അരുൺ കുമാർ

Published: 10 september 2026 കവര്‍‌സ്റ്റോറി

ഇന്ത്യൻ ഭൂപട നിർമ്മാണത്തിന്റെ വിസ്മയചരിത്രം

-ഭൗമചാപം എന്ന പുസ്തകത്തിലുടെ

ആമുഖം

​തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി, തദ്ദേശസ്വയംഭരണ വിഭാഗത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ച സി.എസ് മിനാക്ഷി രചിച്ച വൈജ്ഞാനിക ഗ്രന്ഥമാണ് ‘ഭൗമചാപം- ഇന്ത്യൻ ഭൂപട നിർമ്മാണത്തിന്റെ വിസ്മയചരിത്രം’. 2019-ൽ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഈ കൃതി സി.എസ് മിനാക്ഷിയുടെ സാങ്കേതിക വിജ്ഞാനത്തിന്റെയും ചരിത്ര വസ്തുതകളുടെ നിരീക്ഷണ പാടവത്തിന്റെയും സമന്വയമാണ്. ശാസ്ത്ര വൈജ്ഞാനികത, കൊളോണിയൽ അധിനിവേശ രാഷ്ട്രീയം, തൊഴിലാളികൾ നേരിടേണ്ടി വന്ന കൊടിയ ചൂഷണം തുടങ്ങിയ ചരിത്ര സത്യങ്ങൾ ഈ കൃതിയിലെ പ്രധാന വിഷയങ്ങളാണ്. ഭൂപടത്തെ സംബന്ധിച്ച മുൻവിധികളെയും സാമാന്യ ധാരണകളെയും തിരുത്തുക മാത്രമല്ല, ഭൂപടനിർമ്മാണ ചരിത്രവിശകലനത്തിലൂടെ ഭൂപടനിർമ്മാണത്തിന്റെ പിന്നാമ്പുറത്തിലെ ഭീതിജനകമായ അദ്ധ്വാനത്തിന്റെ ചരിത്രംകൂടി ഈ കൃതി പറഞ്ഞു വയ്ക്കുന്നു.

​ഒരു ചതുരക്കടലാസിൽ പല നിറങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയ വരകളും കുത്തുകളുമല്ല ഭൂപടം. പ്രാദേശികവും ദേശീയവുമായ അതിർവരമ്പുകൾ ഉണ്ടാക്കിയ  സാമ്രാജ്യത്വരാഷ്ട്രീയവും,കാട്ടു മൃഗങ്ങളെയും പലതരം രോഗങ്ങളും കൊണ്ട് പൊറുതിമുട്ടി, അപരിചിതമായ ഭൂപ്രദേശങ്ങളിലൂടെ ഭാരമുള്ള യന്ത്രങ്ങളും ചുമന്നു നടന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ ചോരയിൽ മുങ്ങിയ അനേകം ദയനീയ ജീവിതമുണ്ട്, ഓരോ ഭൂപടനിർമ്മാണത്തിന്റെ പിന്നിലും. ‘ഭൗമചാപം – ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയചരിത്രം’ എന്ന ഈ കൃതി  ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യ കമ്പനി ഇന്ത്യയിൽ നടപ്പിലാക്കിയ, ലോകത്തിലെതന്നെ ഏറ്റവും വലിയ ശാസ്ത്രീയപരീക്ഷണ സംരംഭങ്ങളിലൊന്നാണ് ‘ഗ്രേറ്റ് ട്രിഗണോമെട്രിക്കൽ സർവ്വേ ഓഫ് ഇന്ത്യ’ (Great Trigonometrical Survey – GTS) അഥവാ ‘ദ ഗ്രേറ്റ് ആർക്ക് സർവ്വേ’(The Great Arc Survey).ഈ ശാസ്ത്രീയ പ്രതിഭാസത്തിന്റെ സങ്കീർണ്ണ ചരിത്രത്തെ വളരെ ആഴത്തിൽ വിശകലനം ചെയ്യുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രസക്തി. ഭൂപടനിർമ്മാണത്തിന്റെ ആഗോളചരിത്രവും അതിന് അധിനിവേശ രാഷ്ട്രീയവുമായുള്ള ബന്ധത്തെക്കുറിച്ചാണ് പുസ്തകത്തിന്റെ ആദ്യഭാഗങ്ങൾ ചർച്ച ചെയ്യുന്നത്.

​ഇന്ത്യൻ ഭൂപ്രദേശങ്ങളുടെ ശാസ്ത്രീയമായ സർവ്വേ ആരംഭിക്കുന്നത്, ഈസ്റ്റ്ഇന്ത്യ കമ്പനി ഇന്ത്യയിൽ ഭരണം ഉറപ്പിച്ചതിനു ശേഷമാണ്. മൈസൂറാക്രമണത്തിന് ശേഷമാണ് ബ്രിട്ടീഷുകാർ ദക്ഷിണേന്ത്യയിൽ പൂർണ്ണമായ ആധിപത്യം നേടുന്നത്. പക്ഷേ അപരിചിതമായ ഇന്ത്യൻ ഭൂപ്രകൃതി അവർക്ക് വലിയ വെല്ലുവിളിയായിരുന്നു. യുദ്ധസാഹചര്യങ്ങളിൽ സൈന്യത്തെ വേഗത്തിൽ വ്യന്യസിക്കാനും പിൻവലിക്കാനും, നാട്ടുരാജ്യങ്ങളുടെ ആക്രമണങ്ങളെ നേരിടാനും ചെറുത്തുനിൽക്കാനും വലുതും ഇടുങ്ങിയതുമായ വഴിത്താരകളും മലമ്പ്രദേശങ്ങളും, ജലാശയങ്ങളും, വനമ്പ്രദേശങ്ങളും അടങ്ങിയ ഭൂപടങ്ങൾ അവർക്ക് ആവശ്യമായി വന്നു. ഉരുണ്ട ഭൂമിയെ പരന്ന പ്രതലത്തിലേക്ക് മാറ്റി വരയ്ക്കുന്ന അളവുകളുടെ രൂപീകരണം അതിസങ്കീർണ്ണമായ ഗണിതശാസ്ത്ര പ്രക്രിയയാണ്. അതിസാഹസികമായ ഈ പ്രക്രിയയിലൂടെ കീഴടക്കിയ ഭൂപ്രദേശങ്ങളിലെ വനമ്പ്രദേശങ്ങളും തുരുത്തുകളും കൃത്യമായി അളന്നു തിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോൾ ഈസ്റ്റ് ഇന്ത്യകമ്പനിയുടെ വരുമാനമാർഗ്ഗമായി അത് മാറി. ഭൂപ്രദേശങ്ങളുടെ ഘടനയനുസരിച്ച്, കാർഷികവിളകൾ എവിടെ ഉല്പാദിപ്പിക്കാം, ഖനനവും വനചൂഷണവും എവിടെയൊക്കെ നടത്താം വിഭവങ്ങളെ എങ്ങനെ തരംതിരിക്കാം, എങ്ങനെ അവയുടെ ഉടമസ്ഥാവകാശം നേടിയെടുക്കാം,  ജന്മികളിൽ നിന്നും പാവപ്പെട്ട കർഷകരിൽ നിന്നും എങ്ങനെ ഉയർന്ന നികുതി ചുമത്താം എന്നൊക്കെ തീരുമാനിക്കാൻ ഈ സർവ്വേ ഉപകരിച്ചു. അങ്ങനെ തദ്ദേശ ജനതയും ആദിവാസികളും നൂറ്റാണ്ടുകളായി സ്വതന്ത്ര ജീവിതം നയിച്ച അവരുടെ ഭൂപ്രദേശത്തെ, ബ്രിട്ടീഷ് അധിനിവേശം സങ്കല്പികമായ അക്ഷാംശ – രേഖാംശ രേഖകൾ കൊണ്ട് പകുത്തെടുത്തു. ഇതിൻ്റെ തുടർപ്രവർത്തനമെന്നോണം  തെക്ക് കന്യാകുമാരി മുതൽ വടക്ക് ഹിമാലയം വരെയുള്ള ഉപഭൂഖണ്ഡത്തിൻ്റെ നട്ടെല്ല് വരയ്ക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ‘ഭൗമചാപം’ (Great Arc), ആത്യന്തികമായി ഇന്ത്യൻ ഭൂനിവാസികളുടെ സ്വതന്ത്ര ജീവിതത്തിൻ്റെ പരമാധികാരത്തിന്മേലുള്ള ശാസ്ത്രീയമായ അധിനിവേശമായിരുന്നു.

  • ​ബ്രിട്ടീഷ് അധിനിവേശവും ഭൂപടനിർമ്മാണത്തിന്റെ രാഷ്ട്രീയവും

സയന്റിഫിക്  സൈനിക ഉദ്യോഗസ്ഥനായ വില്യം ലാംബ്റ്റൺ 1802 ഏപ്രിൽ മാസം 10-ാം തീയതി മദ്രാസിലെ സെൻ്റ്തോമസ്   മൗണ്ടിൽ ലളിതമായ ചടങ്ങുകളോടെ തുടങ്ങി വച്ച സർവ്വേ പ്രവർത്തനങ്ങളാണ് ഭൂപടനിർമ്മാണത്തിൻ്റെ നാഴികക്കല്ല്. ഇംഗ്ലണ്ടിൽ നിന്നും കപ്പൽ മാർഗ്ഗം എത്തിച്ച അരടണ്ണിലധികം ഭാരമുള്ള ‘ഗ്രേറ്റ് തിയോഡലൈറ്റ്’ (Great Theodolite) എന്ന കൂറ്റൻ ശാസ്ത്ര ഉപകരണത്തിൻ്റെ സഹായത്താലാണ് കന്യാകുമാരി മുതൽ ഹിമാലയം വരെയുള്ള  ഇന്ത്യയുടെ നട്ടെല്ല് വരയ്ക്കുക എന്ന ദൗത്യം വില്യം ലാംബ്റ്റൺ ഏറ്റെടുത്തത്. ഭൂപ്രദേശങ്ങളെ പരസ്പരബന്ധിതമായി ത്രികോണങ്ങളായി തിരിച്ച്, നിശ്ചയിക്കപ്പെട്ട ബേസ് ലൈനുകളെയും കോണുകളെയും അടിസ്ഥാനമാക്കി ദൂരം കണക്കാക്കുന്ന ത്രികോണമിതി സൂത്രവാക്യങ്ങൾ (Triangulation Method) പ്രയോജനപ്പെടുത്തി. ഈ സാഹസികതകൾക്കിടയിൽ തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്ര ഗോപുരത്തിന് മുകളിൽ നിന്ന് തിയോഡലൈറ്റ് താഴെ വീണു തകർന്നു പോയപ്പോൾ വില്യം ലാംബ്റ്റൺ തന്നെ ഉപകരണം ബോംബെയിലേക്ക് അയക്കാതെ തഞ്ചാവൂരിലെ ഒരു ചെറിയ പണിപ്പുരയിലിരുന്ന് നന്നാക്കിയെടുത്തു. തുടർന്ന് നടന്ന പ്രവർത്തനത്തിൽ കന്യാകുമാരിയിൽ നിന്ന് വടക്കോട്ട് വ്യാപിപ്പിച്ച അളവെടുപ്പ്  അക്ഷാംശം 18 ഡിഗ്രിവരെ വില്യം  എത്തിച്ചു. ദുരിതപൂർണ്ണമായ ഭൂപടനിർമ്മാണ യാത്രയ്ക്കൊടുവിൽ 1823-ൽ നാഗ്പൂരിലെ ഹിംഗൻഘട്ടിൽ വച്ച് വില്യം ലാംബ്റ്റൺ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം വില്യം ലാംബ്റ്റണിന്റെ അസിസ്റ്റന്റായിരുന്ന ജോർജ്ജ് എവറസ്റ്റ് സർവ്വേയുടെ ചുമതല ഏറ്റെടുത്തു.

​സർവ്വേ പ്രവർത്തനങ്ങൾ കൂടുതൽ കർക്കശവും സങ്കീർണ്ണവുമായത് ജോർജ്ജ് എവറസ്റ്റിന്റെ ഭരണകാലത്തായിരുന്നു. സർവ്വേ പ്രവർത്തനങ്ങളിൽ ജോർജ്ജ് നടപ്പിലാക്കിയ സാങ്കേതിക സങ്കീർണ്ണതകൾ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചെങ്കിലും എവറസ്റ്റിന്റെ ആരോഗ്യം, അത്യുഷ്ണവും മലമ്പനിയും കൊണ്ട് തകർന്ന നിലയിലായിരുന്നു. തളർവാതം കൊണ്ട് ശരീരം തളർന്നിട്ടും ഇന്ത്യൻ തൊഴിലാളികളുടെ തോളിലേറി  എവറസ്റ്റ് സർവ്വേ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകി. വടക്കേഇന്ത്യൻ സമതലങ്ങളിൽ ദൂരക്കാഴ്ച സങ്കീർണ്ണമായിരുന്നു. ഇന്ത്യൻ തൊഴിലാളികളെക്കൊണ്ട് കഠിനമായ വെയിലത്തും മഴയത്തും പണിയെടുപ്പിച്ച് നിർമ്മിച്ച ഇഷ്ടിക ഗോപുരത്തിന്റെ (Survey Towers) സഹായത്താൽ, ആ പ്രയാസം പരിഹരിക്കുകയും,  അക്ഷാംശം 8 ഡിഗ്രി മുതൽ 37 ഡിഗ്രി വരെയുള്ള ഭൂപടം അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു. ഈ അളവുകൾ ഉപയോഗിച്ചുകൊണ്ടാണ് ആഗോളശാസ്ത്രലോകം ഭൂമിയുടെ മധ്യഭാഗത്തെ തള്ളിച്ചയും ധ്രുവപ്രദേശങ്ങളിലെ പരപ്പും നിർണ്ണയിച്ചത്. മാത്രമല്ല ന്യൂട്ടന്റെ ഭൂഗുരുത്വാകർഷണ പ്രവചനങ്ങൾക്ക് ശാസ്ത്രീയമായ തെളിവു നൽകാൻ ഇന്ത്യൻ സർവ്വേ പ്രവർത്തനങ്ങൾക്ക് സാധിക്കുകയും ചെയ്തു.

  • ​ ഇന്ത്യൻ തൊഴിലാളികൾ: അദ്ധ്വാനത്തിന്റെ മഹത്ത്വവും ചൂഷണത്തിന്റെയും വിവേചനത്തിൻ്റെയും ഇരകൾ

ചരിത്രം ചിലപ്പോഴൊക്കെ ചിലർക്ക് വഴിമാറും. ചിലപ്പോഴൊക്കെ ചരിത്രത്തിൽ നിന്നും ചിലരൊക്കെ പുറത്താക്കപ്പെടും. ഒരു ചരിത്രം നിർമ്മിക്കപ്പെടുമ്പോൾ അതിൽ പങ്കാളികളായ, അതിന്റെ അടിത്തട്ടിൽ പണിയടുത്തവർ അടയാളപ്പെടാതെ പോകും.ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ ചരിത്രത്തിലും ഇത്തരം ക്രൂരതകൾ നടന്നിട്ടുണ്ട്. ലാംബ്റ്റണിന്റെയും എവറസ്റ്റിന്റെയും അതിസാഹസികതകളെയും ശാസ്ത്രീയ വീക്ഷണങ്ങളെയും പുകഴ്ത്തുമ്പോൾ, ആ വീരഗാഥകൾക്ക് അടിയിൽ മറഞ്ഞുപോയത് ഭീകരമായ വംശീയ വിവേചനത്തിന്റെയും ബ്രിട്ടീഷ് അധിനിവേശത്തിന്റെയും രക്തരൂക്ഷിതമായ ഏടുകളാണ്. അരടണ്ണിലധികം ഭാരമുള്ള തിയോഡലൈറ്റ് പോലുള്ള വലിയ യന്ത്രസാമഗ്രികളും ഉപകരണങ്ങളും  ചെങ്കുത്തായ മലനിരകളിലേക്കും, ക്രൂരമൃഗങ്ങൾ നിറഞ്ഞ ഘോരവനങ്ങളിലേക്കും, ചുമന്നെത്തിച്ചത് ഇന്ത്യൻ തൊഴിലാളികളായിരുന്നു. മലമടക്കുകളിൽ നിന്നും വഴിവെട്ടിയൊരുക്കിയും, ആ വഴിയിലൂടെ യന്ത്രങ്ങളും ഉപകരണഭാഗങ്ങളും തലയിൽ ചുമന്ന്, വിശ്രമമില്ലാതെ പണിയെടുത്ത്,  ഭക്ഷണമില്ലാതെ,വെള്ളമില്ലാതെ, രോഗബാധിതരായി, ആയിരക്കണക്കിന് തൊഴിലാളികൾ ചോരതുപ്പി, മരിച്ചു വീണു.

​പശ്ചിമ ഘട്ടങ്ങളിലെയും, മധ്യേന്ത്യയിലെയും, അതിദാരുണമായ മലമ്പനി, കോളറ, പ്ലേഗ് എന്നീ രോഗങ്ങൾ സർവ്വേസംഘത്തെ നിരന്തരം വേട്ടയാടി. രോഗബാധിതരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് കൃത്യമായി വിശ്രമവും, പ്രത്യേക വൈദ്യസഹായവും ഉറപ്പാക്കിയപ്പോൾ, പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികൾക്ക് അത് നിരസിക്കുകയും, രോഗബാധിതരായ ഇന്ത്യൻ തൊഴിലാളികളെ അടിമകളെപ്പോലെ കണ്ട് നിർബന്ധപൂർവ്വം പണിയെടുപ്പിക്കുകയുമായിരുന്നുദിനംപ്രതി, ഒരു ഡസണിലധികം തൊഴിലാളികളാണ് കാടുകളിൽ മരിച്ചു വീണത്. മരിച്ചു വീണ പാവപ്പെട്ട തൊഴിലാളികളെ, വന്യമൃഗങ്ങൾക്ക് ഇരയാക്കുകയോ   കാട്ടിൽ തന്നെ കുഴിച്ചുമൂടുകയോ ആണ് ചെയ്തിരുന്നത്. ബ്രിട്ടീഷ് സർവ്വേയർമാരുടെ ഡയറിക്കുറിപ്പുകളിൽ  മനുഷ്യത്വമില്ലാത്ത ഈ ക്രൂരത വെറും സംഖ്യാക്കണക്കുമാത്രമായി ചുരുങ്ങി.

ശമ്പള ആനുകൂല്യം, ആരോഗ്യ പരിരക്ഷ, അംഗീകാര ബഹുമതികൾ എന്നിവയുടെ കാര്യത്തിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ നിന്നും ഇന്ത്യൻ തൊഴിലാളികളും കൂലിക്കാരും കടുത്ത വിവേചനമാണ് അനുഭവിച്ചിരുന്നത്. ഉയർന്ന ശമ്പളവും കൊളോണിയൽ അംഗീകാരങ്ങളും കൊണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ബഹുമാനിക്കപ്പെടുമ്പോൾ അമിത ജോലിഭാരവും അദ്ധ്വാനത്തിന് അനുസൃതമല്ലാത്ത തുച്ഛമായ കൂലിയും കൊണ്ട് അപമാനിതരും നിന്ദിതരുമായി അടിമകളെപ്പോലെ ജീവിക്കേണ്ടി വന്നവരാണ് ഇന്ത്യൻ തൊഴിലാളികളും കൂലിക്കാരും. പ്രകൃതിക്ഷോഭങ്ങളിൽ നിന്നും ഭീകരമായ രോഗബാധകളിൽ നിന്നും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ സംരക്ഷിക്കപ്പെട്ടു. പ്രത്യേകം തയ്യാറാക്കിയ തമ്പുകളും എന്തു സഹായത്തിനും ഏതുസമയത്തും കാവലിന് അധിക സുരക്ഷാപടയാളികളും കൃത്യസമയത്ത് അനിവാര്യമായ ചികിത്സയും നൽകി കൊളോണിയൽ ഉദ്യോഗസ്ഥന്മാരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കപ്പെട്ടപ്പോൾ പോഷകാഹാരം കിട്ടാതെ എല്ലൊടിഞ്ഞും തളർവാദം പിടിച്ചും മാരകമായ രോഗപീഡയേറ്റും ഒരു പരിചരണവും കിട്ടാതെ പുഴുക്കളെപ്പോലെ മരിച്ചുപോയവരാണ് ഇന്ത്യൻ തൊഴിലാളികൾ. മാത്രമല്ല ശാരീരികമായി തളരുമ്പോഴും ജോലിഭാരം കുറച്ചുകൊണ്ടുള്ള ഒരു കരുതലും ഇല്ലാതെ പണിയെടുക്കേണ്ടിവന്നു ഇന്ത്യൻ തൊഴിലാളികൾക്ക്. സ്വന്തം അദ്ധ്വാനത്തിന്റെ പേരിലും അദ്ധ്വാനത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിലും ഇന്ത്യൻ പ്രതിഭകളുടെ ബൗദ്ധിക നേട്ടങ്ങളെ കവർന്നെടുത്തും സർവ്വേ റിപ്പോർട്ടുകളിൽ സുവർണ്ണ ലിപികളാൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ അടയാളപ്പെട്ടപ്പോൾ സർവ്വേയർമാരുടെ ഡയറിയിൽ അജ്ഞാത ശവങ്ങളായി അടയാളപ്പെടുത്തപ്പെടുകയായിരുന്നു പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികളും കൂലികളും.

ഇങ്ങനെ പതിനായിരക്കണക്കിന് പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികളുടെ ആത്മാഭിമാനത്തെയും, അദ്ധ്വാനത്തെയും, അടിച്ചമർത്തി നിർമ്മിച്ചെടുത്തതാണ് നമ്മൾ ഇന്ന് കാണുന്ന ഭൂപടം.

  • ​ഇന്ത്യൻ ബൗദ്ധികസ്വത്തിൻ മേലുള്ള അധിനിവേശവും പണ്ഡിറ്റുകളുടെ രഹസ്യ ദൗത്യങ്ങളും

ഇന്ത്യൻ ഭൂമിയെ മാത്രമല്ല, ഇന്ത്യൻജനതയുടെ ബുദ്ധിസാമർത്ഥ്യത്തെക്കൂടി കവർന്നെടുക്കുകയായിരുന്നു അധിനിവേശം. എവറസ്റ്റ് കൊടുമുടിയുടെ ഉയരം കണക്കാക്കിയ രാധാനാഥ് സിക്ദർ എന്ന ബംഗാളി ഗണിത ശാസ്ത്രജ്ഞന്റെ ചരിത്രം ഇതിന് ഉദാഹരണമായി ഈ പുസ്തകം സമർത്ഥിക്കുന്നു. 1852-ലാണ് രാധാനാഥ് സിക്ദർ ശാസ്ത്രീയമായി എവറസ്റ്റിന്റെ ഉയരം അളന്നത്. കൊൽക്കത്തയിലെ സർവ്വേ ഓഫീസിലിരുന്ന് സങ്കീർണ്ണമായ ഗണിതശാസ്ത്ര സമവാക്യങ്ങളിലൂടെയും, ‘റഫ്രാക്ഷൻ’ തിരുത്തലുകളിലൂടെയുമാണ് അദ്ദേഹം ഇത് കണ്ടെത്തിയത്. എന്നാൽ ഈ ചരിത്രനേട്ടത്തിന്റെ അവകാശി  ഒരു ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനാകുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വംശീയ അധികാരത്തിന് സ്വീകാര്യമായിരുന്നില്ല. അങ്ങനെയാണ് ആ നേട്ടം മുൻ സർവ്വേയറായിരുന്ന ജോർജ്ജ് എവറസ്റ്റിന്റെ പേരിൽ അറിയപ്പെട്ടത്. ഒരു ഇന്ത്യൻ പ്രതിഭയുടെ അദ്ധ്വാനത്തിന്റെ മഹത്ത്വം  ബ്രിട്ടീഷ് സാമ്രാജ്യത്വ താല്പര്യത്തിനായി തമസ്കരിക്കപ്പെടുകയോ മറച്ചുവെക്കുകയോ ആയിരുന്നു.

​ബ്രിട്ടീഷ് അധിനിവേശം ഇന്ത്യൻ ഭൂഘടനയുടെ ഉൾപ്രദേശങ്ങളിലേക്കും അയൽ രാജ്യങ്ങളിലേക്കും വ്യാപിച്ചത് ആസൂത്രിതമായ ഒരു പദ്ധതിയിലൂടെയായിരുന്നു. ഇന്ത്യൻപണ്ഡിറ്റുകൾ എന്നറിയപ്പെട്ട ഇന്ത്യൻ സർവ്വേയർമാരെ ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ രഹസ്യദൗത്യം നടപ്പിലാക്കിയത്.

​ബ്രിട്ടീഷുകാർക്ക് നേരിട്ട് പ്രവേശനമില്ലാതിരുന്ന തിബറ്റിലും, അഫ്ഗാനിസ്ഥാനിലും, തദ്ദേശീയരായ  ഇന്ത്യക്കാരെ, സന്യാസിമാരായും, കച്ചവടക്കാരായും, വേഷം കെട്ടിച്ച്‌ സർവ്വേയർമാരായി നിയോഗിച്ചു. അക്കൂട്ടത്തിൽ ധീരനായ സർവ്വേയറായിരുന്നു നൈൻസിംഗ്റാവത്ത്. പ്രാർത്ഥനാമണിയിലും, ജപമാലകളിലും, കോമ്പസ്സുകളും മറ്റ് അളവ് സാമഗ്രികളും ഒളിപ്പിച്ച്, അതി സാഹസികമായ, അപകടകരമായ സാഹചര്യത്തിൽ ഹിമാലയം കടന്ന് അദ്ദേഹം തിബറ്റിന്റെ ഭൂപടം വരച്ചു. അതി സങ്കീർണ്ണവും, ബൗദ്ധികവുമായിരുന്നു  അദ്ദേഹത്തിന്റെ നീക്കങ്ങളും പദ്ധതികളും. പ്രാർത്ഥനാമാലയുമായി സന്യാസിയെപ്പോലെ നടന്നിരുന്ന നൈൻ 2000 ചുവടുവക്കുമ്പോൾ പ്രാർത്ഥനാമാലയിലെ ഓരോ മണി നീക്കിവെച്ചാണ് ദൂരം കണക്കാക്കിയിരുന്നത്. പിടിക്കപ്പെട്ടാൽ ഉടനടി വധശിക്ഷ ലഭിക്കുമായിരുന്ന സാഹചര്യത്തിൽ ചെയ്ത  മുഴുവൻ സർവ്വേ പ്രവർത്തനങ്ങളുടെ കീർത്തിയും ബഹുമതിയും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ സ്വന്തമാക്കി. അങ്ങന, ഇന്ത്യൻ പണ്ഡിറ്റുകളുടെ ബൗദ്ധികതയെ കവർന്നെടുത്ത്, അദ്ധ്വാനത്തെ ചോർത്തികളഞ്ഞ് അവരെ എന്നെന്നേക്കുമായി വിസ്മൃതിയിലേക്ക് തള്ളിയിട്ടു.

കേരളത്തിന്റെ ഭൂപട നിർമ്മാണത്തിന്റെ അനുഭവ ചരിത്രവും ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പ്രത്യേകിച്ച് തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളുടെ. പ്രാന്തപ്രദേശങ്ങളിൽ നടന്നസർവ്വേകൾ. ആനമുടി, ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമടിയാണെന്ന് കണ്ടെത്തിയത് ഈ സർവ്വേയിലൂടെയാണ്. വാർഡ്, കോണർ എന്നീ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ നടന്ന സർവ്വേയിലാണ് തിരുവിതാംകൂറിലെയും, കൊച്ചിയിലെയും, വനസമ്പത്തും, കുന്നുകളും അടയാളപ്പെടുത്തിയത്. ഈ സർവ്വേഫലം ഉപയോഗപ്പെടുത്തിയാണ് ബ്രിട്ടീഷ് പ്ലാന്റർമാർ മലയോര പ്രദേശങ്ങളിൽ വനം വെട്ടിത്തെളിച്ച് കാപ്പിയും, തേയിലയും, റബ്ബറും, അടങ്ങുന്ന തോട്ടങ്ങൾ ഉണ്ടാക്കിയത്. തോട്ട നിർമ്മാണത്തോടുകൂടി, നൂറ്റാണ്ടുകളായി , സ്വാഭാവിക വനത്തിൽ ജീവിച്ചിരുന്ന ആദിവാസികൾ വാസസ്ഥലങ്ങൾ നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലായി. ഭൂമിയുടെ യഥാർത്ഥ അവകാശികൾ കുടിയിറക്കപ്പെടുകയും വിഭവങ്ങളുടെ ഉടമസ്ഥാവകാശം കോളനി കമ്പനികളിൽ നിക്ഷിപ്തമാവുകയും ചെയ്തു. അങ്ങനെ സ്വന്തം മണ്ണിൽ അപരിചിതരായി മാറിയ ജനങ്ങളുടെ കണ്ണീരു വീണ് കുതിർന്നതാണ് യാഥാർത്ഥ ഭൂപടം.

​ബ്രിട്ടീഷ് സർവ്വേസംഘം ഗ്രാമങ്ങളിലേക്ക് കടന്നു വന്നപ്പോൾ സാധാരണക്കാരായ ഇന്ത്യൻ ജനത അനുഭവിച്ച, മാനസികമായ ഭീതിയെക്കുറിച്ചും, പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

കൂറ്റൻ യന്ത്രങ്ങളും തിയോഡലൈറ്റിന്റെ കണ്ണാടികളും പിടിപ്പിച്ച സിഗ്നൽ ഗോപുരങ്ങൾ പണിയുമ്പോൾ ഗ്രാമീണർ ഭയന്നു. ബ്രിട്ടീഷുകാർ തങ്ങളുടെ നാടിനെയും പ്രാദേശിക ദൈവങ്ങളെയും ആവാഹിച്ചെടുക്കുകയാണെന്നും, കൂറ്റൻ ഗോപുരങ്ങൾക്ക് ബലം ലഭിക്കാൻ ബ്രിട്ടീഷുകാർ ഇന്ത്യൻ കുട്ടികളെ നരബലി നൽകുമെന്നും നാട്ടുകാർ വിശ്വസിച്ചു. തങ്ങൾ തലമുറകളായി ജീവിച്ച മണ്ണ് തങ്ങളുടേതല്ലാതായി മാറുന്നുവെന്ന ഭീതി ഗ്രാമീണരിൽ വളർന്നു. സ്വന്തം ഭൂമിക്ക്മേൽ അന്യരായ വെളുത്ത മനുഷ്യർ അളവുകോലുകളുമായി നടത്തുന്ന ഈ കൈകടത്തലുകൾ അധിനിവേശത്തിന്റെ കറുത്ത നിഴലുകളായി അവർ കണ്ടു.

സി. എസ്. മീനാക്ഷിയുടെ ‘ഭൗമചാപം’ എന്ന കൃതി കേവലം ബ്രിട്ടീഷ് ഓഫീസർമാർ എഴുതിവെച്ച വീരഗാഥയല്ല; മറിച്ച് കൊളോണിയലിസം, ശാസ്ത്രം, മനുഷ്യന്റെ അദ്ധ്വാനം എന്നിവ കൂട്ടിമുട്ടിയ ഒരു കാലഘട്ടത്തിന്റെ നിഷ്പക്ഷമായ വിചാരണപത്രമാണ്.

​ഇന്ന് നാം കാണുന്ന ഇന്ത്യയുടെ ഭൂപടത്തിന് പിന്നിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സ്വാർത്ഥ താല്പര്യങ്ങളുണ്ട്. എന്നാൽ അതോടൊപ്പം തന്നെ, സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തലുകൾക്ക് മുന്നിൽ പതറാതെ, കൂറ്റൻ യന്ത്രങ്ങൾ ചുമന്ന് കാടും മലയും കയറി മരിച്ചുവീണ അജ്ഞാതരായ ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ നിശ്ശബ്ദമായ ചോരയും വേർപ്പും അതിലുണ്ട്. രാധാനാഥ് സിക്ദറെപ്പോലുള്ള പ്രഗത്ഭരായ ഇന്ത്യൻ ഗണിതജ്ഞരുടെയും, നൈൻസിംഗിനെപ്പോലുള്ള പണ്ഡിറ്റുകളുടെയും, പേരുപോലുമില്ലാത്ത അനേകം ചുമട്ടുകാരുടെയും അദ്ധ്വാനത്തിന്റെ മഹത്ത്വത്തെ ചരിത്രത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ നേട്ടം. കൊളോണിയലിസത്തിന്റെ അപകടങ്ങളെക്കുറിച്ചും അതിനെതിരെയുള്ള ഇന്ത്യൻ ജനതയുടെ ചരിത്രപരമായ അതിജീവനത്തെക്കുറിച്ചും ആഴത്തിൽ പഠിക്കാൻ ഭൗമചാപം എന്ന ഈ ഗ്രന്ഥം ഏവരെയും പ്രാപ്തരാക്കുന്നു.

അരുൺ കുമാർ

3.7 3 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x