ഐറിസ്

Published: 10 July 2026 വിവര്‍ത്തനകവിത

കൈവിട്ട നാട്

എവൻ ബൊളാണ്ട്

വിവ: ഐറിസ്

എനിക്ക് രണ്ട് പെൺമക്കൾ.

ഈ ഭൂമിയിൽനിന്ന് എന്നേക്കുമായി എനിക്ക് വേണ്ടിയിരുന്നവർ.

ഒരുപക്ഷേ എല്ലാമായി.

എനിക്ക് ഒരു തുണ്ട് തറകൂടി വേണമായിരുന്നു.

കുന്നുകൾക്കിടയിൽ കുടുങ്ങിയ ഒരു പട്ടണം. ഒരു നഗരപ്പുഴ.
തനിമചോരാത്തൊരു തുരുത്ത്.

എൻ്റേതെന്ന് എനിക്ക് പറയാനാവുന്നത്. എൻ്റേത് മാത്രം.
അങ്ങനെ കാണാനാവുന്നതും.

അവരിപ്പോൾ വളർന്ന് അകലെയായി.

പ്രണയം ഒരു ഗ്രാമചിത്രമെന്ന് തനിയേ മറഞ്ഞുനിന്ന ഒരിടത്ത്:

കുന്നുകൾ
ഒരു കുഞ്ഞിൻ കൺകളിലെ നിറക്കൂട്ടാകുമിടത്ത്,
എൻ്റെ കുട്ടികൾ വിദൂരതകളായി ചക്രവാളങ്ങളായിപ്പകർന്ന ഇടത്ത്:

ഓർമയും
ഒരന്യനാട്ടുകാരിയായി അലയുകയാണ്.

രാത്രിയിൽ
ഉറക്കവിളുമ്പത്ത്,

ഡബ്ളിൻ ഉൾക്കടൽത്തീരം എനിക്ക് കാണാം.
അതിൻ പാറക്കെട്ടുകളും കരിങ്കൽച്ചുറ്റും,

അന്തിക്ക് തപാൽക്കപ്പൽ* പിൻവാങ്ങവേ
ഇതേകാഴ്ച ഇങ്ങനെത്തന്നെയാകുമോ അവരും കണ്ടത്,
ഞാൻ പതിഞ്ഞ് പറയുന്നു,


അവർക്ക് കൈവിടേണ്ടിവന്ന ഓരോന്നിനും മേലെയായി
നിഴലുകൾ വീഴുകയാണ്
പ്രണയം എന്നേക്കുമായി തുടരുമോ?
എന്നിട്ട്

ആ കപ്പലിൽനിന്ന് കരനോക്കും കൈവരിക്കടുത്ത് ഞാൻ
എന്നെക്കാണുന്നു.
ഒടുവിലായുയരുന്ന ഒരു കൈയ്ക്കായി തിരയുകയാണ്.

അന്നത്തെ കടലാഴങ്ങളിൽ
എനിക്കെന്നെക്കാണാം,
എത്ര പെട്ടെന്നാണ് ഇരുട്ട് വന്നെത്തുന്നത്,
കൈവിട്ടുപോയ ഒരു നാടിനുവേണ്ടി എനിക്കറിയാവുന്ന പേരുകളെല്ലാം പറഞ്ഞുകൊണ്ടേയിരിക്കുന്നു:

_അയർലൻ്റ്. വിയോഗം. മകൾ._

* ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് 1918 ഒക്‌. 10 ന് ഡബ്ളിൻ ഉൾക്കടലിൽവച്ച് അയർലൻ്റിലെ ആർ എം എസ് ലെൻസ്റ്റർ എന്ന തപാൽക്കപ്പൽ ജർമ്മനി ബോംബിട്ടുതകർത്തു.
564 യാത്രക്കാർ ആ മഹാദുരന്തത്തിൽ കൊല്ലപ്പെട്ടു.

എഴുത്തുകാരി :എവൻ ബൊളാണ്ട് (1944-2020) ‘അയർലൻറിലെ ഡബ്ളിനിൽ ജനിച്ചു. ഐറിഷ് സാഹിത്യത്തിലെ മികച്ച എഴുത്തുകാരിയും എഡിറ്ററും അധ്യാപികയുമാണ്.
Object Lessons(1995) ആത്മകഥ. അയർലൻ്റിൻ്റെ സാഹിത്യലോകത്ത് ‘സ്ത്രീ’, ‘കവി’ എന്നീ പദങ്ങൾ കൂട്ടിച്ചേർക്കാനാവാത്ത ദ്വന്ദ്വങ്ങളായിക്കണ്ടിരുന്ന കാലത്താണ് ബൊളാണ്ട് കവിതകൾ എഴുതുന്ന സ്ത്രീ എന്നറിയപ്പെട്ടത്. 1996 മുതൽ ഡബ്‌ളിൻ കലാലയങ്ങളിലും സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിലും അധ്യാപന – ഗവേഷണ രംഗങ്ങളിൽ സജീവം.
In her own Image(1980), Outside History(1990), In a time of Violence (1994),Against Love Poetry(2001), Domestic Violence(2007), A woman without a Country(2014) എന്നിവ മികച്ച കൃതികൾ.
നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 2020 ഏപ്രിൽ 27 ന് അന്തരിച്ചു.

ഐറിസ്

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x