ഐറിസ്

Published: 05 May 2026 വിവര്‍ത്തനകവിത

കൂട്ടിലടച്ച പറവ

മായ ആഞ്ചലോ

വിവ: ഐറിസ്

കൂട്ടിലടയ്ക്കാത്ത പറവ
കാറ്റിന്റെ പിന്നാലെ കുതിക്കുന്നു
കാറ്റ് വീശിത്തീരുവോളം
താഴേക്ക് തെന്നിയൊഴുകുന്നു
ഇളം ചോപ്പിൽ തുടുക്കും സൂര്യകിരണങ്ങളിൽ
തന്റെ ചിറകുകൾ മുക്കിയെടുക്കുന്നു
പിന്നെ ഉടൽ വിരിച്ച്
ആകാശമെന്റേതെന്ന് വിളിച്ചുപറയുന്നു

എന്നാൽ ,
ഇടുങ്ങും കൂട്ടിലൊതുങ്ങി മെരുങ്ങാതെ
ഇനിയൊരു പറവ
കലിതീർത്ത അഴികൾക്കുള്ളിൽ
ഒന്നും കാണുന്നില്ല
ചിറകുകൾ കൊരുത്തുകെട്ടിയിരിക്കുന്നു
കാലുകൾ തളച്ചിരിക്കുന്നു
അതുകൊണ്ട് പാടാനായി
അത് കഴുത്ത് നീട്ടുന്നു

കൂട്ടിലടച്ച പറവ പാടുന്നത്
പേടിയാൽ വിറങ്ങലിച്ച ശബ്ദത്തിൽ
അറിയാത്തവയെക്കുറിച്ച്
എങ്കിലും ആശവിട്ടൊഴിയാത്ത കാത്തിരിപ്പിനെച്ചൊല്ലിയാണ്
അതിന്റെയീണം അങ്ങ് മലകൾക്കപ്പുറത്ത് കേൾക്കാം
കാരണം കൂട്ടിലടച്ച പറവ
അഴികളില്ലാത്ത കാലത്തെക്കുറിച്ചാണ് പാടുന്നത്

കൂട്ടിലടയ്ക്കാത്ത പറവ മറ്റൊരു കാറ്റിനെ ഓർക്കുന്നു
നെടുവീർപ്പിടുന്ന മരങ്ങൾക്കിടയിലൂടെ
തലോടലായി കിഴക്കൻകാറ്റ് വീശുന്നു
കൊഴുത്തകീടങ്ങൾ പുലരിവെട്ടത്തിൽ
പുൽമേട്ടിൽ കാത്തുകിടക്കുന്നു
കൂട്ടിലയ്ക്കാത്ത പറവ ആകാശത്തെ
തന്റേതെന്ന് പേരിടുന്നു

എന്നാൽ
കൂട്ടിലടച്ച പറവ കനവുകളുടെ
ശവപ്പറമ്പിൽ നില്ക്കുകയാണ്
അതിന്റെ നിഴലുകൾ
ഒരു രാവിന്റെ കിനാനടുക്കങ്ങളുടെ
നിലവിളികണ്ട് ഒച്ചയെടുക്കുന്നു
അതിന്റെ ചിറകുകൾ
കൊരുത്ത് കെട്ടിയിരിക്കുന്നു
കാലുകൾ തളച്ചിരിക്കുന്നു
അതുകൊണ്ട് അത് കഴുത്ത് നീട്ടി
കൊക്ക് തുറന്ന് പാടുകയാണ്.

ഐറിസ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x