ഷോണിമ മോഹൻ

Published: 10 July 2026 സംസ്കാരപഠനം

ഗോത്ര സംസ്കാരവും ജീവിതവും

കൊറഗർ ഗോത്രത്തെ
മുൻനിർത്തിയുള്ള പഠനം

പ്രബന്ധസംഗ്രഹം

സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് വേറിട്ട് ആചാര അനുഷ്‌ഠാനങ്ങൾ ഭാഷ ജീവിതചര്യകൾ എന്നിവയിൽ വ്യത്യസ്‌തത പുലർത്തി ജീവിക്കുന്ന ജനവിഭാഗമാണ് ഗോത്രങ്ങൾ എന്നു പറയുന്നത്. ആദിവാസികൾ, ആദിമനിവാസികൾ, തദ്ദേശീയർ, പ്രാചീനർ എന്ന അർത്ഥത്തിലാണ് ആദിവാസികൾ എന്ന പദം ഉപയോഗിക്കുന്നത് കൊളോണിയൽ ആധിപത്യത്തിന് മുമ്പ് കാട്ടുജാതിക്കാർ,വനവാസികൾ,കാട്ടാളർ എന്നീ നികൃഷ്ട‌പദങ്ങൾ ആയിരുന്നു ആദിവാസികളെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നതത്. കേരളത്തിൽ നിരവധി ആദിവാസി ഗോത്രങ്ങൾ കാണപ്പെടുന്നുണ്ട് ഇവർ മറ്റു സാമൂഹിക ഘടനകളിൽ നിന്ന് വ്യത്യസ്‌തത പുലർത്തി ജീവിക്കുന്ന ഒരു ജനവിഭാഗമാണ്. കേരള ഗവൺമെൻ്റിൻ്റെ പഠനപ്രകാരം നാല്പത്തിയൊന്ന് ഗോത്രങ്ങളാണ് കേരളത്തിലുള്ളത്. സോമശേഖരൻ നായരുടെ പഠനപ്രകാരം അൻപത്തിനാല് ഗോത്രങ്ങളും പബ്ലിക് സർവീസ് കമ്മീഷൻ്റെ പഠനപ്രകാരം മുപ്പത്തിയഞ്ച് ഗോത്രങ്ങളും കേരളത്തിലുണ്ട്. അടിയർ(റവുള), ഇരുളർ, കാടർ, കാണിക്കാർ, കാട്ടുനായ്ക്കൻ, കുറിച്യർ, മുതുവാൻ, മുള്ളുകുറുമർ കൊറഗർ തുടങ്ങി നിരവധി ഗോത്രങ്ങളാണ് കേരളത്തിൽ വസിക്കുന്നത്.

താക്കോൽ വാക്കുകൾ

ആദിവാസി, ഗോത്രം, സംസ്കാരം, കൊറഗ ഗോത്രം, സാമൂഹിക പരിസരം

 

ആമുഖം

ആദിവാസികളുടെ കൂട്ടത്തിൽ ഏറ്റവും പഴക്കം ചെന്നതും വൈവിധ്യമാർന്നതുമായ ഒരു ഗോത്രവിഭാഗമാണ് കൊറഗർ, കാസർകോട് ജില്ലയിലെ മധൂർ, ബദിയടുക്ക, എൻമകജെ, മഞ്ചേശ്വരം, കുമ്പള തുടങ്ങിയ പഞ്ചായത്തുകളിലും കർണാടക അതിർത്തിയിലെ ദക്ഷിണ കന്നട, ഉടുപ്പി, കുടക്, തുടങ്ങിയ ജില്ലയിലുമായാണ് കൊറഗഗോത്രത്തിലെ ജനവിഭാഗങ്ങൾ വസിക്കുന്നത്. മറ്റു സമുദായക്കാർ ഇവർക്ക് തൊട്ടുകൂടായ്മ‌യും തീണ്ടികൂടായ്മ‌യും കൽപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ മറ്റു സമുദായങ്ങളിൽ നിന്ന് ഇടപെടാതെ ഒറ്റപ്പെട്ടാണ് ഇവർ ജീവിച്ചിരുന്നത്. കൊറഗരെ അണ്ടകൊറഗ, കുമട്ടുകൊറഗ, സപ്പുകൊറഗ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. സമതലങ്ങളിൽ താമസിക്കുന്നവരാണ് കുണ്ടു കൊറഗർ.

സപ്പുകൊറഗർ വനങ്ങളിലാണ് താമസിച്ചിരുന്നത്. തുപ്പാൻ വേണ്ടി മൺപാത്രം കൊണ്ട് നടക്കുന്ന വിഭാഗത്തെയാണ് അണ്ടക്കുറഗർ എന്ന് പറയുന്നത് തുറസായ സ്ഥലങ്ങളിൽ കൊറഗർക്ക് തുപ്പാൻ പാടില്ലായിരുന്നു. സമൂഹം ഇവരെ വിലക്കിയിരുന്നു. വസ്ത്രത്തിന് പകരം ഇല കൊണ്ട് ശരീരം മറയ്ക്കുന്ന കൊറഗർ ആയിരുന്നു ചപ്പുകൊറഗർ ‘സപ്പു ‘എന്നതിന് തുളുവിൽ ഇല എന്നാണ് അർഥം. ഉയർന്ന സമുദായക്കാരുടെ ശവദാഹസമയത്ത് കിട്ടിയിരുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നവരാണ് കുമട്ടുകൊറഗർ

കൊറഗ സമുദായത്തിൻ്റെ നാമനിഷ്‌പത്തിയെ സംബന്ധിച്ച് നിരവധി അഭിപ്രായങ്ങൾ നിലനിൽപ്പുണ്ട്’.

(1) കോ(മല) എന്ന അർത്ഥത്തിൽ നിന്നാണ്

കൊറഗർ എന്ന പദം ഉണ്ടായതെന്ന് ഗുസ്‌താവ് ഒപ്പർട്ട് അഭിപ്രായപ്പെടുന്നു.

(2) പർവ്വതമനുഷ്യൻ എന്നർത്ഥമുള്ള കുറവ എന്നതിൽ നിന്നാണ് പദനിഷ്പത്തി എന്ന് ഡോക്‌ടർ അയ്യപ്പൻ അഭിപ്രായപ്പെടുന്നുണ്ട്.

(3)ചരിത്രാതീതകാലത്ത് ഉത്തരകേരളത്തിൽ നിരവധി ഭരണവംശങ്ങൾ ഉണ്ടായിരുന്നു. അതിൽ കരുത്തു കൂടിയവർ മറ്റുള്ളവരെ പരാജയ പ്പെടുത്തുകയും പരാജയപ്പെട്ടവരെ അടിമയാക്കുകയും ചെയ്തിരുന്നു. അങ്ങനെ അടിമയക്കപ്പെട്ടവരുടെ പിന്മുറക്കാരാണ് കൊറഗർ എന്ന് പറയപ്പെടുന്നു.

(4) തുളു പൂജാരി വഴിയിൽ നിന്നും എടുത്തു വളർത്തിയ കുഞ്ഞിന് കൊറഗതനിയ എന്ന പേരിടുകയും ആ കൊറഗ തനിയന്റെ വംശ പരമ്പരയാണ് ഇന്ന് കാണുന്ന കൊറഗർ എന്നും ഐതീഹ്യം ഉണ്ട്.

(5)ശിവന്റെ അവതാരമായ കൊറകജൻ്റെ പിന്മുറക്കാരാണ് ഇവർ എന്നും പറയപ്പെടുന്നുണ്ട്.

കുടുംബ വ്യവസ്ഥ

കൊറഗർക്കിടിയിൽ അണുകുടുംബം, കൂട്ടുകൂടുംബം എന്നീ രണ്ട് കുടുംബങ്ങളാണ് ഉള്ളത്. പഴയ കാലത്ത് കൊറഗർ കൂട്ടുകുടുംബമായാണ് കഴിഞ്ഞിരുന്നത്. വിവാഹിതരായ സഹോദരങ്ങളും അവരുടെ കുടുംബവും ആ വസതിയിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്, ഇന്ന് കൊറഗ സമുദായം അണുകുടുംബ വ്യവസ്ഥയിലേക്ക് മാറുന്നു. ഭാര്യയും കുട്ടികളും മാത്രമടങ്ങുന്ന കുടുംബമാണ് മിക്ക കൊറഗരും.

വ്യവഹാരഭാഷയും സ്വത്വവും

കൊറഗരുടെ മുഖ്യഭാഷ എന്നു പറയുന്നത് തുളു തന്നെയാണ്. അതിൽ കൊറഗരുടെ മാത്രമായി തുളു കലർന്ന പ്രദേശിക ഭാഷയുണ്ട്. പാരമ്പര്യ തലമുറകളായി ഇന്നും ഈ ഭാഷ തന്നെയാണ് ഇവർ സംസാരിക്കുന്നത് അവരുടെ അധിവാസകേന്ദ്രങ്ങളിൽ കൊറഗർ അവരുടെ സ്വന്തമായ ഭാഷ സംസാരി ക്കുന്നുണ്ട്. ഇത് അവരുടെ മാത്രമായ രഹസ്യഭാഷയാണ്. ഇത് രഹസ്യമായി തന്നെയാണ് സൂക്ഷിക്കുന്നത്. പുറത്ത് ഈ ഭാഷ പറയുവാൻ ഇവർ തയ്യാറാവുന്നില്ല. ഭാഷയിലെ പദങ്ങൾ പകുതിയിലേറെ തുളുവും കന്നഡയും കലർന്നതാണ്. ബാക്കി കുറെ സ്വന്തമായ പദങ്ങളും ഈ ഭാഷയിലുണ്ട്.

ഭാഷാ രീതി ഉദാ:

നിന്ന പുതറ് എൻച്ച (നിൻ്റെ പേര് എന്താണ്)

എന്ന പുതറ് മീനു (എൻ്റെ പേര് മീനു )

നിഗള് ഉഷാറ് ഉള്ളറ – നിങ്ങൾക്ക് സുഖമാണോ

എൻക്ക്ള ഉഷാറ് ഉള്ളറ : എനിക്ക് സുഖമാണ്

ഉളായ് ബല്ലെ അകത്തേയ്ക്ക് വരു

നീര് പറ്ളെ വെള്ളം കുടിക്കൂ.

കൊറഗർക്ക് അവരുടേതായ നാടോടി ഭാഷയുമുണ്ട്. കൊറഗഭാഷയ്ക്ക് ലിപിയില്ല. എന്നാൽ ഇന്ന് അക്ഷരാഭ്യാസമുള്ള ചുരുക്കം ചിലർക്ക് ലിപിയുണ്ട്. കന്നഡയിൽ നിന്നുമാണ് ഭാഷകടമെടുത്തത് എന്നു പറയാം. അതുകൊണ്ട് തന്നെ കൊറഗർ തുളുഭാഷയും കന്നഡഭാഷയും സംസാരിക്കുന്നു.

ജീവിതരീതി

കൊറഗർ ആദിമദ്രാവിഡഗോത്രമാണ്. കുടുംബവ്യവസ്ഥയും ദേവതകളെയും കൊറഗർ ആരാധിച്ചിരുന്നു. യൗവനം, വിവാഹം, ഭൂത ആരാധന, മരണം എന്നിവയിലെല്ലാം കൊറഗർ ലളിതമായ ചടങ്ങുകൾ നടത്തുന്നു. കൊറഗരുടെ ദേവനാണ് കൊറഗതനിയ. കൊറഗരുടെ ഓരോ കോളനിയിലും ചെറിയ കല്ലുകളും ചെടികളും ആരാധിക്കുന്ന, പരിപാലിക്കുന്ന മരങ്ങളും കാണാൻ കഴിയുന്നു. പ്രകൃതി വിശ്വാസമായ പുഞ്ച്യം, കാട്, മരം, വെള്ളം, കാറ്റ് എന്നിവയെയും ആരാധിക്കുന്നു. കൊറഗ സമുദായം വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ആഡംബര ജീവിതമൊന്നും തന്നെ ആഗ്രഹിക്കാത്തവരാണ് കൊറഗസമുദായം. ആഡംബരജീവിതത്തെക്കാൾ അവർ ആഗ്രഹിക്കുന്നത് അവരുടെ വിശക്കുന്ന വയർ നിറയ്ക്കാൻ വേണ്ടിയാണ്. നാളെയെ കുറിച്ച് അവർ സ്വപ്‌നം കാണാറില്ല. ലളിതമായ ജീവിതശൈലിയും വിശപ്പിൽ നിന്ന് എങ്ങനെ കരകയാറാമെന്നും എങ്ങനെ ഉപജീവനം നേടാമെന്നും അവർ ചിന്തിക്കുന്നു. കൊറഗസമുദായത്തിൻ്റെ ദൈനംദിന ജീവിതം എന്നു പറയുമ്പോൾ അവർ വൈകി ഉണരുകയും കഞ്ഞി കഴിച്ച് അവരുടെ അന്നത്തെ ദിവസം തുടങ്ങുന്നു. ഏക വരുമാനം എന്നു പറയുന്നത് കാട്ടുവള്ളി കൊണ്ട് കുട്ടകൾ നെയ്തു വിൽക്കൽ ആയിരുന്നു. പുല്ലാഞ്ചി, മാതേരി, നിടിൽ, ലെങ്കിരി തുടങ്ങിയ കാട്ടുവള്ളികൾ കുട്ടനെയ്യാനായി ഉപയോഗിച്ചിരുന്നത്. ഇന്നത്തെ കാലത്ത് വർക്ഷോപ്പ്, നിർമ്മാണ ജോലി, പ്രമോട്ടർ തുടങ്ങിയ തൊഴിലുകളും ഇവർ ചെയ്യാറുണ്ട്.

ഗോത്ര ആചാരങ്ങൾ

മറ്റു ഗോത്രങ്ങളെ പോലെ തന്നെ ജനനം മുതൽ മരണം വരെ നീളുന്ന സംസ്കാരങ്ങളിൽ കൊറഗവിഭാഗങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നു. കാത് കുത്ത് ചടങ്ങ്, ഋതുമതി കല്യാണം, കല്യാണം, താലികെട്ട്, പൂങ്ങം കല്യാണം, നൂലുകെട്ട് എന്നിവ അവരുടെ ആചാരത്തിന്റെ ഭാഗങ്ങളാണ്. മൂപ്പന്റെ സാമീപ്യത്തിൽ മൂന്ന് വയസ്സ് മുതൽ അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്കാണ് കാത് കുത്ത് ചടങ്ങ് നടത്തുന്നത്. ആദ്യം അവലും വെള്ളവും കുഴച്ച് രണ്ട് ചിരട്ടയിൽ ഇട്ട ശേഷം അത് കുഞ്ഞിന്റെ കൈവശം കൊടുക്കുന്നു. കുഞ്ഞു കരയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് വിശ്വാസം, ശേഷം ചുണ്ണാമ്പു കൊണ്ട് രണ്ടു ചെവിയുടെ രണ്ട് വശത്തും പൊട്ടിടും. ശേഷമാണ് കാതുകുത്ത് ചടങ്ങ് നടത്തുന്നത്.

ഒരു പെൺകുട്ടി വയസറിഞ്ഞ് കഴിഞ്ഞാൽ ഏഴു ദിവസം വീട്ടിൽ നിന്നും മാറി പ്രത്യേകം തയ്യാറാക്കിയ കുടലിൽ നിൽക്കണം എന്ന സമ്പ്രദായം കൊറഗർക്കിടയിൽ ഉണ്ട്. അമ്മയും നാത്തൂനും ചേച്ചിമാരും ചേർന്ന് പെൺകുട്ടിയെ പുഴയിൽ കൊണ്ടുപോയി കുളിപ്പിച്ച് പുതിയ വസ്ത്രം അണിയിച്ച് സദ്യ ഒരുക്കി ആഘോഷിക്കുന്ന ചടങ്ങാണ് ഋതുമതി കല്യാണം. അവർക്ക് മാത്രമായി ആ കുടിലിൽ വസ്ത്രം, പാത്രം ഇവയൊക്കെ ഉണ്ടാവും. ഏഴുദിവസം കഴിഞ്ഞാണ് വീടിനകത്ത് കേറുന്ന ചടങ്ങ്. പെണ്ണിൻ്റെ തലയ്ക്ക് മുകളിൽ വെള്ളതുണി മൂടും ശേഷം മച്ചിനിച്ചിമാർ പെണ്ണിന്റെ രണ്ട് ഭാഗത്തുമായി രണ്ട് പേർ നിൽക്കും. രണ്ട് പെണ്ണുങ്ങൾ ചേർന്ന് മഞ്ഞൾ മുഖത്ത് തേക്കുന്നു. തുടർന്ന് പെൺകുട്ടിയുടെ തലയിൽ വെള്ളമൊഴിച്ച് വീടിൻ്റെ മുറ്റത്തേക്ക് കൊണ്ട് വന്ന് തേങ്ങ മുറ്റത്തു വക്കും, ഉലക്ക (ഉജാള്) കൊണ്ട് മൂന്നു പേരും അതായത് മച്ചിനിച്ചിമാരും വയസ്സറിയിച്ച പെൺകുട്ടിയും ചേർന്ന് ആ തേങ്ങ പൊട്ടിക്കും. നിലത്ത് വച്ച് കൊണ്ട് തന്നെയാണ് പൊട്ടിക്കുന്നത്, പൊട്ടിച്ചതിനുശേഷം വീണ്ടും അകത്തു കയറും. അതിനു ശേഷം ‘ബജില്‌ല്മരപ്പുണ’ എന്നൊരു ചടങ്ങുണ്ട്. അവലും വെള്ളവും കൂട്ടി കുഴയ്ക്കുന്ന ചടങ്ങാണിത്. അവലു കുഴയ്ക്കൽ ചടങ്ങ് എന്നു പറയുന്നു. ഇത് പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. അതിനുശേഷം സാധാരണ രീതിയിലുള്ള കുളി കഴിഞ്ഞ് പൊട്ട്, പുതുവസ്ത്രം, ആഭരണങ്ങൾ, മുല്ലപ്പൂ എന്നിവയൊക്കെ അണിഞ്ഞ് ഒരു മണവാട്ടി തന്നെയാകുന്നു. തുടർന്ന് എല്ലാവർക്കും വിഭവസമൃദ്ധമായ സദ്യനൽകുന്നു. പതിനാറ് മുതൽ ഇരുപത്തിയൊന്ന് ദിവസങ്ങളിൽ മല ദൈവത്തിന് വഴിപാട് വച്ചു കൊടുക്കും. ക്ഷേത്രത്തിൽ നിന്നു കൊണ്ടുവന്ന പുണ്യജലം വീട്ടിലും ബന്ധുക്കളുടെ ദേഹത്തും തളിച്ചു ശുദ്ധിയാക്കുന്നു. അശുദ്ധിയും തീണ്ടലും മാറാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.ഭ്രഷ്ടുമായി ബന്ധപ്പെട്ടും കൊറഗർക്ക് ഇടയിൽ ചില ആചാരങ്ങൾ നിലനിപ്പുണ്ട്.സ്ത്രീ പിഴച്ചുപോയാൽ ശുദ്ധികർമ്മം നടത്തുകയും. പുരുഷ നാണെങ്കിൽ ഭ്രഷ്‌ട് കൽപ്പിച്ച് ഊരിൽ നിന്നും പുറത്താക്കുകയും ചെയ്യും.

കല്യാണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ

കൊറഗരുടെ വിവാഹത്തിലും പരമ്പരാഗതമായ വിവിധ ചടങ്ങുകൾ നിലനിൽപ്പുണ്ട്. ഞായറാഴ്‌ച ഒഴുകെയുള്ള ദിവസങ്ങളാണ് അവർ വിവാഹത്തിനായി തിരഞ്ഞെടുക്കുന്നത്. അന്നേദിവസം വധുവും വരനും പച്ചവെള്ളത്തിൽ കുളിക്കണം. കുളികഴിഞ്ഞ് വധുവിന്റെ വീട്ടിൽ ഒരു പായിൽ ഒരുമിച്ചിരിക്കണം പൂജാരിയും മറ്റു ബന്ധുക്കളും അരിയെറിഞ്ഞ് വധുവരൻമാരെ അനുഗ്രഹിക്കുന്നു. എന്നാൽ പഴയകാലത്ത് കണ്ടുവരുന്ന പല രീതികളും സമീപകാലങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഗോത്രം മാറി വിവാഹം കഴിക്കുന്ന രീതിയും ഇന്ന് നിലനിൽപ്പുണ്ട്. മരണാനന്തരചടങ്ങുകളിലും കൊറഗസമുദായം വ്യത്യസ്‌തത പുലർത്തുന്നുണ്ട്. ഇത്തരത്തിൽ നിരവധി ഗോത്രസ്വത്വങ്ങളാൽ നിർമ്മിതമായ പരിവർത്തിത സമൂഹമാണ് കൊറഗ ഗോത്രമെന്നു പറയാം.എല്ലാ സമൂഹങ്ങളും അങ്ങനെ തന്നെയാണ്. വംശീയ സ്വത്വവും അതിൻ്റെ പരിണാമങ്ങളും എല്ലാ സമൂഹത്തിൻ്റെയും സവിശേഷതയാണ്.

ഉപസംഹാരം

പാരമ്പര്യമായി പകർന്നു കിട്ടിയിട്ടുള്ള ആചാരം, അനുഷ്‌ഠാന വിശ്വാസം എന്നിവയിൽ കൂടുതലായി അടിയുറച്ച് ജീവിക്കുന്ന ഗോത്രവിഭാഗമാണ് കൊറഗർ ഗോത്രം. എന്നാൽ അവർക്കും പരിണാമങ്ങൾ സംഭവിച്ചിട്ടുണ്ട്.പ്രകൃതിയുമായി ഏറ്റവുമധികം ഇണങ്ങി ജീവിക്കുന്ന ഒരു ഗോത്രം കൂടിയാണ് ഇവർ, നാട്ടറിവുകളും നാടൻ സംസ്‌കാരങ്ങളും കൊണ്ട് സമ്പുഷ്ടമാണ് കൊറഗരുടെ ജീവിതം. ഓരോ ആദിവാസി സമൂഹത്തിനും അവരുടേതായ ഗോത്രവും ഗോത്ര സംസ്‌കാരവുമുണ്ട്. അതുപോലെതന്നെ മറ്റു ഗോത്രത്തിൽ നിന്നും കൊറഗഗോത്രത്തിൻ്റെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വിഭിന്ന സ്വഭാവമുള്ളതാവുമാണ്, എന്നാൽ വർത്തമാന കാലത്ത് ഇവരുടെ സംസ്‌കാരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണാം. മറ്റ് സമൂഹത്തിൻ്റെ ഇടപെടലാണ് ഇത്തരം മാറ്റങ്ങൾക്ക് വഴിതെളിച്ചത്. എന്നാൽ അവർ കർതൃ സ്ഥാനത്തേക്ക് എത്തി എന്നു പറയാൻ കഴിയില്ല.

സഹായക ഗ്രന്ഥങ്ങൾ

1. കുമാരൻ വയലേരി, ഡോ, ഗോത്രസംസ്‌കാര പഠനങ്ങൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 2010

2. ശാന്താതുളസീധരൻ, കേരളത്തിലെ ആദിവാസി സംസ്‌കാരങ്ങൾ സമ്പൂർണപഠനം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2016

3. വേലപ്പൻ, കെ, ആദിവാസികളും ആദിവാസി ഭാഷകളും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2015

ഷോണിമ മോഹൻ

ഗവേഷക,മലയാള വിഭാഗം സർക്കാർ വനിതാ കോളേജ് തിരുവനന്തപുരം

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x