
പ്രിയങ്ക അരവിന്ദ്
Published: 10 september 2026 കവിതാവായന പരമ്പര
കാടിറങ്ങി വരുന്നുണ്ട്, പെൺകുട്ടികൾ
തിഷാനി ദോഷി
ഇന്ത്യൻ ഇംഗ്ലീഷ് കവിത:വിവർത്തനം, വായന
പ്രിയങ്ക അരവിന്ദ്
വീഡിയോ ലിങ്ക്:
മോണികയ്ക്ക്…
കാടിറങ്ങി വരുന്നുണ്ട് പെൺകുട്ടികൾ,
ആകെ മൂടുന്ന മേലങ്കികളിൽ
ഉടൽ പൊതിഞ്ഞ്,
ഇരുമ്പുകമ്പികളും, മെഴുകുതിരികളും കയ്യിലേന്തി,
പിന്നെ മൂപ്പെത്താത്ത പുൽത്തകിടികളിലും,
ടൗൺ ബസ്സുകളിലും, ക്ഷേത്രങ്ങളിലും, മദ്യശാലകളിലും നിന്ന്,
ദേഹമാസകലം കിട്ടിയ
കാക്കത്തൊള്ളായിരം വടുക്കളും പേറി.
കാടിറങ്ങി വരുന്നുണ്ട് പെൺകുട്ടികൾ,
അവരുടെ വായ മൂടുന്നതടിയാട-
കളെങ്കിലും, മറ്റൊന്നും കേൾപ്പിക്കാത്തത്രയു-
ച്ചത്തിൽ അലറുന്നുണ്ടവർ.
അന്നേരം ഈ ലോകവും മിണ്ടുന്നുവോ? “ഒരുവൾക്ക് ശരിയായ അന്ത്യവിശ്രമം നൽകുകയെന്നാലെന്താണെന്ന്”
അത് ശരിക്കും ആകുലപ്പെടുന്നുവോ?
കാടിറങ്ങി വരുന്നുണ്ട് പെൺകുട്ടികൾ, അവരുടെയൊടിഞ്ഞ കാലുകളുയർത്തി,
അയഞ്ഞ തുടയിടുക്കുകളിലെ
രഹസ്യങ്ങളൊഴുക്കി,
കാലുകൾ അകത്തുന്നത്
എത്രയുമെളുപ്പമെന്ന് ചൊല്ലിത്തന്ന പേരറിയാത്തവരെ,
നീന്തൽ പരിശീലകരെ, അമ്മാവന്മാരെ—
വിശേഷിച്ചും അമ്മാവന്മാരെ
തുറന്നു കാട്ടിക്കൊണ്ട്.
സ്വന്തം മാറിലേയ്ക്ക് വെടിയുണ്ടകൾ പായിച്ചവരെ, സുന്ദരമായ മുഖങ്ങളെ കരിച്ചവരെ,
തങ്ങളുടെ വാരിയെല്ലുകളിലെ ചെളി കഴുകി വെളുപ്പിച്ചവരെ,
സ്വന്തം ശവമഞ്ചങ്ങളെ മുള്ളുവള്ളികളാൽ അലങ്കരിച്ചവരെ, ചൂണ്ടിക്കാട്ടിക്കൊണ്ട്.
കാടിറങ്ങി വരുന്നുണ്ട് പെൺകുട്ടികൾ,
തങ്ങളുടെ കഥകളെല്ലാം പൊഴിച്ചിടാൻ, പൊടിനിലം തൂത്തുവാരിക്കൊണ്ട്.
അക്കൂട്ടത്തിലുണ്ട്
കിണറുകളിലും, ഓടകളിലും
ഉടുപുടയില്ലാതെ മലച്ചു കിടന്നവർ,
അഴുകിയ തട്ടിൻപുറങ്ങളിൽ അടച്ചവർ,
മറ്റേതോ നൂറ്റാണ്ടിൽ നിന്നുള്ള എക്കൽ മണ്ണുപോലെ
ആറ്റുമണലിൽ മറച്ചവർ.
ബാല്യത്തിന്റെ തിരശ്ശീലകൾക്കു
പിന്നിൽ നിന്നും
അവരിഴഞ്ഞു പുറത്തു കടന്നിരിക്കുന്നു,
അവരുടെയുടലിന്റെ
വെള്ളിത്തൊങ്ങലിട്ട പിങ്ക് ഭാരം
വെള്ളത്തിനെതിരെ അമർത്തിത്തള്ളി,
ഓർമ്മയുടെ നിറം മങ്ങി- വാടിയ തൂവലുകൾക്കെതിർ ദിശയിൽ നീങ്ങിക്കൊണ്ട്.
പ്രഭാതത്തിൽ ജനലുകൾക്കരികെയണയുന്ന
കിളിക്കൂട്ടം പോലെ,
കാടിറങ്ങി വരുന്നുണ്ട്,
മൂളിയും മുട്ടിവിളിച്ചുമവർ. പിന്നെയൊടുവിൽ,
ഒറ്റയ്ക്കു കേൾക്കും
അവരുടെയരുമഹൃദയങ്ങൾ,
ചില്ലുകളിൽ തട്ടിയുടയുന്ന ശബ്ദം,
തീവ്രനൈരാശ്യത്തിന്റെ പ്രഹരം,
മങ്ങുന്ന നാദം.
കാടിറങ്ങി വരുന്നുണ്ട് പെൺകുട്ടികൾ,
വരികയാണവർ,
വരികയാണവർ.
