
ഡോ. എസ്. അജയകുമാർ
Published: 10 June 2026 സംസ്കാരപഠനം
ജലപ്രകൃതിയും ജനപ്രകൃതിയും : സ്ഥലനാമ പഠനം
സംഗ്രഹം
ആലപ്പുഴ ജില്ലയിലെ സ്ഥലനാമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സാംസ്കാരിക വിശകലനമാണ് ഈ പഠനം. ജില്ലയിലെ മുഴുവൻ സ്ഥലനാമങ്ങളെയും ഉൾപ്പെടുത്തിയുള്ള പഠനം പ്രായോഗികമല്ല. ദേശത്തിന്റെ സാംസ്കാരിക മുദ്രകൾ അടയാളപ്പെടുത്തുന്ന തെരഞ്ഞെടുത്ത സ്ഥലപ്പേരുകളെ മാത്രമേ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളു. അറബിക്കടലിനും വേമ്പനാട്ടുകായലിനും ഇടയിലുള്ള ഒരു ചെറു തീരപ്രദേശമാണ് ആലപ്പുഴ. ജില്ലയുടെ മിക്ക പ്രദേശങ്ങളും ചതുപ്പ് നിറഞ്ഞ ഇടങ്ങളാണ്. ചൊരിമണൽ നിറഞ്ഞ ഭൂപ്രദേശം എന്ന പ്രത്യേകതയുമുണ്ട്. ചെറുതോടുകൾ, കുളങ്ങൾ, പൊഴികൾ തുടങ്ങിയ ജലാശയങ്ങളോടു കൂടിയ നാടു കൂടിയാണ് ആലപ്പുഴ. നിലവിൽ വനമില്ലാത്ത ജില്ല എന്നുകൂടി സവിശേഷതയുണ്ട്. ഭൂപ്രകൃതിയുടെ ഈ സവിശേഷതകൾ വച്ചുനോക്കുമ്പോൾ ഇവിടം ജനവാസയോഗ്യമാണോ എന്ന് സംശയിക്കാം. എന്നാൽ ജില്ലയിലെ സ്ഥലപേരുകൾ പറയുന്ന ചരിത്രം അതല്ല. തുരുത്തുകളും, ഊരുകളും,പള്ളികളും നിറഞ്ഞ ഈ ഭൂപ്രദേശം വൈവിധ്യമാർന്ന ഭൂപ്രകൃതിയുടെയും ജനസംസ്കൃതിയുടെയും തട്ടകം കൂടിയാണ്. പുഴയും,കുളവും പേരിൽ നിറയുന്ന ജലപ്രകൃതിയിൽ നിന്ന് ജനസംസ്കാര ചരിത്രം വായിച്ചെടുക്കാൻ സ്ഥലപേരുകളെ ഉപയോഗപ്പെടുത്തുകയാണ് ഈ പ്രബന്ധത്തിൽ. ആലപ്പുഴയുടെ സാമൂഹ്യ- സാംസ്കാരിക- ഭൂമിശാസ്ത്ര സവിശേഷതകൾ വിശകലനം ചെയ്യാനും വിലയിരുത്താനും ഈ പഠനം വഴിയൊരുക്കുന്നു. ചരിത്ര- സംസ്കാര പഠന സാമഗ്രികൾ എന്ന നിലയിൽ സ്ഥലനാമ പഠനത്തിന്റെ പ്രസക്തിയും ഈ പഠനത്തിലൂടെ വെളിച്ചപ്പെടുത്തുന്നു.
താക്കോൽ വാക്കുകൾ
പ്രകൃതി, സ്ഥലനാമം, ചരിത്രം, ഐതിഹ്യം, ഭൂമിശാസ്ത്രം, സംസ്കാരം, സമുദായം, കരി, ഊര്, പള്ളി, കുളം, പുഴ, മട, കാവ്, കാട്, കര, ചിറ, തുരുത്ത്, അഴി, ആലം.
പ്രകൃതിയെന്നത് പാരിസ്ഥിതിക സൂചനയാണ്. ചുറ്റുപാട്, സ്ഥലം, ഭൂമിശാസ്ത്രം തുടങ്ങി പല സൂചകങ്ങളും അതിൽ അടങ്ങിയിരിക്കുന്നു. ഈ അർത്ഥത്തിലാണ് ജല പ്രകൃതി എന്ന പ്രയോഗം. പ്രകൃതിയ്ക്ക് സ്വഭാവം, രീതി, ശൈലി എന്നിങ്ങനെയും അർത്ഥം കൽപ്പിക്കാം. വ്യക്തിയുടെയോ സമൂഹത്തിന്റെയോ പ്രകൃതിയെന്നത് സ്വഭാവം എന്ന അർത്ഥത്തിലാണ് പ്രകടമാകുന്നത്. ഇവിടെ പ്രകൃതി, സംസ്കാരം എന്ന വിപുലമായ അർത്ഥം കൂടി പങ്കുവെക്കുന്നു. ജന പ്രകൃതിയിലെ പ്രകൃതി സംസ്കൃതി എന്ന അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. സ്ഥല രാശിയിൽ ജലപ്രകൃതിയായ ഒരു ദേശത്തിന്റെ സ്ഥലപ്പേരുകളിൽ നിന്നും ജനസംസ്കൃതി തെളിച്ചെടുക്കുന്ന പഠനമാണ് ഇവിടെ നിർവഹിക്കുന്നത്.
സ്ഥലനാമ പഠനം
‘ദേശ ചരിത്രം,സമൂഹ ചരിത്രം, സംസ്കാരചരിത്രം, ഭൂവിജ്ഞാനം, ഐതിഹ്യം, പുരാണം, ഭാഷാചരിത്രം എന്നിവയെല്ലാം അന്തർഭവിച്ച പദസഞ്ചയമാണ് സ്ഥലനാമങ്ങൾ’. ( ഡോ. കെ. എം പ്രഭാകരവാര്യർ, ഭാഷാവലോകനം, വള്ളത്തോൾ വിദ്യാപീഠം – 2018, പുറം -168)
സംസ്കാര പഠന സാമഗ്രി എന്ന നിലയിൽ സ്ഥലനാമങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസ്താവനയാണ് മുൻചൊന്നത്. സ്ഥലനാമങ്ങൾ നിസ്സാരങ്ങളാണെന്ന് കരുതരുതെന്നും ഓരോ സ്ഥലത്തിന്റെ പേരും ഓരോ ചരിത്രത്തെ ഉൾക്കൊള്ളുന്നതാണെന്നും മഹാകവി ഉള്ളൂരും (ഉള്ളൂരിന്റെ പ്രബന്ധങ്ങൾ,കേരള സർവകലാശാല) അഭിപ്രായപ്പെടുന്നത് കാണാം. ഒരു നാടിന്റെ ചരിത്ര- സാംസ്കാരിക -സാമൂഹ്യശാസ്ത്ര പഠനത്തിന് ഉപയുക്തമാക്കാവുന്ന പ്രധാനപ്പെട്ട രേഖകളാണ് സ്ഥലനാമങ്ങൾ. അതുകൊണ്ടുതന്നെ നമ്മുടെ വൈജ്ഞാനിക മേഖലയിൽ സ്ഥലനാമ പഠനത്തിന് പ്രസക്തിയേറെയുണ്ട്.
ഭാഷാശാസ്ത്ര പഠനത്തിലെ ഒരു പഠനശാഖയാണ് Onomastics അഥവാ Onomastique എന്നറിയപ്പെടുന്ന നാമ പഠനം. വ്യക്തിനാമ പഠനം, ഗൃഹനാമ പഠനം തുടങ്ങി പല മേഖലകൾ ഈ പഠനശാഖയിൽപ്പെടും. ഇതിൽ ഉൾപ്പെടുന്ന മറ്റൊരു പ്രധാന പഠന മേഖലയാണ് Toponymy എന്ന സ്ഥലനാമ പഠനം. സ്ഥലനാമ പഠനശാസ്ത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. Topos, Onama യഥാക്രമം സ്ഥലം, നാമം എന്നീ അർത്ഥത്തിലുള്ള ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഈ പേര് സ്വീകരിച്ചിട്ടുള്ളത്.
സ്ഥലനാമ പഠനത്തിന് രണ്ടുതരം സമീപനങ്ങൾ സ്വീകരിക്കാറുണ്ട്. സമഗ്ര പഠനവും, ഹസ്വ പഠനവും. സമഗ്ര പഠനം ഒരു വലിയ ഭൂപ്രദേശത്തെ മുഴുവൻ സ്ഥലനാമങ്ങളും ശേഖരിച്ചു കൊണ്ടുള്ളതാണ്. വിപുലമായ ഈ പഠനം ഒരു കൂട്ടം ഗവേഷകരുടെയും വിവിധ പഠനശാഖയുടെയും സഹായത്തോടുകൂടി മാത്രമേ സാധ്യമാവുകയുള്ളൂ. ഒരു പ്രത്യേക പ്രദേശത്തെ സ്ഥലനാമങ്ങളെ ശേഖരിച്ച് നടത്തുന്ന പഠനമാണ് ഹസ്വപഠനം. ജില്ല/താലൂക്ക് തലത്തിലെ സ്ഥലപ്പേരുകൾ സമാഹരിച്ച് വിശകലനം ചെയ്യുന്ന രീതിയാണിത്. ഇത്തരത്തിലുള്ള ഹ്രസ്വ പഠന സമ്പ്രദായമാണ് ഈ പഠനത്തിൽ സ്വീകരിച്ചിട്ടുള്ളത്. സ്ഥലനാമശേഖരണം, ഡോക്യുമെന്റേഷൻ (സമാഹരണം )തിരിച്ചറിയൽ, വ്യാഖ്യാനം (വിശകലനം) തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെയാണ് സ്ഥലനാമ പഠനം നിർവഹിക്കപ്പെടുന്നത്.
സ്ഥലപ്പേരുകളുടെ അർത്ഥം വിവക്ഷിച്ചെടുക്കുന്നതിന് ഭാഷാ ശാസ്ത്രയുക്തികളാണ് സ്വീകരിക്കുന്നത്. സ്ഥലനാമത്തിന്റെ ഘടനയ്ക്ക് പൊതുസവിശേഷതകൾ കാണാൻ കഴിയും. ഏകപദ നാമങ്ങൾ, ദ്വിപദ നാമങ്ങൾ, ത്രിപദനാമങ്ങൾ എന്നിങ്ങനെ ഇവയുടെ ഘടന തിരിച്ചറിയാം. ഘടകപദങ്ങളിൽ വിശേഷ വാചിയെന്നും സാമാന്യ വാചിയെന്നും രണ്ട് ഘടകങ്ങൾ ഉണ്ടായിരിക്കും. “സാമാന്യാംശങ്ങളും (Generic elements) വിശേഷാംശങ്ങളും (Specific elements) സ്ഥലനാമപഠനത്തിലെ സുപ്രധാനമായ രണ്ടു വിഭാഗങ്ങളാണ് (ഡോ.വിളക്കുടി രാജേന്ദ്രൻ,കൊല്ലം ജില്ലാസ്ഥലനാമ ചരിത്രം,കേരള ഭാഷാഇൻസ്റ്റ്യൂട്ട് -2016,പുറം 13) സ്ഥലം എന്ന അർത്ഥം വരുന്ന ശബ്ദങ്ങൾ ആയിരിക്കും സാമാന്യ വാചിയിൽ വരുക. പുരം, നാട്, കാട്, കുളം ചേരി, പള്ളി, പുഴ, കര, മട തുടങ്ങിയ രൂപങ്ങളെല്ലാം സ്ഥലനാമങ്ങളിൽ സാമാന്യ വാചിയായി വരുന്നവയാണ്. ചരിത്രം, സമുദായം, വിശ്വാസം പരിസ്ഥിതി, ഐതിഹ്യം തുടങ്ങിയ സാമൂഹിക ചരങ്ങളുമായി ബന്ധപ്പെട്ട ശബ്ദങ്ങളായിരിക്കും വിശേഷ വാചിയായി വരുക. സാമാന്യവാചി ശബ്ദങ്ങൾ പൊതുവെ സ്ഥലം എന്ന കേവലാർത്ഥത്തെ സൂചിപ്പിക്കുന്നു. വിശേഷവാചിയായ ശബ്ദങ്ങളിൽ നിന്നാണ് ആ ദേശത്തിന്റെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ അംശങ്ങളെ വ്യാഖ്യാനിച്ചെടുക്കാൻ കഴിയുക. ചില നാമങ്ങളുടെ സന്ദർഭങ്ങളിൽ സമാന്യവാചി സവിശേഷ അർത്ഥത്തിൽ വ്യാപരിക്കും. അവിടെ വിശേഷ വാചി കേവലം വിശേഷണങ്ങളായി മാത്രം പ്രവർത്തിക്കും. ചെറുതന പോലുള്ളവ ഉദാഹരണം. “മാനവ സംസ്കാരത്തിന്റെയും നാഗരികതയുടെയും പഠനത്തിന് ചരിത്രത്തെയും പുരാവസ്തു ശാസ്ത്രത്തെയും പോലെ തന്നെ വിലപ്പെട്ട തെളിവുകൾ നൽകാൻ സ്ഥല നാമങ്ങൾക്കും കഴിയും.നമ്മുടെ പൂർവികർ എങ്ങനെ ജീവിച്ചു എന്നും ജീവിതത്തെ എങ്ങനെയാണ് അവർ നോക്കി കണ്ടിരുന്നത് എന്നും പറഞ്ഞു തരാൻ കെൽപ്പുള്ളവയാണ് പ്രാചീന സ്ഥല നാമങ്ങൾ” (2016) സ്ഥലനാമ പഠന ഗവേഷകനായ ഡോ. വിളക്കുടി രാജേന്ദ്രന്റെ ഈ നിരീക്ഷണം സ്ഥലനാമങ്ങളിലെ സംസ്കാര പഠന സാധ്യത വെളിപ്പെടുത്തുന്നതാണ്.
ആലപ്പുഴ- പേരും പെരുമയും
ആലപ്പുഴ, പേരിലും പ്രകൃതിയിലും ജലമയമാണ്. ‘ആല’യിലും ‘പുഴ’ യിലും വെള്ളം തന്നെ. ആല എന്ന ശബ്ദത്തിന് വ്യാപിക്കുക, വിസ്താരം, ജലം, മദ്യം, വിഷം, കടൽ, മഴ, ലോകം, ഭൂമി എന്നിങ്ങനെ വിവിധ അർത്ഥങ്ങൾ ശ്രീകണ്ഠേശ്വരം (ശബ്ദതാരാവലിയിൽ) നിർദ്ദേശിക്കുന്നു. ആലക്കീര ഒരു നീർച്ചെടിയാണ്. ആലവല്ലം എന്നാൽ തട്ട് (platform) എന്നാണ് അർത്ഥം. ആലറ എന്നാൽ നിലമാണ്. ആലവാലം വെള്ളം കെട്ടി നിർത്താനുള്ള തടമാണ്. ആലവണാംബു ലവണ രസമുള്ള ജലവും. ആലകണ്ഠൻ വിഷം കുടിച്ച ശിവനുമാണ്. ഇങ്ങനെ നോക്കുമ്പോൾ ആല ശബ്ദം സ്ഥല – ജല സൂചകമാണെന്നു കാണാം. വെള്ളമുള്ള പുഴ, വിശാലമായ പുഴ, ഉപ്പ് രസമുള്ള പുഴ, തടമായ പുഴ, ഭൂമിയായ പുഴ, തട്ടായ പുഴ എന്നിങ്ങനെ ആലപ്പുഴയുടെ അർത്ഥം വിപുലമാണ്. കടലിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാകയാൽ ലവണ രസമുള്ള പുഴയുടെ, ജലാശയങ്ങളുടെ നാട് എന്നർത്ഥമാണ് ആലപ്പുഴയുടെ പ്രകൃതിയിൽ യോജിക്കുക. പുഴയ്ക്ക് ഇവിടെ ജലാശയമെന്ന കേവല അർത്ഥമാണുള്ളത്. എഡി 1300 കളുടെ പകുതിയോടെയാണ് ദേശത്തിന് ആലപ്പുഴ എന്ന പേര് ലഭിക്കുന്നത്. 1314 വരെയുള്ള രേഖകളിൽ ഒന്നും ആലപ്പുഴ എന്ന പേര് രേഖപ്പെടുത്തിയിട്ടില്ല. തുറമുഖ നഗരം എന്ന നിലയിൽ ആവണം ഈ പേര് വന്നതെന്നും ഊഹിക്കാം. കപ്പൽ അടുക്കുന്നതിന് അനുയോജ്യമായ ആഴത്തിലുള്ള ജലാശയം- ആഴപ്പുഴ / ആലപ്പുഴ. ഏതായാലും ജില്ലയുടെ പേരുതന്നെ ആഴം കൊണ്ടും പുഴ കൊണ്ടും ജലപ്രകൃതി അടയാളപ്പെടുത്തുന്നു.
അറബിക്കടൽ, വേമ്പനാട്ടുകായൽ, പമ്പാനദി, മണിമലയാർ, അച്ചൻകോവിലാർ എന്നീ ജലാശയങ്ങളുടെ ഭൂപശ്ചാത്തലമാണ് ഈ ദേശത്തിനുള്ളത്. സംഘസാഹിത്യത്തിൽ പരാമർശിക്കപ്പെടുന്ന കുട്ടനാട് പ്രദേശമാണ് ഇന്നത്തെ ആലപ്പുഴയുടെ പ്രധാന ഭാഗം. നദികളും ജലാശയങ്ങളുമടങ്ങിയ ഭൂ പ്രകൃതിയായതിനാൽ പ്രാചീന കാലത്ത് ജനവാസസാധ്യത തീരെ കുറവായിരുന്നിരിക്കും. ബറക്കേ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പുറക്കാട്, ലോകപ്രസിദ്ധമായ ബുദ്ധമത കേന്ദ്രമായിരുന്ന ശ്രീമൂലവാസം തുടങ്ങിയ സ്ഥലങ്ങൾ പ്രാചീന ചരിത്രരേഖകളിൽ ഇടംപിടിച്ചിട്ടുണ്ട്. രണ്ടാം ചേരസാമ്രാജ്യക്കാലത്ത് മാവേലിക്കരയും കാർത്തികപ്പള്ളിയും ചേർന്ന നന്തുഴൈനാട് ചേരന്മാരുടെ സാമന്ത രാജ്യം എന്നറിയപ്പെട്ടിരുന്നു. ഹരിപ്പാട്, ഓടനാട്, കണ്ടിയൂർ തുടങ്ങിയ ദേശപ്പേരുകൾ പ്രാചീന ചരിത്രരേഖകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഓടനാട് നന്തുഴൈനാട് പോലെ മറ്റൊരു സാമന്ത രാജ്യമായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തിന്റെ പതനത്തോടെ ഓടനാടും നന്തുഴൈനാടും വിവിധ നാട്ടുരാജ്യങ്ങളായി പിരിഞ്ഞു. അപ്രകാരം ഇന്നത്തെ ആലപ്പുഴ ദേശത്ത് പനവേലി, മാർത്ത (മാടത്തിൻകൂറ്), ബെറ്റിമിനി (വട്ടമന), കായംകുളം, തൃക്കനപാലി, ചെങ്ങന്നൂർ, ചെമ്പകശ്ശേരി, കരപ്പുറം, തെക്കുംകൂർ തുടങ്ങിയ നാട്ടുരാജ്യങ്ങൾ രൂപപ്പെട്ടു. പിൽക്കാലത്ത് വിദേശീയരുടെയും ഇന്ത്യയുടെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കച്ചവടക്കാരുടെയും വരവോടെ ഇന്നത്തെ ആലപ്പുഴ നഗരകേന്ദ്രിതമായി തുറമുഖവും വിപുലമായ വാണിജ്യ – വ്യവസായ കേന്ദ്രങ്ങളും സ്ഥാപിക്കപ്പെട്ടു. ഇതിനകം നാട്ടുരാജ്യങ്ങളുടെ പ്രസക്തി നഷ്ടപ്പെടുകയും, ജലത്തെ പൂർണമായി ആശ്രയിച്ചു വാണിജ്യം നിർവഹിക്കുന്ന ഇടം എന്ന നിലയിൽ ‘ആലപ്പുഴ’ എന്ന പേര് ഉറയ്ക്കുകയും ചെയ്തു. ആലപ്പുഴയ്ക്ക് പരന്ന കവാടം ( ആലം = പരന്ന, പുഴ = കവാടം) എന്നൊരു അർത്ഥം ഗുണ്ടർട്ട് നൽകുന്നുണ്ട്. ആലപ്പുഴയുടെ വാണിജ്യ തുറമുഖപ്പെരുമയും സ്ഥലപ്പേരും തമ്മിൽ പൊരുത്തപ്പെട്ടു പോകുന്ന ഒരു വ്യാഖ്യാനമായി ഇതിനെ പരിഗണിക്കാവുന്നതാണ്. 1957 ഓഗസ്റ്റ് 17 നാണ് ഔദ്യോഗികമായി ആലപ്പുഴ ജില്ല രൂപീകൃതമാകുന്നത്.
പേരിലെ ജലജാലം
അരൂരും ഓച്ചിറയും
ആലപ്പുഴ ജില്ലയുടെ സ്ഥലപരമായ വടക്കേ അതിർത്തി അരൂരും തെക്കേ അതിർത്തി ഓച്ചിറയുമാണ്. ഈ രണ്ടുപേരിലും നീരിന്റെ സൂചന കാണാം. അറ്റത്തെ ഊര് എന്നാണ് അരൂർ എന്നതിന്റെ അർത്ഥം. കരയായിട്ടുള്ളതിന്റെ അറ്റം എന്നാണ് വിവക്ഷ. ശേഷം ജലാശയം എന്നു സാരം. ഒരു കര അവസാനിക്കുകയും മറ്റൊരു കര ആരംഭിക്കുകയും ചെയ്യുന്നതിന്റെ പ്രധാന അതിരായി നദിയോ കായലോ തോടുകളോ ആണ് വരുക. വേമ്പനാട്ടുകായലും കൈതപ്പുഴ കായലും ഒന്നിക്കുന്ന ദേശമാണ് അരൂർ. തെക്കേ അറ്റത്തെ ഓച്ചിറ, ഓര് ചിറയാണ്. ഓര് എന്നത് കടലിൽ നിന്ന് കരയിലേക്ക് ഒലിച്ചിറങ്ങുന്ന ജലത്തെയാണ് കുറിക്കുന്നത്. ഓരു ജലം കയറി കിടക്കുന്നിടത്തെ ചിറയാണ് ഓരുചിറ ഇത് ഓർചിറയാവുകയും പിന്നീട് ഓച്ചിറ ആയി പരിണമിക്കുകയും ചെയ്യുന്നു. ഓം ചിറയാണ് ഓച്ചിറ ആയതെന്ന് ക്ഷേത്രത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ കരുതുന്നവരുണ്ട്. ഓംചിറ ഭാഷാശാസ്ത്രപ്രകാരം (വ്യാകരണം) ഓഞ്ചിറയേ ആകൂ. അനുനാസിക പ്രിയരായ മലയാളികൾ ഒരിക്കലും ഓഞ്ചിറയെ ഓച്ചിറ എന്ന് ഉച്ചരിക്കാൻ സാധ്യതയില്ല. ഓർച്ചിറയാണ് യഥാർത്ഥ ഓച്ചിറ. ജലാശയത്തിന്റെ അരികിൽ അഥവാ ഒരു കരയുടെ അറ്റത്തെ ഊര് അരൂരും ഓരിടത്തെ ചിറ ഓച്ചിറയുമായി ജന സംസ്കൃതി രൂപപ്പെട്ടതായി കാണാം. ഊരും, ചിറയും ജനവാസ സ്ഥലത്തെ സൂചിപ്പിക്കുന്ന സാമാന്യവാചിയായ ശബ്ദങ്ങളാണ്. അങ്ങനെ ജില്ലയുടെ രണ്ടറ്റ പ്രദേശങ്ങളും ജല പ്രകൃതിയാൽ അറിയപ്പെടുന്ന നിലവിലെ ജനവാസ മേഖലയാണ്. അമ്പലപ്പുഴ, കായംകുളം, താമരക്കുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തണ്ണീർമുക്കം, കുത്തിയതോട്, അന്ധകാരനഴി, ആറ്റുവാത്തല, ഇലിപ്പക്കുളം, കാരിച്ചാൽ, വാടക്കനാൽ, കണിയാകുളം ,ചമ്പക്കുളം, തോട്ടുവാത്തല, തൃച്ചാറ്റുകുളം, നീരേറ്റുപുറം, നീർക്കുന്നം, വാത്തികുളം, പള്ളിത്തോട്, മുതുകുളം, മാരാരിക്കുളം വാരണം, ചെറുവാരണം, മധുരക്കുളം, വലിയഴീക്കൽ, വാളാച്ചാൽ, മുട്ടാർ, മാന്നാർ, വയലാർ, വെള്ളംകുളങ്ങര, പ്രയാർ തുടങ്ങിയ സ്ഥലപ്പേരുകളിലെല്ലാം ജലം നിറസാന്നിധ്യമാണ്. സ്ഥലപ്പേരുകളിലെ കുളങ്ങളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചുറ്റും കടലും കായലും നദികളും ഉണ്ടെങ്കിലും ജനങ്ങൾ അവരുടെ നിത്യോപയോഗത്തിന് കുളങ്ങളെ ആശ്രയിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. ആലപ്പുഴയിൽ ‘കിണർ സംസ്കാര’ ത്തെക്കാൾ ‘കുളസംസ്കാര’മാണ് പുലർന്നിരുന്നത് എന്ന് മനസ്സിലാക്കാം. കുളങ്ങളുടെ ചുറ്റുപാടുമായി രൂപപ്പെട്ട ജീവിത സംസ്കാരം ആലപ്പുഴയുടെ പ്രത്യേകതയാണ്. ജില്ലയുടെ വരുമാന മാർഗ്ഗമായിരുന്ന കയർ വ്യവസായവുമായും ഇതിനെ ബന്ധപ്പെടുത്താവുന്നതാണ്. ചകിരിയാക്കി മാറ്റുന്നതിന് തൊണ്ട് അഴുക്കിയെടുത്തിരുന്നത് കുളങ്ങളെ ആശ്രയിച്ചാണ്. കുളം പേറുന്ന സ്ഥലങ്ങൾ മാത്രമല്ല ഓരോ വീട്ടുപുരയിടങ്ങളിലും രണ്ടും മൂന്നും കുളങ്ങൾ ഉണ്ടായിരുന്ന ജീവിത രീതിയായിരുന്നു ആലപ്പുഴയുടേത്.
ഈ ‘കുള’ സംസ്കാരത്തിന്റെ തെളിവുകളായി കുളങ്ങര (കുളത്തിന്റെ കര) വരുന്ന സ്ഥലനാമങ്ങളും ധാരാളമുണ്ട്. കണിച്ചുകുളങ്ങര, കരിയിലകുളങ്ങര, ഇരട്ടക്കുളങ്ങര, വലിയകുളങ്ങര, വെള്ളംകുളങ്ങര, മുള്ളികുളങ്ങര, പാട്ടുകുളങ്ങര നാലുകുളങ്ങര, ഞാറകുളങ്ങര, മാരൻകുളങ്ങര, പ്രീതികുളങ്ങര, ദേവികുളങ്ങര, ചെട്ടികുളങ്ങര, തോണ്ടൻകുളങ്ങര, ചാത്തൻകുളങ്ങര, ഇരട്ട കുളങ്ങര, കൊറ്റംകുളങ്ങര, കൊച്ചിനാകുളങ്ങര, കുറുപ്പംകുളങ്ങര, ആദിക്കാട്ടുകുളങ്ങര എന്നിവ ഉദാഹരണങ്ങളാണ്. ജലാശയ സൂചകങ്ങളായ ‘കര’ചേർത്ത സ്ഥലനാമങ്ങളും ആലപ്പുഴയുടെ പുഴ പ്രകൃതി വെളിവാക്കുന്നു. തുരുത്ത്, തല, കടവ്, തറ, താഴം, അളം തുടങ്ങിയ സാമാന്യ വാചി ശബ്ദങ്ങൾ അടങ്ങിയ സ്ഥലപ്പേരുകളും ഇക്കാര്യം ഉറപ്പിക്കുന്നു.
കരകൾ
‘കര’ ജനവാസയിടത്തെ സൂചിപ്പിക്കുന്ന സാമാന്യവാചിയാണ്. മാനവ സംസ്കാരം തന്നെ രൂപപ്പെട്ടത് നദീതടങ്ങളിലാണ്. ജലം ജീവന്റെ നിലനിൽപ്പിന്റെ അനിവാര്യ ഘടകം എന്ന നിലയിലും കാർഷിക സംസ്കാരത്തിന്റെ ഭാഗം എന്ന നിലയിലും മനുഷ്യവംശത്തോടു ചാർച്ചപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് എല്ലാ സംസ്കാരങ്ങളും നദീതടങ്ങളിലാണ് രൂപപ്പെട്ടത് എന്ന സിദ്ധാന്തത്തിൽ നാം എത്തിച്ചേരുന്നത്. ചെറു സമൂഹങ്ങളായി മനുഷ്യർ കൂട്ടമായി ജീവിക്കാൻ തുടങ്ങുന്നത് ഏതെങ്കിലും ജലാശയത്തിന്റെ സമീപമായിരിക്കും. ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്രത്തെ വിശേഷമായി സ്വീകരിച്ചുകൊണ്ട് ‘കര’ ചേർത്ത സ്ഥലനാമങ്ങൾ രൂപപ്പെടുന്നു. കര എന്ന അർത്ഥസൂചനയിൽ കടവ്, തുരുത്ത്, തല, ചിറ, വയ്പ്, തുറ തുടങ്ങിയ സാമാന്യവാചി ശബ്ദങ്ങളും സ്ഥലനാമങ്ങളിൽ പ്രവർത്തിക്കുന്നു. ആലപ്പുഴ ജില്ലയിലെ ചില ഉദാഹരണങ്ങൾ നോക്കുക.
അരീക്കര, ആക്കനാട്ടുകര, ഇരമല്ലിക്കര, ഇറവങ്കര, ഉമയാറ്റു കര, കണ്ണങ്കര, ചുനക്കര, ചെറുകര, തഴക്കര, പതിയാങ്കര പാവുക്കര, പെണ്ണുക്കര, പ്രമട്ടക്കര, പ്രായിക്കര, വിഷവർശ്ശേരിക്കര, മാവേലിക്കര, മുതുകാട്ടുകര, വാലാങ്കര, വടക്കേക്കര, വടശ്ശേരിക്കര, വനവാതുക്കര, കടക്കരപ്പള്ളി മുതലായ കരകളും വടുതല മാക്കേ കടവ്, പെരുമ്പളം, പെരുംതുരത്ത്, പള്ളാത്തുരുത്തി, നാരകത്തറ, തൃപ്പരുന്തുറ, തോട്ടുവാത്തല, തുരുത്തിഭാഗം, തിട്ടമേൽ, തവണക്കടവ്, ചേർത്തല, ചേന്നവേലി, ചെന്നിത്തല, ചിറക്കടവം, കോടംതുരുത്ത്, കൊപ്പാറക്കടവ്, കുമരംചിറ, കാഞ്ഞിരച്ചിറ കടുച്ചിറ, കടുവങ്കൽ, കടവൂർ, കാക്കത്തുരുത്ത് എന്നിങ്ങനെയുള്ള സ്ഥലനാമങ്ങൾ ജലാശയവുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ്. പുഴയുടെയോ കായലിന്റെയോ കരയിൽ രൂപപ്പെട്ട ജനവാസ മേഖലകളെയാണ് ഈ സ്ഥലനാമങ്ങൾ സൂചിപ്പിക്കുന്നത്.
കാവും – കാടും
ജനസംസ്കൃതിയുടെ ഭാഗമായുള്ള രണ്ട് സൂചകങ്ങളാണ് കാവും കാടും. ജനവാസ കേന്ദ്രങ്ങൾ എന്ന നിലയ്ക്കല്ല ഇവ പ്രസക്തമാകുന്നത് ആശ്രയ കേന്ദ്രങ്ങളും വിശ്വാസ കേന്ദ്രങ്ങളുമായാണ് ഇവ ജന സംസ്കാരത്തിൽ ഇടപെടുന്നത്. കാടുകളുടെയും കാവുകളുടെയും രൂപപ്പെടലിന് ജലം ഒരു അനിവാര്യ ഘടകമാണ്. ആലപ്പുഴ ജില്ലയിലെ സ്ഥലനാമങ്ങൾ പരിശോധിച്ചാലും ഈ ജല ജന്യബന്ധം ബോധ്യപ്പെടും. കാവുകൾ രൂപപ്പെടുന്നത് ഏതെങ്കിലും ജലാശയവുമായി ബന്ധപ്പെട്ടായിരിക്കും. ജില്ലയിലെ ‘കാവാലം’ അടക്കമുള്ള പ്രദേശങ്ങൾ അതിനു തെളിവാണ്. വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാടിനു നടുവിലാണ് കാവാലം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ ജില്ലയിലെ ‘കാട്’ പേരുകൾ വനം എന്ന അർത്ഥത്തിലെ കാടുകൾ അല്ല. മറിച്ച് ജലാശയങ്ങളുടെ സമീപം രൂപപ്പെടുന്ന കുറ്റിക്കാടുകൾ ആയിരിക്കണം അവ. ജലത്തിൽ കൂടി പരാഗണം നടന്ന് തുരുത്തുകളിൽ ഇടതൂർന്നു വളരുന്ന സസ്യങ്ങളും വൃക്ഷങ്ങളുമാണ് ഇവിടുത്തെ കാടായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ജില്ലയിലെ സ്ഥലനാമങ്ങളിലെ പുന്ന, ആഞ്ഞിലി, ഇലഞ്ഞി എന്നീ വൃക്ഷങ്ങളുടെ അടയാളങ്ങൾ ഇതിന് പ്രത്യക്ഷ തെളിവാണ്. കാവും – കാടും ചേർന്ന സ്ഥല നാമങ്ങൾക്കു ഉദാഹരണങ്ങൾ നിരവധിയാണ്. കാവാലം, കാവുങ്കൽ, മുണ്ടൻകാവ്, ഭരണിക്കാവ്, പുത്തൻകാവ്, പുതിയകാവ്, നടക്കാവ്, ചക്കുളത്തുകാവ്, കൊറ്റാർകാവ്, എരിക്കാവ് തുടങ്ങി കാവുകളും അറവുകാട്, ഇടവക്കാട്, ഉമ്പർകാട്, ഉളവുക്കാട്, എണ്ണയ്ക്കാട്, ഇരവുകാട്, കാട്ടൂർ, കല്ലൂർക്കാട്, കാട്ടുപുറം, കാട്ടുമഠം, കീരിക്കാട്, കുരട്ടിക്കാട്, കുറത്തിക്കാട്, കുറ്റിക്കാട്, ചെക്കിടിക്കാട്, ചെട്ടിക്കാട്, ഞായർക്കാട്, ഞാഞ്ഞൂക്കാട്, തങ്കേക്കാട്, തൈക്കാട്ടുശ്ശേരി, നെടുമ്പ്രക്കാട്, പട്ടണക്കാട്, പറയകാട്, പുറക്കാട്, പെരിങ്ങാട്, മണക്കാട്, മഹാദേവികാട്, മുതുകാടുകര, ചമ്പക്കാട്ടുഭാഗം, വണ്ടാനം( അനം – കാനം = കാട്), വഴുതാനം തുടങ്ങിയവ.
ജലത്തിലൂടെ പരാഗണം നടന്ന് തീരപ്രദേശങ്ങളിൽ വളരുന്ന വൃക്ഷമാണ് പുന്ന. ആലപ്പുഴ ജില്ലയിൽ പുന്ന ചേർന്ന സ്ഥലനാമങ്ങൾ ഒട്ടനവധിയുണ്ട്. പുന്നമട, പുന്നപ്ര, പുന്നമൂട്, ഒറ്റപ്പുന്ന, പുന്നക്കീഴ്, പൊന്നാട് (പുന്നനാട് ലോപിച്ചതാകാം പൊന്നാട്) പുനയത്തുശ്ശേരി, കൊടുപ്പുന്ന, എഴുപുന്ന എന്നിവ ഉദാഹരണങ്ങൾ. ജലാശയത്തിന് സമീപം തഴച്ചു വളരുന്ന ഒരു സസ്യമാണ് കൈത. കൈതവന, കൈത വടക്ക്, കൈത തെക്ക്, കൈതത്തിൽ, കൈതക്കുളങ്ങര, കൈതക്കൂട്ടം, എന്നീ സ്ഥലപേരുകളിലെ കൈത ജലപ്രകൃതി തെളിയിക്കുന്നു. സസ്യ- വ്യക്ഷ വൈവിധ്യങ്ങളുടെ അടയാളമായും ധാരാളം സ്ഥലപ്പേരുകൾ ഇവിടെയുണ്ട്. കരിമുളയ്ക്കൽ, ആഞ്ഞിലിപ്ര, ഇലഞ്ഞിമേൽ, കടമ്പൂർ, കാഞ്ഞിരംചിറ, തമ്പകച്ചുവട്, ചാരുംമൂട്, ചെത്തി, തഴക്കര, തൈക്കൽ, നാരകത്തറ, പച്ച, പാലമേൽ, പുല്ലണ്ടടി, പുല്ലമ്പട, പുല്ലാട്, പുളിക്കീഴ്, പുളിങ്കുന്ന്, മുരുക്കരമൂട്, ചൂനാട്, മുല്ലയ്ക്കൽ, മുളക്കഴ തുടങ്ങിയ ഉദാഹരണങ്ങൾ.
‘താണ സ്ഥലത്തേ നീരോടു’ എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. നീരോടുന്ന ‘താഴ്ന്ന’ എന്ന സൂചനയുള്ള ഒട്ടേറെ സ്ഥലനാമങ്ങൾ ഇവിടെ കാണാം. മാങ്കാംകുഴി, മനക്കോടം, മലമേൽക്കോട്, മങ്കുഴി, പുന്തലതാഴം, പുതുക്കണ്ടം, പടനിലം, കാരിക്കുഴി, കാക്കാഴം, കിടങ്ങറ, കളർകോട്, കളവംകോടം, കണ്ണാനാകുഴി, ആമയിട, മറ്റം (നദിയുടെ അടുത്തുള്ള താഴ്ന്ന പ്രദേശമാണ് മറ്റം) എന്നിങ്ങനെ. നിലത്തിന്റെ അരികിലായി കിടക്കുന്ന വളക്കൂറുള്ള ഇടത്തെ കരി ചേർത്താണ് പരാമർശിക്കുന്നത്. കരിചേർന്ന കരുവാറ്റ, കരിമുറ്റം, കരുമാടി, കരൂർ, ചേന്നങ്കരി, അമിച്ചകരി, രാമൻകരി, തായങ്കരി, കാരിച്ചാൽ, വട്ടക്കരി തുടങ്ങിയ പേരുകളും താഴ്ന്ന നിലത്തെ കുറിക്കുന്നു. കലവൂർ, തുറവൂർ, പറവൂർ, ചന്തിരൂർ എന്നിങ്ങനെ ഊരായി പ്രത്യേകം അറിയപ്പെടുന്ന സ്ഥലങ്ങളുമുണ്ട്. ജനവാസത്തെ അടയാളപ്പെടുത്തുന്ന ഈ പേരുകളും പ്രത്യക്ഷമായും പരോക്ഷമായും ജലപ്രകൃതി പേറുന്നു. തീരത്തിന്റെ അടയാളമെന്ന അർത്ഥത്തിൽ കലയുള്ള ഊര് കലവൂർ ( കല = അടയാളം). മത്സ്യത്തൊഴിലാളികൾക്ക് കരയറിയാനുള്ള സിഗ്നൽ സ്ഥാപിച്ചിരുന്ന ഇടം. കലത്തിന് കപ്പൽ അഥവാ ജലയാനം എന്നും അർത്ഥമുണ്ട്. ആ അർത്ഥത്തിലും ജല പ്രകൃതി വ്യക്തം. തുറയുള്ള ഊര് തുറവൂർ (തുറ = തീരം). ഏതെങ്കിലും ജലാശയത്തിന് പരമായ (പരം= അപ്പുറം) ഊര് പറവൂർ. ഇങ്ങനെ പോകുന്നു ഊര് വിശേഷം.
കുട്ടനാട് താഴ്ന്ന സ്ഥലം എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും താഴെയുള്ള സവിശേഷ കൃഷിയിടമാണ് കുട്ടനാട്. ഇവിടെ നിലങ്ങളും കരികളും സ്ഥലപ്പേരുകളായി വരുന്നു . ആലപ്പുഴ പൊതുവെ താഴ്ന്ന പ്രദേശമായതുകൊണ്ട് സ്ഥലത്തെ അടയാളപ്പെടുത്താൻ കുന്ന് എന്ന സാമാന്യ വാചിയെ ഉപയോഗിക്കുന്നതും ശ്രദ്ധേയമാണ്. കുട്ടനാട്ടിലെ പുളിങ്കുന്ന് നല്ല ഉദാഹരണമാണ്. ഇതുപോലെ കുന്നം, ഇടക്കുന്നം,കരുമാടി (മാടി= ഉയർന്ന സ്ഥലം) കുന്നങ്കരി, കുന്നുമ്മ, തിട്ടമേൽ, മുഹമ്മ, മുട്ടം, വള്ളികുന്നം എന്നീ സ്ഥലപ്പേരുകളിലും ഉയർച്ച കൊണ്ട് താഴ്ചയെ വ്യഞ്ജിപ്പിക്കുന്നു.
ജനവാസയോഗ്യം അല്ലാതിരുന്നിടം പിൽക്കാലത്ത് വാസയോഗ്യമായ ഇടമായിത്തീരുന്നത് സ്വാഭാവികമാണ്. ആലപ്പുഴ പോലെയുള്ള കടൽത്തീര പ്രദേശങ്ങളിൽ പ്രത്യേകിച്ചും ഈ ഭൂമിശാസ്ത്ര പ്രതിഭാസം സാധാരണമാണ്. വെള്ളം ഇറങ്ങി രൂപപ്പെട്ട സ്ഥലമാണ് ആലപ്പുഴ എന്നത് വ്യക്തമായ കാര്യമാണ്. ആലപ്പുഴയുടെ കിഴക്കേ ‘കര’യായ പെരുന്നവരെ പണ്ട് കടൽ ആയിരുന്നു എന്നാണ് ചരിത്രം. പെരു നെയ്തൽ ആണ് പെരുന്ന എന്ന സ്ഥലനാമമായി മാറിയത്. ജില്ലയിലെ പല സ്ഥലനാമങ്ങളും പുതിയതായി ഉണ്ടായ സ്ഥലങ്ങൾ എന്ന സൂചന നൽകുന്നുണ്ട്. പുതിയകാവ്, പുതിയവിള, പുതിയിടം, പുതുക്കരി, പുതുക്കുളങ്ങര, പുതുപ്പള്ളി, പുത്തനങ്ങാടി, പുത്തൻകാവ്, പുത്തൻചന്ത, പുത്തനമ്പലം എന്നിവ സാക്ഷ്യങ്ങൾ.
ജനപ്രകൃതി
ജലപ്രകൃതിയിൽ നിന്നും ജനപ്രകൃതിയെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സ്ഥല നാമങ്ങളും ആലപ്പുഴയുടെ പ്രത്യേകതയാണ് ബുദ്ധമത സ്വാധീനത്തിന്റെ മികച്ച തെളിവുകൾ ഇവിടത്തെ സ്ഥലനാമങ്ങൾ പങ്കുവയ്ക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബുദ്ധവിഹാര കേന്ദ്രമായിരുന്ന ശ്രീമൂലവാസം ജില്ലയിലെ തൃക്കുന്നപ്പുഴക്കും പുറക്കാട്ടിനും ഇടയിലുള്ള സ്ഥലമാണെന്നാണ് വിശ്വാസം. കടൽക്ഷോഭത്തിൽ നിന്നും ശ്രീമൂലവാസത്തെ സംരക്ഷിച്ചു എന്ന ചരിത്രം വിക്രമാദിത്യ വരഗുണന്റെ പാലിയം ശാസനത്തിൽ വായിക്കാം. ഈ ബുദ്ധവിഹാര കേന്ദ്രത്തിന് അനുബന്ധമായി ഒട്ടേറെ ബുദ്ധ കേന്ദ്രങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്നതിന്റെ ചരിത്ര സാക്ഷ്യങ്ങളായി സ്ഥലനാമങ്ങൾ അവശേഷിക്കുന്നു. കാർത്തികപ്പള്ളി, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലായി ഇതിന്റെ ഒട്ടേറെ തെളിവുകളുണ്ട്. ധാരാളം ബുദ്ധ വിഗ്രഹങ്ങൾ ഈ പ്രദേശത്തുനിന്നും കണ്ടികിട്ടിയിട്ടുണ്ട്. കരുമാടിയിലെ ബുദ്ധ പ്രതിമ ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധമാണ്.
‘ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയ്ക്കോ അമ്പലപ്പുഴയ്ക്കോ അടുത്തായിരിക്കണം ശ്രീമൂലവാസം എന്ന അഭിപ്രായക്കാരാണ് ടി.എ ഗോപിനാഥറാവു (1992:123) ഇളംകുളം കുഞ്ഞൻപിള്ള (1970:260-278) എം.ജി.എസ് നാരായണൻ(19729-16) എന്നിവർ. ഈ പ്രദേശങ്ങൾ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്നവയാണ്. ഇപ്പോൾ തൃക്കുന്നപ്പുഴയിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പക്ഷേത്രം പഴയ ക്ഷേത്രം കടലെടുത്തപ്പോൾ നിർമ്മിച്ചതാവണം. തൃക്കുന്നപ്പുഴ,കൊല്ലം പ്രദേശങ്ങളിൽ നിന്ന് ബുദ്ധ പ്രതിമകൾ കണ്ടുകിട്ടിയിട്ടുണ്ട്. ഭരണിക്കാവ്,പള്ളിക്കൽ,മരുതൂർകുളങ്ങര, മാവേലിക്കര എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച പ്രതിമകൾ ഇതിൽപ്പെടുന്നു.പ്രസിദ്ധ ബുദ്ധവിഹാരമായ ശ്രീമൂലവാസം സ്ഥിതി ചെയ്തിരുന്നു എന്ന് കരുതപ്പെടുന്ന പ്രദേശത്തിന്റെ അതിർത്തി ദേശങ്ങളിൽ നിന്നാണ് ഈ പ്രതിമകൾ കണ്ടുകിട്ടിയിട്ടുള്ളത് (അജു.കെ നാരായണൻ- 2012:29). അജുവിന്റെ ഗവേഷണവും ജില്ലയിലെ ബുദ്ധജന സ്വാധീനത്തെ ബലപ്പെടുത്തുന്നു.
പള്ളി എന്ന പദം ബുദ്ധവിഹാരകേന്ദ്രങ്ങളെ കുറിക്കുന്നതായിരുന്നു. ശാന്തവും ഒറ്റപ്പെട്ടതുമായ സ്ഥലങ്ങളെയാണ് പള്ളി എന്നതുകൊണ്ട് അർത്ഥമാക്കിയിരുന്നത്. ജലാശയങ്ങളും ഇടയ്ക്കിടെ കുറ്റിക്കാടുകളും നിറഞ്ഞ ഭൂപ്രകൃതിയുള്ള ആലപ്പുഴയിൽ പണ്ടുകാലത്ത് ജനവാസം തീരെ കുറവായിരുന്നിരിക്കണം. ഈ സാഹചര്യത്തിൽ ബുദ്ധ ഭിക്ഷുകൾ അവരുടെ വിഹാര കേന്ദ്രമായി ഇവിടങ്ങളിലെ വാസയോഗ്യമായ ഇടങ്ങൾ തെരഞ്ഞെടുത്തിരിക്കാനാണ് സാധ്യത. പള്ളി ചേർന്ന ജില്ലയിലെ സ്ഥലപേരുകൾ ഈ നിഗമനത്തെ ഉറപ്പിക്കുന്നു.മാവേലിക്കര താലൂക്കിലെ ബുധനൂരും ബുദ്ധ ജംഗ്ഷനും ബൗദ്ധ പാരമ്പര്യത്തിന്റെ നേരടയാളങ്ങളാണ്. തോട്ടപ്പള്ളി, പാതിരപ്പള്ളി, പള്ളിത്തോട്, പള്ളിപ്പുറം, പള്ളിമുക്ക് പുതുപ്പള്ളി, കാർത്തികപ്പള്ളി, കടക്കരപ്പള്ളി, പള്ളിപ്പുറം, പള്ളിക്കൽ, പള്ളിച്ചന്ത, പള്ളിപ്പാട്, മേനാമ്പള്ളി, പള്ളിക്കുട്ടുമ്മ എന്നീ പേരുകളിലെ പള്ളി ശബ്ദങ്ങളും പുത്തനങ്ങാടി, പുത്തൻചന്ത, പുത്തനമ്പലം, പുത്തൻകാവ് എന്നീ പേരുകളിലെ ‘പുത്ത’(ബുദ്ധ) ശബ്ദവും ഈ ദേശത്തെ ബുദ്ധ പാരമ്പര്യത്തെ ഓർമിപ്പിക്കുന്നു.
ജനപ്രകൃതിയുടെ അടയാളമായി വിവിധ സമുദായങ്ങളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന സ്ഥലനാമങ്ങളും വിരളമല്ല. കണിച്ചുകുളങ്ങര, കണിയാംകുളം തുടങ്ങിയ സ്ഥലനാമങ്ങൾ കണിയാർ സമുദായത്തിന്റെ സാന്നിധ്യം അറിയിക്കുന്നു. മണ്ണാറശാല, മണ്ണഞ്ചേരി മണ്ണാൻ വിഭാഗത്തെയും, മാരാരിക്കുളം, മാരൻകുളങ്ങര തുടങ്ങിയവ മാരാർ സമുദായത്തെയും ഓർമ്മിപ്പിക്കുന്നു. കഞ്ഞിക്കുഴി കഞ്ഞിപ്പാടം മുതലായ സ്ഥലനാമങ്ങൾ ചരിത്രപരമായ വസ്തുതകളെ വെളിപ്പെടുത്തുന്നു. കുഴി കുത്തി കഞ്ഞി വിളമ്പിയിരുന്ന ഇടം കഞ്ഞിക്കുഴി. തിരുവിതാംകൂർ രാജാവിനായി പ്രത്യേകം നെല്ല് വിളയിച്ചിരുന്ന പാടം കഞ്ഞിപ്പാടം. ഇങ്ങനെ പോകുന്നു ചരിത്ര സൂചനകൾ. പുതുതായി രൂപപ്പെട്ട പുരങ്ങളും ജനപ്രകൃതിയുടെ തെളിവാണ്. എസ്. എൻ. പുരം (ശ്രീനാരായണപുരം), എസ്. എൽ. പുരം (സേതു ലക്ഷ്മിപുരം), കോമളപുരം, മംഗളാപുരം, എ. എൻ. പുരം (അനന്തനാരായണപുരം), സനാതനപുരം എന്നിങ്ങനെ.
സ്ഥലനാമ പഠനം ഭൂമിശാസ്ത്ര സംബന്ധിയായും സാമൂഹ്യശാസ്ത്രപരമായും ഏറെ സാധ്യതകളുള്ള ഒരു പഠന മേഖലയാണ്. ചരിത്രത്തേക്കാളുപരി മാനവരാശിയുടെ സാംസ്കാരിക ജീവിതത്തെ തെളിച്ചെടുക്കാൻ ഈ പഠനത്തിനു കഴിയുന്നു. ഭാഷാശാസ്ത്ര പഠനമേഖലയിലും സ്ഥലനാമ പഠനത്തിന് സാധ്യത ഏറെയാണ്. സ്ഥലപ്പേരുകളിലെ പല പദങ്ങളുടെയും അർത്ഥം കൃത്യമായി നിർണയിക്കുക പ്രയാസമാണ്. പൊതുവേ നോക്കിയാൽ ആലപ്പുഴ ജില്ലയിലെ സ്ഥലനാമങ്ങളിൽ അതി പ്രാചീന പദങ്ങൾ നന്നേ കുറവാണ്. പ്രാചീനകാലത്ത് ഇവിടം ജനവാസയോഗ്യമായ ഇടമല്ലാതിരുന്നതായിരിക്കാം കാരണം. ഈ ദേശത്തെ ജനസംസ്കൃതിയുടെ ചരിത്രത്തെയാണ് ഈ അഭാവം ബോധ്യപ്പെടുത്തുന്നത്. രണ്ടാം ചേരസാമ്രാജ്യത്വത്തിന്റെ കാലഘട്ടത്തിൽ ഇവിടേക്ക് കുടിയേറിയ ബൗദ്ധൻമാരായിരിക്കാം ഇവിടത്തെ ആദിമ നിവാസികൾ. തുടർന്ന് സ്വദേശീയരും വിദേശീയരുമായ കച്ചവടക്കാർ ഇവിടേക്ക് കുടിയേറിയിട്ടുണ്ടാകാം. ഈ ദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കനുസരിച്ച് അവർ ചൊല്ലിയ പേരുകളാണ് യഥാർത്ഥത്തിൽ ഇവിടുത്തെ സ്ഥലനാമങ്ങൾ. ‘ആലപ്പുഴ’ എന്ന പേര് പോലും കച്ചവടത്തിനായി ഇവിടെയെത്തിയവർ വിളിച്ച പേരായിരിക്കും എന്ന് ആലപ്പുഴ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പേരിന്റെ ഉത്ഭവം എന്തുതന്നെയായാലും അവ വഹിക്കുന്ന ചരിത്ര – സാംസ്കാരിക മുദ്രകൾ ഒട്ടേറെ പഠന – ഗവേഷണ സാധ്യതകൾ തുറന്നിടുന്നു.
ഗ്രന്ഥസൂചി
ഡോ.എസ്.അജയകുമാർ, മൊഴിവിചാരം, ബി.ബുക്സ് അമ്പലപ്പുഴ- 2021
ഡോ.അജു കെ നാരായണൻ, കേരളത്തിലെ ബുദ്ധമത പാരമ്പര്യം നാട്ടറിവുകളിലൂടെ,നാഷണൽ ബുക്ക്സ്റ്റാൾ – 2012
ഡോ കെ. കെ. എൻ. കുറുപ്പ്, പ്രാദേശിക ചരിത്രം രചനയും രീതിശാസ്ത്രവും, കേരള സാഹിത്യ അക്കാദമി – 2018.
ഡോ. ഗോദവർമ്മയുടെ പ്രബന്ധങ്ങൾ, കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് – 1997
എൻ.എം. നമ്പൂതിരി,സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം – 1987.
ഡോ. എ.നുജൂം,ജലകേരളം, മാതൃഭൂമി ബുക്സ് – 2025
ഡോ.കെ.എം പ്രഭാകര വാര്യർ, ഭാഷാവലോകനം,വള്ളത്തോൾ വിദ്യാപീഠം – 2018
വി.വി.കെ വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ-എറണാകുളം ജില്ല,കേരള സാഹിത്യ അക്കാദമി – 2006
ഡോ.വിളക്കുടി രാജേന്ദ്രൻ, കൊല്ലം ജില്ല സ്ഥലനാമ ചരിത്രം,കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് – 2016
വിളക്കുടി രാജേന്ദ്രൻ,കേരള സ്ഥലനാമകോശം,കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് – 2007
നാട്ടുവഴികൾ ആലപ്പുഴ ജില്ലയുടെ പ്രാദേശിക ചരിത്രം,ആലപ്പുഴ ജില്ലാ പഞ്ചായത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് – 2019
Perspectives in Place Name Studies, Place Name Society, Thiruvananthapuram-1987
G.N. Reddy, Survey of Indian Place Names-A Case Study, the Place Names Society of India, Mysore-1988
Studies in Dravidian Place Names, Place Name Society,Thiruvananthapuram – 1993

