‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’
-എം എൻ വിജയൻ
(സുകുമാർ അഴീക്കോടിന്റെ പുസ്തകത്തിന് 1963 ഡിസംബർ എട്ടിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം എൻ വിജയൻ എഴുതിയ വിമർശനം.എം.എൻ.വിജൻ്റെ സമ്പൂർണ്ണസമാഹാരത്തിലോ മറ്റ് പുസ്തകങ്ങളിലോ ഉൾപ്പെടാത്ത ലേഖനം)
തീർച്ചയായും ഒരപൂർവ്വസാഹിത്യ മാതൃകയാണ് ഈ പുസ്തകം. മലയാളത്തിലോ,എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടുള്ള അന്യസാഹിത്യങ്ങളിലോ ഇതിനു തുല്യമായി മറ്റൊരു വിമർശനഗ്രന്ഥമില്ല തന്നെ. ശ്രീ.ജി. ശങ്കരക്കുറുപ്പ് കവിയല്ല എന്നും, കൂടിയാലൊരു കരകൗശലക്കാരനും വിദഗ്ദ്ധനായ മോഷ്ടാവും മാത്രമാണെന്നും തെളിയിക്കുവാൻ കുറച്ചു കാലമായി ഈ നാട്ടിൽ നടന്നു വരുന്ന ഏറെക്കുറെ സംഘടിതമായ വ്യർത്ഥയത്നത്തിന്റെ സമാഹൃതരൂപം ഈ പുസ്തകത്തിൽ നിന്നു കിട്ടും. പ്രൊഫ. മുണ്ടശ്ശേരിയും കൂട്ടരും സാഹിത്യ നിരൂപണത്തിന്റെ പഴയ ക്ലബ്ബിൽ കളിച്ചു മുഷിഞ്ഞു വലിച്ചെറിഞ്ഞ ഏതാനും പരുക്കൻ ശീട്ടുകൾ വെച്ചാണ് സുകുമാരന്റെയും കളി-ശ്രീ. കുറുപ്പിൻ്റെ കവിത ഉള്ളൂർ കവിത പോലെയാണ്, ഭാവ ശൂന്യമാണ് പരസ്യമാണ് എന്നൊക്കെ നാലും നാല് കയ്യും താൻ തന്നെ കളിക്കുന്നു എന്നതുകൊണ്ട് എല്ലായിപ്പോഴും തനിക്ക് തന്നെ ജയം ഒരിക്കലും ഒന്നും നഷ്ടപ്പെടാനുമില്ല.
ശ്രീ. കുറുപ്പിന്റെ കവിതയെ കുറിച്ച് ആദരപൂർവ്വം പലതും ചെറുപ്പത്തിൽ പറഞ്ഞുപോയതിനു ഒരു ക്ഷമാപണം കൂടിയാണ് ഇതിലെ ആമുഖം. “അന്നു സാഹിത്യനിരൂപകൻമാരും ഭാഷാദ്ധ്യാപകൻമാരും പഠിപ്പിച്ച പല സംഗതികളും തിരിഞ്ഞു നിന്നു ചിന്തിക്കുമ്പോൾ, വലിയ വലിയ അബദ്ധങ്ങളാണ് എന്നു മനസ്സിലാക്കി”യതിൻ്റെ മൂർത്തഫലമാണത്രേ ഈ ഗ്രന്ഥം.
ലക്ഷ്യപ്രഖ്യാപനവും പശ്ചാത്തലവർണ്ണനവും ചേർന്ന താണ് “റൊമാന്റിസിസത്തിൻ്റെ പശ്ചാത്തലം’ എന്ന ഒന്നാമദ്ധ്യായം. ശങ്കരക്കുറുപ്പ് കവിയല്ലെന്നു സ്ഥാപിക്കുവാൻ വേണ്ടിയെഴുതപ്പെട്ട മറ്റു നിരൂപണഗ്രന്ഥങ്ങളിലെ സിദ്ധാന്താഭാസങ്ങൾ കൊണ്ട് അടിത്തറ പാകാൻ നിയമേന ശ്രമിച്ചുകണ്ടിട്ടുണ്ട്. തങ്ങൾക്കു വിറ്റഴിക്കേണ്ട അസംബന്ധങ്ങൾക്ക്
സിദ്ധാന്തങ്ങളുടെയും മഹാവ്യക്തികളുടെയും ഉജ്വലപരിവേഷം നൽകുകയാണ് ഇതിന്റെ ലക്ഷ്യം. ചെരിപ്പിന്റെയും മരുന്നിന്റെയും സോപ്പിന്റെയും മറ്റും പരസ്യങ്ങളിൽ കാണാറുള്ള ഉൽപത്തികഥകളുടെ വിജ്ഞാനമൂല്യവും ഗവേഷണമൂല്യവും മാത്രമേ ഈ ഗ്രന്ഥങ്ങളുടെയും ആദിസംഭവപർവ്വങ്ങൾക്കുള്ളൂ.
റൊമാന്റിസിസത്തെക്കുറിച്ച് ബൗറ, ലൂക്കാസ് എന്നിവരുടെ നിരൂപണ ഗ്രന്ഥങ്ങളും റൂസ്സോവിൻ്റെ ആത്മകഥയുടെ ഒന്നാം പേജും ശ്രീ സുകുമാരൻ ഉപയോഗിച്ചു കാണുന്നുണ്ട്. ‘അപാരേ കാവ്യസംസാരേ’, ‘നീതികൃത നിയമരഹിതാ’, ‘അസ്ത്യനേകോ ഗിരം മാർഗ്ഗ’: എന്നീ സംസ്കൃതച്ചൊല്ലുകൾ ഭാരതീയാലങ്കാരിക മതങ്ങളിൽ ശ്രീ സുകുമാരനുള്ള അവഗാഹം വിളിച്ചറിയിക്കുന്നു. എനിക്ക്, പക്ഷെ കൂടുതൽ ശ്രദ്ധേയമായിത്തോന്നിയത് കാല്പനിക തയുടെ ആ ഒമ്പത് ലക്ഷണങ്ങളാണ്. ഇഹലോകവൈരുദ്ധ്യം, അലൗകികത, ഉപബോധപരത, സ്വപ്നാനുഭൂതി പ്രിയം, ഏകാകിയുടെ ശോകാത്മകത, വിരഹോല്കണ്ഠ വ്യക്തിത്വ പ്രാധാന്യം, സ്വകീയ ലോകസൃഷ്ടിക്കുള്ള ത്വര എന്നിങ്ങനെ ഒരേ ആശയങ്ങളെ ആവർത്തിച്ചെഴുതിയത് എന്തിനോ? എങ്ങനെയും എണ്ണം പെരുകട്ടെ എന്നായിരിക്കാം.
വള്ളത്തോളിനോടു കൂടി റൊമാൻ്റിസിസം മലയാളത്തിൽ പരമോച്ചാവസ്ഥയിലെത്തിയെന്നും ശ്രീ ശങ്കരക്കുറുപ്പ് അതിന്റെ അപചയം കുറിക്കുന്നുവെന്നും കാണിച്ചു തരികയാണ് അടുത്ത അദ്ധ്യായത്തിന്റെ ഉദ്ദേശ്യം. ഇവിടെ റൊമാന്റിസിസത്തെക്കുറിച്ചുള്ള ചർച്ചയിൽ നിന്നു മലയവിലാസം പോലും ചോർന്ന് പോയിട്ടുണ്ട്. താൻ ഗദ്യമാണ് സംസാരിക്കുന്നതെന്നു കണ്ടുപിടിച്ച പഴയ നാടകകഥാപാത്രത്തെപ്പോലെ, ശ്രീ ശങ്കരക്കുറിപ്പിൻ്റെ കൗമാരകാലകാവ്യങ്ങൾക്ക് വള്ള ത്തോൾ കവിതയുമായുള്ള സാദൃശ്യം കണ്ട് അത്ഭുതപ്പെടുന്നു നമ്മുടെ വിമർശ്ശകൻ, ‘നാടകാന്ത’ പ്രസിദ്ധമായ ‘മധുര ദർശ്ശനമായ തോളി’ൽ എത്തുമ്പോൾ അദ്ദേഹത്തിൻ്റെ ‘സഹൃദയത്വം’ മുഖാവരണം നീക്കി പ്രത്യക്ഷപ്പെടുകയുണ്ടായി:
“മധുരദർശ്ശനമായ തോൾ-അങ്ങനെയും ഒരു തോളുണ്ടോ എന്നു വിസ്മയം കലർന്നു ചോദിക്കുന്നു മുണ്ടശ്ശേരി”. കാമുകിയുടെ മുടെ ചുമൽ കാമുകനു മധുരദർശ്ശനമാണെന്നു പറഞ്ഞാൽ എന്തെന്നു തിരിയാത്തവരെയാണ്, നാം നമ്മുടെ പ്രൗഢവിമർശ്ശകൻമാരായി എഴുന്നള്ളിച്ചു നടന്നിട്ടുള്ളത്.
“പ്രേമാങ്കുലൻ മൃദുപാണിയയച്ചുനിന്നു’ എന്നു ശ്രീ കുറുപ്പ് പാടിയിട്ടുണ്ട്. വാൾക്കാരനും വില്ലാളിയുമായ വിക്രമൻ എങ്ങനെയാണ് മൃദുപാണിയണയ്ക്കുക? ശ്രീ സുകുമാരന് അതു മനസ്സിലായെങ്കിലേ നാം അത്ഭുതപ്പെടേണ്ടതുള്ളൂ.
അഥവാ ബാലർക്കുണ്ടോ സ്വരവ്യത്യാസങ്ങൾ-
മൃദുവാം കയ്യേതിന്നും തലോടാമപ്പൂക്കളെ
എന്നു മഹാകവി പാടുമ്പോൾ, വിശ്വാമിത്രൻ്റെ കൈയു മൃദുലമാണ് എന്നല്ല, ഹൃദയം വാത്സല്യമസൃണമാണ് എന്നാണല്ലോ ബോധമുള്ളവർ മനസ്സിലാക്കുക.
‘പ്രാണാധികേ, വെടിക സാഹസചിന്ത’ എന്നു തുടങ്ങുന്ന സ്ത്രീയിലേ ശ്ലോകം ‘പ്രാണാധിഭർത്രി കരയായ്ക’ എന്ന വള്ളത്തോൾ ശ്ലോകത്തിൻ്റെ പകർപ്പാണെന്ന് ശ്രീ. സുകുമാരൻ കണ്ടുപിടിക്കുന്നു. പക്ഷെ ഈ അനിരുദ്ധ ശ്ലോകം.
പുല്ലാണെനിക്കു പടയാളികൾ നിൻ കടക്കൺ
തല്ലാണു തേന്മൊഴി തടുത്തിടുവാൻ ഞെരുക്കം.
എന്ന കുണ്ടൂർ ശ്ലോകത്തിൻ്റെ പുനർജന്മം മാത്രമാ ണെന്നും അനിരുദ്ധനുപോലും മാതൃക കുണ്ടൂർ കവിതകളായിരുന്നുവെന്നും, എന്തോ ശ്രീ സുകുമാരനറിയാതെ പോയി.
സാഹിത്യകൗതുകം ഒന്നും രണ്ടും ഭാഗങ്ങളിലെ ചില വരികളെടുത്തിട്ട് അതിൽ ആശാൻറെയും വള്ളത്തോളിന്റെയും മുഖച്ഛായയുണ്ട് എന്നു തെളിയിക്കുവാൻ ശ്രീ സുകുമാരൻ നന്നെ ക്ലേശിക്കുന്നുണ്ട്. ജി. ശങ്കരക്കുറുപ്പ് ഭാഷാപോഷിണി യിൽ എഴുതിയ പഴങ്കവിതകൾ വരെ ഈ സാഹസികൻ ഇതിനായി തേടിക്കൊണ്ടുവരുന്നു.
കാളിദാസനിൽ വാല്മീകിയുടെയും വ്യാസൻ്റെയും ഭാസന്റെയും നിഴലുകളും ഭവഭൂതിയിൽ കാളിദാസന്റെ നിഴലും വീണു കിടക്കുന്നുണ്ട് എന്ന് ഏതു സാഹിത്യ വിദ്യാർത്ഥിയ്ക്കുമറിയാം. ഷേക്സ്പിയറിൽ മാർലോവും കിഡ്ഡുമായിരിക്കാമുള്ളത്. എലിയറ്റിൽ ഫ്രഞ്ച് സിംബലിസ്റ്റുകളുടെ അനേകം വരികളുണ്ട്. ആഡനിൽ ലാഫോർഗും കൂട്ടരുമുണ്ട്. ആശാനിൽ റൊമാൻ്റിക് കവികളിൽ മുന്തിയവരുടെയെല്ലാം ഛായ കാണാം. ഇങ്ങനെയൊക്കെ കാണുന്നത് അവർ രണ്ടാം തരക്കാരായതുകൊണ്ടല്ല, കവി മനസ്സ് മറ്റാരുടെ മനസ്സിനെക്കാളുമധികം സാമൂഹ്യചേതനയുമായി ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ടാണ്. ആത്മീയമായ ഈ രക്തബന്ധത്തിന്റെ അർത്ഥം അറിയാമായിരുന്ന അരവിന്ദൻ എഴുതി:
കാല്പനിക പാകവൈരു ഭൂതി പ്രിയം, = വ്യക്തിത്വ എന്നിങ്ങനെ =നാ? എങ്ങ
യാളത്തിൽ ച്ചു തരിക റൊമാൻ്റി വിലാസം സംസാരി ത്തെപ്പോ തപ്പെടുന്നു ചുര ദർശ്ശ
“ആക്രമണപരമായ വിധത്തിൽ മൗലികത്വമുള്ളവരാകാൻ കഴിയുന്നത് ഏകാംഗീണമായ അൽപപ്രതിഭയുള്ള കവികൾക്കു മാത്രമാണ്.” (It is only poets of a one-sided minor genius who can afford to be aggressively original)
കവിതയെക്കുറിച്ചും ജീവിതാനുഭൂതികളെക്കുറിച്ചും വിമർശ്ശകനുള്ള അന്ധാളിപ്പ് കുറെക്കൂടി പ്രകടമാകുന്നത് മിസ്റ്റിസിസത്തെക്കുറിച്ചുള്ള അദ്ധ്യായത്തിലാണ്. നാരദൻ, അണ്ടർഹിൽ, ശാണ്ഡില്യൻ, ശ്രീകൃഷ്ണൻ എന്നിവരെ തോരത്തോരെ ഉദ്ധരിക്കുന്ന തിരക്കിൽ മിസ്റ്റിസിസവും മിസ്റ്റിക്ക് കവിതയും തമ്മിലുള്ള വ്യത്യാസം പോലും അദ്ദേഹം മന സ്സിലാക്കിയില്ല. ക്രാഷാ, ബ്ലെയിക്, വേഡ്സ്വർത്ത്, ബ്രൗണിങ്ങ്, കീറ്റ്സ്, ആർനോൾഡ്, വിറ്റ്മാൻ, സ്വിൻബേൺ, ഹൗസ്മാൻ തുടങ്ങിയവരും നിരീശ്വരവാദിയായ ഷെല്ലിയും അടക്കം മൂന്നൂറ് നാണൂറ് കവികൾ ഇംഗ്ലീഷിൽ തന്നെയുണ്ട്. അവരെഴുതിയതെല്ലാം മിസ്റ്റിസിസമാണെന്നോ ആകണമെന്നോ ആ നാട്ടുകാരാരും വാശിപിടിച്ചു കണ്ടിട്ടില്ല. ടാഗൂറിന്റെ കൃതികളിൽ തന്നെ ചെറിയൊരു ശതമാനം മാത്രമേ മിസ്റ്റിക്കെന്നു പറയാവുന്നതുള്ളൂ.
ഇക്ബാലിനും വേഡ്സ്വർത്തിനും അപ്രാപ്യമായ സാക്ഷാൽക്കാരം, പ്രത്യക്ഷമായ അനുഭൂതി കുറിപ്പിനുണ്ടായിട്ടുണ്ടോ? എന്നും മറ്റും വിമർശ്ശകൻ എതിർ വിസ്താരം നടത്തുമ്പോൾ കവിതയെക്കുറിച്ചുള്ള പ്രാഥമിക സത്യങ്ങൾ പോലും അദ്ദേഹം ഓർക്കുന്നില്ല.
“കൈനിക്കര സൂചിപ്പിച്ച പ്രത്യേകമായ അനുഭൂതി കുറിപ്പിനുണ്ടായിട്ടുണ്ടോ? എങ്കിലല്ലേ മിസ്റ്റിസിസമുള്ളൂ? എന്നാണ് ശ്രീ സുകുമാരൻറെ ചോദ്യം ഇതിനു പഴയ സുകുമാരൻ മറുപടി പറയും. ഒരു പഴയ വാർഷിക പതിപ്പിൽ അദ്ദേഹം എഴുതി: മിസ്റ്റിക്കിന്റെ ഈ അമോഘാനുഭൂതി കവിയ്ക്ക് ഒട്ടും ആവശ്യമില്ല ………. ടാഗോർ കവിതകളെ അനുകരിച്ച് ആ ഭ്രാന്തജൽപനങ്ങൾക്കിടയിൽ യഥാർത്ഥദിവ്യഗാനങ്ങളുതിർന്നത് ഒരൊറ്റ (ജി.യുടെ) കണ്ഠത്തിൽ കൂടി മാത്രമായിരുന്നു.
1963-ൽ സുകുമാരൻ വീണ്ടും എഴുതുന്നു. “അനുകരണാത്മകത കേന്ദ്രവും ടാഗോർ കമ്പം വ്യാസ (എന്താണീ വ്യാസം? പരിധിയോ?) വുമായിട്ട് വരയപ്പെട്ട ഒരു ചെറുവൃത്തമാണ് കുറുപ്പിൻറെ കേളികേട്ടൊരു കവനപ്രതിഭാസം.” പണ്ടത്തെ വാർഷികപ്പതിപ്പിൽ അതിങ്ങനെയായിരുന്നു. “ജി. ടാഗോറിനെയും മിസ്റ്റിക്കുകളെയും അനുകരിക്കുകയല്ല ചെയ്തത്. അവരുടെ മാർഗ്ഗത്തെ അനുസരിക്കുകയായിരുന്നു.” സുകുമാരൻ സുകുമാരനെ തോൽപിക്കുന്നു. അപ്പോഴും സുകുമാരൻ തന്നെ ജയിക്കുന്നു.
എൻ്റെ വേളി, അന്വേഷണം എന്നീ കവിതകൾ തപോജന്യമല്ലെന്നും, ടാഗോറിൻ്റെ അനുകരണമാണെന്നും ശ്രീ സുകുമാരനു സ്ഥാപിക്കണം. അതിനിടയ്ക്ക് പറ്റിപ്പോകുന്ന അമളികൾ അദ്ദേഹം ശ്രദ്ധിക്കുന്നില്ല. മൃത്യുവിനെ വരനും ജീവിതത്തെ വധുവും ആയിക്കാണുന്ന ഭാവന ടാഗോറിന്റെതല്ല. അതൊരനാദിയായ വർഗ്ഗസങ്കൽപമാണ്.
രാമമന്മഥശരേണ താഡിതാ
ജീവിതേശ വസതിം ജഗാമ സാ
എന്ന രഘുവംശപദ്യത്തിലുള്ളത്. മറ്റൊരു രൂപത്തിൽ ഷെയ്ക്സ്പിയറുടെ ‘ആൻ്റണിയും ക്ലിയോപാട്രയും’ എന്ന നാട കത്തിലുമുണ്ട്.
(“But I will be
A bridegroom in my death, and run into it
As to a loves bed”)
“The flowers have been warm and the garland is ready for the Bridegroom” എന്ന ഒഴുക്കൻ വരിയ്ക്ക് തൊങ്ങൽ ചേർത്താൽ
കാലമെൻ ശിരസ്സിങ്കലണിയിക്കയായ് മുല്ല
മാല ഫാലത്തിൽ ചേർത്തു കഴിഞ്ഞു വരക്കുറി
എന്ന ഈരടിയാകുമത്രേ കാലത്താൽ നരയുടെ മുല്ലപ്പൂ മാലയണിയിക്കപ്പെട്ട നെറ്റിത്തടത്തിൽ വാർദ്ധക്യത്തിന്റെ ചുളിവുകൾ വീണ മരണത്തിൻ്റെ വരവും കാത്തിരിക്കുന്ന വധുവിൻ്റെ രൂപമാണിത്. വരന്റെതല്ല.
‘അന്വേഷണം’ എന്ന മധുരഭാവഗീതി, ജപ്പാനീസ് കുട്ടി കൾക്കോ മറ്റോ ടാഗൂർ എഴുതിക്കൊടുത്ത ഒരു ഓട്ടോഗ്രാഫ് വാക്യത്തിൽ നിന്നു മുളച്ച് പൊന്തിയതാണ് എന്നത്രേ മറ്റൊരു കണ്ടുപിടിത്തം. “കവിയായ കാറ്റ് കടലിൻ്റെയും കാട്ടിന്റെയും മുകളിൽ സ്വന്തം നാദമന്വേഷിച്ചു നടക്കുന്നു” എന്ന വാക്യ ത്തിൽ നിന്ന് ‘അന്വേഷണം’ എന്ന കവിതയുണ്ടാകുമോ എന്ന റിയാൻ ആ കവിത വായച്ചുനോക്കുകയേ വേണ്ടൂ.
ഇടയ്ക്കുവെച്ച് മിസ്റ്റിസിസമുപേക്ഷിച്ച് ശ്രീ ശങ്കരക്കുറുപ്പ് ഉമർ ഖയ്യാമിന്റെ പിന്നാലെ പോയി എന്നതാണ് ശ്രീ സുകുമാരൻ്റെ മറ്റൊരു പരാതി. പക്ഷെ ഈ ഖയ്യാമും കൂട്ടരും സൂഫിമിസ്റ്റിക്കുകൾ തന്നെയായിരുന്നു എന്നത് അദ്ദേഹം അറിയാതെ പോയി.
സാദൃശ്യദർശ്ശനത്തിനു വേണ്ടിയുള്ള ഈ തീർത്ഥയാത്രയുടെ പതിനെട്ടാം പടിയിൽ’ശൈശവം’ ഇരിക്കുന്നു. ഇതിനു വേഡ്സ്വർത്തുമായി അടുപ്പമുണ്ട്. ഇത്രയും കൈനിക്കരയുടെ അവതാരികയിലും മറ്റും പറഞ്ഞുകഴിഞ്ഞതാണ്. ഇരുന്നൂറിലധികം വരികളുള്ള വേർഡ്സ്വർത്തിയൻ കവിതയും 56 വരികളുള്ള ജീയുടെ ഗീതക പരമ്പരയും തമ്മിൽ അഞ്ചാറു വരികളിൽ സാദൃശ്യമുണ്ടെന്നു ശ്രീ സുകുമാരൻ ഭ്രമിച്ചിരിക്കുന്നു. ഇതിൽ തന്നെ ആകെക്കൂടി പറയാ വുന്ന സാദൃശ്യം “എന്റെ ശൈശവ പ്രപഞ്ചം മറഞ്ഞുപോയിരിക്കുന്നു’ എന്ന വിലാപം മാത്രമാണ്.
ജിയുടെ കവിതയെ ഒരു ലിറ്റ്മസ് പരീക്ഷണത്തിനു വിധേയമാക്കുകയാണ് അടുത്ത അദ്ധ്യായത്തിൽ. അടിയന്തരാവസ്ഥ കഴിയുന്നതിനു മുമ്പ് തന്നെ ചുകപ്പും നീലയും തെളിയിക്കാൻ കഴിഞ്ഞാൽ അത്രയും നന്ന്. ചീനയുടെ ചരിത്രം തിരുത്തിയെഴു തുകയാണ് ഇതിനുള്ള മാർഗ്ഗം. 1945-ൽ ജപ്പാനിൽ നിന്നു സ്വതന്ത്രയായ ചീന ചിയാന്ദിൻ്റെ ചീനയായിരുന്നുവെന്നോ, 1949 കാലത്താണ് ചിയാന്ദ് ഫോർമോസയിലേക്കോടിപ്പോയതെന്നോ പഴയ ചീന ഗാന്ധിജിക്കും ജവഹറിനും പ്രിയപ്പെട്ട നാടായിരുന്നുവെന്നോ ഉള്ള അറിവ് ‘കവികളെ പിടിച്ചു നിർത്തി ചോദ്യം ചെയ്യുന്ന’ നിരൂപകന് ആവശ്യമില്ലായിരിക്കാം. അദ്ദേഹം എഴുതുന്നു:
“ആ താളത്തിനു കുതിച്ചുകുതിച്ച് അദ്ദേഹം പലപ്പോഴും കമ്യൂണിസത്തിന്റെയും അതുവഴി ആപൽക്കരമാന്മാറു റഷ്യയുടെയും ചൈനയുടെയും ആരാധകനോ ഗായകനോ ആയിത്തീരുകയും ചെയ്തു.”
ചുകന്ന റഷ്യയിൽ നിന്ന് ചുകന്ന ചീനയിലേയ്ക്ക്, അന്ന്, ഇന്നത്തെ പോലെ ദൂരം ഏറെ ഉണ്ടായിരുന്നില്ല. ‘മുത്തു’കളിലെ ‘ഭാരത സന്ദേശ’’വും ‘വനഗായകനി’ലെ ‘നാളെ’യും നോക്കുക. 1945 ൽ ‘ഭാരതസന്ദേശം’ പുറത്തുവന്നിരിക്കുന്നു എന്നറിഞ്ഞതിനുശേഷവും ഈ വരികൾ എഴുതിപ്പിടിപ്പിച്ച മാന്യതയെ പേരിട്ടു വിളിക്കേണ്ട ഭാഷാപദങ്ങൾ ഞാനെങ്ങനെ ഉച്ചരിക്കേണ്ടൂ?
അദ്ദേഹം തുടരുന്നു:
“ഇന്ത്യയുടെ സ്വാതന്ത്ര്യം നിലനിൽക്കുന്നത് ചൈനയുടെ സ്നേഹം കൊണ്ടാണെന്നും വേണമെന്ന് തോന്നിയാൽ ഇന്ത്യയെ അടിമപ്പെടുത്താൻ ചൈനയ്ക്ക് പ്രയാസമില്ലെന്നും കവി വാച്യമായി പറഞ്ഞിരിക്കുന്നു”
1945-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം നിലനിർത്തുന്ന ഈ ചരിത്രബോധത്തെപ്പറ്റി എന്തു പറയാനാണ്!
തന്റെ അന്തമറ്റ ചരിത്രപാണ്ഡിത്യം മാത്രമല്ല ഭാഷാവല്ലഭത്വവും ലേഖകൻ ഈ ചീനക്കഥയിൽ വ്യക്തമാക്കിയിട്ടുണ്ട്.
“ചീനയുടെ തോഴിയുടെ സ്ഥാനമേ കവി ഇന്ത്യയ്ക്ക് കൽപിക്കുന്നുള്ളു. സഖിപോലുമല്ല തോഴി!-തോഴി നായികയുടെ ഒരുയർന്ന പരിചാരികയാണ്- ശകുന്തള നായികയും അനസൂയ തോഴിയും. ലീല നായികയും മാധവി തോഴിയും.അങ്ങനെ ചീനയുടെ പരിചരണ ത്തിനു കവിയാൽ ഇന്ത്യ നിയുക്തമായി.” (പുറ. 94.95).
‘ഒന്നാമതാഴികൾ ചൂഴുമൂഴിയും രണ്ടാമതീ നിങ്ങടെയിഷ്ടതോഴിയും’
(ശകുന്തളയെക്കുറിച്ച് അനസൂ യയോടും പ്രിയംവദയോടും ദുഷ്യ ന്തൻ പറയുന്നത്)
അനസൂയ പ്രിയംവദമാരുടെ പരിചാരികയായ ശകുന്തള എന്നർത്ഥം!
ആറാമദ്ധ്യായം ഒരു ശാസ്ത്രക്കളിതന്നെ- ‘എഡിങ്ടനും ഐൻസ്റ്റൈനും’ വിശ്വദർശ്ശനത്തിലും നിമിഷത്തിലും ശാസ്ത്രാവബോധം കൂടാതെ അന്വാഖ്യാനം ചെയ്തു എന്നും “ഏതാണ്ടൊക്കെ മനസ്സിലാക്കിയ തലച്ചോറിന്റെ ക്ഷോഭം” ആണ് ആ കവിതകളെന്നും മറ്റും ഈ ഖണ്ഡം ആരംഭിക്കുന്നു. ശ്രീ ശങ്കരക്കുറുപ്പിനെ ചീനാചാരനാക്കുവാൻ ഇന്ത്യാചരി ത്രവും ചീനചരിത്രവും തിരുത്തി എഴുതിയപോലെ അദ്ദേഹത്തെ ശാസ്ത്രാനഭിജ്ഞനാക്കുവാൻ പ്രപഞ്ചസൃഷ്ടി സിദ്ധാന്തങ്ങൾ തന്നെ മായ്ച്ച്ചെഴുതപ്പെട്ടിട്ടുണ്ട്.
“പ്രപഞ്ചം നിമിഷം തോറും വികസിച്ചുവരുന്നു എന്ന ബോധം കവിയ്ക്ക് എങ്ങനെ കിട്ടി? പ്രത്യക്ഷപ്രമാണസിദ്ധമല്ല അത്. വെറും കണ്ണുകൊണ്ട് മാത്രമല്ല, മൗണ്ട് വിത്സനിലെ കൂറ്റൻ ദൂരദർശ്ശിനിക്കുഴലിലൂടെ പോലും കാണാവുന്ന ഒരു സംഗതിയല്ല.”
മൗണ്ട് വിത്സനിലെ ദൂരദർശ്ശിനിയിൽ കൂടി മാത്രമല്ല പാൽമോയിലെ 200 ഇഞ്ച് ദൂരദർശ്ശിനിയിൽ കൂടിയും കാണാവുന്ന പലതുമുണ്ട്. ഒരു മില്യൻ പ്രകാശവർഷം വരെ അകലെയുള്ള നക്ഷത്രപടലങ്ങളുടെ നീക്കം അവയിൽ കൂടിയാണ് കണ്ടു പഠിച്ചിട്ടുള്ളത്. അതിനപ്പുറത്തേ ഊഹമുള്ളൂ. ഈ ചലനത്തെ നിയന്ത്രിക്കുന്ന സാമാന്യനിയമമാണ് ഹബ്ബിൾസ്സ് ലോ.
വികാസവേഗം = ഹബ്ബിൾ കോൺസ്റ്റൻ്റ് × ദൂരം എന്നതാ ണത്. ഇതുവെച്ച് പിന്നോക്കം കണക്കു കൂട്ടിയിട്ടും മറ്റുമാണ് ആദികന്ദത്തിന്റെ വികാസകാലം കണ്ടെത്തുന്നത്. നക്ഷത്രടലങ്ങളിലോരോന്നും ഏതാണ്ടെത്ര വേഗം പിൻതിരിഞ്ഞറുന്നു എന്നും ഇന്നു നമുക്ക് മിക്കവാറും അറിയാം.
‘വിശ്വദർശ്ശന’ത്തിലെ മുഖക്കുറിപ്പിൽ പറയുന്ന ‘’ അപ്രമേയത ‘ ശാസ്ത്രവിരുദ്ധമാണ് എന്നും ഇന്നത്തെ എല്ലാ ശാസ്ത്രജ്ഞരും അംഗീകരിച്ച തത്ത്വം പ്രപഞ്ചം പരിമിതമാണ് എന്നാണെന്നും “” ശ്രീ സുകുമാരന് സ്ഥാപിച്ചു കിട്ടിയേ പറ്റൂ. പക്ഷെ അദ്ദേഹത്തിനു ശ്രീ ശങ്കരക്കുറുപ്പിനെ വിമർശിക്കാൻ വേണ്ടിയല്ലല്ലോ ശാസ്ത്രം വളരുന്നത്. പ്രപഞ്ചം പരിമിതമോ അപരിമിതമോ എന്നതിനെപ്പറ്റി രണ്ടു സിദ്ധാന്ത ങ്ങളുണ്ടിപ്പോഴും,
“എത്രയാവർത്തിച്ചാലുമവിരാമമീസ്പന്ദം” എന്ന കാവ്യാശയം എഡിങ്ങ്ടണോ ജീൻസിനോ സമ്മതമല്ലത്രെ! കഷ്ടം തന്നെ! പണ്ടേ മരിച്ചുപോയ അവർക്ക് സമ്മതമായതേ കവികൾക്കെഴുതിക്കൂടൂ എന്നില്ലല്ലോ. ടോൾമാൻ, ഫ്രഡ് വിപ്പിൾ, വെല്യാമിനോവ്, ഫ്രഡ്ഹോയിൽ എന്നീ പ്രമുഖശാസ്ത്രജ്ഞന്മാർ പ്രപഞ്ചസസ്പന്ദം അവിരാമമായി ആവർത്തിച്ചു കൊണ്ടിരിക്കുന്നു എന്നു വാദിക്കുന്നവരാണ്. ബോണ്ടി, ഗോൾഡ് എന്നീ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻമാരും ഇവരുടെ കൂടെത്തന്നെ. ഏതെങ്കിലും ഒരു റിങ്ങിൽ എപ്പോഴും കളി നടന്നുകൊണ്ടേയിരിക്കുമെന്നാണ് അവരുടെ സിദ്ധാന്തം. ഇതിലേതു ശരി ഏതു തെറ്റ് എന്ന് എനിക്കു പറയാനാവില്ല. ശ്രീ സുകുമാരനും ആവില്ലെന്നു തോന്നുന്നു. 1948-ൽ എഴുതിയ ബാർണറ്റിന്റെ പുസ്തകമോ അതിന്റെ ഇൻഡക്സോ അദ്ദേഹത്തെ ചതിച്ചതാണ് എന്നും തോന്നുന്നു.
നിമിഷം, സ്പേസ്-ടൈം കണ്ടിന്യൂവം എന്നിവയാണ് അക്രമണത്തിനു വിധേയരാകുന്ന അടുത്ത പാവങ്ങൾ. ‘നിമിഷ’ ത്തിൽ രണ്ടാമത്തേതുണ്ടെന്നു ആരോ പറഞ്ഞു എന്നു തുടങ്ങി മീൻകോവിസ്കി സ്ഥലകാല സമ്മിളിതത്തിന്റെ ഉപജ്ഞാതാവാണെന്നും മറ്റുമുള്ള വിഡ്ഢിത്തങ്ങളിൽ സ്വയം കുടുങ്ങി, ആ കഥ നീണ്ടു പോകുന്നു. “സ്ഥലകാല സമ്മിളിതമെന്നു പറഞ്ഞാൽ സ്ഥലവും കാലവും ഒന്ന് എന്നർത്ഥം. (പേജ് 108)” വിമർശ്ശകനെ അദ്ദേഹത്തിൻറെ ഏതു ശത്രുവാണിതു ധരിപ്പിച്ചതെന്ന് എനിക്കറിയില്ല. ശാസ്ത്രജ്ഞന്മാരോ ശങ്കരകുറുപ്പോ അങ്ങനെ പറഞ്ഞില്ലെന്നാണറിവ്. ഒരു വസ്തുവിന് നീളവും വീതയും ഉണ്ടെന്നു പറഞ്ഞാൽ രണ്ടും ഒന്നാണെന്നല്ല, രണ്ടും ഉണ്ട് എന്നു മാത്രമാണർത്ഥം.
സിംബലിസത്തെ കുറിച്ചുള്ള അടുത്ത അദ്ധ്യായം കഴിഞ്ഞാൽ നീണ്ട ഒരു ഔചിത്യ വിചാരചർച്ചയുണ്ട്. ജി. കവിയല്ലെന്ന തികച്ചും സ്ഥാപിക്കുന്നത് അവിടെ വെച്ചാണ്. ഫ്രഞ്ച് സിംബോളിസ്റ്റുകളുടെയും മറ്റും രീതി വിവരിച്ചുകൊണ്ട്, ജി. പാശ്ചാത്യസാഹിത്യത്തിലെ സാങ്കേതികാർത്ഥത്തിൽ ഒരു സിംബലിസ്റ്റ് കവിയല്ലെന്ന് ശ്രീ എൻ.വി. കൃഷ്ണവാര്യർ
ജി.യുടെ ഷഷ്ടിപൂർത്തി സ്മാരക ഗ്രന്ഥത്തിൽ പ്രസ്താവിച്ചി രുന്നു. ഈ വാദത്തിൻ്റെ വിപുലനവും കുറെ ശകാരങ്ങളുമേ ഈ ഖണ്ഡത്തിലുള്ളു. എനിക്കതിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് എഴുത്തച്ഛന്റെ
“ചക്ഷുശ്രവണ ഗളസ്ഥ….
കാലാഹിനാ പരിഗ്രസ്ഥമാം ലോകവും”
എന്ന വരികളിലെ ഉൽപത്തിക ഥയാണ്. എഴുത്തച്ഛൻ ബാല്യത്തിൽ തവളയെ പാമ്പു വിഴുങ്ങുന്നത് കണ്ടത് മുതൽ വികസ്വരാനുഭമുണ്ടായി, ആവിഷ്ക്കരണ ശക്തി നേടി, ബാല്യസ്മൃതി ചിത്രത്തിന്റെ ചായങ്ങൾ കലർത്തി ജീവിതത്തിൻ്റ തീവ്രമായ ആഞ്ഞടിയേറ്റ് പരിപാകമിയന്ന കവിഹ്യദയത്തെ കവിതയി ലാക്കിയതാണത്രേ ഈ വരികൾ. ഏതാണ്ടൊരു പേജിൽ മുഴുവനായി ഈ ജീവചരിത്ര സംഭവം വർണ്ണി ച്ചിട്ടുണ്ട്. പക്ഷെ, അദ്ധ്യാത്മരാമായണം മൂലത്തിലെ വിച്ഛിന്നാഭിഷേക സന്ദർഭത്തിലെ ഒരു ശ്ലോകത്തിന്റെ നേർക്കുനേർ തർജ്ജുമ മാത്രമാണിത്.
(യഥാ വ്യാലഗലസ്ഥോപി
ഭേകോ ദംശാന പേക്ഷതേ
തഥാ കാലഹിനാ ഗ്രസ്തോ
ലോകോ ഭോഗാന ശാശ്വതാൻ)
ഭാഷാഭൂഷണത്തിൻ്റെ ഒന്നാം പുറത്തെ അടിസ്ഥാന മാക്കിത്തുടങ്ങുന്ന ഔചിത്യവിചാരത്തിൽ ശങ്കരക്കുറിപ്പിൻ്റെ ചന്ദ്രൻ, വേണുനാദം എന്നീ ‘പ്രശസ്ത’ കവിതകളാണ് ചർച്ച ചെയ്യുന്നത്. ഉദാഹരണങ്ങൾ സമാഹാരങ്ങളിൽ കിട്ടായ്കയാൽ ‘ഭാഷാപോഷിണി’യുടെ പഴയ ലക്കങ്ങൾ വരെ ഗ്രന്ഥകാരനു ചികഞ്ഞുനോക്കേണ്ടിവന്നിട്ടുണ്ട്. ശ്രീ ശങ്കരകുറുപ്പിനെ ഉല്ലേഖകാരനും ഉള്ളൂർശിഷ്യനും ആക്കാനാണ് ഈ ഗവേഷണം.
ശ്രീ കുറുപ്പിന്റെ ‘കവിത്വ’ത്തിനുവേണ്ടത്ര ഉദാഹരണങ്ങൾ നൽകിയ ശേഷം അദ്ദേഹത്തിനു അവതാരിക എഴുതിക്കൊടുക്കാത്ത മൂന്നു പണ്ഡിതൻമാരെ കൂടി സുകുമാരൻ സാക്ഷി യാക്കിയിട്ടുണ്ട്. കുട്ടികൃഷ്ണമാരാർ, സി.ജെ. തോമസ്, എം. പി. പോൾ ഇവരാണ് മൂന്നു പേർ. മാരാർ ഒഴിഞ്ഞു നിന്നതെന്തുകൊണ്ടാണെന്നു വിശദമാക്കാൻ അദ്ദേഹം ഇപ്പോഴുമുണ്ട്. അദ്ദേഹത്തിന്റെ പ്രവൃത്തികളുമുണ്ട്. സി.ജെ. നമ്മുടെ മിക്ക കവികൾക്കും അവതാരിക എഴുതിക്കൊടുത്ത സ്ഥിതിക്ക് ശങ്കരക്കുറുപ്പിനും ഒന്ന് കൊടുത്തേയ്ക്കാമായിരുന്നു! എന്നാലും എം.പി. പോൾ ബാക്കിയാണ്. പോൾ കുറുപ്പിന്നവതാരിക എഴുതിയിട്ടില്ല. തൃശ്ശൂർ പു.കാ.സാ. സമ്മേളനത്തിൽ ആനുഷംഗികമായി ഇങ്ങനെ പറയുക മാത്രം ചെയ്തു.
“തീർച്ചയായും ശ്രീ. ശങ്കരക്കുറുപ്പിന്റെ വിചാരമണ്ഡ ലത്തിലേയ്ക്കുവരുവാൻ, മയോക്കോവിസ്കിക്കു കഴിഞ്ഞിട്ടുണ്ടെന്നു എനിക്കു തോന്നിയിട്ടില്ല. മയോക്കോവിസ്കിയെ ലോകം മുഴുവനും ഇതിനകം അറിഞ്ഞിട്ടുണ്ട്. ജി. അത്രതന്നെ പ്രസിദ്ധനായിട്ടില്ല. പാവപ്പെട്ട മലയാളഭാഷയ്ക്കുണ്ടോ സർവ്വവിധമായ പ്രചരണസാമഗ്രികളോടു കൂടിയ ഒരു മഹാസാമ്രാ ജ്യത്തിന്റെ ഭാഷയോട് കിടപിടിക്കാൻ കഴിയുന്നു.!” ഇതാണ് എം.പി. പോളിൻ്റെ മൗനം.
