ജൂലി ഡി എം

Published: 10 november 2026 സാഹിത്യ പ0നം

നിത്യകല്യാണികൾ പൂക്കുന്ന ധൈഷണികാരാമം

(ഡോ. ശ്രീകല ശിവശങ്കരൻ്റെ “പൂന്തോട്ടങ്ങൾ നാം സഞ്ചരിക്കുമ്പോൾ”  എന്ന കൃതിയെ ആസ്പദമാക്കിയുള്ള പഠനം)

ധിഷണ കൊണ്ട്, നിലപാടുകൊണ്ട്, ജീവിതംകൊണ്ട്, ഭാവന കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തുന്ന സ്ത്രീകളുണ്ട്. അവരൊക്കെ പലപ്പോഴും ഏതാനും പേരുടെ ഓർമ്മകളിൽ മാത്രം നിറഞ്ഞു നിൽക്കുകയും അധികമെങ്ങും അടയാളപ്പെടാതെ മാഞ്ഞു പോവുകയുമാണ് പതിവ്.

സാമ്പ്രദായികജീവിതത്തിനുമപ്പുറത്തേക്ക് തങ്ങളുടെ ധൈഷണിക ജീവിതം കൊണ്ടുപോയ സ്ത്രീകൾ എവിടെയും അടയാളപ്പെടാതിരിക്കുകയോ അടയാളപ്പെട്ടാൽ തന്നെ അറിയപ്പെടാതിരിക്കുകയോ ആണ് ചെയ്യാറ്. അപ്പോഴും വ്യത്യസ്തമായ ഒരു ജീവിതം സാധ്യമായിരുന്നുവെന്ന് പുതിയ തലമുറയ്ക്ക് കാണിച്ചുകൊടുക്കാൻ തന്റെയും പൂർവികരുടെയും ചരിത്രം അടയാളപ്പെടുത്തി വയ്ക്കുന്ന മനുഷ്യർ ചെയ്യുന്നതും ചരിത്ര നിർമ്മിതി തന്നെയാണ്. എഴുത്തുകാരിയും വിവർത്തകയും സാമൂഹ്യ ശാസ്ത്ര ഗവേഷകയുമായ ഡോ. ശ്രീകല ശിവശങ്കരൻ എഴുതിയ ‘പൂന്തോട്ടങ്ങൾ നാം സഞ്ചരിക്കുമ്പോൾ’ എന്ന സർഗാത്മക ലേഖന സമാഹാരം അത്തരമൊരു അടയാളപ്പെടുത്തലും ചരിത്ര നിർമ്മിതിയുമാണ്. നാടുമായും ഭാഷയുമായും ഏറെക്കാലം അകന്നുനിന്ന ഒരാൾ നാട്ടിലേക്കും ഭാഷയിലേക്കും തന്റേതായ പൂന്തോട്ടങ്ങളിലേക്ക് മടങ്ങി വരുന്നതിന്റെ വൈകാരിക ഓർമ്മകളും ധൈഷണിക ജീവിതത്തിന്റെ ജ്വലനവും ചേർന്ന വ്യത്യസ്തമായ വായനാനുഭവം പകരുന്ന കൃതിയാണ്, മലയാളിക്ക് ഒരു പക്ഷേ, അത്ര സുപരിചിതയല്ലാത്ത ശ്രീകലശിവശങ്കരന്റെ ‘പൂന്തോട്ടങ്ങൾ നാം സഞ്ചരിക്കുമ്പോൾ’ എന്ന കൃതി. ഡോ. ശ്രീകലയുടെ ബൗദ്ധികവും കലാപരവുമായ ജീവിത സഞ്ചാരങ്ങളിലൂടെ രൂപപ്പെട്ടപൂവാടികളെക്കുറിച്ചാണ് ഈ കൃതി പറയുന്നത്. സർഗാത്മകലേഖനങ്ങളാകുമ്പോഴും അവ കവിയും വിവർത്തകയും ഗവേഷകയും സാമൂഹ്യ ശാസ്ത്രജ്ഞയുമായ ഡോ. ശ്രീകലയുടെ സത്യസന്ധമായ ആത്മകഥനം കൂടിയായി മാറുന്നു.  

ഒരു മലയാളി സ്ത്രീയുടെ 

ധൈഷണിക ജീവിതം

 കോട്ടയം ജില്ലയിലെ ചാന്നാനിക്കാട് എന്ന ഗ്രാമത്തിൽ ജനിച്ച് 1993-ൽ എം. എ. പഠനത്തിനുശേഷം ഉപരിപഠനത്തിനും ജോലിക്കുമായി നീണ്ട 25 വർഷം കേരളം വിട്ടുനിന്ന ഡോ.ശ്രീകലയുടെ ധൈഷണിക ജീവിതത്തെ അടയാളപ്പെടുത്തുന്നുണ്ട്‘പൂന്തോട്ടങ്ങൾ നാം സഞ്ചരിക്കുമ്പോൾ’ എന്ന കൃതി.ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിലും ഡോക്ടറേറ്റും നേടിയ ശ്രീകല ഇന്ത്യയിൽ നിന്നും ഇസ്രായേലിലേക്ക് കുടിയേറിയ യഹൂദരെക്കുറിച്ച് പഠിക്കാൻ ആ രാജ്യം സന്ദർശിക്കുകയും ഹീബ്രു യൂണിവേഴ്സിറ്റിയിൽ നിന്ന് ഭാഷാ- സാംസ്കാരിക മേഖലകളിൽ പരിശീലനം നേടുകയും ചെയ്തു. ഛത്തീസ്ഗഡിൽ ഹിദായത്തുള്ള നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായും നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ ഫെലോ ആയും ജോലി നോക്കിയ അവർ ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സിൽ അസോസിയേറ്റ് പ്രൊഫസർ  ആയിരിക്കെ തന്റെ കലാസാഹിത്യ പ്രവർത്തനങ്ങൾക്കായി ജോലി രാജി വച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന ഹീബ്രൂ ഭാഷാ പരിജ്ഞാനം നേടിയ അപൂർവ്വം എഴുത്തുകാരിൽ ഒരാളാണ് ഡോ. ശ്രീകല. സമയത്തിന്റെ മണൽത്തരികൾ, വീട് തിരികെ എത്തുന്നു, You Walk With Me, Dream of the Butterflies, Stranded,Corridors of Leaves എന്നീ കവിതാ സമാഹാരങ്ങളും Pink Mothers and the WhiteMonk, Two Stories എന്നീ കഥാ സമാഹാരങ്ങളും Amalthas Spring എന്ന നോവലും Alei Stav-Autumn Leaves എന്ന ഹീബ്രു – ഇംഗ്ലീഷ് ഹൈക്കു പോക്കറ്റ് ബുക്കും അവരുടേതായിട്ടുണ്ട്.

ഓർമ്മപ്പെടുത്തലിന്റെ രാഷ്ട്രീയ   വായനകൾ

മലയാളി വായനക്കാർക്ക് അത്ര പരിചിതമല്ലാത്ത സാഹിത്യ- സാംസ്കാരിക- സിനിമ മേഖലകളെ പരിചയപ്പെടുത്തുന്നുണ്ട് ശ്രീകലയുടെ ‘പൂന്തോട്ടങ്ങൾ നാം സഞ്ചരിക്കുമ്പോൾ’ എന്ന കൃതി. ഇന്ത്യൻ- ഇംഗ്ലീഷ് കവിയായ നിസ്സിം എസക്കിയേൽ എന്ന ജൂത വംശജനായ കവിയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് അതിൽ പ്രധാനപ്പെട്ടതാണ്. മഹാരാഷ്ട്രയിൽ പ്രത്യേകിച്ച് മുംബൈയിൽ ദീർഘകാലം ജീവിച്ചിരുന്ന ഇന്ത്യൻ ജൂത സമൂഹത്തിൽപ്പെട്ട നിസ്സിം എസക്കിയേൽ എന്ന കവിയെ എഴുത്തുകാരി ജെ.എൻ.യുവിലെ തന്റെ ഗവേഷണത്തിന്റെ ഭാഗമായി പരിചയപ്പെട്ടതായിരുന്നു. നൂറു വർഷങ്ങൾ പിന്നിട്ട നിസ്സിം എസക്കിയേൽ എന്ന ഇന്ത്യൻ കവിയുടെ ജീവിതസപര്യ അതിൻ്റെ nutshell-ൽ വിശദീകരിച്ചിട്ടുള്ള, മലയാളത്തിൽ എഴുതപ്പെട്ട അപൂർവമായ ലേഖനമാണ് ഡോ. ശ്രീകലയുടെ ‘കവിതയുടെ കിളിക്കൂട്’. ജൂതനായിരിക്കുമ്പോഴും ഇന്ത്യയിൽ ജനിച്ചു വളർന്നതുകൊണ്ട് ഇന്ത്യനായിരിക്കുക എന്ന തന്റെ അനുഭവത്തെ ഇംഗ്ലീഷിൽ രസകരമായി അവതരിപ്പിച്ച എസക്കിയേലിന്റെ കവിതകൾ ഇന്ത്യൻ- ഇംഗ്ലീഷ് കവിതയിൽ വേറിട്ടു നിൽക്കുന്നവയാണ്. ഇന്ത്യൻ സാമൂഹിക- സാംസ്കാരിക അനുഭവങ്ങളും സ്വത്വപ്രശ്നങ്ങളും കവിതയിൽ ആവിഷ്കരിച്ച അദ്ദേഹത്തിന്റെ Background Casually, Night of the Scorpion, The Professor, Jewish Wedding in Bombay തുടങ്ങിയ കവിതകൾ പ്രസിദ്ധമാണ്. ജൂത സമുദായത്തെക്കുറിച്ച് അവരുടെ മതപരമായ ജീവിതശൈലിയെക്കുറിച്ച് അറിയുക എന്ന ഉദ്ദേശവുമായാണ് എഴുത്തുകാരി കവിയെ സമീപിക്കുന്നത്. എന്നാൽ അദ്ദേഹം കവിയായി തന്നെ തന്നോട് സംസാരിച്ചുവെന്ന് അവർ ഓർക്കുന്നു. “ആദ്യവും അവസാനവുമായി ഞാൻ ഒരിന്ത്യക്കാരനാണ്. ജൂത സമുദായത്തിൽ പിറന്ന ഒരാളായതുകൊണ്ട് മാത്രം ഇസ്രയേലിലേക്ക് കുടിയേറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അതിന് മുതിരുകയില്ല. എന്നാൽ അവിടെ പോയ എന്റെ വംശജരായ ബെനിസ്രായേൽ സമുദായത്തിന്റെ ആ നാട്ടിലുള്ള അന്യവൽക്കരണം ഞാൻ ഗുരുതരമായിട്ടാണ് കാണുന്നത്” എന്ന് കവി പറയുന്നു. ഇന്ത്യൻ- ഇംഗ്ലീഷ് കവിതയിൽ പുതിയൊരു വഴിത്തിരിവ് ഉണ്ടാക്കിയ നിസ്സിം എസക്കിയേലിനെ ഡോ. ശ്രീകല ഇങ്ങനെ അടയാളപ്പെടുത്തുന്നു: “ഭാഷയായി ഇംഗ്ലീഷ് തിരഞ്ഞെടുത്തെങ്കിലും സ്വാതന്ത്ര്യാനന്തര ഇംഗ്ലീഷ് കവിതയ്ക്ക് ഒരു ഇന്ത്യൻ സ്വത്വം നൽകിയ ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. ഒരുവശത്ത് ഇന്ത്യൻ ഉച്ചാരണവും ശൈലിയും ഉപയോഗിച്ച് അദ്ദേഹം കളിക്കുന്നതും മറുവശത്ത് മനുഷ്യാവസ്ഥയെ കൈകാര്യം ചെയ്യുന്നതിനായി അവയെ ഒരു സാർവത്രിക ഭാഷയിലേക്ക് പരിണമിപ്പിക്കുന്നതും നമുക്ക് കാണാൻ കഴിയും. എന്നിരുന്നാലും എസക്കിയേലിന് ഇന്ത്യയോട് ദേശസ്നേഹപരമായ അന്ധമായ ആരാധനയായിരുന്നില്ല ഉണ്ടായിരുന്നത്. അതിന്റെ പോരായ്മകളും

സങ്കീർണ്ണതകളും ഉൾക്കൊണ്ട ആത്മജ്ഞാനത്തിന് സമാനമായ തിരിച്ചറിവുകളാണ്. ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പല കവിതകളും സാമൂഹിക യാഥാർത്ഥ്യത്തെക്കുറിച്ചുള്ള സന്ദേഹങ്ങളാണ്. ആക്ഷേപഹാസ്യവും നർമ്മവും ചേർത്ത് അവ കൈകാര്യം ചെയ്യുന്നു.”

 “മികച്ച കവികൾ വാക്കുകൾക്കായി കാത്തിരിക്കുന്നു.” എന്നെഴുതിയ എസക്കിയേൽ വളരെ കുറച്ചുമാത്രമേ

സംസാരിച്ചിരുന്നുള്ളുവെന്ന് എഴുത്തുകാരി ഓർക്കുന്നു. തൻ്റെ സമകാലികരായ കവികളിൽ നിന്ന്, പ്രത്യേകിച്ച് ബോംബെ സ്കൂളിൽ നിന്ന് ശൈലിയിലും ദർശനത്തിലും വ്യത്യസ്തമായി, സ്വന്തം നാടായ ഒഡീഷയിൽ വേരൂന്നിയ കാവ്യശൈലി രൂപപ്പെടുത്തിയ ടിങ്കോണിയ ബഗീചയിലെ ജയന്ത മഹാപത്രയുമായുള്ള ദീർഘ സംഭാഷണവും ‘പൂന്തോട്ടങ്ങളു’ടെ വൈവിധ്യത്തെ പ്രകടമാക്കുന്നു.

 ഒരു വർഷം മാത്രമുള്ള ഇസ്രയേലിലെ ഗവേഷണ കാലയളവിൽ ഹീബ്രു ഭാഷയും സാഹിത്യവുമായും സിനിമയുമായും ഡോ. ശ്രീകല

നിർമ്മിച്ചെടുത്ത ഗാഢബന്ധം അതിശയിപ്പിക്കുന്നതാണ്. 1999-ൽ മാർട്ടിൻ എന്ന ഡോക്യുമെന്ററിയിലൂടെയും 2001-ൽ ആന്തരിക പര്യടനം( Inner Tour) എന്ന രാഷ്ട്രീയ ചരിത്ര ഡോക്യുമെന്ററിലൂടെയും ലോകമെമ്പാടുമുള്ള സിനിമ- രാഷ്ട്രീയ നിരീക്ഷകരുടെ മുൻപിൽ ശ്രദ്ധേയ സാന്നിധ്യമായ റാനാൻ അലക്സാൻഡ്രോവിച്ചിനെക്കുറിച്ചും

(Ra’anan Alexandrowicz) അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെക്കുറിച്ചുമുള്ള ഡോ.

ശ്രീകലയുടെ ആഴത്തിലുള്ള വിശകലനങ്ങൾ എടുത്തു പറയേണ്ടതാണ്. 1996-ൽ ഇസ്രയേലിന്റെ വടക്കൻ പ്രദേശമായ

അക്കോ എന്ന സ്ഥലത്ത് നടന്ന ഒലിവ് ഫെസ്റ്റിവലിൽ പങ്കെടുത്തതിന്റെ ഓർമ്മകൾ എഴുത്തുകാരി പങ്കു വയ്ക്കുന്നുണ്ട്: “ഫ്ലോറൻടൈൻ സ്ട്രീറ്റിലെ കിളിക്കൂട് പോലെയുള്ള വീട്ടിൽ തങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളെക്കുറിച്ച്, ഇസ്രയേൽ- പാലസ്തീൻ സഹവർത്തിത്വത്തെക്കുറിച്ച്,

കലയിലും ജീവിതത്തിലും തങ്ങൾ നെയ്യുന്ന സ്വപ്നങ്ങളെക്കുറിച്ച് സംവദിച്ചുകൊണ്ട് കുറെ ഫിലിം വിദ്യാർഥികൾ സമ്മേളിക്കാറുണ്ടായിരുന്നു. അക്കൂട്ടത്തിലായിരുന്നു ജെറുസലേം സാം സ്പീഗൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയായിരുന്ന റാനാൻ അലക്സാൻഡ്രോവിച്ചിനെ ആദ്യമായി കാണുന്നത്. പുറമേ ശാന്തപ്രകൃതിയായ റാനാൻ തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ കൊടുങ്കാറ്റുകൾ ഉള്ളിൽ കൊണ്ടുനടന്നിരുന്നു. പോളണ്ട്- ബെൽജിയം വംശജരായ ഫോളോകാസ്റ്റ് സർവൈവേഴ്സിന്റെ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് റാനാൻ വരുന്നത്.” എന്ന് എഴുത്തുകാരി ഓർക്കുന്നു. ചരിത്രം പറയുക മാത്രമല്ല ചരിത്രം എങ്ങനെ ഓർമ്മിപ്പിക്കപ്പെടുന്നു എന്ന ചോദ്യത്തെ തന്നെ ചലച്ചിത്രത്തിന് വിഷയമാക്കിയ റാനാൻ അലക്സാൻട്രോവിച്ചിന്റെ ‘മാർട്ടിൻ’ എന്ന ഡോക്യുമെന്ററിയുടെ വിശദമായ വിശകലനം ഡോ. ശ്രീകല നടത്തുന്നുണ്ട്.

 ജർമ്മനിയിലെ ഡാക്കോ കോൺസെൻട്രേഷൻ ക്യാമ്പിലെ സർവ്വൈവർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന, ഹോളോകോസ്റ്റ് സ്മാരകത്തിലെ അനൗദ്യോഗിക ഗൈഡായ മാർട്ടിൻ ജർമ്മൻ ഔദ്യോഗിക സ്മരണകളുമായി നിരന്തര കലഹത്തിലാണ്. കുളിമുറികളുടെ രൂപത്തിൽ പ്രച്ഛന്നമായി കിടന്നിരുന്ന ഗ്യാസ് ചേമ്പറുകൾ ഡാക്കോവിൽ ഉപയോഗിക്കപ്പെട്ടിരുന്നില്ല എന്ന് മെമ്മോറിയൽ മ്യൂസിയത്തിലെ ചുമർലിഖിതങ്ങൾ പറയുമ്പോൾ ഗ്യാസ് ചേമ്പറുകളിൽ പൊലിഞ്ഞ മനുഷ്യരുടെ നിലവിളികൾ ഇന്നും തനിക്ക് കേൾക്കാമെന്ന് മാർട്ടിൻ

ആണയിട്ട് പറയുന്നു. മാർട്ടിൻ എന്നൊരാൾ ക്യാമ്പ് അന്തേവാസികളുടെ ലിസ്റ്റിലില്ലെന്ന് മെമ്മോറിയൽ അധികാരികൾ പറയുമ്പോൾ ക്യാമ്പ് സൈറ്റിൽ ഉണ്ടായിരുന്ന തൂങ്ങുന്ന മരം നിന്ന സ്ഥലം കാട്ടിക്കൊടുത്തുകൊണ്ട് തന്റെ അവിടുത്തെ സാന്നിധ്യത്തെക്കുറിച്ച് മാർട്ടിൻ തെളിവ് നൽകുന്നു. രാഷ്ട്ര സ്മരണകളും മാർട്ടിൻ എന്ന മനുഷ്യന്റെ ഓർമ്മകളും തമ്മിലുള്ള സംഘർഷം ഈ വിധം മുന്നോട്ടുപോകേ, ഇസ്രയേൽ, ഗ്രീസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് ടൂറിസ്റ്റുകൾ മാർട്ടിനെ തേടിയെത്തുന്നു.തന്റെ പഴയ ആൽബത്തിലെ ചിത്രങ്ങൾ കാണിച്ചുകൊടുത്തുകൊണ്ട് മാർട്ടിൻ സഞ്ചാരികളെ ആശയക്കുഴപ്പത്തിലാക്കുന്നു. തന്റെ ഓർമ്മകളെ ഒരുല്പന്നമാക്കി മാറ്റിക്കൊണ്ട് തന്റെ

സ്മരണസപര്യയുടെ നിലനിൽപ്പിനുവേണ്ടി മാർട്ടിൻ ഒരു പണ ശേഖരണവും നടത്തുന്നു. ഒരു കാര്യത്തെക്കുറിച്ചുള്ള പലവിധ സത്യങ്ങളുടെ സന്ദിഗ്ദ്ധതയിലാണ് ‘മാർട്ടിൻ’ എന്ന ഡോക്യുമെന്ററി ചലിക്കുന്നതെന്ന് ഡോ.ശ്രീകല അടയാളപ്പെടുത്തുന്നു.

 റാനാൻ എന്ന സംവിധായകനെ ലോക സിനിമ-രാഷ്ട്രീയ നിരീക്ഷകരുടെ

ശ്രദ്ധാകേന്ദ്രമാക്കിയ ‘ആന്തരിക പര്യടനം’(Inner Tour) എന്ന രാഷ്ട്രീയ ഡോക്യുമെന്ററിയെക്കുറിച്ചുള്ള പഠനവും ‘പൂന്തോട്ടങ്ങൾ നാം സഞ്ചരിക്കുമ്പോൾ’ എന്ന കൃതിയിലുണ്ട്.

 ഇസ്രയേലിലെ സിനിമാ സംവിധായകർ തങ്ങളുടെ രാജ്യത്തിന് പുറത്ത് എന്നും നേരിടുന്ന പ്രധാന ചോദ്യമാണ് ഇസ്രയേൽ- പാലസ്തീൻ സംഘർഷങ്ങളും അവയുടെ രാഷ്ട്രീയവും. ഈ ചോദ്യം ഒരു ഭീഷണിയായി അനുഭവപ്പെടാത്ത ചുരുക്കം യുവ സംവിധായകരിൽ ഒരാളായിരിക്കും റാനാൻ

അലക്സാൻഡ്രോവിച്ച്. കാരണം, ഇദ്ദേഹത്തിന്റെ ‘ആന്തരിക പര്യടനം’ എന്ന പക്വമായ ഡോക്യുമെന്ററി അതിന്റെ പേര് സൂചിപ്പിക്കുന്ന പോലെ വ്യക്തമായ ദിശാബോധത്തോടെ ഈ സമസ്യയെ സമീപിക്കുന്നുണ്ടെന്ന് എഴുത്തുകാരി നിരീക്ഷിക്കുന്നു. രണ്ടായിരാമാണ്ടിൽ ഗ്രീൻ ലൈൻ കുറുകെക്കടന്ന് ഇസ്രയേലിലേക്ക് മൂന്ന് ദിവസത്തെ ടൂറിസ്റ്റ് പര്യടനത്തിന് പുറപ്പെടുന്ന വെസ്റ്റ് ബാങ്കുകാരായ പാലസ്തീനികളെയാണ് ഈ ഡോക്യുമെന്ററിയിൽ അവതരിപ്പിക്കുന്നത്. ഒരു സാധാരണ വിനോദയാത്രയായി ആരംഭിക്കുന്ന യാത്ര ക്രമേണ ഓർമ്മയുടെയും നഷ്ടത്തിന്റെയും സ്വന്തം നാടിനു മേലുള്ള രാഷ്ട്രീയ അധിനിവേശത്തിന്റെയും യാത്രയായി മാറുന്നു. “ ഒരേസമയം സുപരിചിതവും അന്യവുമായ ചരിത്ര ഭൂമിയിലൂടെ പുതിയ താമസക്കാരാൽ സ്ഥാനഭ്രംശം ചെയ്യപ്പെട്ട പാലസ്തീനികളുടെ ഈ പര്യടനം അതിന്റെ ഏകാന്തതയിൽ നിന്ന് യാത്രയുടെ വർത്തമാനം നൽകുന്ന ചാലകത്തിൽ അന്യന്റെ വേദനകളിലേക്കും വളരുന്നതോടെ സഹവർത്തിത്വത്തിന്റെ മനോജാലകങ്ങൾ തുറക്കപ്പെടുകയാണ്.” എന്ന് എഴുത്തുകാരി എഴുതുന്നു. ഒരിക്കൽ തങ്ങളുടെ നാടായിരുന്ന പ്രദേശത്തിലൂടെ വിനോദസഞ്ചാരികളായി സഞ്ചരിക്കേണ്ടി വരുന്ന മനുഷ്യരുടെ മനസ്സിൽ നടക്കുന്ന യാത്രകളുടെ ഒരു ക്യാമറാ ചിത്രമാണ് റാനാൻ പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുന്നത്. ഇസ്രയേൽ- പാലസ്തീൻ സംയുക്ത സംരംഭത്തിൽ നിർമ്മിച്ച ‘ആന്തരിക പര്യടന’ത്തെ യഹൂദ് ബനായിയുടെ ഗിറ്റാർ സംഗീതം ഭാവസാന്ദ്രമാക്കുന്നു. വൈവിധ്യത്തെ ബഹുമാനിക്കുന്ന, അസമത്വത്തെ എതിർക്കുന്ന സഹവർത്തിത്വത്തിന്റെ ഉജ്ജ്വല മാതൃകയാണ് റാനാൻ

അലക്സാഡ്രോവിച്ചിന്റെ ചലച്ചിത്ര

സപര്യ എന്ന് ഡോ. ശ്രീകല കുറിക്കുന്നു. ഒരിക്കൽ മാത്രമാണ് ‘ആന്തരിക പര്യടനം’ ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത്. അന്താരാഷ്ട്രശ്രദ്ധ നേടിയ ഈ രണ്ട് ഡോക്യുമെന്ററിയെക്കുറിച്ചുള്ള വേറെ പഠനങ്ങൾ മലയാളത്തിൽ വന്നിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഈ രണ്ടു ചിത്രങ്ങളെക്കുറിച്ചുള്ള ഡോ.

ശ്രീകലയുടെ പഠനം ഇസ്രയേൽ- പാലസ്‌തീൻ സംഘർഷം സജീവ ചർച്ചയാകുന്ന ഇക്കാലത്ത് മലയാളികൾ വായിച്ചിരിക്കേണ്ട ഒന്നാണ്.

ഈ പഠനങ്ങൾ വന്നതിനു ശേഷം റാനാൻ നിർമ്മിച്ച The Law in These Parts, The Viewing Booth എന്നീ ഡോക്യുമെൻ്ററികൾ പാലസ്തീൻ ജനതയുടെ അനുഭവങ്ങളോടും അവകാശങ്ങളോടും അനുഭാവമുള്ള ഒരു ഇസ്രായേലി സംവിധായകൻ്റെ ജനാധിപത്യ ബോധത്തിലൂന്നിയ സർഗ്ഗാത്മകതയുടെ തുടർച്ചയായി നമുക്ക് മനസ്സിലാക്കാം. ഇത്തരത്തിൽ രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധത പ്രകടമാക്കുന്ന ചുരുക്കം ഇസ്രായേലി സംവിധായകർ ആ രാജ്യത്തിനകത്ത് നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. ഈയിടെ വളരെയധികം നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ 83-)ം വെനീസ് ചലച്ചിത്ര മേളയിൽ പ്രത്യേക ജൂറി പുരസ്കാരം നേടിയ ഇസ്രായേലി പൗരൻമാരായ യുവാൽ അബ്രഹാമും റേച്ചൽ സോറും ചേർന്ന് സംവിധാനം ചെയ്ത നാസ എന്ന ചിത്രത്തോടുള്ള ഇസ്രായേലിൻ്റെ അസഹിഷ്ണുതാപരമായ ഔദ്യോഗിക നിലപാട് നാം കണ്ടതാണ്.

 കപില വാത്സ്യായനെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓർമ്മ

 വ്യത്യസ്ത ഭാഷാ സാഹിത്യങ്ങളുമായും കലാസംസ്കാരങ്ങളുമായും അടുത്തിടപഴകാനും പഠിക്കാനും പ്രത്യേക താൽപര്യം പ്രകടിപ്പിച്ച ഡോ. ശ്രീകല അത്തരം വ്യക്തിത്വങ്ങളുമായി തനിക്കുണ്ടായിരുന്ന ഊഷ്മള ബന്ധത്തെക്കുറിച്ചും രേഖപ്പെടുത്തുന്നുണ്ട്. 2020-ൽ അന്തരിച്ച പ്രസിദ്ധ കലാ ചരിത്രകാരി ആയിരുന്ന കപില വാത്സ്യായനുമായി അടുത്തിടപഴകാനും ഒരുമിച്ചു പ്രവർത്തിക്കാനും കഴിഞ്ഞതിന്റെ ഉജ്ജ്വലമായ ഓർമ്മകൾ അവർ പങ്കുവയ്ക്കുന്നുണ്ട്. ഒരേസമയം പണ്ഡിതയും കലാകാരിയും മികച്ച ഭരണാധികാരിയും സാംസ്കാരിക പ്രവർത്തകയുമായിരുന്ന കപില

വാത്സ്യായനെക്കുറിച്ച് താൻ എഴുതിക്കൊണ്ടിരിക്കുന്ന മോണോഗ്രാഫിൽ നിന്നും ഒരു ഭാഗം “പൂന്തോട്ടങ്ങൾ നാം സഞ്ചരിക്കുമ്പോൾ” എന്ന കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കാൻ താല്പര്യപ്പെടാതിരുന്ന, ജീവിതകാലം മുഴുവൻ ലോകം ശ്രദ്ധിക്കുന്ന പൊതുവ്യക്തിത്വമായി തുടർന്ന കപില വാത്സ്യായനെക്കുറിച്ച് ജ്യോതി സബർവാളിന്റെ ജീവചരിത്ര സംഗ്രഹമല്ലാതെ ഒരു ഡോക്യുമെന്ററിയോ നല്ല ഒരു അഭിമുഖമോ പോലുമില്ല എന്ന വസ്തുത ഡോ. ശ്രീകല രേഖപ്പെടുത്തുന്നുണ്ട്. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ് ന്യൂഡൽഹിയിൽ (ഐ.ജി.എൻ.സി.എ)കപില

വാത്സ്യായനുമായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നതിന്റെ ഊഷ്മളമായ ഓർമ്മകളിലൂടെ, പാണ്ഡിത്യവും മികവും നേതൃപാടവവും ഭരണാധികാരവും ഒത്തുചേർന്ന ആ കലാചരിത്രകാരിയുടെ ജീവിതത്തെ ലേഖിക അടയാളപ്പെടുത്തുന്നുണ്ട്. കേരളവുമായി സവിശേഷമായ സ്നേഹവും അടുപ്പവും കാത്തുസൂക്ഷിച്ച അവർ കേരള കലാമണ്ഡലവുമായും കാലടി സംസ്കൃത സർവകലാശാലയുമായും ജി. ശങ്കരപ്പിള്ള, എൻ.എൻ.പിള്ള, ലീല ഓംചേരി, കെ.ജി. പൗലോസ് തുടങ്ങിയവരുമായും ചേർന്ന് കേരള പഠനങ്ങൾക്ക് മുൻതൂക്കം നൽകി. കല, വാസ്തുവിദ്യ, സംസ്കാരം, പ്രകൃതി എന്നീ മേഖലകളെ ഉൾക്കൊണ്ടു കൊണ്ടുള്ള പഠനങ്ങൾ. ഐ.ജി.എം.സി.എ, ന്യൂഡൽഹിയുടെ ആകാശ, ആകാര, പ്രകൃതി എന്നിവ ഉൾക്കൊള്ളുന്ന “കാല” (Time) എന്ന പ്രദർശനത്തിന് വേദിയായ, ഇന്ത്യയിലെ പല ഐതിഹാസിക എക്സിബിഷനുകൾക്കും ആതിഥേയത്വം വഹിച്ച മൺകൂരയായ ‘മാട്ടി ഘർ’ രൂപകല്പന ചെയ്തും ഡൽഹി നഗര ഹൃദയത്തിൽ സ്ഥിതി ചെയ്തിരുന്ന സെൻട്രൽ വിസ്ത മെസ്സ് എന്ന പഴയ കെട്ടിടത്തെ ഇന്ത്യയിലെ പ്രൗഢഗംഭീരമായ സാംസ്കാരിക കേന്ദ്രമാക്കി മാറ്റിയും കപില

വാത്സ്യായനൻ ഇന്ത്യയുടെ സാംസ്കാരിക ഹൃദയത്തിൽ കയ്യൊപ്പ് ചാർത്തിയെന്ന് ലേഖിക എഴുതുന്നു.

“ ‘ആകാശ’(space), ‘കാല’(Time), ‘ആകാര’(essential form), പ്രകൃതി തുടങ്ങിയവയുടെ വിവിധ തലങ്ങളും മാനങ്ങളും പര്യവേഷണം ചെയ്യുന്ന സെമിനാറുകളും എക്സിബിഷനുകളും അവർ നടത്തി. ഈ സീരീസിൽ തന്നെ ഒരച്ചുതണ്ടിൽ യന്ത്രം തിരിയും പോലെ ആശയങ്ങളുടെയും സർഗാത്മകതയുടെയും ഉറച്ചതും ചലനാത്മകവുമായ രൂപങ്ങളിൽ സ്ഥലകാലങ്ങളെ ബന്ധിപ്പിക്കുന്ന ‘ഖം’ എന്ന പേരിൽ കപിലാജി തന്നെ രൂപകല്പന ചെയ്ത പ്രദർശനം ബ്രിജ് മഹാരാജിന്റെ കഥക് നൃത്തവുമായി ബന്ധിപ്പിച്ചുള്ള സംയുക്ത സംരംഭമായി. ഏഷ്യയുടെ നാനാത്വത്തിലുള്ള ഐക്യത്തിൽ അടിയുറച്ച രാഷ്ട്രീയം അവരെ പിന്നീട് ഐ.സി.സി( ഇന്ത്യ ഇന്റർനാഷണൽ സെന്റർ, ന്യൂഡൽഹി) യുടെ ഏഷ്യൻ പഠനത്തിന്റെ ചുമതലയിൽ എത്തിച്ചു. ദലൈലാമയുമായി ചേർന്ന് ടിബറ്റൻ പഠനങ്ങൾക്കും ബുദ്ധ ചിന്തകൾക്കും പ്രത്യേകം പിന്തുണയും സംഭാവനകളും നൽകിയിട്ടുണ്ട്.” താൻ ഐ.ജി

എൻ.സി.എ.യിൽ നടത്തിയ ജൂത സംസ്കാരത്തെ കുറിച്ചുള്ള ഡോക്യുമെന്റഷന്റെയും എക്സിബിഷന്റെയും ഇടയിലുള്ള പല സന്ദിഗ്ദ്ധ ഘട്ടങ്ങളിലും അവർ തനിക്ക് ആശ്രയമായിരുന്നുവെന്നും ഡോ. ശ്രീകല ഓർക്കുന്നു.

 കപില വാത്സ്യായനുമായുണ്ടായിരുന്ന അടുപ്പവും ബഹുമാനവും കാത്തുസൂക്ഷിക്കുമ്പോഴും ചില കാര്യങ്ങളിൽ അവരോടുള്ള വിയോജിപ്പ് തുറന്നെഴുതാൻ ഡോ. ശ്രീകല മടിക്കുന്നില്ല.

”അവരുടെയും ആ ഒരു കാലഘട്ടത്തിന്റെയും ചിന്താധാരകളിൽ ഉണ്ടായിരുന്ന ബഹുസ്വരത അവർ പടുത്തുയർത്തിയ സ്ഥാപനങ്ങളുടെ ഘടനയിൽ വേണ്ട രീതിയിൽ വികസിച്ചിരുന്നില്ല. കാശ്മീർ മുതൽ കേരളം വരെയുള്ള പഠനങ്ങളുടെ പ്രതിനിധാനം ഒരുതരം വരേണ്യതയിൽ കുടുങ്ങിക്കിടന്നു.” എന്ന് തുറന്നെഴുതുന്നുണ്ട്.

 സാംസ്കാരിക രംഗത്ത് സ്ത്രീ

കർതൃത്വം ഉണ്ടായിവരേണ്ടതിനെക്കുറിച്ചുള്ള ലേഖികയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: “സ്ത്രീകളുടെ കേന്ദ്ര സ്ഥാനവും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും പരിപോഷിപ്പിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുമ്പോൾ ഒരു സമൂഹം അസാധാരണവും ദൂരവ്യാപകവുമായ സംഭാവനകൾ നൽകുന്നവരുമായ വനിതാ നേതാക്കളെ സൃഷ്ടിക്കും.” സാംസ്കാരിക സ്ഥാപനങ്ങൾ സ്വയംഭരണം ഉള്ളതും സ്വയം പര്യാപ്തമായിരിക്കണമെന്ന് വിഭാവനം ചെയ്ത ആ ധിഷണാശാലി സ്ഥാപിച്ച സ്ഥാപനങ്ങളിൽ ഒന്നെങ്കിലും അവരുടെ പേരിൽ അറിയപ്പെടണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടാണ് കപിലാവാത്സ്യായനെക്കുറിച്ചുള്ള കുറിപ്പ് ഡോ. ശ്രീകല അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ സാംസ്കാരിക സ്ഥാപനങ്ങളുടെ ഇന്നത്തെ ഫാസിസ്റ്റ് പ്രവണതകൾ ഈ സവിശേഷ വ്യക്തിത്വങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സംഭാവനകൾ മനസ്സിലാക്കാതെ പോകുന്നു എന്നത് നമ്മെ ഓർമ്മിപ്പിക്കുന്നു ഈ കുറിപ്പ്.

 സ്ത്രീപക്ഷത്തൂന്നിയ നിലപാട്

 പുരുഷാധിപത്യത്തിന്റെ പ്രതിഷ്ഠാപനകേന്ദ്രമായി ഫെമിനിസ്റ്റുകൾ കണക്കാക്കുന്ന വീട്, ഒരു ഫെമിനിസ്റ്റ് കൂടിയായ എഴുത്തുകാരിക്ക് പൂന്തോട്ടമായി മാറുന്ന കൗതുകക്കാഴ്ച

 ‘പൂന്തോട്ടങ്ങൾ നാം സഞ്ചരിക്കുമ്പോൾ’ എന്ന കൃതിയിൽ കാണാം. വീട് ഒരു അധികാര സ്ഥാപനമായി മാറാതിരിക്കുകയും നിലവിലെ സിസ്റ്റത്തെ പൊളിക്കാൻ ഊർജ്ജം നൽകുന്ന ഇടമായി മാറുകയും സർഗാത്മകവും ധിഷണാപരവുമായ പ്രവർത്തനങ്ങൾക്ക് താങ്ങായി നിൽക്കുകയും ചെയ്യുമ്പോൾ, അത് ഒരു വ്യക്തിയുടെ ആനന്ദത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉയർച്ചയുടെയും അടിത്തറയായി മാറുന്നു. കുടുംബബന്ധങ്ങളും രാഷ്ട്രീയ- പാരിസ്ഥിതിക കാഴ്ചപ്പാടുകളും അനുഭവങ്ങളുമെല്ലാം ചേർന്ന് വീടിനെ സൃഷ്ടിപരതയുടെയും പ്രതിരോധത്തിന്റെയും

തിരിച്ചറിവുകളുടെയും ഇടമാക്കി മാറ്റുന്നു. പല തലമുറകളിലെ സ്ത്രീ അനുഭവങ്ങളും പ്രതിരോധങ്ങളും നിലനിൽപ്പിനായുള്ള നിരന്തരം പോരാട്ടങ്ങളും രേഖപ്പെടുത്തുന്നതിലൂടെ വ്യവസ്ഥാപിത ചരിത്ര നിർമ്മാണത്തിൽ ഇടം കിട്ടാതെ പോയ മനുഷ്യരെ കുറിച്ചുള്ള ചരിത്രനിർമ്മിതിയായി പ്രസ്തുത കൃതി മാറുന്നു. കുട്ടിക്കാലം മുതൽ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരു പൂന്തോട്ടം കൂടെ കൊണ്ട് നടന്ന, ഒരിക്കലും വസന്തത്തെ കൈവിട്ടുകളയാത്ത ഒരു കുട്ടി ഈ കൃതിയുടെ ആത്മാവാണ്. പൂക്കളും ചെടികളും വളർത്തുമൃഗങ്ങളും മനുഷ്യരും തുല്യ പങ്കാളിത്തം വഹിക്കുന്ന ഒരു ലോകം ഡോ. ശ്രീകലയുടെ കൃതിയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

 വായനയെയും എഴുത്തിനെയും തന്റെ ചുറ്റുപാടുകളോടും വ്യക്തിബന്ധങ്ങളോടും എഴുത്തുകാരി ചേർത്തുവയ്ക്കുന്നു. എഴുതാത്ത ഒത്തിരി കഥകൾ പറഞ്ഞു കൊടുത്തിരുന്ന ശക്തിയും ദൃഢനിശ്ചയവും ഭാവപ്രകൃതിയിലെ വിദൂര സാദൃശ്യവും കൊണ്ട് അച്ഛന്റെ ജേഷ്ഠ പത്നിയായ അക്കരത്തമ്മയെ ടോണി മോറിസൺ എന്ന് വിളിക്കുന്ന കാര്യം എഴുത്തുകാരി ഓർക്കുന്നുണ്ട്. ഡൽഹിയിൽ ഉപരി പഠനം കഴിഞ്ഞ് അവിടെ ജോലി നോക്കിയിരുന്ന സമയത്ത് ദേശീയ ഭരണാധികാരത്തിൽ വരണമെന്ന് നിഷ്കർഷിച്ചിരുന്ന അക്കരത്തമ്മയെ ഓർത്തുകൊണ്ട് എഴുത്തുകാരി ഇങ്ങനെ എഴുതുന്നു: “പഞ്ചായത്ത് പ്രസിഡന്റ് ആകണം മുഖ്യമന്ത്രിയാകണം പ്രധാനമന്ത്രിയാകണം എന്നൊക്കെ പെൺമക്കളോട് പറയുന്നതിൽ തന്നെ രാഷ്ട്രീയമുണ്ട് കാരണം അതിപ്പോഴും ഒരു വലിയ കടമ്പയായി നിലനിൽക്കുന്നു എന്നതുകൊണ്ട് തന്നെ.”

ദൈനംദിനം ചെയ്യുന്ന വീട്ടുജോലികൾ ഒളിമ്പിക് മത്സര ഇനമായിരുന്നുവെങ്കിൽ സ്ത്രീകൾ ഗോൾഡ് മെഡൽ നേടിയേനെ എന്ന രസകരമായ നിരീക്ഷണവും എഴുത്തുകാരി നടത്തുന്നുണ്ട്. എല്ലാ ജോലികളും കഴിഞ്ഞ് എഴുതാൻ പദ്ധതിയിട്ട് പകലിന്റെ, പണിയുടെ കുത്തൊഴുക്കിനു ശേഷം ഉറങ്ങാൻ പോകുന്ന, ഒടുവിൽ കഥയെഴുതാതെ കഥ കഴിഞ്ഞുപോകുന്ന സ്ത്രീകളെക്കുറിച്ച് അവർ ഓർക്കുകയും എല്ലാ സ്ത്രീകളും സാധ്യതയുള്ള

ഒരെഴുത്തുകാരിയാണെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു.

 തന്റെ കോളേജ് കാലഘട്ടത്തിൽ സ്വാതന്ത്ര്യത്തിന്റെ കൊടുങ്കാറ്റായി വീശിയ മാധവിക്കുട്ടിയെക്കുറിച്ചുള്ള ഓർമ്മകളും നിരീക്ഷണങ്ങളും എടുത്തു പറയേണ്ടതാണ്. “കമലാ ദാസ് സ്വന്തം ശബ്ദത്തിൽ സ്വന്തം ജീവിതത്തെക്കുറിച്ച് സംസാരിച്ചു; മുൻപങ്ങും കണ്ടിട്ടില്ലാത്ത വിശാലതയോടെ, തുറന്ന വികാര തീവ്രമായ സ്വരത്തിൽ. ഒരു സ്ത്രീയുടെ ആഗ്രഹങ്ങളെയും ലൈംഗികതയെയും കുറിച്ച് അവരുടെ കാഴ്ചപ്പാടിലും കർതൃത്വത്തിലും ആദ്യമായി ഇന്ത്യൻ രചനകളിൽ രേഖപ്പെടുത്തിയത് ‘എന്റെ കഥ’യുടെ ഈ കഥാകാരിയായിരുന്നു. കൂടാതെ ഭിന്ന ലൈംഗികതയും അനുരാഗവും അവരുടെ തൂലികയ്ക്ക് വിഷയങ്ങളായി. അവർ ഒരു ഇതിഹാസമാണ്. ഒരു ഗെയിം ചേഞ്ചർ. ഇന്ത്യയിലെ സ്ത്രീകളുടെ എഴുത്തിന്റെ നിയമങ്ങൾ അവർ മാറ്റിമറിച്ചു ഒരു സ്ത്രീ ഇന്ന് തുറന്ന മനസ്സോടെയും ധൈര്യത്തോടെയും തന്റെ ആഗ്രഹങ്ങളും പോരാട്ടങ്ങളും സ്വയം മനസ്സിലാക്കി എഴുതുന്നുവെങ്കിൽ ആമി എന്ന മാധവിക്കുട്ടി ഈ മേഖലയിലെ മുൻഗാമിയായിരുന്നു. അവരുടെ കഥാലോകം അതിരുകൾ ഭേദിച്ച് വസ്തുതയ്ക്കും ഭാവനയ്ക്കും ഇടയിലൂടെ സ്വതന്ത്രമായി ഒഴുകി.”

 തന്റെ മുത്തശ്ശിയെക്കുറിച്ചെഴുതിയ ‘എൻ.കല്യാണിയമ്മ റോഡ്’ എന്ന ചെറുകഥയെ ഓർത്തുകൊണ്ട് “പൊതുവഴികളിലും പാലങ്ങളിലും ഒക്കെ മന്ത്രിമാരുടെയും എം.എൽ.എ.മാരുടെയും പേരുകൾ കാണാം. പലരും ആ നാട്ടിൽ ഉണ്ടായിരുന്ന ആൾക്കാർ അല്ല. ജനങ്ങൾ തിരഞ്ഞെടുത്ത്, ജനങ്ങൾക്കായുള്ള വിഭവങ്ങൾ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി നൽകേണ്ട കാര്യകർത്താക്കൾ. ഒരു റോഡ്, ഒരു തെരുവ്, അവിടെ ജീവിച്ചിരുന്ന ദൂരവ്യാപകമായി അനന്തരഫലങ്ങളുണ്ടാക്കിയ, വിപ്ലവകരമായ ജീവിതം നയിച്ച, അതിനായി കഷ്ടപ്പെടുകയും നഷ്ടപ്പെടുകയും ചെയ്ത സ്ത്രീകളുടെ പേരിലുമുണ്ടായിരിക്കണം. അതൊരു ചെറിയ കാര്യമല്ല.” എന്നെഴുതുന്നുണ്ട്.

 വെർജീനിയ വുൾഫിനെയും കമലാദാസിനെയും ചേർത്ത് വായിച്ച് രണ്ടുപേരുടെയും ജീവിതത്തെയും കൃതികളെയും കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. വിവർത്തനത്തെക്കുറിച്ച് എഴുതുമ്പോൾ ദറിദയുടെയും

മഹാ ശ്വേതാദേവിയുടെയും

വിവർത്തകയായി, തന്നെ അതിശയിപ്പിച്ച ഗായത്രി സ്പിവക്കിനെക്കുറിച്ചും എഴുതുന്നു. എഴുത്തിനോടും വായനയോടും ഇതര കലകളോടും പ്രതിബദ്ധതയുള്ള ഡോ. ശ്രീകല ജീവിതത്തിൽ മറ്റെല്ലാം നഷ്ടപ്പെടുമ്പോൾ നമ്മുടെ ഉള്ളിലെ കല നമുക്ക് തുണയാകുന്നുവെന്ന് തിരിച്ചറിയുന്നുണ്ട്.

പലതായി പിരിയുന്ന വഴികൾ

ബോർഹെസിന്റെ Garden of

Forking Path പോലെ, സമാന്തര

യാഥാർത്ഥ്യങ്ങളിലൂടെയും

രേഖീയമല്ലാത്ത

സ്ഥലകാലങ്ങളിലൂടെയും

ഈ കൃതി സഞ്ചരിക്കുന്നു;

എന്നിട്ടും വായനയിലോ

ആശയവിനിമയത്തിലോ

യാതൊരുവിധ ദുർഗ്രഹതയും

അനുഭവപ്പെടുന്നില്ല.

സൗന്ദര്യവും അപകടവും

കൈകോർക്കുന്ന

ശൈശവബാല്യങ്ങളുടെ

പൂന്തോട്ടങ്ങൾ. എമിലി

ഡിക്കിൻസന്റെ, മനോഹരമായ

വിമുഖതയോടെ പൊലിഞ്ഞ

സായാഹ്ന നക്ഷത്രം പോലെ,

തീരാനഷ്ടങ്ങളുടെ പൂന്തോട്ടം.

ടോണി മോറിസന്റെ ധീരമായ

സത്യസന്ധതയുടെ നേർക്കാഴ്ചകൾ

ഓർമ്മിപ്പിക്കുന്ന നടവഴികൾ.

അതേസമയം, അറിവും

മാനുഷികാനുഭവങ്ങളും

സമന്വയിപ്പിക്കുന്ന, വൈയക്തികവും

സാമൂഹികവുമായ വിചിന്തനങ്ങൾ

കോർത്തിണക്കുന്ന ശ്രീകലയുടെ

സവിശേഷമായ ശൈലിയിലൂടെ

ഈ കൃതി തന്റേതായ ഒരിടം

സൃഷ്ടിക്കുന്നു. ശവക്കോട്ടകളിൽ

മുളയ്ക്കുന്ന പല്ലു പോലെ

നിത്യകല്യാണിപ്പൂക്കൾ ജനിമൃതികളെ

തമ്മിൽ ബന്ധിപ്പിക്കുമ്പോൾ,

വായനയുടെ

ഇഷ്ടികക്കൊട്ടാരത്തിൽ,

ഒരേ സർവ്വകലാശാലയിലും

ഗ്രന്ഥശാലയിലും നിന്ന് പലതായി

പിരിയുന്ന സൗഹൃദത്തിന്റെ വഴികൾ

വളർച്ചയുടെ വേർപിരിയലിന്റെ

അനിവാര്യതയിലേക്ക് ചൂണ്ടുന്നു.

സമുദായിക ചരിത്രരചന

കേരളത്തിലെ വിശ്വകർമ്മ

സമുദായത്തെക്കുറിച്ച്

തന്റെ പൂർവ്വികർ നടത്തിയ

അന്വേഷണങ്ങളും

രേഖപ്പെടുത്തലുകളും സൂക്ഷ്മമായി

പഠിച്ച് പുസ്തകരൂപത്തിലാക്കാനുള്ള

ശ്രമത്തിലാണ് ഡോ. ശ്രീകല.

കേരളത്തിൽ ഇരുമ്പു പണി

ചെയ്തിരുന്ന വിശ്വകർമ്മജർ

‘കൊല്ലന്മാർ’ എന്നാണ്

അറിയപ്പെടുന്നത്. ‘കൊല്ലൻ’ എന്ന

പേരിന്റെ ജാതീയമായ

പ്രയോഗങ്ങളിലെ മുൻവിധികൾ

തിരിച്ചറിഞ്ഞ ഡോ. ശ്രീകലയുടെ

അച്ഛൻ ശ്രീ. പി. ശിവശങ്കരൻ

അക്കാര്യം ഇങ്ങനെ കവിതയിൽ

അവതരിപ്പിച്ചു:

” കൊല്ലാനായിട്ടൊറ്റ കത്തിയുമച്ചൻ

പണിതില്ലെങ്കിലുമെന്തേ

പൊരുളില്ലാത്തൊരാപ്പേരു വിളിച്ചു

പതിത്വം അച്ഛനിലാരോപിച്ചു?”

അച്ഛന്റെ കവിതയെ മകൾ ഇങ്ങനെ

വ്യാഖ്യാനിക്കുന്നു: ” കേരളത്തിലെ

ജാതി ശ്രേണിയിൽ ചില തൊഴിലുകൾ

എങ്ങനെ ‘നീചവൽക്കരിക്കപ്പെട്ടു’

എന്നാരായുകയാണ് ഇവിടെ.

വീട്ടാവശ്യങ്ങൾക്കും കൃഷിക്കുമായി

ഇരുമ്പ് പാത്രങ്ങളും

ആയുധങ്ങളുമൊക്കെ

ഉണ്ടാക്കിയിരുന്നവർക്ക് കിട്ടിയ

‘കൊല്ലൻ’ എന്ന വിളിപ്പേരിന്

ഹീനമായ ധ്വനിയുണ്ട് എന്ന്

സൂചിപ്പിക്കുന്നു ഈ വരികൾ.

യുദ്ധത്തിനുപയോഗിക്കുന്ന

ആയുധങ്ങൾ ഭരണാധികാരികളുടെ

തെരഞ്ഞെടുപ്പുകളായിരുന്നു.

എന്നിട്ടും കുറ്റം ചാർത്തിയിരിക്കുന്നത്

ലോഹ പണിക്കാരനും എന്ന് വിവക്ഷ.”

ഭാഷാപ്രയോഗങ്ങളുടെ

സാമൂഹികാർത്ഥങ്ങൾ,

വ്യവഹാരങ്ങൾ, സാമുദായിക

വിവക്ഷകൾ എന്നിവ ഈ

കൃതിയുടെ അന്തർധാരയാവുന്നുണ്ട്.

വാക്കുകളുടെ നിഘണ്ടു

അർത്ഥത്തിലോ,  ഉത്ഭവത്തിലോ

ആയിക്കൊള്ളണമെന്നില്ല, മറിച്ച്

ദൈനംദിന ജീവിതത്തിൽ ആളുകൾ

പരസ്പരം മുദ്രകുത്താനും

അവഹേളിക്കാനും അവ

എങ്ങനെ ഉപയോഗിക്കുന്നു

എന്നതിലാണ് അധികാരത്തിന്റെ

കളി ഒളിഞ്ഞിരിക്കുന്നത്

എന്നോർമ്മിപ്പിക്കുന്ന നിരവധി

ഉദാഹരണങ്ങൾ കാണാം.

‘പേരുകൾ, ചില വിചാരങ്ങൾ’ എന്ന

അദ്ധ്യായം ഭാഷാപ്രയോഗങ്ങളിലെ

ആക്ഷേപങ്ങളിലേക്കും തുളച്ചു

കയറുന്ന കൂരമ്പുകളിലേക്കും നമ്മെ

കൊണ്ടു പോകുന്നു.

നിത്യകല്യാണി

ജാതീയതയുടെ അതിർവരമ്പുകൾ

ഭേദിച്ച പൂർവ്വികർക്കുണ്ടായ

ദുരന്തങ്ങൾ ജാതീയതയോടും

വിവേചനങ്ങളോടും

വിട്ടുവീഴ്ചയില്ലാത്ത നിലപാട്

എടുക്കുന്നതിൽ എഴുത്തുകാരിക്ക്

തുണയാകുന്നു. എഴുത്തുകാരിയുടെ

രണ്ടു മുത്തശ്ശിമാരുടേയും പേരുകൾ

കല്യാണിയമ്മ എന്നായിരുന്നു.

രണ്ടു വ്യത്യസ്ത സാമൂഹ്യ

സാഹചര്യങ്ങളിൽ നിന്ന്, നായർ,

വിശ്വകർമ്മ സമുദായങ്ങളിൽ നിന്ന്

വന്നവർ. ജാതിവ്യവസ്ഥ ഇതിലേറെ

രൂക്ഷമായിരുന്ന കാലത്ത് അതിന്റെ

അതിർവരമ്പുകൾ സധീരം മറികടന്ന

വിപ്ലവകാരിയായിരുന്നു ഒരാൾ.

ആത്മീയമായ ശക്തിയും ലാളിത്യവും

ഉദാരമനസ്കതയും കൊണ്ട്

എല്ലാവർക്കും സാന്ത്വനമായിരുന്നു

മറ്റേയാൾ. നിത്യകല്യാണി എന്ന

ശ്രീകലയുടെ കവിതയെക്കുറിച്ച്

ആശാലത ഇങ്ങനെ എഴുതുന്നു:

“നമ്മുടെ പൂർവ്വസ്മൃതികൾ,

വംശസ്മൃതികൾ മായ്ചു

കളയാനാണ് അധിനിവേശകരും

അധികാരികളും എപ്പോഴും

ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

എഴുത്തിൽ അത്

രേഖപ്പെടുത്തിക്കൊണ്ടാണ് ശ്രീകല

പ്രതിരോധം സൃഷ്ടിക്കുന്നത്” (വീട്

തിരികെ എത്തുന്നു എന്ന

കവിതാസമാഹാരം).

ഓർമ്മയുടെ ശക്തിയും

മരിക്കാത്ത നീതിബോധവും

നമ്മുടെ അവബോധത്തിലേക്ക്

കൊണ്ടുവന്ന ധാരാളം പേർ

നമുക്ക് ചുറ്റും ജീവിച്ചിരുന്നു

എന്ന് അവർ തിരിച്ചറിയുന്നു.

കേരള സാമൂഹ്യഘടനയിൽ

മാറ്റങ്ങളുടേതായ

വലിയൊരു കാലഘട്ടത്തിന്റെ

രക്തസാക്ഷികളായാണ് അവരെ

ഡോ. ശ്രീകല അടയാളപ്പെടുത്തുന്നത്

കലയെ തൊഴിലും ഉപജീവനവുമാക്കി

മാറ്റിയ ഒരു സമുദായത്തിന്റെ ചരിത്ര

രചനക്ക് ആവശ്യമായ സാമഗ്രികൾ

സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ

എഴുത്തുകാരി കണ്ടെടുക്കുന്നുണ്ട്.

നിത്യകല്യാണികൾ വിരിയുന്ന

ഈ ആരാമം തലമുറകളെ

വലയം ചെയ്തു നിൽക്കുന്ന

ഊർജ്ജസ്രോതസ്സായി മാറുന്നു.

ഒന്നിപ്പിക്കുന്നു.

ജൂലി ഡി എം

അദ്ധ്യാപിക

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x