറിലെ മിസ്‌റഅ് ഊലായുടെയും മിസ്‌റഅ് സാനിയുടെയും അവസാനത്തില്‍ റദീഫും ഖാഫിയയും പാലിക്കുന്ന സ്ഥിതിയെയാണ് മത്‌ല എന്നു പറയുന്നത്. മുകളില്‍ നല്കിയ മിര്‍സ ഗാലിബിന്റെ ഗസലില്‍ റദീഫായ ‘കാ’ എന്ന പദം രണ്ടു മിസ്‌റഇലും ആവര്‍ത്തിച്ചിരിക്കുന്നു. റദീഫിന്റെ തൊട്ടുമുമ്പുള്ള പദങ്ങള്‍ (തഹ്‌രീര്‍; തസ്‌വീര്‍) പ്രാസബദ്ധമാണെന്നതിനാല്‍ ഖാഫിയയും പാലിച്ചിരിക്കുന്നു. തുടര്‍ന്നുള്ള ശേറിന്റെ അവസാനത്തിലും റദീഫ് ആവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇങ്ങനെ റദീഫും ഖാഫിയയും ആദ്യ ശേറില്‍ പൂര്‍ണമായും പാലിക്കപ്പെടുമ്പോഴാണ് അതിനെ മത്‌ല പാലിക്കുന്ന ഗസലെന്നു വിളിക്കുന്നത്. ഈ മത്‌ലയാണ് പേര്‍ഷ്യന്‍കാലത്ത് പ്രചാരംനേടിയ മറ്റൊരു ശൈലി.
മഖ്ത
തഖല്ലുസ് (തൂലികാനാമം) ഉള്‍പ്പെടുത്തിയ അവസാന ശേറിനെയാണ് മഖ്ത എന്നു പറയുന്നത്. ഗസലുകള്‍ പ്രചാരം നേടുകയും വ്യാപകമാവുകയും ചെയ്തതോടെ എഴുത്തുകാരന്റെ മുദ്രണം അനിവാര്യതയായിമാറി. ഇക്കാലത്താണ് മഖ്ത ആരംഭിക്കുന്നത്.
ഈ ശൈലീമാറ്റങ്ങളെ അടയാളപ്പെടുത്തി പേര്‍ഷ്യന്‍കാലത്തെ ഗസലിന്റെ പുതുഭാവത്തെ ഇങ്ങനെ സംഗ്രഹിക്കാം. ഏഴ് മുതല്‍ പതിനഞ്ച് ശേറുകളായി ക്ലിപ്തപ്പെടുത്തുന്നു; ആശയത്തുടര്‍ച്ചയുള്ള ശേറുകളെന്ന നില വിട്ടു സ്വതന്ത്രാര്‍ഥമുള്ളവയായി ഓരോ ശേറും മാറുന്നു (അപ്പോഴും ആന്തരികമായ വിഷയൈക്യം ഉള്ളടരുകളിലുണ്ടാവും); റദീഫ്, മത്‌ല രൂപപ്പെടുന്നു; തഖല്ലുസ് രേഖപ്പെടുത്തുന്ന മഖ്ത ശൈലി ആരംഭിക്കുന്നു. വ്യവസ്ഥാപിതമായ ഈ ഗസല്‍രീതിശാസ്ത്രത്തെ മുന്‍നിര്‍ത്തി ഗസലെഴുതിയവരില്‍ ‘അബ്ദുല്ല ജാഫര്‍ റുദകി’ക്കാണ് പ്രഥമസ്ഥാനം സാഹിത്യനിരൂപകര്‍ നല്കുന്നത് (Anisur Rahman, 2019:80). ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനഭാഗമാണ് ഗസല്‍ശൈലിയിലെ ഈ നിര്‍ണായക പരിണാമങ്ങള്‍ സംഭവിക്കുന്നത്. പത്താം നൂറ്റാണ്ടിലും തുടര്‍കാലങ്ങളിലും ഈ പുതുഭാവങ്ങളോടെ ഗസല്‍ കൂടുതല്‍ സ്വീകാര്യത നേടുന്നു. റൂമിയുടെയും തുടര്‍ന്നു വന്ന ഹാഫിസ് ശീറാസിയുടെയും ഗസലെഴുത്തിലെ വിഷയവ്യതിരിക്തത ഗസലിന് പുതുഭാവുകത്വം പകര്‍ന്നു. ഗൂഢാത്മകസൗന്ദര്യവും അധ്യാത്മിക ദര്‍ശനങ്ങളുടെ സുഗന്ധവും പേര്‍ഷ്യന്‍ഗസലിന്റെ വളര്‍ച്ചയില്‍ സ്വാധീനംചെലുത്തി. ലൗകികമായ പ്രണയമെന്ന പ്രമേയപരിധിയില്‍ നിന്നും അലൗകികവും അപരിമേയവുമായ പ്രണയസങ്കല്പങ്ങളിലേക്ക് ഗസല്‍ വികസിച്ചു. ആ മേന്മയുടെ തുടര്‍ച്ച ഇന്ത്യന്‍ ഭാഷകളിലെ ഗസലുകളിലും ദൃശ്യമാണ്.
പേര്‍ഷ്യന്‍ ഗസല്‍രചനയിലെ പ്രഥമഗണനീയനായ അബ്ദുല്ല ജാഫര്‍ റുദകി (ഒമ്പതാം നൂറ്റാണ്ട്) ക്കുശേഷം തുടര്‍കാലങ്ങളില്‍ ഗസല്‍ശാഖയെ സമ്പന്നമാക്കിയ പ്രതിഭകളുണ്ടായി. സനായ് ഗസ്‌നവി; ഫരീദുദ്ദീന്‍ അത്താര്‍ (പന്ത്രണ്ടാം നൂറ്റാണ്ട്), സഅ്ദി ശീറാസി; ജലാലുദ്ദീന്‍ റൂമി (പതിമൂന്നാം നൂറ്റാണ്ട്), ഹാഫിസ് ശീറാസി (പതിനാലാം നൂറ്റാണ്ട്) തുടങ്ങിയ കവികളുടെ ഗസലുകള്‍ പേര്‍ഷ്യന്‍ സാഹിത്യത്തെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഈ പേര്‍ഷ്യന്‍കാലഘട്ടത്തെ ഗസലിന്റെ വസന്തകാലമെന്നു വിശേഷിപ്പിക്കുന്നു (Anisur Rahman, 2019: 13). ലൗകികമായ പ്രണയാവിഷ്‌കാരങ്ങളേക്കാളേറെ അലൗകികവും അധ്യാത്മികവുമായ തലങ്ങളിലേക്ക് ഗസലിനെ നയിച്ചതില്‍ ഈ കവികള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഗസലിന്റെ ഈ പേര്‍ഷ്യന്‍ പാരമ്പര്യം ഇന്ത്യയിലെ ഗസല്‍രചനകളിലും പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പിലും വ്യക്തമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.
സഅ്ദി ശീറാസിയുടെ ഗസലുകള്‍ നാല് സമാഹാരങ്ങളിലായി ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ത്വയ്യിബാത്ത്, ബദാഈ, ഖവാതിം, ഗസലിയാത്-ഏ-ഖദീം എന്നിങ്ങനെ നാല് സമാഹാരങ്ങള്‍ കാണാം. (J.T.P. de Brujin, 1997: 59). വിദേശരാഷ്ട്രങ്ങളിലും പ്രത്യേകിച്ച് പാശ്ചാത്യസാഹിത്യത്തിലും ഗസലിന് ഏറെ സ്വീകാര്യത ലഭിച്ചത് ജലാലുദ്ദീന്‍ റൂമിയുടെയും ഹാഫിസ് ശീറാസിയുടെയും കവിതകള്‍ വിവര്‍ത്തനംചെയ്യപ്പെടുന്നതിലൂടെയാണ്. ജലാലുദ്ദീന്‍ റൂമിയുടെ ദീവാന്‍-ഏ-കബീര്‍ കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ടു. ജലാലുദ്ദീന്‍ റൂമിയുടെ ഗസലുകള്‍ പ്രണയകാവ്യങ്ങളായി പ്രചാരംനേടി. മസ്‌നവി, ഫീഹി മാ ഫീഹി ഉള്‍പ്പടെയുള്ള മറ്റു കൃതികളുടെ കൂടെ ഗസലുകള്‍ കൂടുതല്‍ സ്വീകാര്യത നേടി. ഗസല്‍ എന്ന കാവ്യശാഖ കേവല പ്രണയവിവരണം എന്ന തലം വിട്ട് ആഴവും നവ്യാനുഭൂതി പകരുന്നതുമായ ആവിഷ്‌കാരം എന്ന നിലയില്‍ ശ്രദ്ധനേടി. ഇതോടൊപ്പം ചേര്‍ത്തുപറയേണ്ട പേരാണ് ഹാഫിസ് ശീറാസിയുടേത്. ശംസുദ്ദീന്‍ മുഹമ്മദ് (ജനനം AD 1315) എന്ന ഹാഫിസ് ശീറാസിയുടെ രചനകളിലെ സൂഫിസത്തോടും അധ്യാത്മികദര്‍ശനങ്ങളോടുമുള്ള താദാത്മ്യം പാശ്ചാത്യരായ നിരവധിപേരെ സ്വാധീനിച്ചു. ഗോയ്‌ഥേ (Goethe), നീഷേ (Nietzsche), പ്ലാറ്റെന്‍ (Platen), പുഷ്‌കിന്‍ (Pushkin), എമേഴ്‌സണ്‍ (Emerson), ഡിക്കെന്‍സണ്‍ (Dickenson) എന്നിവര്‍ അക്കൂട്ടത്തില്‍ ചിലര്‍ മാത്രം. എമേഴ്‌സണ്‍, ഹാഫിസിനെ കവിചക്രവര്‍ത്തി (Poet of Poets) എന്നാണ് വിശേഷിപ്പിച്ചത് (Ali Salami, 2016 : 20). അത്രമേല്‍ ഹാഫിസിന്റെ ഗസലുകള്‍ സാഹിത്യലോകത്ത് അടയാളങ്ങളുണ്ടാക്കി.
പേര്‍ഷ്യയില്‍ നിന്ന്
ഒരു കാവ്യശാഖ എന്ന നിലയില്‍ ഗസല്‍ വ്യതിരിക്തമാവുന്നതിന്റെ ഘടകങ്ങളെന്തെന്നും അവയുടെ പരിണാമഘട്ടങ്ങള്‍ ഏതെന്നും സമഗ്രവും സംക്ഷിപ്തവുമായി ഇങ്ങനെ വിവരിക്കാം. അറേബ്യന്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്നോണം ഖസീദയിലെ പ്രണയം പ്രമേയമാവുന്ന കാവ്യഭാഗം -ഗസല്‍- സ്വതന്ത്രമായ ഒരു ശാഖയായി മാറുന്നു. അറബ് വൃത്തങ്ങളില്‍ (ബഹ്ര്‍) ഈരടികളായി (ശേര്‍) എഴുതുന്ന ശൈലിക്ക് പേര്‍ഷ്യനിലും പ്രചാരംലഭിക്കുന്നു. അന്ത്യാക്ഷരപ്രാസം പാലിച്ചിരുന്ന ഈ രചനാശൈലി പേര്‍ഷ്യനിലെത്തുന്നതോടെ ചില പരിണാമങ്ങള്‍ക്ക് വിധേയമാവുന്നു. പ്രമേയപരമായ വ്യതിരിക്തത പുലര്‍ത്തിയിരുന്ന അറബ് ഗസല്‍ രൂപപരമായ പരിണാമങ്ങളെ സ്വീകരിക്കുന്നു. ശേറുകളുടെ ഹ്രസ്വസ്വഭാവം, ഓരോ ശേറിനുമുള്ള സ്വതന്ത്രമായ നിലനില്പ്, മത്‌ല, റദീഫ്, ഖാഫിയ, മഖ്ത എന്നീ ഘടകങ്ങള്‍ മറ്റു കാവ്യശാഖകളില്‍ നിന്ന് വ്യത്യസ്തമായ തനതുസ്വഭാവം ഗസലിന് നല്കി.
പേര്‍ഷ്യന്‍ ഭരണാധികാരികളുടെ രാഷ്ട്രവികാസത്തോടൊപ്പം പേര്‍ഷ്യന്‍ ഭാഷയും സാഹിത്യവും ഇതരരാജ്യങ്ങളിലേക്ക് പടര്‍ന്നു. മധ്യേഷ്യയിലും ഇന്ത്യയിലും പ്രചാരം നേടിയ പേര്‍ഷ്യന്‍ ഭാഷ പൗരസ്ത്യകാവ്യാവിഷ്‌കാരത്തില്‍ നിര്‍ണായകസ്വാധീനമുണ്ടാക്കി. പന്ത്രണ്ട്-പതിമൂന്ന് നൂറ്റാണ്ടുകളില്‍ തന്നെ ഗസല്‍ ഇന്ത്യയിലെത്തിയെന്നും അമീര്‍ ഖുസ്രുവിനെപ്പോലുള്ള പ്രതിഭാധനരുടെ ഇടപെടലുകള്‍ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് കാരണമായെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ആലാപനപാരമ്പര്യം
കാവ്യസമ്പ്രദായമെന്ന നിലയില്‍ ഗസല്‍ അംഗീകാരം നേടുമ്പോഴും രചനാക്രമക്കണക്കും കാവ്യഗുണവുമെല്ലാം പ്രധാന നിയാമകങ്ങളായി പറയുമ്പോഴും ഗസല്‍പ്രചാരത്തിലും സ്വീകാര്യതയിലും പ്രധാനഘടകം അതിന്റെ ആലാപനക്ഷമതയാണെന്നു പറയാതെ വയ്യ. ആദ്യകാല ഗസല്‍ കവിതകളില്‍ അറബ് ബഹ്‌റുകള്‍ ഗസലിന്റെ ആലാപനസൗകര്യത്തെ ഫലവത്താക്കിയിരുന്നു. പിന്നീട് അറബ് വൃത്തങ്ങളില്‍ തന്നെ കുറിയ വൃത്തങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഉര്‍ദു ഗസലുകള്‍ വിരചിതമായി. സംഗീതാത്മകത ഗസലിന്റെ പ്രധാന സവിശേഷതയാണ്. ആദ്യകാലങ്ങളില്‍ ഗസല്‍ വാമൊഴിയായി പ്രചരിച്ചു. പില്‍ക്കാലത്ത് രാജസദസ്സുകളിലും മറ്റും സംഘടിപ്പിക്കുന്ന മുശായ്‌റ വേദികളില്‍ അവതരിപ്പിക്കുക എന്ന നില വന്നു. അതു കഴിഞ്ഞു ഗസല്‍കവികളില്‍ തന്നെ സംഗീതാഭിരുചിയുള്ളവര്‍ കവിതയെഴുതിയപ്പോള്‍ അവയ്ക്കു കൂടുതല്‍ മിഴിവ് പ്രകടമായി. പിന്നീട് ഗസല്‍ ആലാപനം സാര്‍വത്രികമാവുകയായിരുന്നു. ആലാപനക്ഷമതയും കവിതയിലെ സംഗീതാത്മകതയും ഗസലിന്റെ സ്വീകാര്യതയില്‍ നിര്‍ണായക ഘടകങ്ങളായി. സംഗീതത്തിന്റെ അകമ്പടിയോടെ മെഹ്ഫിലുകള്‍ അവതരിപ്പിക്കുന്ന ശൈലി രൂപപ്പെട്ടു. ഇങ്ങനെ ഗസലുകളെ സംഗീതാത്മകമായി അവതരിപ്പിക്കുന്നതിനെ സാമാന്യമായി ഗസല്‍ഗായകി എന്നു വിളിക്കുന്നു.
ഇന്ത്യയിലെ ഗസലിന്റെ വ്യാപനം പരിശോധിക്കുമ്പോള്‍ ഗസല്‍ഗായകരുടെ പങ്ക് നിഷേധിക്കാനാവില്ല. സര്‍ഗധന്യരായ എഴുത്തുകാര്‍ എഴുതിയ ഗസലുകളെ അതിന്റെ കാവ്യഭംഗി ചോരാതെ അവതരിപ്പിച്ച നീണ്ടനിര ഗായകര്‍ ഉണ്ടായിട്ടുണ്ട്. കേള്‍വിക്കാരെ കവിതയിലേക്കും ആശയതലങ്ങളിലേക്കും ആനയിക്കുന്ന രീതിയില്‍ മനോഹരമായി ആലപിക്കുന്ന ബേഗം അക്തറിനെപ്പോലെ നിരവധി പ്രതിഭകളെ എടുത്തുപറയാനാവും. താന്‍സന്‍, ബൈജു ബാവ്‌ര, സയ്യിദ് ഖാന്‍ സൗകാര്‍, ദൗലത്, ആഫ്ജൂ തുടങ്ങിയവര്‍ ഗസല്‍ഗായകി പാരമ്പര്യത്തിന്റെ ആദ്യനിരക്കാരാണ് (ഷബീര്‍, 2021 : 34). തലത് മഹ്മൂദ്, കുന്ദന്‍ ലാല്‍ സൈഗല്‍, നൂര്‍ജഹാന്‍, ശംഷാദ് ബേഗം, ഹേമന്ദ് കുമാര്‍, മെഹ്ദി ഹസന്‍, ഗുലാം അലി, ജഗ്ജിത് സിംഗ്, പങ്കജ് ഉദാസ്, ചന്ദന്‍ ദാസ്, ചിത്ര സിംഗ്, തലത് അസീസ്, അനൂപ് ജലോട്ട തുടങ്ങിയ ആ നിര നീളുന്നു.
ദേശാതിര്‍ത്തിയും കാലവ്യത്യാസങ്ങളും കടന്നു ഗസലുകള്‍ ജനകീയമായി നില്‍ക്കുന്നതില്‍ ആലാപനത്തിന് വ്യക്തമായ സ്വാധീനമുണ്ട്. മറ്റെല്ലാ ദേശക്കാരെയും പോലെ മലയാളികളെയും ഗസലിലേക്ക് ആകൃഷ്ടരാക്കിയതില്‍ ഗസല്‍ഗായകിയുടെ പങ്ക് വലുതാണ്. ഗസല്‍ ആലാപനപ്രധാനമായ ശാഖയാണെന്നു ധരിക്കുന്ന തരത്തിലേക്ക് ആ സ്വാധീനം വളര്‍ന്നു എന്നു കാണാം. കേരളത്തിലും മലയാളഭാഷയിലും ഗസല്‍ പ്രചരിച്ചതിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഗസലിന്റെ ഈ ആലാപനപാരമ്പര്യം സ്വാധീനഘടകമായി പ്രവര്‍ത്തിച്ചുവെന്നു മനസ്സിലാക്കാം.
നസ്മ്, നഅ്ത്, ഖവ്വാലി-താരതമ്യവിശകലനം
ഗസലിന്റെ വ്യതിരിക്തഭാവം വിശദമാക്കാനായാണ് ഉര്‍ദു കാവ്യശാഖയിലെ മൂന്ന് രൂപങ്ങളെ തെരഞ്ഞെടുത്തത്. ഉര്‍ദുപദ്യം എന്നു സാമാന്യമായി പരിചയപ്പെടുത്താവുന്ന നസ്മ്, പ്രകീര്‍ത്തനകാവ്യമായ നഅ്ത്, ചതുഷ്പദികളായി എഴുതപ്പെടുന്ന റുബാഇയ്യാത്ത്, വിലപനകാവ്യമായ മര്‍സിയ, അപദാനകീര്‍ത്തനങ്ങളിലുള്‍പ്പെടുന്ന ഖവ്വാലി എന്നിവ ഗസലിനു സമാനമായി പ്രചാരംസിദ്ധിച്ച കാവ്യരീതികളാണ്.
മേലെ സൂചിപ്പിച്ച പോലെ, ഉര്‍ദുകാവ്യങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന പൊതുവിഭാഗമാണ് നസ്മ്. ഗസലില്‍ ഈരടികളായി വികസിക്കുകയും ഓരോ ഈരടിയും സ്വതന്ത്രമായ അര്‍ത്ഥദീപ്തി നിലനിര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍, നസ്മ് ഈരടികളായി എഴുതപ്പെടുന്നവയാണെങ്കിലും കവിത ആദിമധ്യാന്തം ഒരു ആശയദീപ്തി പ്രകടിപ്പിക്കുന്നവയായിരിക്കും. കവിതയുടെ ആകെത്തുകയിലാണ് നമുക്ക് ആശയവ്യക്തത കൈവരിക (S.R. Faruqi & F.W. Pritchet, 1984; 113). പ്രകീര്‍ത്തനമാണ് നഅ്ത് വിഭാഗത്തില്‍പ്പെടുന്ന കാവ്യങ്ങളുടെ പ്രത്യേകത. പ്രവാചകപ്രകീര്‍ത്തനകാവ്യങ്ങളെയാണ് പൊതുവില്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ ഉള്‍പ്പടെയുള്ള വിവിധ കവികളുടെ സംഭാവനകള്‍ നഅ്തുകളുടെ ഗണത്തില്‍ കാണാം. പ്രണയവും സ്നേഹവുമെന്ന പ്രമേയസമാനത ഗസലുമായുണ്ടെങ്കിലും നഅ്തുകളില്‍ അത് പ്രവാചകനോടുള്ള സ്നേഹപ്രകടനവും അതുവഴി ഇലാഹിപ്രണയവുമായി (ദൈവത്തോടുള്ള പ്രണയം) മാറുന്നു (എം. നൌഷാദ്, 2021; 11).
നഅ്ത് വിഭാഗത്തില്‍പ്പെടുന്ന കവിതകള്‍ ഖവ്വാലിയില്‍ ആലപിക്കാറുണ്ട്. രചനാപരമായി ഗസല്‍കാവ്യഘടനോടു താദാത്മ്യം പുലര്‍ത്തുന്ന കൃതികള്‍ ഖവ്വാലിയില്‍ പാടാറുണ്ടെങ്കിലും പരിപൂര്‍ണമായും നിയമംപാലിക്കുന്നവയേ പാടൂ എന്ന നിഷ്കര്‍ഷയില്ല എന്നതാണ് ഖവ്വാലിയുടെ പ്രത്യേകത. കാവ്യരചന എന്നതിനേക്കാളേറെ അവതരണകല എന്ന നിലയിലാണ് ഖവ്വാലി ശ്രദ്ധനേടുന്നത്. അജ്മീര്‍ ശൈഖ് ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ശിഷ്യന്‍ ഫരീദുദ്ദീന്‍ ഗഞ്ച്ശക്കറിന്റെ ശിഷ്യന്‍ അമീര്‍ ഖുസ്രുവില്‍ നിന്നാണ് നാമിന്നറിയുന്ന തരത്തിലുള്ള ഖവ്വാലികളുടെ തുടക്കമെന്നു ‘സമാഏ ബിസ്മില്‍ -ഖവ്വാലിയുടെ ഉള്‍ലോകങ്ങള്‍’ എന്ന കൃതിയില്‍ എം.നൌഷാദ് ചൂണ്ടിക്കാട്ടുന്നു. പറയുക എന്നര്‍ത്ഥമുള്ള അറബിപദമായ ഖാലയില്‍ നിന്ന് ഖൌല്‍, ഖവ്വല എന്നിങ്ങനെ രൂപമാറ്റം സംഭവിച്ചാണ് ഖവ്വാലി ആകുന്നത്. പാടുന്നതിനേക്കാള്‍ പറയുന്ന പാരമ്പര്യം ഖവ്വാലിയില്‍ കാണുന്നതിന്റെ കാരണം അതിന്റെ പദോല്‍പത്തിയോളം പഴക്കംചെന്നതാണ്. നിഗൂഢാര്‍ത്ഥപ്രധാനമായ കവിതയെ സംഗീതവുമായി കെട്ടുന്ന മാധ്യമമാണ് ഖവ്വാലി. അതിന് ഒരേസമയം സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും തലങ്ങളുണ്ട് (എം. നൌഷാദ്, 2021; 16). ഖവ്വാലി അവതരണത്തില്‍ മുഖ്യ അവതാരകനെ ഖവ്വാല്‍ എന്നാണ് വിളിക്കുക. മുഖ്യ ഖവ്വാലിന്റെ നേതൃത്വത്തില്‍ ഹംദ് (അല്ലാഹുവിനോടുള്ള സ്തുതികീര്‍ത്തനം) പാടും. പിന്നീട് പ്രവാചകാനുരാഗ കാവ്യങ്ങളായ നഅ്തുകള്‍ അവതരിപ്പിക്കും. തുടര്‍ന്ന്, ഇമാം അലിയെ പ്രകീര്‍ത്തിക്കുന്ന -മന്‍ഖബാത് എന്നുവിളിക്കപ്പെടുന്ന- ഗാനം പാടും. പിന്നീട് സൂഫിഗുരുവിനെ പ്രകീര്‍ത്തിക്കുന്ന വരികളായിരിക്കും അവതരിപ്പിക്കുക. ഗസലുകളും ഇടക്ക് കയറിവരും.
മേല്‍ വിവരണങ്ങള്‍ ഗസലിന്റെ വ്യതിരിക്തത വ്യക്തമാക്കുന്നു. പുതിയ കാലത്ത് ഗസല്‍ എന്നുവിളിക്കപ്പെടുന്ന എല്ലാ കൃതികളും പരിപൂര്‍ണമായി ഗസലിന്റെ ഘടനപുലര്‍ത്തുന്നുവെന്ന് ഉറപ്പുപറയാനാവില്ല. ഗസല്‍ചരിത്രം പഠനവിധേയമാക്കുമ്പോഴാണ് ഗസല്‍ എന്ന കാവ്യശാഖയുടെ വ്യതിരിക്തതയും അനന്യതയും വ്യക്തമായി ബോധ്യപ്പെടുക.
ഉപസംഹാരം
ഇതര കാവ്യശൈലികളില്‍ നിന്നു ഗസലിനെ വ്യതിരിക്തമാക്കുന്നത് റദീഫ്, ഖാഫിയ, മത് ല, മഖ്ത ഉള്‍പ്പടെയുള്ള ഗസല്‍രചനാക്രമമാണ്. പതിനഞ്ചു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഗസല്‍ കാലാന്തരങ്ങളിലൂടെ സംഭവിച്ച പരിണാമങ്ങളിലൂടെയാണ് ഇന്നു കാണുന്ന രൂപത്തിലെത്തിയത്. പ്രമേയപ്രധാനമായ അറബ്-ഗസല്‍ പേര്‍ഷ്യന്‍കാലത്താണ് രൂപപരമായ ചിട്ടവട്ടങ്ങളാല്‍ പ്രസിദ്ധമാവുന്നത്. ഇന്ത്യയില്‍ പ്രചാരംനേടുകയും ഉര്‍ദുസാഹിത്യത്തെ സമ്പന്നമാക്കുകയും ചെയ്ത ഗസല്‍, സംഗീതാത്മകതയെ കൂടുതലായി സ്വീകരിച്ചു. ഗസല്‍ ജനകീയമായതിന്റെ കാരണങ്ങളില്‍ ആലാപനക്ഷമതയെ മാറ്റിനിര്‍ത്താനാവില്ല. അറബ് വൃത്തപാരമ്പര്യത്തെ തുടര്‍ന്നുണ്ടായ ബഹ്ര്‍സംസ്‌കാരം ഗസലിന് എല്ലാ കാലത്തും ജനപ്രീതി നേടിക്കൊടുത്തു.
മസ്‌നവി, റുബാഇയാത്, നസ്മ് തുടങ്ങിയ കാവ്യശൈലികളില്‍ രചന നിര്‍വഹിച്ചിരുന്ന കാലത്താണ് പ്രസിദ്ധരായ പേര്‍ഷ്യന്‍, ഉര്‍ദു സാഹിത്യകാരന്മാര്‍ ഗസല്‍രചന നിര്‍വഹിച്ചത് എന്ന കാര്യം വിസ്മരിക്കാനാവില്ല. ഗസലെഴുത്തുകാരായ കവികള്‍ ഗസലിനു പുറമെ മറ്റു കാവ്യരൂപങ്ങളിലും രചനകളെഴുതിയിട്ടുണ്ട്. അതെന്തുകൊണ്ടായിരിക്കാം എന്ന ആലോചന പ്രസക്തമാണെന്നു കരുതുന്നു. ഹ്രസ്വാത്മകത ഗസലിന്റെ പ്രത്യേകതകളിലൊന്നാണ്. ഒരു ഗസലിലെ തന്നെ ശേറുകള്‍ തമ്മില്‍ ആന്തരികൈക്യം ഉണ്ടാവാമെങ്കിലും പ്രകടമായ ആശയസമാനത ഉണ്ടാവണമെന്നില്ല. ഓരോ ശേറും സ്വതന്ത്രമായ അര്‍ത്ഥപൂര്‍ത്തിയുള്ളതാവുക എന്ന ഗസലിന്റെ സ്വഭാവം എല്ലായ്‌പ്പോഴും സാധ്യമാവണമെന്നില്ല. വരികള്‍ തമ്മില്‍ ആശയപരമായ ഐക്യം ആവശ്യമാവുന്ന അവസരത്തില്‍ നസ്മ്, മസ്‌നവി പോലുള്ള കാവ്യരൂപങ്ങളെയാണ് അവര്‍ ഉപയോഗിച്ചത്. ഹസ്വാത്മകത, ശേറുകളുടെ സ്വതന്ത്രനിലനില്പ് എന്നിവ സാധ്യമാവുന്ന രചനകള്‍ പ്രതിഭാധനത്വം കൂടുതല്‍ ആവശ്യപ്പെടുന്നു. അവ കൂടി ചേരുമ്പോഴാണ് ഗസലിന് കൂടുതല്‍ മിഴിവുണ്ടാവുന്നത്.
നസ്മ്, നഅ്ത്, ഖവ്വാലി എന്നിവയില്‍ നിന്നു ഗസല്‍ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നു വിശദമാക്കിയതിലൂടെ ഗസലിന്റെ തനതുമേന്മ വ്യക്തമാണ്. ഖവ്വാലി അവതരണങ്ങളില്‍ ഗസലുകള്‍ ഉള്‍പ്പെടുത്താറുണ്ടെങ്കിലും അവ തമ്മിലെ വ്യത്യാസത്തെയും ഈ പഠനം എടുത്തുകാണിക്കുന്നു.
ഗ്രന്ഥസൂചി
മലയാളഗ്രന്ഥങ്ങള്‍
ഒ.എന്‍.വി, ഗസലുകള്‍ പൂക്കുന്ന രാത്രി. കോഴിക്കോട്: ഒലിവ് ബുക്‌സ്, 2007.
ജോയ്, വാഴയില്‍. മലയാള ഗസല്‍. തൃശൂര്‍: കറന്റ് ബുക്‌സ്, 2016.
നൗഷാദ്, എം. സമാഏ ബിസ്മില്‍-ഖവ്വാലിയുടെ ഉള്‍ലോകങ്ങള്‍. ചെമ്മാട്: ബുക്പ്ലസ് പബ്ലികേഷന്‍സ്, 2021.
മാധവന്‍, എ.ഡി. ചുപ്‌കേ ചുപ്‌കേ രാത് ദിന്‍-101 ഗസല്‍ ഗീതങ്ങള്‍. കോഴിക്കോട്: ഒലിവ് പബ്ലികേഷന്‍സ്, 2006.
മനോജ് കുറൂർ, “മാപ്പിളപ്പാട്ട്: ഗാനരചനയുടെ സാംസ്കാരികസൌന്ദര്യശാസ്ത്രം”, എഡി. ആദര്‍ശ് സി, വൃത്തമാനങ്ങള്‍, കൊച്ചി: രസയാത്ര പബ്ലികേഷന്‍സ്, 2022.
മാധവന്‍, എ.ഡി. ഹിന്ദുസ്ഥാനി സംഗീതം. കോട്ടയം: ഡി.സി ബുക്‌സ്, 2009.
ഷബീര്‍, രാരങ്ങോത്ത്. ഗസല്‍ പ്രണയാക്ഷരങ്ങളുടെ ആത്മഭാഷണം. കോഴിക്കോട്: കേരള ഗസല്‍ ഫൗണ്ടേഷന്‍, 2021.
സച്ചിദാനന്ദന്‍, ഗസലുകള്‍ ഗീതങ്ങള്‍. കോഴിക്കോട്: ഹരിതം ബുക്‌സ്, 2005.
സമദ്, കെ.പി. മിര്‍സ ഗാലിബ്. കോഴിക്കോട്: മാതൃഭൂമി ബുക്‌സ്, 2016.
English
Ali salami, Selected poems of Hafiz. Tehran: Mehrandish books, 2016.
Anisur Rahman, Hazaaron khwahishein Aisi: The Wonderful World of Urdu Ghazals. Uttarpradesh: Harper Collins Publishers, 2019.
Angelika Neuwirth, Michael Hess, Judith Pfeiffer & Borte Sagaster, Ghazal as World Literature II: From a Literary Genre to a Great Tradition-The Ottoman Gazelin Context. Istanbul: Orient Institute, 2006.
Arie Schippers, Nasib and Ghazal in 11th and 12th Century Arabic and Hebrew Andalusian Poetry.Beirut: Orient Institute, 2005.
Suzanne Pinckney Stetkevych (edi.), Early Islamic Poetry and Poetics.Routledge, 2019.
Thomas Bauer, The Arab Ghazal: Formal and Thematic aspets of a problematic genre. Beirut: Orient Institute, 2005.
Thomas Bauer and Angelika Neuwirth (Edi.), Ghazal as world literature: Transformations of a literary genre, Beirut: Orient Institute, 2005.
Journals
Faruqi S.R & Pritchett, Lyric Poetry In Urdu: Ghazal and Nazm. Michigan State University: Journal of South Asian Literature, Asian Study Centre, 1984.
Nishath Zaidi, Counter-flows Across the Artificial Divides: The Case of English-Hindi-Urdu, Indian Literature, New Delhi: Sahitya Akademy, 2015.
Regula Bureckhardt Qureshi, Musical Gesture and Extra-Musical Meaning: Words and Music in the Urdu Ghazal. University of California: Journal of the American Musicological Society,1990.
Unpublished Works
Ibrahim Badusha, Travelling Genre: The Trajectory of Ghazal and its (After)Life in Malayalam. De arte/ex arte: Medieval Poesis Then & Now, University of Housten, 2022.

അബ്ദുന്നാഫി വി.എസ്
മലയാളവിഭാഗം ഗവേഷകൻ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി, എറണാംകുളം ജില്ല.
