ഡോ.ബിന്ദു.എ.സി

Published: 10 october 2026 സാഹിത്യപഠനം

കാലാവസ്ഥാ വ്യതിയാനത്തിന്റെ നോവലാവിഷ്കാരങ്ങൾ

പ്രബന്ധസംഗ്രഹം

മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്ന് കാലാവസ്ഥാ വ്യതിയാനമാണ്. ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പുകളെ സാഹിത്യം എങ്ങനെയാണ് ഭാവനാത്മകമായും രാഷ്ട്രീയമായും അഭിസംബോധന ചെയ്യുന്നത് എന്നുള്ള നിരീക്ഷണം ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ്. ഒരു കാലത്ത് പ്രകൃതിയുടെ വർണ്ണനകളിൽ ഒതുങ്ങിനിന്നിരുന്ന സാഹിത്യം ഇന്ന് പ്രകൃതിയുടെ നിലവിളികളെയാണ് ഒപ്പിയെടുക്കുന്നത്. ഭൂമിയുടെ ചൂട് കൂടുന്നതും, മഞ്ഞുരുകുന്നതും, ജലസ്രോതസ്സുകൾ വറ്റുന്നതും കേവലം വാർത്തകളല്ല, മറിച്ച് മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ തകർച്ചയുടെ സൂചനകളാണെന്ന് സാഹിത്യം ഓർമ്മിപ്പിക്കുന്നു.സമുദ്രനിരപ്പ് ഉയരുന്നത്, മരുഭൂമിവൽക്കരണം, കുടിവെള്ളത്തിന് വേണ്ടിയുള്ള കലഹങ്ങൾ എന്നിവ അടയാളപ്പെടുത്തുന്ന നോവലുകൾ ആഗോള സാഹിത്യത്തിൽ കണ്ടെത്താനാവും.

താക്കോൽവാക്കുകൾ

പരിസ്ഥിതി സാഹിത്യം,കാലാവസ്ഥാ വ്യതിയാനം,
ക്ലൈ-ഫൈ വിഭാഗം (Cli-Fi), സുസ്ഥിര വികസനം,സത്യാനന്തര കാലം

ആമുഖം
ആഗോള സാഹിത്യവും ക്ലൈമറ്റ് ഫിക്ഷനും

കാലാവസ്ഥാ വ്യതിയാനം (Climate Change) എന്നത് സാഹിത്യത്തിലെ, പ്രത്യേകിച്ച് ലോക സാഹിത്യത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രമേയമായി മാറിയിരിക്കുകയാണ്. ഇതിനെ സൂചിപ്പിക്കാൻ ‘ക്ലൈ ഫൈ’ (Cli-Fi – Climate Fiction) എന്നൊരു വിഭാഗം തന്നെ രൂപപ്പെട്ടിട്ടുണ്ട്.’ക്ലൈ ഫൈ’ (Climate Fiction) എന്ന വിഭാഗം
കാലാവസ്ഥാ വ്യതിയാനത്തെ കേന്ദ്രപ്രമേയമാക്കി എഴുതപ്പെടുന്ന നോവലുകൾ വായനക്കാരിൽ വലിയ രീതിയിലുള്ള പരിസ്ഥിതിബോധം ഉണ്ടാക്കുന്നു.ആഗോള സാഹിത്യരചനകളിൽ ‘ക്ലൈ-ഫൈ’ (Cli-Fi) വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന രചനകളെ
മുൻനിർത്തി പരിസ്ഥിതിയും സാഹിത്യവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഈ ലേഖനത്തിൽ വിശകലനം ചെയ്യുന്നതിനോടൊപ്പം വികസനത്തിന്റെ പേരിൽ പ്രകൃതിക്കുണ്ടാകുന്ന ആഘാതങ്ങൾ മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ ദോഷകരമായി ബാധിക്കുന്നുവെന്ന ചിന്തയിലേയ്ക്കും ഈ അന്വേഷണം നമ്മെ നയിക്കുന്നു. മനുഷ്യനോടൊപ്പം തന്നെ തുല്യ പ്രാധാന്യത്തോടെ കാടും പുഴയും പക്ഷികളും കടന്നുവരുന്നത് ഈ ചിന്തയുടെ ആഴം വർദ്ധിപ്പിക്കുന്നു.

പാരിസ്ഥിതികാവബോധവും സാഹിത്യ പ്രതിഫലനങ്ങളും

ക്ലൈ-ഫൈ (Cli-Fi) അല്ലെങ്കിൽ ക്ലൈമറ്റ് ഫിക്ഷൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന, ആഗോളതലത്തിൽ ശ്രദ്ധേയമായ ധാരാളം കൃതികൾ ഉണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നിരന്തരം എഴുതുന്ന പ്രശസ്ത ഇന്ത്യൻ സാഹിത്യകാരനാണ് അമിതാവ് ഘോഷ്. അദ്ദേഹത്തിൻ്റെ കൃതികളിൽ കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, പരിസ്ഥിതിവിരുദ്ധമായ ഇടപെടലുകൾ എന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുന്നതായി കാണാം.അമിതാവ് ഘോഷിൻ്റെ പാരിസ്ഥിതികവും ചരിത്രപരവുമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന രണ്ട് പ്രധാന നോവലുകളാണ് ‘ദി ഹംഗ്രി ടൈഡ്’ (The Hungry Tide), ‘ഗൺ ഐലൻഡ്’ (Gun Island) എന്നിവ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും, കാലാവസ്ഥാ വ്യതിയാനവും ഈ കൃതികളുടെ പ്രധാന സവിശേഷതകളാണ്. ദി ഹംഗ്രി ടൈഡ് (The Hungry Tide) എന്ന നോവലിൻ്റെ പശ്ചാത്തലം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലുള്ള സുന്ദർബൻസിലെ കണ്ടൽക്കാടുകളാണ് പരിസ്ഥിതി നാശം, വന്യജീവി ആക്രമണങ്ങൾ, പ്രാദേശിക വിശ്വാസങ്ങൾ, അതിജീവനം എന്നിവയാണ് ഇതിലെ പ്രധാന ഇതിവൃത്തം. സുന്ദർബൻസിൽ ആരംഭിച്ച് മധ്യധരണ്യാഴി വരെ നീളുന്ന ഭൂമിശാസ്ത്രപരമായ യാത്രകളെ പറ്റി പ്രതിപാദിച്ചിട്ടുള്ള നോവലാണ് ഗൺ ഐലൻഡ് (Gun Island). ആഗോളതാപനം, സമുദ്രനിരപ്പ് ഉയരൽ, കുടിയേറ്റം, ഐതിഹ്യങ്ങൾ, മിത്തുകൾ, ഇവയെല്ലാം ഈ നോവലിൽ വിഷയമായി കടന്നു വരുന്നുണ്ട്.
അമേരിക്കൻ എഴുത്തുകാരനായ റിച്ചാർഡ് പവേഴ്സിന്റെ (Richard Powers) പ്രശസ്തമായ പരിസ്ഥിതി നോവലാണ് ‘ദ ഓവർസ്റ്റോറി’ (The Overstory). പരസ്പരം യാതൊരു ബന്ധവുമില്ലാത്ത ഒമ്പത് വ്യത്യസ്ത മനുഷ്യരുടെ ജീവിതം മരങ്ങളുമായി ബന്ധപ്പെടുന്നതും, പിന്നീട് അവർ പരിസ്ഥിതി സംരക്ഷണത്തിനായി ഒത്തുചേരുന്നതുമാണ് നോവലിന്റെ ഇതിവൃത്തം.മനുഷ്യരെപ്പോലെതന്നെ ജീവനും പരസ്പര ആശയവിനിമയ ശേഷിയുമുള്ളവയാണ് മരങ്ങൾ എന്ന ശാസ്ത്രീയ യാഥാർത്ഥ്യം കഥയിലൂടെ വരച്ചുകാണിക്കുന്നു. മരങ്ങളുടെ ലോകം മനുഷ്യർക്ക് എത്രത്തോളം അദൃശ്യമാണെന്ന് നോവൽ ഓർമ്മിപ്പിക്കുന്നു.കാലാവസ്ഥാ വ്യതിയാനവും അതിജീവനവും പ്രമേയമാക്കി ലോകസാഹിത്യത്തിൽ ശ്രദ്ധേയമായ കൃതികളാണ് കിം സ്റ്റാൻലി റോബിൻസണിൻ്റേത്.അദ്ദേഹത്തിൻ്റെ ദ മിനിസ്ട്രി ഫോർ ദ ഫ്യൂച്ചർ’ (The Ministry for the Future) എന്ന നോവലിൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ആഗോള പോരാട്ടങ്ങളെ ഏറ്റവും യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്നു. ഇന്ത്യയിലുണ്ടാകുന്ന അതിരൂക്ഷമായ ഉഷ്ണതരംഗത്തോടെയാണ് കഥ ആരംഭിക്കുന്നത്.ആഗോളതാപനം മൂലം സമീപഭാവിയിൽ മനുഷ്യരാശി നേരിടാൻ പോകുന്ന മഹാദുരന്തങ്ങളെയും അതിനെ മറികടക്കാൻ ഐക്യരാഷ്ട്രസഭ രൂപീകരിക്കുന്ന ‘ദി മിനിസ്ട്രി ഫോർ ദി ഫ്യൂച്ചർ’ എന്ന സംഘടനയുടെ പ്രവർത്തനങ്ങളെയുമാണ് ഇതിൽ വിവരിക്കുന്നത്. വെറുമൊരു സയൻസ് ഫിക്ഷൻ എന്നതിലുപരി സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം, ശാസ്ത്രസാങ്കേതികവിദ്യ എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട്, പ്രകൃതിയെ സംരക്ഷിക്കാൻ ലോകബാങ്കുകളും ശാസ്ത്രജ്ഞരും എങ്ങനെ ഒരുമിച്ച് പോരാടണം എന്ന കൃത്യമായൊരു ഭൂപടം ഈ നോവൽ മുന്നോട്ട് വെക്കുന്നു.
കേരളത്തിൽ ഉഷ്ണതരംഗവും പ്രളയവും ചർച്ചയാകുമ്പോൾ കിം സ്റ്റാൻലി റോബിൻസന്റെ ‘ദി മിനിസ്ട്രി ഫോർ ദി ഫ്യൂച്ചർ’ എന്ന നോവലിലെ ആദ്യ അധ്യായം (ഇന്ത്യയിലെ കഠിനമായ ഉഷ്ണതരംഗത്തെക്കുറിച്ചുള്ള വിവരണം) പലരും ചൂണ്ടിക്കാണിക്കാറുണ്ട് എന്നത് ഈ കൃതി കാലാവസ്ഥാ വ്യതിയാനത്തെ എത്രമാത്രം അതിൻ്റെ തീവ്രതയിൽ അടയാളപ്പെടുത്തിരിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ്.ഇത് കൂടാതെ കിം സ്റ്റാൻലി റോബിൻസണിന്റെ തന്നെ ‘ന്യൂയോർക്ക് 2140’ (New York 2140) എന്ന നോവലും സമുദ്രനിരപ്പ് ഉയർന്ന് വെള്ളത്തിനടിയിലായ ഒരു നഗരത്തിലെ അതിജീവനത്തിന്റെ കഥ പറയുന്ന മറ്റൊരു മികച്ച ക്ലൈമറ്റ്-ഫിക്ഷൻ (Cli-Fi) കൃതിയാണ്. ഫിന്നിഷ് എഴുത്തുകാരിയായ എമ്മി ഇറ്റാരാന്തയുടെ മെമ്മറി ഓഫ് വാട്ടർ (Memory of Water) എന്ന നോവലിൽ ഭാവിയിലെ ജലക്ഷാമത്തെക്കുറിച്ചുള്ള ഭയാനകമായ ചിത്രം നൽകുന്നുണ്ട്.ആഗോളതാപനം മൂലം ഭൂമിയിലെ ശുദ്ധജലം മുഴുവൻ ഇല്ലാതാവുകയും സൈനിക ഭരണകൂടം ജലത്തിന്റെ അധികാരം കൈക്കലാക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ് ഈ നോവലിൻ്റെ പശ്ചാത്തലം. കാലാവസ്ഥാ വ്യതിയാനം കേവലം ഒരു പരിസ്ഥിതി പ്രശ്നമല്ല, മറിച്ച് അത് രാഷ്ട്രീയവും സാമൂഹികവുമായ അസമത്വങ്ങൾക്ക് കാരണമാകാറുണ്ട്. മുൻതലമുറകളുടെ തെറ്റായ നയങ്ങൾ കാരണം ജീവിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് ഇതിലെ സ്ത്രീ കഥാപാത്രമായ നോറിയയുടെ തലമുറ. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്നത്തെ അനാസ്ഥ ഭാവി തലമുറയോട് ചെയ്യുന്ന ക്രൂരതയാണെന്ന് നോവൽ വ്യക്തമാക്കുന്നു.ശാസ്ത്രീയമായ ആഗോളതാപന കണക്കുകൾക്ക് അതീതമായി, കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ സംസ്കാരത്തെയും നൈതികതയെയും മാറ്റിമറിക്കും എന്നുള്ള ആഴത്തിലുള്ള ചിന്തകൾ നോവൽ പ്രദാനം ചെയ്യുന്നു.ജലം ഇന്ന് നാം കരുതുന്നതുപോലെ സുലഭമായ ഒന്നല്ലെന്നും വരുംതലമുറയ്ക്ക് അത് സ്വർണ്ണത്തേക്കാൾ വിലപിടിപ്പുള്ളതാകുമെന്നും നോവൽ ഓർമ്മിപ്പിക്കുന്നു.

മലയാള നോവലുകളിലെ പാരിസ്ഥിതിക അവബോധവും പ്രതിരോധവും

മലയാള സാഹിത്യത്തിൽ ‘ക്ലൈ-ഫൈ’ (Cli-Fi) എന്ന വിഭാഗത്തിൽ നോവലുകൾ തരംതിരിക്കപ്പെട്ടിട്ടില്ലെങ്കിലും, പരിസ്ഥിതി നാശവും കാലാവസ്ഥാ വ്യതിയാനവും പ്രമേയമാക്കിയ മികച്ച രചനകൾ മലയാളത്തിലുണ്ട്. ആഗോളതലത്തിൽ ഈ സാഹിത്യശാഖ വളരുന്നതിനും എത്രയോ മുൻപ് തന്നെ മലയാള എഴുത്തുകാർ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ എഴുതിത്തുടങ്ങിയിരുന്നു.വൈക്കം മുഹമ്മദ് ബഷീൻ്റെ ‘ഭൂമിയുടെ അവകാശികൾ’ എന്ന കഥയിൽ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെയും, ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും തുല്യ അവകാശമുണ്ടെന്നും ഓർമ്മിപ്പിക്കുന്നുണ്ട്. ആസന്നമാകുന്ന പ്രകൃതിദുരന്തങ്ങൾ മനുഷ്യൻ്റെ നിലനില്പിനെ പ്രതികൂലമായി ബാധിക്കുമെന്നുള്ള മുന്നറിയിപ്പും കഥയിൽ കാണാം.സാറാ ജോസഫിൻ്റെ’ആതി’ എന്ന നോവൽ പാരിസ്ഥിതിക സ്ത്രീവാദപരമായ കാഴ്ചപ്പാടിലൂടെ പ്രകൃതിയും സ്ത്രീയും നേരിടുന്ന ഒരേതരത്തിലുള്ള ചൂഷണങ്ങളെ തുറന്നുകാട്ടുന്നു. ‘ആതി’യിലെ ജലരാഷ്ട്രീയം ഇന്നത്തെ ആഗോള ജലപ്രതിസന്ധിയുടെ നേർചിത്രമാണ്. ഇ. സന്തോഷ് കുമാറിൻ്റെ അന്ധകാരനഴി എന്ന നോവൽ തീരദേശത്തെ പരിസ്ഥിതിയും കായൽ കയ്യേറ്റങ്ങളും മനുഷ്യജീവിതത്തെ തകിടം മറിക്കുന്നു എന്നുള്ളതിൻ്റെ അടയാളപ്പെടുത്തലാണ്. പരിസ്ഥിതി നശീകരണം, ആഗോളതാപനം, വരൾച്ച, കേരളത്തിലെ ഗ്രാമീണ ജീവിതം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ പരിസ്ഥിതി കൃതികൾ എഴുതിയ സാഹിത്യകാരനാണ്
അംബികാസുതൻ മാങ്ങാട്. അദ്ദേഹത്തിൻ്റെ’എൻ മകജെ ’മികച്ച പാരിസ്ഥിതികാവബോധം പകർന്നു തരുന്ന നോവലാണ്. കീടനാശിനി പ്രയോഗം മൂലം ഒരു പ്രദേശത്തിന്റെ ജൈവഘടന എങ്ങനെ തകിടം മറിഞ്ഞു എന്നതിനെക്കുറിച്ചുള്ള വിവരണമാണ് ഈ നോവൽ.
സാറാ ജോസഫിൻ്റെ ‘ആതി’ നോവലിൽ പ്രത്യക്ഷമായി കാലാവസ്ഥാ വ്യതിയാനത്തെ പറ്റി പരാമർശങ്ങളില്ല എങ്കിലും പരോക്ഷമായി പ്രകൃതിയിൽ ഭാവിയിൽ സംഭവിക്കാൻ പോകുന്ന വ്യതിയാനങ്ങളെക്കുറിച്ചുള്ള സൂചനകൾ കാണാം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവികമായ ബന്ധത്തിന്റെ പ്രഖ്യാപനം കൂടിയാണ്.വികസനം എന്നത് പ്രകൃതിയെ കീഴടക്കലല്ല എന്ന വലിയ സത്യം സാഹിത്യം വിളിച്ചുപറയുന്നു. മുതലാളിത്ത താല്പര്യങ്ങൾക്കായി വനങ്ങളും വയലുകളും നശിപ്പിക്കപ്പെടുമ്പോൾ അത് ആവാസവ്യവസ്ഥയെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് നോവൽ ചിത്രീകരിക്കുന്നു.ആതിയിലെ സ്ത്രീ കഥാപാത്രങ്ങൾ പ്രകൃതിക്കു മേൽ നടത്തുന്ന അധിനിവേശത്തിനെതിരെ നിലകൊള്ളുന്ന പ്രകൃതിയുടെ തന്നെ കാവലാളുകളാണ്.
കാലാവസ്ഥാ വ്യതിയാനം ദരിദ്രരെയും സാധാരണക്കാരെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പ്രളയമായാലും വരൾച്ചയായാലും സ്വന്തമായി ഭൂമിയും സമ്പത്തുമില്ലാത്തവർക്ക് അത് അതിജീവനത്തിന്റെ പ്രശ്നമായി മാറുന്നു. കൃഷിയിടങ്ങളിലേക്കും ജലാശയങ്ങളിലേക്കും എത്തുന്ന രാസമാലിന്യങ്ങൾ ആതിയിലെ മത്സ്യങ്ങളെയും പക്ഷികളെയും മാത്രമല്ല, മനുഷ്യരെയും രോഗികളാക്കുന്നു.നീർത്തടങ്ങളും കണ്ടൽക്കാടുകളും നശിപ്പിക്കപ്പെടുന്നത് ജലത്തിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ആതിയുടെ നാശത്തിൻ്റെ കഥ മാത്രമല്ല പ്രകൃതി മുഴുവനുമുള്ള നാശത്തിനു വഴിതെളിക്കുന്ന അധികാര വർഗ്ഗത്തിൻ്റെ നശീകരണപ്രവർത്തനത്തോടുള്ള ചോദ്യവും കൂടിയാണ്. നോവലിൽ കോർപ്പറേറ്റുകൾ ആതിയെ വിഴുങ്ങാൻ ശ്രമിക്കുന്നത് ഇന്നത്തെ വികസന മാതൃകകളുടെ പ്രതിരൂപമായി കാണാം. പ്രകൃതി നേരിടാൻ പോകുന്ന വരൾച്ച, ശുദ്ധജലക്ഷാമം എന്നിവയിലേയ്ക്കും ഈ നോവൽ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.

എം. മുകുന്ദന്റെ ‘ഒരിടത്ത് ഒരു പുഴയുണ്ടായിരുന്നു’ എന്ന നോവൽ ആഗോളതലത്തിലുള്ള ശാസ്ത്രീയ മാനങ്ങളുള്ള അടിയന്തര കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് (ആഗോളതാപനം, സമുദ്രനിരപ്പ് ഉയരൽ മുതലായവ) നേരിട്ട് സംസാരിക്കുന്നില്ലെങ്കിലും, ‘മൈക്രോ-ക്ലൈമറ്റ്’ (Micro-climate) അഥവാ പ്രാദേശിക കാലാവസ്ഥാ വ്യതിയാനത്തിന്റെ മികച്ച ഒരു ഉദാഹരണമായി അതിനെ കാണാൻ സാധിക്കും.വികസനാധിനിവേശങ്ങളുടെ ഫലമായി ഒരു പുഴ വറ്റിവരളുന്നതും അത് ആ ദേശത്തിന്റെ അന്തരീക്ഷത്തിലും പ്രാദേശിക കാലാവസ്ഥയിലും വരുത്തുന്ന വ്യതിയാനങ്ങളെയും വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. ഒരു പ്രദേശത്തെ സ്വാഭാവിക ജലാശയം ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന താപനിലാവൃദ്ധിയും ആവാസവ്യവസ്ഥയുടെ തകർച്ചയും മനുഷ്യജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് ചിത്രീകരിക്കുന്നതിലൂടെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രാദേശികവും ജൈവികവുമായ പ്രതിഫലനങ്ങളെ നോവൽ തുറന്നുകാട്ടുന്നു.മുതലാളിത്ത താല്പര്യങ്ങൾക്കായി വനങ്ങളും വയലുകളും നശിപ്പിക്കപ്പെടുമ്പോൾ അത് പ്രകൃതിയുടെ ആവാസവ്യവസ്ഥയുടെ തകർച്ച കൂടിയാണ്.വികസനം എന്നത് പ്രകൃതിയെ കീഴടക്കലല്ല എന്ന സത്യത്തെ സാഹിത്യത്തിലൂടെ വിളിച്ചോതുകയാണ് ഈ നോവലുകൾ

സമകാലിക സാഹിത്യവും സത്യാനന്തരകാല പാരിസ്ഥിതിക പ്രതിസന്ധികളും

ആഗോളതാപനം, പ്രകൃതി ദുരന്തങ്ങൾ, അതിതീവ്രകാലാവസ്ഥാ മാറ്റങ്ങൾ എന്നിവയെ നേരിട്ട് പ്രമേയമാക്കിയും അല്ലെങ്കിൽ അവയുടെ പശ്ചാത്തലത്തിലും എഴുതപ്പെട്ട നോവലുകൾ മലയാള സാഹിത്യത്തിൽ കാണാം. മനുഷ്യൻ പ്രകൃതിക്ക് മേൽ നടത്തുന്ന അതിക്രമങ്ങളും കടന്നുകയറ്റങ്ങളും എങ്ങനെയാണ് കാലാവസ്ഥയെ മാറ്റിമറിക്കുന്നതെന്നും പെട്ടെന്നുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിലേക്ക് നയിക്കുന്നതെന്നും ഇത്തരം നോവലുകൾ ഓർമ്മിപ്പിക്കുന്നു. കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യൻ പുതിയ ഭൂവി ഭാഗങ്ങളെ കീഴടക്കുന്നതും, അവിടുത്തെ വിഭവങ്ങളെ മുതലായി മാറ്റിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളും വിനോയ് തോമസ് ‘മുതൽ ‘ എന്ന നോവലിൽ ചിത്രീകരിച്ചിട്ടുണ്ടു്.

പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള നേരിട്ടുള്ള ഒരു പാരിസ്ഥിതിക ചിന്തകളും കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള സൂചനകളും ഈ നോവലിൽ ഇല്ല എങ്കിലുംമനുഷ്യൻ ഭൗതിക സമ്പത്തിനോടും അധികാരത്തോടും കാണിക്കുന്ന ആർത്തി പ്രകൃതിയെയും മനുഷ്യബന്ധങ്ങളെയും എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന രീതിയിലുള്ള പരോക്ഷമായ പാരിസ്ഥിതിക/ഭൗതിക ചിന്തകൾ ഈ നോവലിൽ കാണാം.

വിഭവചൂഷണവും മൂലധനത്തിന്റെ പരിണാമവും ‘മുതൽ’ നോവലിൽ

നോവലിന്റെ കേന്ദ്ര പ്രമേയം ‘മുതൽ’ അഥവാ സമ്പത്തിന്റെ ചരിത്രപരമായ പരിണാമമാണ്. കക്കത്തൊണ്ടിൽ നിന്നും നാണയങ്ങളിലേക്കും, അവിടെ നിന്ന് ചിട്ടി, ബാങ്കിംഗ്, ക്രിപ്റ്റോ കറൻസി തുടങ്ങിയ ആധുനിക ഡിജിറ്റൽ സംവിധാനങ്ങളിലേക്കുമുള്ള മൂലധനത്തിന്റെ വളർച്ചയെ നോവൽ സൂക്ഷ്മമായി പരിശോധിക്കുന്നു. ഈ പരിണാമ പ്രക്രിയയിൽ മനുഷ്യൻ പ്രകൃതിദത്തമായ വിഭവങ്ങളെ വെറും കച്ചവടച്ചരക്കാക്കി മാറ്റുന്ന കാഴ്ച നോവലിനെ പാരിസ്ഥിതികാവബോധ നോവലുകളുടെ തലത്തിലേയ്ക്ക് ഉയർത്തുന്നു.പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തി നിൽക്കുന്ന മുതലിൻ്റെ വിപുലവും വിചിത്രവുമായ ചരിത്രവർത്തമാനങ്ങൾ നോവലിൻ്റെ ആഖ്യാനതലത്തിൽ കാണാം.ഒരു ദേശത്ത് മുതലായി കണക്കാക്കുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല.ഒരു കാലഘട്ടത്തിൽ മുതലായിരിക്കുന്നത് മറ്റൊരിക്കൽ അങ്ങനെയല്ല. വ്യക്തികളിലൂടെ, കാലങ്ങളിലൂടെ, ദേശങ്ങളിലൂടെ മുതൽ എന്ന വാക്കിൻ്റെ അർത്ഥതലങ്ങൾ വൈവിധ്യവും വൈരുധ്യവും നേരിടുകയാണ്. എല്ലാറ്റിൻ്റേയും അവസാനത്തിൽ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്ത് ഉണ്ടാക്കുന്ന മുതൽ(സമ്പത്ത്) യഥാർത്ഥത്തിൽ ഒരു ഭ്രമമാണെന്നും, സത്യാനന്തര കാലത്തെ അത്തരം വ്യാജമായ മൂല്യങ്ങൾ മനുഷ്യനെ വലിയൊരു പാരിസ്ഥിതിക-സാമൂഹിക ദുരന്തത്തിലേക്കാണ് നയിക്കുന്നതെന്ന ചിന്തയിലേയ്ക്കു നോവൽ നമ്മെ നയിക്കുന്നു.

‘മുതൽ’ സത്യാനന്തര കാലത്തിൻ്റെ കഥയാണ്. ഓരോരുത്തർക്കും ഓരോ തരത്തിലാണ് മുതൽ എന്ന സത്യമാണ് നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത്.
വിജയൻ മാഷ് തേടുന്ന മുതലല്ല സുധീഷ് നിലാവിന് മുതൽ. നാഗൻ പയസ് കണ്ടെത്തിയ മുതലല്ല, അഭിമാൻ സാറെന്ന മണിമംഗലം മധുവിന്റെ മുതൽ. കൃഷ്ണപ്രിയ കണ്ടെത്തിയ മുതൽ മറ്റൊന്നാണ്. രാജേഷ് അണിയറയും അഭിമാൻ സാറും തേടുന്ന മുതൽ മറ്റാർക്കും മുതലല്ലാതായി മാറുന്നു.ശ്രീപൂമരം ഗോപാലനാശാനെ പോലെ സർവതും ഉപേക്ഷിച്ച് ഹിമാലയത്തിലേക്കുള്ള യാത്രയാകാം അവർക്ക് മുതൽ. രാജേഷ് ആനയറ തേടുന്ന മുതലാകട്ടെ മറ്റൊന്നാണ്. ചിലപ്പോൾ ഒരാളുടെ ‘മുതൽ’ മറ്റൊരാളുടെ ‘നഷ്ടം’ ആയി മാറുന്ന മൂലധനവ്യവസ്ഥയും കാണാം. മുതലിൽ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് പ്രകൃതിക്കാണെന്ന് എന്ന യാഥാർത്ഥ്യവുംകൂടി നോവൽ വെളിപ്പെടുത്തുന്നു.

‘മുതൽ’-സത്യാനന്തര കാലത്തിന്റെ ആഖ്യാന രൂപകങ്ങൾ

വസ്തുനിഷ്ഠമായ സത്യങ്ങളേക്കാൾ വൈകാരികതയ്ക്കും നിർമ്മിത നുണകൾക്കും പ്രാധാന്യം ലഭിക്കുന്ന ‘സത്യാനന്തര കാലത്തെ’ പ്രതിഫലിപ്പിക്കുന്നതാണ് നോവലിന്റെ ഘടന. കെട്ടുകഥകളും കേട്ടുകേൾവികളും ചേർത്താണ് നോവലിലെ കഥാലോകം വികസിക്കുന്നത്. വിഭവങ്ങൾ അനന്തമാണെന്ന വ്യാജമായ വർത്തമാനങ്ങൾ മനുഷ്യനിൽ കൂടുതൽ ആർത്തി ജനിപ്പിക്കുന്നു.യഥാർത്ഥ പ്രകൃതിവിഭവങ്ങളുടെ മൂല്യത്തെക്കാൾ, മനുഷ്യൻ നിർമ്മിതമായി ഉണ്ടാക്കുന്ന സാമ്പത്തിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ഈ സത്യാനന്തര ബോധം മനുഷ്യനെ പ്രകൃതിയുടെ യാഥാർത്ഥ്യങ്ങളിൽ നിന്ന് അകറ്റുന്നു.

മനുഷ്യൻ തന്റെ സാമ്പത്തിക സുരക്ഷിതത്വത്തിനായി നടത്തുന്ന മത്സരങ്ങൾ ഭൂമിയുടെ ജൈവഘടനയെ തകിടം മറിക്കുന്നതാണ്. കാടും മണ്ണും വെള്ളവും വരുംതലമുറയ്ക്കുള്ളതാണെന്ന സത്യത്തെ മനുഷ്യൻ മനഃപൂർവ്വം വിസ്മരിക്കുന്നു. മനുഷ്യന്റെ ആർത്തിക്ക് മുന്നിൽ പ്രകൃതി നേരിടുന്ന ദൂരവ്യാപകമായ പാരിസ്ഥിതികാഘാതങ്ങൾ പരോക്ഷമായി നോവലിലെ കഥാപാത്രങ്ങളുടെ തകർച്ചയിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും ദൃശ്യവൽക്കരിക്കപ്പെടുന്നുണ്ട്.

മൂലധനപ്പകർച്ചയും കാലാവസ്ഥാ വ്യതിയാനമെന്ന പ്രകൃതിയുടെ തിരിച്ചടിയും
മനുഷ്യന്റെ അതിരുകളില്ലാത്ത വിഭവചൂഷണം കേവലം പ്രാദേശികമായ പാരിസ്ഥിതിക ആഘാതങ്ങളിൽ ഒതുങ്ങുന്നില്ലെന്നും, അത് ആഗോളതലത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്നുണ്ട് എന്നു കാണാം. നോവലിൽ ചിട്ടിയും പണമിടപാടുകളും വഴി മനുഷ്യൻ സമ്പത്ത് കുന്നുകൂട്ടാൻ മത്സരിക്കുമ്പോൾ, അതിനായി ഭൂമിയുടെ സ്വാഭാവിക വിഭവങ്ങളായ മണ്ണ്, കാട്, ജലാശയങ്ങൾ എന്നിവ അടിച്ചമർത്തപ്പെടുന്നു. ഈ ചൂഷണം പ്രാദേശിക കാലാവസ്ഥയുടെ താളം തെറ്റിക്കുന്നതിലേക്കാണ് നയിക്കുന്നത്.

മനുഷ്യൻ ലാഭത്തിന് വേണ്ടി നടത്തുന്ന വികസന പ്രവർത്തനങ്ങൾ പരോക്ഷമായി വരൾച്ച, അകാലമഴ, ചൂട് വർദ്ധിക്കൽ തുടങ്ങിയ പ്രതിഭാസങ്ങളിലേക്കാണ് വഴിമാറുന്നത്. നോവലിലെ കഥാപാത്രങ്ങൾ പണത്തിന് പുറകെ പായുമ്പോൾ അവരുടെ ചുറ്റുമുള്ള ജൈവമണ്ഡലം വരണ്ടുണങ്ങുകയോ നാശത്തിലേക്ക് നീങ്ങുകയോ ചെയ്യുന്നുണ്ട്.സത്യാനന്തര കാലത്ത് കാലാവസ്ഥാ വ്യതിയാനം എന്ന യാഥാർത്ഥ്യത്തെപ്പോലും ഭരണകൂടങ്ങളും വൻകിട മുതലാളിമാരും കോർപ്പറേറ്റുകളും യഥാർത്ഥ പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ‘വികസന സങ്കൽപ്പങ്ങൾ’ നിർമ്മിക്കുന്നു.കാലാവസ്ഥാ വ്യതിയാനം കാരണം കൃഷി നശിക്കുകയും, ജീവനോപാധികൾ ഇല്ലാതാവുകയും ചെയ്യുമ്പോൾ മനുഷ്യൻ സമ്പാദിച്ചുവെച്ച ‘മുതൽ’ കൊണ്ട് ഒന്നിനെയും പ്രതിരോധിക്കാൻ കഴിയില്ലെന്ന വലിയൊരു തിരിച്ചറിവ് നോവൽ തരുന്നുണ്ട്. പ്രകൃതിക്ക് മേൽ മനുഷ്യൻ നേടുന്ന സാമ്പത്തിക വിജയം താൽക്കാലികം മാത്രമാണെന്നും പ്രകൃതിയുടെ കാലാവസ്ഥാപരമായ തിരിച്ചടിക്ക് മുന്നിൽ മനുഷ്യൻ നിസ്സഹായനാണെന്നും നോവൽ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ ഇത്തരം പാരിസ്ഥിതിക കൃതികൾ അധ്വാനിക്കുന്ന മനുഷ്യൻ്റെ പ്രകൃതിക്ക് മേലുള്ള ഇടപെടലുകളെയും സമകാല മുതലാളിത്ത വ്യവസ്ഥയുടെ ലാഭാധിഷ്ഠിതവിഭവ ചൂഷണത്തെയും വേർതിരിച്ചു കാണുന്നില്ല എന്ന വലിയപരിമിതി അവശേഷിപ്പിക്കുന്നു. മനുഷ്യ കേന്ദ്രിത പരിസ്ഥിതി വീക്ഷണമെന്ന സങ്കല്പത്തെ എതിർക്കുമ്പോൾ മനുഷ്യനു വേണ്ടി തന്നെയാണ് പരിസ്ഥിതി സംരക്ഷിക്കണമെന്ന ആശയം രൂപപ്പെടുന്നത് എന്ന കാര്യവും ലാഭ കേന്ദ്രിതമാകുന്നതാണ് യഥാർത്ഥപ്രശ്നം എന്ന കാര്യവും മറവ് ചെയ്യപ്പെടുന്നു.

ഉപസംഹാരം

മാറിക്കൊണ്ടിരിക്കുന്ന ഭൗതിക സാഹചര്യങ്ങളോട് സാഹിത്യം നടത്തുന്ന ഏറ്റവും ശക്തമായ സർഗ്ഗാത്മക പ്രതികരണമാണ് ക്ലൈമറ്റ് ഫിക്ഷൻ അല്ലെങ്കിൽ ‘ക്ലൈ-ഫൈ’ (Cli-Fi) രചനകൾ. മുതലാളിത്ത ലാഭമാത്രകേന്ദ്രീകൃതമായ വികസന സങ്കൽപ്പങ്ങളും മുതലാളിത്ത വ്യവസ്ഥിതിയുടെ അതിരറ്റ ആർത്തിയും ഭൂമിയെയും അതിന്റെ സർവ്വ ജീവജാലങ്ങളെയും എങ്ങനെ വിനാശത്തിലേക്ക് തള്ളിയിടുന്നു എന്നതിന്റെ കൃത്യമായ പ്രതിഫലനമാണ് ഇത്തരം നോവലുകൾ. അമിതാവ് ഘോഷും കിം സ്റ്റാൻലി റോബിൻസണും ഉൾപ്പെടെയുള്ള ആഗോള എഴുത്തുകാർ ചൂണ്ടിക്കാണിക്കുന്ന ആഗോളതാപനത്തിന്റെയും കുടിയേറ്റത്തിന്റെയും ജലരാഷ്ട്രീയത്തിന്റെയും ഭയാനകമായ യാഥാർത്ഥ്യങ്ങൾ കേവലം വിദൂര ഭാവിയുടെ ഭാവനകളല്ല, മറിച്ച് വർത്തമാനകാലത്തിന്റെ ഭീഷണികളാണ്.

ബഷീറിന്റെ പാരിസ്ഥിതിക സമത്വ ദർശനത്തിൽ തുടങ്ങി സാറാ ജോസഫിന്റെ ‘ആതി’യിലെ ജലരാഷ്ട്രീയത്തിലൂടെയും വിനോയ് തോമസിന്റെ ‘മുതൽ’ എന്ന നോവലിലെ സത്യാനന്തര മൂലധന ചൂഷണത്തിലൂടെയും മലയാള നോവൽ സാഹിത്യം പാരിസ്ഥിതിക ജാഗ്രത നിരന്തരം പുലർത്തുന്നുണ്ട്. വികസനമെന്നത് പ്രകൃതിക്ക് മേലുള്ള കടന്നുകയറ്റമല്ലെന്നും, പ്രകൃതിയുടെ നിലനിൽപ്പ് മനുഷ്യന്റെ കൂടെ നിലനിൽപ്പിന്റെ പ്രാഥമിക നിബന്ധനയാണെന്നുമുള്ള സന്ദേശമാണ് ഈ രചനകളെല്ലാം നൽകുന്നത്.ശാസ്ത്രം മുന്നറിയിപ്പ് നൽകുന്ന കാലാവസ്ഥാ ദുരന്തങ്ങളെയും ഭൗതിക തകർച്ചകളെയും മാനവികവും രാഷ്ട്രീയവുമായ തലത്തിലേക്ക് ഉയർത്തി ആഴത്തിലുള്ള പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാൻ ഈ നോവലുകൾക്ക് സാധിക്കുന്നുണ്ട്.

സഹായക ഗ്രന്ഥങ്ങൾ

Anand, Divya. (2014), Eco-cosmopolitanism in Amitav Ghosh’s The Hungry Tide.ISLE: Interdisciplinary Studies in Literature and Environment, 21(1), 21-40.

Itaranta, Emmi. (2014), Memory of Water,HarperVoyager.

Leppanen, Katarina. (2020), Memory of Water: Boundaries of Political Geography and World Literature.European Review, Cambridge University Press.

Ghosh, Amitav. (2004), The Hungry Tide,HarperCollins.

Ghosh, Amitav. (2016), The Great Derangement: Climate Change and the Unthinkable, University of Chicago Press.

Ghosh, Amitav. (2019), Gun Island, Hamish Hamilton.
Powers, Richard. (2018), The Overstory, W. W. Norton & Company.
Robinson, Kim Stanley. (2017), New York 2140. Orbit.
Robinson, Kim Stanley. (2020), The Ministry for the Future,Orbit.

ജോസഫ്, സാറാ. (2011), ആതി, ഡി. സി. ബുക്സ്, കോട്ടയം.

തോമസ്, വിനോയ്. (2023), മുതൽ, ഡി. സി. ബുക്സ്, കോട്ടയം.

മാങ്ങാട്, അംബികാസുതൻ. (2009), എൻമകജെ, ഗ്രീൻ ബുക്സ്, തൃശൂർ.

മുകുന്ദൻ, എം. (1989), ഒരിടത്ത് ഒരു പുഴയുണ്ടായിരുന്നു, ഡി. സി. ബുക്സ്, കോട്ടയം.

ശിവപ്രസാദ്, കെ. വി. (2021), മലയാള നോവലും പാരിസ്ഥിതികാവബോധവും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

ഡോ.ബിന്ദു.എ.സി

അസിസ്റ്റൻ്റ് പ്രെഫസർ ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളേജ് (എം.ജി.യൂണിവേഴ്സിറ്റി) തുരുത്തിക്കാട്, മല്ലപ്പള്ളി.പത്തനംത്തിട്ട (Dist) ഫോൺ നമ്പർ: 7025983277,9495156229

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x