
ഷൂബ. കെ. എസ്.
Published: 10 september 2026 മുന്നുര
ഇന്ത്യ എന്ന ഭൂഭാഗം
അതിരുകൾ. എതിരിടങ്ങൾ.മ്ലേച്ഛദേശങ്ങൾ
“കുടിയിറക്കപ്പെടും കൂട്ടരേ പറയുവിൻ,
പറയുവിൻ ‘ഏതു രാഷ്ട്രക്കാർ’ നിങ്ങൾ?
പ്രസവിച്ചതിന്ത്യയായ് പ്രസവിച്ചതിംഗ്ലണ്ടായ്,
പ്രസവിച്ചതാഫ്രിക്കൻ വൻകരയായ്,
അതിലെന്തുണ്ടാർക്കാനുമുടമയില്ലാത്ത
ഭൂപടമേലും പാഴ് വരയ്ക്കർത്ഥമുണ്ടോ?
എവിടെവിടങ്ങളീച്ചട്ടിപുറത്തെടു-
ത്തെറിയപ്പെടുന്നുണ്ടിപ്പാരിടത്തിൽ,
അവിടവിടങ്ങളെച്ചേർത്തുവരയ്ക്കുകി-
ന്നിവരുടെ രാജ്യത്തിന്നതിർവരകൾ.”
(ഇടശ്ശേരി,കുടിയിറക്കൽ)
രാജ്യാതിർത്തിക്കുള്ളിലും പുറത്തും ഇടമില്ലാത്ത ഒരു വലിയ വിഭാഗം ജനങ്ങൾ ഉണ്ട് എന്നാണ് കവികൾ പറയുന്നത്. അനുഭവിക്കുന്ന ജനതയ്ക്കും അതു സത്യമെന്നറിയാം.രാജ്യാതിർത്തി സംരക്ഷിക്കുന്ന സൈനികരാലും അർദ്ധസൈനികരാലും തന്നെ, മുതലാളിത്ത വികസനത്താൽ തന്നെ, കുടിയിറക്കപ്പെടുന്ന, കുടിലുകളും അതിനുള്ളിലെ ചട്ടികളും ഭക്ഷണപാത്രങ്ങളും വലിച്ചെറിയപ്പെട്ടുകൊണ്ട് ചവിട്ടിയിറക്കപ്പെടുന്ന ജനതയുടെ രാജ്യമേതാണ്?ഏതു രാഷ്ട്രക്കാർ ആണിത്? ഭൂപടമെന്ന പാഴ് വരയുടെ അർത്ഥമെന്താണ്? എല്ലാ രാജ്യങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടവരെ ചേർത്തു വരയ്ക്കുമ്പോൾ മറ്റൊരു രാജ്യമുണ്ടാകും. ദൃശ്യഭൂപടത്തിനുമപ്പുറം ഒരു അദൃശ്യ ഭൂപടമുണ്ട്. അതു പുറത്താക്കപ്പെട്ടവരും ഏതിരു ടുന്നവരും ചേർന്നു വരയ്ക്കുന്ന ഭൂപടമാണ്.
ഇന്ത്യ എന്ന ഭൂഭാഗം
ഏഷ്യൻ വൻകരയുടെ തെക്കുഭാഗത്ത് പൂർണ്ണമായും ഉത്തരാർദ്ധഗോളത്തിലും പൂർവ്വാർദ്ധഗോളത്തിലുമായി സ്ഥിതിചെയ്യുന്ന ഉപദ്വീപീയ രാജ്യമാണ് ഇന്ത്യ.32,87,263 ചതുരശ്ര കിലോമീറ്റർ (3.287 ദശലക്ഷം ച.കി.മീ). ലോകത്തിലെ ആകെ കരവിസ്തൃതിയുടെ ഏകദേശം 2.4 ശതമാനമാണിത്. വിസ്തൃതിയിൽ ലോകത്ത് ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത് (Ministry of Information and Broadcasting 1).വടക്ക് കശ്മീരിലെ ഇന്ദിരാ കോൾ മുതൽ തെക്ക് കന്യാകുമാരി വരെ 3,214 കിലോമീറ്ററും, പടിഞ്ഞാറ് ഗുജറാത്തിലെ ഗുഹാർ മോത്തി മുതൽ കിഴക്ക് അരുണാചൽ പ്രദേശിലെ കിബിത്തു വരെ 2,933 കിലോമീറ്ററുമാണ് ഇന്ത്യയുടെ വ്യാപ്തി (National Council of Educational Research and Training 2).ഇന്ത്യയ്ക്ക് ഏകദേശം 15,106.7 കിലോമീറ്റർ നീളമുള്ള കര അതിർത്തിയുണ്ട് (Ministry of Home Affairs 18). പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ചൈന, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ എന്നീ ഏഴ് രാജ്യങ്ങളുമായി ഇന്ത്യ കര അതിർത്തി പങ്കിടുന്നു.പ്രധാന കരഭാഗവും ആൻഡമാൻ-നിക്കോബാർ, ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളും ഉൾപ്പെടെ ആകെ തീരദേശ ദൈർഘ്യം 7,516.6 കിലോമീറ്ററാണ് (National Council of Educational Research and Training 3).ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ പ്രധാനമായും ആറ് മേഖലകളായി തിരിക്കാം (Khullar 52):
വടക്കൻ പർവ്വതനിരകൾ (The Northern Mountains): ഹിമാലയ പർവ്വതവ്യവസ്ഥയാണ് ഇതിൽ പ്രധാനം. ഹിമാദ്രി (Greater Himalayas), ഹിമാചൽ (Lesser Himalayas), സിവാലിക് (Outer Himalayas) എന്നിങ്ങനെ സമാന്തര നിരകളായി ഇത് വ്യാപിച്ചുകിടക്കുന്നു. മൺസൂൺ കാലാവസ്ഥയെ നിലനിർത്തുന്നതിലും വറ്റാത്ത നദികളുടെ ഉത്ഭവത്തിലും ഹിമാലയം നിർണായക പങ്ക് വഹിക്കുന്നു.
വടക്കൻ മഹാസമതലങ്ങൾ (The Northern Plains): സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദീവ്യവസ്ഥകളും അവയുടെ പോഷകനദികളും നിക്ഷേപിച്ച ഫലഭൂയിഷ്ഠമായ എക്കൽമണ്ണ് (Alluvium) കൊണ്ടാണ് ഈ സമതലം രൂപപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ കാർഷിക കേന്ദ്രവും ജനസാന്ദ്രതയേറിയ മേഖലയുമാണിത്.
ഉപദ്വീപീയ പീഠഭൂമി (The Peninsular Plateau): ഇന്ത്യയിലെ ഏറ്റവും പുരാതനവും കഠിനവുമായ ശിലാപാളികൾ അടങ്ങിയ ഭൂവിഭാഗമാണിത്. വിന്ധ്യ-സാത്പുര നിരകൾ, മാൾവ പീഠഭൂമി, ചോട്ടാനാഗ്പൂർ പീഠഭൂമി, ഡെക്കാൻ പീഠഭൂമി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ധാതുസമ്പന്നമായ മേഖലയാണിത്.
തീരദേശ സമതലങ്ങൾ (The Coastal Plains): ഉപദ്വീപീയ പീഠഭൂമിയുടെ ഇരുവശത്തുമായി പശ്ചിമഘട്ടത്തിനും കിഴക്കൻ ഘട്ടത്തിനും ഇടയിലായി കിടക്കുന്ന തീരപ്രദേശങ്ങൾ. പടിഞ്ഞാറൻ തീരസമതലം ഇടുങ്ങിയതും കിഴക്കൻ തീരസമതലം ഡെൽറ്റകളാൽ വിശാലവുമായ ഘടന പുലർത്തുന്നു.
ഇന്ത്യൻ മരുഭൂമി (The Great Indian Desert / Thar): പടിഞ്ഞാറൻ രാജസ്ഥാനിൽ വ്യാപിച്ചുകിടക്കുന്ന മണൽക്കുന്നുകളും വരണ്ട കാലാവസ്ഥയും കുറഞ്ഞ മഴയുമുള്ള ആവാസവ്യവസ്ഥ.
ദ്വീപസമൂഹങ്ങൾ (The Islands): അറബിക്കടലിൽ പവിഴപ്പുറ്റുകളാൽ നിർമ്മിതമായ ലക്ഷദ്വീപും, ബംഗാൾ ഉൾക്കടലിൽ അഗ്നിപർവ്വത-ടെക്റ്റോണിക് ഉത്ഭവമുള്ള ആൻഡമാൻ-നിക്കോബാർ ദ്വീപുകളും.
ഇന്ത്യയുടെ ഭൗമചരിത്രം
ഭൂമിശാസ്ത്രപരമായി തന്നെ അതിർത്തികൾ കൊണ്ട് ഒരു രാജ്യമായി കാണപ്പെടുന്ന അവസ്ഥ ഇന്ത്യക്കുണ്ട്. എന്നാൽ ഭൗമ ചരിത്രം മറ്റ് ദേശങ്ങളുമായുളള ബന്ധത്തെ വെളിപ്പെടുത്തുന്നതാണ്.ഭൂപടത്തിൽ ഇന്നത്തെ കേരളവും ആഫ്രിക്കൻ തീരത്തുള്ള മഡഗാസ്കറും പരസ്പരം അയ്യായിരത്തോളം കിലോമീറ്റർ അകലെയാണ്. എന്നാൽ ഭൗമചരിത്രത്തിലേക്ക് (Geological History) ഊളിയിട്ടാൽ, ഇവ രണ്ടും ഒരുകാലത്ത് ഒറ്റ ശരീരമായി ചേർന്നുനിന്ന “ഭൂമിശാസ്ത്രപരമായ ഇരട്ടകളായിരുന്നു” (Geological twins) എന്ന് കാണാം.ഏകദേശം 20 കോടി വർഷങ്ങൾക്ക് മുൻപ്, ഭൂമിയിലെ കരഭാഗങ്ങളെല്ലാം ചേർന്ന് ‘പാൻജിയ’ (Pangea) എന്ന ഒറ്റ മഹാഭൂഖണ്ഡമായിരുന്നു. ഇത് പിളർന്ന് തെക്കൻ അർദ്ധഗോളത്തിൽ രൂപപ്പെട്ട ഭൂഭാഗമാണ് ഗോണ്ട്വാനാലാൻഡ് (Gondwanaland).ഇന്നത്തെ അന്റാർട്ടിക്ക, ആസ്ട്രേലിയ, ആഫ്രിക്ക, തെക്കേ അമേരിക്ക, മഡഗാസ്കർ, ഇന്ത്യ എന്നിവയെല്ലാം ഒട്ടിനിന്ന ഒരു കൂറ്റൻ കരപ്രദേശമായിരുന്നു അത്.ഈ മഹാഭൂഖണ്ഡത്തിന്റെ മധ്യത്തിലായിരുന്നു ഇന്ത്യൻ ഉപദ്വീപിന്റെ സ്ഥാനം. അക്കാലത്ത് കേരളവും പശ്ചിമഘട്ടവും ചേർന്നുനിന്നിരുന്നത് മഡഗാസ്കറിന്റെ കിഴക്കൻ തീരത്തോടായിരുന്നു; തെക്കേ ഇന്ത്യയുടെ കിഴക്കൻ തീരം (ഇന്നത്തെ തമിഴ്നാട്-ആന്ധ്ര മേഖല) അന്റാർട്ടിക്കയോടും പടിഞ്ഞാറൻ ഓസ്ട്രേലിയയോടും ചേർന്നിരുന്നു (Valdiya 34).മെസോസോയിക് യുഗത്തിന്റെ അവസാനഘട്ടത്തിൽ ഗോണ്ട്വാനാലാൻഡിൽ വൻ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു:ആദ്യ വേർപിരിയൽ (ഏകദേശം 16–14 കോടി വർഷം മുൻപ്) ഘട്ടത്തിൽ ആഫ്രിക്കൻ വൻകരയിൽ നിന്ന് ഇന്ത്യ-മഡഗാസ്കർ കൂട്ടുകെട്ട് വിട്ടുപോന്നു.രണ്ടാം വേർപിരിയൽ (ഏകദേശം 12 കോടി വർഷം മുൻപ്) ഘട്ടത്തിൽ അന്റാർട്ടിക്കയും ഓസ്ട്രേലിയയും ഇന്ത്യയിൽ നിന്ന് വേർപെട്ടു. ഇതോടെ സമുദ്രത്തിൽ’ഇന്തോ-മഡഗാസ്കർ’ (Indo-Madagascar landmass) എന്ന സംയുക്ത ദ്വീപ് മാത്രമായി അവശേഷിച്ചു.മഡഗാസ്കറുമായുള്ള വേർപിരിയൽ (ഏകദേശം 8.8 കോടി വർഷം മുൻപ്) നടക്കുന്നത് അതിനെ തുടർന്നാണ്. ക്രിറ്റേഷ്യസ് (Late Cretaceous) കാലഘട്ടത്തിൽ, ഭൂമിക്കടിയിലെ ‘മരിയൻ ഹോട്ട്സ്പോട്ട്’ (Marion Hotspot) എന്ന അഗ്നിപർവ്വത മേഖലയ്ക്ക് മീതെക്കൂടി ഈ കരഭാഗം കടന്നുപോയപ്പോൾ ഉണ്ടായ അതിശക്തമായ ഭൗമവിള്ളലുകൾ കാരണം മഡഗാസ്കറും ഇന്ത്യയും വേർപെട്ടു (Storey et al. 308).
ഇന്ത്യ മഡഗാസ്കറിനെ ഉപേക്ഷിച്ച് പ്രതിവർഷം 15 മുതൽ 20 സെൻറീമീറ്റർ വരെ വേഗതയിൽ വടക്കോട്ട് പാഞ്ഞു. ഈ പിളർപ്പിലൂടെ സമുദ്രജലം ഇരച്ചുകയറിയാണ് അറബിക്കടൽ ജനിച്ചത്. ഇന്ന് നാം കാണുന്ന പശ്ചിമഘട്ടം (Western Ghats) ഒരു സാധാരണ മടക്കുപർവ്വതമല്ല; മറിച്ച് മഡഗാസ്കർ കേരളത്തിൽ നിന്ന് അടർന്നുമാറിയപ്പോൾ രൂപപ്പെട്ട കൂറ്റൻ ഭൗമവിള്ളലിന്റെ ചെങ്കുത്തായ വശമാണ് (Fault scarp) എന്ന് ഭൂവിജ്ഞാനികൾ ചൂണ്ടിക്കാണിക്കുന്നു (Radhakrishna 412).മഡഗാസ്കറും തെക്കേ ഇന്ത്യയും ഒരുകാലത്ത് ഒന്നായിരുന്നു എന്നതിന് ശാസ്ത്രം കണ്ടെത്തിയ തെളിവുകൾ വിസ്മയകരമാണ്.പാതാളത്തവള (Nasikabatrachus sahyadrensis) ജീവിക്കുന്ന ഫോസിൽ ആണ്.2003-ൽ ഇടുക്കിയിലെ മലനിരകളിൽ നിന്ന് കണ്ടെത്തിയ ‘പാതാളത്തവള’ അഥവാ പന്നിമൂക്കൻ തവള (Purple frog) ഈ ഭൗമബന്ധത്തിന്റെ ജീവിക്കുന്ന തെളിവാണ്.വർഷത്തിൽ 364 ദിവസവും മണ്ണിനടിയിൽ കഴിയുന്ന ഈ തവളയുടെ ഏറ്റവും അടുത്ത ജനിതക ബന്ധുക്കൾ ജീവിക്കുന്നത് ഇന്ത്യയിലല്ല, മറിച്ച് മഡഗാസ്കറിൽ ആണ്. ‘സൂഗ്ലോസിഡെ’ (Sooglossidae) കുടുംബത്തിലെ തവളകളാണ് (Biju and Bossuyt 711). ആ ബന്ധുക്കൾ.തവളകൾക്ക് ഉപ്പുവെള്ളം കടക്കാൻ കഴിയില്ലെന്നിരിക്കെ, സമുദ്രങ്ങൾക്ക് കുറുകെ ഇവ എങ്ങനെ വ്യാപിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം ഭൗമചരിത്രമാണ്. 8.8 കോടി വർഷം മുൻപ് ഇവയുടെ പൂർവ്വികർ ഒരൊറ്റ കാട്ടിൽ ജീവിച്ചവരായിരുന്നു. കര പിളർന്നപ്പോൾ ഒരു വിഭാഗം മഡഗാസ്കറിലും മറുവിഭാഗം പശ്ചിമഘട്ടത്തിലും കുടുങ്ങിപ്പോയി (Bossuyt and Milinkovitch 581). മറ്റൊരു തെളിവ് പാലക്കാട് ചുരവും റനോത്സറ വിള്ളലും (Jigsaw Puzzle) ആണ്.ഭൗമശാസ്ത്രജ്ഞനായ എം. സന്തോഷും സഹപ്രവർത്തകരും നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്, കേരളത്തിന്റെ നടുവിലുള്ള പാലക്കാട് ചുരത്തിന് (Palghat Gap) സമാനമായ ഒരു ഭൗമവിള്ളൽ മഡഗാസ്കറിലും ഉണ്ടെന്നാണ്—അതാണ് മഡഗാസ്കറിലെ ‘റനോത്സറ വിള്ളൽ’ (Ranotsara Shear Zone).ഭൂപടത്തിൽ മഡഗാസ്കറിനെ കൊണ്ടുവന്ന് പശ്ചിമതീരത്തുവെച്ചാൽ ഒരു പസിൽ കഷണം പോലെ പാലക്കാട് വിടവും റനോത്സറ വിടവും കൃത്യമായി കൂട്ടിച്ചേരും (Santosh et al. 204).പാലക്കാട് ചുരത്തിന്റെ വടക്കും തെക്കുമുള്ള ശിലാഘടനകളും (Charnockites, Khondalites) മഡഗാസ്കറിന്റെ റനോത്സറ മേഖലയിലെ ശിലാഘടനകളും തമ്മിൽ പ്രായത്തിലും ധാതുഘടനയിലും അമ്പരപ്പിക്കുന്ന സമാനതയാണുള്ളത്.ചവറയിലെ കരിമണലും മഡഗാസ്കറിലെ ഇൽമനൈറ്റും മറ്റൊരു തെളിവാണ്.
കൊല്ലത്തെ ചവറ, നീണ്ടകര തീരങ്ങളിലുള്ള ഇൽമനൈറ്റ് (Ilmenite), മോണോസൈറ്റ് (Monazite) സമ്പുഷ്ടമായ കരിമണൽ നിക്ഷേപത്തിന് തുല്യമായ അയിര് നിക്ഷേപങ്ങൾ മഡഗാസ്കറിന്റെ തെക്കുകിഴക്കൻ തീരമായ ടോലഗ്നാരോ (Tolagnaro / Fort Dauphin) മേഖലയിലും കാണപ്പെടുന്നു. വിഭജനത്തിന് മുൻപ് ഒരൊറ്റ നദീവ്യവസ്ഥ ഒഴുക്കിക്കൊണ്ടുവന്ന ധാതുക്കളാണ് ഈ തീരങ്ങളിലുമുള്ളത് (Collins 128). സംസ്കാരങ്ങൾ മാത്രമല്ല ഭൂഭാഗങ്ങളും സങ്കര സന്താനങ്ങളാണ്.
പ്രപഞ്ചോല്പത്തി കഥകളിലെ ദേശ നിർമ്മിതി സങ്കല്പം
മനുഷ്യനിർമ്മിത അതിരുകളും ഭൂപട സങ്കല്പങ്ങളും ഇടങ്ങളും എല്ലാം നിർമ്മിക്കപ്പെടുന്നത് അധ്വാനത്തിൽ നിന്നാണ്. ഒരു നദിയുടെ കരയിൽ ജലം കിട്ടും എന്നുള്ളത് കൊണ്ട് അവിടെ കൃഷി ചെയ്യുന്നു. കൃഷി ചെയ്യാൻ ഒന്നിലധികം ആളുകൾ വേണമെന്നതു കൊണ്ട് കൂട്ടായിട്ടും കൂട്ടമായിട്ടും താമസിക്കുന്നു. കൃഷി ചെയ്യുന്ന വിളഭൂമിക്ക് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടി അതിനു അതിരുകൾ വേണ്ടിവരുന്നു.കൃഷിയുടെ സമ്പത്ത് മൃഗങ്ങളാലും പ്രകൃതി ശക്തികളാലും മറ്റു ജനവിഭാഗങ്ങളാലും നശിപ്പിക്കപ്പെടാതിരിക്കാൻ വേണ്ടി അതിർത്തി സംരക്ഷിക്കപ്പെടുന്നു. അതിർത്തി സംരക്ഷണത്തിൽ നിന്നാണ് ദേശം എന്നു പറയുന്ന സങ്കല്പം ഉരുവപ്പെട്ടു വരുന്നത്. എന്നാൽ കൃഷി ചെയ്ത് ലഭിക്കുന്ന സമ്പത്ത് ഒരു കൂട്ടർ കൈവശം വയ്ക്കാൻ തുടങ്ങുന്നത് മുതൽ, അധ്വാനിക്കാത്ത ഒരു കൂട്ടർ കൈവശം വയ്ക്കുന്നത് മുതൽ അതിർത്തി സംരക്ഷണവും അധ്വാനവും അന്യവൽക്കരിക്കപ്പെടുകയും അതിർത്തിക്കുള്ളിൽ ജീവിക്കുന്ന ആളുകൾക്ക് ഗുണകരമല്ലാത്ത രീതിയിൽ അതിർത്തി സംരക്ഷണം നിർവഹിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ദൃശ്യഭൂപടത്തിനു പുറത്ത് ചട്ടികൾ വലിച്ചെറിയപ്പെടുന്നവരുടെ അദൃശ്യ ഭൂപടങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അധ്വാനിക്കാത്തവരുടെ ദേശഭാവനയിൽ ദേശം കളഞ്ഞു കിട്ടിയ ഒരു വസ്തുവായി മാറുന്നു. എന്നാൽ അദൃശ്യ ഭൂപട നിർമ്മാതാക്കളുടെ ദൃഷ്ടിയിൽ അത് അധ്വാനത്തിന്റെ സൃഷ്ടിയായി മാറുന്നു. ഇത് പഴയ പുരാവൃത്തങ്ങളിൽ ഈ വ്യത്യാസം ദൃശ്യമാണ്. പ്രാചീനമായ ദേശ സങ്കൽപ്പങ്ങളിൽ ഈ വൈരുദ്ധ്യങ്ങൾ കാണാൻ സാധിക്കും. പ്രപഞ്ചത്തെക്കുറിച്ചുള്ള, ഭൂമിയെക്കുറിച്ചുള്ള ഉല്പത്തി കഥകളിൽ ഈ വൈരുദ്ധ്യം നമുക്ക് കാണാൻ സാധിക്കും. ഭൂമിയും പ്രപഞ്ചവും ഉണ്ടായി എന്ന നിലയിലും അധ്വാനത്തിലൂടെ ഉണ്ടാക്കപ്പെട്ടു എന്ന നിലയിലും ഉള്ള പുരാവൃത്തങ്ങൾ ഉണ്ട്. അധ്വാനപക്ഷ പ്രപഞ്ചഉല്പത്തിസങ്കല്പങ്ങൾ ഇന്ത്യൻ പുരാവൃത്തങ്ങളിൽ തന്നെ ധാരാളം കാണാം.വിപരീതമായി ദൈവത്തിൻറെ സൃഷ്ടി എന്ന നിലയിലുള്ളതും കാണാം. സന്താൽ പുരാവൃത്ത കഥ അധ്വാനപക്ഷ ദേശനിർമ്മിതി സങ്കൽപ്പത്തിന് ഉദാഹരണമാണ്. സന്താൾ ജനതയുടെ ഉത്പത്തി കഥ അടങ്ങുന്ന പാരമ്പര്യഗാഥ വാമൊഴിയായി തലമുറകളിലേക്ക് പകർന്നുനൽകിയ അനുഷ്ഠാന ഇതിഹാസകാവ്യമാണ് ‘ബിന്തി’ (Binti). സന്താളുകളുടെ പൂർവികനായ കലേൺ ഹറാം (Kolean Haram) 1871-ൽ വാമൊഴിയായി പറഞ്ഞുകൊടുത്ത വിവരങ്ങൾ എൽ.ഒ. സ്ക്രെഫ്രുഡ് ശേഖരിക്കുകയും, പിന്നീട് റവറന്റ് പി.ഒ. ബോഡിംഗ് (Rev. P.O. Bodding) സമഗ്രമായി എഡിറ്റ് ചെയ്ത് വിവർത്തനം ചെയ്യുകയും ചെയ്ത Traditions and Institutions of the Santhals: Horkoren Mare Hapramko Reak’ Katha (1942), അദ്ദേഹത്തിന്റെ തന്നെ Santal Folk Tales (1925), വേരിയർ എൽവിന്റെ Myths of Middle India (1949) എന്നീ ആധികാരിക പഠനഗ്രന്ഥങ്ങളിലാണ് ഈ ആഖ്യാനം പൂർണ്ണരൂപത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ആദിയിൽ പ്രപഞ്ചത്തിൽ കരയോ ആകാശമോ വൃക്ഷലതാദികളോ ഉണ്ടായിരുന്നില്ല; അനന്തമായി പരന്നുകിടക്കുന്ന ജലം (ജൽ-പ്രളയം) മാത്രമാണുണ്ടായിരുന്നത്. പരമോന്നത ദൈവമായ താക്കൂർ ജിയു (Thakur Jiu) ആദ്യം സമുദ്രത്തിൽ ജീവിക്കാൻ മുതല, ഞണ്ട്, ആമ, മീനുകൾ, മണ്ണീര തുടങ്ങിയ ജലജീവികളെയാണ് സൃഷ്ടിച്ചത്. തുടർന്ന് തന്റെ മാറിടത്തിലെ അഴുക്കിൽ നിന്നോ തൂവലുകളിൽ നിന്നോ താക്കൂർ പറക്കാൻ കഴിവുള്ള രണ്ട് ഹംസസമാനമായ പക്ഷികളെ നിർമ്മിച്ചു. ഹസ് (Has), ഹാസിൽ (Hasil) എന്നാണ് അവ അറിയപ്പെട്ടത്. ആകാശത്ത് സ്വതന്ത്രമായി പറന്നുനടന്നെങ്കിലും കാലുകുത്താനോ കൂടുകൂട്ടി വിശ്രമിക്കാനോ ഒരു തരി മണ്ണോ മരക്കൊമ്പോ ഇല്ലാതെ അവ തളർന്നു വീഴാറായി. പക്ഷികളുടെ ദയനീയമായ വിലാപം കേട്ട താക്കൂർ ജിയു, അവയ്ക്ക് കൂടുകൂട്ടാൻ ഭൂമി നിർമ്മിക്കാൻ തീരുമാനിച്ചു.
സമുദ്രത്തിന്റെ അഗാധമായ അടിത്തട്ടിൽ കിടക്കുന്ന മണ്ണെടുത്ത് കൊണ്ടുവരാൻ താക്കൂർ ജീവികളോട് ആജ്ഞാപിച്ചു. മുതല അടിത്തട്ടിലേക്ക് ഊളിയിട്ട് വായിൽ മണ്ണെടുത്തു വന്നെങ്കിലും ജലോപരിതലത്തിൽ എത്തുമ്പോഴേക്കും അത് ഒലിച്ചുപോയി. ഞണ്ട് തന്റെ തണ്ടുകളിൽ മണ്ണ് വാരിയെടുത്ത് ഉയർന്നുപൊങ്ങിയെങ്കിലും അതും ജലപ്രവാഹത്തിൽ അലിഞ്ഞുതീർന്നു. തുടർന്ന് എത്തിയ പല ജീവികളും പരാജയപ്പെട്ടപ്പോൾ, കാഴ്ചയിൽ നിസ്സാരനായ മണ്ണിര (ലെന്ദോത് / Lendon) ഈ കഠിനദൗത്യം ഏറ്റെടുത്തു. എന്നാൽ മണ്ണ് കൊണ്ടുവെക്കാൻ ഉറപ്പുള്ള ഒരു അടിത്തറ വേണമെന്ന് മണ്ണിര ആവശ്യപ്പെട്ടു. അതനുസരിച്ച് താക്കൂർ വലിയൊരു ആമയെ വിളിച്ചുവരുത്തി ജലപ്പരപ്പിൽ നിശ്ചലമായി നിർത്തി; ഓളങ്ങളിൽ ആടിയുലയാതിരിക്കാൻ ആമയുടെ നാലുകാലുകളും ഇരുമ്പുചങ്ങലകൾ കൊണ്ട് ബന്ധിച്ചു. മണ്ണീര കടലിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങി തന്റെ വായകൊണ്ട് മണ്ണ് നിരന്തരം വിഴുങ്ങി മുകളിലേക്ക് നീന്തിയെത്തി. ആമയുടെ പുറത്ത് വാൽവെച്ച്, സ്വന്തം ശരീരത്തിലൂടെ ആ മണ്ണ് പുറന്തള്ളി. അളവറ്റ തവണ അടിത്തട്ടിലേക്കും മുകളിലേക്കും സഞ്ചരിച്ച് മണ്ണീര നടത്തിയ ആ കഠിനമായ കായിക-ശാരീരിക അധ്വാനത്തിലൂടെ ആമയുടെ പുറത്ത് മണ്ണ് കുന്നുകൂടി. ആ മണ്ണ് ക്രമേണ വലിപ്പത്തിൽ വികസിക്കുകയും താക്കൂർ അതിൽ പുല്ലുകളും സസ്യങ്ങളും ആൽമരവും മുളപ്പിക്കുകയും ചെയ്തതോടെ ഇന്നത്തെ ഭൂമി പൂർണ്ണമായി രൂപപ്പെട്ടു. മണ്ണിൽ പണിയെടുക്കുന്നവരും അവരുടെ ഉത്പാദനോപകരണങ്ങളുമാണ് ദേശത്തെ, ഭൂമിയെ, പ്രപഞ്ചത്തെ നിർമ്മിക്കുന്നത്.
ഗോണ്ടുകളുടെ വാമൊഴി ചരിത്രത്തിലെ പ്രപഞ്ചോല്പത്തി കഥയിലും ഭൂമിയുടെ നിർമ്മിതി അഥവാ പ്രപഞ്ചത്തിന്റെ നിർമ്മിതി അധ്വാനത്തിൽ നിന്നാണ് എന്ന് പറയുന്ന സങ്കല്പം പിന്തുടരുന്നതായി കാണാം./മധ്യേന്ത്യയിലെ ആദിവാസി ജനവിഭാഗമായ ഗോണ്ടുകളുടെ വാമൊഴി പാരമ്പര്യത്തിൽ പ്രപഞ്ചോത്പത്തി എന്നത് കേവലമായ ഒരു ദൈവിക ഇച്ഛയല്ല, മറിച്ച് കഠിനമായ ശാരീരിക അധ്വാനവും പ്രാചീന ലോഹനിർമ്മാണ സാങ്കേതികവിദ്യയും കൂടിച്ചേർന്ന് സംഭവിക്കുന്ന ഭൗതികമായ ഒരു നിർമ്മിതിയാണ്. ഗോണ്ട് സമൂഹത്തിലെ പാരമ്പര്യ പാട്ടുകാരായ പ്രധാൻ (Pardhan) വിഭാഗക്കാർ വാമൊഴിയായി തലമുറകളിലേക്ക് പകർന്നുനൽകിയ ഈ ഉത്പത്തിഗാഥയെ നരവംശശാസ്ത്രജ്ഞനായ വേരിയർ എൽവിൻ തന്റെ The Agaria (1942), Myths of Middle India (1949) എന്നീ വിഖ്യാത പഠനഗ്രന്ഥങ്ങളിലും, ക്രിസ്റ്റോഫ് വോൺ ഫ്യൂറർ-ഹൈമെൻഡോർഫ് The Raj Gonds of Adilabad: Myth and Ritual (1948) എന്ന കൃതിയിലും സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പുരാവൃത്തപ്രകാരം ആദിയിൽ പ്രപഞ്ചത്തിൽ കരയോ പർവ്വതങ്ങളോ മനുഷ്യരോ ഉണ്ടായിരുന്നില്ല; അനന്തവും അഗാധവുമായ ജലപ്പരപ്പ് മാത്രമായിരുന്നു എങ്ങും നിലനിന്നിരുന്നത്. ആ മഹാജലത്തിന് മീതെ ഒഴുകിനടന്ന വലിയൊരു താമരയിലയിൽ ഏകാന്തനായി വസിച്ചിരുന്ന ആദിദേവനായ ഭഗവാൻ (മഹാദേവൻ / ഫെർസ പെൻ) ജീവിക്കാൻ ഒരിടം വേണമെന്ന് നിശ്ചയിക്കുകയും തന്റെ ശരീരത്തിലെ അഴുക്കിൽ നിന്ന് ഒരു കാക്കയെ (Kag) സൃഷ്ടിച്ച് വെള്ളത്തിനടിയിലെ പാതാളത്തിൽ ഉറങ്ങിക്കിടക്കുന്ന മണ്ണന്വേഷിച്ച് പറഞ്ഞയക്കുകയും ചെയ്തു. ആഴ്ചകളോളം ജലത്തിനുമീതെ പറന്നുനടന്ന കാക്ക ഒടുവിൽ ആഴങ്ങളിൽ വിശ്രമിച്ചിരുന്ന വലിയ ഞണ്ടിനെയും (Kekra) കൂറ്റൻ ആമയെയും കണ്ടെത്തുന്നു. അവരുടെ നിർദ്ദേശപ്രകാരം പാതാളത്തിൽ വസിച്ചിരുന്ന മണ്ണിരയെ (Lendia / Gaint) ഭഗവാന്റെ മുന്നിൽ എത്തിക്കുന്നു. ഭഗവാന്റെ ആജ്ഞപ്രകാരം മണ്ണിര സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട് സ്വന്തം വായകൊണ്ട് മണ്ണ് നിരന്തരം വിഴുങ്ങി കൊണ്ടുവന്ന് ഭഗവാന് നൽകി. ലഭിച്ച മണ്ണ് ജലോപരിതലത്തിൽ വിതറി ഭഗവാൻ പരന്നൊരു പ്രതലം ഉണ്ടാക്കിയെങ്കിലും, അടിത്തറയില്ലാത്ത ആ പുതിയ ഭൂമി ഉറച്ചുനിൽക്കാതെ വെള്ളത്തിനുമീതെ പായൽപോലെയും ചതുപ്പുപോലെയും ആടിയുലഞ്ഞുകൊണ്ടിരുന്നു; ജീവജാലങ്ങൾക്കോ സസ്യങ്ങൾക്കോ നിലയുറപ്പിക്കാൻ കഴിയാത്തവിധം വിറച്ചുനിന്ന ആ ഭൂമിയെ സ്വന്തം ദൈവികശക്തി കൊണ്ടോ മന്ത്രങ്ങൾ കൊണ്ടോ ഉറപ്പിച്ചുനിർത്താൻ ഭഗവാന് സാധിച്ചതുമില്ല.
ഈ പ്രതിസന്ധിഘട്ടത്തിലാണ് ഗോണ്ട് ഉത്പത്തി പുരാവൃത്തം തികച്ചും ഉല്പാദനകേന്ദ്രീകൃതമായ ഒരു വ്യാവസായിക-അധ്വാന ഘട്ടത്തിലേക്ക് കടക്കുന്നത്. വിറച്ചുനിൽക്കുന്ന ഭൂമിയെ ഉറപ്പിക്കാൻ ഭഗവാൻ ഗോണ്ടുകളുമായി രക്തബന്ധമുള്ള ആദിമ ഇരുമ്പുപണി ഗോത്രമായ ‘അഗരിയ’ (Agaria) വിഭാഗത്തിലെ മൂപ്പനായ ലോഹാസുരന്റെ (Lahasur / Jwala Mukhi) സഹായം തേടുന്നു. എൽവിൻ The Agaria എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നതുപോലെ, പ്രപഞ്ചത്തെ ഒരു യജ്ഞശാലയായോ വെറും പ്രകൃതിയായോ അല്ല, മറിച്ച് കരിയും തീയും പുകയും നിറഞ്ഞ ഒരു ഇരുമ്പുതീച്ചൂളയായാണ് (Furnace) അഗരിയ മിത്ത് വിഭാവനം ചെയ്യുന്നത് (Elwin, The Agaria 102). ലോഹാസുരനും അദ്ദേഹത്തിന്റെ കൂട്ടാളികളും മലനിരകൾ കിളച്ചുമാന്തി ഇരുമ്പയിര് കുഴിച്ചെടുക്കുകയും, കാടുകളിൽ നിന്ന് മരക്കരിയുണ്ടാക്കി വലിയ ചൂളകൾ പണിയുകയും ചെയ്തു. സ്വന്തം കാലുകൾ കൊണ്ട് തുരുത്തി (Bellows) നിരന്തരം ചവിട്ടിത്താഴ്ത്തി കാറ്റൂതി ജ്വലിപ്പിച്ച്, കഠിനമായ ചൂടിൽ വിയർപ്പൊഴുക്കി അവർ അയിര് ഉരുക്കി ശുദ്ധമായ ഇരുമ്പാക്കി മാറ്റി. ആ ഉരുകിയ ഇരുമ്പ് പഴുപ്പിച്ച് കൂറ്റൻ കൂടങ്ങൾ കൊണ്ട് അടിച്ച് പതംവരുത്തി അവർ ഭീമാകാരമായ നാല് ഇരുമ്പാണികളും (Iron pegs / spikes) കട്ടിയേറിയ ഇരുമ്പുചങ്ങലകളും നിർമ്മിച്ചു. തുടർന്ന് ആടിയുലയുന്ന ഭൂമിയുടെ നാല് ദിക്കുകളിലും അതിരുകളിലുമായി ഈ കൂറ്റൻ ഇരുമ്പാണികൾ അടിച്ചുകയറ്റി ഭൂമിയെ അടിത്തട്ടിലെ പാറകളുമായി ബന്ധിച്ച് ശാശ്വതമായി ഉറപ്പിച്ചുനിർത്തി. ഇരുമ്പുപണിക്കാരന്റെ കായിക അധ്വാനവും ചൂളയിലെ അഗ്നിയും ശാസ്ത്രസാങ്കേതികവിദ്യയുമാണ് ലോകത്തെ ആദ്യമായി മനുഷ്യവാസയോഗ്യമായ ഉറപ്പുള്ള ഒരു ഭൗതിക ഇടമാക്കി മാറ്റിയത്.
ഭൂമി ഉറച്ചുനിന്നതിനുശേഷം ഗോണ്ടുകളുടെ സാംസ്കാരിക നായകനും പൂർവ്വപിതാവുമായ പഹാരി കുപാർ ലിംഗോ (Pahari Kupar Lingo) അവതരിക്കുന്നതോടെയാണ് മനുഷ്യസംസ്കാരവും സമൂഹവും വികസിക്കുന്നത്. ഹൈമെൻഡോർഫ് രേഖപ്പെടുത്തുന്നതനുസരിച്ച്, പ്രകൃതിയുടെ വന്യതയെ മാറ്റിമറിച്ച് കാർഷിക അധ്വാനത്തിലേക്ക് ഗോണ്ട് ജനതയെ നയിച്ചത് ലിംഗോ പെൻ ആണ് (Fürer-Haimendorf 98). കല്ലും മുള്ളും നിറഞ്ഞ കുന്നിൻചെരിവുകൾ വെട്ടിത്തെളിക്കാനും നിലം ഉഴുതുമറിക്കാനും മനുഷ്യരെ പഠിപ്പിച്ച ലിംഗോ, കൂട്ടായ കാർഷിക അധ്വാനത്തിനും പരസ്പര സഹകരണത്തിനുമായി ഗോണ്ട് ഗ്രാമങ്ങളിൽ ‘ഘോത്തുൽ’ (Ghotul) എന്ന സവിശേഷമായ യുവജന കൂട്ടായ്മാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. വിത്തുവിതയ്ക്കലും വിളവെടുപ്പും മൺപാത്രനിർമ്മാണവും പരമ്പരാഗത സംഗീതവും അനുഷ്ഠാനങ്ങളുമായി സമന്വയിപ്പിച്ച് സ്വയംപര്യാപ്തമായ ഒരു ഗോത്ര കാർഷിക വ്യവസ്ഥയെ അദ്ദേഹം രൂപപ്പെടുത്തി. ഇങ്ങനെ ദേവതകളുടെ അമാനുഷിക സിദ്ധികൾക്കപ്പുറം, മണ്ണിരയുടെ ശരീരപ്രയത്നവും അഗരിയകളുടെ ഇരുമ്പുപണിയും ലിംഗോയുടെ കാർഷിക സംഘാടനവും ചേർന്ന നിരന്തരമായ മനുഷ്യ-ജീവി അധ്വാനത്തിലൂടെയാണ് ഇന്നത്തെ പ്രപഞ്ചവും സമൂഹവും നിലവിൽവന്നതെന്ന ഭൗതിക യാഥാർത്ഥ്യമാണ് ഗോണ്ട് പുരാവൃത്തങ്ങൾ പ്രഖ്യാപിക്കുന്നത്.
എന്നാൽ മഹാഭാഗവത പുരാണത്തിലെ ദ്വിതീയ-തൃതീയ സ്കന്ധങ്ങളിലും വിഷ്ണുപുരാണത്തിന്റെ പ്രഥമാംശത്തിലും വിവരിക്കുന്ന പ്രപഞ്ചോത്പത്തി കഥയിൽ, ഭൗതികമായ യാതൊരു കൈയധ്വാനവുമില്ലാതെ പരമപുരുഷനായ നാരായണന്റെ യോഗനിദ്രയിൽ നിന്നും വിരാട് ശരീരത്തിന്റെ അവയവങ്ങളിൽ നിന്നും പ്രപഞ്ചം സ്വയം വിരിഞ്ഞുണരുന്ന വിസ്മയകരമായ ആഖ്യാനമാണ് കാണാൻ കഴിയുന്നത്. പ്രളയകാലത്തിന്റെ അന്ത്യത്തിൽ സർവ്വ ലോകങ്ങളും ലയിച്ച് അഗാധവും ശാന്തവുമായ കാരുണ്യാബ്ധിയിൽ (കാരണോദകം) പരബ്രഹ്മസ്വരൂപനായ മഹാവിഷ്ണു അനന്തനാകുന്ന മെത്തയിൽ അനായാസമായി യോഗനിദ്രയിലാണ്ടു. സർവ്വ ചരാചരങ്ങളുടെയും സൂക്ഷ്മബീജങ്ങൾ അവിടുത്തെ ഉദരത്തിൽ യാതൊരു ചലനവുമില്ലാതെ ഒടുങ്ങിക്കിടക്കുകയായിരുന്നു. കാലം പരിപക്വമായപ്പോൾ, വിഷ്ണുവിന്റെ കേവലമായ ഒരു നോട്ടത്താലും ഇച്ഛയാലും അവിടുത്തെ നാഭിപ്രദേശത്തുനിന്ന് പ്രകാശമയമായ ഒരു മുകുളം ഉദയം ചെയ്തു. ആ മുകുളം അനന്തകോടി സൂര്യന്മാരുടെ കാന്തിയോടെ വിടർന്നു പന്തലിച്ച ആയിരം ദളങ്ങളുള്ള ഒരു ദിവ്യതാമരയായി (സഹസ്രപത്ര കമലമായി) മാറി. ആ താമരപ്പൂവിന്റെ കർണ്ണികയിലാണ് സർവ്വവേദസ്വരൂപനായ ചതുർമുഖ ബ്രഹ്മാവ് സ്വയമേവ പിറവിയെടുത്തത്. ചുറ്റും കൂരിരുട്ടു മാത്രം കണ്ട ബ്രഹ്മാവ്, താൻ ഇരിക്കുന്ന താമരയുടെ അടിത്തറയന്വേഷിച്ച് അതിന്റെ നാളത്തിലൂടെ നൂറു ദിവ്യവർഷം താഴേക്ക് ഊളിയിട്ടു സഞ്ചരിച്ചെങ്കിലും അതിന്റെ ഉത്ഭവം കണ്ടെത്താനായില്ല. തുടർന്ന് താമരയിലിരുന്ന് അവിടുന്ന് നടത്തിയ ദിവ്യമായ തപസ്സിന്റെ അന്ത്യത്തിൽ, തന്റെ ഹൃദയത്തിനുള്ളിൽത്തന്നെ സർവ്വവ്യാപിയായ മഹാപുരുഷന്റെ വിരാട് രൂപം ബ്രഹ്മാവ് ദർശിച്ചു (Tagare, Bhāgavata-Purāṇa 206).
തുടർന്ന് ഭഗവാന്റെ ആജ്ഞയാൽ ആ വിരാട്പുരുഷന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിൽ നിന്നാണ് സമസ്ത ഭൗതിക പ്രപഞ്ചവും ജീവജാലങ്ങളും രൂപപ്പെടുന്നത്. കല്ലും മണ്ണും ഉപകരണങ്ങളും കൊണ്ടുണ്ടാക്കുന്ന ഒരു നിർമ്മിതിയായിരുന്നില്ല അത്; മറിച്ച് വിരാട് ശരീരത്തിന്റെ സ്വയംവിഭജനത്തിലൂടെ പ്രകൃതിഘടകങ്ങൾ തനിയെ വെളിപ്പെടുകയായിരുന്നു. ആ പ്രാപഞ്ചിക പുരുഷന്റെ വദനത്തിൽ നിന്ന് അഗ്നിയും ഇന്ദ്രനും വേദവാക്കുകളും പുറപ്പെട്ടു. കണ്ണുകൾ മിഴിച്ചുനോക്കിയപ്പോൾ സൂര്യനും കാഴ്ചാശക്തിയും ഉദയം ചെയ്തു. കർണ്ണങ്ങളിൽ നിന്ന് ദിക്കുകളും ആകാശത്തിലെ ശബ്ദതരംഗങ്ങളും, നാസാരന്ധ്രങ്ങളിൽ നിന്ന് വായുവും പ്രാണനും പ്രകടമായി. അവിടുത്തെ നാഭിപ്രദേശത്തുനിന്ന് അന്തരീക്ഷവും, ശിരസ്സിൽ നിന്ന് സ്വർഗ്ഗലോകവും, പാദങ്ങളിൽ നിന്ന് ഉറച്ച ഭൂമിയും സ്വയമേവ വഴിപിരിഞ്ഞു. പുരുഷസൂക്ത മാതൃക പിന്തുടർന്ന് ആ ശരീരത്തിൽ നിന്നുതന്നെയാണ് സമൂഹത്തിലെ ജീവിതാവസ്ഥകളും ഉത്ഭവിച്ചത്; മുഖത്തുനിന്ന് ജ്ഞാനികളായ ബ്രാഹ്മണരും, ബാഹുക്കളിൽ നിന്ന് സംരക്ഷകരായ ക്ഷത്രിയരും, തുടകളിൽ നിന്ന് സമ്പത്തുണ്ടാക്കുന്ന വൈശ്യരും, പാദങ്ങളിൽ നിന്ന് അശ്രാന്തമായി സേവനം ചെയ്യുന്ന ശൂദ്രരും പിറവിയെടുത്തു. ഭഗവാന്റെ രോമകൂപങ്ങളിൽ നിന്നാണ് പച്ചപ്പാർന്ന വനങ്ങളും സസ്യലതാദികളും ഓഷധികളും മുളച്ചുപൊന്തിയത്; അവിടുത്തെ അസ്ഥികളിൽ നിന്ന് പർവ്വതനിരകളും, രക്തക്കുഴലുകളിൽ നിന്ന് ഒഴുകുന്ന പുഴകളും, നഖങ്ങളിൽ നിന്ന് കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും വെളിപ്പെട്ടു. വിഷ്ണുപുരാണത്തിൽ പരാശര മഹർഷി മൈത്രേയനോട് വ്യക്തമാക്കുന്നതുപോലെ, തീയിൽ നിന്ന് പൊരികൾ അനായാസമായി നാലുപാടും ചിതറിത്തെറിക്കുന്നതുപോലെയും, വിത്തിൽ നിന്ന് വൃക്ഷം സ്വയം മുളപൊട്ടുന്നതുപോലെയും, പരമപുരുഷന്റെ കേവല സങ്കല്പത്താലും അവയവവിഭജനത്താലും പ്രപഞ്ചം ഒരു പ്രയത്നവുമില്ലാതെ സ്വയം പ്രകടമാകുകയായിരുന്നു (Wilson 38). ഇത്തരത്തിൽ കൈവേലയോ കായിക അധ്വാനമോ ഇല്ലാതെ ദിവ്യശരീരത്തിന്റെ അവയവങ്ങളിൽ നിന്ന് ലോകം സ്വയമേവ വിടർന്നുനിന്നു എന്ന അതിശയകരമായ കഥയാണ് പുരാണങ്ങൾ രേഖപ്പെടുത്തുന്നത്.
ഈ ഉത്പത്തി പുരാവൃത്തങ്ങളെ എതിർക്കാനാണ് ബുദ്ധപുരാവൃത്തങ്ങൾ ശ്രമിക്കുന്നത്.വൈദിക-ബ്രാഹ്മണ പാരമ്പര്യം തങ്ങളുടെ സാമൂഹികാധിപത്യത്തെയും വർണ്ണവ്യവസ്ഥയെയും സാധൂകരിക്കാൻ നിർമ്മിച്ചെടുത്ത അതിഭൗതിക-ദൈവിക പുരാവൃത്തങ്ങളെ അടിമുടി വിചാരണ ചെയ്യുകയും തകിടംമറിക്കുകയും ചെയ്യുന്ന ശക്തമായ ബൗദ്ധ പ്രതിരോധമാണ് പാലി തിപിടകത്തിലെ ദീഘനികായത്തിൽ ഉൾപ്പെടുന്ന അഗണ്ണ സുത്തം (Aggañña Sutta). ബ്രാഹ്മണർ ബ്രഹ്മാവിന്റെ മുഖത്തുനിന്നും ശൂദ്രർ പാദങ്ങളിൽനിന്നും ഉണ്ടായെന്ന പുരുഷസൂക്ത മാതൃകയിലെ ‘ദൈവിക ശരീര’ സിദ്ധാന്തത്തെ ബുദ്ധൻ ഇവിടെ പൂർണ്ണമായി ഖണ്ഡിക്കുന്നു; പ്രപഞ്ചവും ഭൂമിയും ജാതിയും ഏതെങ്കിലും ദൈവത്തിന്റെ ഇച്ഛയാലോ യാഗബലിയിലൂടെയോ ഉണ്ടായതല്ലെന്നും, മറിച്ച് പ്രകൃതിയുടെ ഭൗതികമായ വികാസത്തിലൂടെയും മനുഷ്യന്റെ ഉല്പാദന-അധ്വാന ബന്ധങ്ങളിലൂടെയും രൂപപ്പെട്ട കേവല ചരിത്രനിർമ്മിതികൾ മാത്രമാണെന്നും സമർത്ഥിക്കുന്നു.
ബ്രാഹ്മണ സമുദായം തങ്ങളെ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠരായി സ്വയം പ്രഖ്യാപിക്കുന്നത് തികഞ്ഞ മിഥ്യാധാരണയാണെന്ന് വാസെത്ഥ, ഭാരദ്വാജ എന്നീ ബ്രാഹ്മണ യുവാക്കളോട് ബുദ്ധൻ ആദ്യമേ വ്യക്തമാക്കുന്നുണ്ട്. ബ്രാഹ്മണരും മറ്റ് മനുഷ്യരെപ്പോലെ സ്ത്രീകളുടെ ഗർഭപാത്രത്തിലൂടെ ജനിക്കുകയും അമ്മയുടെ മുലപ്പാൽ കുടിച്ചു വളരുകയും ചെയ്യുന്ന സാധാരണ ജൈവശരീരങ്ങൾ മാത്രമാണെന്ന ഭൗതിക യാഥാർത്ഥ്യത്തെ ചൂണ്ടിക്കാണിച്ചാണ് ബുദ്ധൻ ചർച്ച തുടങ്ങുന്നത്. തുടർന്ന് പ്രപഞ്ചം, ഭൂമി, ജാതി എന്നിവയുടെ ഉത്പത്തിയെ പുനർവായിക്കുന്ന ചരിത്രാഖ്യാനം വികസിക്കുന്നു. പ്രപഞ്ചത്തിന് ഒരു ദൈവത്തിന്റെ ഏകപക്ഷീയമായ തുടക്കമില്ല; അത് ചാക്രികമായി വികസിക്കുകയും ചുരുങ്ങുകയും ചെയ്യുകയാണ്. പ്രളയജലത്തിന് മീതെ അടിഞ്ഞുകൂടിയ ‘രസപഥവി’ എന്ന സ്വാദിഷ്ടമായ മൺപാളിയും കൂണുകളും വള്ളിപ്പടർപ്പുകളും കൗതുകം മൂത്ത് തിന്നാൻ തുടങ്ങിയതോടെയാണ് ആകാശത്തു സഞ്ചരിച്ചിരുന്ന ആദിമജീവികളുടെ ശരീരങ്ങൾക്ക് ഭാരവും ഭൗതികതയും വരുന്നത്.
ഈ ഭൗതികവൽക്കരണത്തിന്റെ തുടർച്ചയായാണ് മനുഷ്യശരീരത്തിൽ ലിംഗവ്യത്യാസങ്ങളും ലൈംഗികതയും വികസിക്കുന്നത്. ഭൂമിയിൽ സ്വയം വിളഞ്ഞുനിന്നിരുന്ന കാട്ടുനെല്ല് മടികാരണം ഒരാൾ ഒരുമിച്ചു സംഭരിച്ചുവെക്കാൻ തുടങ്ങിയതോടെയാണ് ലോകത്ത് ‘സ്വകാര്യസ്വത്ത്’ എന്ന ആശയം ജനിക്കുന്നത്. വിഭവങ്ങൾ പൂഴ്ത്തിവെക്കപ്പെട്ടതോടെ പ്രകൃതിയുടെ സ്വയം പുനരുൽപ്പാദന ശേഷി നഷ്ടപ്പെട്ടു. വിശപ്പടക്കാൻ മനുഷ്യന് നിലം ഉഴുതുമറിക്കേണ്ടിവന്നു; ഭൂമിയെ വരമ്പുകൾ വെച്ച് സ്വന്തം നിലങ്ങളായി അതിർത്തിതിരിച്ചു. സ്വകാര്യസ്വത്തിന്റെ ഈ ഉദയമാണ് മോഷണത്തിലേക്കും, കളവിലേക്കും, അക്രമങ്ങളിലേക്കും വഴിതുറന്നത്. ആ അരാജകത്വം പരിഹരിക്കാൻ ജനങ്ങൾ പരസ്പരം ഒത്തുകൂടി തങ്ങളിൽ ഏറ്റവും നീതിമാനായ ഒരാളെ ഭരണാധികാരിയായി തിരഞ്ഞെടുക്കുകയായിരുന്നു. ജനങ്ങളുടെ പൊതുസമ്മതത്തോടെ തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് അയാൾ ‘മഹാസമ്മതൻ’ (Mahāsammata) എന്നും, വയലുകളെ സംരക്ഷിച്ചതിനാൽ ‘ഖാത്തിയ’ (Kshatriya / ക്ഷത്രിയൻ) എന്നും വിളിക്കപ്പെട്ടു. ഭരണാധികാരി ദൈവത്തിന്റെ സൃഷ്ടിയോ പ്രതിപുരുഷനോ അല്ല, ജനങ്ങൾ തങ്ങളുടെ നെല്ലിന്റെ ഒരു പങ്ക് നികുതിയായി കൊടുത്ത് നിയമിച്ച ഒരു ‘സാമൂഹിക ഉടമ്പടി’ (Social Contract) മാത്രമാണെന്ന് ഇതോടെ ബോധ്യപ്പെടുന്നു.
ഇതേ ചരിത്രപരമായ ഭൗതിക പ്രക്രിയയിലൂടെയാണ് ചാതുർവർണ്യത്തിലെ ബാക്കി വിഭാഗങ്ങളും ഉണ്ടായത്. അക്രമങ്ങളും കൊള്ളയും കണ്ട് മനംമടുത്ത് കാടുകളിൽ പോയി ധ്യാനിച്ചവരെ ‘പാപത്തെ അകറ്റിയവർ’ എന്ന അർത്ഥത്തിൽ ‘ബാഹ്മണ’ (ബ്രാഹ്മണർ) എന്ന് വിളിച്ചു. എന്നാൽ കാട്ടിലിരുന്ന് തപസ്സുചെയ്യാൻ ത്രാണിയില്ലാതെ ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തി പുസ്തകങ്ങൾ രചിച്ചു ജീവിച്ചവരെ ബുദ്ധൻ ‘ധ്യാനമില്ലാത്തവർ’ (അജ്ഝായക / Ajjhāyaka) എന്ന് വിശേഷിപ്പിക്കുന്നു. തുടർന്ന് കൃഷിയും വ്യാപാരവും ചെയ്തവർ ‘വേസ്സ’ (വൈശ്യർ) എന്നും, വേട്ടയാടലും കഠിനമായ കൈവേലകളും ചെയ്തവർ ‘സുദ്ദ’ (ശൂദ്രർ) എന്നും നാമകരണം ചെയ്യപ്പെട്ടു. അതായത്, ബ്രാഹ്മണനോ ശൂദ്രനോ ആകുന്നത് ദിവ്യമായ ജനനത്താലോ ശരീരത്തിലെ അവയവങ്ങളാലോ അല്ല; തൊഴിലിന്റെയും സാമൂഹികാവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യൻ സ്വയം വിഭജിച്ചെടുത്ത അധ്വാനവിഭജനം മാത്രമാണത്. ധർമ്മമാർഗ്ഗത്തിൽ ജീവിക്കുന്ന ഏത് മനുഷ്യനും, അവൻ ഏത് തൊഴിൽവിഭാഗത്തിൽ നിന്നുള്ളവനായാലും, തൃഷ്ണയൊടുക്കി നിർവ്വാണം പ്രാപിക്കാൻ തുല്യാവകാശമുണ്ടെന്ന് സ്ഥാപിച്ചുകൊണ്ട്, ബ്രാഹ്മണ്യത്തിന്റെ ജന്മാധിഷ്ഠിത പവിത്രതാവാദത്തെ ബൗദ്ധ ദർശനം പൂർണ്ണമായി അട്ടിമറിക്കുന്നു.
ദേശത്തെ അധ്വാനമായും ഉത്പാദന സ്ഥലമായും നിർവ്വചിക്കാതിരിക്കുമ്പോൾ, ആ യാഥാർത്ഥ്യം മറച്ചു പിടിക്കുമ്പോൾ ഭൂമിയും ഭൂമിയിൽ പണിയെടുത്ത് ദേശ സങ്കല്പത്തെ നിർമ്മിക്കുന്നവനും അപകൃഷ്ടമായിത്തീരുന്നു. ആഗോളീകരണഉത്തരാധുനിക കാലത്ത് പ്രചരിപ്പിക്കപ്പെട്ട ഭൂമികേന്ദ്രീകൃതമായ പാരിസ്ഥിതിക വാദവും മനുഷ്യൻറെ അധ്വാനത്തെ അപകൃഷ്ടമാക്കുന്ന പവിത്രതാവാദം ആയിരുന്നു. ഇത്തരം ദേശ സങ്കൽപ്പത്താൽ വരയ്ക്കപ്പെടുന്ന ഭൂപടങ്ങളിൽ നിന്നാണ് അധ്വാനിക്കുന്നവർ ഒഴിവാക്കപ്പെടുന്നത്
ഇന്ത്യയും ഭൂപട നിർമ്മാണ അറിവുകളും – ഒരു ഉപരിതല പ്രദക്ഷിണം
ഭൂമിശാസ്ത്രപരമായ ഒരു ഭൗതിക ഇടത്തെ രേഖപ്പെടുത്തുക എന്നതിലുപരി, പ്രപഞ്ചദർശനം, ജ്യോതിശാസ്ത്ര ഗണിതം, തീർത്ഥാടന സ്മൃതികൾ, ഭരണകൂട താല്പര്യങ്ങൾ എന്നിവ പരസ്പരം ഇഴചേർന്നു വികസിച്ച ദീർഘവും സങ്കീർണ്ണവുമായ ഒരു വിജ്ഞാനപാരമ്പര്യമാണ് ഇന്ത്യയിലെ ഭൂപട നിർമ്മാണത്തിന്റേത് (Cartography). ആധുനിക യൂറോപ്യൻ കാർട്ടോഗ്രഫിയുടെ ആവിർഭാവത്തിന് മുൻപുതന്നെ, ഉപഭൂഖണ്ഡത്തിലെ മനുഷ്യർ തങ്ങൾ ജീവിച്ച ഭൂമിയെ അളന്നുതിട്ടപ്പെടുത്താനും ദിശാപരമായി ക്രമീകരിക്കാനും മൗലികമായ സങ്കേതങ്ങൾ രൂപപ്പെടുത്തിയിരുന്നു. ഗ്രീക്ക്-യൂറോപ്യൻ മാതൃകകളിലെ കേവല രേഖീയ ഭൂപടങ്ങളിൽ (Linear maps) നിന്ന് ഭിന്നമായി, മാനസിക ഭൂപടങ്ങൾ (Mental maps), ജ്യോതിർ-ഭൂമിശാസ്ത്ര മാതൃകകൾ (Astro-geographical models), വാസ്തുമണ്ഡലങ്ങൾ, പ്രാദേശിക യാത്രാപഥങ്ങൾ എന്നിവയിലൂടെയാണ് ഭാരതീയ ചിന്തകർ തങ്ങളുടെ ഭൂവിജ്ഞാനത്തെ ആവിഷ്കരിച്ചത്. പ്രകൃതിയെയും ആകാശത്തെയും മനുഷ്യശരീരത്തെയും ഒരൊറ്റ ചട്ടക്കൂടിൽ സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രാദേശിക വിന്യാസത്തിന്റെ (Spatial organization) വിപുലമായ ആമുഖമാണ് ഈ ഭൗമചരിത്രം മുന്നോട്ടുവെക്കുന്നത്.
വേദകാലത്തെ ‘വിശ്’, ‘ജനപദം’ എന്നീ ഗോത്ര-ഭൂവിഭാഗ സങ്കല്പങ്ങളിൽ നിന്നുതന്നെ ഇന്ത്യയിലെ പ്രാദേശിക അതിർവരമ്പുകളുടെ നിർണ്ണയം ആരംഭിക്കുന്നുണ്ട്. അഥർവ്വവേദത്തിലെ പൃഥ്വീസൂക്തം ഭൂമിയെ കേവലമൊരു അളവുപാത്രമായല്ല, മറിച്ച് മനുഷ്യരുടെ അധ്വാനവും കൃഷിയും പക്ഷിമൃഗാദികളും സഹവർത്തിക്കുന്ന ഒരു ജൈവിക ഇടമായാണ് വിഭാവനം ചെയ്യുന്നത്. തുടർന്ന് പുരാണ കാലഘട്ടത്തിലേക്ക് എത്തുമ്പോൾ, പ്രപഞ്ചത്തെയും ഭൂമിയെയും ഏഴ് സമുദ്രങ്ങളാലും പർവ്വതങ്ങളാലും ചുറ്റപ്പെട്ട കേന്ദ്രീകൃത വൃത്തങ്ങളായി (Concentric rings) ചിത്രീകരിക്കുന്ന ‘സപ്തദ്വീപ’ സങ്കല്പവും ‘ജംബുദ്വീപ’ മാതൃകയും വികസിച്ചുവന്നു. എസ്.എം. അലി തന്റെ ദ ജിയോഗ്രഫി ഓഫ് ദ പുരാണാസ് എന്ന ആധികാരിക ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നത് പോലെ, ഈ പൗരാണിക പ്രപഞ്ചരൂപരേഖയിൽ ഭാരതവർഷം എന്നത് ഒരു വില്ലിന്റെ ആകൃതിയിലോ (ധനുരാകാരം) താമരയുടെ തെക്കൻ ദളമായോ ആണ് സ്ഥാനംപിടിക്കുന്നത് (Ali 32). ഇത് കേവലമൊരു സാങ്കല്പിക ഭൂമിശാസ്ത്രമായിരുന്നില്ല; മറിച്ച് ഹിമാലയത്തിനും സമുദ്രങ്ങൾക്കും ഇടയിലുള്ള ഉപഭൂഖണ്ഡത്തെ ഒരു പവിത്രവും ഭൗതികവുമായ ഒറ്റ യൂണിറ്റായി വിഭാവനം ചെയ്യാനുള്ള ആദ്യകാല കാർട്ടോഗ്രാഫിക് ശ്രമമായിരുന്നു.
ഇന്ത്യൻ ഭൂപട നിർമ്മാണ അറിവുകളിലെ ഏറ്റവും ശാസ്ത്രീയവും പ്രായോഗികവുമായ ഒരു വഴിത്തിരിവാണ് വരാഹമിഹിരൻ തന്റെ ബൃഹത് സംഹിതയിലെ പതിനാലാം അധ്യായത്തിലൂടെ മുന്നോട്ടുവെച്ച ‘കൂർമ്മവിഭാഗം’ (Tortoise layout). ആകാശത്തിലെ 27 നക്ഷത്രഗണങ്ങളെയും ഭൂമിയിലെ ജനപദങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട്, കിഴക്കോട്ട് മുഖംതിരിച്ചു കിടക്കുന്ന ഒരു ഭീമാകാരമായ ആമയുടെ (കൂർമ്മം) ശരീരമായാണ് വരാഹമിഹിരൻ ഭാരതത്തിന്റെ ഭൂപടം വരച്ചിട്ടത്. ആമയുടെ മുഖം, നാല് കാലുകൾ, വാൽ, ഉദരം എന്നിവയെ ഒൻപത് മേഖലകളാക്കി തിരിച്ച് (നവഖണ്ഡങ്ങൾ), കാശി, പാഞ്ചാലം, മഗധ മുതൽ തെക്ക് കേരളവും ചേര-ചോള രാജ്യങ്ങളും വടക്കുപടിഞ്ഞാറ് ഗാന്ധാരവും യാവനദേശങ്ങളും വരെയുള്ള അമ്പതോളം ജനപദങ്ങളെയും ഗോത്രസമൂഹങ്ങളെയും കൃത്യമായ ദിശാസ്ഥാനങ്ങളിൽ അദ്ദേഹം അടയാളപ്പെടുത്തി (Sircar 62). ഇത് ഗ്രഹചലനങ്ങൾ ഭൂമിയിലെ ഏതെല്ലാം നിർദ്ദിഷ്ട ഭൂപ്രദേശങ്ങളെ ബാധിക്കുമെന്ന് കണക്കുകൂട്ടാനുള്ള ജ്യോതിർ-ഭൂമിശാസ്ത്ര മാട്രിക്സ് ആയി പ്രവർത്തിച്ചതോടൊപ്പം, അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന രാഷ്ട്രീയ-നരവംശശാസ്ത്ര അതിർത്തികളുടെ ഏറ്റവും സമഗ്രമായൊരു ഭൗതിക ഭൂപടമായി മാറി.
ഇതിനുപുറമെ, ക്ഷേത്രനിർമ്മാണത്തിലും നഗരാസൂത്രണത്തിലും പ്രയോഗിക്കപ്പെട്ട ‘വാസ്തുപുരുഷമണ്ഡലം’ (Vāstupuruṣamaṇḍala) ഭാരതീയ ഭൂപട വിജ്ഞാനത്തിന്റെ സവിശേഷമായ മറ്റൊരു പ്രായോഗിക രൂപമായിരുന്നു. ചതുരാകൃതിയിലുള്ള കള്ളികളായി (Grid system) നിലത്തെ വിഭജിക്കുകയും, ഓരോ കള്ളിയെയും ഓരോ ദേവതകളുമായും ദിശകളുമായും ബന്ധിപ്പിക്കുകയും ചെയ്യുന്ന ഈ രീതി ഒരു നിർദ്ദിഷ്ട പ്രദേശത്തെ സൂക്ഷ്മമായി പ്ലാൻ ചെയ്യാനും അതിരുകൾ തിരിക്കാനുമുള്ള ജ്യാമിതീയ മാപ്പിംഗ് സങ്കേതമായിരുന്നു. അതോടൊപ്പം, ഗംഗ, യമുന, ഗോദാവരി, കാവേരി തുടങ്ങിയ സപ്തനദികളെയും, ഹിമാലയം മുതൽ കന്യാകുമാരി വരെയുള്ള തീർത്ഥാടന കേന്ദ്രങ്ങളെയും (ശക്തിപീഠങ്ങളും ദ്വാദശ ജ്യോതിർലിംഗങ്ങളും) കോർത്തിണക്കിക്കൊണ്ട് ജനങ്ങൾ തങ്ങളുടെ മനസ്സിൽ ഒരു അദൃശ്യ ഭൂപടം (Mental map) നിർമ്മിച്ചെടുത്തു. ഡയാന എക്ക് തന്റെ ഇന്ത്യ: എ സേക്രഡ് ജിയോഗ്രഫി എന്ന പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നതുപോലെ, രാഷ്ട്രീയമായ ഭരണാധികാരികൾ മാറിമറിഞ്ഞപ്പോഴും, ലക്ഷക്കണക്കിന് തീർത്ഥാടകരുടെ കാലടിപ്പാടുകളിലൂടെയും യാത്രാവിവരണങ്ങളിലൂടെയും ഇന്ത്യയെന്ന ഭൂവിഭാഗം അതിരുകളില്ലാത്തൊരു സാംസ്കാരിക ഭൂപടമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു (Eck 21).
മധ്യകാലഘട്ടത്തിലേക്ക് എത്തുമ്പോൾ ഇന്ത്യൻ ഭൂപട നിർമ്മാണ അറിവുകൾ ഭരണനിർവ്വഹണപരവും കച്ചവടപരവുമായ തലങ്ങളിലേക്ക് കൂടുതൽ വികസിച്ചു. മുഗൾ ഭരണകാലത്ത് അബുൽ ഫസൽ തയ്യാറാക്കിയ ഐൻ-ഇ-അക്ബറിയിൽ പർഗ്ഗാനകളുടെയും സുബകളുടെയും (പ്രവിശ്യകൾ) കൃത്യമായ റവന്യൂ രേഖകളും, വിസ്തൃതിയും, റോഡുകളും, ഉല്പാദനവിവരങ്ങളും രേഖപ്പെടുത്തിയിരുന്നു; ഇത് ഭൂപടനിർമ്മാണത്തിന് ആവശ്യമായ വിവരശേഖരണത്തെ (Topographical data) ആധുനികവൽക്കരിച്ചു. യൂറോപ്യൻ അധിനിവേശത്തിന് മുന്നോടിയായി ഇന്ത്യൻ സമുദ്രതീരങ്ങളിലെ മലബാറും ഗുജറാത്തും കേന്ദ്രീകരിച്ച് തദ്ദേശീയ നാവികർ ഉപയോഗിച്ചിരുന്ന തുണിയിലും പനയോലകളിലും വരച്ച സമുദ്രയാത്രാ ചാർട്ടുകളും ദിശാസൂചികളും ഇന്ത്യൻ കാർട്ടോഗ്രഫിയുടെ വികസിതമായ പ്രായോഗികതയെ സാക്ഷ്യപ്പെടുത്തുന്നു. പിൽക്കാലത്ത് ബ്രിട്ടീഷുകാർ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സർവേയർ ജനറൽ ഓഫ് ഇന്ത്യയെ നിയമിക്കുകയും ‘ഗ്രേറ്റ് ട്രിഗ്ണോമെട്രിക്കൽ സർവേ’ (Great Trigonometrical Survey) വഴി ഇന്നത്തെ അതിരുകൾ വരയ്ക്കുകയും ചെയ്യുന്നതിന് വളരെ മുൻപുതന്നെ, ഭൂമിയെയും അതിന്റെ വിഭവങ്ങളെയും നക്ഷത്രങ്ങളോടും മനുഷ്യജീവിതത്തോടും കണ്ണിചേർത്ത് വായിച്ച സമ്പന്നമായ ഭൂപട നിർമ്മാണ പാരമ്പര്യം ഇന്ത്യയിൽ നിലനിന്നിരുന്നു.
ഇന്ത്യൻ ഭൂപട അതിരുകൾ: വിമർശനാത്മക സമീപനം
ഇങ്ങനെ ഉപരിതലത്തിൽ നിന്നു കൊണ്ട് വിശദീകരിക്കാമെങ്കിലും ബ്രാഹ്മണമതം രൂപപ്പെടുത്തിയ ദേശ സങ്കല്പം സ്വാഭാവികമായും ഒരു കൂട്ടം ദേശങ്ങളെ ‘ചട്ടി പുറത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ‘ കുടിയിറക്കപ്പെടുന്ന നിലപാടിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു. അദൃശ്യ ഭൂപട നിർമ്മാണത്തെ നിർദ്ദേശിക്കുന്നവയായിരുന്നു.ഭൂപടനിർമ്മാണം (Cartography) എന്നത് ഒരിക്കലും രാഷ്ട്രീയേതരമോ നിഷ്പക്ഷമോ ആയ ഒരു കേവല ഭൗതികശാസ്ത്ര രേഖപ്പെടുത്തലല്ല; മറിച്ച്, അധികാരത്തിന്റെ വിതരണത്തെയും കേന്ദ്ര-പ്രാന്ത (Center-Periphery) ശ്രേണികളെയും സാധൂകരിക്കുന്ന സങ്കീർണ്ണമായ ഒരു പ്രത്യയശാസ്ത്ര ഉപകരണമാണ്. ജെ.ബി. ഹാർലി തന്റെ ഡീകൺസ്ട്രക്റ്റിങ് ദ മാപ്പ് എന്ന പഠനത്തിൽ നിരീക്ഷിക്കുന്നതുപോലെ, ഭൂപടങ്ങൾ ഭൂമിയെ ഉള്ളതുപോലെ വെളിപ്പെടുത്തുകയല്ല, മറിച്ച് ഭൂപടം വരയ്ക്കുന്ന അധികാരികർഗ്ഗത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് ലോകത്തെ പുനർനിർമ്മിക്കുകയാണ് ചെയ്യുന്നത് (Harley 3). പ്രാചീന ഭാരതീയ പാരമ്പര്യത്തിലെ പവിത്ര-ജ്യോതിശാസ്ത്ര മാപ്പിംഗുകളും പിൽക്കാലത്ത് ബ്രിട്ടീഷ് അധിനിവേശകർ നടപ്പിലാക്കിയ ശാസ്ത്രീയ സർവേകളും പരിശോധിച്ചാൽ, ഒരു നിശ്ചിത അധീശവർഗ്ഗത്തിന് അനുകൂലമായി അതിരുകൾ കൃത്രിമമായി വരയ്ക്കപ്പെടുകയും, അരികുദേശങ്ങളും അധ്വാനവർഗ്ഗങ്ങളും ബോധപൂർവ്വം പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്ത ചരിത്രപരമായ രാഷ്ട്രീയപ്രക്രിയ വ്യക്തമായി വായിച്ചെടുക്കാൻ കഴിയും.
വരാഹമിഹിരന്റെ ബൃഹത് സംഹിതയിലെ ‘കൂർമ്മവിഭാഗ’ത്തിൽ ആമയുടെ രൂപത്തിൽ ഭാരതവർഷത്തെ സങ്കല്പിച്ചപ്പോൾത്തന്നെ ഈ കേന്ദ്ര-പ്രാന്ത വിവേചനം ഭൗതികമായി ഉറപ്പിക്കപ്പെട്ടിരുന്നു. ഈ ഭൂപടസങ്കല്പത്തിൽ ആമയുടെ ഏറ്റവും സുരക്ഷിതമായ ഉദരഭാഗവും ഹൃദയവും ഉൾക്കൊള്ളുന്ന കേന്ദ്രം (മധ്യദേശം) എന്നത് ഗംഗാ-യമുനാ സമതലങ്ങളും വൈദിക വർണ്ണാശ്രമ വ്യവസ്ഥ ശക്തമായി നിലനിന്ന ആര്യവർത്തത്തിന്റെ ഹൃദയഭൂമിയുമായിരുന്നു. വിജ്ഞാനത്തിന്റെയും ശുദ്ധിയുടെയും ധർമ്മത്തിന്റെയും പ്രഭവകേന്ദ്രമായി ഈ മധ്യദേശത്തെ പ്രതിഷ്ഠിച്ചപ്പോൾ, ആമയുടെ അറ്റങ്ങളിലേക്കും നഖങ്ങളിലേക്കും തള്ളപ്പെട്ടത് കേരളം, തമിഴകം, വടക്കുകിഴക്കൻ മലനിരകൾ, പടിഞ്ഞാറൻ തീരങ്ങൾ തുടങ്ങിയ പ്രദേശങ്ങളായിരുന്നു. കേരളത്തെ ആമയുടെ തെക്കൻ കാൽവിരലുകളിലോ വാലറ്റത്തോ മാത്രം അടയാളപ്പെടുത്തിയതിലൂടെ, പ്രകൃതിവിഭവങ്ങളാൽ സമ്പന്നവും ആഗോള സമുദ്രവ്യാപാരത്തിന്റെ പ്രഭവകേന്ദ്രവുമായിരുന്ന ഒരു ഭൂഭാഗത്തെ വരേണ്യമായ അധികാരഘടനയുടെ ‘അരികുകളിലേക്ക്’ (Periphery) ഭൂപടപരമായി ഒതുക്കുകയാണ് ചെയ്തത്. ഭൗതികമായ അകലം എന്നതിലുപരി, ചതുർവർണ്യത്തിന്റെ ചട്ടക്കൂടുകൾക്ക് പുറത്തുനിന്ന ഗോത്ര-ദ്രാവിഡ സാംസ്കാരിക ജീവിതത്തെയും ഉല്പാദനരീതികളെയും ‘അപരിഷ്കൃതം’ എന്ന് മുദ്രകുത്താനുള്ള ഒരു കാർട്ടോഗ്രാഫിക് തന്ത്രം കൂടിയായിരുന്നു ഈ കൂർമ്മരൂപം.
ഈ ഭൗമരാഷ്ട്രീയ അതിർവരമ്പുകൾ രൂപപ്പെട്ടത് ബ്രാഹ്മണ്യത്തിന്റെ ശുദ്ധി-അശുദ്ധി (Purity and Pollution) ദ്വന്ദ്വങ്ങളിലൂടെയാണ്. മനുസ്മൃതിയിലും ധർമ്മസൂത്രങ്ങളിലും സരസ്വതിക്കും ദൃശദ്വതിക്കും ഇടയിലുള്ള ‘ബ്രഹ്മാവർത്ത’ത്തെയും ഹിമാലയത്തിനും വിന്ധ്യനും ഇടയിലുള്ള ‘ആര്യവർത്ത’ത്തെയും മാത്രമാണ് ആചാരശുദ്ധിയുള്ള പുണ്യഭൂമിയായി പ്രഖ്യാപിച്ചത്. കറുത്ത മാൻ സ്വാഭാവികമായി സഞ്ചരിക്കുന്ന പ്രദേശം മാത്രമാണ് യാഗങ്ങൾ ചെയ്യാൻ യോഗ്യമായ യജ്ഞഭൂമിയെന്നും, അതിനപ്പുറമുള്ള പ്രദേശങ്ങൾ അധർമ്മത്തിന്റെ താവളങ്ങളാണെന്നും മനു വ്യക്തമാക്കുന്നു (Doniger and Smith 27). ഈ സങ്കല്പമാണ് ‘മ്ലേച്ഛദേശം’ എന്ന രാഷ്ട്രീയ-സാംസ്കാരിക അപരവൽക്കരണത്തിന് അടിത്തറയിട്ടത്.
പ്രാചീന ഭാരതീയ വിജ്ഞാനപാരമ്പര്യത്തിൽ ‘മ്ലേച്ഛദേശം’ എന്നത് ഭൂമിശാസ്ത്രപരമായ അതിർത്തി മാത്രമല്ല; മറിച്ച് വൈദിക വർണ്ണാശ്രമ വ്യവസ്ഥയും യാഗാനുഷ്ഠാനങ്ങളും സംസ്കൃത ഭാഷാശുദ്ധിയും നിലനിൽക്കാത്ത അപര ഇടങ്ങളെ അടയാളപ്പെടുത്താൻ വരേണ്യ അധീശവർഗ്ഗം ഉപയോഗിച്ച സാംസ്കാരിക-രാഷ്ട്രീയമായ ഒരു പുറന്തള്ളൽ സംജ്ഞയാണ്. അമരസിംഹന്റെ വിഖ്യാത സംസ്കൃത നിഘണ്ടുവായ അമരകോശത്തിൽ ഈ വേർതിരിവ് വ്യക്തമായി കാണാം. അമരകോശത്തിലെ ഭൂമിവർഗ്ഗത്തിൽ “ആര്യാവർത്തഃ പുണ്യഭൂമിർ മദ്ധ്യം വിന്ധ്യഹിമാചലയോഃ” എന്ന് ഹിമാലയത്തിനും വിന്ധ്യപർവ്വതത്തിനും ഇടയിലുള്ള പ്രദേശത്തെ മാത്രം പുണ്യഭൂമിയായ ആര്യാവർത്തമായി നിർവ്വചിക്കുമ്പോൾ, വിന്ധ്യന് തെക്കുള്ള പ്രദേശങ്ങളും ഹിമാലയത്തിന് അപ്പുറമുള്ള നാടുകളും സ്വാഭാവികമായി പുണ്യഭൂമിക്ക് പുറത്തുള്ള മ്ലേച്ഛദേശങ്ങളായി മാറുന്നു. തുടർന്ന് ശൂദ്രവർഗ്ഗത്തിൽ “ഭേദാഃ കിരാതശബരപുളിന്ദാ മ്ലേച്ഛജാതയഃ” എന്ന് രേഖപ്പെടുത്തിക്കൊണ്ട് കാടുകളിലും മലയോരങ്ങളിലും ജീവിച്ച കിരാതർ, ശബരർ, പുളിന്ദർ തുടങ്ങിയ അധ്വാന-ഗോത്ര വിഭാഗങ്ങളെ മ്ലേച്ഛജാതികളായാണ് അമരസിംഹൻ അടയാളപ്പെടുത്തുന്നത്. അമരകോശത്തിന് പിൽക്കാലത്ത് ക്ഷീരസ്വാമിയും ഭാനുജി ദീക്ഷിതനും രചിച്ച വ്യാഖ്യാനങ്ങളിൽ സ്മൃതികളെ മുൻനിർത്തി ഈ ആശയം കൂടുതൽ വ്യാപിപ്പിക്കുന്നുണ്ട്; എവിടെയാണോ ചാതുർവർണ്യ വ്യവസ്ഥയും വേദവിഹിതമായ യാഗങ്ങളും ഇല്ലാത്തത്, അതാണ് മ്ലേച്ഛദേശം എന്ന ചിന്തയാണ് അവർ ഊട്ടിയുറപ്പിക്കുന്നത്.
അമരകോശത്തിന് പുറമെ സ്മൃതി-ധർമ്മശാസ്ത്രങ്ങളിലും വേദ-ബ്രാഹ്മണ സാഹിത്യങ്ങളിലും ഇതിഹാസങ്ങളിലും ഈ സങ്കല്പം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മനുസ്മൃതിയുടെ രണ്ടാം അധ്യായത്തിൽ, കറുത്ത മാൻ സ്വാഭാവികമായി സഞ്ചരിക്കുന്ന പ്രദേശം മാത്രമാണ് യാഗങ്ങൾ ചെയ്യാൻ യോഗ്യമായ യജ്ഞിയദേശമെന്നും അതിനപ്പുറമുള്ള മുഴുവൻ ഭൂഭാഗങ്ങളും മ്ലേച്ഛദേശമാണെന്നും മനു നിഷ്കർഷിക്കുന്നു. ബൗധായന ധർമ്മസൂത്രത്തിലാകട്ടെ, മധ്യദേശത്തിന് പുറത്തുള്ള അങ്കം, വംഗം, കലിംഗം, സൗരാഷ്ട്രം, ദക്ഷിണാപഥം (ദക്ഷിണേന്ത്യ) തുടങ്ങിയ പ്രദേശങ്ങളെല്ലാം സങ്കീർണ്ണയോനികളുടെ നാടുകളാണെന്നും, തീർത്ഥാടനത്തിനല്ലാതെ അവിടേക്ക് പോകുന്നവർ തിരികെ വരുമ്പോൾ പ്രായശ്ചിത്ത യാഗങ്ങൾ ചെയ്യണമെന്നും കൽപ്പിക്കുന്നു. ശതപഥ ബ്രാഹ്മണത്തിൽ ശരിയായ ഉച്ചാരണശുദ്ധിയില്ലാതെ സംസാരിക്കുന്നവരെയും അപഭ്രംശ ഭാഷകളെയും മുൻനിർത്തിയാണ് മ്ലേച്ഛത ആദ്യമായി നിർവ്വചിക്കപ്പെടുന്നത്; സദാനീരാ (ഗണ്ഡക്) നദിക്കപ്പുറത്തേക്ക് അഗ്നി വൈശ്വാനരൻ കടന്നുചെല്ലാത്തതിനാൽ ആ കിഴക്കൻ പ്രദേശങ്ങളെല്ലാം യാഗങ്ങൾക്ക് കൊള്ളാത്ത അശുദ്ധഭൂമിയായി അവിടെ ചിത്രീകരിക്കുന്നു. മഹാഭാരതത്തിലെ സഭാപർവ്വത്തിലും ഭീഷ്മപർവ്വത്തിലും സാമ്രാജ്യത്തിന്റെ അതിർത്തികളിലും കടൽത്തീരങ്ങളിലും വസിച്ചിരുന്ന യവനന്മാർ, കാംബോജന്മാർ, ശകർ, പഹ്ലവന്മാർ, ദ്രാവിഡന്മാർ തുടങ്ങിയ ജനവിഭാഗങ്ങളെ മുഴുവൻ മ്ലേച്ഛഗണങ്ങളായാണ് പട്ടികപ്പെടുത്തുന്നത്. നാട്യശാസ്ത്രത്തിൽ ഭരതമുനി മ്ലേച്ഛദേശങ്ങളിലെ ഭാഷകളെ വിഭാഷകളാക്കി മാറ്റിനിർത്തുമ്പോൾ, പതഞ്ജലിയുടെ മഹാഭാഷ്യത്തിൽ സംസ്കൃത വ്യാകരണ നിയമങ്ങൾ തെറ്റിച്ചു സംസാരിക്കുന്ന അശുദ്ധമായ നാടോടി ഭാഷകളെയാണ് മ്ലേച്ഛഭാഷയായി വിലക്കുന്നത്. എന്നാൽ ഇതിൽ നിന്ന് ഭിന്നമായി, ശ്രമണ പാരമ്പര്യങ്ങളായ ബൗദ്ധ-ജൈന ഗ്രന്ഥങ്ങളിൽ മിലക്ഖ (മ്ലേച്ഛ) എന്ന പദം അതിർത്തിദേശങ്ങളെ കുറിക്കാൻ ഉപയോഗിച്ചപ്പോഴും, അവരെ അയിത്തം കൽപ്പിച്ച് പുറന്തള്ളാതെ ധർമ്മപ്രചാരണത്തിലൂടെയും സംഘജീവിതത്തിലൂടെയും തങ്ങളുടെ ഭാഗമാക്കുകയാണ് ചെയ്തത്. വരേണ്യ വർണ്ണാധികാരത്തിന് വഴങ്ങാത്ത ദ്രാവിഡ-ഗോത്ര ജനപഥങ്ങളെയും അവരിലെ ഉല്പാദന അധ്വാന സംസ്കാരങ്ങളെയും അശുദ്ധമെന്ന് മുദ്രകുത്തി ഭൂപടത്തിൽ നിന്ന് പുറത്താക്കാൻ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രം നിർമ്മിച്ചെടുത്ത പ്രതിലോമകരമായ അപരവൽക്കരണമായിരുന്നു മ്ലേച്ഛദേശം എന്ന സങ്കല്പം.വൈദിക ഭാഷ സംസാരിക്കാത്ത, ശ്രൗതയാഗങ്ങൾ അനുഷ്ഠിക്കാത്ത, വർണ്ണവ്യവസ്ഥയെ അംഗീകരിക്കാത്ത മുഴുവൻ ജനപദങ്ങളെയും മ്ലേച്ഛദേശങ്ങളാക്കി ചാപ്പകുത്തി. അങ്കം, വംഗം, കലിംഗം, സൗരാഷ്ട്രം, കേരളം തുടങ്ങിയ തീരദേശങ്ങളിലേക്കോ ദ്രാവിഡ-കിരാത-ശബര ഗോത്രങ്ങൾ ജീവിച്ച വനങ്ങളിലേക്കോ പോകുന്ന സവർണ്ണർ തിരികെ വരുമ്പോൾ പ്രായശ്ചിത്തം ചെയ്യണമെന്ന് ബൗധായന ധർമ്മസൂത്രം കൽപ്പിച്ചത് ഈ കാർട്ടോഗ്രാഫിക് അയിത്തത്തിന്റെ പ്രത്യക്ഷ തെളിവാണ് (Olivelle 134). അതായത്, വൈദികേതരമായ ജനങ്ങളുടെ ഉല്പാദന ഇടങ്ങളെയും കാർഷിക-നാവിക അധ്വാനങ്ങളെയും ഭൂപടത്തിന് പുറത്തുനിർത്തുകയോ അവയെ മ്ലേച്ഛതയുടെ അതിരുകളായി അടയാളപ്പെടുത്തുകയോ ചെയ്യുന്ന ഒരു വരേണ്യ പ്രത്യയശാസ്ത്രമാണ് ഇവിടെ നിർവ്വഹിക്കപ്പെട്ടത്. അധ്വാനത്തെ മാനദണ്ഡമാക്കാത്ത സങ്കല്പം ഭൂപട സങ്കല്പം ഒഴിവാക്കുന്നത് ഭൂമിയെ മാത്രമല്ല ഭാഷയെയും സംസ്കാരത്തെയും കൂടിയാണ്.
പിൽക്കാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തുടർന്ന് കൊളോണിയൽ ഭരണകൂടവും നടത്തിയ ഭൂപടനിർമ്മാണം ഇതിന്റെ മറ്റൊരു രൂപത്തിലുള്ള അധിനിവേശ രാഷ്ട്രീയമായിരുന്നു. മാത്യു എഡ്നി തന്റെ മാപ്പിംഗ് ആൻ എംപയർ എന്ന ഗ്രന്ഥത്തിൽ ചൂണ്ടിക്കാണിക്കുന്നത് പോലെ, വില്യം ലാംബ്ടണും ജോർജ്ജ് എവറസ്റ്റും ചേർന്ന് നടത്തിയ ‘ഗ്രേറ്റ് ട്രിഗ്ണോമെട്രിക്കൽ സർവേ’ (Great Trigonometrical Survey) ഇന്ത്യയെ പൂർണ്ണമായും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചൂഷണത്തിന് പാകമാകുന്ന രീതിയിൽ ഒരൊറ്റ ജിയോഡറ്റിക് വലയ്ക്കുള്ളിലാക്കി (Edney 19). പ്രാദേശികമായ ആവാസവ്യവസ്ഥകളെയും, കാടുകളുടെ മേലുള്ള ആദിവാസികളുടെ അവകാശങ്ങളെയും, പരമ്പരാഗത കർഷകരുടെ അതിരുകളെയും ഈ കൊളോണിയൽ മാപ്പിംഗ് റദ്ദാക്കി. പകരം കപ്പലുകൾക്ക് സഞ്ചരിക്കാനുള്ള തുറമുഖങ്ങൾ, കൽക്കരിയും തടിയും കടത്താനുള്ള റെയിൽപാതകൾ, വൻതോതിൽ നികുതി പിരിക്കാനുള്ള റവന്യൂ ബ്ലോക്കുകൾ, സൈനിക നീക്കങ്ങൾക്കുള്ള തന്ത്രപ്രധാന പാതകൾ എന്നിവയെ മാത്രം മുൻനിർത്തിയാണ് ബ്രിട്ടീഷുകാർ ഇന്ത്യയുടെ ഇന്നത്തെ ഭൗതിക അതിരുകൾ വരച്ചുണ്ടാക്കിയത്.
ചുരുക്കത്തിൽ, പ്രാചീന ബ്രാഹ്മണ പാരമ്പര്യം തങ്ങളുടെ ജാതി-വർണ്ണ അധീശത്വത്തിന് കോട്ടംതട്ടാത്ത രീതിയിൽ മധ്യദേശത്തിന് പ്രാമുഖ്യം നൽകി കേരളം പോലുള്ള ദ്രാവിഡ-ഗോത്ര ജനപഥങ്ങളെ മ്ലേച്ഛ അതിരുകളിലേക്ക് പുറന്തള്ളിയപ്പോൾ, കൊളോണിയൽ ഭരണകൂടം സാമ്രാജ്യത്വത്തിന്റെ വിഭവച്ചൂഷണത്തിനും വിപണിനിയന്ത്രണത്തിനും സഹായകരമാകുന്ന രീതിയിലാണ് ഇന്ത്യയുടെ ഭൂപടത്തെ വരച്ചുവെച്ചത്. പരമ്പരാഗതമായ കാർട്ടോഗ്രഫിയും ആധുനികമായ കൊളോണിയൽ സർവേയും ഒരുപോലെ നിർവ്വഹിച്ചത്, യഥാർത്ഥത്തിൽ ഈ ഭൂമിയെ ചോരയും ജീവനുമൊഴുക്കി വാസയോഗ്യമാക്കിയ കീഴാള-അധ്വാന ജനവിഭാഗങ്ങളുടെ സ്വത്വങ്ങളെയും പ്രദേശങ്ങളെയും മായ്ച്ചുകളയുകയോ അല്ലെങ്കിൽ അവയെ കേന്ദ്രാധികാരങ്ങൾക്ക് വിധേയപ്പെട്ട കേവല അരികുകളാക്കി ചുരുക്കുകയോ ചെയ്യുക എന്ന ചരിത്രപരമായ ഹിംസയായിരുന്നു.
ആധുനികകാല ഭൂപടങ്ങളിലും ഭൂപടം നിർമ്മിക്കുന്നവരുടെ താല്പര്യങ്ങളും ലക്ഷ്യങ്ങളും ഭൂപടങ്ങളിലെ രാജ്യവലിപ്പങ്ങളെ നിർണ്ണയിക്കുന്നു എന്നു കാണാം.ഐക്യരാഷ്ട്രസഭയുടെ (UN) ജനറൽ അസംബ്ലി രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും യഥാർഥ വിസ്തൃതി കൃത്യമായി പ്രതിഫലിപ്പിക്കുന്ന ‘ഇക്വൽ എർത്ത്’ (Equal Earth Map) ഭൂപട മാതൃക പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന പ്രമേയം പാസാക്കിയതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അന്താരാഷ്ട്ര വാർത്ത.നൂറ്റാണ്ടുകളായി ക്ലാസ് മുറികളിലും ഡിജിറ്റൽ മാപ്പുകളിലും ഉപയോഗിച്ചു വരുന്ന 16-ാം നൂറ്റാണ്ടിലെ മെർക്കേറ്റർ പ്രൊജക്ഷൻ (Mercator projection) തിരുത്തുന്നതിനാണ് ഈ മാറ്റം.
1569-ൽ നാവിക ആവശ്യങ്ങൾക്കായി ജെറാർഡസ് മെർക്കേറ്റർ നിർമ്മിച്ച ഭൂപടത്തിൽ, ധ്രുവപ്രദേശങ്ങളോട് അടുത്തുള്ള രാജ്യങ്ങൾ യഥാർഥ വലുപ്പത്തേക്കാൾ വളരെ വലുതായും, ഭൂമധ്യരേഖാ പ്രദേശങ്ങൾ ചെറുതായും കാണപ്പെടുന്നു.പഴയ ഭൂപടത്തിൽ ആഫ്രിക്കയും ഗ്രീൻലാൻഡും ഒരേ വലുപ്പത്തിൽ കാണപ്പെടുന്നു. എന്നാൽ യഥാർഥത്തിൽ ആഫ്രിക്ക ഗ്രീൻലാൻഡിന്റെ 14 ഇരട്ടി വലുതാണ്.കാനഡ, റഷ്യ, യൂറോപ്യൻ രാജ്യങ്ങൾ, വടക്കേ അമേരിക്ക എന്നിവ വളരെ വലുതായും ആഫ്രിക്ക, ലാറ്റിനമേരിക്ക, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അവയുടെ യഥാർഥ വിസ്തൃതിയെക്കാൾ ചെറുതായും കാണിക്കപ്പെട്ടു. ഒരു കൂട്ടം ആൾക്കാരുടെ നാവികാവശ്യങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്ന ലോകഭൂപടം എന്തായി മാറുന്നു എന്നു ഇന്നത്തെ തിരുത്തിൽ നിന്നും ബോധ്യപ്പെടുന്നു. ഇതു തിരുത്തേണ്ടതില്ല എന്നാണ് യു.എസിൻ്റെ നിലപാട്.ശാസ്ത്രീയ ആവശ്യത്തേക്കാൾ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അജണ്ടയാണ് തിരുത്തൽ വാദത്തിന് പിന്നിലെന്നാണ് യു.എസ്. പറയുന്നത്. ഭൂപട നിർമ്മാണം രാഷ്ട്രീയവും പ്രത്യയശാസ്ത്ര പരവുമായ പ്രവർത്തനമാണെന്നർത്ഥം.
കേരളം എന്ന ‘പുണ്യ ദേശം’
ഭൂപട നിർമ്മാണം അധീശ പ്രവർത്തനമാകുമ്പോൾ തന്നെ അതു സ്വാതന്ത്ര്യ പ്രവർത്തനവും ഉത്പാദന പ്രവർത്തനവും ആകാറുണ്ട്. അതിർത്തികൾ എല്ലാം അധീശ പ്രവർത്തനം മാത്രമായി കാണുന്ന അതിർത്തി പഠനങ്ങൾ അതിർത്തികളെ ഇല്ലാതാക്കി കടന്നു വരുന്ന ആഗോളീകരണ പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന പ്രവർത്തനമാകാതെ നോക്കേണ്ടതുണ്ട്. ഒരു ദേശത്തിന്റെ രാഷ്ട്രീയ ഭൂപടം എന്നത് കേവലം ഭരണകൂടങ്ങൾ നിശ്ചയിക്കുന്ന രേഖാചിത്രമോ അതിർത്തിക്കല്ലുകളോ അല്ല; മറിച്ച് നിലനിന്നിരുന്ന അധികാരഘടനകളോട് ജനങ്ങൾ നടത്തിയ സന്ധിയില്ലാത്ത ചെറുത്തുനിൽപ്പുകളിലൂടെയും സമരങ്ങളിലൂടെയും മൂർത്തീകരിക്കപ്പെടുന്ന രാഷ്ട്രീയ ഇടമാണ്. കൊളോണിയലിസം, നാടുവാഴിത്തം, ഫ്യൂഡൽ ജന്മിത്തം, വരേണ്യ ഭരണസംവിധാനങ്ങൾ എന്നിവയോടുള്ള ജനകീയമായ പ്രതിരോധങ്ങളാണ് ‘കേരളം’ എന്ന ഭൗതികവും ഭാവനാത്മകവുമായ ഭൂപടത്തെ വരച്ചെടുത്തത്; അവയ്ക്ക് എത്ര പരിമിതികൾ ഉണ്ടെങ്കിലും.ഭൂപട നിർമ്മാണം എന്നത് മുകളിൽ നിന്നുള്ള ഭരണപരമായ ഒരു ഔദാര്യമല്ല, താഴെത്തട്ടിൽ നിന്നുള്ള സംഘർഷങ്ങളുടെയും വിമോചനവാഞ്ചയുടെയും സൃഷ്ടിയാണ് എന്നതിന് ഉത്തമ ഉദാഹരണമാണ് ആധുനിക കേരളത്തിന്റെ ഉദയം.
കൊളോണിയൽ അധികാരത്തിന്റേതായ ആദ്യഘട്ടത്തിൽ, മലയാളം സംസാരിക്കുന്ന ജനത കൊളോണിയൽ ഭരണകൂടത്തിന്റെ വിഭജന തന്ത്രങ്ങൾക്ക് വിധേയരാക്കപ്പെട്ടു. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിയോടെ മലബാർ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിൽ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ നേരിട്ടുള്ള കൊളോണിയൽ ജില്ലയായി. തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് റസിഡന്റിന്റെ മേൽക്കോയ്മ അംഗീകരിച്ച നാട്ടുരാജ്യങ്ങളുമായി വേർതിരിഞ്ഞു. ഈ വിഭജനം ജനങ്ങളുടെ ഭാഷാപരവും സാംസ്കാരികവുമായ ഐക്യത്തെ റദ്ദാക്കുന്നതിനൊപ്പം അതിർത്തിച്ചെക്ക്പോസ്റ്റുകളിലൂടെയും ചുങ്കങ്ങളിലൂടെയും പരസ്പര ബന്ധങ്ങളെ നിയന്ത്രിക്കുന്ന ഒരധികാര രൂപമായി നിലകൊണ്ടു. ഇതിനെതിരായ ആദ്യകാല ഭൂപട ഭേദഗതികൾ ആരംഭിക്കുന്നത് സാമ്രാജ്യത്വ വിരുദ്ധവും ജന്മിത്ത വിരുദ്ധവുമായ ജനകീയ വിപ്ലവങ്ങളിലൂടെയാണ്. മലബാറിലെ മാപ്പിള കർഷകരുടെ തുടർച്ചയായ ചെറുത്തുനിൽപ്പുകളും 1921-ലെ മലബാർ കലാപവും കൊളോണിയൽ-ജന്മിത്ത സഖ്യത്തിന്റെ ഭരണാതിർത്തികളെ ചോദ്യം ചെയ്ത വലിയ രാഷ്ട്രീയ സ്ഫോടനങ്ങളായിരുന്നു.
രണ്ടാം ഘട്ടത്തിൽ, കൊളോണിയൽ അതിരുകളെ തകർക്കാനുള്ള ഉപകരണം എന്ന നിലയിലാണ് ഭാഷാദേശീയതയും ഐക്യകേരള സങ്കൽപ്പവും രാഷ്ട്രീയമായി സംഘടിക്കപ്പെടുന്നത്. 1920-ലെ നാഗ്പൂർ എ.ഐ.സി.സി. സമ്മേളനത്തിൽ ബ്രിട്ടീഷ് ഭരണവിഭാഗങ്ങൾക്ക് ബദലായി ഭാഷാടിസ്ഥാനത്തിൽ പ്രൊവിൻഷ്യൽ കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചതിലൂടെയാണ് ‘കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി’ (KPCC) നിലവിൽ വരുന്നത്. ബ്രിട്ടീഷ് മലബാറും രണ്ട് നാട്ടുരാജ്യങ്ങളും ചേർന്ന ഒരു ഭൂപടം ഔദ്യോഗികമായി സങ്കൽപ്പിക്കപ്പെടുന്നത് അപ്പോഴാണ്. 1921-ലെ ഒറ്റപ്പാലം സമ്മേളനത്തിലൂടെ ഈ പ്രാദേശിക അതിർവരമ്പുകൾ മാഞ്ഞുതുടങ്ങി. തുടർന്ന് രൂപപ്പെട്ട ദേശീയ പ്രസ്ഥാനം, വരേണ്യ രാഷ്ട്രീയത്തോട് മാത്രമല്ല, നാട്ടുരാജ്യങ്ങളിലെ രാജാധികാരത്തോടും ഫ്യൂഡൽ വ്യവസ്ഥകളോടും വിട്ടുവീഴ്ചയില്ലാതെ പോരാടാൻ തുടങ്ങി.
മൂന്നാം ഘട്ടത്തിൽ, ഭൂപട നിർമ്മാണത്തിന്റെ ചാലകശക്തിയായി മാറിയത് താഴെത്തട്ടിലെ ജനവിഭാഗങ്ങളുടെ ജനാധിപത്യവൽക്കരണ പ്രക്ഷോഭങ്ങളാണ്. തിരുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭം, ക്ഷേത്രപ്രവേശന വിളംബരത്തിന് വഴിയൊരുക്കിയ സാമൂഹിക പ്രക്ഷോഭങ്ങൾ, ഉത്തരവാദ ഭരണത്തിനായുള്ള നിരന്തര സമരങ്ങൾ എന്നിവ നാട്ടുരാജ്യ അധികാരഘടനയെ അടിത്തറയിൽ നിന്ന് പിടിച്ചുകുലുക്കി. മലബാറിലെ കർഷക പ്രസ്ഥാനങ്ങളും കയർ-തോട്ടം-ഫാക്ടറി തൊഴിലാളികളുടെ പണിമുടക്കുകളും ഒരു പുതിയ വർഗബോധം നിർമ്മിച്ചു. 1946-ൽ പുന്നപ്ര-വയലാറിൽ ഉയർന്ന സായുധ പ്രതിരോധം ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തെയും ‘അമേരിക്കൻ മോഡൽ’ ഏകാധിപത്യത്തെയും തകർത്തുകളഞ്ഞു. തിരുവിതാംകൂർ ഇന്ത്യയിൽ ലയിക്കാതെ ഒരു സ്വതന്ത്ര നാട്ടുരാജ്യമായി തുടരണമെന്ന കൊട്ടാര അധികാരത്തിന്റെ ലക്ഷ്യത്തെ ചോരകൊണ്ടാണ് തൊഴിലാളിവർഗ്ഗം തിരുത്തിക്കുറിച്ചത്. ദിവാന്റെ സ്വതന്ത്ര ഭൂപടം തകർന്നുവീണ ആ ചോരക്കളത്തിൽ നിന്നാണ് പിന്നീട് ഐക്യകേരളത്തിലേക്കുള്ള വഴി തുറക്കപ്പെട്ടത്. ഇതേ കാലഘട്ടത്തിലാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് ‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന കൃതിയിലൂടെ ഐക്യകേരളമെന്നത് വെറുമൊരു ഭാഷാപരമായ വികാരമല്ലെന്നും, മറിച്ച് ഫ്യൂഡലിസത്തിനും ചൂഷണത്തിനുമെതിരായ ജനങ്ങളുടെ സമഗ്ര വിമോചനത്തിനും സ്വയംപര്യാപ്ത സാമ്പത്തിക വളർച്ചയ്ക്കുമുള്ള ജനകീയ ജനാധിപത്യ വേദിയാണെന്നും സൈദ്ധാന്തികമായി വ്യക്തമാക്കിയത്.
നാലാം ഘട്ടം, കൊട്ടാര അധികാരങ്ങളുടെ അവശിഷ്ടങ്ങളെ ജനകീയ പരമാധികാരം കീഴടക്കുന്ന ഒന്നായിരുന്നു. 1947-ൽ തൃശൂരിൽ ചേർന്ന ഐക്യകേരള സമ്മേളനം ജനകീയ ഐക്യത്തിന്റെ സമ്മർദ്ദം പ്രകടമാക്കി. ഒടുവിൽ, അധികാരത്തിന്റെ സമ്മർദ്ദത്താൽ 1949 ജൂലൈ 1-ന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് ‘തിരു-കൊച്ചി’ രൂപീകൃതമായി. എങ്കിലും തിരുവിതാംകൂർ മഹാരാജാവ് ‘രാജപ്രമുഖൻ’ എന്ന പദവിയിൽ തുടർന്നതും മലബാർ അപ്പോഴും മദ്രാസ് സംസ്ഥാനത്തിന്റെ കോളനിയായി കിടന്നതും ഭൂപടത്തെ അപൂർണ്ണമാക്കി നിലനിർത്തി. ജനങ്ങളുടെ അധികാരത്തോടുള്ള സമരം അവിടെയും അവസാനിച്ചില്ല; മലബാറിനെയും തിരു-കൊച്ചിയെയും ഇണക്കിക്കൊണ്ടുള്ള പൂർണ്ണ ഐക്യകേരളത്തിനായി പ്രക്ഷോഭങ്ങൾ തുടർന്നു.
അഞ്ചാം ഘട്ടത്തിലാണ് അതിർത്തി നിർണ്ണയത്തിന്റെ മൂർത്തമായ പോരാട്ടങ്ങൾ അരങ്ങേറുന്നത്. തെലുങ്ക് ജനതയ്ക്കായി സംസ്ഥാനം ആവശ്യപ്പെട്ട് പൊറ്റി ശ്രീരാമുലു നടത്തിയ രക്തസാക്ഷിത്വവും രാജ്യമെങ്ങും ഉയർന്ന ഭാഷാദേശീയതയുടെ കൊടുങ്കാറ്റും കേന്ദ്ര ഭരണകൂടത്തെ 1953-ൽ സംസ്ഥാന പുനഃസംഘടനാ കമ്മീഷനെ നിയോഗിക്കാൻ നിർബന്ധിതമാക്കി. ഫസൽ അലി, കെ.എം. പണിക്കർ, എച്ച്.എൻ. കുൻസ്രു എന്നിവരടങ്ങിയ കമ്മീഷൻ അതിർത്തികൾ നിർണ്ണയിച്ചതും ജനകീയ സമരങ്ങളുടെ ഉരകല്ലിലാണ്. തിരു-കൊച്ചിയിലെ തെക്കൻ താലൂക്കുകളായ തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട് എന്നിവിടങ്ങളിലെ തമിഴ് ജനത നടത്തിയ ‘തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ്’ (TTC) പ്രക്ഷോഭവും വെടിവെപ്പും, ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശപ്പോരാട്ടങ്ങളിലൂടെ ആ പ്രദേശങ്ങളെ മദ്രാസ് സംസ്ഥാനത്തിന്റെ (പിന്നീട് തമിഴ്നാട്) ഭാഗമാക്കി മാറ്റി. അതേസമയം, മലബാറിലെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ ശേഷിപ്പുകൾ തകർത്തെറിഞ്ഞും കാസർകോട്ടെ മലയാളികളുടെ പ്രാദേശിക അസ്തിത്വം വീണ്ടെടുത്തും 1956 നവംബർ 1-ന് കേരള സംസ്ഥാനം നിലവിൽ വന്നു.
തുടർന്ന് വന്ന ആറാം ഘട്ടത്തിൽ, സംസ്ഥാനത്തിന്റെ ആഭ്യന്തര ഭൂപടത്തിന്റെ വികാസവും ഭരണകൂട കേന്ദ്രീകരണത്തോടുള്ള പ്രാദേശിക വികസന-അധികാര വികേന്ദ്രീകരണ സമരങ്ങളിലൂടെയാണ് സംഭവിച്ചത്. രൂപീകരണവേളയിലെ 5 ജില്ലകളിൽ നിന്ന് ഇന്ന് കാണുന്ന 14 ജില്ലകളിലേക്കുള്ള വികാസം കേവലമായ ഭരണസൗകര്യത്തിന്റെ കണക്കല്ല. മലബാർ പ്രദേശത്തെ അവഗണനകൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് 1957-ൽ മലബാർ വിഭജിച്ച് കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകൾ ഉണ്ടായത്. പിന്നീട് മലപ്പുറം ജില്ലയുടെ രൂപീകരണം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിന്ന ഒരു ജനതയുടെ സാംസ്കാരിക-രാഷ്ട്രീയ അസ്തിത്വത്തിനായുള്ള അവകാശവാദമായിരുന്നു. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളുടെ രൂപീകരണവും മലയോര കർഷകരുടെയും പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെയും വികസന നിഷേധത്തിനെതിരായ പ്രതിഷേധങ്ങളിൽ നിന്നാണ് ഉയർന്നുവന്നത്.
ചുരുക്കത്തിൽ, കൊളോണിയൽ ഭിന്നിപ്പിക്കലുകളെയും നാട്ടുരാജ്യങ്ങളുടെ പരമാധികാര വ്യാമോഹങ്ങളെയും ജന്മിത്ത-ഫ്യൂഡൽ അധികാരബന്ധങ്ങളെയും ജനങ്ങൾ തങ്ങളുടെ സംഘടിത രാഷ്ട്രീയ സമരങ്ങളിലൂടെ മറികടന്നതിന്റെ മൂർത്തരൂപമാണ് കേരളത്തിന്റെ ഭൂപടം. ഭരണകൂടങ്ങൾ അതിരുകൾ നിർണ്ണയിക്കുന്നത് ഭരിക്കാനാണെങ്കിൽ, ജനങ്ങൾ ആ അതിരുകളെ തിരുത്തിയെഴുതിയത് തുല്യതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയാണ്. അതിനാൽ, അധികാരം പ്രയോഗിച്ച അധികാരകേന്ദ്രങ്ങളല്ല, മറിച്ച് അധികാരത്തിന് നേരെ ഉയർന്ന പ്രതിരോധങ്ങളും ജനകീയ സമരങ്ങളുമാണ് കേരളം എന്ന രാഷ്ട്രീയ ഭൂപടത്തെ സൃഷ്ടിച്ചത്.
‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ (പി ഭാസ്കരനുണ്ണി) എന്ന സാംസ്കാരി ചരിത്ര പുസ്തകത്തിലെ ‘ഭൂമി’ എന്ന അധ്യായത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം:
“ഭൂമിക്ക് മുപ്പത്തിയെട്ട് പര്യായങ്ങളാണ് അമരകോശത്തിൽ കൊടുത്തിട്ടുള്ളത്. മണ്ണിനും ഓർമണ്ണിനും മരുഭൂമിക്കും കൃഷിക്ക് യോജിച്ച മണ്ണിനും ഒരുനാളും ഗുണം പിടിക്കാത്ത ഭൂമിക്കും ആര്യാവർത്തത്തിനും അതിന് വിപരീതമായ മ്ലേച്ഛദേശത്തിനും പുണ്യഭൂമിക്കും പുൽപരപ്പ് നിറഞ്ഞ പച്ചപിടിച്ച പ്രദേശത്തിനും നദിക്കും കുന്നിനും കാടിനും തോടിനും കടലിനും എല്ലാം അമര സിംഹൻ ഭൂമിയുടെ മഹത്വവും വലിപ്പവും പരപ്പും അറിഞ്ഞും ഉചിതമായ പദങ്ങൾ നിർണയിച്ച സമാഹരിച്ചിട്ടുണ്ട്. ഇതിൽ മ്ലേച്ഛദേശത്തെ കുറിച്ചേ ആർക്കും ഇന്ന് സന്ദേഹം ഉദിക്കു. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ ഈ നിർവചനം അനുസരിച്ച് കേരളം എന്തായാലും പത്തൊമ്പതാം നൂറ്റാണ്ടിൽ മ്ലേച്ഛമായിരുന്നില്ലെന്ന് ഖണ്ഡിതമായും നമുക്ക് പറയാം.”
‘’സമുദ്ര നിരപ്പിൽ നിന്നും 3000 അടി മുതൽ 8000ത്തിലധികം അടി വരെ ഉയർന്നുകിടക്കുന്ന സഹ്യപർവതനിരയും പാലക്കാട്ട് ചുരം പെരുമ്പാടി ചുരം താമരശ്ശേരി ചുരം പെരിയ ചുരം തുടങ്ങിയ മലമ്പാതകളും 360 മൈലോളം നീണ്ടുകിടക്കുന്ന തീരവും ഭാരതപ്പുഴ പെരിയാർ പമ്പ ചാലിയാർ തുടങ്ങി 41 ഓളം നദികളും ബേക്കൽ, കവ്വായി, വേമ്പനാട്ടുകായൽ, അഷ്ടമുടിക്കായൽ എന്നിങ്ങനെയുള്ള കായലുകളും ശുദ്ധജല തടാകം എങ്കിലും പേരുകൊണ്ട് കായൽ എന്നറിയപ്പെടുന്ന ശാസ്താംകോട്ടക്കായലും സമൃദ്ധമായ പച്ചക്കാടുകളും മലനാടും ഇടനാടുമായി 38855ചതുരശ്ര കിലോമീറ്റര് വിസ്തീർണ്ണം ഉള്ള കേരളത്തിന്റെ ഭൂമുഖം ഇന്ത്യയിൽ എവിടെ നിന്നും നോക്കിയാലും ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയത്തക്കവിധം തനതായ മുദ്രയോട് കൂടിയതാണ് “
“ സ്വന്തമായി ഭൂമിയും ഭൂമിയിൽ അവകാശവുമുണ്ടാകുന്നത് ഏത് ദേവി ദേവന്മാരുടെ അനുഗ്രഹങ്ങൾ ആയാലും അത് അഭികാമ്യം തന്നെ. കഴിഞ്ഞ നൂറ്റാണ്ടിൽ ഈ അനുഗ്രഹം ഈശ്വരന്മാരുടെ വരദാനത്താൽ ആണെന്ന് സാമാന്യജനം ആത്മാർത്ഥമായും വിശ്വസിച്ചു പോന്നു. ദാരിദ്ര്യത്തിനും അന്നൊരു തത്ത്വശാസ്ത്രം ഉണ്ടായിരുന്നു എന്നാണ്,ദരിദ്രരെ സംബന്ധിച്ചിടത്തോളം ആശാവഹമായ ഒരു അത്താണി. മുൻജന്മത്തിലെ പാപകർമ്മങ്ങളാണ് വർത്തമാന ജീവിതത്തിലെ ദാരിദ്ര്യത്തിന് ഹേതുവെന്നും അടുത്ത ജന്മത്തിലേക്ക് എങ്കിലും അത് അകലാൻ ചാതുർവർണ്യ അധിഷ്ഠിതമായ ധർമ്മജീവിതം നയിക്കലാണ് പോംവഴി എന്നും വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തു പരമ്പരാഗതമായ സ്വത്തുടമകളുടെ ശൃംഖലയും പുരോഹിത സമൂഹവും ബോധപൂർവമായി ശ്രമിച്ചതിന്റെ ഫലമായാണ് ഈ തത്വശാസ്ത്രം അത് അങ്ങനെയാണെങ്കിൽ ഇവിടെയും പടർന്നു പന്തലിച്ചത്. മനുഷ്യൻറെ ഭൗതിക ജീവിതവും സാമൂഹ്യ ബന്ധങ്ങളും സാമൂഹ്യ സാഹചര്യങ്ങളും ഓരോ അവസരങ്ങളിലായി മാറുമ്പോഴും അവൻറെ ധാരണയും ബോധവും മാറിവരും. പക്ഷേ ഇങ്ങനെ മാറിവരാനോ നൂതനമായ ഒരു പരിവർത്തനത്തിന് വിധേയമാകാനും പറ്റാത്ത വിധം ഇരുന്നു നിരങ്ങിയിരുന്നു അന്നത്തെ സാമൂഹിക ഘടന. ഇവിടെ ഭൂമി ഇല്ലാതിരുന്ന ലക്ഷണങ്ങൾക്കായിരുന്നു. പ്രകൃതി സുന്ദരവും ഫല ഭൂയിഷ്ഠവും സസ്യഫലാഢ്യയുമായ ഈ ഭൂമി, വിരലിലെണ്ണാവുന്ന ഒരു ന്യൂനപക്ഷത്തിന്റെ കൈവെള്ളയിൽ ഒതുങ്ങി കിടന്നു; പലപ്പോഴും ആ ഭൂമികൾ ലക്ഷക്കണക്കിനുള്ള നിരാഹാരരുടെ പ്രയത്നത്തിലും കഷ്ടപ്പാടിലും വിശപ്പിലും ക്രൂരമരണങ്ങളിലുമായി പിടച്ചു ജീവിച്ചു.”(891,892,893) മുതലാളിത്ത വികസനത്താൽ പിടഞ്ഞു ജീവിക്കുകയാണ് ഇന്നത്തെ ദേശങ്ങൾ.
ദേശത്തെ നിർമ്മിക്കുന്നവരെ ഒഴിവാക്കി വരയ്ക്കുന്ന ദേശ ഭൂപടങ്ങിൽ ദേശം പിടഞ്ഞു നിലവിളിക്കുന്നു എന്നാണ് മേൽപറഞ്ഞ ചരിത്രകാരൻ ഒരർത്ഥത്തിൽ പറയുന്നത്. ഒരു ദേശം അതിൻ്റെ ഭൂപടം വരയ്ക്കുമ്പോൾ മാത്രമേ ആദ്യം പറഞ്ഞ അദൃശ്യ ഭൂപടം ദൃശ്യമാകൂ. അത്തരം ഭൂപട രചനയാണ് യഥാർത്ഥ കവികളും യഥാർത്ഥ ചരിത്രകാരന്മാരും യഥാർത്ഥ രാഷ്ട്ര നിർമ്മാതാക്കളും നിർവ്വഹിക്കേണ്ടത്. അല്ലാത്തവയെയാണ് പാഴ് വരകൾ എന്നു കവി പറയുന്നത്.
“എവിടെവിടങ്ങളീച്ചട്ടിപുറത്തെടു-
ത്തെറിയപ്പെടുന്നുണ്ടിപ്പാരിടത്തിൽ,
അവിടവിടങ്ങളെച്ചേർത്തുവരയ്ക്കുകി-
ന്നിവരുടെ രാജ്യത്തിന്നതിർവരകൾ.”
ഗ്രന്ഥസൂചി
മലയാളം
പി.ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാദമി, 2012
ഇംഗ്ലീഷ്
Ali, S. M. The Geography of the Puranas. People’s Publishing House, 1966.
Ambedkar, B. R. Annihilation of Caste: The Annotated Critical Edition. Edited by S. Anand, Navayana, 2014.
Biju, S. D., and Franky Bossuyt. “New Frog Family from India Reveals an Undescribed Amphibian Lineage.” Nature, vol. 425, no. 6959, 2003, pp. 711–14.
Bodding, P. O. Traditions and Institutions of the Santhals: Horkoren Mare Hapramko Reak’ Katha. Translated by P. O. Bodding, Bahumukhi Prakashan, 1994.
—. Santal Folk Tales. 3 vols., H. Aschehoug & Co., 1925–1929.
Bossuyt, Franky, and Michel C. Milinkovitch. “Amphibians as Indicators of Early Tertiary ‘Out-of-India’ Dispersal of Vertebrates.” Science, vol. 292, no. 5514, 2001, pp. 93–95.
Chakravarti, Uma. The Social Dimensions of Early Buddhism. Munshiram Manoharlal, 1987.
Collins, Alan S. “Madagascar and the Amalgamation of Central Gondwana.” Gondwana Research, vol. 9, no. 1–2, 2006, pp. 3–16.
Doniger, Wendy, and Brian K. Smith, translators. The Laws of Manu. Penguin Books, 1991.
Eck, Diana L. India: A Sacred Geography. Harmony Books, 2012.
Edney, Matthew H. Mapping an Empire: The Geographical Construction of British India, 1765–1843. University of Chicago Press, 1997.
Elwin, Verrier. Myths of Middle India. Oxford UP, 1949.
—. The Agaria. Oxford UP, 1942.
Fazl, Allami Abul. The Ain-i-Akbari. Translated by H. Blochmann, 2nd ed., vol. 1, Asiatic Society of Bengal, 1927.
Fürer-Haimendorf, Christoph von. The Raj Gonds of Adilabad: Myth and Ritual. Macmillan, 1948.
Griffith, Ralph T. H., translator. The Hymns of the Rigveda. 2nd ed., vol. 2, E. J. Lazarus and Co., 1897.
Harley, J. B. “Deconstructing the Map.” Cartographica: The International Journal for Geographic Information and Geovisualization, vol. 26, no. 2, 1989, pp. 1–20.
Kern, Hendrik, editor. The Bṛhat Sanhitā of Varāha-Mihira. The Asiatic Society of Bengal, 1865.
Khullar, D. R. India: A Comprehensive Geography. Kalyani Publishers, 2014.
Kosambi, D. D. The Culture and Civilisation of Ancient India in Historical Outline. Routledge & Kegan Paul, 1965.
Ministry of Home Affairs. Annual Report 2021–22. Government of India, 2022.
Ministry of Information and Broadcasting. India 2024: A Reference Annual. Publications Division, Government of India, 2024.
National Council of Educational Research and Training. India: Physical Environment: Textbook in Geography for Class XI. NCERT, 2022.
Olivelle, Patrick, editor and translator. Dharmasūtras: The Law Codes of Āpastamba, Gautama, Baudhāyana, and Vasiṣṭha. Oxford UP, 1999.
ഭാസ്കരനുണ്ണി, പി. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം. കേരള സാഹിത്യ അക്കാദമി, 2012.
Radhakrishna, B. P. “Neogene Uplift and Geomorphic Evolution of the Indian Peninsula.” Current Science, vol. 64, no. 11–12, 1993, pp. 787–93.
Rhys Davids, T. W., and C. A. F. Rhys Davids, translators. Dialogues of the Buddha. Part 3, Sacred Books of the Buddhists, Oxford UP, 1921.
Santosh, M., et al. “Paleoproterozoic Accretionary Orogenesis in the Western Dharwar Craton, Southern India and Its Bearings on Gondwana Reconstruction.” Gondwana Research, vol. 16, no. 2, 2009, pp. 198–218.
Sircar, D. C. Studies in the Geography of Ancient and Medieval India. 2nd ed., Motilal Banarsidass, 1971.
Storey, M., et al. “Timing of Hot Spot-Related Volcanism and the Breakup of Madagascar and India.” Science, vol. 267, no. 5199, 1995, pp. 852–55.
Tagare, G. V., translator. The Bhāgavata-Purāṇa. Part 1, Ancient Indian Tradition and Mythology, vol. 7, Motilal Banarsidass, 1976.
Thapar, Romila. From Lineage to State: Social Formations in the Mid-First Millennium B.C. in the Ganga Valley. Oxford UP, 1984.
Valdiya, K. S. The Making of India: Geodynamic Evolution. 2nd ed., Society of Earth Scientists / Springer, 2016.
Varāhamihira. Bṛhat Saṃhitā. Translated by M. Ramakrishna Bhat, vol. 1, Motilal Banarsidass, 1981.
Walshe, Maurice, translator. The Long Discourses of the Buddha: A Translation of the Dīgha Nikāya. Wisdom Publications, 1995.
Wilson, H. H., translator. The Vishnu Purana: A System of Hindu Mythology and Tradition. Edited by Fitzedward Hall, vol. 1, Trübner & Co., 1864.

ഡോ. ഷൂബ കെ.എസ്സ്.
പ്രൊഫസർ, മലയാള വിഭാഗം, ഗവൺമെന്റ് കോളേജ് , നെടുമങ്ങാട്
