ഭൂമി ജെ.എൻ.

Published: 10 June 2026 കവിത

മഴവില്ല്

മഴവില്ല് എന്നായിരുന്നു കുഞ്ഞിന്റെ പേര്.
‘അവൻ’ എന്നോ ‘അവൾ’ എന്നോ
വിളിക്കപ്പെടാൻ
മഴവില്ല് ആഗ്രഹിച്ചില്ല.

ഏകാന്തതയുടെ വേനലവധിയിൽ, മഴവില്ലിന് ഒരു കൂട്ടുകാരിയെ കിട്ടി — സ്വപ്നം.
വൈകാതെ ഭാവനയും കൈപിടിച്ച് കൂടെക്കൂടി.
അവർ ആകാശത്തോളം ചിരിച്ചു, അദ്ഭുതങ്ങളുടെ തീരങ്ങളിൽ നങ്കൂരമിട്ടു, കാറ്റിനെപ്പോലും പാട്ടുപഠിപ്പിച്ചു.

പിന്നൊരുനാൾ ചിന്ത വന്നു — സ്വപ്നത്തിന്റെയും ഭാവനയുടെയും സഹോദരി.
ചിന്തയ്ക്ക് ചിരി മാത്രമല്ല,
കരച്ചിലും മൗനത്തിന്റെ നൂൽനൂപ്പുകളും ഉണ്ടായിരുന്നു.
പക്ഷേ അതൊന്നും ആരെയും കലങ്ങിച്ചില്ല.
മഴവില്ലിന്റെ ലോകം ഏഴുനിറങ്ങളിൽ തന്നെ തെളിഞ്ഞുനിന്നു.

അവധിക്കാലം കൊഴിഞ്ഞു വീണു.

പിന്നെയൊരു പ്രഭാതത്തിൽ,
തിരക്ക് കുതിച്ചെത്തി.
സ്കൂളിലേക്കിറങ്ങുമ്പോൾ അമ്മ മഴവില്ലിനെ പാവാട ഉടുപ്പിച്ചു.
ആ നീലത്തുണിയുടെ അരിക്,
പൂവിതൾ പോലെ മൃദുവായ ആ കുഞ്ഞുഹൃദയത്തിൽ
നേർത്തൊരു മുറിവ് കോറി.

അന്നുമുതൽ മഴവില്ല് സ്വപ്നം കാണാൻ മറന്നുതുടങ്ങി.
ചിന്തിക്കാനുള്ള ധൈര്യം ചോർന്നുപോയി.
പിണക്കത്തിന്റെ മറവിൽ ഭാവനയും എങ്ങോ മറഞ്ഞു.

മുറിവുകൾ ദിനവും തളിർത്തു.
നോവിന്റെ ഇതളുകൾ അടർന്നുവീണുകൊണ്ടിരുന്നു.

പെട്ടെന്നൊരു നാൾ, മഴവില്ല് കുഞ്ഞല്ലാതായി.

മുതിർന്നവരുടെ ലോകത്തിന് അപ്പോൾ ഒരേയൊരു നിറമേ ബാക്കിയുണ്ടായിരുന്നുള്ളൂ —
മങ്ങിയ, മൂകമായ ചാരനിറം.

Bhoomi J N,

Research Scholar, University of Kerala, E Mail- bhoomijn007@gmail.com Mobile- 7560952253

4 3 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x