
മുനീർ ഒ കെ
Published: 10 november 2026 ഇന്ത്യനറിവ്
ഇന്ത്യൻചിത്രകലയുടെ ജ്ഞാനവ്യവസ്ഥ
സംഗ്രഹം
ശാസ്ത്രഗ്രന്ഥങ്ങൾ, ദർശനങ്ങൾ, രസസിദ്ധാന്തം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയിൽ വേരൂന്നിയ സമഗ്രമായ കാഴ്ചാക്രമമാണ് ഇന്ത്യൻ ചിത്രകലയെ നിർണ്ണയിക്കുന്നത്. പാശ്ചാത്യ ചിത്രകലാചരിത്രം കേന്ദ്രീകരിക്കുന്ന അനുകരണാത്മകത , ഏകബിന്ദു കാഴ്ചപ്പാട് (perspective) എന്നിവയിൽനിന്ന് വ്യത്യസ്തമായി പ്രതീകാത്മകതയിലും അനുഭൂതി അഥവാ രസനിർമ്മാണത്തിലും ഊന്നുന്ന സൗന്ദര്യശാസ്ത്രത്തിന്റെ പാരമ്പര്യമാണിത്. വിഷ്ണുധർമോത്തരപുരാണത്തിലെ ചിത്രസൂത്രം മുതൽ അജന്താ ചുമർചിത്രങ്ങൾ, രജപുത്ര കാലഘട്ടത്തിലെ ചിത്രീകരണങ്ങൾ, പഹാഡി ചിത്രീകരണങ്ങൾ, മുഗൾ ചിത്രകല, കേരളീയ ചുമർചിത്രപാരമ്പര്യം എന്നിവയിലൂടെയും കൊളോണിയൽ വിഛേദത്തിനു ശേഷമുള്ള ബംഗാൾ നവോത്ഥാനത്തിലൂടെയും ഇന്ത്യൻ ചിത്രകലയുടെ ജ്ഞാനവ്യവസ്ഥയുടെ തുടർച്ചയും രൂപാന്തരവും ഈ പഠനം അന്വേഷിക്കുന്നു.കലയുടെ ശാസ്ത്രീയ ചട്ടക്കൂടും പ്രാദേശികവും ആചാരപരവുമായ പൊരുത്തപ്പെടുത്തലുകളും ഒരുപോലെ നിലനിർത്തുന്ന പാരമ്പര്യമായി ഇന്ത്യൻ ചിത്രകല മാറുന്നതെങ്ങനെയെന്ന് ഈ പ്രബന്ധം അന്വേഷിക്കുന്നു. ഇന്ത്യൻ ചിത്രകലയെ ഇന്ത്യൻചിത്രകല എന്ന രചനാ ശൈലീയുടെ ചരിത്രമായല്ല മറിച്ച് ഒരു സ്വതന്ത്ര ജ്ഞാനവ്യവസ്ഥയായി പരിഗണിക്കുകയാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം.
താക്കോൽ വാക്കുകൾ- കലാചരിത്ര പാരമ്പര്യം, രസസിദ്ധാന്തം, ജ്ഞാനവ്യവസ്ഥ, കേരളീയ ചുമർചിത്രം, ബംഗാൾ നവോത്ഥാനം
ആമുഖം
‘ജ്ഞാനവ്യവസ്ഥ’ എന്ന സങ്കല്പം ഒരു സംസ്കാരം അറിവിനെ എങ്ങനെ ഉല്പാദിപ്പിക്കുന്നു, കൈമാറുന്നു, സാധൂകരിക്കുന്നു എന്നതിന്റെ ചിട്ടയായ ഘടനയെയാണ് സൂചിപ്പിക്കുന്നത്. കല എന്നത് കേവലം വൈയക്തിക പ്രതിഭയുടെ സ്വതന്ത്രമായ പ്രകാശനമല്ല മറിച്ച് സമൂഹത്തിന്റെ മൊത്തം ലോകബോധത്തിന്റെ ഭാഗമാണ് എന്ന ധാരണയിൽനിന്നാണ് ഇന്ത്യൻ ചിത്രകലയെ ഒരു പ്രത്യേക ജ്ഞാനവ്യവസ്ഥയായി പഠിക്കാനുള്ള സാധ്യത ഉരുത്തിരിയുന്നത്. പാശ്ചാത്യ കലാചരിത്ര പാരമ്പര്യം പലപ്പോഴും ചിത്രകലയെ വൈയക്തികമായ രചയിതാവിന്റെ ആവിഷ്കാരമായും കാഴ്ചയിലെ ഭൗതികയാഥാർത്ഥ്യത്തിന്റെ അനുകരണമായും വിലയിരുത്തുമ്പോൾ ഇന്ത്യൻ പാരമ്പര്യത്തിൽ ചിത്രം ധർമ്മം, ഭക്തി, മോക്ഷം എന്നീ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ആചാരപരവും ദാർശനികവുമായ പ്രവർത്തനമായാണ് നിലനിൽക്കുന്നത്. ഇന്ത്യൻ പാരമ്പര്യത്തിലെ ചിത്രകാരൻ കാണുന്ന ദൃശ്യങ്ങൾ പകർത്തുന്നവനല്ല. മറിച്ച് ശാസ്ത്രവിധി പ്രകാരം അഭ്യസിച്ച് ആചാരാനുഷ്ഠാനങ്ങളിലൂടെ മനസ്സിനെ ഒരുക്കി ദേവതാസങ്കല്പത്തെ ധ്യാനിച്ച് സൃഷ്ടികർമ്മത്തിൽ ഏർപ്പെടുന്ന സാധകനാണ്. ഈ പശ്ചാത്തലത്തിൽ ചിത്രസൂത്രം മുതൽ ആധുനിക നവോത്ഥാന പ്രസ്ഥാനങ്ങൾ വരെയുള്ള ഇന്ത്യൻ ചിത്രകലയുടെ ജ്ഞാനശാസ്ത്രപരമായ അടിത്തറകൾ കണ്ടെത്താനും അവയുടെ ചരിത്രപരമായ തുടർച്ചയും രൂപമാറ്റവും വിശകലനം ചെയ്യാനുമാണ് ഈ പ്രബന്ധം ലക്ഷ്യമിടുന്നത്.
ചിത്രകലയിലെ ജ്ഞാനവ്യവസ്ഥ എന്ന സങ്കല്പനവും അടിത്തറയും
ഇന്ത്യൻ പാരമ്പര്യത്തിൽ കലാജ്ഞാനത്തിന്റെ കൈമാറ്റം ഗുരുശിഷ്യ ബന്ധത്തിലൂടെയാണ് നിലനിന്നിരുന്നത്. ശാസ്ത്രഗ്രന്ഥങ്ങൾ (ചിത്രസൂത്രം പോലുള്ളവ) വാമൊഴി/വരമൊഴി പാരമ്പര്യങ്ങളെ ക്രോഡീകരിച്ച് പ്രായോഗിക പരിശീലനത്തിനുള്ള ചട്ടക്കൂടായി വർത്തിച്ചു. ചിത്രരചന ആരംഭിക്കുന്നതിനു മുൻപ് പ്രത്യേക നക്ഷത്രയോഗം നോക്കുക, ദേവതയെ ധ്യാനിക്കുക, പൂജാവിധികൾ അനുഷ്ഠിക്കുക തുടങ്ങിയ കാര്യങ്ങൾ വിഷ്ണുധർമോത്തരപുരാണം നിഷ്കർഷിക്കുന്നുണ്ട്. പ്രാചീന കാലത്ത് ചിത്രരചന പൂജാകർമ്മത്തിനു തുല്യമായ ആദ്ധ്യാത്മിക പ്രവർത്തനമായി പരിഗണിക്കപ്പെട്ടിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതു കൊണ്ട് ചിത്രകലയിലെ ജ്ഞാനം കേവലം സാങ്കേതികവിദ്യയല്ലെന്നും ദർശനം, ആചാരം, സൗന്ദര്യശാസ്ത്രം എന്നിവ സമന്വയിപ്പിക്കുന്ന സമഗ്രവ്യവസ്ഥയാണെന്നും മനസ്സിലാക്കാം. ഈ വ്യവസ്ഥയ്ക്കുള്ളിൽശരിയായ ചിത്രം എന്നാൽ യാഥാർത്ഥ്യത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതല്ല. ശാസ്ത്രവിധിയോടും ഭാവാത്മകലക്ഷ്യത്തോടും ഏറ്റവും പൊരുത്തപ്പെടുന്ന ചിത്രമാണത് .
ദൃശ്യജ്ഞാനത്തിന്റെ വ്യാകരണം
ഇന്ത്യൻ ചിത്രകലാസിദ്ധാന്തത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമാണ് വിഷ്ണുധർമോത്തരപുരാണത്തിലെ മൂന്നാം ഖണ്ഡത്തിൽ ഉൾപ്പെടുന്ന ചിത്രസൂത്രം. ചിത്രകലയുടെ മതപരവും ലൗകികവുമായ വശങ്ങളെ ഒരുപോലെ പ്രതിപാദിക്കുന്ന ഈ ഭാഗം ചിത്രരചനയുടെ അടിസ്ഥാനതത്ത്വങ്ങളായി ആറ് അംഗങ്ങളെ (ഷഡംഗം) നിർവചിക്കുന്നു. അവ
രൂപഭേദം (രൂപത്തിന്റെ വൈവിധ്യവും ഗ്രഹണവും)
പ്രമാണം (അളവുകളും അനുപാതങ്ങളും)
ഭാവം (വൈകാരികമായ ആവിഷ്കാരം)
ലാവണ്യയോജനം (സൗന്ദര്യാത്മകമായ ചേർച്ച)
സാദൃശ്യം (യാഥാർത്ഥ്യാനുരൂപമായ ചിത്രീകരണം)
വർണികാഭംഗം (വർണ്ണവിന്യാസവും രേഖാവിന്യാസവും) എന്നിവയാണ്.
വത്സ്യായനന്റെ കാമസൂത്രത്തിലും ഈ ആറ് അംഗങ്ങളെക്കുറിച്ചുള്ള പരാമർശം കാണാം എന്നത് ഷഡംഗസങ്കല്പത്തിന്റെ പഴക്കവും വ്യാപനവും സൂചിപ്പിക്കുന്നു. ഭാഷയ്ക്ക് പാണിനീയ വ്യാകരണവും അഭിനയത്തിന് ഭരതമുനിയുടെ നാട്യശാസ്ത്രവും എങ്ങനെയാണോ ചിട്ടയായ വ്യവസ്ഥ നൽകുന്നത് അതുപോലെ ദൃശ്യകലയ്ക്ക് ഷഡംഗസിദ്ധാന്തം വ്യാകരണ ചിട്ടകൾ നൽകുന്നു. ഇത് സാങ്കേതികനിയമങ്ങളുടെ പട്ടികയല്ല. രൂപത്തെയും ഭാവത്തെയും അളവിനെയും സൗന്ദര്യത്തെയും പരസ്പരബന്ധിതമായ ഒരു ജ്ഞാനക്രമമായി സംഘടിപ്പിക്കുന്ന ദാർശനിക ചട്ടക്കൂടാണ്.
രസസിദ്ധാന്തവും ചിത്രാനുഭൂതിയും
ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കപ്പെടുന്ന രസസിദ്ധാന്തം നാട്യത്തിനും കാവ്യത്തിനും മാത്രമല്ല ചിത്രകലയ്ക്കും ബാധകമായ സൗന്ദര്യാനുഭൂതി സിദ്ധാന്തമാണ്. ചിത്രം കാഴ്ചക്കാരനിൽ നവരസങ്ങളിലേതെങ്കിലും ഉണർത്തണം എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ.
ഇവിടെ ചിത്രകലയുടെ ലക്ഷ്യം ബാഹ്യയാഥാർത്ഥ്യത്തിന്റെ ഫോട്ടോ പോലെ പകർത്തിവയ്ക്കുന്ന പകർപ്പല്ല. അതിലുപരി സഹൃദയാനുഭവം അഥവാ രസാസ്വാദനം സൃഷ്ടിക്കുകയാണ്. ഇത് കാഴ്ചയെക്കുറിച്ചുള്ള സമ്പൂർണ്ണമായ പുനർവിചിന്തനമാണെന്നു പറയാം. ഇവിടെ കാഴ്ചക്കാരൻ നിഷ്ക്രിയനായ വെറും നിരീക്ഷകനല്ല, മറിച്ച് ചിത്രത്തിലെ ഭാവാത്മകലോകത്തിൽ പങ്കുചേരുന്ന സഹൃദയനാണ്. ഈ അർത്ഥത്തിൽ ഇന്ത്യൻ ചിത്രകലയുടെ ജ്ഞാനവ്യവസ്ഥ കാഴ്ചയെയും അറിവിനെയും വേറിട്ട പ്രക്രിയകളായല്ല കാണുന്നത്. അത് അനുഭൂതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്ന ഏകീകൃത പ്രക്രിയയായാണ് സങ്കല്പിക്കുന്നത്. കേരളീയ ചുമർചിത്രങ്ങളിലെ മുഖഭാവങ്ങളിലും രജപുത്ര,പഹാഡി ചിത്രീകരണങ്ങളിലെ ഭക്തിരസപ്രധാനമായ കൃഷ്ണലീലാവർണ്ണനകളിലും ഈ രസകേന്ദ്രിത സമീപനം വ്യക്തമായി കാണാം.
അജന്തചിത്രങ്ങളും പ്രാദേശിക പാരമ്പര്യങ്ങളും
മഹാരാഷ്ട്രയിലെ അജന്താ ഗുഹാചിത്രങ്ങൾ ബി.സി. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. അഞ്ചാം നൂറ്റാണ്ടു വരെ നീണ്ടു നിന്ന ചിത്രകലാ പാരമ്പര്യത്തിന് ഉദാഹരണമാണ്. ഇന്ത്യൻ ചിത്രകലയുടെ ഏറ്റവും പുരാതനവും സമ്പന്നവുമായ ദൃഷ്ടാന്തങ്ങളാണ് അവ. വാകാടക കാലഘട്ടത്തിലും ഗുപ്ത കാലഘട്ടത്തിലും വികസിച്ച ഈ ചിത്രങ്ങൾ ബുദ്ധമതകഥകളും (ജാതകകഥകൾ) രാജസദസ്സിലെ ജീവിതവും ചിത്രീകരിക്കുന്നു. രൂപഭംഗിയിലും ഭാവാവിഷ്കാരത്തിലും ചിത്രസൂത്രതത്ത്വങ്ങളുടെ പ്രായോഗിക പ്രകടനമായി ഇവയെ പണ്ഡിതന്മാർ വിലയിരുത്തുന്നു. ഈ പാരമ്പര്യം പിന്നീട് വിവിധ പ്രാദേശിക ശാഖകളായി പന്തലിച്ചു പടർന്നു. മധ്യകാല രജപുത്താന മേഖലകളിലും പഹാഡി മേഖലകളിലും ചെറുചിത്രപാരമ്പര്യങ്ങൾ ഭക്തിപ്രസ്ഥാനത്തിന്റെ സ്വാധീനത്തിൽ രാധാകൃഷ്ണഭാവങ്ങളെ കേന്ദ്രീകരിച്ചു വളർന്നു.
മുഗൾ ചെറുചിത്രകല( Mughal miniature paintings ) പേർഷ്യൻ സാങ്കേതികതയെ തദ്ദേശീയ ദൃശ്യബോധവുമായി സമന്വയിപ്പിച്ച് കൊട്ടാരജീവിതത്തിന്റെയും ചരിത്രസംഭവങ്ങളുടെയും സൂക്ഷ്മചിത്രീകരണത്തിലേക്കു നീങ്ങി. തഞ്ചാവൂർ ചിത്രകല സ്വർണ്ണത്താളും രത്നാലങ്കാരവും ഉപയോഗിച്ച് ഭക്തിപ്രധാനമായ ദേവതാരൂപങ്ങളെ ആവിഷ്കരിച്ചു. ഈ വൈവിധ്യമാർന്ന ശാഖകളെല്ലാം ശാസ്ത്രീയമായ ഷഡംഗതത്ത്വങ്ങളെ പ്രാദേശിക ചരിത്രസാംസ്കാരിക സന്ദർഭങ്ങൾക്കനുസരിച്ച് പുനർവ്യാഖ്യാനിച്ചു എന്നതാണ് ഇന്ത്യൻ ചിത്രകലയുടെ ജ്ഞാനവ്യവസ്ഥയുടെ പ്രധാന സവിശേഷത.
ഏകശിലാരൂപമായ നിയമസംഹിതയല്ല ഇന്ത്യൻ ചിത്രകലയുടേത്. പ്രാദേശികമായി പൊരുത്തപ്പെടാൻ ശേഷിയുള്ള ജീവസ്സുറ്റ ചട്ടക്കൂടാണ് ഇന്ത്യൻ ചിത്രകലയുടേതെന്ന് ഇങ്ങനെ നിരീക്ഷിക്കുമ്പോൾ വ്യക്തമാകും.
കേരളീയ ചുമർചിത്രപാരമ്പര്യത്തിന്റെ പ്രാദേശിക ജ്ഞാനമാതൃക
ഇന്ത്യൻ ചിത്രകലയുടെ ജ്ഞാനവ്യവസ്ഥ പ്രാദേശികമായി എങ്ങനെ പുനഃസൃഷ്ടിക്കപ്പെടുന്നു എന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് കേരളീയ ചുമർചിത്രപാരമ്പര്യം. ഏഴ് മുതൽ എട്ടുവരെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പാരമ്പര്യത്തിന്റെ ആദിമമാതൃകകൾ തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിൽ കാണാം. പതിനാല് മുതൽ പതിനാറ് വരെ നൂറ്റാണ്ടുകൾ ഈ കലാരൂപത്തിന്റെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നു. തൃശൂർ വടക്കുന്നാഥക്ഷേത്രം മട്ടാഞ്ചേരി കൊട്ടാരം, പത്മനാഭപുരം കൊട്ടാരം എന്നിവിടങ്ങളിലെ ചുമർ ചിത്രങ്ങൾ ഇതിന്റെ ഉത്തമോദാഹരണങ്ങളാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ നാരായണൻ രചിച്ച തന്ത്രസമുച്ചയം എന്ന ഗ്രന്ഥമാണ് കേരളീയ ചുമർചിത്രകലയുടെ പ്രധാന ശാസ്ത്രീയ ആധാരം. ഇത് ഇന്ത്യൻ ചിത്രസൂത്രപാരമ്പര്യത്തെ ക്ഷേത്രാചാരവുമായും തന്ത്രവിധികളുമായും കൂട്ടിയിണക്കുന്നു. പഞ്ചവർണ്ണങ്ങൾ അതായത് ചുവപ്പ്, മഞ്ഞ, പച്ച, കറുപ്പ്, വെള്ള എന്നിങ്ങനെയുള്ള പ്രകൃതിദത്ത വർണ്ണവ്യവസ്ഥയും കടുംവരകളും പരന്ന ചിത്രീകരണരീതിയും മുഖഭാവങ്ങളിലൂടെ നവരസങ്ങൾ ആവിഷ്കരിക്കുന്ന ശൈലീകൃതരൂപങ്ങളും കേരളീയ ചുമർചിത്രത്തിന്റെ മുഖ്യസവിശേഷതകളാണ്.
ചിത്രകലയുടെ കളമെഴുത്തുപോലുള്ള അനുഷ്ഠാനകലകളുമായുള്ള ബന്ധം, ചിത്രരചന കേരളത്തിൽ ക്ഷേത്രാചാരവുമായി എത്രമാത്രം ഇഴചേർന്നിരുന്നു എന്ന് വ്യക്തമാക്കുന്നു. ദേവവിഗ്രഹത്തോടൊപ്പം ആരാധിക്കപ്പെടുന്ന ഒരു പവിത്രവസ്തുവായി ചിത്രം ഇവിടെ മാറുന്നു. ഇങ്ങനെ ഇന്ത്യ മുഴുവൻ വ്യാപിച്ച ശാസ്ത്രചട്ടക്കൂടിനെ പ്രാദേശിക തന്ത്രആചാരപാരമ്പര്യങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് കേരളീയ ചുമർചിത്രകല സ്വതന്ത്ര പ്രാദേശിക ജ്ഞാനമാതൃകയായി കേരളത്തിൽ വികസിച്ചു വന്നു.
കൊളോണിയൽ വിഛേദവും ബംഗാൾ നവോത്ഥാനവും
പത്തൊൻപതാം നൂറ്റാണ്ടിലെ കൊളോണിയൽ ഭരണകാലത്ത് യൂറോപ്യൻ അക്കാദമിക് റിയലിസം ഇന്ത്യൻ കലാവിദ്യാഭ്യാസത്തിൽ പ്രബലമായതോടെ കലാ ശാസ്ത്രാധിഷ്ഠിതമായ തദ്ദേശീയ ജ്ഞാനവ്യവസ്ഥയ്ക്ക് കനത്ത വിഛേദം സംഭവിച്ചു. ‘കമ്പനി പെയിന്റിംഗ്’ (ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥരുടെയും ബ്രിട്ടീഷുകാരുടെയും ആവശ്യപ്രകാരം ഇന്ത്യൻ ചിത്രകാരന്മാർ രചിച്ച ചിത്രങ്ങളാണിവ.) ശൈലിയും രാജാ രവിവർമ്മയുടെ പാശ്ചാത്യ സാങ്കേതികതയിലൂന്നിയ പുരാണചിത്രീകരണങ്ങളും ഈ കാലയളവിലെ പ്രധാന പ്രവണതകളായിരുന്നു. ഇതിനെതിരായ പ്രതികരണമായി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബംഗാളിൽ രൂപംകൊണ്ട സ്വദേശി കലാപ്രസ്ഥാനം ബംഗാൾ സ്കൂൾ എന്നറിയപ്പെട്ടു. അബനീന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തിൽ ഇ.ബി. ഹാവെല്ലിന്റെയും ആനന്ദ കുമാരസ്വാമിയുടെയും പിന്തുണയോടെ മുഗൾ,രജപുത്ര ചെറുചിത്രപാരമ്പര്യങ്ങളെയും അജന്താ മാതൃകകളെയും പുനരവലോകനം ചെയ്തുകൊണ്ട് തദ്ദേശീയമായ ചിത്രശൈലി രൂപപ്പെടുത്താൻ ശ്രമിച്ചു. ‘ഭാരതമാത’ എന്ന പ്രശസ്ത ചിത്രം ഉൾപ്പെടെയുള്ള അബനീന്ദ്രനാഥിന്റെ രചനകൾ യൂറോപ്യൻ പ്രകൃതിവാദത്തിൽനിന്ന് വ്യതിചലിച്ച് പ്രതീകാത്മകതയിലൂടെയും സാഹിത്യ,ചരിത്ര പരാമർശങ്ങളിലൂടെയും ബദൽ ദൃശ്യഭാഷ അന്വേഷിച്ചു എന്ന് കാണാം . ആനന്ദ കുമാരസ്വാമി തന്റെ പഠനത്തിൽ ( ‘Art and Swadeshi’ എന്ന ലേഖനത്തിലൂടെ) ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തെ പാശ്ചാത്യമാനദണ്ഡങ്ങളാൽ വിലയിരുത്തപ്പെടേണ്ട ഒന്നല്ലെന്നും സ്വന്തമായ ദാർശനികാടിത്തറയുള്ള സ്വതന്ത്ര ജ്ഞാനവ്യവസ്ഥയാണെന്നും സൈദ്ധാന്തികമായി സ്ഥാപിച്ചു. ഈ നവോത്ഥാനശ്രമം കൊളോണിയൽ വിഛേദത്തിനുശേഷം ശാസ്ത്രാധിഷ്ഠിത ജ്ഞാനവ്യവസ്ഥയെ ആധുനിക ചരിത്രബോധത്തോടെ പുനഃസ്ഥാപിക്കാനുള്ള നിർണ്ണായക ഇടപെടലായി വിലയിരുത്തപ്പെടുന്നു.
ഉപസംഹാരം
ചിത്രസൂത്രത്തിന്റെ ശാസ്ത്രീയ ചട്ടക്കൂടിൽനിന്ന് ആരംഭിച്ച് അജന്തയിലും പ്രാദേശിക പാരമ്പര്യങ്ങളിലും രൂപപ്പെട്ട് കൊളോണിയൽ വിഛേദത്തെ അതിജീവിച്ച് ബംഗാൾ നവോത്ഥാനത്തിലൂടെ പുനർനിർവചിക്കപ്പെട്ട ജീവസ്സുറ്റ ജ്ഞാനവ്യവസ്ഥയായാണ് ഇന്ത്യൻ ചിത്രകലയുടേത് എന്നാണ് ഈ പ്രബന്ധത്തിൽ തെളിയുന്നത്. ശാസ്ത്രവിധി, രസാനുഭൂതി, ആചാരബദ്ധത, പ്രാദേശികത എന്നിവയെല്ലാം ചേർന്നാണ് ഈ ജ്ഞാനവ്യവസ്ഥയെ രൂപപ്പെടുത്തുന്നത്. ഇത് പാശ്ചാത്യ റിയലിസ്റ്റിക്ക് കലാജ്ഞാനശാസ്ത്രത്തിന് ബദലായി നിലകൊള്ളുന്ന സ്വതന്ത്ര ചിന്താപദ്ധതിയാണ്. കേരളീയ ചുമർചിത്രകലപോലുള്ള പ്രാദേശിക പാരമ്പര്യങ്ങൾ ഈ വ്യവസ്ഥയുടെ വഴക്കത്തെയും തുടർച്ചയെയും തെളിയിക്കുന്നു. സമകാലിക കലാവിദ്യാഭ്യാസത്തിലും കലാചരിത്രരചനയിലും ഈ തദ്ദേശീയ ജ്ഞാനവ്യവസ്ഥയെ പഠിക്കാനും പുനഃസ്ഥാപിക്കാനുമുള്ള ആവശ്യകത ഈ പഠനം മുന്നോട്ടു വെക്കുന്നു.
സഹായക ഗ്രന്ഥങ്ങൾ
- കുമാരസ്വാമി, ആനന്ദ കെ. ഹിസ്റ്ററി ഓഫ് ഇന്ത്യൻ ആൻഡ് ഇന്തോനേഷ്യൻ ആർട്ട് (History of Indian and Indonesian Art). ഇന്റർനെറ്റ് ആർക്കൈവ്, https://archive.org.
- കുമാരസ്വാമി, ആനന്ദ കെ. ദ ട്രാൻസ്ഫോർമേഷൻ ഓഫ് നേച്ചർ ഇൻ ആർട്ട് (The Transformation of Nature in Art). ഇൻഗ്രാം ഷോർട്ട് ടൈറ്റിൽ, 2016.
- നാട്യശാസ്ത്ര (Natya Sastra). ഓറിയന്റ് ബുക്ക് ഡിസ്ട്രിബ്യൂട്ടേഴ്സ്, 1987.
- മിത്തർ, പാർത്ഥ. ആർട്ട് ആൻഡ് നാഷണലിസം ഇൻ കൊളോണിയൽ ഇന്ത്യ, 1850–1922: ഓക്സിഡന്റൽ ഓറിയന്റേഷൻസ് (Art and Nationalism in Colonial India, 1850–1922: Occidental Orientations). ഗൂഗിൾ ബുക്സ്, https://books.google.co.in.
- വാര്യർ, കെ. കെ. ചിത്രസൂത്രം. ഡി.സി. ബുക്സ്, 2022.
- ശശിഭൂഷൺ, എം. ജി. കേരളത്തിലെ ചുമർചിത്രങ്ങൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2018..

മുനീർ അഗ്രഗാമി
അസോസിയേറ്റ് പ്രൊഫസർ & മേധാവി മലയാള വിഭാഗം .അമൽ കോളേജ് .നിലമ്പൂർ
