ഐറിസ്

Published: 10 november 2026 വിവര്‍ത്തനകവിത

ഹാ എന്റെ  പൂന്തോട്ടമേ

ഫറോ ഫറഖ്സാദ് (ഇറാനിയൻ കവി )

വിവ: ഐറിസ്

ആരും പൂക്കളെക്കുറിച്ച് ചിന്തിക്കുന്നില്ല

ആരും മീനുകളെക്കുറിച്ച്  ഓർക്കുന്നേയില്ല

ഈ പൂന്തോട്ടം മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരും വിശ്വസിക്കുന്നില്ല

 

ഈ സൂര്യന്റെ കൊടും ചൂടേറ്റ് അതിന്റെ ഹൃദയം പൊള്ളിയടർന്ന് ചീർത്തുവെന്നോ

അതിന്റെ  മനസ്സിൽനിന്ന് പതിയെപ്പതിയെ

പച്ചച്ച ഓർമകൾ വാർന്നൊലിച്ചുമായുകയാണെന്നോ

ആരും വിശ്വസിക്കില്ല

 

ഞങ്ങളുടെ പൂന്തോട്ടം തനിച്ചായിപ്പോയിരിക്കുന്നു  

എങ്ങാനും ഒറ്റതിരിഞ്ഞ് നടക്കുന്ന ഒരു മുകിലിന്റെ പെയ്ത്തിനായി

അത് ഉറക്കച്ചടവോടെ  കാക്കുകയാണ്

ഞങ്ങളുടെ കുളം 

നീരൊഴുക്കില്ലാതെ കുത്തിയിരിക്കുന്നു,

നിവർന്ന മാമരങ്ങളിൽനിന്ന്

പൊടി നക്കിത്തുടയ്ക്കുന്നു  താരകങ്ങൾ

മീനുകളുടെ വിളർത്ത വീടകങ്ങളിൽനിന്ന്

ഓരോ രാവിലും ഒടുങ്ങാത്ത കൊക്കിക്കുരകൾ.

 

ഞങ്ങളുടെ പൂന്തോട്ടം തനിച്ചാകലിന്റെ വിങ്ങലേൽക്കുന്നു.

 

വാപ്പച്ചി  ഉരുവിടുകയാണ് : എന്റെ കാലം കഴിഞ്ഞു

എന്റെ കാലം കഴിഞ്ഞു ,

എന്റെ മാറാപ്പ് ഞാൻ തോളിലെടുത്തു

എന്റെ പണി ഞാൻ മുഴുമിപ്പിച്ചു .

പകൽ നീണ്ട് ഇരവിലെത്തുവോളം

വാപ്പച്ചി സ്വന്തം മുറിയിൽത്തന്നെയാണ്

ചരിത്രങ്ങളുടെ ചരിത്ര*വും

ഫിർദൗസിയുടെ രാജാക്കന്മാരുടെ ഇതിഹാസ**വും വായിച്ചുകൊണ്ടേയിരിക്കുന്നു 

 

വാപ്പച്ചി ഉമ്മിയോട് പറയുന്നു :

ഓരോ മീനും ഓരോ പറവയും തുലഞ്ഞുപോട്ടെ !

ഞാൻ മരിച്ചാൽ, ഈ  പൂന്തോട്ടം ചത്താലുമില്ലെങ്കിലും എനിക്കെന്ത് ചേതം.

എന്റെ പെൻഷൻ

അതല്ലേ എല്ലാം .

 

നിസ്ക്കാരപ്പായയിൽനിന്ന്

പുറത്തേക്ക് ചുരുൾനിവർന്നതാണ് ഉമ്മീടെ വാഴ് വ്

നരകപ്പേടിയിൽത്തഴച്ച നാൾവഴികൾ,

ഓരോ മൂലയിലും പാപത്തിന്റെ ചവിട്ടടയാളം

തിരയുന്നു,

വഴിപിഴച്ച പാപത്തകരകൾ  പൂന്തോട്ടം കളങ്കപ്പെടുത്തിയെന്ന് വേവലാതിപ്പെടുന്നു.

 

അല്ലെങ്കിൽത്തന്നെ അമ്മയൊരു പാപിയാണ് .

പകലുകളിൽ പ്രാർത്ഥിച്ച ബലത്താൽ  “വിശുദ്ധമാക്കപ്പെട്ട” നിശ്വാസങ്ങൾ പൂക്കളിലും മീനുകളിലും സ്വന്തം ഉടലിലും ഊതിപ്പരത്തുന്നു.

വരാനിരിക്കുന്ന മിശിഹായ്ക്കായും 

അവനെത്തിക്കും പാപപ്പൊറുതിക്കായും  കാക്കുന്നു.

 

എന്റെ ഉടപ്പിറന്നവൻ പൂന്തോട്ടത്തെ ശവപ്പറമ്പെന്ന് വിളിക്കും .

പുല്ല് മുളച്ചുപൊന്തുമ്പോൾ രസിക്കും

ആഴമില്ലാത്ത വെള്ളത്തിന്റെ

രോഗാതുരമായ തൊലിപ്പുറത്തടിയുന്ന

അഴുകിയ മീനുകളുടെ ശവങ്ങൾ

കരുണയില്ലാതെ എണ്ണിക്കൂട്ടും.

പൊരുൾ തേടലിൽ ആവേശം മുഴുത്ത് ,

മരണമാണ് പൂന്തോട്ടത്തിന് വിടുതലേകുന്നത് എന്ന് നിശ്ചയിക്കുന്നു.

കുടിച്ച് ലക്ക് കെട്ട് മുഷ്ടിചുരുട്ടി വാതിലുകളിലും ചുമരികളിലും  ഇടിച്ച്

തളർന്നെന്നും നോവുന്നെന്നും നിരാശനാണെന്നും അറിയിക്കും

ആശിക്കാൻ ഇനിയൊന്നുമില്ലെന്ന തീർപ്പ് ചെല്ലുന്നിടത്തൊക്കെ ഒപ്പം കൂട്ടും ,

ജനനപത്രവും എഴുത്തുതാളും കൈത്തൂവലും സിഗരറ്റ് ലൈറ്ററും പേനയും പോലെ .

 

പക്ഷേ , അവന്റെ നിരാശകളൊക്കെ എത്രയോ ചെറുതാണ്

ഓരോ രാത്രിയിലും അവൻ ചേക്കേറുന്ന

തിരക്കേറിയ മദ്യശാലയിൽ

അതൊക്കെ ഊർന്നുപിൻവാങ്ങും

 

എന്റെ സഹോദരി പൂക്കളുടെ ഉറ്റതോഴി.

അവളുടെ നേർത്ത മനസ്സിന്റെ ചൊല്ലുകൾ

– ദേ അമ്മയുടെ തല്ല് ഓർക്കുമല്ലോ-

അവരുടെ നിശ്ശബ്ദസ്നേഹക്കൂടുകളിൽ എത്തിക്കും

പ്രകാശം പരത്തും മീനുകൾക്കും 

മധുരമലിയും പലഹാരങ്ങൾക്കുമൊപ്പം 

 

അവളിപ്പോൾ നഗരത്തിന്റെ മറുവശത്ത്

പ്രകൃതിയിണങ്ങാത്ത  വീടുകളിലൊന്നിലാണ്

തനിമ ചോർന്നുപോയൊരു ഭർത്താവിന്റെ കരങ്ങളിൽ അവൾ തനിമയുള്ള മനുഷ്യക്കുഞ്ഞുങ്ങൾക്ക് പിറവിയൊരുക്കുന്നു.

ഓരോ തവണ വീട്ടിലേക്ക് വരുമ്പോഴും ,

അവളുടെ പാവാടത്തുമ്പ് 

പൂന്തോട്ടത്തിന്റെ ദാരിദ്ര്യം കളങ്കപ്പെടുത്തിയാൽ

സുഗന്ധക്കൂട്ടുകളിൽ അവൾ ഉടൽ മുക്കിയെടുക്കും

ഓരോ തവണയും ഓരോ കുഞ്ഞുമായി വിരുന്നുവരുന്നു അവൾ

 

ഞങ്ങളുടെ പൂന്തോട്ടം ഒറ്റപ്പെട്ടലിന്റെ നോവേല്ക്കുന്നു

ഞങ്ങളുടെ പൂന്തോട്ടം ഒറ്റപ്പെട്ടലിന്റെ നോവേല്ക്കുന്നു

 

മുറിക്കപ്പെടുന്നതിന്റെയും നിലവിളികളുടെയും ഒച്ച

പൊട്ടിത്തെറിയുടെ നടുക്കുന്ന ശബ്ദം

പകലിരവോളം  വാതിലിന് പിന്നിൽനിന്ന് കടന്നുവരുന്നു

ഞങ്ങളുടെ അയൽക്കാർ അവരുടെ പൂന്തോട്ടങ്ങളിൽ പൂക്കൾക്കുപകരം ബോംബുകളും യന്ത്രത്തോക്കുകളും മുളപ്പിക്കുന്നു

അവരുടെ കുളങ്ങളിൽ വെടിമരുന്ന് ചാക്കുകളിലാക്കി

ഒളിച്ചുവയ്ക്കുന്നു .

 

സ്കൂൾ കുട്ടികളും അവരുടെ തോൾസഞ്ചികളിൽ

കുഞ്ഞുബോംബുകൾ നിറയ്ക്കുന്നു .

 

ഞങ്ങളുടെ പൂന്തോട്ടത്തിന് ബോധം മങ്ങുന്നു .

 

ഞങ്ങളുടെ കാലത്തിന് അതിന്റെ ഹൃദയം നഷ്ടമായിരിക്കുന്നെന്ന് ഞാൻ ഭയപ്പെടുന്നു.

പല കൈകളും പണിചെയ്യാൻ മടിക്കുന്നു

പലേ മുഖങ്ങളിലും കാണാം കനത്ത ഒറ്റപ്പെടൽ .

 

ഞാനൊരു സ്കൂൾകുട്ടിയെപ്പോലെയാണ്

ജ്യോമെട്രി പുസ്തകങ്ങളോട് പ്രണയത്തിലായ പെൺകുട്ടി

ഞാനും ഒറ്റപ്പെട്ടലിന്റെ നോവേല്ക്കുന്നു

പൂന്തോട്ടത്തെ ആശുപത്രിയിൽ എത്തിക്കാനാകുമോ

ആലോചിക്കൂ

അങ്ങനെ ചെയ്യാനാകുമെന്ന് എനിക്ക് തോന്നുന്നു

ഈ സൂര്യന്റെ കടും ചൂടിൽ പൂന്തോട്ടത്തിന്റെ ഹൃദയം പൊള്ളി ചീർത്തുപോയി

അതിന്റെ മനസ്സിൽനിന്ന് പച്ചച്ച ഓർമകൾ പതിയേ ഒലിച്ചുപോകുകയാണ്.

പേർഷ്യനിൽ നിന്നുള്ള ഇംഗ്ലിഷ് മൊഴിമാറ്റം : ഷോലെ വാൾപ്പ്

 

*ചരിത്രങ്ങളുടെ ചരിത്രം :

ആദത്തെ സൃഷ്ടിച്ചതുമുതലുള്ള ലോകചരിത്രം. പേർഷ്യൻ ഭാഷയിലുള്ള ഈ ഇസ്ലാമികചരിത്രം ഒരു ക്ലാസിക് രചനയാണ്

 

** ഫിർദൗസിയുടെ രാജാക്കന്മാരുടെ ഇതിഹാസം :

ഇറാനിലെ വളരെ ശ്രദ്ധേയമായ ദേശീയ ഇതിഹാസം . പുരാണരാജാക്കന്മാരുടെ കഥകളും മിത്തുകളും ഉൾക്കൊള്ളുന്ന പദ്യരൂപത്തിലുള്ള ഈ  രചന പത്താം നൂറ്റാണ്ടിലേതാണ് .

ഐറിസ്

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x